രചന – ആർദ്ര അമ്മു
ചുമലിൽ ആരുടെയോ സ്പർശം അറിഞ്ഞതും ശരൺ തിരിഞ്ഞു നോക്കി. ഋഷി സർ………….. അവന്റെ ചുണ്ടുകൾ മന്ത്രിച്ചു. എന്താണ് ശരൺ ഡോക്ടർ ഇവിടെ????? ഞാൻ…….. ഞാൻ ശീതളിനെ കാണാൻ…………… ഓഹ്. ഹോസ്പിറ്റലിലെ യങ് ആൻഡ് എലിജിബിൾ കാർഡിയോളജിസ്റ്റായ ശരൺ എന്തിനാ വെറുമൊരു നേഴ്സായ ശീതളിനെ കാണാൻ വരുന്നത്?????? ഋഷി ഗൗരവത്തോടെ അവനെ നോക്കി. അവൻ മൗനമായി നിന്നു. ഞാൻ ചോദിച്ചത് കേട്ടില്ലേ??????? എനിക്കിഷ്ടമാണ്. ആരെ????? ഋഷി അവന്റെ മുഖത്തേക്ക് നോക്കി ചോദിച്ചു. ശീതളിനെ എനിക്കിഷ്ടമാണ്. ഒരു കുഞ്ഞിന്റെ അമ്മയായ അവളെയാണോ നീ സ്നേഹിക്കുന്നത്??? നിനക്കെന്താ വേറെ പെണ്ണിനെ കിട്ടില്ലേ????? ഇല്ല സർ എനിക്കവളെ അല്ലാതെ മറ്റാരെയും ആ സ്ഥാനത്തേക്ക് സങ്കൽപ്പിക്കാൻ പോലും കഴിയില്ല. കണ്ട നിമിഷം മുതൽ എന്റെ ചങ്കിൽ കയറികൂടിയതാണവൾ അവൾക്കെന്ത് കുറവുണ്ടെന്ന് പറഞ്ഞാലും അതൊന്നും എനിക്കൊരു പ്രശ്നമല്ല എനിക്കവളെയും കുഞ്ഞിനേയും വേണം ജീവിതകാലം മുഴുവനും.
ഋഷിയെ നോക്കി അവൻ പറഞ്ഞു നിർത്തി. അവന്റെ കണ്ണിൽ ആത്മാർത്ഥയും ശീതളിനോടും കുഞ്ഞിനോടുമുള്ള സ്നേഹം നിറഞ്ഞു നിന്നു. അത് കാൺകെ ഋഷിയുടെ മനസ്സ് നിറഞ്ഞു. മ്മ്മ്മ് ശ്രീക്കുട്ടി എന്നോട് പറഞ്ഞിരുന്നു നിന്റെയും ശീതളിന്റെയും കാര്യം. നീ അവളുടെ കാര്യത്തിൽ സിൻസിയറാണോ എന്നറിയാൻ ചോദിച്ചതാ. ഇപ്പൊ എനിക്ക് ബോധ്യമായി ശ്രീക്കുട്ടി പറഞ്ഞത് ശരിയാണെന്ന്. നിന്റെ കൂടെ അവളും കുഞ്ഞും സുരക്ഷിതരായിരിക്കും. അവൾ സമ്മതിച്ചാൽ നിങ്ങളുടെ കല്യാണം ഞാൻ നടത്തി തരും. അവൻ വിശ്വസിക്കാനാവാതെ ഋഷിയെ നോക്കി. നീയിങ്ങനെ നോക്കണ്ട ഞാൻ സീരിയസായി പറഞ്ഞതാ. ശീതൾ???????? അവളെ ശ്രീകുട്ടിയുടെ വീട്ടിലേക്ക് കൊണ്ടുപോയി വിവേകിന്റെ അമ്മയ്ക്ക് അവളെയും കുഞ്ഞിനേയും കാണണം.
കുറച്ചു കാലം അവളവിടെ നിൽക്കട്ടെ പതിയെ നിന്റെ കാര്യം അവിടെ എല്ലാവരുമായി ഞാൻ ചർച്ച നടത്തിയിട്ട് തീരുമാനിക്കാം. പിന്നെ ശീതളിന്റെ സമ്മതം അവളുടെ മനസ്സിലിപ്പോൾ വിവേകില്ല അതിനേറ്റവും വലിയ തെളിവാണ് അവൻ മരിച്ചെന്നറിഞ്ഞപ്പോൾ പോലും അവളുടെ മുഖത്ത് ദുഃഖത്തിന്റെ ഒരു കണിക പോലുമില്ലാതിരുന്നത്. പക്ഷെ അവളുടെ കണ്ണുകൾ നിറഞ്ഞത് എല്ലാം തകർന്നവനെ പോലെയുള്ള നിന്റെ നിൽപ്പ് കണ്ടായിരുന്നു അത്രയും മതി അവളുടെ ഉള്ളിൽ നീയുണ്ടെന്നറിയാൻ. അവൾ നിന്നെ സ്നേഹിക്കുമെടാ എനിക്കുറപ്പുണ്ട്. ശരണിന്റെ തോളിൽ തട്ടി അവൻ പറഞ്ഞു നിർത്തി. ഞാനിതിനൊക്കെ എങ്ങനാ നന്ദി പറയേണ്ടത്?????? അവൻ നിറഞ്ഞ കണ്ണുകളോടെ ഋഷിയെ നോക്കി. നീ നന്ദിയൊന്നും പറയണ്ട അവളെ പൊന്ന് പോലെ നോക്കിയാൽ മതി. അവളെയും കുഞ്ഞിനേയും ഒരു കുറവും വരുത്താതെ ഞാൻ നോക്കിക്കോളാം.
എന്നാൽ നിനക്ക് കൊള്ളാം അല്ലെങ്കിൽ തടി കേടാവും അവൾക്കേ മൊത്തത്തിൽ ചോദിക്കാനും പറയാനും 3 ആങ്ങളമാരുണ്ട്. ചിരിയോടെ അവൻ ശരണിന്റെ വയറ്റിൽ നോവാതെ ഇടിച്ചു. അല്ല സാറും ശ്രീകുട്ടിയും തമ്മിലെങ്ങനാ???? അവൻ സംശയത്തോടെ ചോദിച്ചു. അവളെന്റെ പെണ്ണാ. ചിരിയോടെ എല്ലാ കാര്യങ്ങളും ഋഷി അവനോട് പറഞ്ഞു. വെറുതെയല്ല ശ്രീക്കുട്ടിയോട് ഞാനൊന്ന് സംസാരിച്ചെന്ന് പറഞ്ഞ് ക്യാബിനിൽ വിളിച്ചെന്നെ കണ്ണ് പൊട്ടുന്ന ചീത്ത പറഞ്ഞതല്ലേ???? ഋഷി അവനെ ഒന്നിളിച്ചു കാണിച്ചു. പിന്നെ ഈ സാർ വിളി അങ്ങ് നിർത്തിയേര് ഞാനിപ്പോ നിന്റെ അളിയനായിട്ട് വരും. അളിയൻ പറഞ്ഞാൽ പിന്നെ അപ്പീലില്ല ഇനി മുതൽ ഇതാണെന്റെ അളിയൻ. അവൻ ഋഷിയുടെ തോളിലൂടെ കയ്യിട്ട് പറഞ്ഞു. മുതലെടുക്കുവാണോ സജി???? ഋഷിയുടെ ചോദ്യത്തിന് വളിച്ച ഒരു ചിരി സമ്മാനിച്ചു. പിന്നതൊരു പൊട്ടിച്ചിരിയായി മാറി. ഋഷി കോൺഫ്രൻസ് കോളിൽ അഭിയേയും നിരഞ്ജനെയും കൂടി വിളിച്ചു. നാലളിയന്മാരും കൂടി പരസ്പരം സംസാരിച്ച് സന്തോഷത്തോടെയാണ് പിരിഞ്ഞത്. തിരികെ വീട്ടിലേക്കുള്ള യാത്രയിൽ ശരണിന്റെ മനസ്സിലെ വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ ശാന്തമായിരുന്നു.
വലിയ തറവാട്ടിന് മുന്നിൽ കാർ നിർത്തിയപ്പോൾ ശീതൾ പരിഭ്രമത്തോടെ ചുറ്റും നോക്കി. അവളുടെ മുഖഭാവം കണ്ട് ശ്രീ അവളെ നോക്കി കണ്ണ് ചിമ്മി കാണിച്ചു. ശ്രീ കാറിൽ നിന്നിറങ്ങി. ഇറങ്ങിയ ഉടൻ ബാക്ക്ഡോർ തുറന്ന് ശീതളിന്റെ മടിയിലായിരുന്ന പൊന്നുവിനെ കയ്യിലെടുത്തു. ശേഷം അവളെ നോക്കി. ഇതെന്തു നോക്കിയിരിക്കാ ശീതൾ ഇറങ്ങ്. അവൾ വിറയ്ക്കുന്ന കാലുകളോടെ പുറത്തേക്കിറങ്ങി. അവളുടെ ഇപ്പോഴത്തെ അവസ്ഥ മനസ്സിലാക്കി ശ്രീ അവളെ തന്നോട് ചേർത്ത് പിടിച്ചു. അവൾ ശ്രീയെ നോക്കി ചിരിക്കാൻ ശ്രമിച്ചു. എന്റെ ശീതൾ നിന്റെ മാനസികാവസ്ഥ എനിക്കിപ്പോൾ മനസ്സിലാവും ഒരു കാര്യം ഞാൻ നിനക്കിപ്പോ ഉറപ്പ് തരാം ഇവിടെ ഉള്ള ആരും നിന്നെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കില്ല. ശ്രീയുടെ വാക്കുകൾ അവളിൽ നേരിയ ഒരാശ്വാസം വരുത്തി. അവർ മുന്നോട്ട് നോക്കിയപ്പോൾ കണ്ടു ആ കുടുംബത്തിലുള്ളവർ മുഴുവൻ അവരെ തന്നെ നോക്കി നിൽക്കുന്നത്.
ഓഹ് എന്റെ ശ്രീക്കുട്ടി നീ മോളെ ആ മുറ്റത്തു തന്നെ നിർത്താതെ ഇങ്ങോട്ട് കൊണ്ടു വരുന്നുണ്ടോ വെയിലടിച്ചു കുഞ്ഞിന് അസുഖമൊന്നും വരുത്തണ്ട. മുത്തശ്ശി അവളെ നോക്കി പേടിപ്പിച്ചു. ഓഹ് ഉത്തരവ് പോലെ തമ്പുരാട്ടി. അവൾ മുഖം കോട്ടി അവരെ കളിയാക്കി. എന്നെ കളിയാക്കുന്നോ ഇങ്ങോട്ട് കൊണ്ടുവാടി എന്റെ കുഞ്ഞിനെ ഈ മുത്തശ്ശി അവളെ ഒന്ന് കണ്ണ് നിറച്ചു കാണട്ടെ. മുത്തശ്ശിയോ???? അതൊക്കെ പണ്ട് ഇപ്പൊ മുതുമുത്തശ്ശിയായി. ഇപ്പോഴും യങ് ലേഡി ആണെന്നാ കിളവിയുടെ വിചാരം. അസത്തെ തല്ല് വാങ്ങും നീ…… നിന്ന് കഥാപ്രസംഗം നടത്താതെ ൻ്റെ കുഞ്ഞിനെ ഇങ്ങ് താടി. അവർ അവളെ ശാസിച്ചു. ഓഹ്……………. ഇന്നാ പിടിച്ചോ ഇനി കുഞ്ഞ് കുഞ്ഞെന്ന് പറഞ്ഞു കയറു പൊട്ടിക്കണ്ട. അവൾ മുത്തശ്ശിയുടെ ചുളുക്ക് വീണ കൈകളിലേക്ക് കുഞ്ഞിനെ കൊടുത്തു. മുത്തശ്ശീടെ ചക്കരകുട്ടിയാണോ ഇത്??? ന്നെ മനസ്സിലായോ എന്റെ കുട്ടിക്ക്??? ഓഹ് പിന്നെ ഈ പൊടികുപ്പിയോടാ മനസ്സിലായോ എന്ന് ചോദിക്കണത് ചോദ്യം കേട്ടാൽ തോന്നും കുഞ്ഞു മുത്തശ്ശിയുടെ കൂടെ പഠിച്ചതാണെന്ന്??? ആമി അവരെ കളിയാക്കി ചിരിച്ചു.
പോടീ ……. മുത്തശ്ശി അവളെ തല്ലാനാഞ്ഞു. ആമി അപ്പൊ തന്നെ അവിടുന്നൊഴിഞ്ഞു മാറി അവരെ നോക്കി നാക്ക് വെളിയിലിട്ട് കാണിച്ചു. ഹാ മോളിവിടെ തന്നെ നിൽക്കുവാണോ അകത്തേക്ക് കയറ് മോളെ ഇതൊക്കെ ഇവിടെ പതിവാ ശ്രീക്കുട്ടിയും ആമിയും എപ്പോഴും അമ്മയെ എന്തെങ്കിലും പറഞ്ഞു ദേഷ്യം പിടിപ്പിച്ചോണ്ടിരിക്കും. അവരെ നോക്കി നിൽക്കുന്ന ശീതളിനോട് ഹരി പറഞ്ഞു. അല്ല അപ്പൊ സാധനങ്ങൾ?????? അവൾ സംശയത്തോടെ നോക്കി. അതൊക്കെ ഞാനെടുത്തോളാം മോളെ. അയ്യോ മോളവിടെ തന്നെ നിക്കുവാണോ ഈ കിളവിയുടെ ഒരു കാര്യം കുഞ്ഞിന്റെ മുഖം കണ്ടപ്പോ ഞാനെല്ലാം മറന്നു. അകത്തേക്ക് കയറ് കുട്ടി. മുത്തശ്ശി അവളെ നോക്കി വാത്സല്യത്തോടെ വിളിച്ചു. അവൾ പടിയിലേക്ക് കാലെടുത്തു വെക്കാനാഞ്ഞു. അയ്യോ കയറല്ലേ കയറല്ലേ ഉഴിഞ്ഞിട്ട് കയറാം. അകത്തു നിന്ന് താലവുമായി പുറത്തേക്ക് വന്നു കൊണ്ട് ജാനകി പറഞ്ഞു. അവരുടെ പുറകെ സരസ്വതിയുമുണ്ടായിരുന്നു.
ആരതി ഉഴിഞ്ഞവർ ശീതളിനെയും കുഞ്ഞിനേയും അകത്തേക്ക് കയറ്റി. ശീതളിന് ആരെയും മനസ്സിലായില്ല അല്ലെ????? ഞാൻ പരിചയപ്പെടുത്തി തരാം. ഇത് ഞങ്ങളുടെ മുത്തശ്ശി ദേവകി. ഇത് എന്റെ മാതാശ്രീ ജാനകി. പിന്നെ ഇത് വല്യമ്മ സരസ്വതി ഇത് വല്യമ്മയുടെയും വല്യച്ഛന്റെയും ഇളയ മകൾ ആമി. ശ്രീക്കുട്ടി ഓരോരുത്തരെയായി പരിചയപ്പെടുത്താൻ തുടങ്ങി. അല്ല ഇവിടുത്തെ പുരുഷകേസരി എന്തേ അമ്മേ????? അത് മോളെ കുറെ നാളായി കമ്പനിയിൽ പോയിട്ടെന്ന് പറഞ്ഞു ഓഫീസിലേക്ക് പോയേക്കുവാ. ഊണിനു സമയാവുമ്പോൾ അവരിങ്ങെത്തും. ജാനകി മറുപടി കൊടുത്തു. പാർവതി എന്തേ ജാനു??????? ബാഗുമായി അങ്ങോട്ട് വന്ന ഹരി ചോദിച്ചു. മോളിലെ മുറിയിലുണ്ട്. വിവേകിന്റെ കാര്യമറിഞ്ഞാകെ വിഷമത്തിലാ പാവം പുറമെ സങ്കടം കാണിച്ചില്ലെങ്കിലും ഉള്ള് നീറിയാ ആ പാവം നിക്കണത്. അതുകൊണ്ട് തന്നെയാ ഞങ്ങൾ വിഷമം ഒന്നും കാണിക്കാതെ ഇങ്ങനെ പെരുമാറണത് അല്ലെങ്കിൽ അവൾക്ക് പിടിച്ചു നിക്കാൻ കഴിയില്ല. ജാനു കണ്ണീരൊപ്പികൊണ്ട് പറഞ്ഞു.
മോള് വാ നമുക്കവളെ ഒന്ന് കണ്ടിട്ട് വരാം. ഹരി അവളെയും കുഞ്ഞിനേയും കൂട്ടി മുകളിലെ മുറിയിലേക്ക് പോയി. ഹരി മുറിയിലേക്ക് കയറിയപ്പോൾ തന്നെ കണ്ടു കട്ടിലിലിരുന്നു ജനലിലൂടെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്ന പാർവതിയെ. പാറൂ……………. ഹരി അവരെ വാത്സല്യത്തോടെ വിളിച്ചു. അവർ ഞെട്ടി തിരിഞ്ഞു നോക്കി. വാതിൽക്കൽ നിൽക്കുന്ന ഹരിയെ കണ്ടവൾ എഴുന്നേറ്റു. ഏട്ടനെന്താ അവിടെ നിന്ന് കളഞ്ഞത് വാ………… അവർ ചിരിയുടെ മൂടുപടമണിഞ്ഞു കൊണ്ട് പറഞ്ഞു. ഞാൻ മാത്രമല്ല രണ്ടു പേര് വേറെയുണ്ട് കൂടെ നീ കാണാൻ ഒരുപാട് ആഗ്രഹിച്ച രണ്ടുപേർ. സംശയത്തോടെ നോക്കുന്ന അവരെ നോക്കി ചിരിച്ചു കൊണ്ട് പുറത്തേക്കു നോക്കി വിളിച്ചു. മോളെ ഇങ്ങ് വാടാ. പാർവതി വാതിലിനടുത്തേക്ക് നോക്കി. മോളെയും എടുത്തു നിൽക്കുന്ന ശീതളിനെ കണ്ടു വിടർന്ന കണ്ണുകളോടെ ഹരിയെ നോക്കി. സംശയിക്കണ്ട ശീതൾ തന്നെ. അവർ ഹരിയെ മറികടന്നു ശീതളിനടുത്തേക്കു നടന്നു.
മോളെ………….. കവിളിൽ തലോടി വാത്സല്യത്തോടെ വിളിച്ചു. എന്നോട് മോൾക്ക് ദേഷ്യം ആയിരിക്കുമല്ലേ എന്റെ മകൻ കാരണമല്ലേ നീയിങ്ങനെ…….. പറഞ്ഞവസാനിക്കും മുന്നേ ശീതളിന്റെ വിരലുകൾ അവരുടെ ചുണ്ടിന് മുകളിൽ സ്ഥാനം പിടിച്ചു. എനിക്കൊരു ദേഷ്യവുമില്ലമ്മേ ഇതെല്ലാം എന്റെ വിധിയാ വിവേക് എന്നോട് ചെയ്ത തെറ്റിന് ഞാനമ്മയോട് ദേഷ്യം കാണിച്ചിട്ടെന്തിനാ. നേരിട്ടറിയില്ലെങ്കിലും സ്നേഹിക്കാൻ മാത്രമറിയുന്ന അമ്മയെ പറ്റി ഞാൻ കേട്ടിട്ടുണ്ട്. അമ്മയെന്ന് വിളിക്കാൻ കൂടിയുള്ള യോഗ്യത എനിക്കില്ലാഞ്ഞിട്ടു പോലും സ്വന്തം അമ്മയുടെ സ്ഥാനം തന്നെയാ ഞാൻ മനസ്സിൽ നൽകിയിട്ടുള്ളത് അതുകൊണ്ട് ഇങ്ങനെ ഒന്നും എന്നോട് പറയല്ലേ അമ്മേ………… കണ്ണീരോടെ അവൾ പറഞ്ഞു നിർത്തി. ആരാ പറഞ്ഞേ നിനക്കെന്റെ മകളാകാൻ യോഗ്യതയില്ലെന്ന് നീയെന്റെ മോൾ തന്നെയാ. ഒരുപാട് ആഗ്രഹിച്ചിട്ടും ദൈവം എനിക്കൊരു പെൺകുഞ്ഞിനെ തന്നില്ല തന്നത് ഒരസുര വിത്തിനെയാണ് പക്ഷെ……. പക്ഷെ….. ഇപ്പൊ എനിക്കെന്റെ വിഷമം മാറി എനിക്ക് വേണ്ടി ദൈവം നിന്നെപ്പോലെ ഒരു മോളെയും തങ്കക്കുടം പോലൊരു കൊച്ചുമോളെയും തന്നില്ലേ അത് മതി എനിക്ക്. അവളെ കെട്ടിപിടിച്ചവർ കണ്ണീർ പൊഴിച്ചു.
അമ്മമ്മേട കുഞ്ഞിങ്ങു വന്നേ അമ്മമ്മ ഒന്ന് കൺനിറയെ കാണാട്ടെ എന്റെ പൊന്നുമോളെ…… അവർ കുഞ്ഞിന് നേരെ കൈ കാണിച്ചു. പൊന്നു സംശയത്തോടെ അമ്മയെ ഒന്ന് നോക്കി. ശീതൾ കണ്ണുകൾ കൊണ്ട് അനുവാദം കൊടുത്തതും അവൾ പാർവതിയുടെ കയ്യിലേക്ക് ചാടി. പൊന്നുവിനെ കയ്യിലെടുത്ത് സ്നേഹചുംബനങ്ങൾ കൊണ്ട് മൂടുമ്പോൾ ആ രണ്ടമ്മ മനസ്സും തേങ്ങി. കരച്ചിലും സ്നേഹ പ്രകടനങ്ങളും കഴിഞ്ഞ് എല്ലാവരും പൊന്നുവിന്റെ കളിചിരിയിൽ പുഞ്ചിരിയോടെ പങ്കു ചേർന്നു. കുഞ്ഞിപെങ്ങളുടെ ചുണ്ടിൽ വിരിഞ്ഞ ചിരി കണ്ട് ഹരിയുടെ മനസ്സിലെ സങ്കടങ്ങളെല്ലാം ഒഴിഞ്ഞു. പതിയെ അവർ താഴേക്കിറങ്ങി. താഴെ ചെന്നപ്പോഴേക്കും മുത്തശ്ശനും ശിവനന്ദനും അഭിയും എത്തിയിരുന്നു. പിന്നെ അവിടെ ഒരു ബഹളമായിരുന്നു പൊന്നു മോളെ എല്ലാവരും തലയിലും തറയിലും വെക്കാതെ കൊണ്ടു നടന്നു. അഭിയും ആമിയും ശ്രീയും കുഞ്ഞിനെ എടുക്കുവാൻ പരസ്പരം തല്ല് കൂടി.
ശീതളിനും ഒരുപാട് നാളുകൾക്കു ശേഷം ചുണ്ടിൽ പുഞ്ചിരി വിരിഞ്ഞ ദിവസമായിരുന്നു. ആരോരുമില്ലാത്ത അവൾക്ക് സ്വന്തമെന്ന് പറയാൻ ഒരുപാട് പേരെ കിട്ടിയിരിക്കുന്നു. മുത്തശ്ശനും മുത്തശ്ശിയും അവളെ സ്നേഹത്തോടെ ചേർത്ത് നിർത്തി. അവളെ ഊട്ടാൻ മൂന്നമ്മമാർ തമ്മിൽ മത്സരമായിരുന്നു. വാത്സല്യവും ശാസനയും കരുതലുമേകി രണ്ടച്ഛന്മാർ. കൂടെപ്പിറപ്പുകളെ പോലെ ആമിയും ശ്രീയും. ഒരേട്ടന്റെ അധികാരവും സ്നേഹവുമേകി അഭിയും. എല്ലാവരും കൂടി സ്നേഹം കൊണ്ടവളെ വീർപ്പു മുട്ടിച്ചു. ഈ സമയമൊന്നും ആരും വിവേകിനെ പറ്റി ചിന്തിച്ചത് പോലുമില്ല എല്ലാവരും വീട്ടിലെ പുതിയ അതിഥികൾക്ക് പുറകെ ആയിരുന്നു. അത്രയും ക്രൂരതകൾ ചെയ്തു കൂട്ടിയ അവന് നന്മകൾ മാത്രം മനസ്സിലുള്ള അവരുടെ ഒക്കെ ഓർമകളിൽ പോലും സ്ഥാനം പിടിക്കാൻ പോലുമുള്ള യോഗ്യത ഇല്ലായിരുന്നു. എങ്കിലും അവനെയോർത്ത് ഓർമ്മമനസ്സ് ആരുമറിയാതെ ഉള്ളിന്റെ ഉള്ളിൽ വേദനിച്ചിരുന്നു. എത്രയൊക്കെ ക്രൂരത ചെയ്തെന്ന് പറഞ്ഞാലും പെറ്റ വയറിനു വേദന കാണുമല്ലോ. എങ്കിലും അവർ അവനെ മനസ്സിൽ മരിച്ചതായി നേരത്തെ തന്നെ കണക്കാക്കിയതിനാൽ അവന്റെ വേർപാടിലും മറ്റുള്ളവർക്ക് മുന്നിൽ ഒരു ചിരിയോടെ പിടിച്ചു നിന്നു.
തറവാട്ടിൽ എത്തിയതിനു ശേഷം പൊന്നുവിനെ പിന്നെ അവളുടെ കയ്യിൽ കിട്ടിയിട്ടില്ല. കുഞ്ഞിന് വിശപ്പ് വരുന്ന സമയമായപ്പോൾ ശീതൾ കുഞ്ഞിനെ അന്വേഷിച്ചു പുറത്തേക്കിറങ്ങി. കുഞ്ഞിനെ നോക്കി ഉമ്മറത്തേക്ക് വന്ന അവൾ ഒരു കാഴ്ച്ച കണ്ട് നിറഞ്ഞ ചിരിയോടെ തൂണിൽ ചാരി നിന്നുപോയി. അഭിയുടെ മുതുകിലിരുന്ന് ആന കളിക്കുകയാണ് പോന്നു. കുഞ്ഞ് താഴെ വീഴാതിരിക്കാൻ ആമി അവളുടെ ഒരു കയ്യിൽ പിടിച്ചു കൂടെ തന്നെയുണ്ട്. ശ്രീ അവളുടെ കുഞ്ഞു വായിൽ ചോറ് വെച്ച് കൊടുക്കുന്നുണ്ട്. പൊന്നു ഇടയ്ക്കിടയ്ക്ക് കുഞ്ഞു കൈ കൊണ്ട് അഭിയുടെ മുതുകിൽ തല്ലും അപ്പോഴവൻ ഒരു കൈ ആന തുമ്പികൈ ഉയർത്തുന്നത് പോലെ മുകളിലേക്കുയത്തി ചിന്നം വിളിക്കുന്നത് പോലെ ഒച്ചയെടുക്കും. കുറുമ്പി അത് കേട്ട് പൊട്ടിച്ചിരിക്കും. അവരുടെ കളി ചിരികൾ കണ്ടു അവരെ ശല്യപ്പെടുത്താതെ ശീതൾ അവരെ തന്നെ നോക്കി ചിരിയോടെ നിന്നു. അവൾ പുറത്തേക്ക് നോക്കി. സൂര്യൻ ചക്രവാളത്തിലേക്ക് പോയി മറയാൻ തയ്യാറെടുക്കുന്നു.
സന്ധ്യയുടെ ചുവപ്പ് അവളിലേക്കും പടർന്നു. കൂടണയാൻ വെമ്പൽ കൊള്ളുന്ന പക്ഷികളെയും നോക്കി അവളൊരു നിമിഷം നിന്നു. ഇന്നലെ വരെ സന്ധ്യയ്ക്ക് ഇത്ര ഭംഗി ഉണ്ടെന്ന് തോന്നിയിട്ടില്ല. അല്ലെങ്കിൽ തന്നെ സൂര്യൻ വിടപറയുന്ന സമയത്തെ പേടിയോടെ അല്ലെ നോക്കിയിരുന്നത്. ഇരുട്ടിന്റെ മറവ് പറ്റി വരുന്ന മനുഷ്യമൃഗങ്ങളെ പേടിച്ചു കഴിഞ്ഞിരുന്ന ഭീതിയുടെ നാളുകൾ. ഒരൊറ്റ ദിവസം കൊണ്ട് എല്ലാം മാറിയിരിക്കുന്നു. ഇന്നലെ വരെ സ്വന്തമെന്ന് പറയാൻ ആരുമില്ലാതിരുന്ന തനിക്കും കുഞ്ഞിനും ഇന്ന് ഒരുപാട് പേരുണ്ട്. എല്ലാവരുടെയും സ്നേഹത്തിൽ വീർപ്പുമുട്ടുമ്പോഴും മനസ്സിൽ ഒരു കുഞ്ഞു വിഷമം ഉടലെടുക്കുന്നത് അവളറിഞ്ഞു. പക്ഷെ എന്തിനാണത്????ആ വിഷമം ശരണിനെ വിട്ടുപോന്നത് കൊണ്ടാണെന്നത് അവൾ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. താനവനെ പ്രണയിച്ചിരുന്നോ??????? ഇനിയും മറ്റൊരാൾക്കായി പകുത്തു നൽകാൻ തന്റെയുള്ളിൽ പ്രണയമിനിയും ബാക്കിയുണ്ടോ???? ചതിയുടെ മൂടുപടമണിഞ്ഞു തകർത്തതല്ലേ തന്റെയുള്ളിലെ പ്രണയത്തെ……. ഇനിയും മറ്റൊരാളെ ഹൃദയത്തിൽ പ്രതിഷ്ഠിക്കാൻ തനിക്കാവുമോ????????? നൂറു ചോദ്യങ്ങൾ മനസ്സിൽ മുറവിളി കൂട്ടുമ്പോഴും മികവോടെ തെളിയുന്ന ശരണിന്റെ മുഖം തെളിഞ്ഞു നിന്നു. തുടരും…………………………

by