രചന – അഞ്ജു തങ്കച്ചൻ
അയാളുടെ മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ മിന്നി മറയുന്നുണ്ടായിരുന്നു.
അയാൾ കീർത്തിയുടെ മുഖത്തേക്ക് നോക്കി,
നിന്റ അമ്മയുടെ സ്വഭാവം വല്ലതും നീ ഇവിടെ
എടുക്കാൻ നിന്നാൽ..,.. എന്റെ ചെറുക്കനെ എങ്ങാനും ചതിക്കാൻ നോക്കിയാൽ, നിന്നെ ഞാൻ വച്ചേക്കില്ല. ഗിരി അവളുടെ നേരെ കൈവിരൽ ചൂണ്ടി.
അയാളുടെ വിരലുകൾ ദേഷ്യം കൊണ്ട് വിറക്കുന്നുണ്ട്.
മധു തിടുക്കത്തിൽ അയാളുടെ കൈയിൽ പിടിച്ചു ബലമായി അയാളെ മുറിയിലേക്ക് കൊണ്ടുപോയി.
എന്താടാ നീ ഇങ്ങനെ??
ആ കൊച്ച് എന്ത് തെറ്റ് ചെയ്തു?
നിനക്ക് അറിയാവുന്നതല്ലേ മധു എല്ലാം, എന്നിട്ടും ഇങ്ങനെ ചോദിക്കുമ്പോഴാ എനിക്ക് ദേഷ്യം വരുന്നത്. കഴിഞ്ഞതൊക്കെ മറക്കാൻ എനിക്കീ ജന്മത്തിൽ കഴിയുമോടാ?
മറക്കണം, മറന്നേ പറ്റൂ… നിനക്കതിനു കഴിയണം ഗിരി.
ഇപ്പോൾ നീയിത്തിരി വിശ്രമിക്ക്, സാവധാനം നമുക്കെല്ലാം സംസാരിക്കാം.
മധു പുറത്തേക്കിറങ്ങി.
കീർത്തി നിലവിളക്ക് പൂജാമുറിയിൽ കൊണ്ട് വച്ചു.
എത്ര പ്രതീക്ഷയോടെ, എത്രയോ സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയാണ് ഇന്ന് അമ്പലത്തിലേക്ക് വന്നത്. ദേവദത്തിന്റെ അച്ഛൻ എത്ര സ്നേഹത്തോടെയാണ് ഇത്ര ദിവസവും ഫോണിൽ സംസാരിച്ചത്.എല്ലാം കീഴ്മേൽ മറിഞ്ഞിരിക്കുന്നു.
ഇപ്പോൾ ഏതോ ശത്രുവിനെ പോലെയാണ് തന്നെ കാണുന്നത്.
ഇതിനും മാത്രം എന്ത് പ്രശ്നമാണ് തന്റെ അമ്മയുമായി ദേവദത്തിന്റെ അച്ഛന് ഉണ്ടായത്??
കീർത്തി… ദേവദത്ത് അവളുടെ കരം പിടിച്ചു.
താനിപ്പോൾ ഒന്നും ആലോചിച്ചു വിഷമിക്കണ്ട.
എന്നാലും എന്റെ മനസാകെ തകർന്നു പോയി ദേവാ…
അമ്മയുടെ കരയുന്ന മുഖം മനസ്സിൽ നിന്നും മായുന്നില്ല.
രണ്ടു ദിവസം കഴിയട്ടെ നമുക്ക് അമ്മയോട് തന്നെ കാര്യങ്ങൾ ഒക്കെ ചോദിക്കാം.
വേണ്ട… ഇനിയും എന്റെ അമ്മയെ കരയിക്കാൻ ഞാൻ സമ്മതിക്കില്ല ദേവാ.
അച്ഛനല്ലേ ദേഷ്യം മുഴുവനും, അച്ഛൻ തന്നെ നമ്മളോട് എല്ലാം പറയട്ടെ..
ഉം..
താനിപ്പോൾ പോയി ഈ ഡ്രസ്സ് ഒക്കെ മാറ്റ്.
വിഷമിക്കണ്ട,എല്ലാം ശരിയാകും. ഞാനൊന്ന് മധു അങ്കിളിന്റെ കൂടെ പുറത്തേക്ക് ചെല്ലട്ടെ
ശരി..
കീർത്തി മുറിയിലേക്ക് പോയി. ആഭരണങ്ങളും, സാരിയും മാറ്റി.
വല്ലാത്ത ചൂട്..ഒന്ന് കുളിച്ചപ്പോഴേക്കും അവൾക്കൽപ്പം ആശ്വാസം തോന്നി.
ആകെയൊരു മൂകത വീട്ടിൽ നിറഞ്ഞ് നിൽക്കുന്നു.
കല്യാണം ആകെ അലങ്കോലമായതു കൊണ്ടാകും ബന്ധുക്കൾ വീട്ടിലേക്കു വരാത്തത്.
ഫോട്ടോ എടുപ്പും,സദ്യയും കഴിഞ്ഞതും മിക്കവരും പിരിഞ്ഞു.
അല്ലായിരുന്നുവെങ്കിൽ എത്ര ബന്ധുക്കൾ ഉണ്ടാകുമായിരുന്നു ഇവിടെ. ഇപ്പോൾ ആരുമില്ലാതെ…
അവൾക്ക് വല്ലാത്ത സങ്കടം തോന്നി.
നെഞ്ചിൽ എന്തോ ഭാരം എടുത്തു വച്ചതുപോലെ…
ഒറ്റ ദിവസം കൊണ്ട് എല്ലാരും, എന്തോ കുറ്റം ചെയ്ത മട്ടിൽ അമ്മയെയും എന്നേയും നോക്കിയ ആ നോട്ടം… ഓഹ്…. ആലോചിക്കാൻ വയ്യ..
അവൾ മുറിയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. അച്ഛന്റെ മുറിയുടെ വാതിൽ അടഞ്ഞാണ് കിടക്കുന്നത്.
തന്നെ കണ്ടാൽ അച്ഛൻ ഇനിയും തന്നോട് ദേഷ്യപ്പെടുമോ ആവോ??
ദേവദത്ത് ഒന്ന് വന്നിരുന്നെങ്കിൽ…
നല്ല വിശപ്പും തോന്നുന്നുണ്ട്. വിവാഹസദ്യ കഴിക്കാൻ ഇരുന്നിട്ടും തൊണ്ടയിൽ നിന്നും അൽപ്പം പോലും ഇറങ്ങിയിരുന്നില്ല ….രാവിലെ അമ്മ നിർബന്ധിച്ചു ഒരു ഗ്ലാസ്സ് പാല് കുടിപ്പിച്ചിരുന്നു.
പിന്നെ ഒരുക്കാൻ ആൾ വന്നപ്പോൾ അതിന് ഇരുന്നു കൊടുത്തു…
അതൊക്കെ കഴിഞ്ഞപ്പോഴേക്കും അമ്പലത്തിലേക്ക് പുറപ്പെടാനുള്ള സമയമായെന്നു പറഞ്ഞുള്ള ബഹളം….
ഇപ്പോൾ വിശന്നിട്ടാകും വയറ്റിൽ നിന്നും ഒരു മൂളൽ കേൾക്കുന്നുണ്ട്..
അവൾ അടുക്കളയിലേക്ക് ചെന്നു.
ഒരു പാത്രത്തിൽ കുറേ ചിക്കൻ കറി ഇരിപ്പുണ്ട്. ഇന്നലത്തെ ആഘോഷത്തിന്റെ ബാക്കി ആണെന്ന് തോന്നുന്നു…
വേറെ ഒന്നും ഇരിക്കുന്നില്ല.
അവൾ അവിടെ ആകെ നോക്കി. തൊട്ടടുത്തുള്ള സ്റ്റോർ റൂമിൽ വലിയൊരു ചാക്കിൽ അരി ഇരിപ്പുണ്ട്. അവൾ കുറച്ചെടുത്തു കഴുകി.
അടുക്കളയിൽ വച്ചിരിക്കുന്ന ചെറിയൊരു കലത്തിൽ വെള്ളം എടുത്ത്, സ്റ്റവ് ഓണാക്കി കലം വച്ചു,അതിലേക്ക് കഴുകിയ അരി ഇട്ടു.
ചിക്കൻ കറി കേടായിട്ടൊന്നും ഇല്ല അതെടുത്തുചൂടാക്കി വച്ചു.
അവൾ ഫ്രിഡ്ജ് തുറന്നു നോക്കി.കുറേ ബിയർകുപ്പികൾ അടുക്കി വച്ചിട്ടുണ്ട്.
ഒരു പാത്രത്തിൽ മുന്തിരി ഇരിപ്പുണ്ട്.അവൾ അതിൽ നിന്നും കുറച്ചെടുത്തു കഴുകി.തല്ക്കാലം വിശപ്പ് മാറ്റാൻ ഇത് മതി.
അല്ലെങ്കിലും എന്തെങ്കിലും വിശപ്പിന് കഴിക്കണം എന്നേയുള്ളൂ… ഭക്ഷണകാര്യത്തിൽ ഒരു നിർബന്ധവും തനിക്കില്ല.
കഴിക്കാൻ തുടങ്ങിയപ്പോഴാണ് അച്ഛൻ വാതിൽ തുറക്കുന്ന ശബ്‌ദം അവൾ കേട്ടത്..
എന്തോ പെട്ടന്ന് ഒരു ഭയം ഉള്ളിൽ നിറയുന്നത് പോലെ
അവൾ പതിയെ എഴുന്നേറ്റു …
********
തുടരും