17/04/2026

മഴ : ഭാഗം 42

രചന – ആർദ്ര അമ്മു

മാമന്റെ പൊന്നുമോൾ സുന്ദരി ആയിട്ടുണ്ട്. കുഞ്ഞിന്റെ കാതിൽ കിടന്ന പുതിയ ജിമിക്കിയിൽ തട്ടി അഭി പറഞ്ഞു. ജൂവലറിയിലെ കണ്ണാടിയുടെ മുന്നിൽ അവളെ നിർത്തി. ഹൈ….. നല്ല രസണ്ട്……….. അവൾ കൈകൊട്ടി തുള്ളിച്ചാടി. രാവിലെ ശീതളിനെയും കുഞ്ഞിനേയും കൂട്ടി അത്യാവശ്യ സാധനങ്ങൾ വാങ്ങാനിറങ്ങിയതാണ് അഭി. ശീതളിന്റെ എതിർപ്പ് വക വെക്കാതെ അവൻ അവർക്കായി ഒരുപാട് ഡ്രസ്സും മറ്റും വാങ്ങി. ശേഷം കുഞ്ഞിന് ആഭരണങ്ങൾ വാങ്ങാൻ ജൂവലറിയിൽ കയറിയതാണവർ. എന്തിനാ ഏട്ടാ ഇതൊക്കെ??? ഇപ്പൊ തന്നെ ഏട്ടന്റെ കയ്യിലെ കാശ് പകുതി തീർന്നിട്ടുണ്ടാവും. ശീതൾ പരാതി പറഞ്ഞു. ശീതൾ ഞാനാദ്യമേ നിന്നോട് പറഞ്ഞതാണ് എനിക്ക് നീ എന്റെ ആമിയെയും ശ്രീക്കുട്ടിയേയും പോലെയാണെന്ന് അവർക്ക് ഞാനിതൊക്കെ വാങ്ങി കൊടുക്കാറുള്ളതാ അതുപോലെ തന്നെയാ ഇപ്പോ നിനക്കും വാങ്ങി തരുന്നത്. ഇനി നിനക്കെന്നെ സ്വന്തം ഏട്ടനെപോലെ കാണാൻ കഴിയില്ലെങ്കിൽ ഞാൻ നിർബന്ധിക്കില്ല. രാവിലെ മുതൽ ഞാനെന്തെങ്കിലും വാങ്ങി തരാൻ നോക്കുമ്പോഴെല്ലാം നീയിങ്ങനെ തടസ്സം പറയുവാ.

നീയും കുഞ്ഞും എന്റെ സ്വന്തം തന്നെയല്ലേ എന്നുള്ള ചിന്തയിലാ ഞാൻ നിങ്ങളുടെ കാര്യത്തിൽ സ്വാതന്ത്ര്യം എടുത്തത് അതിപ്പോ തെറ്റായി പോയെന്ന് തോന്നുന്നു. ഞങ്ങൾ നിന്നോട് കാണിക്കുന്ന സ്നേഹം നിനക്ക് ഞങ്ങളോടില്ലല്ലോ??????? അഭി സങ്കടവും ദേഷ്യവും കലർന്ന സ്വരത്തിൽ പറഞ്ഞു നിർത്തി. ഏട്ടാ…… ഞാൻ….. ഞാനങ്ങനെ ഒന്നും ചിന്തിച്ചിട്ട് കൂടിയില്ല. ഇവിടെ വന്ന് നിങ്ങളെ ഒക്കെ കണ്ടതിനു ശേഷമാ ശരിക്കും ഒരുപാട് നാളുകൾക്ക് ശേഷം ഞാനൊന്ന് മനസ്സ് തുറന്നൊന്നു ചിരിച്ചത് തന്നെ. ഞാൻ…. ഞാൻ നിങ്ങളെ ഒക്കെ സ്വന്തം പോലെയാണ് കാണുന്നത്. പിന്നെ ഇപ്പൊ ഈ കാണിക്കുന്നതിന്റെ അർത്ഥം എന്താ????? അഭി അവളെ നോക്കി ഗൗരവത്തിൽ ചോദിച്ചു. അത്……. ഞാനും മോളും കാരണം നിങ്ങൾക്കാർക്കും ഒരു ബുദ്ധിമുട്ട് വരരുതെന്ന് കരുതിയിട്ടാ ഞാൻ അല്ലാതെ നിങ്ങളെ ആരെയും ഇഷ്ടമല്ലാഞ്ഞിട്ടല്ല. പറഞ്ഞു തീർന്നപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു. അവളുടെ നിറഞ്ഞ കണ്ണുകൾ കാൺകെ അഭിക്ക് വിഷമം തോന്നി. അയ്യേ ഏട്ടന്റെ മോള് കരയുവാണോ ഞാൻ പെട്ടെന്നുള്ള ദേഷ്യത്തിൽ പറഞ്ഞു പോയതല്ലേ. കണ്ണ് തുടച്ചേ ദേ ആൾക്കാരൊക്കെ ശ്രദ്ധിക്കുന്നുണ്ട്.

അവളെ ചേർത്ത് പിടിച്ചവൻ പറഞ്ഞു. അവൻ പറയുന്നത് കേട്ടതും അവൾ വേഗം കണ്ണ് തുടച്ചു. നീയും മോളും ഇപ്പൊ ഞങ്ങളുടെ എല്ലാവരുടെയും സ്വന്തമല്ലേ. പിന്നെ നമ്മുക്കിഷ്ടമുള്ളവർക്കല്ലേ നമ്മൾ ഓരോന്നൊക്കെ വാങ്ങി കൊടുക്കുന്നത്. നിനക്കും മോൾക്കും എന്തും വാങ്ങി തരാൻ എനിക്കിഷ്ടാ അതുകൊണ്ട് മോളിനി തടസ്സം പറയരുത് ഇതെന്റെ അവകാശമാണെന്ന് കൂട്ടിയാൽ മതി. അവന്റെ വാക്കുകൾ കേട്ട് പിന്നെ അവൾ എതിർക്കാൻ നിന്നില്ല. കുഞ്ഞിന് ജിമിക്കിയും മാലയും വളയും പാദസരവുമെല്ലാം അവൻ അവന്റെ ഇഷ്ടത്തിന് വാങ്ങി. കൂടാതെ ശീതളിനും അവൻ ഒരു വളയും മാലയും വാങ്ങി. പോരുന്ന വഴിക്ക് കിഡ്സ്‌ ഷോപ്പിൽ കയറി കുഞ്ഞിനായി ഒരു ലോഡ് കളിപ്പാട്ടങ്ങൾ അവൻ വാങ്ങി. പുതിയ ഉടുപ്പും കളിപ്പാട്ടങ്ങളും ആഭരണങ്ങളും കിട്ടിയ സന്തോഷത്തിലായിരുന്നു ആ കുരുന്നപ്പോൾ. അവൾ അഭിയുടെ മുഖമാകെ ഉമ്മകൾ കൊണ്ട് മൂടി സന്തോഷം പ്രകടിപ്പിച്ചു.

മുറ്റത്തെ മൂവാണ്ടൻ മാവിന് തണലിൽ മാനത്തോട്ടും നോക്കി ഇരിക്കുകയാണ് ശ്രീയും ആമിയും. രാവിലെ കുളിച്ചൊരുങ്ങി അഭിയുടെയും ശീതളിന്റെയും കൂടെ പോവാൻ ചെന്ന രണ്ടിനെയും അഭി നിഷ്കരുണം ആട്ടിയോടിച്ചു. അതിന്റെ കലിപ്പിലാണ് രണ്ടുപേരും. ആമി…………… എന്താടി??????? എന്നാലും അഭിയേട്ടൻ നമ്മളെ കൊണ്ടുപോയില്ലല്ലോ?????? ആടി. അഭിയേട്ടന് ഈയിടെ ആയി കുറച്ചു ജാഡ തുടങ്ങിയിട്ടുണ്ട്. അല്ലെങ്കിൽ നമ്മളെ കൂടി കൊണ്ടുപോയാൽ എന്തായിരുന്നു?????? ശരിയാ വരട്ടെ നമുക്കൊരു പണി കൊടുക്കാം. എന്ത് പണി കൊടുക്കും????? നമുക്കാലോചിക്കാം. രണ്ടു പേരും താടിക്കും കൈ കൊടുത്തിരുന്നു ഭയങ്കര ആലോചന. ശ്രീക്കുട്ടി……… എന്താടി ഐഡിയ കിട്ടിയോ???? അല്ലെടി ദേ അങ്ങോട്ട്‌ നോക്കിയേ മാങ്ങ. ആമി മാവിലേക്ക് ചൂണ്ടി പറഞ്ഞു. മാങ്ങയല്ല തേങ്ങ മര്യാദക്കിരുന്നു ആലോചിക്കെടി എന്നിട്ട് വേണം അഭിയേട്ടനിട്ട് രണ്ടു കൊടുക്കാൻ. ശ്രീ കലിപ്പിലായി. ഹാ പിണങ്ങല്ലേ മുത്തേ ഐഡിയ നമുക്ക് പിന്നെ ആലോചിക്കാം ഇപ്പൊ നമുക്ക് മാങ്ങ പറിക്കാം കഴിഞ്ഞ കൊല്ലം നമ്മൾ മാങ്ങ പറിച്ച് ഉപ്പും മുളകുമിട്ട് കറുമുറെ തിന്നതോർക്കുന്നില്ലെ????? എന്തൊരു ടേസ്റ്റായിരുന്നു ദേ പറയുമ്പോൾ തന്നെ നാവിൽ വെള്ളം വരുന്നു.

ആമി പറഞ്ഞു തീർന്നതും ശ്രീ കൊതിയോടെ വെള്ളമിറക്കി. എന്നാ നമുക്ക് പറിക്കാം. വാ………… രണ്ടു പേരും ചാടി എഴുന്നേറ്റു. പക്ഷെ ശ്രീക്കുട്ടി അത് മോളിലല്ലേ നമ്മളെങ്ങനെ പറിക്കും???? ആമി സങ്കടത്തോടെ പറഞ്ഞു. എടി പോത്തേ കഴിഞ്ഞ കൊല്ലം നമ്മളെങ്ങനാ പറിച്ചത്????? അത് നീ മാവിൽ കയറിയിട്ടല്ലേ???? അതുപോലെ ഇന്നും പറിക്കാം. ഉവ്വ അന്ന് മാവിന്റെ മണ്ടക്ക് വലിഞ്ഞു കയറിയെന്നും പറഞ്ഞ് ചൂരലുമായി മുത്തശ്ശി തറവാടിന് ചുറ്റും ഓടിച്ചത് മോള് മറന്നു പോയോ????? അതന്നല്ലേ??? ഇപ്പൊ മുത്തശ്ശി കാലിൽ കുഴമ്പിട്ട് കിടക്കുന്ന സമയമാ നീ സിഗ്നൽ തന്നാൽ മതി ഞാൻ കയറാം. എടി റിസ്‌ക്കെടുക്കണോ???? ആമി അവളെ തടഞ്ഞു. നിനക്ക് മാങ്ങ വേണോ വേണ്ടയോ???? വേണം വേണം. എന്നാൽ നീ ഇവിടെ നിന്നാരെങ്കിലും വരുന്നുണ്ടോ എന്നുനോക്കി പറയണം ഞാൻ കയറട്ടെ. ശ്രീ ആമിയെ താഴെ നിർത്തി മാവിലേക്ക് കയറാൻ തുടങ്ങി. അത്യാവശ്യം ഒരുപാട് ശിഖരങ്ങളുള്ള അധികം പൊക്കമില്ലാത്ത മാവായത് കൊണ്ട് തന്നെ അവൾക്ക് വേഗം അതിൽ കയറാൻ സാധിച്ചു.

കയറിയ ഉടൻ തന്നെ അവൾ ബലമുള്ള ഒരു കൊമ്പിൽ സ്ഥാനമുറപ്പിച്ചു. കൈ നീട്ടി ഒരു മാങ്ങ പൊട്ടിച്ചവൾ കയ്യിലെടുത്തു. അതിന്റെ ഞെട്ട് അവളിരുന്ന മരക്കൊമ്പിൽ തന്നെ ഉരച്ചു. എന്നിട്ട് മാങ്ങ കടിച്ചു. പുളി കാരണം അവൾ ഒറ്റ കണ്ണടച്ച് തല കുടഞ്ഞു. ആമി അത് നോക്കി കൊതിയോടെ വെള്ളമിറക്കി. ആമി നല്ല പുളിയാടി ഇതിന്….. കൊതിപ്പിക്കാതെ ഒരെണ്ണം ഇങ്ങോട്ട് താടി. അത് കേട്ടവൾ ഒരു മാങ്ങ കൂടി പൊട്ടിച്ചു താഴേക്കെറിഞ്ഞു. ആമി മാങ്ങ അവളെറിഞ്ഞ മാങ്ങ ക്യാച്ച് പിടിച്ച സമയം തന്നെ മുറ്റത്തൊരു ബൈക്ക് വന്നു നിന്നു. ബൈക്കിൽ നിന്നിറങ്ങുന്നവരെ കണ്ട് ആമി പകച്ചു നിന്നു. ശ്രീ ആണെങ്കിൽ മാവിൽ നിന്ന് താഴെക്ക് ചാടിയാലോ എന്ന ആലോചനയിലാണ്. ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു……. അവൾ മനസ്സിൽ അലറി വിളിച്ചു. ആമിക്കുട്ടി എന്താ മുറ്റത്തു നിൽക്കുന്നെ??? ഋഷി ബൈക്കിൽ ഇരുന്നു കൊണ്ട് ചോദിച്ചു. അത്…… ഞാൻ… ചുമ്മാ കാറ്റ്‌ കൊള്ളാൻ.

വിക്കി വിക്കി അവൾ പറഞ്ഞു നിർത്തി. അപ്പോഴേക്കും ബാക്കിലിരുന്ന ശരൺ ബൈക്കിൽ നിന്നിറങ്ങി. പുറകെ ഋഷിയും ബൈക്കിൽ നിന്നിറങ്ങി അവളുടെ അടുത്തേക്ക് നടന്നു. ദേവേട്ടനെന്താ രാവിലെ തന്നെ???? പതർച്ച മാറ്റി വെച്ചവൾ ചോദിച്ചു. അതോ ഒരു പെണ്ണ് കാണാൻ വന്നതാ. ഋഷിയുടെ മറുപടി കേട്ടവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി. ദേ ഈ നിക്കുന്നതാ ശരൺ ഡോക്ടർ ഇവന് നമ്മുടെ ശീതളിനെ കെട്ടിയാൽ കൊള്ളാമെന്നുണ്ട് അതുകൊണ്ട് ഒരു പെണ്ണ് കാണലിനിറങ്ങിയതാ. ശ്രീക്കുട്ടി പറഞ്ഞിട്ടില്ലേ????? ഞാൻ മറന്നു പോയി അവളിന്നലെ എന്നോട് പറഞ്ഞിരുന്നു. ശീതളിനെയും കുഞ്ഞിനേയും കൊണ്ട് ജിത്തുവേട്ടൻ പുറത്ത് പോയിരിക്കുവാ വാ അകത്തോട്ട് പോവാം. പെട്ടെന്നവൾ തിടുക്കം കൂട്ടി. ഇതെന്താ കയ്യിൽ മാങ്ങയാണോ???? ഋഷി അവളെ നോക്കി ചോദിച്ചു. അത്….. അത് കൊതി തോന്നി ഞാനൊരെണ്ണം എറിഞ്ഞിട്ടതാ. അവൾ പെട്ടെന്നൊരു കള്ളം പറഞ്ഞൊപ്പിച്ചു.

നിങ്ങൾ വാ…….. ശ്രീയെ അവർ കാണാതിരിക്കാൻ അവൾ അവരെയും കൊണ്ട് പോവാനൊരുങ്ങി. ശ്രീ ആണെങ്കിൽ ടെൻഷൻ അടിച്ച് മാവിന്റെ കൊമ്പിൽ പതുങ്ങി ഇരുന്നു. എന്നാൽ ശ്രീയുടെ കാലക്കേടിന് മാവിൽ നിന്നൊരു പുളിയുറുമ്പവളെ കടിച്ചു. ഔ…………….. വേദനയോടെയുള്ള അവളുടെ നിലവിളി കേട്ട് അകത്തേക്ക് പോവാൻ നിന്ന ഋഷി തിരിഞ്ഞു. നശിപ്പിച്ചു……………….. ആമി തലയിൽ കൈ വെച്ചു. ശബ്ദത്തിന്റെ ഉറവിടം തിരഞ്ഞ ഋഷി കാണുന്നത് മാവിന്റെ കൊമ്പിൽ മാങ്ങയും പിടിച്ചു പച്ചാളം ഭാസിയെ തോൽപ്പിക്കുന്ന എക്സ്പ്രഷനിടുന്ന ശ്രീയെയാണ്. ആരിത് ഋഷിയേട്ടനോ???? എപ്പോ എത്തി???? സുഖം തന്നെയല്ലേ???? അവൾ വീണിടത്തു കിടന്നുരുണ്ടു. സുഖം ഞാനറിയിച്ചു താരാടി. ഇങ്ങോട്ടിറങ്ങി വാടി മരംകേറി. ഋഷി അവളെ നോക്കി അലറി. ഈശ്വരാ ഞാനിപ്പോ എന്ത് ചെയ്യും അങ്ങോട്ടെങ്ങാനും ഇറങ്ങി ചെന്നാലെന്നെ ഇന്ന് വലിച്ചു കീറും. ശ്രീ പേടിയോടെ അവനെ നോക്കി.

ഡീ മര്യാദക്ക് ഇങ്ങോട്ടിറങ്ങുന്നതാ നിനക്ക് നല്ലത് അല്ലെങ്കിൽ ഞാനങ്ങോട്ട് കയറും വേണോ?????? വേണ്ട വേണ്ട ഞാനിറങ്ങാം. അവൾ ഒരുവിധം താഴേക്കിറങ്ങി. ഋഷി അപ്പൊ തന്നെ അവളുടെ കൈപിടിച്ച് തിരിച്ചു. ആരോട് ചോദിച്ചിട്ടാടി മാവിൽ വലിഞ്ഞു കയറിയത് ഏ ????? താഴേക്കെങ്ങാനും വീണിരുന്നെങ്കിലോ??? ഇനി കേറുവോ????? പറയെടി പുല്ലേ കയറുവോന്ന് ??????? അവനലറി. ഇല്ലില്ല ഇനി കേറില്ല സത്യായിട്ടും കേറില്ല കയ്യീന്ന് വിട് ഋഷിയേട്ടാ വേദനിക്കുന്നു. അവൾ നിന്ന് തുള്ളാൻ തുടങ്ങി. അവൾ മാവിൽ കയറാൻ നിൽക്കുന്നു. ഋഷി ദേഷ്യത്തിൽ അവളുടെ കൈ വിട്ടു. എന്ത് പിടിയാ പിടിച്ചത് മനുഷ്യന്റെ കൈയിപ്പോ ഒടിഞ്ഞേനെ. കൈയുഴിഞ്ഞു കൊണ്ടവൾ പിറുപിറുത്തു. എന്താടി നിന്ന് പിറുപിറുക്കുന്നത് കേറി പോടീ അകത്ത്……… അവൻ പറഞ്ഞു തീർന്നതും അവൾ ആമിയേയും വലിച്ചകത്തേക്കോടി. ഇതെല്ലാം കണ്ടു നിന്ന ശരണിനെ നോക്കി കണ്ണിറുക്കി അവൻ അകത്തേക്ക് കയറി. ചിരിയോടെ പുറകെ ശരണും അകത്തേക്ക് നടന്നു.

എന്താടി മുഖം ഒരു കുട്ടയ്ക്കുണ്ടല്ലോ എന്തുപറ്റി????? അകത്തേക്ക് വന്ന ശ്രീയെ നോക്കി ഹരി ചോദിച്ചു. ഒന്നുല്ല ചെറിയച്ഛാ ഇത് ജിത്തുവേട്ടൻ കൊണ്ടുപോവാത്തതിന്റെ ദേഷ്യാ….. ആമി മറുപടി കൊടുത്തു. ആഹ് പിന്നെ ചെറിയച്ഛാ ദേവേട്ടൻ വന്നിട്ടുണ്ട്. ഏ ഋഷി വന്നോ???? എന്നിട്ടെന്തേ?????? നിങ്ങളെന്താ മോനെ അകത്തേക്ക് വിളിക്കാഞ്ഞത്????? ഹരി അവരോടായി ചോദിച്ചു. അവർ വിളിച്ചതാ അച്ഛാ ഞാനാ പുറകെ വന്നേക്കാമെന്ന് പറഞ്ഞത്. ഋഷി അകത്തേക്ക് കയറി കൊണ്ട് മറുപടി കൊടുത്തു. അവിടെ തന്നെ നിക്കാതെ അകത്തേക്ക് കയറി ഇരിക്ക്‌ മോനെ. ഹരി സ്നേഹത്തോടെ അവനെ ക്ഷണിച്ചു. അച്ഛാ ഇതാണ് ശരൺ. അവൻ ശരണിനെ ഹരിക്ക് പരിചയപ്പെടുത്തി. ഋഷി പറഞ്ഞിരുന്നു വന്ന കാലിൽ നിക്കാതെ ഇരിക്ക്‌ മോനെ. ശ്രീക്കുട്ടി നോക്കി നിക്കാതെ ചായ എടുത്തു വാ. ഹരി അവളെ നോക്കി പറഞ്ഞു. അത് വേണ്ടച്ഛാ പെണ്ണുകാണാൻ വന്നത് ശീതളിനെയല്ലേ അപ്പൊ അവളല്ലേ ചായ കൊണ്ടുവരേണ്ടത്???? ഋഷി ചിരിയോടെ പറഞ്ഞു നിർത്തി.

അത് മോനെ ശീതൾ ഇവിടെ ഇല്ല ജിത്തു അവളെയും കുഞ്ഞിനെയും കൂട്ടി അവർക്ക് വേണ്ട സാധനങ്ങൾ വാങ്ങാൻ പോയിരിക്കുവാ. അത് മാത്രമല്ല ഇങ്ങനെ ഒരു പെണ്ണ് കാണലിന്റെ കാര്യം അവളോട്‌ പറഞ്ഞിട്ടില്ല. ഹരി പറഞ്ഞു നിർത്തി. അത് സാരമില്ല അങ്കിൾ അവൾ ഞങ്ങളെ കാണുമ്പോൾ എല്ലാം അറിഞ്ഞാൽ മതി ആദ്യം അവൾക്ക് സമ്മതമാണോ എന്നറിയണം അതറിയാനാണ് വന്നത്. അതുകൊണ്ട് തന്നെയാ ഞാനൊറ്റയ്ക്ക് വന്നത് സമ്മതമാണെങ്കിൽ മാത്രം അമ്മയെ കൊണ്ടുവന്നാൽ മതിയല്ലോ???? ശരൺ പറഞ്ഞു നിർത്തി. മോൻ വിഷമിക്കണ്ട ഞങ്ങളെല്ലാവരും കൂടി അവളോട്‌ പറയാം. ശീതൾ സമ്മതിക്കും എനിക്കുറപ്പുണ്ട്. മോന്റെ മനസ്സിന്റെ നന്മയെ കണ്ടില്ലെന്ന് നടിക്കാൻ അവൾക്കാവില്ല. ഹരി അവന്റെ തോളിൽ തട്ടികൊണ്ട് പറഞ്ഞു. അല്ലച്ഛാ ബാക്കിയുള്ളവരൊക്കെ എന്തേ??? അച്ഛനും ശിവേട്ടനും കൂടി ഓഫീസിലേക്ക് പോയി. ജിത്തു ശീതളിനെയും കൂട്ടി ഷോപ്പിങ്ങിന് പോയി.

അമ്മ കാലിൽ കുഴമ്പിട്ടിട്ട് കിടക്കുവാ. പിന്നെ പെണ്ണുങ്ങളെല്ലാം അടുക്കളയിലുണ്ട്. ഹരി ഋഷിക്ക് മറുപടി കൊടുത്തു പിന്നേ അവർ ഓരോന്നായി സംസാരിച്ചു. ഋഷി ഈ സമയം ശ്രീയെ നോക്കികൊണ്ടിരുന്നു. അവൻ നോക്കുന്നത് കണ്ട അവൾ ചുണ്ട് കൂർപ്പിച്ച് മുഖം വെട്ടിച്ചു. അത് കണ്ടവന് ചിരി പൊട്ടി. അവൻ ചിരിയടക്കികൊണ്ട് ഹരിയെ നോക്കി. അച്ഛാ ഞാൻ നന്ദൂനേം കൂട്ടി ഒന്ന് പുറത്ത് പൊക്കോട്ടെ????? അവന്റെ ചോദ്യം കേട്ട് ശ്രീ വായും പൊളിച്ചവനെ നോക്കി. അതിനെന്താ മോനെ നീ അവളെയും കൊണ്ടുപോക്കോ. ഹരിയുടെ മറുപടി കേട്ടതും ഋഷി ചിരിച്ചു കൊണ്ട് എഴുന്നേറ്റു. ശ്രീക്കുട്ടി നീയെന്ത് നോക്കി നിക്കുവാ ചെല്ല് ഋഷിയുടെ കൂടെ പോയിട്ട് വാ. ഹരിയുടെ വാക്കുകൾ കേട്ടവൾ അവനെ കൂർപ്പിച്ചു നോക്കികൊണ്ട് പുറത്തേക്കിറങ്ങി. ഋഷി ബൈക്കിൽ കയറി സ്റ്റാർട്ട്‌ ചെയ്തു. ശ്രീ അതൊന്നും ശ്രദ്ധിക്കാതെ ആകാശത്ത് പറന്നു പോവുന്ന പറവകളുടെ എണ്ണം എടുക്കുകയാണ്. ഇനി തമ്പുരാട്ടിക്ക് താലപ്പൊലി ഒരുക്കണോ ഇതിൽ കയറാൻ ????? വന്ന് വണ്ടിയിൽ കയറെഡി. ഋഷി ഒച്ചയെടുത്തപ്പോൾ അവൾ നല്ല കുട്ടിയായി ബൈക്കിൽ കയറി. ഇതെന്താ അന്യനോ മിനിറ്റിന് മിനിറ്റിനല്ലേ സ്വഭാവം മാറുന്നത്. ഇന്നലെ ഫോണിൽ വിളിച്ചപ്പോൾ റെമോ അച്ഛന്റെ മുന്നിൽ അംബി ദേ ഇപ്പൊ അന്യൻ. മുരടൻ……………. അവൾ പിറകിലിരുന്ന് പിറുപിറുത്തു. ഇതെല്ലാം കേട്ട് ഋഷിക്ക് ചിരി വന്നു. മിററിലൂടെ അവളുടെ കാട്ടിക്കൂട്ടലുകൾ നോക്കി ചിരിയോടെ അവൻ ബൈക്ക് മുന്നോട്ടെടുത്തു.

ഋഷിയുടെ ബൈക്ക് പടി കടന്നു പോയതും അഭിയുടെ കാർ തറവാടിന് മുന്നിൽ വന്നു നിന്നു. ശീതൾ ഡോർ തുറന്ന് കുഞ്ഞിനേയും കൊണ്ടിറങ്ങി. നീ കുഞ്ഞിനേയും കൊണ്ട് അകത്തേക്ക് പൊക്കോ ഞാൻ ഈ സാധനങ്ങളൊക്കെ എടുത്തുകൊണ്ട് വന്നേക്കാം. അഭി പറഞ്ഞതും അവൾ തലയാട്ടി കുഞ്ഞുമായി അകത്തേക്ക് നടന്നു. അകത്ത് സ്വീകരണ മുറിയിലെ സോഫയിൽ ഹരിയോട് സംസാരിച്ചിരിക്കുന്ന വ്യക്തിയെ കണ്ടവൾ കൂച്ചുവിലങ്ങിട്ടത് പോലെ നിന്നു. ശരൺ……………….. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. അങ്കിൾ……….. ശരണിനെ കണ്ട സന്തോഷത്തിൽ പൊന്നു ശീതളിന്റെ കയ്യിൽ നിന്നൂർന്നിറങ്ങി അവന്റെ അടുത്തേക്ക് ഓടി. അവൻ പൊന്നുവിനെ കയ്യിലെടുത്ത് കവിളിൽ ഉമ്മ വെച്ചു. പൊന്നു സന്തോഷത്തോടെ അവനോടു ചേർന്നിരുന്ന് വാ തോരാതെ സംസാരിക്കുന്ന തിരക്കിലാണ്. അവനെല്ലാം ക്ഷമയോടെ കേൾക്കുകയും ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ട്. ശീതൾ കണ്ണിമ വെട്ടാതെ അവനെ നോക്കി നിന്നു. അവനെ കണ്ടപ്പോൾ മനസ്സിലുടലെടുത്ത വികാരത്തിന് പേര് കണ്ടെത്താനാവാതെ അവൾ നിന്നു. തുടരും……………………… രചന :: ആർദ്ര അമ്മു