23/04/2026

മഴ : ഭാഗം 20

രചന – ആർദ്ര അമ്മു

ജിത്തുവിന്റെ നിശബ്ദത ഋഷിയെ ആശങ്കയിലാഴ്ത്തി ദേവ് നിന്നിൽ നിന്ന് ഞാനിതൊന്നും പ്രതീക്ഷിച്ചില്ല.
ജിത്തുവിന്റെ മറുപടിയിൽ ഋഷി മൗനമായി നിന്നു.എന്തായാലും അവൾക്ക് വേറെ പ്രണയം ഒന്നുമില്ല ആരോടും ഇതുവരെ അങ്ങനെ തോന്നിയിട്ടുമില്ല ഉണ്ടായിരുന്നെങ്കിൽ എന്നോട് പറഞ്ഞേനെ അവളൊരു ഡോക്ടർ ആയി കഴിയുന്നത് വരെ വെയിറ്റ് ചെയ്യാൻ നീ തയ്യാറാണെങ്കിൽ എന്റെ പെങ്ങളെ കെട്ടിച്ചു തരാൻ ഞാൻ തന്നെ മുന്നിൽ നിൽക്കാം എന്താ അളിയാ സമ്മതമാണോ???????ജിത്തുവിന്റെ ആ ചോദ്യം കേട്ട് ഋഷിയുടെ മനസ്സിൽ സന്തോഷംനിറഞ്ഞു.അവൻ വേഗം ജിത്തുവിനെ കെട്ടിപിടിച്ചു. സമ്മതമാണോന്നോ നൂറുവട്ടം സമ്മതം എന്നാലുമെന്റെ അളിയാ നിന്റെ ആദ്യത്തെ ഡയലോഗിൽ ഞാൻ കരുതി എല്ലാം കൈവിട്ടു പോയെന്ന്.

ഹഹഹ അത് ഞാൻ ചുമ്മാ ഒന്ന് വിരട്ടിയതല്ലെ??എന്നാലും നീയാണളിയാ യഥാർത്ഥ അളിയൻ.ഋഷി സന്തോഷത്തിന്റെ കൊടുമുടിയിൽ നിൽക്കുവാണപ്പോൾ.അതൊക്കെ അവിടെ നിക്കട്ടെ ഒരു പാലമിട്ടാൽ അങ്ങോട്ടും ഇങ്ങോട്ടുമെന്നാണ് കണക്ക് ഞാനിപ്പോ എന്റെ പെങ്ങളെ നിനക്ക് തരാമെന്ന് സമ്മതിച്ചു അതുപോലെ നീയും എനിക്കൊരു കാര്യം സാധിച്ചു തരണം.
ജിത്തു പറഞ്ഞു നിർത്തി.പാലം അങ്ങോട്ടും ഇങ്ങോട്ടും ആഹ് അങ്ങനെ പണ എടാ നമ്മുടെ ഋതുവിനെയാണ് ഇവൻ ചോദിക്കുന്നത്.മനു ചാടിക്കേറി പറഞ്ഞു.പ്ഫാ നാറി അവളെനിക്കെന്റെ കുഞ്ഞി പെങ്ങളാടാ &$/*@ മോനേ…..ജിത്തുവിന്റെ ആദ്യ ആട്ടിൽ തന്നെ ഇരുന്ന ബീൻ ബാഗിൽ നിന്ന് താഴെ വീണ മനു അവന്റെ വായിലെ തെറി കേട്ട് ചെവിയിൽ വിരലിട്ട് കറക്കി.ഋഷിയും അവന്റെ മറുപടി കേട്ടവനെ നോക്കി പല്ല് കടിച്ചു.സോറി സോറി ഒരു കൈയബദ്ധം.
കൈകൂപ്പി അവൻ പറഞ്ഞു.

ഋഷി അത് കണ്ടു അവനിൽ നിന്ന് നോട്ടം തെറ്റിച്ചു ജിത്തുവിന് നേരെ തിരിഞ്ഞു.പറ നിനക്കെന്താ അറിയേണ്ടത്????അത് പിന്നെ ദേവ് ഇന്നലെ ഋതു ഇട്ട സ്റ്റാറ്റസിൽ അവളുടെ കൂടെയുള്ള കുട്ടി ഏതാ????അവന്റെ ചോദ്യം കേട്ട് ഋഷി അവനെ ഒന്ന് ചൂഴ്ന്ന് നോക്കി.എന്താ മോന്റെ ഉദ്ദേശം???അത് കൊള്ളാല്ലോ നിനക്കെന്റെ പെങ്ങളെ കേറി പ്രേമിക്കാം അതിന് കുഴപ്പമില്ല എന്നിട്ടും അതിന് ഞാൻ സപ്പോർട്ട് നിന്നില്ലേ എന്നിട്ടിപ്പോ എന്റെ കാര്യം വന്നപ്പോൾ ഉദ്ദേശശുദ്ധി അറിയണം പോലും നന്ദി വേണമെടാ നന്ദി ഓവറാക്കി ചളമാക്കാതെടാ പട്ടി.
നീ കാര്യം പറ.അത് പിന്നെ അവളെന്റെ ഹൃദയത്തിന്റെ ആരും കടക്കാത്ത ഒരു കോണിൽ ഒരഞ്ചു സെന്റ് സ്ഥലം വാങ്ങി വീട് വെച്ചില്ലേ എന്നൊരു സംശയം.
നിലത്ത് കാല് കൊണ്ട് കളം വരച്ചു കൊണ്ട് ജിത്തു പറഞ്ഞു നിർത്തി.

ഇവനെന്താടാ ഫ്ലാറ്റിന്റെ വീതി അളക്കുന്നോ??? അവന്റെ പ്രവർത്തി കണ്ട് മനു ചോദിച്ചു.അത് കേട്ട് ജിത്തു എന്തോ പറയാനായി അവന് നേരെ തിരിഞ്ഞു.വേണ്ട വേണ്ട ഒന്നും പറയണ്ട എന്റെ തന്തക്ക് വിളിക്കാനല്ലേ നീയിപ്പോ വരുന്നത് വെറുതെ എനർജി വേസ്റ്റ് ചെയ്യണ്ട ഞാനെന്റെ അച്ഛനെ മനസ്സിൽ സ്മരിച്ചോളാം. അവനെ പറയാൻ സമ്മതിക്കാതെ മനു കൈ കൂപ്പി കൊണ്ട് പറഞ്ഞു നിർത്തി.അത് കണ്ടു ഋഷിയും ജിത്തുവും ചിരിച്ചു.ഋഷി ജിത്തുവിന് നേരെ തിരിഞ്ഞു.നീ കണ്ടത് ഐഷുവിനെയാണ്. വീട്ടിലെ ഓൾ ഇൻ ഓളും അച്ഛന്റെ വലം കയ്യുമായ കൃഷ്ണനങ്കിളിന്റെ മകൾ ഐശ്വര്യ കൃഷ്ണൻ. അവളെനിക്കെന്റെ ഋതുവിനെ പോലെ തന്നെയാ ഒരു വായാടി പൊട്ടി പെണ്ണ്. ഇപ്പൊ ഇവിടെ ഉണ്ട്.ഇവിടെയോ????? ജിത്തു അതിശയത്തോടെ ചോദിച്ചു.ആന്നെ ഇവിടെ നമ്മുടെ കോളേജിനടുത്തുള്ള മെഡിക്കൽ കോളേജിൽ എംബിബിസ് ചെയ്യുവാ.

എന്നിട്ട് നീയെന്താ നേരത്തെ പറയാഞ്ഞത്?????അതിന് നീയിപ്പോഴല്ലേ എന്നോടിത് പറയുന്നത്.ആഹ് മതി മതി അപ്പൊ നിങ്ങൾ അളിയന്മാർ ആയ സ്ഥിതിക്ക് ഈ സന്തോഷം നമുക്കാഘോഷിക്കണ്ടേ????പിന്നല്ലാതെ പോയി സാധനം എടുത്തോണ്ട് വാടാ.ഋഷി പറഞ്ഞതും മനു ഓടി ഫ്രിഡ്ജിൽ നിന്ന് ബിയർ ബോട്ടിലുകൾ എടുത്തോണ്ട് വന്നു.ഇടയ്ക്കിടെ ബാൽക്കണിയിൽ അവരങ്ങനെ ഒത്തു കൂടാറുണ്ട്.ഓരോരുത്തരും ഓരോ ബോട്ടിൽ എടുത്തു കുടിക്കാൻ തുടങ്ങി.അല്ലെടാ മനു നിനക്കിത് പോലെ ആരുമില്ലേ???? ജിത്തു അവനോടു ചോദിച്ചു.അതിന് ഞാൻ നിങ്ങളെ പോലെ ഒരാൾക്ക് വേണ്ടി മാത്രം ഹൃദയം തുറന്നിടുന്ന ആളൊന്നുമല്ല എന്റെ ഹൃദയം സാഗരം പോലെയാണ് ഞാനത് പലർക്കായി വീതിച്ചു നൽകി മഞ്ജു, ചിഞ്ചു, മാളു, കുക്കു, ചിക്കു, അപ്പു, മിന്നു…………ഇതിനൊരന്ത്യമില്ലെടെ??????
ഋഷി പുച്ഛിച്ചു.നീ പുച്ഛിക്കാതെടാ ഞാൻ മഹാമനസ്കൻ ആണെടാ എന്റെ ഹൃദയം എല്ലാവർക്കുമായി ഞാൻ തുറന്നു മലർത്തി ഇട്ടിരിക്കുവാ വേറെയാർക്കുണ്ടെടാ ഇതുപോലെ ഹൃദയവിശാലത.ഇത് കോഴിയൊന്നുമല്ല ഏതോ മുന്തിയ ഇനമാണ്.
ജിത്തു അവനെ നോക്കി പറഞ്ഞു.

————————————————————

കുടിച്ചു മാനത്തോട്ട് നോക്കി ഭിത്തിയിൽ ചാരി ഇരിക്കുവാണ് ഋഷിയും ജിത്തുവും.
മനു രണ്ടു ബോട്ടിൽ അകത്തു ചെന്നപ്പോഴേ ഫ്ലാറ്റായി.എടാ നീയിത്ര വേഗം സമ്മതിക്കും എന്ന് ഞാൻ വിചാരിച്ചില്ല. ഒരടി ആണ് ഞാൻ പ്രതീക്ഷിച്ചത്.ഋഷിയുടെ സംസാരം കേട്ട് ജിത്തു ചിരിച്ചു.ദേവ് നിന്നെ നല്ലത് പോലെ മനസ്സിലാക്കിയ ആളാണ് ഞാൻ എനിക്ക് നല്ല ബോധ്യമുണ്ട് എന്റെ ശ്രീക്കുട്ടിയുടെ ജീവിതം നിന്റെ കയ്യിൽ ഭദ്രമായിരിക്കുമെന്ന് അതുപോലെ ഇന്ന് ശ്രീക്കുട്ടിയുടെ കാര്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ കണ്ടതാ നിന്റെ കണ്ണിലെ സ്നേഹവും ആത്മാർത്ഥതയും.
പിന്നെ ഒന്നും ഒളിച്ചു വെക്കാതെ നീയെന്നോടെല്ലാം ധൈര്യമായി തുറന്നു പറഞ്ഞില്ലേ??? നിന്നെക്കാൾ നല്ലൊരാളെ എന്റെ ശ്രീകുട്ടിക്ക് വേറെ കിട്ടാനില്ല.അവന്റെ മറുപടി കേട്ട് ഋഷിയുടെ മനസ്സ് നിറഞ്ഞു.വീണ്ടും അവരുടെ ഇടയിൽ നിശബ്ദ നിറഞ്ഞു നിന്നു.

എടാ നീ നന്ദുവിനെ ഒന്ന് വിളിക്കുവോ എനിക്കവളുടെ ശബ്ദം കേൾക്കണം.
ഋഷി ജിത്തുവിനോട് പറഞ്ഞു.ആരാടാ നാറി നിന്റെ നന്ദു??? ദേ ചങ്കാണെന്നൊന്നും നോക്കില്ല എന്റെ ശ്രീക്കുട്ടിയെ ചതിക്കാൻ നോക്കുന്നോ. ജിത്തു അവന്റെ കുത്തിന് പിടിച്ചു.വിടെടാ പുല്ലേ ഞാൻ നിന്റെ ശ്രീക്കുട്ടിയെ തന്നെയാ പറഞ്ഞത് നിനക്ക് ശ്രീക്കുട്ടി ആണവളെങ്കിൽ എനിക്കെന്റെ മാത്രം നന്ദു ആണെടാ. അവനെ തട്ടി മാറ്റി കൊണ്ട് ഋഷി പറഞ്ഞു.ഓഹ് ലങ്ങനെ ഇതൊക്കെ നേരത്തെ പറയണ്ടേ ഐ ആം ദി സോറി അളിയാ ഐ ആം ദി സോറി.പിന്നെ കുത്തിന് പിടിച്ചിട്ട് അവന്റെ അമ്മൂമ്മേടൊരു സോറി. ഋഷി പല്ലുകടിച്ചു.ഞാൻ വിളിച്ചു തരാം പക്ഷെ പകരം എനിക്ക് നിന്റെ ഐഷുവിനെ വിളിച്ചു തരണം അതായത് എന്റെ അച്ചു.അച്ചുവോ????ആഹ് നിനക്കെന്റെ പെങ്ങളെ നന്ദു എന്ന് വിളിക്കാമെങ്കിൽ എനിക്ക് നിന്റെ പെങ്ങളെ അച്ചുവെന്നും വിളിക്കാം.അത് നീ എന്ത് കോപ്പ് വേണേലും വിളി ഇപ്പൊ നീ നന്ദുവിനെ വിളിച്ചു താ….

ഒരു മിനിറ്റ് എന്റെ ഫോൺ എന്തെ??????
ജിത്തു ഫോണും നോക്കി എണീറ്റതും താഴെ മലർന്ന് കിടന്ന മനുവിന്റെ കാലിൽ തട്ടി അവന്റെ മേലേക്ക് മറിഞ്ഞു.എന്റെ ചിഞ്ചു നീയെന്റെ പഞ്ചാര കട്ടിയാണ് ഉമ്മ ഉമ്മ ഉമ്മ……….. തന്റെ മേലേക്ക് വീണ ജിത്തുവിനെ കെട്ടിപിടിച്ചു മറിഞ്ഞുകൊണ്ട് മനു അവന്റെ കവിളിൽ ഉമ്മിച്ചു.ചിഞ്ചു അല്ലെടാ തെണ്ടി നിന്റെ കുഞ്ഞമ്മേട കൊഞ്ച് നാണംകെട്ടവൻ.അപശബ്ദം കേട്ട് പാതി ബോധത്തിൽ കണ്ണ് തുറന്ന മനു ജിത്തുവിനെ മിഴിച്ചു നോക്കി.ഡാ എന്ത് കോപ്പ് നോക്കി നിക്കുവാ ഈ കാപാലികനെ പിടിച്ചു മാറ്റഡാ അല്ലെങ്കിൽ ഇവനെന്നെ കേറി റേപ്പ് ചെയ്യും.ജിത്തുവിന്റെ അലറൽ കേട്ട് ഋഷി വേഗം മനുവിനെ പിടിച്ചു മാറ്റി.എന്ത് വിശ്വസിച്ചിവന്റെ ഒക്കെ കൂടെ കിടക്കും എന്റെ ദേവി കുറച്ചു കൂടി കഴിഞ്ഞിരുന്നെങ്കിൽ എന്റെ ചാരിത്ര്യം ഹോ ഓർക്കാൻ കൂടി വയ്യാ….ജിത്തു വേഗം തല കുടഞ്ഞകത്തോട്ട് നടന്നു.ഋഷി വേഗം മനുവിനെ അടിമുടി നോക്കി ആളിതൊന്നും അറിഞ്ഞ ലക്ഷണമില്ല. ബോധമില്ലാതെ നടന്നു ബാൽക്കണിയുടെ അറ്റത്തു ചെന്ന് പുറത്തേക്ക് മൂത്രമൊഴിച്ചു തിരികെ വന്നു സുഖമായി കിടന്നുറങ്ങി.അത് കണ്ട് ചിരിച്ചു ഋഷി റൂമിലേക്കും പോയി.ഉറക്കത്തിൽ ഋഷിയുടെ മനസ്സിൽ അവന്റെ നന്ദുവും ജിത്തുവിന്റെ മനസ്സിൽ അവന്റെ അച്ചുവും നിറഞ്ഞു നിന്നപ്പോൾ മനു ശ്രീകൃഷ്ണനെ പോലെ അവന്റെ ഹൃദയകവാടം തുറന്ന ഗോപികമാരുടെ കൂടെ രാരവേണു കളിക്കുന്ന തിരക്കിലായിരുന്നു.

—————————————————————-

ദിവസങ്ങൾ കടന്നു പോയി. ഇതിനിടയിൽ ഋഷി ജിത്തുവിനെയും കൊണ്ട് ഐഷു പഠിക്കുന്ന മെഡിക്കൽ കോളേജിൽ ചെന്നു.ഐഷുവിന് മുന്നിൽ അവനെകൊണ്ട് പ്രണയം തുറന്നു പറയിപ്പിച്ചു.
ഋതുവും ഋഷിയും പറഞ്ഞു ജിത്തുവിനെ അവൾക്കറിയാമായിരുന്നു എങ്കിലും അവൾ ഒക്കെ പറഞ്ഞില്ല.
അവസാനം മെഡിക്കൽ കോളേജ് കവാടത്തിന് മുന്നിലെ ജിത്തുവിന്റെ രണ്ടു മാസത്തെ കാവൽനില്പ്പിന് ഫലമായി ഐഷു ഒടുവിൽ സമ്മതം മൂളി.അതിന്റെ സന്തോഷത്തിൽ പതിവ് പോലെ ബാൽക്കണിയിൽ ബിയർ കുടിക്കുമ്പോഴായിരുന്നു ജിത്തുവിന്റെ ചോദ്യം.ദേവ് എന്റെ കാര്യം ഒക്കെ ആയി പക്ഷെ നീയെന്താ ശ്രീക്കുട്ടിയോട് സംസാരിക്കാത്തത്???? മാത്രമല്ല ഞാൻ പറയാം എന്ന് പറഞ്ഞിട്ട് കൂടി നീ വേണ്ടാന്ന് പറഞ്ഞു. അറ്റ്ലീസ്റ്റ് നിന്നെക്കുറിച്ചു എന്തെങ്കിലും ഒന്ന് അവളോട്‌ പറയാൻ പോലും നീ സമ്മതിക്കുന്നില്ല.അത് കേട്ട് ഋഷി ചിരിച്ചു.

അവളറിയാതെ അവളെ പ്രണയിക്കുന്നത് ഒരു സുഖമുള്ള ഏർപ്പാടാണ്.
ഒറ്റ കണ്ണിറുക്കി അവൻ പറഞ്ഞിട്ട് ബിയർ ബോട്ടിൽ ചുണ്ടോടപ്പിച്ചു.പിന്നെ സുഖമുള്ള ഏർപ്പാട് പോലും സ്ഥിരം ഇവനെ കൊണ്ട് വിളിപ്പിച്ചു അവളുടെ സംസാരവും കേട്ട് അവളെ കൊണ്ട് പാട്ടും പഠിച്ചിട്ട് ആ പാട്ട് ഫോണിൽ റെക്കോർഡ് ചെയ്തു രാത്രി ആവുമ്പോൾ മാനത്തോട്ട് നോക്കി കിടന്നത് റിപീറ്റ് അടിച്ചു കേൾക്കുന്ന ഒരു പ്രത്യേക തരം സൈക്കോ അല്ലെ നീ????? മനു പുച്ഛിച്ചു.ഹഹഹഹ……..
ഋഷി ഉറക്കെ ചിരിച്ചുചിരിച്ചോ ചിരിച്ചോ അവസാനം അവളെ വേറെ നല്ല ആൺപിള്ളേര് കൊത്തികൊണ്ടു പോവുമ്പോഴും കാണണം ഈ ചിരി.

അത് കേട്ടതും ഋഷിയുടെ ഭാവം മാറി.
അവൻ മനുവിന്റെ കഴുത്തിനു പിടിച്ചു ഭിത്തിയിൽ ചേർത്ത് നിർത്തി.ഡാ പുല്ലേ മേലാൽ ഇമ്മാതിരി വർത്തമാനം എന്നോട് പറഞ്ഞാലുണ്ടല്ലോ ഇതിന്റെ മോളീന്ന് പൊക്കി താഴോട്ടെറിയും ഞാൻ.
അവളെന്റെയാ ഈ ഋഷിദേവിന്റെ പെണ്ണ് എന്റെ മാത്രം നന്ദു അവളുടെ മനസ്സിൽ കയറുന്നതും സ്വന്തമാക്കുന്നതും ഈ ഞാൻ മാത്രമായിരിക്കും.ഇത്രയും പറഞ്ഞു കാറ്റ് പോലെയവൻ അകത്തേക്ക് പോയി.അവൻ പോയതും മനു ശ്വാസമെടുത്തു കഴുത്ത് തടവാൻ തുടങ്ങി.ജിത്തു കാണുകയായിരുന്നു ഋഷിക്ക് ശ്രീക്കുട്ടിയോടുള്ള സ്നേഹം അവന്റെ മനസ്സ് നിറഞ്ഞു.വല്ല കാര്യവും ഉണ്ടായിരുന്നോ?????കഴുത്ത് തടവുന്ന മനുവിനെ നോക്കി ജിത്തു കളിയാക്കി.അല്ലെങ്കിലും എനിക്കിത് പതിവാണല്ലോ ഒന്നുകിൽ നീ അല്ലെങ്കിൽ അവൻ രണ്ടാളിയന്മാരുടെ ഇടയിൽ കിടന്നു തല്ല് വാങ്ങാൻ എന്റെ ജീവിതം ബാക്കി. മനു ആത്മഗതിച്ചു കൊണ്ട് അകത്തേക്ക് പോയി.ഈ സമയം മുറിയിൽ ദേഷ്യപ്പെട്ടു നടക്കുവാണ് ഋഷി. അവൻ വേഗം ഫോൺ എടുത്ത് വാട്സാപ്പ് തുറന്ന് ജിത്തു അയച്ച ഓഡിയോ പ്ലേ ചെയ്തു. ഫോണിലൂടെ ഒഴുകുന്ന അവന്റെ നന്ദുവിന്റെ സ്വരമാധുരിയിൽ അവന്റെ ദേഷ്യമെല്ലാം അലിഞ്ഞില്ലാതായി അവളുടെ സ്വരത്തിൽ ലയിച്ചവൻ കിടന്നു.

———————————————————–

ദിവസങ്ങൾ ഓടി മറഞ്ഞു. നേരിലുള്ള കൂടികാഴ്ചകളും ഫോൺ വിളികളുമായി ജിത്തുവിന്റെയും ഐഷുവിന്റേയും പ്രണയം മുന്നോട്ട് പോയപ്പോൾ.  നന്ദുവിന്റെ കുറുമ്പ് നിറഞ്ഞ സംസാരത്തിലൂടെയും സ്വരമാധുരിയിലൂടെയും ഋഷിയുടെ പ്രണയം നിശബ്ദമായി മുന്നോട്ടൊഴുകി.തീറ്റയിട്ടും കൊത്തി ചികഞ്ഞും മനു കോഴിത്തരങ്ങളുമായി മുന്നേറി.രണ്ടു വർഷത്തെ പഠനം കഴിഞ്ഞു തിരികെ നാട്ടിലേക്ക് തിരിക്കുമ്പോൾ ഋഷിയും ജിത്തുവും പരസ്പരം വാരി പുണർന്നു. രണ്ടു പേരുടെയും കണ്ണുകൾ നിറഞ്ഞു. കേവലം ഒരു ഫ്രണ്ട്ഷിപ്പ് മാത്രമായിരുന്നില്ല രണ്ടു വർഷങ്ങൾ കൊണ്ടവർഒരുപാടഅടുത്തിരുന്നു.തിരികെ നാട്ടിലേക്ക് പോവാൻ തന്നെ മടിച്ചു.

ദേവ് ശ്രീക്കുട്ടിയുടെ പഠിപ്പ് കഴിയുമ്പോൾ ഞാൻ പറയാം അന്ന് നീ വീട്ടിൽ വന്നു കല്യാണം ആലോചിക്കണംചെറിയച്ഛനോട് ഞാൻ സൂചിപ്പിക്കുന്നുണ്ട്. അതുവരെ നിന്റെ കാര്യം ഞാനവളെ അറിയിക്കില്ല അതുപോലെ തന്നെ എന്റെ കാര്യവും നിന്റെ പ്രണയം എന്ന് നീ തുറന്നു പറയുന്നോ അന്ന് മാത്രമേ എന്റെയും അച്ചുവിന്റെയും കാര്യം ഞാനവളോട് പറയൂ. പിന്നെ അച്ചുവിന്റെ കാര്യം എന്റെ അച്ഛനും അമ്മയ്ക്കുമെല്ലാം അറിയാം സമയം ആവുമ്പോൾ ഞാൻ വന്നു പെണ്ണാലോചിച്ചോളാം അത് വരെ അവൾക്ക് വേറെ ആലോചന വരാതെ നോക്കേണ്ടത് നിന്റെ കടമയാണ്.അത് പിന്നെ പ്രേത്യേകം പറയേണ്ട കാര്യമുണ്ടോ ഞാൻ നോക്കിക്കോളാം.എന്നാൽ ശരിയളിയാ നാട്ടിൽ എത്തിയിട്ട് വിളിക്കാം.
ജിത്തു ഒരിക്കൽ കൂടി അവനെ കെട്ടിപിടിച്ചു യാത്ര പറഞ്ഞ—–തിരികെ നാട്ടിൽ എത്തിയിട്ടും അവരുടെ സൗഹൃദം വിടാതെ അവർ സൂക്ഷിച്ചു.
വീഡിയോ കോളിലൂടെയും ഫോൺ വിളികളിലൂടെയും അവരുടെ ബന്ധം ശക്തമായി തന്നെ മുന്നോട്ട് പോയി.

—————————————————————

ഫോൺ ബെല്ലടിക്കുന്നത് കേട്ടാണ് ഋഷി ചിന്തകളിൽ നിന്ന് മോചിതനാകുന്നത് *Manu calling*അവൻ വേഗം കാൾ അറ്റൻഡ് ചെയ്തു.ഋഷി ഞാനവനെ ബാംഗ്ലൂർ മുഴുവൻ തിരഞ്ഞു അവനിവിടെയില്ല അവൻ താമസിച്ചിരുന്ന ഫ്ലാറ്റിൽ പോയിരുന്നു ഒരാഴ്ച്ച മുന്നേയവൻ വെക്കേറ്റ് ചെയ്തിരുന്നു ഇപ്പൊ പുതിയ താമസക്കാരാ അവിടെ താമസിക്കുന്നത്.മറുപുറത്തു നിന്ന് പറയുന്നത് കേട്ട് ഋഷിക്ക് ദേഷ്യം വന്നു.ശ്ശെ അവൻ രക്ഷപെട്ടു കളഞ്ഞല്ലോ….. ഋഷി മുഷ്ടി ചുരുട്ടി ഭിത്തിയിൽ അടിച്ചു.ഹാ പോട്ടെ എവിടം വരെ അവൻ പോവും എന്ന് കാണണമല്ലോ ഉടൻ തന്നെ എന്റെ കയ്യിൽ അവൻ വന്നു പെടും എല്ലാം കൂടി ചേർത്ത് ഞാൻ കൊടുക്കുന്നുണ്ട്.ദേഷ്യത്തിൽ മുരണ്ടുകൊണ്ടവൻ കാൾ കട്ട്‌ ചെയ്തു ….തുടരും………………………..