17/04/2026

ഈ നിമിഷം : ഭാഗം 04

രചന – രോഹിണി ആമി

പ്രത്യേകിച്ചൊന്നും ഈ വീട്ടിൽ ചെയ്യാനില്ല… കിച്ചണിൽ സഹായിക്കാമെന്ന് വെച്ചാൽ അവിടെ ജോലി ചെയ്യുന്ന ചേച്ചിക്ക് തന്റെ സഹായം വേണ്ടാ.. ഒന്നും മിണ്ടാതെ ചെയ്യുന്ന പണിയിൽ മാത്രം ശ്രദ്ധിക്കുന്ന ഒരു ചേച്ചി.. ഞാൻ എന്നൊരാൾ അവിടെ നിൽക്കുന്നുണ്ട് എന്നു പോലും ചിലപ്പോൾ നോക്കാറില്ല.. വീണ്ടും റൂമിൽ വരും… എന്തെങ്കിലും ആലോചിച്ചിട്ട് ഇരിക്കുമ്പോളാവും വിഷ്ണു റൂമിലേക്ക് വരുന്നത്… ചിലപ്പോൾ പെട്ടെന്ന് വന്നു പോകും. ചിലപ്പോൾ എന്തെങ്കിലും ചെയ്യാനുണ്ടാവും… താൻ മുറിയിൽ ഉണ്ടെങ്കിൽ അവിടെ ഇരിക്കില്ല… ഞാൻ ഇല്ലെങ്കിൽ ഇതിനകത്ത് ഉണ്ടാവും.. അതിലും കഷ്ടമെന്തെന്ന് വെച്ചാൽ ഓരോ വരവിനും പോക്കിനും മുഖത്ത് ഒരു പുച്ഛചിരി ഉണ്ടാവും.. അല്ലെങ്കിൽ എന്തെങ്കിലും പറയും.. ശരിക്കും പറഞ്ഞാൽ മടുത്തു ഇവിടെ.. കരഞ്ഞിരിക്കുന്ന സ്വഭാവം പണ്ടേയില്ല.. അതിനും മാത്രം ആരും ഇന്നേവരെ വിഷമിപ്പിച്ചിട്ടില്ല.. ഇപ്പോ വേദന ഉണ്ടെങ്കിലും പുറത്തു കാണിക്കാറില്ല.. അതാവും വിഷ്ണുവിനെ ചൊടിപ്പിക്കുന്നതും.. വിഷ്ണു പുറത്തു പോയി എന്ന് ഉറപ്പു വന്നപ്പോൾ ബാഗും സാധനങ്ങളും അപ്പുറത്തെ മുറിയിലേക്ക് ഷിഫ്റ്റ്‌ ചെയ്തു.. അയാൾക്ക് പുച്ഛിക്കാനുള്ള ഓരോ അവസരവും ഒഴിവാക്കണം എന്ന ലക്ഷ്യത്തോടെ .. കുറച്ചു സ്വാതന്ത്ര്യം കിട്ടുമല്ലോ.. ഭക്ഷണം കഴിക്കുമ്പോൾ മാത്രം കാണുന്ന രണ്ട് മുഖങ്ങൾ മാത്രമായി പദ്മയ്ക്ക് ഹരിയും വിഷ്ണുവും.. വിഷ്ണുവിന്റെ റൂമിൽ നിന്നും പദ്മ ഒഴിവായി തന്നത് ആശ്വാസം ആയീന്നു അയാൾ പറയാതെ പറയുന്നുണ്ടായിരുന്നു..

എങ്ങോട്ടാ എന്റെയീ ജീവിതം പൊയ്ക്കൊണ്ടിരിക്കുന്നത്… ഇത് എത്ര നാൾ മൂടിവയ്ക്കാനാവും മറ്റുള്ളവരോട്.. അന്യയായ ഒരു പെണ്ണ് ആയിരുന്നു വിഷ്ണുവിന്റെ മനസ്സിൽ എങ്കിൽ തന്റെ നിരപരാധിത്വം പറയാൻ എങ്കിലും മുതിർന്നേനെ.. ഇത്രയും കേട്ടുകൊണ്ട് നിൽക്കുകയുമില്ലായിരുന്നു… ചിലപ്പോൾ കുറച്ചു സമയം കൊടുത്തേനെ താൻ… പക്ഷേ മനസ്സിൽ സ്വന്തം കൂടപ്പിറപ്പിനെ കൊണ്ടുനടക്കുന്ന ആളോട് എന്ത് പറയാനാ.. വിഷ്ണു ഉള്ളിലുള്ളത് മുഴുവൻ പറഞ്ഞു കഴിഞ്ഞപ്പോൾ മുതൽ താനയാളെ ഒഴിവാക്കി നടക്കുകയാണ്… ഈ ജീവിതം എന്തായാലും ഞാൻ ആഗ്രഹിക്കുന്നില്ല.. പക്ഷേ എങ്ങനെ ഒഴിവാക്കും… എന്താ ഞാൻ ചെയ്യേണ്ടത്… വിഷ്ണു പറഞ്ഞത് പോലെ ഈ കുരുക്ക് അഴിക്കേണ്ടത് താൻ ആണ്…. മറ്റാരേക്കാളും ആവശ്യവും ഇപ്പോൾ തനിക്കാണ്….

കുറച്ചു ദിവസമായി അമ്മ പറയുന്നു വിരുന്നു പോകാൻ… കുറേ അടുത്ത ബന്ധുക്കൾ വിളിച്ചു ക്ഷണിച്ചു പോലും.. വരില്ലെന്ന് എങ്ങനെ പറയാനാവും..

ആ ഇനി അതിന്റെ ഒരു കുറവ് കൂടിയേ ഉള്ളൂ… ഒരു ദിവസം എല്ലാവർക്കും മുന്നിൽ കോലം കെട്ടി ആടിയില്ലേ ഞാൻ.. നിങ്ങളുടെ ഒക്കെ നിർബന്ധം കാരണം… ഇനി അങ്ങനെ നിൽക്കാൻ എന്നെക്കൊണ്ട് ആവില്ല.. കുറച്ചു നാണോം മാനോം ബാക്കിയുണ്ടെന്ന് വെച്ചോ…

എങ്കിൽ പദ്മയുടെ വീട്ടിൽ എങ്കിലും പോയിട്ടു വാ… അവൾക്കും പോകണം എന്ന് ആഗ്രഹം ഉണ്ടാവില്ലേ…അമ്മ ദേഷ്യത്തിൽ പറഞ്ഞു..

അങ്ങനെ ആഗ്രഹം ഉള്ളവർക്ക് പോകാം.. ഞാൻ പിടിച്ചു വെച്ചിട്ടില്ല.. എന്നെ പ്രതീക്ഷിച്ചു ആരും നിൽക്കണ്ട.. ഞാൻ ഇവിടുന്ന് എവിടെയ്ക്കും വരാൻ ഉദ്ദേശിക്കുന്നില്ല…. ഇരിക്കുന്ന കസേര പിറകിലേക്ക് തള്ളി മാറ്റി ദേഷ്യത്തിൽ നടന്നു..

പദ്മയ്ക്ക് ഇത് പുതുമയായിട്ട് തോന്നിയില്ലെങ്കിലും ബാക്കി മൂന്നാളും വിഷ്ണു പറഞ്ഞതിന്റെ ഞെട്ടലിൽ ആണ്.. അവർ പദ്മയെ നോക്കി. യാതൊരു ഭാവഭേദവും ആ മുഖത്തില്ല…

അച്ഛന് ചെക് അപ്പിന് ഉള്ള ദിവസം വിഷ്ണു അവരെ കൂട്ടി ഹോസ്പിറ്റലിൽ പോയി.. എല്ലാ മാസവും ഉള്ളതാണ്… പദ്മ മുറിയിൽ ബുക്സ് ഒക്കെ ഒന്ന് തുറന്നു നോക്കുന്ന സമയത്താണ് ഹരി വന്നത്.. ആളെ ഒന്ന് നോക്കിയിട്ട് തിരിഞ്ഞു നിന്നു..

എനിക്കൊന്ന് സംസാരിക്കണം.. പദ്മ ആയിട്ട് നിന്ന് തരില്ലെന്ന് തോന്നി.. അതാണ് ഞാൻ മുൻകൈ എടുത്തത്… എന്തായാലും ഞാനിന്ന് പറഞ്ഞിട്ടേ പോകൂ… അന്ന് ഞാൻ അങ്ങനെ ചെയ്തതിൽ എനിക്ക് കുറ്റബോധം ഒന്നും ഇല്ല.. ചതിച്ചത് ഹിമ ആണോ പദ്മ ആണോ അതോ വീട്ടുകാർ മൊത്തത്തിൽ ആണോന്ന് എനിക്കറിയില്ല….

പദ്മ ഹരിയെ ദഹിപ്പിക്കും രീതിയിൽ ഒന്ന് നോക്കി… വീട്ടുകാരെ പറഞ്ഞത് ഇഷ്ടമായില്ലെന്ന് ആ നോട്ടത്തിൽ ഉണ്ടായിരുന്നു… ഇനി പറയരുതെന്നും…

നോക്കി പേടിപ്പിച്ചിട്ട് കാര്യമില്ല പദ്മ… ഒരു കാര്യവും ഇല്ലാതെയല്ല ഞാനീ പറയുന്നത്.. താനിതൊന്ന് വായിച്ചു നോക്ക്… അന്ന് കല്യാണദിവസം രാവിലെ ഒരാൾ ഇവിടെ കൊണ്ട് എല്പിച്ചതാണ്… ഏട്ടന്റെ കയ്യിൽ ഏല്പിക്കണം എന്നു പറഞ്ഞ്..

ഹരി നീട്ടിയ പേപ്പർ വാങ്ങാൻ പദ്മ ഒന്നു മടിച്ചു… വീണ്ടും നീട്ടിയപ്പോൾ മടിച്ചു വാങ്ങി തുറന്നു വായിച്ചു..

വിഷ്ണുവേട്ടന്..
മുഖവുര ഇല്ല… ഇപ്പോളും ഞാൻ ചെയ്യുന്നത് ശരിയാണെന്നു തന്നെയാണ് എന്റെ മനസ്സ് പറയുന്നത്… വിഷ്ണുവേട്ടനെ സ്നേഹിക്കുന്ന അത്രയും ഞാൻ ഈ ജോബിനെയും ഇഷ്ടപ്പെടുന്നുണ്ട്… എന്റെ ഇഷ്ടം അച്ഛനും കൂടെയുള്ള മറ്റാർക്കും മനസ്സിലായില്ലെങ്കിലും നിങ്ങൾക്ക് മനസ്സിലാകുമെന്ന് വിശ്വസിച്ചു.. പക്ഷേ നിങ്ങളും ജാതകത്തിന്റെയും ചീപ് സെന്റിമെൻസിന്റെയും അകത്താണ് ജീവിക്കുന്നത്.. അച്ഛനും അമ്മയ്ക്കും ഒപ്പം ജീവിക്കണം എന്ന് പറയാൻ തന്നെ അവർക്ക് അവകാശമില്ല … നമുക്കും നമ്മുടേതായ ഇഷ്ടങ്ങൾ ഒക്കെ ഇല്ലേ.. അതൊക്കെ അവരുടെ ബാലിശമായ നിർബന്ധങ്ങൾക്ക് വേണ്ടി വേണ്ടാന്ന് വെയ്ക്കാൻ ചിലപ്പോൾ വിഷ്ണുവേട്ടന് സാധിക്കുമായിരിക്കും.. പക്ഷേ എന്നെക്കൊണ്ടാവില്ല.. ഏട്ടൻ ഉൾപ്പെടെ ആരും എന്നെ മനസ്സിലാക്കില്ല എന്നു തോന്നിയത് കൊണ്ടാണ് ഈ ദിവസം തന്നെ എനിക്കിത് തിരഞ്ഞെടുക്കേണ്ടി വന്നത്.. എനിക്ക് വേണ്ടി കാത്തിരിക്കും എന്നെനിക്കറിയാം.. എനിക്ക് വേണ്ടി അച്ഛനോടും അമ്മയോടും പൊരുതും എന്നും അറിയാം.. എന്റെ സ്നേഹം കളവായിരുന്നില്ല… ഞാൻ വിഷ്ണുവേട്ടന്റെ അരികിൽ വരും.. ഹിമയുടെ വാക്കാണ്.. കാത്തിരിക്കുമെന്ന് വിശ്വസിക്കുന്നു…

പദ്മയുടെ കല്യാണം ഞാൻ കാരണം മുടങ്ങരുത്.. ഇപ്പോൾ മറ്റാരേക്കാളും എനിക്ക് എന്റെ ലക്ഷ്യമാണ് വലുത് …
സ്നേഹത്തോടെ
വിഷ്ണുവേട്ടന്റെ സ്വന്തം ഹിമ..

പദ്മ വായിക്കുന്നതും ശ്രദ്ധിച്ച് അവളുടെ മുഖത്തേക്ക് നോക്കി നിൽക്കുകയാണ് ഹരി .. പ്രത്യേകിച്ച് ഒന്നും കാണാനായില്ല ആ മുഖത്ത്….ഒന്നും.. ഇത് പ്രതീക്ഷിച്ചിരുന്നു എന്നതായിരുന്നു അവളുടെ മുഖത്തെ ഭാവം.. അപ്പോൾ ഇവൾ കൂടി അറിഞ്ഞിട്ടാണോ ഹിമ പോയത്.. ചേച്ചിയും അനുജത്തിയും കൂടി ചതിച്ചതാണോ സ്വന്തം കുടുംബത്തെയും ഞങ്ങളെയും.. ഹരി ചിന്തിച്ചു…

എനിക്ക് അറിയണം പദ്മയ്ക്കും ഇതിൽ പങ്കുണ്ടോ എന്ന് .. താനും കൂടി അറിഞ്ഞോണ്ടാണോ ഇത്… ഹരി ചോദിച്ചതിന് മറുപടി ഒരു നോട്ടം മാത്രമായിരുന്നു….

ഞങ്ങളുടെ കുടുംബത്തിന് മുഴുവൻ നാണക്കേട് വരുത്തി വെച്ചു എന്നത് പോട്ടേ… സ്വന്തം ഇഷ്ടത്തിന് വേണ്ടി ചുറ്റും ഉള്ളവരുടെ വേദന കാണാതെ പോയ അവർക്ക് വേണ്ടി എന്റെ ഏട്ടന്റെ ജീവിതം കളയണോ…. ഏട്ടൻ ഇനിയൊരു ജീവിതം തിരഞ്ഞെടുക്കില്ലെന്ന് ഉറപ്പുള്ളോണ്ട് അല്ലേ അവരീ ചതി ഏട്ടനോട് ചെയ്തത്.. എന്നിട്ട് കാത്തിരിക്കണം പോലും… ഇവിടെ നിന്നും ഇറങ്ങും മുന്നേ ഞാൻ എടുത്ത തീരുമാനം ആണ് അവർക്ക് ഞാൻ ഏട്ടനെ കൊടുക്കില്ലെന്ന്… അവരുടെ കൂടെ ജീവിക്കാൻ തുടങ്ങിയാൽ ഏട്ടനെ ഈ വീട്ടിൽ നിന്നും അവർ അകറ്റും.. എന്റെ അച്ഛനും അമ്മയും ഒരുപാട് വിഷമിക്കേണ്ടി വരും .. അല്ലെങ്കിലും ഒന്നോർത്തു നോക്കു, സ്വന്തം അച്ഛന്റെയും അമ്മയുടെയും തല കുനിയുന്നത് പോട്ടേ.. അനുജത്തിയുടെ വിവാഹം കൂടി ആണ് തകരുന്നത് എന്ന് അറിഞ്ഞുകൊണ്ടല്ലേ അവർ ഇങ്ങനെ ചെയ്തത്.. അത്രയും സെൽഫിഷ് അല്ലേ അവർ.. ഞാൻ പെട്ടെന്ന് എടുത്ത തീരുമാനം ആയിരുന്നില്ല പദ്മയെ ഏട്ടന് കൊടുക്കുക എന്നത്… ഈ ലെറ്റർ കിട്ടിയ സമയം മുതൽ ആ വിവാഹപ്പന്തലിൽ എത്തും വരെ തീരുമാനം എടുക്കാനുള്ള സമയം ഉണ്ടായിരുന്നു എനിക്ക്.. അലോചിച്ചെടുത്ത തീരുമാനം ആണ്.. പദ്മയെപ്പോലെ ഒരാളെ ആണ് എന്റെ ഏട്ടന് വേണ്ടത്.. ചുറ്റും ഉള്ള എല്ലാവരെയും സ്നേഹിക്കുകയും പരിഗണിക്കുകയും ചെയ്യുന്ന ഒരാൾ… ഞാൻ അത് കല്യാണത്തിന് മുൻപുള്ള ദിവസങ്ങൾ കൊണ്ടു മനസ്സിലാക്കിയതാണ്.. തന്റെ സ്വഭാവം എനിക്ക് ഇഷ്ടമായിരുന്നു… കല്യാണം കഴിഞ്ഞ് സ്നേഹം കൊണ്ടു മൂടണം എന്നൊക്കെ മനസ്സിൽ ഒരുപാട് പ്ലാൻ ഉണ്ടായിരുന്നു എനിക്ക്.. എന്റെ നഷ്ടം.. അത് ഞാൻ മാത്രം സഹിച്ചാൽ പോരേ.. രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല… എന്റെ ജീവിതത്തേക്കാൾ എനിക്ക് വലുത് എന്റെ ഏട്ടന്റെ ജീവിതം ആയിരുന്നു …ഹരി പറഞ്ഞു നിർത്തി..

ഇത് തന്നെ അല്ലേ എന്റെ ചേച്ചിയും ചെയ്തുള്ളൂ.. അതിന് അവളെ കുറ്റം പറയേണ്ട കാര്യം ഇല്ല… മറ്റാരേക്കാളും വലുത് അവൾക്ക് അവളുടെ ഇഷ്ടങ്ങളാണ്.. അതിനു മറ്റാരുടെയെങ്കിലും മനസ്സ് വിഷമിക്കുവോന്ന് അവൾ ചിന്തിച്ചില്ല… നിങ്ങൾ ചെയ്തതും അത് തന്നെ അല്ലേ.. നിങ്ങൾക്ക് ശരിയെന്നു തോന്നിയത് മറ്റാരോടും അഭിപ്രായം ചോദിക്കാതെ ചെയ്തു… പദ്മ മനസ്സിൽ പറഞ്ഞതാണെന്ന് മാത്രം .. പുറത്തേക്ക് ശബ്ദം വന്നിട്ട് കുറച്ചു ദിവസങ്ങൾ ആയി…

ഞാൻ ഒരു വാക്കു കൊണ്ടു പോലും പദ്മയെ കളങ്കപ്പെടുത്തിയിട്ടില്ല അതുകൊണ്ട് തന്നെ എന്റെ ഏട്ടന്റെ മുഖത്തു നോക്കി പദ്മയെ സ്വീകരിക്കണം എന്നു പറയാൻ ഒരു മടിയും ഉണ്ടായിരുന്നില്ല … ഇങ്ങനെ വിഷമിച്ചിരിക്കേണ്ട ആവശ്യം ഉണ്ടോ.. നിങ്ങൾ രണ്ടാളും രണ്ട് മുറികളിൽ കഴിയുന്നത് ശരിയാണോ… എന്റെ ഏട്ടൻ ഒരു പാവമാണ് പദ്മ .. രണ്ടാൾക്കും ക്ഷമിച്ചു പൊറുത്തു ജീവിച്ചു കൂടെ…

മനസ്സിൽ പറയാതെ ഇരിക്കാൻ വയ്യ ….അനിയൻ പൊട്ടൻ…… ഈശ്വരാ വീട്ടിലെ ഇളയ കുട്ടികൾ എല്ലാം ഇത്രയ്ക്ക് ബോധം ഇല്ലാത്തവരാണോ…. താനുൾപ്പെടെ….. ചേട്ടന്റെ മനസ്സിലിരിപ്പ് അറിയാതെയാ അനിയൻ ജീവിതം ഉണ്ടാക്കി കൊടുത്തത്… സ്വന്തം ജീവിതം ചേട്ടന് കൊടുത്തതിൽ അഭിമാനം കൊള്ളുന്ന അനിയൻ … കഷ്ടം….. എന്നിട്ടത് എന്നോട് പറഞ്ഞു പുളകിതനാകുന്നു…. പദ്മയുടെ ഉള്ളിൽ നിന്നും ഒരു ചിരി പുറത്തേക്ക് ചാടി.. പിന്നെ അതൊരു പൊട്ടിച്ചിരിയായി മാറി… ഉള്ളിൽ ആരോടോ ഉള്ള ദേഷ്യം ഒക്കെയും ചിരിയുടെ രൂപത്തിൽ വെളിയിൽ വന്നു…. പദ്മയുടെ ചിരി കണ്ടപ്പോൾ ആദ്യം ഒന്ന് അമ്പരന്നുവെങ്കിലും പിന്നീട് ഹരിയ്ക്ക് ദേഷ്യം വന്നു.. പദ്മ തന്നെ കളിയാക്കും പോലെ തോന്നി…. ദേഷ്യം സ്വയം നിയന്ത്രിക്കുമ്പോൾ പിന്നിൽ ആരോ നിൽക്കും പോലെ തോന്നി….. ഏട്ടൻ… പദ്മയുടെ ചിരി കേട്ടപ്പോൾ വന്നതാവും…. വിഷ്ണുവിനെ കണ്ടപ്പോൾ പദ്മ ചിരി നിയന്ത്രിച്ചു… അവളുടെ കയ്യിലിരിക്കുന്ന പേപ്പറിലേക്കായി നോട്ടം.. അടുത്തേക്ക് വന്നു അത് തട്ടിപ്പറിച്ചു വായിച്ചു മുഖത്ത് സന്തോഷം പോലെ എന്തോ ഒന്ന് തെളിഞ്ഞു… പിന്നെ പതിയെ ആ ഭാവം ദേഷ്യത്തിലേക്ക് മാറുന്നത് പദ്മ കണ്ടു… തന്നെ ദേഷ്യത്തിൽ നോക്കുന്നതു കണ്ടു പെട്ടെന്ന് മുഖത്ത് എന്തോ ഒന്ന് ശക്തിയിൽ വന്നടിച്ചു… മേശമേലേയ്ക്ക് കൈകുത്തി നിന്നുപോയി… കുറച്ചു നേരത്തേക്ക് കണ്ണു തുറക്കാനോ നേരെ നിൽക്കാനോ അവൾക്ക് ആയില്ല… വായിൽ ചോരയുടെ രുചി നിറഞ്ഞു…. കൺകോണിൽ വേദനിച്ചിട്ട് ചോര പൊടിയുന്ന പോലെ ഒക്കെ തോന്നി… കണ്ണു തുറന്നപ്പോൾ കണ്ടു ദേഷ്യത്തിൽ നിൽക്കുന്ന വിഷ്ണുവിനെ… തൊട്ടടുത്ത് ഞെട്ടി നിൽക്കുന്ന ഹരിയെയും…. എന്തിനാണ് വിഷ്ണു അടിച്ചതെന്ന് അറിയാതെ ഹരിയും പദ്മയും വിഷ്ണുവിനെ നോക്കി….

ഇത് നിന്റെ കയ്യിൽ വെച്ചിട്ട് എന്തുകൊണ്ട് എനിക്ക് തന്നില്ല… നാണമില്ലേ നിനക്ക് എല്ലാം അറിഞ്ഞു വെച്ചിട്ടും എന്റെ ജീവിതത്തിലേക്ക് കടന്നു കയറാൻ…… ഇത്രയും തരംതാണവൾ ആണല്ലോ ഹിമയുടെ അനിയത്തി എന്ന് ഓർക്കുമ്പോൾ…… ശ്ശേ…..

ഏട്ടാ…… ഏട്ടൻ എന്തറിഞ്ഞിട്ടാ ഇങ്ങനെ കിടന്നു ദേഷ്യപ്പെടുന്നത്.. എന്തിനാ ഇപ്പോ പദ്മയെ അടിച്ചത്… അതിനുള്ള അധികാരം ഏട്ടന് ആരാ തന്നത്…..ഹരി ദേഷ്യത്തിൽ നടുക്ക് കയറി നിന്നു ചോദിച്ചു

നീ മിണ്ടരുത് ഹരീ… നിനക്ക് ഇവളെക്കുറിച്ച് ഒന്നും അറിയില്ല….. ഇവൾക്ക്… ഇവൾക്ക് എല്ലാം അറിയാമായിരുന്നു ഞാനും ഹിമയും തമ്മിലുള്ള ഇഷ്ടം….. എന്നോട് പറഞ്ഞതാടാ… എന്നിട്ടും ഇവൾ കല്യാണത്തിന് സമ്മതിച്ചെങ്കിൽ ഇവളുടെ മനസ്സിൽ എത്ര വിഷം ഉണ്ടെന്ന് ഒന്നോർത്തു നോക്കിക്കേ…………. വിഷ്ണു ദേഷ്യത്തിൽ പറയുന്നത് കേട്ടപ്പോൾ ഹരി പദ്മയെ ഒന്ന് നോക്കി.. കണ്ണ് നിറഞ്ഞു നിൽക്കുന്നുണ്ട് പക്ഷേ പുറത്തേക്കൊഴുകാൻ അവളുടെ സമ്മതം വേണമെന്ന രീതിയിൽ… ചുണ്ട് പൊട്ടി ചോര കട്ട പിടിച്ചു കിടക്കുന്നു… കണ്ണിന് ഉള്ളിൽ ചുമന്നു കിടക്കുന്നു… അവളുടെ നിൽപ്പ് കണ്ടപ്പോൾ വല്ലാത്തൊരു അലിവ് തോന്നിപ്പോയി ഹരിക്ക്… ഒന്ന് ആശ്വസിപ്പിക്കാൻ അടുത്തു ചേർത്തു നിർത്തി സാരമില്ലെന്ന് പറയാൻ ഒക്കെയും മനസ്സ് കൊതിച്ചു…

ഏട്ടൻ തെറ്റിദ്ധരിച്ചതാണ് പദ്മയെ…. ആ കത്ത് കിട്ടിയത് പദ്മയ്ക്ക് അല്ല…… ഹരി പറയുന്നത് മുഴുമിപ്പിക്കാൻ സമ്മതിക്കാതെ വിഷ്ണു കൈ വെച്ചു തടഞ്ഞു…

നീയൊന്നും പറയണ്ട ഹരീ… എനിക്ക് അറിയാം എല്ലാം.. ഇവളെ രക്ഷിക്കാൻ വേണ്ടി നീ പുതിയതൊന്നും കെട്ടി ചമയ്ക്കണ്ട…. എനിക്ക് ഇവളെ ഭാര്യ പോയിട്ടു ഹിമയുടെ അനിയത്തി എന്ന രീതിയിൽ പോലും കാണാൻ സാധിക്കുന്നില്ല…. എല്ലാം ഞാൻ തുറന്നു പറഞ്ഞിട്ടും ഇവിടെ കടിച്ചു തൂങ്ങി കിടക്കുകയാണ്….

ഏട്ടന്റെ വായ വിട്ടു ദുഷിച്ച വാക്കുകൾ പുറത്തേക്ക് ചാടുമെന്ന് മനസ്സിലായപ്പോൾ ഹരി വിഷ്ണുവിനെ ദേഷ്യത്തിൽ പിടിച്ചു വലിച്ചു മുറിയിൽ നിന്നും കൊണ്ടുപോയി… ഇനി എന്തു പറഞ്ഞാലും ഏട്ടന്റെ ദേഷ്യത്തിന് കുറവുണ്ടാകില്ലെന്ന് ഹരിയ്ക്ക് മനസ്സിലായി….പോയപ്പോൾ ഒന്ന് പദ്മയെ നോക്കി… മുഖം കുനിച്ചു നിൽക്കുകയാണ്… വല്ലാത്തൊരു വിങ്ങൽ ഹരിയുടെ ഉള്ളിൽ കിടന്നു പുകഞ്ഞു…. പോകുന്ന പോക്കിലും വിഷ്ണു പദ്മയെ ദേഷ്യത്തിൽ നോക്കുന്നുണ്ടായിരുന്നു… തന്നെ ഹിമയിൽ നിന്നും അകറ്റിയവൾ എന്നൊരു അർത്ഥം മാത്രേ അതിൽ ഉണ്ടായിരുന്നുള്ളു…

ഓടി വരും…