16/04/2026

ദിൽന : ഭാഗം 03

രചന – നന്ദിത ദാസ്

എന്നെ കയറിപ്പിടിച്ച ആളെ കണ്ടതും എന്റെ സകല നിയന്ത്രണവും വിട്ടുപോയി … എന്റെ പപ്പ… കരുത്താർന്ന കരങ്ങൾ കൊണ്ട് പപ്പ എന്നെ ചേർത്തു പിടിച്ചു… തളർന്നു പോകരുതെന്നു എന്നോട് പറയുന്നപോലെ.. “പപ്പേ… ഇവിടെ? ” “മോൾ ഇറങ്ങിയതിന്റെ പുറകെ തന്നെ ഞാനും ഇറങ്ങി.. എനിക്കറിയാം ഇവിടെ ഇപ്പോൾ എന്റെ മോൾക്ക്‌ ഒരു താങ്ങ് ആവശ്യമാണെന്നു… വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ കണ്ട ദൃഢ നിശ്ചയം ഒന്നും ഇപ്പോൾ നിന്നിൽ കാണുന്നില്ലാലോ? മനസ്സ് കൈ വിട്ടു പോകരുത്.. പതറരുത്.. ” “ഇല്ല പപ്പേ.. എന്തിനും ഏതിനും എന്റെ നിഴലായി കൂടെ വരാൻ ഈ പപ്പ ഉള്ളപ്പോൾ ഞാൻ തളർന്നു പോകില്ല.. വന്ന സ്ഥിതിക്ക്എന്തായാലും കല്യാണം കൂടണം.. അവസാനമായി അവനെ ഒരു നോക്കു കാണണം അത്രേ ഉള്ളു… ” “എങ്കിൽ ആ കണ്ണൊക്കെ തുടച്ചു മോൾ അകത്തേക്കു കയറിക്കോളൂ.. പപ്പ ഇവിടെ തന്നെ കാണും… ” “ശരി പപ്പേ… ” ഓഡിറ്റോറിയത്തിന്റെ മുൻ സീറ്റിൽ തന്നെ സ്ഥാനം പിടിച്ചു..

ഞങ്ങളുടെ കൂടെ പഠിച്ച ചില സുഹൃത്തുക്കൾ എന്നെ സഹതാപപൂർവം നോക്കുന്നത് കണ്ടപ്പോൾ എനിക്ക് എന്നോട് തന്നെ പുച്ഛമാണ് തോന്നിയത്.. ഉള്ളിലെ തീ തത്കാലം അണച്ചിട്ടു അവരുമായി സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടപ്പോൾ പലരുടെയും കണ്ണുകളിൽ സഹതാപത്തിനു പകരം അത്ഭുതം വിടരുന്നതും എനിക്ക് കാണാൻ സാധിച്ചു… വരനെ ആനയിച്ചു മണ്ഡപത്തിലേക്ക് കയറ്റുന്ന സമയത്താണ് 5 വർഷങ്ങൾക് ശേഷം വീണ്ടും ഞാൻ നവീനെ കാണുന്നത്.. ഒരു മാറ്റവും ഇല്ല.. മാറിയത് ഒന്ന് മാത്രമല്ലേ.. അവന്റെ മനസ്സ്… “നീ ഇല്ലാതെ എനിക്ക് പറ്റില്ല ദിൽന.. എനിക്കൊരു ജീവിതം ഉണ്ടേൽ… ആ ജീവിതം സന്തോഷത്തോടെ ആകണമെങ്കിൽ എനിക്ക് നീ വേണം മോളെ ” പ്രണയം ചൂട് പിടിച്ച സമയത്തു അവൻ പറഞ്ഞ ഡയലോഗ് എന്റെ കാതുകളിൽ വീണ്ടും വീണ്ടും മുഴങ്ങിക്കൊണ്ടേ ഇരുന്നു…ഉള്ളിൽ പൊന്തി വന്ന പുച്ഛം ഒരു ചിരിയായി എന്റെ ചുണ്ടുകളിൽ ഒതുങ്ങി കൂടി… ദക്ഷിണ കൊടുത്തു മണ്ഡപത്തിൽ ഇരുന്ന നവീൻ തൊട്ടു മുന്നിൽ ഇരിക്കുന്ന എന്നെ കണ്ടു ഞെട്ടി …ചാട്ടുളി വീണപോലെ ആ കണ്ണുകൾ ഭീതിയിലായതു മുൻപ് ഉണ്ടായിരുന്ന അതെ പുഞ്ചിരിയോടെ തന്നെ ഞാൻ നോക്കി കണ്ടു..

അവന്റെ വെപ്രാളം കണ്ടിട്ടാരിക്കാം അമ്മ തിരിഞ്ഞു നോക്കി.. എന്നെ കണ്ടപ്പോൾ ആ കണ്ണുകളിലും കുറ്റബോധത്തിന്റെയും ഭീതിയുടെയും അലകൾ മാറി മാറി വരുന്നതായി അനുഭവപ്പെട്ടു.. എന്റെ കണ്ണുകളെ നേരിടാനാവാതെ അവൻ തല താഴ്ത്തിയപ്പോൾ ഒരു വിജയിയുടെ ഭാവമാരുന്നു പുറമെ എനിക്ക്… ഉള്ളിൽ പച്ച മാംസത്തിൽ കത്തി കയറ്റുന്ന പോലെ വേദനയും.. സർവ്വാഭരണ ഭൂഷിതയായി പീച് കളർ പട്ടുസാരിയിൽ സുന്ദരിയായ ഒരു പെൺകുട്ടി മണ്ഡപത്തിൽ വലം വെച്ച് നവീന്റെ അരികിൽ വന്നിരുന്നു… നല്ല സന്തോഷത്തിൽ അവളെ കണ്ടപ്പോൾ ഒരു നിമിഷം ഞാൻ എന്നെ തന്നെ മറന്നു… നല്ല കുട്ടിയാണ്.. അവന് നന്നായി ചേരുമെന്ന് അടുത്തിരുന്ന സുഹൃത്തിനോട് പറഞ്ഞപ്പോൾ നിന്റെ അത്രയും വരില്ലെന്നാരുന്നു അവന്റെ മറുപടി.. അതെ അവൻ പറഞ്ഞത് ശരിയാണ്.. അവളെക്കാൾ സൗന്ദര്യം എനിക്ക് തന്നെയാണ്.. പിന്നെ എന്തിനാണ് ഒരു വാക്കുപോലും പറയാതെ അവൻ എന്നെ ഉപേക്ഷിച്ചത്..

എത്ര ആലോചിച്ചിട്ടും എനിക്ക് ഒരു പിടിയും കിട്ടിയില്ല.. കുറ്റവാളിയെ പോലെ അവനും വീട്ടുകാരും എന്റെ മുന്നിൽ ഇങ്ങനെ പതുങ്ങുന്നതു എന്തിനാണെന്ന് മാത്രം എനിക്ക് മനസിലായില്ല.. അച്ഛൻ താലി എടുത്തു ആ കൈകളിൽ കൊടുത്തപ്പോളും അവന്റെ നോട്ടം എന്നിൽ ആരുന്നു.. ജീവിതത്തിൽ ഒരുപാട് ആഗ്രഹിച്ച നിമിഷമായിരുന്നു അത്.. എല്ലാരുടെയും അനുഗ്രഹത്തോടെ നവീൻ എന്റെ കഴുത്തിൽ താലി ചാർത്തുന്നത്.. “നിനക്ക് ബ്ലൂ കളർ നന്നായി ചേരും അതുകൊണ്ട് കല്യാണത്തിന് നമുക്ക് ആ കളർ സാരീ മതി കേട്ടോ.. അന്ന് കാലിന്റെ വെള്ളയിൽ നീ മറക്കാതെ ഒരു കറുത്ത മറുക് ഇടണം കേട്ടോ ” “അതെന്തിനാ കാലിന്റെ വെള്ളയിൽ മറുക്? ” “അല്ലെങ്കിൽ അന്ന് എന്റെ പെണ്ണിനെ എല്ലാരും കണ്ണ് വെച്ച് കളയില്ലേ.. മുത്തശ്ശി പറഞ്ഞു കേട്ടിട്ടുണ്ട് അങ്ങനെ ചെയ്താൽ കണ്ണേറ് കിട്ടില്ലെന്ന് ” അതും പറഞ്ഞു ഞങ്ങൾ ഉറക്കെ ഉറക്കെ ചിരിച്ചു.. കെട്ടുമേളം മുറുകിയപ്പോളാണ് ഞാൻ ഓർമ്മയിൽ നിന്നും ഉണർന്നത്.. സ്വന്തമാകുമെന്നു കരുതിയ പുരുഷൻ മറ്റൊരു പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുന്നത് കാണേണ്ടി വന്ന ഭാഗ്യദോഷി…പുറമെ പുഞ്ചിച്ചിരിച്ചുകൊണ്ടു നിൽകുവാണെകിലും ഒരായിരം കൂർത്ത മുള്ളുകൾ ഹൃദയത്തിലേക്കു ആഴ്ന്നിറങ്ങുന്ന പോലെ…

വയറ്റിലാകെ ഒരു വല്ലാത്ത കത്തൽ.. ഹൃദയത്തിനു വേദനിക്കുമ്പോൾ കണ്ണിനു താങ്ങാൻ കഴിയില്ലെന്ന് പറയുന്നത് എത്ര ശരിയാണ്.. ഞാൻ പോലും അറിയാതെ കണ്ണുകൾ നിറഞ്ഞു പോകുന്നു… ചടങ്ങുകൾ കഴിഞ്ഞു.. ഫോട്ടോ എടുക്കാനായി അടുത്തത് ഫ്രണ്ട്‌സിന്റെ ഊഴമായിരുന്നു… ഉള്ളിലെ സങ്കടങ്ങൾ കടിച്ചമർത്തി മുഖത്ത് ചിരി വരുത്തി ഫോട്ടോയ്ക്കു പോസ് ചെയ്തപ്പോൾ സിനിമയിൽ അഭിനയിച്ചാൽ അവാർഡ് ഉറപ്പെന്ന് എനിക്ക് തന്നെ തോന്നിപോയി.. ഒന്നോർത്താൽ ജീവിതം തന്നെ ഒരു അഭിനയമല്ലേ?? എല്ലാരും പെണ്ണിനേയും ചെക്കനേയും വിഷ് ചെയ്യുന്ന തിരക്കിൽ.. ഞാൻ എന്താ പറയുക.. ഒന്നും പറയാതെ പോയാൽ അത് എങ്ങനെ ശരിയാകും.. എന്റെ ഉള്ളിൽ സങ്കടം ഉണ്ടെന്നു അവന് മനസിലാകില്ലേ? വേണ്ടാ അത് പാടില്ല.. എനിക്ക് ഒരു സങ്കടവും ഇല്ല.. അങ്ങനെ തന്നെ അവന് തോന്നണം.. “കൺഗ്രാറ്റ്സ് ബോത്ത്‌ ഓഫ് യൂ… ഹാപ്പി മാരീഡ് ലൈഫ്.. ” അത്രയും പറഞ്ഞൊപ്പിച്ചു തിരിഞ്ഞു പോലും നോക്കാതെ ഞാൻ അവിടെ നിന്നും ധൃതിയിൽ തിരിഞ്ഞു നടന്നു… അപ്പോളും നവി ഇനി എന്റെ ജീവിതത്തിൽ ഇല്ലാന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കാൻ ഞാൻ നന്നേ പാടുപെടുന്നുണ്ടാരുന്നു… പുറത്ത് കാത്തുനിന്ന പപ്പയുടെ കൈകളിലേക്കു ചെന്നു വീണ എനിക്ക് ഒരു കാര്യം ഉറപ്പായിരുന്നു..

ആരൊക്കെ നമ്മളെ ഉപേക്ഷിച്ചാലും മറുത്തൊരു വാക്ക് പറയാതെ ചേർത്തു നിർത്തി നമ്മളെ ആശ്വസിപ്പിക്കാൻ ജന്മം തന്നവർക്കല്ലാതെ വേറെ ആർക്കും കഴിയില്ല എന്ന്… മക്കളുടെ മനസ്സ് കാണാൻ പറ്റുന്ന അച്ഛനമ്മമാർ തന്നെയാണ് നാം ഓരോരുത്തരുടെയും കൺകണ്ട ഈശ്വരൻ.. വീട്ടിൽ ചെന്ന ഉടനെയാണ് ജോബ് അപ്പോയ്ന്റ്മെന്റ് ഓർഡർ വന്നിട്ടുണ്ടെന്ന് അറിയുന്നത്… അതും തൃശ്ശൂർക്ക്.. പൂരങ്ങളുടെ നാടെന്ന് കേട്ടു കേൾവി അല്ലാതെ ഒരിക്കൽ പോലും പോയിട്ടില്ലാത്ത നാട്.. ഒരു മാറ്റം ആവശ്യമാണെന്നു മനസിന്‌ തോന്നിയ നേരത്താണ് ഈ ഓഫർ ലെറ്റർ.. പോകണമെങ്കിൽ പൊയ്ക്കോളൂ എന്ന പപ്പയുടെ വാക്കിൽ ഉണ്ടായിരുന്നു ഒരു മകളുടെ മനസ്സ് പൂർണമായും മനസിലാക്കിയ ഒരു പിതാവിന്റെ മാനസികാവസ്ഥ.. വീട്ടിൽ നിന്നും ഒരിക്കൽ പോലും മാറി നിന്നിട്ടില്ല.. കഷ്ടിച്ച് ഒരു 5 km ദൂരമുള്ള പ്രൈവറ്റ് ബാങ്കിൽ ആയിരുന്നു ഇതുവരെ ജോലി ചെയ്തിരുന്നത്.. ഇഷ്ടം ഉണ്ടായിട്ടല്ല പപ്പ ഇപ്പോൾ പോയിക്കോളാൻ പറയുന്നത്.. ഇവിടെ നിന്നും ഒരു മാറ്റം എനിക്ക് അനിവാര്യമാണ് എന്ന് തോന്നിയതിനാലാവും..

പിറ്റേന്ന് തന്നെ ജോയിൻ ചെയ്യണമെന്നായിരുന്നു ലെറ്റെറിൽ.. അതുകൂടി കേട്ടപ്പോൾ അമ്മ കരച്ചിലിന്റെ വക്കിൽ എത്തിയിരുന്നു.. അമ്മയെ പറഞ്ഞു സമ്മതിപ്പിക്കാൻ ഒരുപാട് സമയം വേണ്ടി വന്നില്ല.. പപ്പയുടെ ഒരു വാക്കു തന്നെ അതിനു ധാരാളം.. പിന്നെ എല്ലാം പായ്ക്ക് ചെയ്യുന്ന തിരക്കിലാരുന്നു… പോകുന്നത് തന്നെയാണ് നല്ലത്.. നാട്ടിൽ നിന്നാൽ വീണ്ടും നവീനെ കണ്ടു മുട്ടേണ്ടി വരും.. അത് ഒഴിവാക്കണം.. എന്റെ ഈ ബെഡ് റൂമിൽ ഇരുന്നാലും കിടന്നാലും എല്ലാം എനിക്ക് അവനെ ഓർമ വരും.. അവനുമായി ഫോണിൽ സംസാരിച്ചിരുന്നതൊക്കെ മിസ് ചെയ്യും.. സോ പോകണം.. പോയേ പറ്റുള്ളൂ… അങ്ങോട്ടുള്ള യാത്രയിലാണ് ഞാൻ ഇപ്പോൾ… ഇതാണ് എബി ഞാനും എന്റെ ജീവിതവും.. മറക്കാൻ ഞാൻ തുടങ്ങിയത് താൻ ഓർമ്മിപ്പിച്ചപ്പോൾ ചെറിയ ഒരു വിഷമം… അത്രേ ഉള്ളു.. “എന്താ പറയേണ്ടതെന്ന് എനിക്ക് അറിയില്ലടോ… തന്നെ കണ്ടപ്പോൾ ഇത്രയും സങ്കടം ഉള്ളിൽ ഒതുക്കുന്ന ഒരാൾ ആണെന്ന് തോന്നിയതേ ഇല്ല… എല്ലാർക്കും ഉണ്ടാകും ഇതുപോലെ പലതും ജീവിതത്തിൽ…

താൻ പറഞ്ഞതാ ശരി നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടാന്ന് വെച്ചാൽ തീരാവുന്നതേ ഉള്ളു എല്ലാം … പിന്നെ ഉള്ളിന്റെ ഉള്ളിലെ ആ സങ്കടം അത് ആരും കാണാതെ അവിടെ ഇരുന്നോട്ടെ അല്ലേ?? ” “അതെ.. എല്ലാം റിക്കവർ ചെയ്യണം.. കുറച്ചു സമയം എടുക്കും.. എന്നാലും സാരമില്ല.. തന്നോട് തുറന്നു സംസാരിച്ചപ്പോൾ മനസ്സിന് ഒരു ആശ്വാസം തോന്നുന്നു… താങ്ക്സ്.. ” “മ്മ് വരവ് വെച്ചേക്കുന്നു… ” അത് പറഞ്ഞപ്പോൾ അവളുടെ മുഖത്ത് തെളിഞ്ഞ ആ പുഞ്ചിരിയെ ഒരു തരം അസൂയയോടെ അല്ലാതെ നോക്കി കാണാൻ എനിക്ക് കഴിഞ്ഞില്ല എന്നതാണ് സത്യം…. (തുടരും)