രചന – ആതിര
വൈകിട്ട് വീട്ടിലേക്ക് വന്നതാണ് ശ്രീരാഗ്..കരയുന്ന കുഞ്ഞിന്റെ ശബ്ദമാണ് അവനെ വരവേറ്റത്..സംശയത്താൽ അവന്റെ നെറ്റി ചുളിഞ്ഞു.. “ഒന്നും ഇല്ലടാ.. അഹ് പോട്ടെ.. പോട്ടെ.. വാവോ… ഓ.. ഓ.. ഒന്ന് ഇല്ല.. കരയല്ലേടാ പൊന്നേ..” കരയുന്ന കുഞ്ഞിനെ കയ്യിലെടുത്ത് കരച്ചിലടക്കുകയാണ് ചാരൂ.. തിരിഞ്ഞതും വാതിലിൽ നിന്ന ശ്രീരാഗിനെ കണ്ടവൾ തറഞ്ഞ് നിന്നു.. ഒരിക്കൽ കാണാൻ മോഹിച്ച് നടന്ന മുഖമാണ്.. ആരോടും പറയാതെ നെഞ്ചിൽ ഒളിപ്പിച്ച മോഹമായിരുന്നു..ഒടുക്കം വ്യാമോഹമാണെന്ന് മനസ്സിലായപ്പോഴേക്കും മറന്നതാണ്. ഇപ്പോൾ അതൊന്നും ഓർക്കാൻ കൂടി അനുവാദമില്ലാതെ വെറുക്കപ്പെട്ടവളായിക്കാണില്ലേ ഞാൻ.. കുഞ്ഞ് ചിണുങ്ങിയപ്പോഴാണ് അത്രയും നേരം താൻ മറ്റേതോ ലോകത്തിലായിരുന്നെന്ന് ചാരുവിന് മനസ്സിലായത്..ആ നേരമത്രയും ശ്രീരാഗ് വാതിൽക്കൽ ചാരുവിനെയും കുഞ്ഞിനേയും മനസ്സിലാകാത്ത പോലെ നോക്കി നിന്നു..
“ആരാ. മനസ്സിലായില്ല..യദു എവിടെ ??…!!” ചാരൂ ഒന്നും പറയാതെ തലയും കുനിച്ചു നിന്നു.. അവളിൽ നിന്നും മറുപടി ഒന്നും ലഭിക്കാതെ വന്നതും ശ്രീരാഗ് രാധികയെ കാണാൻ അടുക്കളയിലേയ്ക്ക് ചെന്നു.. അവൻ ചെല്ലുമ്പോൾ സ്റ്റവ്വിൽ തിളപ്പിക്കാൻ വെച്ച പാൽ തിളച്ച് തൂവി പോകുന്നതാണ് കണ്ടത്.. അവൻ വേഗം തന്നെ ഗ്യാസ് ഓഫ് ചെയ്തു.. രാധിക അടുക്കളയുടെ പുറത്തോട്ടുള്ള വാതിലിൽ തിരിഞ്ഞ് നിൽക്കുകയാണ്.. ഇടക്കിടക്ക് സാരിത്തുമ്പാലെ മൂക്ക് പിഴിയുന്നുണ്ട്..ശ്രീരാഗ് വന്നതോ പാല് തിളച്ച് തൂവിയതോ ഒന്നും അറിഞ്ഞിട്ടില്ലെന്ന് വ്യക്തം.. “അമ്മേ…” ശ്രീരാഗ് പുറകിൽ ചെന്ന് അവരുടെ തോളിൽ കൈവെച്ചു. “അമ്മ കരയുവാണോ.. എന്ത് പറ്റിയമ്മേ.. യദു വന്നിട്ടെന്തിയെ..?? ആരാമ്മേ ആ പെങ്കൊച്ചും കുഞ്ഞും..അമ്മ കരച്ചിൽ നിർത്തി കാര്യം പറയ്..” അവനെ കണ്ടതും രാധികയുടെ കരച്ചിലിനാക്കാം കൂടി.. കരഞ്ഞുകൊണ്ട് തന്നെയയവർ കാര്യം മുഴുവനും പറഞ്ഞു.. ഭാഗിയെ പറ്റി ഓർത്തതും അവന്റെ മനസ്സ് പിടഞ്ഞു..
അവന്റെ മോശസമയത്ത് അവളായിരുന്നു ഒപ്പം..തന്നെയാ തനിച്ചിരിക്കാൻ അനുവദിക്കാതെ കൂടെ നിന്നവളാണ്..കൂടപ്പിറപ്പ് തന്നെയല്ലേ.. അവന്റെ സ്വന്തം പെങ്ങളല്ലേ.. “അമ്മ ഭാഗിയെ പിന്നെ പോയി കണ്ടില്ലേ..” യദുവിനോടുള്ള ദേഷ്യത്തേക്കാളും അന്നേരം അവനിൽ മുന്നിട്ട് നിന്നത് പെങ്ങളോടുള്ള കരുതൽ തന്നെയായിരുന്നു.. “മാലിനിയുടെയും വിനയൻചേട്ടന്റെയും മുന്നിൽ പോയി നിൽക്കാനുള്ള ത്രാണിയില്ല എനിക്കും നിന്റെ അച്ഛനും.. ഭാഗിമോളേ എന്ത് പറഞ്ഞാണ് ആശ്വപ്പിക്കുക..” “ഞാൻ പോയി കണ്ടിട്ട് വരാമ്മേ.. അത് കഴിഞ്ഞ് വേണം അവനെയും ആ പെണ്ണിനേയും കാണാൻ.. ന്റെ ഭാഗിമോളെ നോവിച്ചിട്ട് അവൻ ഒന്നും അറിയാത്ത പോലെ നിൽക്കുന്നോ..” ശ്രീരാഗ് ചെല്ലുമ്പോൾ മാലിനിയും വിനനയും ആകെ തകർന്നിരിക്കുകയാണ്.. “മാനിലിയമ്മേ..” “എന്തിനാ ശ്രീ വന്നത്..നീയും കൂടി എന്റെ മോളേ വിഷമിപ്പിക്കാനാണോ.. അതോ അനിയന് വക്കാലത്ത് പറയാൻ ആണോ.. വേണ്ട.. ഞങ്ങടെ കുഞ്ഞ് ഇനി ആർക്കും ശല്യമായി വരില്ല..
പേടിക്കണ്ട..” “എന്താ അമ്മേ ഇങ്ങനെയൊക്കെ.. യദു ചെയ്ത തെറ്റിനെ അത്ര ചെറുതായി കാണാനാവില്ലെനിക്ക്.. അതുപോലെ ഭാഗി ഇങ്ങനെ വിഷമിച്ചിരിക്കുന്നത് സഹിക്കില്ല.. അവളെ കുഞ്ഞിലേ മുതൽ ഈ കൈകളിൽ തന്നിട്ട് നിങ്ങളൊക്കെ പറഞ്ഞ ഒരു വാക്കുണ്ട്.. ഭാഗി എന്റെ പെങ്ങളൂട്ടിയാണെന്ന്.. ഇന്ന് വരെ അവൾ എനിക്ക് അങ്ങനെത്തന്നാ.. എനിക്കവളെ കാണണം..” “വന്നപ്പോൾ മുതൽ കയറിയതാ ആ മുറിയിൽ..മിണ്ടാതെ അനങ്ങാതെ ന്റെ കുഞ്ഞവിടെ..പേടിയാ മോനെ എന്തേലും ബുദ്ധിമോശം കാണിച്ചാലോന്ന്.. ” തുടർന്ന് പറയാനാവാതെ മാലിനി കരയാൻ തുടങ്ങി
ശ്രീരാഗ് ഭാഗിയുടെ മിറിയിലേയ്ക്ക് ചെന്നു.. ഇരുട്ട് മുറിയിൽ മുട്ട് കാലിൽ മുഖമമർത്തി ഇരിക്കുകയാണവൾ.. ഒരു നിമിഷം കുറച്ചുനാൾ മുൻപ് വരെയുള്ള തന്റെ പ്രതിരൂപമാണ് ഭാഗിയെന്നവന് തോന്നിപ്പോയി… “ഭാഗി…!ഭാഗി……..!!” രണ്ട് തവണ വിളിച്ചിട്ടും അനക്കം ഒന്നും ഇല്ലെന്നു കണ്ടപ്പോൾ അവന് ഭാഗിയെ കുലുക്കി വിളിച്ചു.. “മോളേ..” അവൾ തലപൊക്കി അവനെ നോക്കി.. ഒരുപാട് കരഞ്ഞതിനാൽ കണ്ണൊക്കെ തിണർത്ത് കിടക്കുന്നു.. മുഖമൊക്കെ കണ്ണീരുണങ്ങിയ പാടാണ്..മുടിയൊക്കെ അലങ്കോലമായി മുഖത്തൊക്കെ ഒട്ടിപ്പിടിച്ചിരിക്കുന്നു.. “എന്താടാ ഇങ്ങനെ.. മോൾടെ കൂടെ ശ്രീയേട്ടനില്ലേ..അറിയാം നിന്റെ വേദന.. മനസ്സിലാകാഞ്ഞിട്ടല്ല.. അവന് വേണ്ടങ്കിൽ നീ പുറകെ പോകരുത് ഭാഗി.അവനെപ്പോലൊരു ചതിയണെ നിനക്ക് വേണ്ട.. മറ്റൊരു പെണ്ണിനെ കണ്ടപ്പോൾ മറന്നില്ലേ നിന്നെ.. ഈ ശ്രീരാഗിന് ഇനി ഇങ്ങനൊരു അനിയനില്ല.. അവന് ആരുടെ കൂടെ ജീവിച്ചാലും അതൊന്നും ശാശ്വതമാകില്ല.. നോക്കിക്കോ..” “ന്റെ ചങ്ക് പൊട്ടുന്ന വേദനായ ശ്രീയേട്ടാ.. പറ്റുന്നില്ലെനിക്ക്..” “വിഷമിക്കരുതെന്ന് പറയില്ല.. അറിയാം നിനക്ക് സഹിക്കാൻ പറ്റുന്നില്ലന്ന്.. പക്ഷേ അതോർത്ത് എത്രനാളാ ഇങ്ങനെ ഇരിക്കുന്നെ.. നമ്മൾ കാരണം നീറുന്നത് അച്ഛന്റേം അമ്മേടേം നെഞ്ചുകൂടിയല്ലേ.. ഇതൊക്കെ നീയല്ലേ മോളേ എന്നോട് പറഞ്ഞത്..
എന്റെ ചീത്ത സമയത്ത് കൂടെ നിന്ന് എന്നെ ഈ രീതിയിൽ എത്തിച്ചത് ന്റെ ഭാഗിയല്ലേ..സാരമില്ല മോളേ..വന്നേ ഇന്നീ നേരം വരെ ഒന്നും കഴിച്ചു കാണില്ല നീ.. എഴുനേറ്റേ..” അവളെ ഒരുവിധം പറഞ്ഞാശ്വസിപ്പിച്ച് ശ്രീരാഗ് ഹാളിലേയ്ക്ക് കൊണ്ടുവന്നു.. ‘മാലിനിയമ്മേ.. ചോറെടുത്തേ.. ഞാനും ഭാഗിയും കഴിക്കാൻ വരുവാ.. ” മാലിനി തിടുക്കത്തിൽ ചോറും കറികളും രണ്ട് പ്ലേറ്റിൽ വിളമ്പിവെച്ചു.. ശ്രീരാഗ് അവളെപ്പിടിച്ചിരുത്തി ഒപ്പമിരുന്നു.. അവൻ കഴിച്ച് തുടങ്ങിയിട്ട് ചോറിൽ കൈയ്യിട്ടതല്ലാതെ കഴിക്കാതിരുന്ന ഭാഗിയെ ശ്രീരാഗ് നോക്കി. വായുടെ നേർക്ക് ശ്രീരാഗ് നീട്ടിയ ചോരുരുള കണ്ടവൾ അവനെ നോക്കി.. “കഴിക്ക്..” അവന് നീട്ടിയ ഉരുളയ്ക്കായി അവൾ വാ തുറന്നു.. മാലിനി അത് കണ്ട് സാരിത്തുമ്പാലെ കണ്ണൊപ്പി.. അങ്ങനെ രണ്ടുരുള കഴിച്ചതും ഭാഗി കരഞ്ഞുകൊണ്ട് അകത്തേക്കോടി.. അവളുടെ അവസ്‌ഥയിൽ ശ്രീരാഗിനും ചോറിറങ്ങുന്നുണ്ടായിരുന്നില്ല.. അവന് ബാക്കി കഴിക്കാതെ എഴുനേറ്റു.. “അയ്യോ മോൻ കഴിച്ചില്ലല്ലോ..” “മതിയമ്മേ.. അവളെ ഇങ്ങനെ കണ്ടോണ്ട് എനിക്ക് ഭക്ഷണം ഇറങ്ങില്ല..
“യദൂ…!!!” ശ്രീരാഗിന്റെ ശബ്ദം കേട്ട് വീട്ടിൽ നിന്ന് എല്ലാവരും ഒപ്പം ചാരുവും ഹാളിലേയ്ക്ക് വന്നു.. ചാരു കുഞ്ഞിനേയും കൊണ്ട് ഒരു മൂലയ്ക്ക് ഒതുങ്ങി നിന്നു.. “ഭാഗീടെ കാര്യത്തിൽ എന്താ നിന്റെ തീരുമാനം..??” “ഞാൻ എല്ലാരോടും പറഞ്ഞത് തന്നെയാ.. എനിക്ക് ചാരൂനെയും കുഞ്ഞിനേയും ഉപേക്ഷിച്ച് ഭാഗിയെ കൂടെകൂട്ടാൻ പറ്റില്ല..” ശ്രീരാഗിന്റെ കൈ യദുവിന്റെ കവിളിൽ ശക്തിയായി പതിഞ്ഞത് വളരെ പെട്ടെന്നായിരുന്നു.. “ഭാഗി എന്റെ പെങ്ങളാടാ.. അവളുടെ സങ്കടം എന്റെയും കൂടാ.. തീർന്നും നീയുമായുള്ള സകല ബന്ധവും..ഇങ്ങനെ തോന്നിയെടാ നിനക്ക്.. നീയേന്ന് പറഞ്ഞുനടന്നതല്ലെടാ അവള്..” “അതേ… ഇങ്ങ് വന്നേ.. ” ഒരു മൂലയ്ക്ക് മാറി നിൽക്കുന്ന ചാരുവിനെ ശ്രീരാഗ് അടുത്തേക്ക് വിളിച്ചു.. കുഞ്ഞിനെ മുറുകെ പിടിച്ചവൾ അവനടുത്തേക്ക് ചെന്നു.. “നിന്റെ പേരെന്താ..” “ചാ.. സാരംഗി…” ഒരിക്കൽ യദുവിൽ നിന്നും കേട്ടറിഞ്ഞതാണ് സാരംഗിയെക്കുറിച്ച്..പക്ഷേ കേട്ടറിവ് വെച്ച് ഇത്തരത്തിലൊരു ബന്ധം ഇവർ തമ്മിൽ ഉണ്ടാകില്ല.. അന്ന് ചാരുവിനെ താനുമായി ചേർത്ത് കളിപറഞ്ഞതും യദുവായിരുന്നു..
അന്നത്തെ ദിവസത്തെ ഓർമകളിലേയ്ക്ക് ശ്രീരാഗ് സഞ്ചരിച്ചു.. “ഈ കുഞ്ഞിന്റെ അച്ഛൻ യദു തന്നെയാണോ..” അവനിൽ നിന്നും വരുന്ന ചോദ്യങ്ങളെ നേരിടാൻ കഴിയാതെ പതറുന്നുണ്ട് ചാരൂ.. “അതേ.. യദുവേട്ടന്റെ കുഞ്ഞാണ്..” “എന്നിട്ട് നിന്റെ കഴുത്തിലെ താലി എന്തിയെ..??ഇവൻ നിന്നെ കല്യാണം ചെയ്തിട്ടുണ്ടോ..??” “ചാരുവിനെ ഞാൻ വിവാഹം ചെയ്തിട്ടില്ല..അങ്ങയൊന്ന് വേണമെന്ന് തോന്നിയില്ല..” യദുവാണ് ശ്രീരാഗിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞത്.. “നാണമുണ്ടോ നിനക്ക്..നീയും ഒരു പെണ്ണല്ലേ.. എന്നിട്ടും…ഒരുപെണ്ണിന്റെ ജീവിതമാണ് നീ നശിപ്പിച്ചത്..എന്റെ ഭാഗിയെ സങ്കടപ്പെടുത്തിക്കൊണ്ട് ഇവനൊപ്പം നീ സന്തോഷത്തോടെ ജീവിക്കില്ല..” ചാരുവിനോട് അവന് ദേഷ്യത്തോടെ പറഞ്ഞു.അവന്റെ ഒച്ച പൊന്തിയതും കുഞ്ഞ് പേടിച്ച് കരയാൻ തുടങ്ങി..
കുഞ്ഞിന്റെ കരച്ചിൽ കേട്ടതും ശ്രീരാഗും നിശബ്ദനായി.. ചാരൂ ആകും വിധം നോക്കിയിട്ടും കുഞ്ഞ് കരച്ചിൽ നിർത്തുണ്ടായിരുന്നില്ല.. അവൾ കുഞ്ഞിനേയും കൊണ്ട് മുറിയിലേക്ക് ചെന്നു.. കുഞ്ഞിന് പാല് കൊടുക്കാൻ നോക്കിയിട്ടും അത് കുടിക്കാതെ കുഞ്ഞ് കരയുകയാണ് ചെയ്യുന്നത്.. കുഞ്ഞിന്റെ കരച്ചിൽ കേട്ട് യദുവും അവളുടെ പുറകെ ചെന്നു.. “ചാരൂ മോളെന്താ ഇങ്ങനെ കരയുന്നേ..?? വിശക്കുന്നുണ്ടാവും.. പാല് കൊടുക്ക് നീ..” “പാല് കൊടുത്തിട്ടും മോള് കുടിക്കുന്നില്ല..അറിയില്ല എന്താ ഇങ്ങനെ കരയുന്നെന്ന്..” പറയുന്നത്തിനൊപ്പം ചാരുവും കരയുന്നുണ്ട്…അവളെകൊണ്ട് ആവും വിധം നോക്കിയിട്ടും കുഞ്ഞ് കരച്ചിൽ തന്നെ.. യദു എന്തോ ഓർത്തെന്ന പോലെ കുഞ്ഞിനേയും കൊണ്ട് രാധികയുടെ അടുത്തേയ്ക്ക് ചെന്നു..ഒപ്പം മുരളിയും ഉണ്ട്..സോഫയിൽ ഇരിക്കുകയായിരുന്ന രാധികയുടെ മടിയിലേയ്ക്ക് കുഞ്ഞിനെ വെച്ചവൻ മാറിനിന്നു.. കരയുന്ന കുഞ്ഞിനെക്കണ്ടവർ എന്ത് ചെയ്യണമെന്നറിയാതെ ഒരു നിമിഷം ചിന്തിച്ചു.. എന്നാൽ കരഞ്ഞ ഒച്ചയടഞ്ഞ കുഞ്ഞിനെ ഇനിയും കണ്ടില്ലെന്ന് നടിക്കാനാവാതെ രാധിക ഉമ്മവെച്ചു മാറോടണച്ചു..
കുഞ്ഞിനേയും കൊണ്ട് പതിയെ എഴുനേറ്റ് നടന്നു.. കുഞ്ഞിന്റെ ദേഹത്ത് പതുക്കെ തട്ടുകയും തലോടുകയും ചെയ്തപ്പോൾ പിടിച്ചു കെട്ടിയത് പോലെ കുഞ്ഞിന്റെ കരച്ചിൽ നിന്നു.. ആ കുഞ്ഞ് തന്റെ കുഞ്ഞികൈകൊണ്ട് മുത്തശ്ശിയുടെ മുഖത്ത് തലോടുന്നുണ്ട്..കുറച്ച് കഴിഞ്ഞപ്പോൾ മാറിലെ ചൂടിൽ ആ കുഞ്ഞ് ഉറങ്ങിപ്പോയിരുന്നു.. കുഞ്ഞിനേയും കൊണ്ട് ചാരുവിന്റെ മുറിയിലെയ്ക്ക് രാധിക ചെന്നു.. അവര് വരുന്നകണ്ട ചാരൂ ഒരുവശത്തേയ്ക്ക് ഒതുങ്ങി നിന്നു.. കുഞ്ഞിനെ കട്ടിലിൽ കിടത്തി മുറിയിൽ നിന്ന് തിരികെ പോരാൻ നേരം വാതിലിനടുതത്തെത്തിയതും രാധിക വീണ്ടും കുഞ്ഞിനെ തിരിഞ്ഞു നോക്കി.. ചുണ്ടിൽ ഇരിളം പുഞ്ചിരിയുമായി മയങ്ങുന്ന കുഞ്ഞിനെ വിട്ടകലാൻ ആ മുത്തശ്ശിയ്ക്ക് കഴിയുമായിരുന്നില്ല.. രാധികയുടെ മാറ്റം കണ്ട യദുവിന്റെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയിൽ നാളെയുടെ ശുഭ പ്രതീക്ഷയായിരുന്നു… (തുടരും…)

by