രചന – ഗൗരി ലക്ഷ്മി
ആദി..
ക്രിസ്റ്റിയുടെ വിളി കേട്ട് ആദി തിരിഞ്ഞവനെ നോക്കി..
നീയിത് എന്തോർത്ത് ഇരിക്കുവാ ഇവിടെ.. വീട്ടിൽ കേറാനുള്ള പ്ലാൻ ഒന്നുമില്ലേ..
ആദി ഒന്ന് പുഞ്ചിരിച്ചു..
ടാ..
ക്രിസ്റ്റി ദേഷ്യത്തോടെ അവനെ നോക്കി..
പിന്നേം സ്വപ്നലോകത്തേയ്ക്ക് പോയോ..
ആദി ഒന്ന് പുഞ്ചിരിക്കാൻ ശ്രമിച്ചു..
നീ ഒന്നും പറയേണ്ട.. വീട്ടിലേയ്ക്ക് പോകാൻ നോക്ക്.. അവിടെ അല്ലി നോക്കിയിരിക്കുവാ..
ക്രിസ്റ്റി പറഞ്ഞു..
ഇനിയുമെത്ര നാൾ..
അവൻ ചോദിച്ചു.. ക്രിസ്റ്റി അവനെ നോക്കി..
നിന്റെ പ്രശ്നമെന്താ ആദി..
എനിക്കറിഞ്ഞൂടാ ടാ.. സത്യത്തിൽ പെട്ടെന്നൊരു ദിവസം നമ്മൾ മരിച്ചുപോകും എന്നറിഞ്ഞാൽ പിന്നെയുള്ള ലൈഫ് എങ്ങനെയാകും..
ഓ. ഇന്റലക്ച്വൽ തോട്ട്‌സ് ആണോ..
ക്രിസ്റ്റി ചോദിച്ചു..
ഇന്റലക്ച്വൽ ഒന്നുമല്ല.. നീ പറയ്.. എങ്ങനെ ആകും..
ആദി ചോദിച്ചു..
ക്രിസ്റ്റി സോഫയിൽ ഇരുന്നവനെ നോക്കി.. അവൻ ആകാംഷയോടെ തന്നെ നോക്കിയിരിക്കുകയാണ്..
അങ്ങനെ അറിയുന്നത് നല്ലതല്ലേ.. അപ്പൊ നമുക്ക് ചെയ്യാനുള്ളതൊക്കെ ചെയ്തു തീർക്കാമല്ലോ..
എന്തൊക്കെ..
ആദി ചോദ്യം വിട്ടില്ല..
അങ്ങനെ ചോദിച്ചാൽ.. നമ്മുടെ ജോലി.. പിന്നെ നമുക്ക് കുറെ കാര്യങ്ങൾ ചെയ്യാൻ കാണില്ലേ.. ബാക്കി..
റെസ്റ്റ് ഓഫ് ദി ലൈഫിലേയ്ക്കുള്ള ജോലി തീരുമോ..
തീരുന്നിടം വരെ… പിന്നെ നമുക്കിഷ്ടമുള്ളൊരോടൊപ്പം കുറച്ചു നല്ല ഓർമകൾ..
നീ അവരോട് യാത്ര പറയുമോ ക്രിസ്റ്റി..
അവൻ സംശയത്തോടെ ആദിയെ നോക്കി..
ശെരിക്കും അതെത്ര വൃത്തികെട്ട അവസ്ഥയാകും എന്ന് നീ ചിന്തിച്ചിട്ടുണ്ടോ.. ഞാനീ നിമിഷം നിന്നോട് സംസാരിക്കുന്നത് അവസനമായിട്ടാണ് എന്നു തോന്നിയാൽ.. ഇനിയൊരിക്കലും അങ്ങനെ ഒരവസ്ഥ കിട്ടില്ല എന്നു തോന്നിയാൽ ഈ സംസാരത്തിൽ ചിരിയുണ്ടാകില്ല.. കളികളും തമാശയും കാണില്ല.. മറിച്ചൊരു താരം വൃത്തികെട്ട ഭാരം മാത്രം..
അവസാനം അടുക്കുന്ന ഓരോ നിമിഷവും ജീവിതത്തോട്.. കാണുന്ന കാഴ്ചകളോട്.. നമ്മുടെ പ്രിയപ്പെട്ടവരോട്.. അവരോടുള്ള സ്നേഹത്തോടൊക്കെ ഒരു തരം വല്ലാത്ത അഭിനിവേശം വരും.. കൂടുതൽ കൂടുതൽ അവരുമായി അടുക്കാൻ സംസാരിക്കാൻ അല്പനേരം നീട്ടികിട്ടാൻ നമ്മൾ കൊതിച്ചുകൊണ്ടിരിക്കും.. അവരുടെ നോവ് ഓർക്കേ നെഞ്ചു പിടയ്ക്കും.. ഇന്നലെ വരെയുള്ള ജീവിതത്തിലെ ഓരോ തെറ്റും നമുക്ക് മുൻപിൽ കോമാളി വേഷം കെട്ടി ചിരിച്ചു നിൽക്കും.. ഒരോ മോശം അവസ്ഥകളിലും നമ്മൾ ശ്രദ്ധിക്കാതെ പോയ നല്ല കാര്യങ്ങൾ നമുക്ക് മുൻപിൽ നിരന്നു നിന്ന് പുച്ഛിക്കും
ആദി പ്ലീസ്..
ക്രിസ്റ്റി അവനെ തടഞ്ഞു.. ശേഷം അവനൊപ്പമിരുന്നവനെ ചേർത്തു പിടിച്ചു..
എന്താടാ നിനക്ക്…
ആ ചോദ്യം മുഴുവൻ തന്റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിയോടുള്ള ക്രിസ്റ്റിയുടെ സ്നേഹം നിറഞ്ഞു നിന്നിരുന്നു..
പറ.. വൈകുന്നേരം നീ വന്നപ്പോ മുതൽ ഞാൻ നിന്നെ ശ്രദ്ധിക്കുന്നു.. ആകെ ഒരു ഗ്ലൂമി അവസ്ഥ.. എന്താണെങ്കിലും നീ പറയ്.. ഞാനില്ലേ കൂടെ..
ആദി അവനെ നോക്കി..പിന്നെ എഴുന്നേറ്റു..
ശെരിക്കും ഞാനിപ്പോ അങ്ങനെ ഒരവസ്ഥയിലാടാ..
ക്രിസ്റ്റി സംശയത്തോടെ അവനെ നോക്കി..
സത്യം.. പക്ഷെ ഞാൻ മരിക്കാൻ പോവല്ലാട്ടോ.. പക്ഷെ മരിച്ചത് പോലെ ജീവിക്കാൻ പോവാ..
നീ ഒന്ന് തെളിച്ചു പറയ് ആദി..
എനിക്കറിയില്ല ക്രിസ്റ്റി.. എനിക്കെന്റെ അല്ലിയെ വേണം.. അവളെ നഷ്ടപ്പെടുത്താൻ എനിക്ക് പറ്റില്ല..
അവൻ പറഞ്ഞു..
അതിനിപ്പോ അവളെ നഷ്ടപ്പെടുത്താൻ ആരാ നിന്നോട് പറഞ്ഞത്..
ഇപ്പൊ പറഞ്ഞിട്ടില്ല.. പക്ഷെ അല്ലി തന്നെ അത് പറയും. ആ ഒരു നിമിഷം എന്റെ ജീവിതത്തിൽ എപ്പോ വേണേലും ഉണ്ടാകാം..
ആ നിമിഷം ചിലപ്പോ ഞാൻ അതിജീവിക്കില്ല ക്രിസ്റ്റി..
നീയെന്തൊക്കെയാ ആദി ഈ പറയുന്നത്.. അങ്ങനെയൊന്നും ഉണ്ടാകില്ല..
ഒരിക്കൽ നിയയെ സ്നേഹിച്ചു പിരിഞ്ഞപ്പോൾ പോലും ഞാനിങ്ങനെ ഒരവസ്ഥയിൽ ആയിട്ടില്ല ക്രിസ്റ്റി.. ഇവിടെ എനിക്കറിയാം.. അല്ലിയെ എന്നും സ്നേഹിച്ചത്.. അല്ലി എന്നും സ്നേഹിച്ചത് കാർത്തിയെ ആണ്.. അവർക്കിടയിൽ ഒരിക്കലും പ്രതീക്ഷിക്കാതെ കടന്നു ചെന്നവനാണ് ഞാൻ..
ഞാൻ തന്നെയാണ് അവർക്കിടയിലെ ഇപ്പോഴത്തെ തടസ്സവും.. കാർത്തി എന്നോട് കാണിക്കുന്ന ദേഷ്യം ഒരിക്കൽ ഞാൻ ജിജോയോട് കാണിച്ചതാണ്..
നിനക്കറിയോ.. എല്ലാ പ്രശ്നങ്ങളും സോൾവ് ചെയ്ത് നിയയെ എന്നിലേയ്ക്കു ചേർത്തുവെച്ചു കാർത്തിയ്ക്ക് ഒപ്പം പോകാനാണ് അല്ലിയുടെ ശ്രമം..
ആദി പറഞ്ഞു..
അതൊക്കെ നടക്കുന്ന കാര്യമാണോ ആദി..
ക്രിസ്റ്റി ചോദിച്ചു..
നടക്കില്ല.. അല്ലിയ്ക്ക് കാർത്തിയ്ക്കൊപ്പം ജീവിക്കാൻ പറ്റുമായിരിക്കും.. പക്ഷെ എനിക്ക് പറ്റില്ല ടാ.. ഇനി ഒരിക്കലും നിയ എന്നല്ല അല്ലി അല്ലാതെ ആരുമായും ജീവിക്കാൻ എനിക്ക് പറ്റില്ല..ഈ സെക്കൻഡ് ഞാനവളെ അത്രത്തോളം സ്നേഹിക്കുന്നുണ്ട്..
ആ സ്നേഹം നീ എന്നോടല്ല അവളോടാണ് ആദി പറയേണ്ടത്.. എനിക്കുറപ്പുണ്ട്.. നിന്റെ മനസ്സ് അറിഞ്ഞാൽ കാർത്തി എന്നല്ല ഈ ലോകം മൊത്തം വന്നു പറഞ്ഞാലും നിന്നെ ഉപേക്ഷിച്ചവൾ പോകില്ല.. അവൾക്ക് നിന്നെ നോവിക്കാനൊന്നും പറ്റില്ല ആദി..
ക്രിസ്റ്റി പറഞ്ഞു..
ശെരിയായിരിക്കും ക്രിസ്റ്റി.. അല്ല ശെരിയാണ്.. പക്ഷെ ആ ജീവിതത്തിൽ അവളെത്ര ഹാപ്പിയാകും.. ആഗ്രഹിച്ച ജീവിതം കൈപിടിയിൽ നിന്ന് നഷ്ടപ്പെടുമ്പോൾ തോന്നുന്ന ശൂന്യത.. ഈ നിമിഷം ഞാനനുഭവിക്കുന്ന വേദന.. അത് അല്ലി അനുഭവിക്കാൻ തുടങ്ങും.
ആദി പറഞ്ഞു..
ഒക്കെ നിന്റെ തോന്നലാണ് ആദി.. അല്ലി ഒരിക്കൽ കാർത്തിയെ മറന്ന് നിന്നോടൊപ്പമുള്ള വിവാഹത്തിന് തയാറായതാണ്.. നിന്റെ താലി ഏറ്റുവാങ്ങിയവളാണ്.. ആ അവൾക്ക് നിനക്കായി കാർത്തിയെ തള്ളി കളയാൻ ഒരു പ്രയാസവും വരില്ല.. കാരണം കാർത്തി ഇപ്പൊ അവൾക്ക് ഒരന്യനും നീ അവളുടെ ഭർത്താവും ആണ്..
ആദി ക്രിസ്റ്റിയെ നോക്കി..
എനിക്കറിയില്ല.. എന്താ ചെയ്യേണ്ടത് എന്ന്.. അതിന്റെ കൂടെ നിയയുടെ പ്രശ്നം.. എത്ര മാറ്റി നിർത്തിയാലും അവൾ ഒരിക്കൽ എന്റെ പ്രണയമായിരുന്നു.. ആ അവളിന്ന്.. സത്യത്തിൽ എന്റെ കൂടെ ഒരു ജീവിതം കൊതിച്ചു എന്നൊരു തെറ്റേ അവൾ ചെയ്തുള്ളൂ…ആ ജിജോ.. അവനവളെ .
ആദി കണ്ണുകൾ ഇറുക്കി പൂട്ടി..
നിയയുടെ കാര്യം തൽക്കാലം പെൻഡിങ്ങിൽ നിർത്ത് നീ.. എന്നിട്ട് വീട്ടിൽ പോ.. ഈ രാത്രി തന്നെ നീ അല്ലിയോട് നിന്റെ പ്രണയം തുറന്ന് പറയണം.. അത് മാത്രമല്ല.. ലാസ്റ്റ് ഡേ കാർത്തി നിന്നോട് പറഞ്ഞതും..
അല്ലി ഒക്കെ അറിയണം ആദി.. അവൾ കുഞ്ഞു കുട്ടിയല്ല.. നമ്മൾ അവൾക്ക് മുൻപിൽ ഒരു മറ സൃഷ്ഠിച്ചാൽ നമുക്ക് പോലും തടയാൻ കഴിയാത്ത വിധം ചിലപ്പോ അവൾ വല്ല കുഴിയിലും വീഴും.. മുന്നറിയിപ്പ് നൽകുന്നതാണ് ഏറ്റവും നല്ലത്.. നീ കേൾക്കുന്നുണ്ടോ..
മ്മ്..
ആദി മൂളി..
എന്നാൽ മോൻ വിട്ടോ.. ഇതിപ്പോ കുറെയായി ഈ നിരാശാ കാമുകന്റെ വേഷമിട്ടുള്ള നടപ്പ്.. നീ ആദ്യം ഒരു കാര്യം മനസ്സിലാക്ക് ആദി.. നിന്റെ ലൈഫ് നേരെയാകണം എങ്കിൽ നീ ആദ്യം സ്‌ട്രോങ് ആകണം..
പിന്നെ നിങ്ങൾ തമ്മിലുള്ള കമ്മ്യൂണിക്കേഷൻ പ്രോപ്പർ ആകണം..അതില്ലാത്തതിന്റെ കുഴപ്പമാണ് ഇതൊക്കെ.. ആദ്യം ഇതൊക്കെ ശെരിയാക്ക്.. അവൾക്കും നിനക്കുമിടയിൽ ഇനി രഹസ്യം ഒന്നും വേണ്ട.. നീ അവളോട് തുറന്നു സംസാരിക്ക്.. ഫോഴ്‌സ് ചെയ്യുവൊന്നും വേണ്ട.. ബാക്കി അവൾക്ക് വിട്ടുകൊടുക്ക്..
ക്രിസ്റ്റിയോട് യാത്ര പറഞ്ഞവന്റെ ഫ്ലാറ്റിൽ നിന്നിറങ്ങുമ്പോഴും അവന്റെ ഉപദേശം തന്നെയായിരുന്നു ആദിയുടെ മനസ്സിൽ..
ഇനിയും വൈകിയാൽ നഷ്ടം തനിക്കാണ്. തനിക്ക് മാത്രം..
ആ ചിന്തയിൽ അല്ലിയോടൊക്കെയും തുറന്ന് പറയാനുള്ള തീരുമാനം അവൻ എടുത്തിരുന്നു..
കാരണം അവനാ പെണ്ണും തന്റെ ജീവിതവും അത്രമേൽ പ്രിയമായിരുന്നു..
അത്രമേൽ പ്രണയമായിരുന്നു..
*******************
കോളിംഗ് ബെൽ അടിച്ചു കാത്തു നിൽക്കുമ്പോൾ ആദിയുടെ മുഖത്തു പതിവില്ലാത്ത സംഭ്രമം നിറഞ്ഞിരുന്നു..
വാതിൽ തുറക്കുന്ന ശബ്ദത്തിനൊപ്പം തന്റെ ഹൃദയമിടിപ്പിന്റെ ശബ്ദവും ഉയരുന്നത് ആദി അറിഞ്ഞു..
വാതിൽ തനിക്ക് മുൻപിൽ തുറന്നതും മുൻപിൽ നിൽക്കുന്ന ആളെ കണ്ട് അവൻ ഞെട്ടി തരിച്ചു നിന്നുപോയി..
നിയ..
അവന്റെ ശബ്ദം നേർത്തു പോയിരുന്നു..
അത്രനേരവും മനസ്സിൽ നിറഞ്ഞിരുന്ന ചിന്തകളൊക്കെയും ഒഴിഞ്ഞു മനസ്സ് വീണ്ടും പഴയ ചിന്തകളിലേയ്ക്ക് പാഞ്ഞു പോകുന്നത് അവനറിഞ്ഞു..
ആരാ നിയാ..
അല്ലി ചോദിച്ചതും നിയ കതക് പൂർണ്ണമായും തുറന്ന് കൊടുത്തു..
ആദി എന്നെകണ്ടു ഞെട്ടി നിന്നതാണെന്ന് തോന്നുന്നു..
നിയ ചെറു ചിരിയോടെ പറഞ്ഞതും ആദി അവൾക്കൊരു പുഞ്ചിരി നൽകി അകത്തേയ്ക്ക് നടന്നു..
നിയ എപ്പോ എത്തി..
ഉച്ചയ്ക്ക്..
ആദിയുടെ ചോദ്യത്തിന് നിയ പറഞ്ഞു..
ചായ എടുക്കട്ടേ ആദി..
മ്മ്..
അല്ലിയെ നോക്കി അവനൊന്ന് മൂളി അകത്തേയ്ക്ക് നടന്നു..
റൂമിൽ ചെന്നു ഡോർ ലോക്ക് ചെയ്‌തതും ആദി ഒരു ദീര്ഘനിശ്വാസമെടുത്തു..
ശേഷം ഫോണെടുത്തു ക്രിസ്റ്റിയെ ഡയൽ ചെയ്തു ബാൽക്കണിയിലേയ്ക്ക് നടന്നു..
എന്തായി.. പറഞ്ഞോ നീ..
കോൾ അറ്റൻഡ് ആയപാടെ ക്രിസ്റ്റി ചോദിച്ചു..
ടാ.. ഞാൻ അങ്ങോട്ട് വരുവാ..
ആദി പറഞ്ഞതും മറുപുറത്തു നിശബ്ദത നിറഞ്ഞു..
എന്താടാ പ്രശ്നം..
അല്ലി നിയയെ വിളിച്ചിവിടെ കൊണ്ട് നിർത്തിയിട്ടുണ്ട്..
നിയയെയോ.. അവളെന്തിനാ ഇങ്ങോട്ട് വന്നത്..
ക്രിസ്റ്റി ചോദിച്ചു..
എനിക്കറിയില്ല ക്രിസ്റ്റി.. ആകെ പ്രാന്ത് പിടിക്കുന്ന പോലെയുണ്ട്.. അല്ലി എന്താ മനസ്സിൽ കരുതുന്നതെന്ന് എനിക്കറിയില്ല.. ആകെ ഒരു മൂകത..
അവൻ പറഞ്ഞു..
നീ അല്ലീടെ കയ്യിൽ ഫോൺ കൊടുക്ക്..
ഞാൻ റൂമിലാണ്..
അവൻ പറഞ്ഞു..
മ്മ്.. ഞാൻ അവളോടൊന്ന് സംസാരിക്കട്ടെ..
അതും പറഞ്ഞു ക്രിസ്റ്റി ഫോൺ കട്ട് ചെയ്തു..
ആദി ബാൽക്കണിയിലേയ്ക്ക് ഇറങ്ങിനിന്നു..
പുറത്തെ തെളിഞ്ഞ മാനത്തേയ്ക്ക് നോക്കി നിൽക്കുമ്പോഴും അസ്വസ്ഥമായ മനസ്സ് നിറയെ തന്റെഭാവിയെക്കുറിച്ചുള്ള ചിന്തകളായിരുന്നു..
*********************
അല്ലി..
കുളി കഴിഞ്ഞിറങ്ങിയതും ക്രിസ്റ്റിയുടെ വിളി കേട്ട് ആദി ഡോർ തുറന്നു.. അപ്പോഴേയ്ക്കും അടുക്കളയിൽ നിന്ന് അല്ലിയും നിയയും പുറത്തേക്കിറങ്ങി വന്നു..
ആഹാ.. ഇരിക്ക് ക്രിസ്റ്റി.. ഞാൻ അടുക്കളയിലായിരുന്നു..
നീ വന്നേ.. എനിക്ക് സംസാരിക്കാനുണ്ട്..
ഗൗരവത്തോടെയുള്ള അവന്റെ സംസാരം കേട്ടതും അല്ലി ആദിയെ എന്തെന്ന അർത്ഥത്തിൽ നോക്കി..
നിയാ.. സോറി.. ഞങ്ങൾക്ക് ഓഫീസിലെ ചില കാര്യങ്ങൾ ഡിസ്കസ് ചെയ്യാനുണ്ട്.. ഞങ്ങൾ മുകളിലെ ടെറസിൽ കാണും..
അതും പറഞ്ഞ് ആദിയെ ഒന്ന് നോക്കി അവൻ പുറത്തേയ്ക്ക് നടന്നു.. പിന്നാലെ ഒന്നും പറയാതെ കയ്യിലിരുന്ന ടവ്വൽ അകത്തെ സ്റ്റാൻഡിൽ ഇട്ട് ആദിയും ഇറങ്ങി നടന്നു..
ഇപ്പൊ വരാം നിയേ.. എന്തോ സീരിയസ് പ്രോബ്ലം ഉണ്ട്.. അതാ..നീ ഡോർ ലോക്ക് ചെയ്തോളൂ..
അതും പറഞ്ഞവൾ പുറത്തേയ്ക്ക് പോകുന്നതും നോക്കി നിയ നിന്നു.. ശേഷം അവൾ വാതിൽ അടച്ചു അകത്തേയ്ക്ക് പോയി..
******************
എന്താ അല്ലി നിന്റെ ഉദ്ദേശം..
ക്രിസ്റ്റിയുടെ ചോദ്യം കേട്ട് അവൾ സംശയത്തോടെ അവനെ നോക്കി..
നിയയെ നീയെന്തിനാ ഇങ്ങനെ ഇവിടെ കൊണ്ടുവന്നു നിർത്തിയത്..
ക്രിസ്റ്റി ചോദ്യം വ്യക്തമാക്കി..
അവളുടെ കാര്യമൊക്കെ നിനക്കും അറിയുന്നതല്ലേ ക്രിസ്റ്റി..
അറിയാം.. ശെരിക്കും അറിയാം.. കുറെ കാലം ഇവനെ സ്നേഹിച്ചു.. അത് കഴിഞ്ഞു കല്യാണം വരെ കഴിഞ്ഞു ഇവൻ കെട്ടിയ താലിയും പൊട്ടിച്ചെറിഞ്ഞു വേറെ ഒരുത്തനെ കെട്ടി.. ഇപ്പൊ അവൻ ഉപദ്രവിക്കുന്നെന്നും പറഞ്ഞവനെ ജയിലിൽ ആക്കി..
ക്രിസ്റ്റി പ്ലീസ്.. നിയ അന്ന് ആദിയെ ഉപേക്ഷിച്ചതിന് അവളുടേതായ കാരണം ഉണ്ട്.. ചിലപ്പോൾ അന്ന് അവിടെ നിയയെ ജിജോയുടെ മുറിയിൽ കണ്ടിരുന്നെങ്കിൽ ആദിയും അത് തന്നെ ചെയ്യുമായിരുന്നു..
അങ്ങനെയാണോ നീ ഇവനെ മനസ്സിലാക്കിയത്.. നിന്നെ അങ്ങനെ ഒരു സാഹചര്യത്തിൽ കണ്ടാൽ ഇവൻ നിന്നോട് കാരണം ചോദിക്കാതെ തള്ളികളയും എന്നു തോന്നുന്നുണ്ടോ നിനക്ക്..
ക്രിസ്റ്റി ചോദിച്ചു..
അങ്ങനെ ഞാൻ പറഞ്ഞില്ല.. പക്ഷെ അത്തരത്തിലുള്ള സാഹചര്യത്തിൽ വിചാരത്തേക്കാൾ വികാരം നമ്മളെ ലീഡ് ചെയ്യും. ആ നേരത്ത് നമ്മൾ എന്ത് പറയുമെന്നോ ചെയ്യുമെന്നോ മുൻകൂട്ടി തീരുമാനിക്കാനൊന്നും പറ്റില്ല..
അല്ലി പറഞ്ഞു..
ശെരി..അതുകൊണ്ടിനി നിന്റെ പ്ലാൻ എന്താ.. അവളെ വീണ്ടും ഇവന്റെ തലയിൽ കെട്ടിവെക്കാൻ ആണോ..
ക്രിസ്റ്റി..
അല്ലി തെല്ല് ദേഷ്യത്തിൽ വിളിച്ചു..
നീയെന്നു മുതലാണ് ക്രിസ്റ്റി ഇങ്ങനെയൊക്കെ സംസാരിക്കാനും ചിന്തിക്കാനും തുടങ്ങിയത്.. ഹേ.. മുൻപ് നീ ഇങ്ങനെ ഒന്നും പറയില്ലായിരുന്നല്ലോ..
സാഹചര്യം എന്നു നീ പറഞ്ഞില്ലേ.. അത് തന്നെയാണ് എന്നെ ഇങ്ങനെ പറയിക്കുന്നതും.. എന്നെ സംബന്ധിച്ചു നിയ തീർത്തും ഔട്ട് സൈഡർ ആണ്.. എനിക്ക് നിങ്ങളോളം അവൾ പ്രധാനപ്പെട്ടത് അല്ല..
നിയയുടെ ഇങ്ങോട്ടുള്ള വരവ് എനിക്കത്ര സ്മൂത്ത് ആയി തോന്നുന്നില്ല.. അവൾ എന്തെങ്കിലും അനുഭവിച്ചിട്ടുണ്ടെങ്കിൽ അത് അവൾ ചൂസ് ചെയ്തതാണ്..
ക്രിസ്റ്റി പറഞ്ഞു..
അവൾ ചൂസ് ചെയ്തത് വേറെ ഒരു ജീവിതം മാത്രമാണ്.. അതിന് തിരഞ്ഞെടുത്ത ആളെ തെറ്റി പോയത് അവളുടെ കുഴപ്പവുമല്ല.. ജീവിതത്തിൽ എല്ലാം ശെരിയാകണം എന്നില്ലല്ലോ..
ആദി അവൾക്ക് ഒരു വലിയ ശെരിയായിരുന്നു.. അവൾക്ക് അതപ്പോൾ ഉൾക്കൊള്ളാൻ കഴിഞ്ഞില്ല.. അതിന്റെ പേരിൽ ഇത്രേം അനുഭവിക്കേണ്ട കാര്യമില്ല അവൾ.. ആൻഡ് ഫോർ യോർ കൈണ്ട് ഇൻഫർമേഷൻ.. അവളെന്നല്ല ലോകത്തൊരു പെണ്ണും എത്ര തെറ്റു ചെയ്താലും ഇങ്ങനെ ഒരു സാഹചര്യത്തിൽ കടന്നു പോകേണ്ടവളല്ല..
അതും പറഞ്ഞവൾ ആദിയെ നോക്കി..
രണ്ടാളോടുമായി പറയുവാ.. അവൾ പഴയ നിയ അല്ല.. ഒരുപാട് പ്രശ്നങ്ങളിലൂടെ കടന്നു വന്ന ഒരു പെണ്കുട്ടിയാണ്… ഒരു റേപ്പ് വിക്ടിം ആണ്.. ഭർത്താവ് ചെയ്തതുകൊണ്ട് അതിന്റെ ശാരീരികവും മാനസികവുമായ വ്യാപ്തി കുറയുന്നുമില്ല..
പിന്നെ അവൾ ഇവിടെ ആദിയുടെ ജീവിതത്തിലേയ്ക്ക് വന്നതല്ല.. ഹോസ്പിറ്റലിൽ നിന്ന് ഡിസ്‌ചാർജ് ആയപ്പോൾ അന്നമ്മാമ്മ വന്നു അവളുടെ കാലുപിടിച്ചു.. ഡേവിഡ് അവിടെ അവരുമായി പ്രശ്നമുണ്ടാക്കി..
ഒടുവിൽ ആ പ്രശ്‌നത്തിൽ ജിജോയെയും കുടുംബത്തെയും മാത്രമായി അയാൾ കുറ്റപ്പെടുത്തിയപ്പോൾ നിയ കേറി ഏറ്റു.. അയാളോട് അവൾ വഴക്കുണ്ടാക്കി.. പിന്നെ വീട്ടിലേയ്ക്ക് പോകാൻ തോന്നാഞ്ഞത് കൊണ്ടാ എന്നോട് ഒരു ഹെല്പ് ചോദിച്ചത്..
നിയ ഇവിടെ സ്ഥിരതാമസത്തിന് വന്നതൊന്നുമല്ല.. അവളുടെ അമ്മേടെ സിസ്റ്ററുടെ കൂടെ പോകുകയാണ് അവൾ.. പാലായിൽ അവർക്കൊരു വീടുണ്ട്.. അവിടുന്ന് അവൾ അമേരിക്കയ്ക്ക് അവരുടെ കൂടെ പോകും..
അവരിപ്പോ ഡൽഹിയിൽ ഒരു റിലേറ്റിവിന്റെ വീട്ടിലാണ്.. ഒരു ചികിത്സയുടെ ഭാഗമായി.. അതുകൊണ്ട് രണ്ടാഴ്ച കഴിയും വരെ മടങ്ങാൻ കഴിയില്ല.. അത്ര ദിവസം മാത്രം ഇവിടെ നിൽക്കാനാണ് അവൾ വന്നത്..
ഞാൻ കരുതി അവളെ ഹെല്പ് ചെയ്യാൻ നിനക്ക് ആഗ്രഹമുണ്ടെന്ന്.. അല്ല അതെന്റെ തെറ്റായിരുന്നു.. എന്റെ മാത്രം.. നീയിപ്പോ മാറിപോയത് ഞാനും മനസ്സിലാക്കണമായിരുന്നു..
അല്ലി ഞാൻ..
ആദി പറയാൻ ശ്രമിച്ചു..
അവൾ ഇവിടെ നിനക്ക് ബുദ്ധിമുട്ടാണെങ്കിൽ പറഞ്ഞാൽ മതി.. മുമ്മുവിനോട് ഞാൻ പറഞ്ഞോളാം.. അവിടെ അവൾക്ക് താമസിക്കാൻ പറ്റും.. ഞാൻ അവളുടെ കൂടെ നിൽക്കാം..
അല്ലി പറഞ്ഞു..
അത് വേണ്ട..
ക്രിസ്റ്റി പെട്ടെന്ന് പറഞ്ഞു.. ആദി സംശയത്തോടെ അവനെ നോക്കി..
ഇവന് കുഴപ്പമൊന്നുമില്ല.. പിന്നെ പെട്ടെന്ന് കേട്ടപ്പോ എനിക്ക് ദേഷ്യം വന്നു.. അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ.. പിന്നെ അല്ലി.. ഒരു കാര്യം.. നിയ ഇവിടെ നിൽക്കുമ്പോഴും പോയാലും നിങ്ങളുടെ ലൈഫും ഓഫീസ് കാര്യങ്ങളും സ്മൂത്ത് ആൻഡ് കോണ്ഫിഡൻഷ്യൽ ആയിരിക്കണം.. ഈ പ്രശ്നമടക്കം ഒന്നും ആരും അറിയേണ്ട തൽക്കാലം.. ഇത് വിട്ടേരെ കേട്ടോ..
ക്രിസ്റ്റി പറഞ്ഞതും അല്ലി ആദിയെ നോക്കി.. അവന്റെയും തീരുമാനം അതാണെന്ന് ബോധ്യപ്പെട്ടതും അവൾ അല്പം സമാധാനത്തോടെ തലയാട്ടി.. താഴേയ്ക്ക് നടന്നു..
ടാ..
ആദി ക്രിസ്റ്റിയെ നോക്കി..
അല്ലി പലതും പറയും.. നീ മൈൻഡ് ആക്കേണ്ടേ.. ഇവിടെ നിൽക്കുന്ന ഓരോ സെക്കണ്ടിലും അവളിൽ ഒരു ശ്രദ്ധ വേണം.
പിന്നെ അവൾ അല്ലി കരുതുന്ന ആളല്ല.. അവളുടെ അപ്പന്റെ സർവ്വ തോന്ന്യവാസങ്ങളും കയ്യിൽ വെച്ചു വിളഞ്ഞ വിത്താണ്.. അല്ലി ഈ പറച്ചിലേയുള്ളൂ.. ആ പാവം മീനാന്റിയും പ്രദീപങ്കിളും വളർത്തിയ മോളാണ്.. അതിന് ഈ നിയയുടെ കുബുദ്ധിയൊന്നുമില്ല.. നേരെ വാ നേരെ പോ എന്ന മട്ടാണ്.. വല്ലോം കാണിച്ചാലും നമ്മുടെ അടുത്തേയുള്ളൂ..
ക്രിസ്റ്റി പറഞ്ഞു..
നീയെന്താ പറഞ്ഞുവരുന്നേ..
ആദി ചോദിച്ചു..
അവളുടെ ഈ വരവിൽ എനിക്ക് ശെരിക്ക് സംശയമുണ്ട്.. ഒന്നും കാണാതെ ഡേവിഡ് അവളെ പറഞ്ഞു ഇങ്ങോട്ട് വിടില്ല..
അവൾക്കിവിടെന്ത് കിട്ടാനാ..
ആദി ചോദിച്ചു..
നിന്നെ..
ക്രിസ്റ്റി പറഞ്ഞു..
എന്നെയോ.. അവർക്കെന്തിനാ എന്നെ..
ആദി ക്രിസ്റ്റിയെ നോക്കി..
ഒന്നിനും കൊള്ളില്ലേ നിന്നെ.. സ്വയം തിരഞ്ഞെടുത്ത മരുമോൻ മോശമായത് കൊണ്ട് മോളുടെ എക്സിനെ തിരിച്ചു കൊടുക്കാനുള്ള പ്ലാൻ ആണെങ്കിലോ..
ഹേയ്… ഡേവിഡ് അതിനൊന്നും തയ്യാറാകില്ല..
ആദി പറഞ്ഞു..
ഞാനൊരൂഹം പറഞ്ഞതാ.. അതോ ഇനി അവളുടെ ജീവിതം തകർന്നത് കൊണ്ട് നിങ്ങളെ തമ്മിലും തെറ്റിച്ചേക്കാം എന്നും പറഞ്ഞിറങ്ങിയതാണോ എന്നും അറിയില്ല..
അതിനി എന്ത് തെറ്റാൻ..
ആദി പുച്ഛത്തോടെ പറഞ്ഞു..
ആ.. എന്നാൽ ഞാൻ ഇനിയൊരു കാര്യം പറയുവാ.. ശ്രദ്ധിച്ചു കേട്ടോ..
ക്രിസ്റ്റി പറഞ്ഞു..
എന്തുവാടാ.. നീയെന്തിനാ ഇതൊക്കെ ഇങ്ങനെ ചിന്തിച്ചു തല കളയുന്നത്..
ആദി ചോദിച്ചു..
നീ ഞാൻ പറയുന്നത് കേൾക്ക്.. ഇപ്പൊ നീയും അല്ലിയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഒരു പരിഹാരം നിയയിലൂടെ കാണാം..
ആദി അവനെ സംശയത്തോടെ നോക്കി..
ടാ.. അല്ലിയേയും നിന്നെയും തെറ്റിക്കാൻ അവൾ ശ്രമിക്കുന്നുണ്ടെന്നു പറഞ്ഞു അല്ലിയുമായി നീ അടുക്കാൻ ശ്രമിക്ക്.. നിങ്ങൾ തമ്മിലുള്ള ഇഷ്യൂ നിയ ഒരിക്കലും അറിയരുത്. മനസ്സിലായോ..
ആദി വെറുതെ തലയാട്ടി..
മ്മ്.. മനസ്സിലാക്കിയാൽ നിനക്ക് കൊള്ളാം.. ഏതായാലും ഈ വന്ന ഇഷ്യൂ ഇറങ്ങി പോട്ടെ.. എന്നിട്ട് ഞാൻ രണ്ടിനെയും ഒന്ന് കാണുന്നുണ്ട്.. അപ്പൊ പറയാം ബാക്കി..
ക്രിസ്റ്റി പറഞ്ഞു..
ആദി വെറുതെ ഒന്ന് പുഞ്ചിരിച്ചതെയുള്ളൂ.. പക്ഷെ ആ പുഞ്ചിരിയിലും നഷ്ടപെടലിന്റെ വേദന മാത്രം അത്രമേലാഴത്തിൽ പ്രതിഫലിക്കുന്നുണ്ടായിരുന്നു..
നിശബ്ദമായി..
തുടരും..

by