17/04/2026

എന്റെ പെണ്ണ് : ഭാഗം 28

രചന – നന്ദിത ദാസ്

ഒടുവിൽ എന്റെ പെണ്ണിന്റെ കൈയും പിടിച്ചു ഞാൻ ഇറങ്ങി…

ഞങ്ങളുടെ ലോകത്തിലേക്ക്…

ഞങ്ങളുടെ ജീവിതത്തിലേക്ക്…

വീട്ടിൽ നിന്നും ഇറങ്ങാൻ നേരം കുറച്ചു സങ്കടം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അവൾ തികച്ചും ഹാപ്പി ആണ്…

യാത്രയിൽ ഉടനീളം അവളെന്റെ കൈകളിൽ കൈകോർത്തിരുന്നു…

“ടീ പെണ്ണേ… വിഷമം ഒന്നും ഇല്ലലോ അല്ലേ…
അതോ അങ്ങ് ചെല്ലുമ്പോൾ എനിക്കു അച്ഛനെ കാണണം അമ്മയെ കാണണമെന്ന് പറഞ്ഞു കരഞ്ഞു കുളമാക്കുമോ?? ”

“ഒന്ന് പോ ചെറുക്കാ…
ഞാനേ എന്റെ ചെക്കന്റെ കൂടെയാ പോകുന്നത്…

ഇത്രനാളും നീറി നീറി കഴിഞ്ഞു ദിവസങ്ങൾ തള്ളി നീക്കിയതേ എനിക്കേ അറിയുള്ളു… ”

അതും പറഞ്ഞു എന്റെ കൈത്തണ്ടയിൽ അമർത്തി നുള്ളി അവൾ എന്റെ തോളിലേക്ക് തല ചായ്ച്ചു…

മടക്ക യാത്ര ട്രെയിനിൽ ആയതുകൊണ്ട് പല സ്ഥലങ്ങളും കാഴ്ചകളും വിവരിച്ചു കൊടുക്കേണ്ടി വന്നു…

“കോളേജിൽ നിന്നും ടൂർ പോയതല്ലാതെ ഞാൻ ഇത്ര ദൂരം എങ്ങും പോയിട്ടില്ല ഏട്ടാ…

ഹണിമൂണിന് പോവാന്ന് ഏട്ടൻ പറഞ്ഞതല്ലാതെ പോകാൻ പറ്റിയില്ലല്ലോ.. ”

“അതോർത്തു എന്റെ മോളു വിഷമിക്കണ്ട…

ഈ യാത്ര നമുക്കങ്ങു ഹണിമൂൺ ആക്കിയേക്കാം എന്താ?? ”

“അയ്യടാ…
ആഹ് പിന്നെ ഏട്ടന്റെ ഫ്രണ്ട്സിനെയും വിക്രം സാറിനെയൊക്കെ കാണാൻ എനിക്കു തിടുക്കം ആയിട്ടോ… ”

“എന്റെ മോളൊന്നു കണ്ണടച്ചു കിടന്നോളു…

ആ ഉറക്കം ഉറങ്ങി എഴുന്നേൽക്കുമ്പോളേക്കും നമ്മൾ അങ്ങ് ദേവാലാലി ക്യാമ്പിൽ എത്തിയിരിക്കും… ”

“മ്മ് ”

എന്റെ കൈയിന്മേലുള്ള പിടുത്തം വിടാതെ തന്നെ എന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ മയങ്ങിയിരുന്നു…

*** **—**** **

ട്രെയിൻ നാസിക്ക് സ്റ്റേഷനിൽ എത്തി…

ബാഗും പെട്ടിയുമായി ഞങ്ങൾ പുറത്തേക്കിറങ്ങി…

സ്റ്റേഷനിൽ നല്ല തിരക്കായതു കാരണം ഇന്ദുവിന്റെ മുഖത്ത് വല്ലാത്തൊരു ഭീതി നിഴലിട്ടു…

“പേടിക്കേണ്ട ഇവിടെ എപ്പോളും ഇങ്ങേനെയാ..”

അവളുടെ കൈകളിൽ മുറുകി പിടിച്ചു ഞാൻ ടാക്സി സ്റ്റാൻഡിലേക്ക് നടന്നു…

അപ്പോളേക്കും കുറേ ഭായിമാർ സർ എന്റെ വണ്ടി വിളിക്കു…
ഞാൻ കൊണ്ടുപോകാം..
എവിടെയാ സർ പോകേണ്ടതെന്നും പറഞ്ഞു ഞങ്ങളുടെ പിന്നാലെ കൂടി…

അതിൽ ഒരാളുടെ ടാക്സി വിളിച്ചു ദേവാലാലി ക്യാമ്പ് എന്ന് പറഞ്ഞു…

“ഇവിടൊക്കെ ഇങ്ങനെ ആണോ ഏട്ടാ…
പുറകേ നടന്നാണോ വണ്ടി ഓട്ടം പോകുന്നത്… ”

“ആഹ്… ഇവിടൊക്കെ ഇങ്ങനെയാ… ”

“എല്ലാരും ഹിന്ദിക്കാരാണോ…
എനിക്കു ഹിന്ദി അറിയുക കൂടി ഇല്ല..
ആരെങ്കിലും എന്തെങ്കിലും ചോദിച്ചാൽ മുജ്ജെ ഹിന്ദി നഹിം മാലൂം എന്ന് പറയാൻ മാത്രം അറിയാം… ”

“ഹിഹിഹി…
ഈ പെണ്ണിന്റെ ഒരു കാര്യം…
അതൊക്കെ അങ്ങ് പഠിച്ചോളും… അല്ലെങ്കിൽ ഈ വിച്ചുണ്ണു പഠിപ്പിച്ചു തരില്ലേ… ”

“അവിടെ കുറേ മലയാളികൾ ഉണ്ടോ ഏട്ടാ…?? ”

“ഏത് നാട്ടിലാ മലയാളികൾ ഇല്ലാത്തത്…
ഇവിടെ മലയാളികൾ ഒരുപാട് ഉണ്ട്..
കുടുംബം ആയി കഴിയുന്നവരും ഉണ്ട്…
മലയാളീസ് ഹോട്ടൽ വരെ ഉണ്ട് നല്ല നാടൻ ഭക്ഷണം കഴിക്കാൻ…
അതൊക്കെ പോരേ… ”

“മ്മ്… മതി… ”

ടാക്സി ക്യാമ്പിന് മുന്നിൽ നിന്നു…

ബാഗും പെട്ടിയുമായി ഞങ്ങൾ അകത്തേക്ക് കയറി…

നേരെ യൂണിറ്റിൽ പോയി വിക്രം സാറിനെ കണ്ടു…

ഇന്ദുവിനെ പരിചയപ്പെടുത്തി…

അവളൊരു വായാടി ആയതുകൊണ്ട് സാറിന്റെ ഫാമിലി ഡീറ്റെയിൽസ് ഫുൾ ചോദിച്ചു മനസ്സിലാക്കി…

സാറും താല്പര്യത്തോടെ അവൾക്കു മറുപടി കൊടുത്തുകൊണ്ടേ ഇരുന്നു…

“യൂണിറ്റിൽ പോയി ഒപ്പ് വെച്ചിട്ട് കോർട്ടറിന്റെ കീ വാങ്ങിച്ചോളൂ…
കാര്യങ്ങൾ എല്ലാം അവിടെ പറഞ്ഞിട്ടുണ്ട്… ”

“ഓക്കേ സർ…
താങ്ക്സ് സർ… ”

സാറിന്റെ ക്യാബിനിൽ നിന്നും ഇറങ്ങാൻ നേരം വിക്രം സർ എനിക്കു മാത്രം കേൾക്കാൻ പാകത്തിന് പറഞ്ഞു…

“കൊച്ചു മിടുക്കിയാ കേട്ടോ.. ”

“താങ്ക്സ് സർ… ”

ഇന്ദുവിനെ യൂണിറ്റിന് വെളിയിൽ നിർത്തിയിട്ട് ഞാൻ ക്യാമ്പിലേക്ക് പോയി…

എന്റെ സ്ഥാവരജംഗമ വസ്തുക്കളൊക്കെ അവിടെ ആണല്ലോ…

അവിടെ ഹരിയേട്ടൻ ഉണ്ടായിരുന്നു…

“ഹരിയെട്ടോ ഞങ്ങൾ എത്തി കേട്ടോ…
ഏട്ടന് ഇന്ന് നൈറ്റ്‌ ആണോ?? ”

“ആഹാ എത്തിയോ…
എന്നിട്ട് എവിടെ ഞങ്ങളുടെ കൊച്ചെന്തേ…
ആഹ് ഇന്ന് എനിക്ക് നൈറ്റ്‌ ആണ്… ”

“അവള് യൂണിറ്റിന് വെളിയിൽ നിൽപ്പുണ്ട്…
കീ കിട്ടി… ”

“നീ എന്ത് പണിയാ ചെയ്തത്…
അവളെ അവിടെ ഒറ്റയ്ക്ക് നിർത്തിയിട്ട് പോരുന്നോ…
നിന്റെ ഇവിടുത്തെ സാധനമെല്ലാം അവന്മാര് വരുമ്പോൾ അങ്ങോട്ടേക്ക് എടുപ്പിക്കാം നീ ഇപ്പോൾ വാ… ”

എന്നെയും വഴക്ക് പറഞ്ഞു ഹരിയേട്ടൻ
യൂണിറ്റിലേക്ക് നടന്നു…

ഈ സമയം ഇന്ദു അവിടമാകെ ചുറ്റി നടന്നു കാണുകയായിരുന്നു…

എന്ത് നിശബ്ദത ആണ് ഇവിടെ…
ഒരു ചെറിയ സൂചി വീണാൽ കേൾക്കാവുന്ന അത്ര നിശബ്ദം…

ടാക്സിയിൽ നിന്നും വന്നു ഇറങ്ങിയപ്പോൾ കണ്ടത് ഭീമമായ ഒരു ചുറ്റു മതിലാണ്…
ഗെയിറ്റിനാണേൽ രണ്ടാനയുടെ അത്ര പൊക്കം ഉണ്ട്…

പുറത്തൂന്നു കാണുന്നത് പോലെ അല്ല അകത്തേക്ക് കയറുമ്പോൾ…

റോഡ് പോലെ അകത്തോട്ടു കോൺക്രീറ്റ് ചെയ്തിരിക്കുന്നു…
അതിന്റെ ഇരു വശവും മനോഹരമായ പുൽത്തകിടി…

നടന്നു വരുന്ന കൂട്ടത്തിൽ യൂണിഫോം അണിഞ്ഞ പട്ടാളക്കാർ അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുന്നുണ്ട്…

തല ഉയർത്തി പിടിച്ചു തന്നെയാണ് എല്ലാവരുടെയും നടപ്പ്…

ഇവിടെ ആരാ ഇത്ര ഭംഗിയായി ഗർഡനോക്കെ നോക്കി നടത്തുന്നത്…
എന്തായാലും മനോഹരം ആയിട്ടുണ്ട്…

ഒരു പട്ടാള ക്യാമ്പിൽ ഞാൻ ആദ്യമായി വരുവല്ലേ…
എല്ലായിടത്തും ഇങ്ങനെ തന്നെ ആയിരിക്കുമോ…

ഏട്ടനെ കണ്ടില്ലല്ലോ എന്നോർത്തു തിരിഞ്ഞു നോക്കിയപ്പോളാണ് ഏട്ടനും കൂടെ ഒരാളും കൂടി എന്റെ അടുത്തേക്ക് വരുന്നത് കണ്ടത്…

അത് ഇപ്പോൾ ആരായിരിക്കും…
ഹരിയേട്ടനോ… അതോ ജോണോ…
ഇവര് രണ്ടിൽ ആരെങ്കിലും ആകാൻ ആണ് സാധ്യത…

“ഹലോ… പെങ്ങളെ… മനസ്സിലായോ?? ”

“പിന്നേ മനസ്സിലായല്ലോ…
ഹരിയേട്ടൻ അല്ലേ?”

കറക്കി കുത്തി അങ്ങനെ തന്നെ ചോദിച്ചു…

“ആഹാ… അത് കൊള്ളാലോ… ഇത്ര പെട്ടെന്ന് മനസ്സിലാക്കിയെടുത്തോ?”

“പിന്നേ… ഞാൻ ഭയങ്കര പാസ്റ്റ് ആണ്… ”

സംസാരിച്ചു കൊണ്ടു തന്നെ ഞങ്ങൾ മൂവരും കോർട്ടേഴ്സിലേക്ക് നടന്നു…

ക്യാമ്പും യൂണിറ്റും കഴിഞ്ഞു ഒരു മതിലിന്റെ ദൂരമേ ഉള്ളു കോർട്ടേഴ്സിന്…

മതിലിനു ഇപ്പുറം കോർട്ടേഴ്സും അപ്പുറം യൂണിറ്റും…

ആ മതിലിന്റെ അടുത്തും ഒരു പട്ടാളക്കാരൻ കാവലായി തോക്കൊക്കെ പിടിച്ചു നിൽപ്പുണ്ടായിരുന്നു…

എന്റെ അമ്മേ… എന്തോരം ബിൽഡിങ് ആണ്…
പുറത്ത് നിന്നപ്പോൾ ഇതിനകം ഇത്ര വിശാലമാണെന്ന് ഒരിക്കലും കരുതിയില്ല…

ഫ്ലാറ്റ് പോലെ പണിഞ്ഞിട്ടിരിക്കുകയാണ്…

കുറേ സ്ത്രീകളും കുഞ്ഞുങ്ങളും അവിടെയും ഇവിടയുമൊക്കെ നടക്കുന്നു…

എല്ലാം പഞ്ചാബികളും മറാട്ടികളും ആണെന്ന് തോന്നുന്നു…

വേഷം കണ്ടാൽ ഇവരൊക്കെ തിരിച്ചറിയാമല്ലോ…

എന്റെ കണ്ണാ എനിക്കൊരു കൂട്ടിനു വല്ല മലയാളി ഫാമിലിയെയും കിട്ടിയിരുന്നെങ്കിൽ….

കോർട്ടർ കണ്ടു പിടിച്ചു…
കീ ഉപയോഗിച്ച് തുറന്നു ഞങ്ങൾ റൂമിനുള്ളിലേക്കു കയറി…

വലിയ ഒരു ഹാൾ…

പെട്ടിയും ബാഗുമൊക്കെ അവിടെ വെച്ചു…

അകത്തേക്ക് കയറി…

ഒരു ബെഡ് റൂം…
അറ്റാച്ചഡ് ബാത് റൂം…

അത്ര വലുതല്ലാത്ത ഒരു കിച്ചൺ…

പക്ഷേ എന്നെ കൂടുതൽ ആകർഷിച്ചത് ബെഡ് റൂമിനോട് ചേർന്നുള്ള ബാൽക്കണി ആയിരുന്നു…

അവിടെ നിന്നാൽ അടുത്ത കോർട്ടറിൽ ഉള്ളവരെയും കാണാം…

എല്ലായിടത്തും ഒരേ പോലെ കടലാസ് റോസ പടർത്തിയിട്ടുണ്ട്…

രണ്ടു ചെയറും ചെറിയ ഒരു ടേബിളും
അവിടെ ഉണ്ടായിരുന്നു…

“എന്താ പെണ്ണേ ഇഷ്ടപ്പെട്ടോ… ”

“മ്മ്.. ഇന്ന് മുതൽ എന്റെ ഫേവറേറ്റ്‌ പ്ലേസ് ദാ ഈ ബാൽക്കണി ആണ്…
ഇവിടെ നമുക്ക് കുറേ പനിനീർ ചെടി മേടിച്ചു വെക്കണം കേട്ടോ…
എന്നിട്ട് അസ്തമയ സൂര്യന്റെ ചുവപ്പ് രാശി പടരുന്നതും നോക്കി ഇവിടെ അങ്ങനെ നിൽക്കണം… ”

“ആഹാ… കൊള്ളാലോ…
താൻ വാ ഒന്ന് ഫ്രഷ് ആകു… ”

“മ്മ് ”

“ഞാനും ഹരിയേട്ടനും പുറത്തു പോയി ഫുഡ്‌ എന്തെങ്കിലും വാങ്ങിയിട്ട് വരാം…
കുക്കിങ് നാളെ മുതൽ തുടങ്ങിയാൽ മതി ”

“അയ്യോ പോവാണോ…
ഞാൻ കൂടി വരാം… ”

“കൊള്ളാം… ഇങ്ങനെ ആണെങ്കിൽ ഞാൻ ഡ്യൂട്ടിക്ക് പോകുമ്പോൾ പണി ആകുമല്ലോ… ”

“ഇന്ന് ആദ്യം ആയിട്ടല്ലേ ഏട്ടാ… ”

“എങ്കിൽ ഒരു കാര്യം ചെയ്യാം…
വിഷ്ണു ഇവിടെ നില്ക്കു…
ഞാൻ നമ്മുടെ മലയാളി ഹോട്ടലിൽ പോയി ഫുഡ്‌ വാങ്ങിയിട്ട് വരാം… ”

“അത്… ഹരിയേട്ടാ…. ”

“എനിക്കു ബുദ്ധിമുട്ട് ആകുമെന്ന് അല്ലേ പറഞ്ഞു വരുന്നത്…
ഇന്ന് എന്തായാലും ബുദ്ധിമുട്ടാൻ തന്നെ തീരുമാനിച്ചു…
അത് നിന്നെ ഓർത്തില്ല..
ഞങ്ങളുടെ ഈ പെങ്കൊച്ചിനെ ഓർത്തിട്ടാ… ”

അതും പറഞ്ഞു ചിരിച്ചു കൊണ്ടു ഹരിയേട്ടൻ പുറത്തേക്കു പോയി…

എനിക്കു ശ്വാസം നേരെ വീണത് അപ്പോളാണ്…

അത്യാവശ്യം വേണ്ട ഫർണിച്ചറും ഇലക്ട്രിക് ഉപകരണങ്ങളും അവിടെ ഉണ്ടായിരുന്നു…

“നമുക്ക് വേണ്ട സാധനങ്ങളുടെ ലിസ്റ്റ് ഒന്ന് തയ്യാറാക്കണം കേട്ടോ…

ഇവിടെ പുറത്ത് ആർമി കാന്റീൻ ഉണ്ട് അവിടുന്ന് സാധനങ്ങളൊക്കെ വാങ്ങിക്കാം…

വൈകിട്ടു നമുക്കൊരു ചെറിയ ഷോപ്പിംഗ് നടത്താം…
എന്താ ഭാര്യേ… ”

“ഒക്കെ ഭർത്താവേ…
അയ്യോ ഏട്ടാ ഇവിടെ എത്തിയ കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞില്ലാലോ…
പെട്ടെന്ന് വിളിക്കു… ”

പെണ്ണ് പറഞ്ഞപ്പോളാണ് ഞാനും അത് ഓർക്കുന്നത്…
ഉടൻ തന്നെ ഫോൺ വിളിച്ചു സംസാരിച്ചു…
ഇന്ദുവിന്റെ വീട്ടിലും വിളിച്ചു…

അതിനുശേഷം ബാഗിലും പെട്ടിയിലും ഉണ്ടായിരുന്ന സാധനങ്ങളൊക്കെ അടുക്കി ഒതുക്കി ഷെൽഫിലും കബോർഡിലും വെച്ചു…

ഇന്ദു ബാഗിൽ നിന്നും കൃഷ്ണൻകുട്ടിയെ എടുത്തു ബെഡ്റൂമിലെ ടേബിളിനു പുറത്തു വെച്ചു…

“ആഹാ നീ കൃഷ്ണൻബ്രോയെയും കൊണ്ടുവന്നിട്ടുണ്ടായിരുന്നോ…
അടിപൊളി… ”

“പിന്നെ കൊണ്ടുവരാതെ…

ഏട്ടന് അറിയുമോ ഞാൻ എന്നും പ്രാർത്ഥിച്ചിരുന്നത് എന്റെ വിച്ചുണ്ണു നെ എന്റെ മുന്നിൽ എത്തിക്കണേ…

അതല്ലെങ്കിൽ എന്നെ എന്റെ ചെക്കന്റെ അടുത്തേക്ക് കൊണ്ടുപോകണേ എന്നാണ്….

എന്നിട്ടിപ്പോൾ എന്തായി…

എന്റെ രണ്ടു പ്രാർത്ഥനയും ഫലിച്ചത് കണ്ടില്ലേ…

അതാണ്…
പ്രാർത്ഥനയുടെ ശക്തി…

മനമുരുകി പ്രാർത്ഥിച്ചാൽ ന്റെ കണ്ണൻ കാണാതിരിക്കില്ല…
എനിക്കു എത്രയോ അനുഭവം ഉണ്ടായിരിക്കുന്നു….

വെറുതെ പ്രാർത്ഥിച്ചാൽ പോരാ വിശ്വസിച്ചു പ്രാർത്ഥിക്കണം… ”

“എനിക്കും വിശ്വാസം ഉണ്ട് ഭാര്യേ…
പിന്നെ എപ്പോളും പ്രാർത്ഥിക്കാൻ ടൈം കിട്ടിയെന്നു വരില്ല…

ഇപ്പോൾ പിന്നെ എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ എന്റെ സ്വീറ്റി ഉണ്ടല്ലോ… ”

ഞാൻ അവളുടെ കവിളിൽ നുള്ളി..

അവൾ മുഖം വക്രിച്ചു കാണിച്ചു കൊണ്ടു തുടർന്നു…

“പ്രാർത്ഥിക്കാൻ എന്തിനാ ടൈം നോക്കുന്നത്…
നടക്കുമ്പോളും കിടക്കുമ്പോളും കഴിക്കുമ്പോളും ജോലി ചെയ്യുമ്പോളും എല്ലാം ഈശ്വരചിന്തകൾ മനസ്സിൽ ഉണ്ടായാൽ മാത്രം മതി…
നല്ലത് മാത്രം ചിന്തിക്കുക…
പ്രവർത്തിക്കുക…
അങ്ങനെ ഉള്ളോർക്കു ഈശ്വരൻ ഒരു ദോഷവും വരുത്തില്ല… ”

“ആണോ…
ആഹാ…
എന്നാൽ ഇപ്പോൾ മുതൽ അങ്ങനെ ചെയ്തേക്കാം എന്താ… ”

“കളിയാക്കുവൊന്നും വേണ്ട…
ഒരിക്കൽ ഏട്ടന് മനസ്സിലാകും പ്രാർത്ഥനയുടെ ശക്തി…
നോക്കിക്കോ… ”

“ഹയ്യോട… അപ്പോളേക്കും എന്റെ പെണ്ണ് പിണങ്ങിയോ…

അതൊക്കെ പോട്ടെ…
മോളു പോയി ഫ്രഷ് ആയി വാ…
നമുക്ക് പുറത്തൊക്കെ ഒന്നു ചുറ്റി അടിച്ചിട്ട് വരാം ”

“മ്മ് ”

ഫ്രഷായി വന്നു ഹരിയേട്ടൻ കൊണ്ടു വന്ന ഫുഡും കഴിച്ചു…

കുറേനേരം ഹരിയേട്ടനോട് കത്തിയും അടിച്ചിരുന്നു…

അതിനു ശേഷം ഞങ്ങൾ മൂന്ന് പേരും കൂടി ദേവലാലി മാർക്കെറ്റിലേക്കാണ് ആദ്യം പോയത്…

ഈ മാർക്കെറ്റ് ശരിക്കും ഫേമസ് ആണ്…

എന്ത് വേണമെങ്കിലും ഇവിടെ കിട്ടും…

ഇന്ദു എല്ലാം അത്ഭുതത്തോടെ നോക്കുന്നുണ്ടായിരുന്നു…

ഓരോന്നിനെക്കുറിച്ചും ഞാനും ഹരിയേട്ടനും അവൾക്കു വിവരിച്ചു കൊടുത്തുകൊണ്ടേ ഇരുന്നു…

അവൾക്കു ഇതെല്ലാം പുതിയ അറിവും പുതിയ കാഴ്ചകളും ആയിരുന്നു…

വീട്ടിലേക്കു വേണ്ടതെല്ലാം വാങ്ങി ഞങ്ങൾ തിരിച്ചു കോർട്ടേഴ്സിൽ എത്തി…

കോർട്ടറിന്റെ മുന്നിൽ എത്തിയപ്പോൾ തന്നെ എന്തോ പന്തികേട് തോന്നി…

പുറത്തു നിന്നും പൂട്ടിയിട്ടു പോയ റൂം അൺലൊക്കേഡ്‌ ആയിരിക്കുന്നു…

അകത്തു ആരുടെയൊക്കെയോ കാൽപ്പെരുമാറ്റവും അടക്കി പിടിച്ച സംസാരവും കേൾക്കുന്നുണ്ടായിരുന്നു…

ഇന്ദു എന്റെ കൈകളിൽ അമർത്തി പിടിച്ചു…

ആ കണ്ണുകളിൽ ഭയം നിഴലിക്കുന്നത് എനിക്കു കാണാൻ സാധിച്ചു…

ഞാൻ അവളെ എന്നോട് ചേർത്തു പിടിച്ചു…

ഹരിയേട്ടൻ പതുക്കെ വാതിലിനു അടുത്തേക്ക് നടന്നു….

വാതിൽ തുറക്കുകയും കൂടെ കുറേ പൊട്ടിച്ചിരികളും കൂക്കുവിളികളും…

തലയ്ക്കു കൈയും വെച്ചു ഹരിയേട്ടൻ ഞങ്ങളെ ഒന്ന് നോക്കി…

ഇന്ദു ഇപ്പോളും ഒന്നും മനസ്സിലാകാത്തതുപോലെ അമ്പരന്നു നിൽകുവാണ്…

“മോളു കയറിവാ…
അത് അവന്മാരാ ജോണും കൂട്ടാളികകളും… ”

“ഈശ്വരാ ഞാൻ കരുതി നമ്മള് പോയപ്പോളേക്കും വല്ല തീവ്രവാദികളും വീടിനകത്തു കയറി കൂടിയെന്ന്… ”

ഇന്ദു അത് പറഞ്ഞപ്പോളേക്കും അവിടെ ആകെ ഒരു പൊട്ടിച്ചിരി മുഴങ്ങി…

“അങ്ങനെ ഒരു തീവ്രവാദികളും ഇവിടെ കയറില്ല മോളെ…
ഇവന്മാരാണെന്നു ഞാൻ ഊഹിച്ചിരുന്നു…
പക്ഷേ അടച്ചിട്ട റൂം ഇവന്മാർ എങ്ങനെ തുറന്നോ ആവോ… ”

“അതൊക്കെ സിമ്പിൾ അല്ലേ…
കീ കാർപെറ്റിന്റെ അടിയിൽ ഉണ്ടായിരുന്നു…
ഞങ്ങൾ വന്നപ്പോൾ ഇവിടെ ആളും ഇല്ല അനക്കവും ഇല്ല…
കുറച്ചു നേരം തപ്പിയപ്പോൾ കീ കിട്ടി…
പിന്നെ ഞങ്ങൾ ക്യാമ്പിൽ ഉണ്ടായിരുന്ന ഇവന്റെ സാധനങ്ങളെല്ലാം ഇവിടേക്ക് ഷിഫ്റ്റ്‌ ചെയ്തു…

അങ്ങനെ തളർന്നിരിക്കുമ്പോളാ ഹൽവയും ചിപ്സും എല്ലാം കിച്ചണിലെ പളുങ്കു പത്രത്തിൽ ഇരിക്കുന്നത് കണ്ടത്…
അതെല്ലാം ഞങ്ങൾ അകത്താക്കിയിട്ടുണ്ട്… ”

നന്ദൻ പറഞ്ഞു നിർത്തിയതും എടാ ദ്രോഹികളെ എനിക്കു തരാതെ മുഴുവനും തീർത്തോ എന്നും പറഞ്ഞു ഹരിയേട്ടൻ കിച്ചണിലേക്കു ഓടി…

ഇവരൊക്കെ കൊച്ചുകുട്ടികളെ പോലെ പെരുമാറുന്നത് കണ്ടപ്പോൾ എനിക്കു ശരിക്കും അത്ഭുതം തോന്നി…

എല്ലാരും കൂടി കൂടിയപ്പോൾ ശരിക്കും നല്ല അടിപൊളി ഓളം തന്നെ ഉണ്ടായി…

ചുമ്മാതല്ല ഏട്ടൻ പറയുന്നത് ഇവിടം സ്വർഗ്ഗം ആണെന്ന്…

വാങ്ങിക്കൊണ്ടു വന്ന സാധനങ്ങൾ ഉപയോഗിച്ച് അവരെല്ലാം കൂടി പാചകവും തുടങ്ങി…

എന്നെ അവിടേക്കു അടുപ്പിച്ചതേ ഇല്ല…

എല്ലാരും നല്ല സംസാരപ്രിയരാണ്…

ഒട്ടും മുഷിച്ചിൽ ഉണ്ടാവുകയേ ഇല്ല…

ഒടുവിൽ എല്ലാരും ഒരുമിച്ചു ഭക്ഷണവും കഴിച്ചാണ് അവർ തിരികെ ക്യാമ്പിലേക്ക് മടങ്ങിയത്…

“എല്ലാരും പാവങ്ങളാ ഇല്ലേ ഏട്ടാ… ”

“അപ്പോൾ ഞാൻ പാവം അല്ലേ?? ”

“അയ്യടാ ഒരു പാവത്താൻ…
ഉറങ്ങുമ്പോൾ പോലും ദുഷ്ടനാ…
എനിക്കല്ലേ അറിയൂ എന്റെ കണ്ണാ… ”

അതും പറഞ്ഞു പെണ്ണ് അകത്തേക്ക് ഓടി…

“ഡീ… ഡീ പെണ്ണേ… നിൽക്കടി അവിടെ.. ”

(തുടരും )