രചന – ആർദ്ര അമ്മു
പൊന്നുമോൾ അവനെ നോക്കി ഇരുന്നതല്ലാതെ ഒന്നും മിണ്ടിയില്ല. അവൾ വിളിക്കാതെ ആയപ്പോൾ നിരാശയോടെ അവനിരുന്നു. അത് കണ്ട് ശീതളിനും വിഷമം തോന്നി. സാരമില്ലെടാ അവൾ കുഞ്ഞല്ലേ പെട്ടെന്ന് അച്ഛാന്നൊക്കെ വിളിക്കാൻ പറഞ്ഞാൽ ചിലപ്പോൾ കഴിഞ്ഞെന്ന് വരില്ല. പോട്ടെ നീയിങ്ങനെ വിഷമിച്ചിരിക്കാതെ പോയി ഒന്ന് കുളിച്ചിട്ട് വാ ചെല്ല്……. അമ്മ അവനെ മുറിയിലേക്ക് പറഞ്ഞു വിട്ടു. അവൻ എഴുന്നേറ്റു പോവുന്നതും നോക്കി ശീതളിരുന്നു. മോളിങ്ങനെ വിഷമിക്കാതെ ഇത്രയും നാൾ അങ്കിൾ എന്ന് വിളിച്ചു നടന്നിട്ട് പെട്ടെന്ന് അത് അച്ഛനാണ് അങ്ങനെ വിളിക്കണം എന്ന് പറഞ്ഞാൽ അവൾക്ക് സാധിച്ചില്ലെന്ന് വരാം. അവൾ കുഞ്ഞല്ലേ തിരിച്ചറിവ് പോലുമില്ലാത്ത പ്രായമാണ് ഇവിടെ പക്വത കാണിക്കേണ്ടത് നമ്മളല്ലേ??????? അവൾ സാവധാനം എല്ലാം മനസ്സിക്കിക്കോളും അത് വരെ അവൾക്ക് സമയം കൊടുക്ക്.
അമ്മ അവളുടെ കയ്യിൽ പിടിച്ചുകൊണ്ട് പറഞ്ഞു. മറുപടിയായി അവളൊരു വിളറിയ പുഞ്ചിരി സമ്മാനിച്ചു. ഞാൻ അടുക്കളയിലേക്ക് ചെല്ലട്ടെ അത്താഴം എന്തെങ്കിലും ഒരുക്കണ്ടേ ഇന്ന് കല്യാണ തിരക്ക് കാരണം ഒന്നിനും കഴിഞ്ഞില്ല. അവർ എഴുന്നേറ്റു കൊണ്ട് പറഞ്ഞു. ഞാനും വരാമ്മേ ഒറ്റക്ക് ചെയ്യണ്ട. ശീതൾ അവരുടെ കൂടെ എഴുന്നേറ്റു. വേണ്ട മോളെ ഞാൻ ഒറ്റയ്ക്ക് ചെയ്തോളാം നീ കൂടി വന്നാൽ കുഞ്ഞ് ഒറ്റയ്ക്കായിപോവും. അവളെ തടഞ്ഞു കൊണ്ടവർ പറഞ്ഞു. അത് കുഴപ്പമില്ലമ്മേ അവൾ ഒറ്റയ്ക്കിരുന്നു കളിച്ചോളും മോൾക്കതൊക്കെ ശീലമാ. എന്നാലും?????? എങ്കിൽ കുഞ്ഞിനെ ഞാൻ മുറിയിൽ കൊണ്ടുപോയി ഇരുത്താം അവിടെ ആവുമ്പോൾ പേടിക്കണ്ടല്ലോ ഏട്ടനിപ്പോ കുളിച്ചിട്ട് ഇറങ്ങുമല്ലോ?????? അവൾ ശരണിനെ ഏട്ടാന്ന് വിളിച്ചത് കേട്ട് അമ്മ അവളെ അതിശയത്തോടെ നോക്കി.
അവൾക്കപ്പോഴാണ് ബോധം വന്നത് അവൾ ചമ്മലോടെ നിന്നു. ചമ്മണ്ട ഭർത്താവിനെ ഭാര്യ അങ്ങനെ തന്നെയാണ് വിളിക്കേണ്ടത്. അവൾ ഒന്ന് ചിരിച്ചു. പിന്നെ അവിടെ നിന്നില്ല കുഞ്ഞിനെ എടുത്തു മുറിയിലേക്ക് നടന്നു. കട്ടിലിൽ ഇരുത്തിയിട്ട് പോവാൻ മനസ്സ് വന്നില്ല അവൾ കുഞ്ഞിനെ താഴെ ഇരുത്തി കളിപ്പാട്ടങ്ങൾ കയ്യിൽ വെച്ച് കൊടുത്തു. അമ്മ ഇപ്പൊ തന്നെ വരാട്ടോ എന്റെ മോൾക്ക് ഭക്ഷണം കഴിക്കണ്ടേ അതുകൊണ്ട് അമ്മ ഭക്ഷണവുമായി വരുന്നത് വരെ കുറുമ്പൊന്നും കാട്ടാതെ ഇവിടെ തന്നെ ഇരിന്നോണം കെട്ടോ???? ശീതൾ അവളോടായി പറഞ്ഞു. എല്ലാം മനസ്സിലായത് പോലെ അവൾ അനുസരണയോടെ തലയാട്ടി. അവൾ കുഞ്ഞിനൊരുമ്മയും കൊടുത്ത് അടുക്കളയിലേക്ക് നടന്നു.
ശരൺ കുളി കഴിഞ്ഞ് മുറിയിലേക്ക് കയറിയപ്പോൾ കണ്ടു താഴെ ഇരുന്നു കളിപ്പാട്ടങ്ങളോട് മൽപ്പിടുത്തം നടത്തുന്ന പൊന്നു മോളെ. അവൻ വാത്സല്യത്തോടെ അവളെ നോക്കി. എന്നാണ് മോളെ നീയെന്നെ അച്ഛാന്ന് വിളിക്കുന്നത്????? വിഷമത്തോടെ മനസ്സിൽ പറഞ്ഞു. തല നല്ലവണ്ണം തുവർത്തി അവൻ ടവൽ കസേരയിൽ വിരിച്ചിട്ട് ഒരു ബനിയൻ എടുത്തിട്ട് കുഞ്ഞിന്റെ അടുത്തായി ഇരുന്നു. അവൾ അപ്പോഴും കളിപ്പാട്ടങ്ങളുടെ ലോകത്തായിരുന്നു. അവൻ കുഞ്ഞിനെ ശല്യപ്പെടുത്താതെ അവളെ തന്നെ നോക്കിയിരുന്നു. എന്തൊക്കെയോ ചിന്തകൾ മനസ്സിൽ കടന്നു പോയി. പൊന്നുമോളുടെ കയ്യിൽ തട്ടിയുള്ള വിളിയാണ് അവനെ സ്വബോധത്തിൽ എത്തിച്ചത്. എന്താ മോളെ ???????? അവൻ ഞെട്ടി അവളോടായി ചോദിച്ചു. അച്ഛക്ക് എന്നോട് പിണക്കാണോ????? എന്താ പറഞ്ഞേ????? വിശ്വാസം വരാതെ അവൻ ചോദിച്ചു.
അച്ഛ എന്നോട് എന്താ മിണ്ടാത്തെ???? ചുണ്ട് പിളർത്തി അവൾ ചോദിച്ചു. എന്നെ എന്താ വിളിച്ചേ?????? അച്ഛാന്ന്……………. ഒന്നൂടി…… ഒന്നൂടി വിളിച്ചേ……………. അത് പറയുമ്പോൾ അവന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. അച്ഛാ………………… പൊന്നു അവനെ വിളിച്ചു തീർന്നതും അവൻ അവളെ വാരിയെടുത്ത് ചുംബനങ്ങളാൽ മൂടി. അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അയ്യേ അച്ഛ കരയാ……. ചീത്ത കുട്ടികളാ കരയുന്നത്………. അത് പറഞ്ഞവൾ അവന്റെ കണ്ണുനീർ അവളുടെ കുഞ്ഞി കൈകളാൽ തുടച്ചു മാറ്റി അവന്റെ ഇരുകവിളിലും മുത്തി. ഇതെല്ലാം കണ്ട് കൊണ്ട് വാതിൽ പടിയിൽ നിന്ന ശീതളിന്റെ കണ്ണുകളും നിറഞ്ഞൊഴുകി. ————– പൊന്നു മോൾ പോയതിൽ പിന്നെ തറവാട് ആകെ ഉറങ്ങിയത് പോലെ ആയിരുന്നു. കുഞ്ഞു കൊലുസ്സും കുലുക്കി അവിടെ എല്ലാം ഓടി നടന്ന അവൾ ഇല്ലാതെ വന്നപ്പോൾ മൊത്തത്തിൽ ഒരു ശൂന്യത. ആരും ഒരുഷാറില്ലാതെ ഇരുന്നു.
പൊന്നു മോളുടെ കുറവ് ഏറ്റവും ബാധിച്ചത് ശ്രീയേയും ആമിയേയും അഭിയേയും ആയിരുന്നു. അവൾ വന്നത് മുതൽ അവളെ നോക്കുന്ന ഡ്യൂട്ടി അവർക്കായിരുന്നു. കുഞ്ഞിന് പിറകെ മൂന്നു പേരും നടക്കും. പൊന്നുമോൾ ഉണ്ടായിരുന്ന നാളുകളിൽ അഭി നേരെ ചൊവ്വേ ഓഫീസിൽ പോലും പോവാറില്ലായിരുന്നു. അതിന്റെ പേരിൽ മുത്തശ്ശന്റെയും അച്ഛന്റെയും വായിൽ നിന്ന് കണക്കിന് കേൾക്കാറുമുണ്ടായിരുന്നു പക്ഷെ അവനതൊന്നും പുത്തരിയല്ല എല്ലാ വഴക്കും കേട്ട് കഴിഞ്ഞു പൊന്നുമോളുടെ കൂടെ കളിക്കും. അവന്റെ നെഞ്ചിൽ കിടന്നേ അവൾ ഉറങ്ങാറുള്ളൂ. അതുപോലെ ശ്രീയും ആമിയും വേണം ഊട്ടാൻ. ഇതെല്ലാം അവരെ സങ്കടത്തിലാഴ്ത്തി. വിവാഹത്തിന് വന്ന എല്ലാവരും തിരികെ പോയിരുന്നു. എന്തോ ബിസിനസ് കാര്യങ്ങൾ ചർച്ച ചെയ്യാനുള്ളത് കൊണ്ട് ഋഷി മാത്രം തിരികെ പോയില്ല. കുഞ്ഞ് പോയ വിഷമത്തിൽ റൂമിൽ ഇരിക്കുകയായിരുന്നു ശ്രീ. വിരസത സഹിക്കാൻ കഴിയാതെ വന്നപ്പോൾ അവൾ പുറത്തേക്കിറങ്ങി.
മുറ്റത്തെ മാവിൻ ചുവട്ടിൽ പോയിരുന്നു. ഒരു മന്ദമാരുതൻ അവളെ തഴുകി കടന്നു പോയി. സൂര്യൻ യാത്ര പറഞ്ഞു പോവാൻ ഇനി അധികനേരമില്ല. സൂര്യകിരണങ്ങൾ ഏറ്റ് അവളുടെ മൂക്കിൻ തുമ്പിലെ വെള്ളക്കൽ മൂക്കുത്തി ശോഭയോടെ തിളങ്ങി. പ്രകൃതിയിലേക്ക് നോക്കി അവൾ അങ്ങനെ ഇരുന്നു. എന്താണ് എന്റെ നന്ദൂട്ടി ഒറ്റയ്ക്കിരിക്കുന്നത്????? ഋഷി അവളുടെ അടുത്തായി ഇരുന്നുകൊണ്ട് പറഞ്ഞു. ഒന്നുല്ല ഋഷിയേട്ടാ…….. ഒന്നുല്ലേ??????? മ്മ്മ്ഹ……….. ഒന്നുമില്ലെന്ന് തലയാട്ടി അവൾ ഋഷിയുടെ തോളിലേക്ക് ചാഞ്ഞു. അവൻ ഒരു ചിരിയോടെ അവളെ ചേർത്ത് പിടിച്ചു. നന്ദൂ………… മ്മ്മ്മ്……….. പൊന്നുമോൾ പോയതല്ലേ നിന്റെ ഈ വിഷമത്തിന് കാരണം?????? മ്മ്മ്മ്. അവൾ മൂളി. എന്റെ നന്ദൂട്ടി ശീതളിന്റെയും കുഞ്ഞിന്റെയും നല്ല ഭാവിക്ക് വേണ്ടിയല്ലേ ഇങ്ങനെ ഒരു പറിച്ചുനടൽ.
അതിനിങ്ങനെ വിഷമിക്കുവാണോ വേണ്ടത്???? നമുക്ക് എപ്പോ വേണമെങ്കിലും കുഞ്ഞിനെ പോയി കാണാവുന്നതേ ഉള്ളൂ. അതൊക്കെ അറിയാം പക്ഷെ ഇത്രയും നാൾ അവളിവിടെ ഒക്കെ ഓടി നടന്നതല്ലേ ഞാനും ആമിയും ആയിരുന്നു അവളുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് അതൊക്കെ ഓർത്തപ്പോൾ ഒരു വിഷമം. അതാണോ വിഷമം അതൊക്കെ പെട്ടെന്ന് മാറില്ലേ. ഇനി അതും അല്ലെങ്കിൽ ഈ വിഷമം മാറ്റാൻ എന്റെ കയ്യിൽ ഒരു ഐഡിയ ഉണ്ട്. ഋഷി കുസൃതിയോടെ അവളോട് പറഞ്ഞു. എന്ത് ഐഡിയ??? അതേ ഒരു കുഞ്ഞു നന്ദുവോ ഋഷിയോ ദേ ഇവിടെ വരുമ്പോൾ നിനക്കീ വിഷമം എല്ലാം മാറിക്കോളും. അവളുടെ വയറിൽ കൈ വെച്ചവൻ പറഞ്ഞു. അവൻ പറയുന്നത് കേട്ടതും അവൾ അവന്റെ കൈ തട്ടി മാറ്റി എഴുന്നേറ്റു. ഛീ…….. ഒന്ന് പോയെ ഋഷിയേട്ടാ ഒന്ന് പറഞ്ഞാൽ രണ്ടാമത്തത്തിന് സംസാരം അവിടെ കൊണ്ടുപോയി നിർത്തിക്കോണം. കല്യാണം കഴിഞ്ഞാൽ പിന്നെ കുട്ടികൾ ഉണ്ടാവില്ലേ????? പിന്നെ വിഷമം കണ്ടിട്ട് നല്ലൊരു സൊല്യൂഷൻ പറഞ്ഞതല്ലേ??? അയ്യോ എനിക്കൊരു വിഷമവും ഇല്ലേ ഇനി ഋഷിയേട്ടനായിട്ട് ഒരു വിഷമവും ഉണ്ടാക്കാതിരുന്നാൽ മതിയേ. കൈകൂപ്പി അത്രയും പറഞ്ഞവൾ ചവിട്ടി തുള്ളി അകത്തേക്ക് പോയി. അവളുടെ പോക്ക് നോക്കി ഒരു ചിരിയോടെ അവൻ നിന്നു. ——–
പൊന്നുമോൾക്കിപ്പോൾ ശീതളിനെ വേണ്ട അച്ഛാ അച്ഛാന്ന് വിളിച്ച് ശരണിന്റെ പുറകെ ആണിപ്പോൾ. അച്ഛാ എന്നാ പാർക്കിൽ കൊണ്ടുപോണെ??? എനിക്ക് ചോക്ലേറ്റ് വാങ്ങി തരുവോ???? ഉടുപ്പ് വാങ്ങിതരുവോ?????? എന്നൊക്കെ ചോദിച്ചു ശരണിനെ ബുദ്ധിമുട്ടിക്കലാണ് ആളുടെ പണി. ശരണാകട്ടെ ക്ഷമയോടും വാത്സല്യത്തോടും കൂടി അവൾക്ക് ഉത്തരങ്ങൾ പറഞ്ഞു കൊടുക്കുന്നുമുണ്ട്. ഇതിനിടയിൽ അഭിയും ശ്രീയും ആമിയും അവരെ വിളിച്ചു സംസാരിച്ചു. വീഡിയോ കാൾ ചെയ്തപ്പോൾ അവർക്ക് തന്റെ അച്ഛനെ ഗമയോടെ കാണിച്ചു കൊടുക്കുകയും കുസൃതി ചിരിയോടെ അവിടെ വന്നപ്പോൾ മുതലുള്ള വിശേഷങ്ങൾ വാ തോരാതെ പറയുകയും ചെയ്തു. അവളുടെ കളിചിരികൾ കണ്ടപ്പോഴാണ് മൂന്നുപേർക്കും സമാധാനമായത്. രാത്രി പൊന്നുമോൾക്ക് ഭക്ഷണം കൊടുത്തതും താരാട്ട് പാടി ഉറക്കിയതും എല്ലാം അവൻ തന്നെ ആയിരുന്നു. ശീതൾ ഇതെല്ലാം കൺകുളിർക്കെ കണ്ടു നിന്നു.
രാത്രി കിടക്കാൻ മുറിയിലേക്ക് എങ്ങനെ പോവും എന്ന് കരുതി ശീതൾ നിൽക്കുമ്പോഴാണ് അമ്മ ഒരു ഗ്ലാസ് പാൽ അവളെ ഏൽപ്പിക്കുന്നത്. അവൾ പകച്ചവരുടെ മുഖത്തേക്ക് നോക്കി. മോളെ എനിക്കറിയാം നിനക്കത്ര പെട്ടെന്നൊന്നും ശരണിനെ അംഗീകരിക്കാൻ കഴിയില്ലെന്ന് പിന്നെ ഇതൊക്കെ ഓരോ ചടങ്ങുകൾ അല്ലെ. മോളിതും കൊണ്ട് ചെന്ന് കിടന്നോ ചെല്ല്. അമ്മ പറയുന്നത് കേട്ട് അവൾ ഒരു നിമിഷം അങ്ങനെ തന്നെ നിന്നുപോയി. പിന്നെ ഒരു ദീർഘനിശ്വാസം എടുത്തവൾ മുറിയിലേക്ക് നടന്നു. അവൾ മുറിയിലേക്ക് ചെല്ലുമ്പോൾ അവൻ പൊന്നുമോളെ നെഞ്ചിൽ കിടത്തി ബെഡിൽ കിടക്കുകയായിരുന്നു. അവൾ എന്ത് ചെയ്യണം എന്നറിയാതെ നിന്ന് പരുങ്ങി. അവൾ നിൽക്കുന്നത് കണ്ട് ശരൺ പതിയെ പൊന്നുമോളെ കട്ടിലിൽ കിടത്തി എഴുന്നേറ്റു. ഇതെന്താടൊ അവിടെ നിന്ന് കളഞ്ഞത് അകത്തേക്ക് വാടോ. അവൻ അവളെ വിളിച്ചു. അവൾ മടിച്ചു നിന്നു. ഹാ ഇങ്ങോട്ട് വാടോ ഞാൻ തന്നെ ഒന്നും ചെയ്യാൻ പോണില്ല. അവൻ വീണ്ടും പറഞ്ഞു.
അൽപ്പം മടിച്ചു നിന്നെങ്കിലും അവൾ അകത്തേക്ക് കയറി. ഇതെന്താ പാലോ അമ്മ തന്ന് വിട്ടതായിരിക്കുമല്ലേ???? മ്മ്മ്മ്. അവൾ തലയാട്ടി. സാരമില്ല താനത് കുടിച്ചോ. വേണ്ട. കുടിക്കടോ. ഞാൻ……. ഞാൻ പാല് കുടിക്കാറില്ല. എന്നാൽ ഇങ്ങ് തന്നേക്ക് ഞാൻ കുടിച്ചോളാം. അവൻ പറഞ്ഞതും അവൾ പാല് അവന്റെ നേരെ നീട്ടി. അവൻ പാല് മുഴുവൻ കുടിച്ച് ഗ്ലാസ് ടേബിളിൽ വെച്ചു. ഇനി കിടന്നോ എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ചാൽ മതി. കട്ടിലിൽ നിന്നൊരു തലയണയും ബേഡ്ഷീറ്റും എടുത്തുകൊണ്ടവൻ പറഞ്ഞു. എവിടെ പോവുന്നു????? അവൾ സംശയത്തോടെ ചോദിച്ചു. ഞാനാ സെറ്റിയിൽ കിടന്നോളാം നീയും മോളും കട്ടിലിൽ കിടന്നോ. ചിരിച്ചു കൊണ്ട് അത്രയും പറഞ്ഞവൻ തിരിഞ്ഞു. അത് കേട്ടവൾ വേഗം അവന്റെ കയ്യിൽ പിടിച്ചു. അവൻ ഞെട്ടി തിരിഞ്ഞവളുടെ കയ്യിലേക്കും മുഖത്തേക്കും നോക്കി. അത് കണ്ടവൾ വേഗം കയ്യിൽ നിന്ന് വിട്ടു.
അത്….. അതുപിന്നെ ഇവിടെ കിടക്കാൻ സ്ഥലമുണ്ടല്ലോ പിന്നെന്തിനാ മാറി കിടക്കുന്നത്?????? അത് വേണ്ട തനിക്കതൊരു ബുദ്ധിമുട്ടാവും. അവൻ തിരികെ മറുപടി കൊടുത്തു. എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല ഇവിടെ കിടന്നോളൂ. ഏ…………. ഇവിടെ കിടക്കുന്നത് കൊണ്ട് എനിക്കൊരു ബുദ്ധിമുട്ടുമില്ല ഇനി സെറ്റിയിൽ കിടന്നാലേ ഉറക്കം വരൂ എന്നുണ്ടെങ്കിൽ അവിടെ കിടന്നോ. അത്രയും പറഞ്ഞവൾ കട്ടിലിൽ പോയി കിടന്നു. അവളുടെ പ്രവർത്തി കണ്ടവൻ ചിരിയോടെ അവളെ നോക്കി പിന്നെ ലൈറ്റ് ഓഫ് ചെയ്തു ബെഡ്ലാമ്പ് ഓണാക്കി അവളുടെ എതിരെ വന്നു കിടന്നു. എത്രയോ നാൾ താനാഗ്രഹിച്ച സ്വപ്നം യാഥാർഥ്യമായിരിക്കുന്നു. ഇന്ന് തന്റെ ജീവനും ജീവന്റെ പാതിയും തന്നോടൊപ്പമുണ്ട് ഒരു ചെറുചിരിയോടെ മതിയാകുവോളം കുഞ്ഞിനേയും അവളെയും നോക്കി കിടന്നു. അവരെ നോക്കി കിടന്നെപ്പോഴോ അവൻ മയക്കത്തിലേക്ക് വീണു.
തുടരും………………………..

by