18/04/2026

മഴ : ഭാഗം 30

രചന – ആർദ്ര അമ്മു

എല്ലാവരും ആകാംഷയോടെ അയാളുടെ വാക്കുകൾക്കായി അക്ഷമയോടെ ഇരുന്നു. സംഭവിച്ചതെല്ലാം ഒരു ദുഃസ്വപ്നം പോലെ അയാളുടെ മുന്നിൽ തെളിഞ്ഞു.കണ്ണ് തുറക്കുമ്പോൾ അയാൾ ഒരു മുറിയിലായിരുന്നു. അലറി വിളിച്ചിട്ടും ആരും വാതിൽ തുറന്നില്ല. തളർന്നയാൾ നിലത്തിരുന്നു പോയി. പെട്ടെന്നാണ് വാതിൽ തുറന്നൊരാൾ അകത്തേക്ക് വരുന്നത്. മുന്നിൽ വന്ന ആളുടെ മുഖം കണ്ടതും അയാൾക്ക് ദേഷ്യം നിയന്ത്രിക്കാനായില്ല. അയാളവന്റെ മുഖത്താഞ്ഞടിച്ചു. എന്തിനാടാ എന്നെ ഇവിടെ കൊണ്ടുവന്നത്????? മര്യാദക്ക് തുറന്നു വിടെടാ എന്നെ….. ഏയ്‌ പൊടിക്കൊന്നടങ്ങെന്റെ അമ്മാവാ ഒന്നുമില്ലെങ്കിലും ഭാവി മരുമകനല്ലേ ഞാൻ?????  മരുമകനോ നീയോ???? എന്റെ ശരീരത്തിൽ ജീവന്റെ ഒരു തരി ബാക്കിയുണ്ടെങ്കിൽ എന്റെ മകളെ ഞാൻ നിനക്ക് തരില്ലെടാ. അതിന് താനിവിടുന്നു പുറത്ത് പോയിട്ട് വേണ്ടേ???? അമ്മാവന് ഒരു കാര്യമറിയോ തന്നെ ഇവിടെ കൊണ്ടുവന്നിട്ടിന്നേക്ക് 3 ദിവസം കഴിഞ്ഞു. അതുപോലെ അമ്മാവൻ ഇപ്പൊ ഉള്ളത് എവിടെയാ എന്നറിയോ????
താനിപ്പോ ബാംഗ്ലൂറാഡോ ഉള്ളത് അതുപോലെ തറവാട്ടിലെ എല്ലാവരുടെയും മുന്നിൽ താൻ മരിച്ചു കഴിഞ്ഞു.ഞെട്ടിത്തരിച്ചയാൾ അവനെ നോക്കി.

അമ്മാവന് ഒന്നും മനസ്സിലായി കാണില്ല അല്ലെ പോട്ടെ ഞാൻ പറഞ്ഞു തരാം. ശ്രീക്കുട്ടിയെ എനിക്ക് വേണ്ടി ഞാനും എന്റെ അച്ഛനും ഒരുപാട് ചോദിച്ചതല്ലേ താനും തന്റെ തന്തയും കൂടി അതിന് തടസ്സമായി വന്നു. എനിക്ക് താൻ തറവാട്ട് സ്വത്തല്ലാതെ സമ്പാദിച്ചതൊക്കെ സ്വന്തമായി വേണം അതിന് വേണ്ടിയാണ് ശ്രീക്കുട്ടിയെ ഞാൻ വേണമെന്ന് പറഞ്ഞത് പക്ഷെ അമ്പിനും വില്ലിനും താനടുത്തില്ല പിന്നെന്താ ചെയ്യാ????
അതുകൊണ്ട് ഞാനും എന്റെ അച്ഛനും ചേർന്നൊരു പ്ലാനുണ്ടാക്കി. അമ്മാവനെ ആക്‌സിഡന്റ് ആക്കിയിട്ടു എല്ലാവരുടെയും മുന്നിൽ മരിച്ചു എന്ന് വരുത്തി തീർക്കുക. അമ്മാവന് ആക്‌സിഡന്റ് ഉണ്ടാക്കിയത് ഞാനാ. ബോധം പോയ അമ്മാവന്റെ ശരീരത്തിൽ മയക്കുമരുന്ന് കുത്തി വെച്ച് ടാങ്കർ ലോറിയിൽ കയറ്റി ഇങ്ങോട്ട് വിട്ടു. നിങ്ങൾ മരിച്ചെന്നു വിശ്വസിപ്പിക്കാൻ ആ കാർ ഞങ്ങൾ ആക്‌സിഡന്റിൽ കത്തിച്ചാമ്പലായത് പോലെ ക്രിയേറ്റ് ചെയ്തു. എന്നിട്ട് മോർച്ചറിയിൽ നിന്ന് വാങ്ങിയ ഏതോ ആളുടെ കത്തികരിഞ്ഞ ശരീരം അതിലിട്ടു. കുറച്ചു കാശ് വാരിയെറിഞ്ഞത് തന്റെ ശരീരമാണെന്ന് വരുത്തി തീർത്തു. മിനിഞ്ഞാന്നായിരുന്നു അമ്മാവന്റെ ശവ സംസ്ക്കാരം എല്ലാവിധ ചടങ്ങുകളോടും കൂടി നല്ല അന്തസായി തന്നെ അത് നടത്തി കെട്ടോ. അവൻ പൊട്ടിച്ചിരിച്ചു.

ഹരിയുടെ കണ്ണിൽ നിന്ന് ഒരിറ്റ് കണ്ണീർ താഴേക്ക് പതിച്ചു. ഇനിയാണ് എന്റെ യഥാർത്ഥ കളി. ആ പന്ന കിളവൻ തന്റെ തന്തയെ തന്റെ ജീവൻ വെച്ച് ഭീഷണിപ്പെടുത്തി ശ്രീക്കുട്ടിയെ ഞാൻ സ്വന്തമാക്കും. സ്വത്തുക്കൾ എന്റെ പേരിലായി കഴിയുമ്പോൾ സത്യങ്ങളെല്ലാം അറിയുന്ന തന്നെയും തന്റെ തന്തയുടെയും ജീവൻ ഞാനെടുക്കും എന്നിട്ടീ കുറ്റമെല്ലാം ഞാൻ ജിത്തുവിന്റെ തലയിൽ കെട്ടി വെക്കും. ഇതെല്ലാം കേട്ട് പകച്ചയാൾ നിന്നു. എങ്ങനെ എന്നല്ലേ???? അമ്മാവന്റെ കമ്പനിയിൽ തന്റെയും അഭിയുടെയും വിശ്വസ്തനായ കാർത്തിയെ കൊണ്ട് ഞാൻ ഒരു തിരിമറി നടത്തി. കാർത്തിയെ അന്ധമായി വിശ്വസിച്ച അഭി അവൻ കൊടുത്ത പേപ്പഴ്സ് വായിച്ചു നോക്കാതെ തന്നെ സൈൻ ചെയ്തു. അതുകൊണ്ട് തന്നെ ആ തിരിമറി ജിത്തു നടത്തിയതാണെന്നേ പറയൂ. അവൻ പോക്കെറ്റിൽ നിന്നൊരു മുദ്രപത്രം എടുത്തയാൾക്ക് നേരെ കാണിച്ചു. ഇതെന്താണെന്നറിയോ???? ശ്രീക്കുട്ടിയുടെ കല്യാണം കഴിയുന്നത് വരെ അമ്മാവന്റെ ബിസ്സിനെസ്സ് സാമ്രാജ്യം നോക്കി നടത്താനായി അമ്മാവൻ എനിക്ക് തന്ന അധികാരമാണിത്.ഇല്ല…………

ഏയ്‌ അമ്മാവൻ ഇല്ലയെന്നോന്നും പറഞ്ഞിട്ട് കാര്യമില്ല. ഒന്ന് സൂക്ഷിച്ചു നോക്കിയേ അമ്മാവന്റെ ഒപ്പ് തന്നെയല്ലേ ഇത്???? ഹരി ഒപ്പ് സൂക്ഷിച്ചു നോക്കി. അതേ തന്റെ ഒപ്പാണത് പക്ഷെ എങ്ങനെ????? എന്താ അമ്മാവാ ഇത് എത്ര വിശ്വസ്ഥനാണെങ്കിലും കൊണ്ടു വന്നു തരുന്ന ഫയലോന്ന് വായിച്ചു പോലും നോക്കാതെ ഒപ്പിട്ടാൽ ഇങ്ങനെ ഇരിക്കും. അത് കേട്ടപ്പോൾ തനിക്ക് ചതിവ് പറ്റി എന്ന് ബോധ്യമായി. ഒരു സ്റ്റാഫ്‌ എന്നതിലുപരി മകനെ പോലെ ആയിരുന്നു കാർത്തി അയാൾക്ക്. ആ അവൻ തന്നെ ചതിക്കുമെന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല. തലക്കടി കിട്ടിയത് പോലെ ഇരുന്നു പോയി. എന്താ അമ്മാവാ ഇത്ര പെട്ടെന്ന് തകർന്ന് പോയോ??? ഹഹഹ ഇനിയും എന്തൊക്കെ കാണാനിരിക്കുന്നു. പിന്നെ അഭിയെയും വല്യമ്മാവനെയും ഞാനൊന്ന് പേടിച്ചിരുന്നു കെട്ടോ. പക്ഷെ അവർ ഞാൻ കരുതിയത് പോലെയല്ല സ്നേഹം നടിച്ചു നിന്നത് തന്റെ സ്വത്തുക്കൾ കണ്ടായിരുന്നു. താനങ്ങു തട്ടി പോയെന്നറിഞ്ഞപ്പോൾ അവർ മറുകണ്ടം ചാടി. പണത്തിനു വേണ്ടി ഇപ്പൊ ഞാൻ കളിക്കുന്ന കളികൾക്കൊക്കെ അവരുമുണ്ട് കൂടെ.

അത് കൂടി കേട്ട് നിസ്സഹായനായി എല്ലാം തകർന്നവനെ പോലെ ഇരുന്നു പോയി. പക്ഷെ അമ്മാവൻ ജീവനോടെ ഉള്ളതൊന്നും അവർക്കറിയില്ല ഞാൻ ചെയ്യുന്നതൊക്കെ ആരുടെയെങ്കിലും തലയിൽ വെക്കണ്ടേ?????? സ്വത്തിനു വേണ്ടി സ്വന്തം കുടുംബത്തിലെ രണ്ടു പേരെയും ദാരുണമായി കൊലപ്പെടുത്തിയ അച്ഛനും മകനും അറസ്റ്റിൽ എങ്ങനുണ്ട് ടൈറ്റിൽ????? ഹഹഹാ അട്ടഹസിച്ചു കൊണ്ടവൻ പറഞ്ഞു നിർത്തി. ഇനി അമ്മാവൻ വിശ്രമിച്ചോ ഒരുപാട് കാര്യങ്ങൾ അറിഞ്ഞതിന്റെ ഞെട്ടൽ കാണും പതിയെ മാറിക്കോളും. ശ്രീക്കുട്ടിയുടെ കഴുത്തിൽ താലി കെട്ടിയിട്ട് ഞാൻ വരാം. എന്നിട്ട് വേണം അമ്മാവനെ അങ്ങ് പരലോകത്തേക്കയക്കാൻ. സ്വന്തം മരുമകന്റെ കൈ കൊണ്ട് മരിക്കാനും ഒരു യോഗം വേണം അമ്മാവാ…….. അത്രയും പറഞ്ഞവൻ പുറത്തേക്കിറങ്ങി.കേട്ടതൊന്നും വിശ്വാസികളനാവാതെ അയാൾ തറഞ്ഞിരിന്നു പോയി. ഓർമ്മകളിൽ അയാളുടെ കണ്ണ് നിറഞ്ഞു. ഋഷി എഴുന്നേറ്റയാളുടെ അടുത്ത് വന്നിരുന്നുകൊണ്ട് തോളിൽ കൈ വെച്ച് ആശ്വസിപ്പിച്ചു.
ശ്രീ ഇതെല്ലാം നിറഞ്ഞ കണ്ണുകളോടെ കൗതുകത്തോടെ നോക്കി കാണുകയായിരുന്നു.

ഒരു നിമിഷത്തിന് ശേഷം അയാൾ വീണ്ടും പറയാനാരംഭിച്ചു. പിന്നീടവൻ വരുന്നത് ജാനകിയും ശ്രീക്കുട്ടിയും രക്ഷപെട്ടു പോയി കഴിഞ്ഞാണ്. മുഴുവൻ ദേഷ്യത്തിലായിരുന്നു. പക്ഷെ അന്നാണ് മനസ്സിൽ ഒരു സമാധാനം കിട്ടിയത് എന്റെ മോളാ ദുഷ്ടന്റെ കയ്യിൽ നിന്ന് രക്ഷപെട്ടല്ലോ???? എന്റെ മനസ്സിൽ നിങ്ങൾ രണ്ടുപേരും എവിടെയെങ്കിലും സമാധാനത്തോടെ ജീവിക്കണേ എന്ന പ്രാർത്ഥനയായിരുന്നു. ഒരുപാട് തവണ ഞാൻ രക്ഷപെടാൻ ശ്രമിച്ചു. ഒരു തവണ അവിടെ നിന്ന് പുറത്ത് കടന്നതുമാണ് പക്ഷെ പിടിക്കപ്പെട്ടു. ഒരു പ്രതീക്ഷയും ഇല്ലാതെ ഇരിക്കുമ്പോഴാണ് ഋഷിയും അഭിയും എന്നെതേടി അവിടെ എത്തുന്നത്. നിങ്ങളെ ആരെയും ഇനിയൊന്ന് കാണാൻ പോലും കഴിയും എന്നുകരുതിയതല്ല. ആ ഇരുട്ടറയിൽ എല്ലാം അവസാനിക്കും  എന്നായിരുന്നു കരുതിയത്. ഇടറിയ ശബ്ദത്തിൽ അയാൾ പറഞ്ഞു തീർന്നതും ശ്രീ അയാളെ കെട്ടിപിടിച്ചു കരഞ്ഞു. എന്താ ഇത് മോളെ കരയാതെ ഞാൻ തിരിച്ചെത്തിയില്ലേ എന്റെ കുഞ്ഞിനെ കണ്ണ് നിറച്ചു കാണാൻ സാധിച്ചില്ലേ?????
മതി കരഞ്ഞത് ഈ കരച്ചിൽ കാണാനല്ല ഞാനാഗ്രഹിച്ചത്. ഒരുപാട് സഹിച്ചല്ലേ എന്റെ അച്ഛൻ???? വിതുമ്പിക്കൊണ്ടവൾ ചോദിച്ചു.ഒന്നുല്ലടാ എന്റെ വിഷമങ്ങളെല്ലാം ദേ നിന്നെയും ജാനകിയെയും കണ്ടപ്പോൾ തന്നെ മാറി. ഇപ്പൊ ഞാൻ ഒരുപാട് സന്തോഷവാനാണ്. ആ കണ്ണ് തുടച്ചേ…..

അയാൾ തന്നെ അവളുടെ കണ്ണീർ തുടച്ചു കൊടുത്തു. മതി മതി സെന്റി അടിച്ചത്.
അഭി ഇടപെട്ടു. അവൻ ശ്രീയുടെ അടുത്ത് ചെന്നിരുന്നു. സോറി മോളെ നിന്നെ ഞാൻ ഒരുപാട് അവോയ്ഡ് ചെയ്തു. പക്ഷെ എനിക്ക് വേറെ വഴി ഇല്ലായിരുന്നെടാ നീ കരഞ്ഞപ്പോഴെല്ലാം പിടച്ചത് എന്റെ നെഞ്ചായിരുന്നു. ഒന്നും പറയാൻ പറ്റാതെ ഒന്ന് സമാധാനിപ്പിക്കാൻ പോലും കഴിയാതെ ഞാൻ നിസ്സഹായനായി പോയി. ക്ഷമിക്കില്ലേടി ഈ ഏട്ടനോട്????? അവൻ പറഞ്ഞു തീർന്നതും ശ്രീ അവനെ ഇറുകെ പുണർന്നു. അത് മാത്രം മതിയായിരുന്നു അവന്റെ ഉള്ളിൽ ആളിയ അഗ്നിയെ ശമിപ്പിക്കാൻ. അവനും അവളെ നെഞ്ചോടു ചേർത്ത് പിടിച്ചു. എനിക്കറിയണം അഭിയേട്ടാ പിന്നീട് എന്തൊക്കെയാ നടന്നതെന്ന്.ദൃഡമായ അവളുടെ ശബ്ദം കേട്ടവൻ അവളെ അവനിൽ നിന്നടർത്തി മാറ്റിക്കൊണ്ട് അവളുടെ കയ്യിൽ മുറുകെ പിടിച്ചു. പറയാടാ എല്ലാം നീ അറിയണം. അഭി പതിയെ പറയാൻ തുടങ്ങി. അന്ന് ചെറിയച്ഛന്റെ ബോഡി കൊണ്ടുവന്ന സമയം എല്ലാവരും തകർന്ന് പോയി. എന്ത് ചെയ്യണം എന്നറിയാതെ ഞാൻ പകച്ചു നിന്നുപോയി. നിന്നെ ഒന്നാശ്വസിപ്പിക്കണം എന്നുമുണ്ടായിരുന്നെങ്കിലും അച്ഛനെന്നെ തടഞ്ഞു. എന്താണ് കാര്യം എന്നറിയാതെ അച്ഛനെ നോക്കിയപ്പോഴേക്കും അച്ഛൻ എന്നെ വലിച്ചു മുറിയിൽ കയറ്റിയിരുന്നു.

എന്താ അച്ഛാ?????? ജിത്തു നിന്നോടൊരത്യാവശ്യ കാര്യം എനിക്ക് പറയണം പക്ഷെ ഇത് നമ്മളല്ലാതെ മറ്റൊരാൾ അറിയാൻ പാടില്ല. അവൻ എന്തെന്നർത്ഥത്തിൽ അച്ഛനെ നോക്കി. ഹരി….. ഹരി മരിച്ചിട്ടില്ല. എന്താ?????????????? ഇല്ലെടാ എന്റെ ഹരി മരിച്ചിട്ടില്ല. അവനെ ആ വിവേകും അവന്റെ തന്ത ആ മോനും ചേർന്ന് എവിടെയോ പൂട്ടി ഇട്ടിരിക്കുവാ.അഭി ഞെട്ടലോടെയാണ് അത് കേട്ടത്. അവനു ശ്രീക്കുട്ടിയെ സ്വന്തമാക്കണം അത് വഴി സകല സ്വത്തുക്കളും കൈക്കലാക്കണം അതിന് വേണ്ടി കളിക്കുന്ന ഡ്രാമയാണിത്. ഹരിയുടെ ജീവൻ കാണിച്ചു അച്ഛനെ ഭീഷണിപ്പെടുത്തി ശ്രീക്കുട്ടിയെ കല്യാണം കഴിക്കാനും അതിന് ശേഷം ഹരിയേയും അച്ഛനെയും കൊന്ന് ആ കുറ്റം നിന്റെയും എന്റെയും തലയിൽ കെട്ടി വെക്കാനുമാണ് അവൻ പ്ലാൻ ചെയ്യുന്നത്…..നിന്റെ പേരിൽ അവൻ കമ്പനിയിൽ കോടികളുടെ തിരിമറി ചെയ്തിട്ടുണ്ട്. അതുപോലെ ഹരിയുടെ ഒപ്പ് ഉപയോഗിച്ച് അവൻ ഒരു പവറോഫറ്റോണിയും ഉണ്ടാക്കിയിട്ടുണ്ട്. ശ്രീക്കുട്ടിയുടെ കല്യാണം കഴിയുന്നത് വരെ കമ്പനി നോക്കി നടത്താനുള്ള അവകാശം ഇപ്പൊ അവനാണ്.

പക്ഷെ അച്ഛാ ഇതൊക്കെ എങ്ങനെ???? അറിയില്ല മോനെ കൂടെ നിന്ന് ആരോ നിന്നെയും ഹരിയേയും ചതിച്ചു. ഞാനിതെല്ലാം വിവേക് ഫോണിലരോടൊ പറയുന്നത് കേട്ടതാ. വെറുതെ വിടില്ല ഞാനവനെ അങ്ങനെ എന്റെ ശ്രീക്കുട്ടിയെ അവന് ബലി കൊടുക്കാൻ ഞാൻ സമ്മതിക്കില്ല. ദേഷ്യത്തിൽ വെളിയിലേക്കിറങ്ങാൻ ഭാവിച്ച അവനെ ശിവനന്ദൻ പിടിച്ചു നിർത്തി. അടങ്ങു ജിത്തു നീയൊന്ന് നമ്മുടെ ഹരിയുടെ ജീവനിപ്പോ അവന്റെ കയ്യിലാ. എടുത്തുചാടി എന്ത് പ്രവർത്തിച്ചാലും അതവന്റെ ജീവന് ആപത്താണ്. ഇവിടെ ശക്തിയല്ല ബുദ്ധിയാണ് പ്രയോഗിക്കേണ്ടത്. സംശയത്തോടെ നിന്ന അവനോടയാൾ മനസ്സിലുള്ള പ്ലാനെല്ലാം പറഞ്ഞു.എല്ലാം മനസ്സിലായത് പോലെ അവൻ തലയാട്ടി. പലതും മനസ്സിൽ ഉറപ്പിച്ചവർ മുറിക്ക് പുറത്തേക്കിറങ്ങി. ഫോണെടുത്ത് ദേവ് എന്ന് സേവ് ചെയ്ത നമ്പറിൽ വിളിക്കുമ്പോൾ ഉള്ളിൽ ഒരു കടലിരമ്പുന്നുണ്ടായിരുന്നു.തുടരും………………………………