26/05/2026

മഴ : ഭാഗം 26

രചന – ആർദ്ര അമ്മു

രാത്രി പൊന്നുവിനെ തോളിലിട്ട് ഉറക്കുകയായിരുന്നു ശീതൾ. കുഞ്ഞുറങ്ങി എന്നുറപ്പായതും പൊന്നുവിനെ മെല്ലെ കട്ടിലിലിലേക്ക് കിടത്തി. തോളിൽ നിന്ന് മാറ്റിയതറിഞ്ഞു അവളൊന്ന് ചിണുങ്ങി. അത് കണ്ട് അവൾ പതിയെ കുഞ്ഞിനെ തട്ടി ഉറക്കാൻ തുടങ്ങി. അമ്മയുടെ സ്നേഹസ്പർശത്തിൽ പൊന്നു വേഗം തന്നെ ഉറങ്ങി. കുഞ്ഞിനെ നോക്കി കിടന്ന അവളുടെ കണ്ണുകൾ നിറഞ്ഞു. ജനിച്ചിട്ടിന്നേവരെ അച്ഛന്റെ സ്നേഹമോ കരുതലോ നെഞ്ചിലെ ചൂടോ അനുഭവിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടില്ല. ഗർഭിണി ആയത് മുതൽ കണ്ണീരോടെയാണ് ഓരോ ദിവസവും തള്ളി നീക്കിയത്. നാട്ടുകാരുടെ കുറ്റപ്പെടുത്തലുകളും കുത്തുവാക്കുകളും സഹിച്ചാണ് കുഞ്ഞിന് ജന്മം നൽകിയത് പോലും. വിശ്വനാഥൻ സർ സഹായിക്കാൻ ഇല്ലായിരുന്നു എങ്കിൽ തന്റെയും മോളുടെയും ജീവിതം എന്നേ തീർന്നേനെ????

മോളെ പോലെ തന്നെയായിരുന്നു തന്റെ ബാല്യവും അച്ഛന്റെ സ്നേഹമോ കരുതലോ അനുഭവിക്കാൻ ഭാഗ്യം ലഭിച്ചില്ല. അമ്മ ഗർഭിണി ആയിരുന്ന സമയത്താണ് കൂപ്പിൽ പണിക്ക് പോയ അച്ഛൻ നെഞ്ചുവേദന വന്നു കുഴഞ്ഞുവീണു മരിക്കുന്നത്. വളരെ കഷ്ടപെട്ട് വീട്ടുജോലിക്കും മറ്റും പോയാണ് വളർത്തിയത്. ഡോക്ടർ ആകാനായിരുന്നു ആഗ്രഹം പക്ഷെ അമ്മയുടെ കഷ്ടപ്പാട് കണ്ടു ആ ആഗ്രഹം മനസ്സിൽ നിന്ന് കളഞ്ഞു. വിശ്വനാഥൻ സാറിന്റെ സഹായത്തിലാണ് പഠിച്ചതും മറ്റും എന്നാൽ ആദ്യമായി തനിക്ക് ജീവിതത്തിൽ പറ്റിയ തെറ്റ് വിശ്വസിച്ചു പോയി ആ നീചനെ ചതിക്കും എന്നൊരിക്കലും കരുതിയില്ല. തന്റെ അവസ്ഥ കണ്ടു മനം നൊന്താണ് അമ്മ മരിക്കുന്നത്. ജീവിതത്തിൽ ഒരാൾക്കും സന്തോഷം കൊടുക്കാൻ കഴിയാത്ത ശപിക്കപെട്ട ഒരു ജന്മമായി പോയല്ലോ. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി.

ചുട്ടുപൊള്ളിക്കുന്ന ഓർമ്മകൾക്ക് ആശ്വാസമേകാനെന്ന പോലെ തുറന്നിട്ട ജനാല വഴി ഒരിളം തെന്നൽ അകത്തേക്ക് വീശി. കുറച്ചു നേരം കണ്ണുകൾ അടച്ചവൾ ഇരുന്നു. മനസ്സിന് ഒരാശ്വാസം തോന്നിയപ്പോൾ അവൾ പതിയെ ജനാല അടക്കാനായി എഴുന്നേറ്റു. ജനൽ അടക്കുമ്പോഴാണ് വീടിന്റെ വേലിയോട് ചേർന്ന് നിർത്തിയിട്ടിരിക്കുന്ന കാർ അവൾ കാണുന്നത്. നിലാവെളിച്ചത്തിൽ അവൾ കണ്ടു അതിൽ ഇരിക്കുന്ന വ്യക്തിയെ. Dr.ശരൺ……

അപ്പോഴാണ് തലേന്ന് നടന്ന സംഭവങ്ങൾ മനസ്സിലേക്ക് കടന്നു വരുന്നത്. ശമ്പളം കിട്ടിയതിനു ശേഷം സിറ്റിയിൽ പോയി വീട്ടുസാധനങ്ങളും കുഞ്ഞിന് വേണ്ട സാധനങ്ങൾ വാങ്ങി. എന്നാൽ ബസ്സുകാർ തമ്മിൽ എന്തോ പ്രശ്നം കാരണം എല്ലാം കഴിഞ്ഞു ജംഗ്ഷനിൽ എത്തിയപ്പോൾ വൈകി. സാധാരണ ജംഗ്ഷനിൽ നിന്ന് ഓട്ടോയ്ക്കാണ് വീട്ടിൽ എത്താറ് എന്നാൽ അന്ന് ഒരോട്ടൊ പോലും അവിടെ ഇല്ലായിരുന്നു. വിജനമായ റോഡിൽ ഒറ്റയ്ക്ക് കുഞ്ഞുമായി നിൽക്കുമ്പോൾ മനസ്സിൽ പേടി നിറഞ്ഞു. ഏതെങ്കിലും വണ്ടി ആ വഴി വരണേ എന്ന് മനസ്സിൽ പ്രാര്ഥിക്കുമ്പോഴാണ് മുന്നിൽ ഒരു ബൈക്ക് വന്നു നിന്നത്.

ആഹാ ഇതാര് നേഴ്സ് കൊച്ചോ അല്ല എന്താ ഇപ്പൊ മോളീ നേരത്തിവിടെ??? ഒരു വഷളൻ ചിരിയോടെ ആ ബൈക്കുകാരൻ അവളെ അടിമുടി നോക്കി.അത് കണ്ട് അറപ്പോടെ മുഖം വെട്ടിച്ചവൾ മുന്നോട്ട് നടന്നു. അത് കണ്ടവൻ ബൈക്ക് ഒതുക്കി നിർത്തി അതിൽ നിന്നിറങ്ങി അവളുടെ നടത്തത്തിന് തടസ്സമായി നിന്നു. ഹാ അതെന്നാ പോക്കാ മോളെ ???? കിരൺ വഴീന്ന് മാറ്. അങ്ങനെ മാറാനല്ലല്ലോ ഞാൻ വന്നത്. പണ്ട് ഞാൻ നിന്നോടെന്തോ പറഞ്ഞപ്പോൾ എന്റെ കരണത്തടിച്ചവളല്ലേടി നീ. എന്തായിരുന്നു നിന്റെ ഒരു ഹുങ്ക് അവസാനം എന്തായെടി ഒരുത്തന്റെ വിഴിപ്പ് ചുമക്കേണ്ടി വന്നില്ലേ????

അനാവശ്യം പറഞ്ഞിട്ടല്ലേ നീ തല്ല് വാങ്ങിയത്. പിന്നെ ഞാൻ എങ്ങനെ ആയാലും നിനക്കെന്താ നിന്റെ ചിലവിൽ ഒന്നുമല്ലല്ലോ ഞാൻ കഴിയുന്നത്. അത് കേട്ടതും ദേഷ്യത്തിൽ അവനവളുടെ മുടികുത്തിന് പിടിച്ചു. ഡീ പിഴച്ചവളെ എന്റെ നേർക്ക് നാവുയർത്തുന്നോ???? ഇന്ന് തന്നെ നിനക്ക് അറിയിച്ചു തരാം ഞാനാരാണെന്ന്. ഒരു പട്ടി പോലും വരില്ല നിന്നെ രക്ഷിക്കാൻ. എന്റെ കയ്യിൽ കിടന്നു പിടയ്ക്കും നീ. വേദനയാൽ അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പൊന്നു പേടിച്ചു കരയാൻ തുടങ്ങി. അവളുടെ കയ്യിലെ കവറുകൾ റോഡിൽ വീണു. മുടിയിലെ പിടി വിടുവിക്കാൻ അവൾ ശ്രമിച്ചു എന്നാൽ അവളുടെ ശ്രമങ്ങളെല്ലാം പരാജയപെട്ടു. എവിടുന്നോ കിട്ടിയ ശക്തിയിൽ അവൾ അവനെ ഉന്തി. അവൻ റോഡിലേക്ക് നെറ്റിയിടിച്ചു വീണു.

ആ സമയം കൊണ്ടു കുഞ്ഞിനെ മാറോടണച്ചവളോടി. പിറകെ അവൻ വരുന്നുണ്ടെന്നറിഞ്ഞവൾ സർവ്വ ശക്തിയും എടുത്തോടി. ഓടിയവൾ ഒരു കാറിനു മുന്നിൽ എത്തി. കാറുകാരൻ ബ്രേക്ക് ചവിട്ടി നിർത്തി പുറത്തേക്കിറങ്ങി. ശീതൾ…………. ആ വിളി കേട്ട് കണ്ണുകൾ ഉയർത്തി നോക്കിയ അവൾ കാണുന്നത് ആ കാറുടമയെയാണ്. ശരൺ…….. അവളുടെ ചുണ്ടുകൾ മന്ത്രിച്ചു. എന്താ ശീതൾ എന്താ പറ്റിയേ????? അത്…. അത്…. ഡോക്ടർ അയാളെന്നെ………… പിറകിലേക്ക് ചൂണ്ടിയവൾ കിതപ്പോടെ നിന്നു.

അവൾ ചൂണ്ടിയ വഴിയേ ശരണിന്റെ കണ്ണുകൾ പോയി. അവിടെ നിന്ന് ഓടി വന്ന കിരൺ അവനെ കണ്ടു നിന്നു. ശരണിന്റെ കണ്ണുകൾ കുറുകി. വലിഞ്ഞ മുഖത്തോടെയവൻ കിരണിനെ നോക്കി. ഇതേതാടി പുതിയ ഒരുത്തൻ നിന്റെ പുതിയ സെറ്റപ്പാണോ??? ഒറ്റയ്ക്കനുഭവിക്കാതെ എനിക്കും കൂടി ഒന്ന് താടാ ഞാനും ഒന്നാസ്വദിക്കട്ടെ. പറഞ്ഞു തീർന്നതും അവൻ പിറകിലേക്ക് തെറിച്ചു വീണു. ഞെട്ടി ശരണിനെ നോക്കിയ ശീതൾ കാണുന്നത് ദേഷ്യത്തിൽ നിൽക്കുന്ന അവനെയാണ്. ശരൺ ദേഷ്യം മൂത്തവനെ എടുത്തു പെരുമാറി അവസാനം അവശനായ അവനെ റോഡിൽ വിട്ട് ശീതളിന് നേരെ തിരിഞ്ഞു.

ഈ രാത്രി നീ എവിടെ പോയികിടക്കുവായിരുന്നെടി?????? അവന്റെ അലറൽ കേട്ടവൾ ഞെട്ടി. ഞാൻ വീട്ടുസാധനങ്ങളും മറ്റും വാങ്ങാൻ….. അതിനീ പാതിരാത്രിയാണോടി പുല്ലേ പോവുന്നത്??? ഞാൻ നേരത്തെ പോയതാ ബസ്സ് ബ്ലോക്കായി ഇവിടെ എത്തിയപ്പോൾ വൈകി. അവൻ കണ്ണടച്ച് ദേഷ്യം നിയന്ത്രിച്ചു. വാ വന്നു കാറിൽ കയറ് ഞാൻ കൊണ്ടുപോയാക്കാം. മുന്നോട്ട് നടന്നു കൊണ്ടവൻ പറഞ്ഞു. എന്താ വരുന്നില്ലേ????? മടിച്ചു നിൽക്കുന്ന അവളെ നോക്കിയവൻ വീണ്ടും ചോദിച്ചു. അത് എന്റെ സാധനങ്ങളെല്ലാം വഴിയിൽ വീണുപോയി.

മ്മ്മ്മ് വാ പോയെടുക്കാം. അവൻ അവൾ ഓടി വന്ന ഭാഗത്തേക്ക്‌ നടന്നു. ശീതളവനെ പിന്തുടരുന്നു. റോഡിൽ ചിതറി കിടന്ന സാധനങ്ങൾ അവൻ തന്നെ പെറുക്കി എടുത്തു. അപ്പോഴാണ് അവളുടെ തോളിൽ പേടിച്ചു കിടക്കുന്ന പോന്നുവിനെ അവൻ ശ്രദ്ധിക്കുന്നത്. അത്രയും നേരമുള്ള ദേഷ്യം മാറി വാത്സല്യവും കുഞ്ഞിന്റെ കിടപ്പ് കണ്ടു വിഷമവും മനസ്സിൽ നിറഞ്ഞു. അങ്കിളിന്റെ പൊന്നൂട്ടി പേടിച്ചു പോയോ?? കുഞ്ഞിന്റെ കവിളിൽ അരുമയായി തലോടി കൊണ്ടവൻ ചോദിച്ചു. അത് കേട്ടവൾ ചുണ്ടു പിളർത്തി കണ്ണു നിറച്ചവനെ നോക്കി.

അച്ചോടാ എന്റെ മോള് പേടിക്കണ്ടാട്ടൊ. ശീതളിന്റെ കയ്യിൽ നിന്ന് കുഞ്ഞിനെ വാങ്ങി തലോടി കൊണ്ടവൻ പറഞ്ഞു. സങ്കടം മാറാൻ അങ്കിൾ ഒരുകൂട്ടം തരാട്ടോ. പതിയെ പോക്കറ്റിൽ നിന്നൊരു ഡയറമിൽക്കെടുത്തവളുടെ നേരെ നീട്ടി. ഹൈ മിത്തായി…… കൈ കൊട്ടി കൊണ്ടവൾ ചിരിച്ചു. പൊന്നു അവന്റെ കയ്യിൽ നിന്നാ പാക്കറ്റ് വാങ്ങി. എന്നിട്ടവന്റെ കവിളിൽ ഒരു മുത്തം കൊടുത്തു. പാക്കറ്റ് പൊട്ടിക്കാൻ കഷ്ട്ടപ്പെടുന്ന പൊന്നൂന്റെ കയ്യിൽ നിന്നത് വാങ്ങി അവൻ പൊട്ടിച്ചു കൊടുത്തു. അവൾ അത് വായിൽ വെച്ച് വലിയ വായിൽ എന്തൊക്കെയൊ പറയുന്നുണ്ട്. ശരൺ എല്ലാം കേട്ട് തലയാട്ടുന്നുണ്ട്. ഇടയ്ക്കിടയ്ക്ക് അവന്റെ വായിലും ഓരോ കഷ്ണങ്ങൾ വെച്ച് കൊടുക്കുന്നുണ്ട്.

ശീതൾ അവരുടെ കളികൾ നോക്കി ഒരു നിമിഷം നിന്നുപോയി. പുറത്ത് നിന്ന് നോക്കിയാൽ അച്ഛനും മകളും ആണെന്നെ പറയൂ. പൊന്നുവിൽ നിന്ന് കണ്ണുകളെടുത്ത അവൻ കാണുന്നത് അവരെ നോക്കി നിക്കുന്ന ശീതളിനെയാണ്. ഒരു നിമിഷം കണ്ണുകൾ തമ്മിലിടഞ്ഞു. ഒരു പിടച്ചിലോടെ അവൾ കണ്ണുകൾ പിൻവലിച്ചു.
അവൻ മുന്നോട്ട് നടന്നു. പിറകെ അവളും നടന്നു. അവൻ അവളെ കാറിന്റെ മുൻ സീറ്റിൽ ഇരുത്തി പൊന്നുവിനെ മടിയിൽ വെച്ച് കൊടുത്തു. സാധനങ്ങളെല്ലാം ബാക്ക് സീറ്റ് തുറന്നവിടെ വേച്ചു. എന്നിട്ട് ഡ്രൈവിംഗ് സീറ്റിൽ കയറി ഇരുന്ന് വണ്ടി മുന്നോട്ടെടുത്തു.

യാത്രയിൽ പൊന്നു എന്തൊക്കെയൊ അവനോടു ചോദിക്കുകയും അവൻ അതിനൊക്കെ ക്ഷമയോടെ ഉത്തരം കൊടുക്കുകയും ചെയ്യുന്നുണ്ടായിരുന്നു. കുഞ്ഞിന്റെ ആരോഗ്യം കണക്കിലെടുത്തവൻ ഏസിയുടെ തണുപ്പ് കുറച്ചിടുന്നതും എല്ലാം അവൾ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വീട്ടിൽ എത്തിയപ്പോൾ കുഞ്ഞിനെ ശ്രദ്ധയോടെ എടുത്തതും അവൻ തന്നെ ആയിരുന്നു. ഡോക്ടർ………….. എന്താ????…. ഡോക്ടർ എന്തിനാ ഞങ്ങളോടിങ്ങനെ അടുക്കുന്നത്. എന്റെ മോൾക്ക് വെറുതെ പ്രതീക്ഷകൾ കൊടുക്കരുത്. ശീതൾ എന്റെ കാര്യങ്ങളും മനസ്സിൽ ഉള്ളതും എല്ലാം ഞാൻ പറഞ്ഞതാണ്.

പക്ഷെ എനിക്ക് അതങ്ങീകരിക്കാൻ ബുദ്ധിമുട്ടുണ്ട്. ഡോക്ടർക്ക് ഒരിക്കലും എന്നെ പോലൊരു പെണ്ണിനെ ചേരില്ല. അത് നീയാണോ തീരുമാനിക്കുന്നത്??? ഡോക്ടർ……………. വേണ്ട ഒന്നും പറയണ്ട ഞാൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്. നിന്നെ മാത്രമല്ല പൊന്നു മോളെയും എനിക്ക് നിങ്ങളെ രണ്ടുപേരെയും വേണം. എന്റെ സ്വന്തം കുഞ്ഞിനെ പോലെ എന്റെ കണ്ണിലെ കൃഷ്ണമണി പോലെ ഞാൻ നോക്കിക്കോളാം എനിക്ക് നിങ്ങളെ രണ്ടു പേരെയും മാത്രം മതി നീ നന്നായിട്ട് ആലോചിക്ക്.

പറഞ്ഞുകൊണ്ടിരിക്കെയാണ് അവന്റെ കണ്ണുകൾ ഹാളിൽ ഇരുന്ന ടേബിളിന്റെ പുറത്തിരിക്കുന്വെ ട്ടുകത്തിയിൽ ചെന്നെത്തിയത്. അവന്റെ നോട്ടം കണ്ടവളും ആ ഭാഗത്തേക്ക്‌ നോക്കി. ഒറ്റക്ക് ജീവിക്കുന്ന ഒരു പെണ്ണിന് മനസമാധാനത്തിന് കിടന്നുറങ്ങാൻ ഇതൊക്കെ കൂടിയേ തീരൂ പോരാത്തതിന് പിഴച്ചു പെറ്റ ഒരു പെണ്ണിന്. ഇനി ഒരുത്തനും നിന്നെ ശല്യം ചെയ്യാൻ വരില്ല ഇത് ഞാൻ നിനക്ക് തരുന്ന വാക്കാണ്. അത്രയും പറഞ്ഞവൻ മുന്നോട്ട് നടന്നു. കാറിൽ കയറിയിരുന്നു. പുലർച്ചെ അവൾ എണീറ്റ് കഴിഞ്ഞാണ് അവൻ കാറുമായി പോകുന്നത്. അതുവരെ ഒരു കാവലായി അവൻ അവിടെ തന്നെ ഉണ്ടായിരുന്നു.

ജനലഴിയിൽ പിടിച്ചോരോന്നോർത്ത് നിൽക്കുന്ന അവളെ ശരൺ നോക്കിയിരുന്നു. അവന്റെ നോട്ടം തന്റെ മേലാണെന്നറിഞ്ഞ അവൾ ജനലടച്ചു. അത് കണ്ട് ഒരു ചിരിയോടെയവൻ കണ്ണുകൾ അടച്ചു സീറ്റിൽ ചാരിയിരുന്നു. ഈ സമയം ശീതളിന്റെ മനസ്സിൽ ഒരു വടം വലി തന്നെ നടക്കുന്നുണ്ടായിരുന്നു ഹൃദയം അവനിലേക്കടുക്കുമ്പോൾ ചുട്ടു പൊള്ളിക്കുന്ന ഓർമ്മകൾ അവളെ അതിൽ നിന്ന് വലിക്കും. തന്നെ പോലൊരു പെൺകുട്ടിയെ കെട്ടി ഹോമിച്ചു കളയേണ്ടതല്ല ശരണിനെ പോലെയുള്ള ഒരു നല്ല ചെറുപ്പക്കാരനായ ഡോക്ടറുടെ ജീവിതം അവനിലേക്കടുക്കുന്ന മനസ്സിനെ പലതും പറഞ്ഞു വിലക്കിയവൾ കണ്ണുകളടച്ചു. എങ്കിലും നിദ്ര അവൾക്ക് വിദൂരമായിരുന്നു.

പിറ്റേന്ന് ഹോസ്പിറ്റലിൽ എത്തിയത് മുതൽ ശ്രീ ബിസിയായിരുന്നു ഓപിയും ഒരു എമർജൻസി കേസും മറ്റുമായി അവൾക്ക് നിന്ന് തിരിയാൻ സമയമില്ലായിരുന്നു. ഐഷുവിന്റെ അവസ്ഥയും മറിച്ചല്ലായിരുന്നു. അങ്ങനെ എല്ലാം കഴിഞ്ഞു ഋഷിയുടെ ക്യാബിനിലേക്ക് പോവുമ്പോൾ ശ്രീ എതിരെ വന്ന കർചീഫ് ഉപയോഗിച്ച് മുഖം മറച്ച ഒരാളുമായി കൂട്ടി മുട്ടി. അയാളുടെ കയ്യിലിരുന്ന ഫയലുകൾ താഴെ വീണു.

ഓഹ് ഐ ആം സോറി. അത് പറഞ്ഞുകൊണ്ട് വേഗം താഴെ വീണ ഫയലുകൾ പെറുക്കി എടുത്തവൾ അയാൾക്ക് നേരെ നീട്ടി. “താങ്ക്സ്” പതിയെ പറഞ്ഞു കൊണ്ടയാൾ അവൾ നീട്ടിയ ഫയലുകൾ വാങ്ങി വേഗത്തിൽ നടന്നകന്നു. ശ്രീ അപ്പോൾ ഫയൽ വാങ്ങാനായി നീട്ടിയ അവന്റെ കയ്യിൽ കണ്ട റ്റാറ്റൂ കണ്ടു ഞെട്ടിത്തരിച്ചു നിന്നുപോയി. *അഭിയേട്ടൻ* അവൾ പോലുമറിയാതെ ആ പേര് അവളുടെ ചുണ്ടുകൾ മന്ത്രിച്ചു.