The Best Fluffy Pancakes recipe you will fall in love with. Full of tips and tricks to help you make the best pancakes.
രചന – ശ്രീതു ശ്രീ
ജോണി വണ്ടി മുന്നോട്ട് എടുത്തപ്പോൾ പുറകിലിരുന്ന ലിന്റ സംസാരിച്ചു തുടങ്ങി…. “ജോണി ദേഷ്യപ്പെടരുത്….. ഞാൻ പറയുന്നത് സമാധാനത്തോടെ കേൾക്കണം…. “” അവൻ ഞെട്ടലോടെ വണ്ടി ബ്രേക്കിട്ടു നിർത്തി…… “നിന്നോടാരാ എന്റെ വണ്ടിയിൽ കയറാൻ പറഞ്ഞത്…ഇറങ്ങെടീ…..?” തന്നിലേക്ക് ഇരച്ചെത്തിയ ദേഷ്യം മുഴുവൻ ജോണി തന്റെ വാക്കുകൾക്കുള്ളിൽ പ്രതിഫലിപ്പിച്ചിരുന്നു… “എന്നോട് ദേഷ്യം ഉണ്ടെന്ന് അറിയാം….പക്ഷെ താൻ ഇപ്പൊ ദേഷ്യപ്പെട്ടിട്ട് കാര്യവുമില്ല…. അതൊക്കെ തൽക്കാലം അടക്കി വയ്ക്കണം….അതാണ് നമ്മൾക്ക് ഇരുവർക്കും നല്ലത്….. “നിന്റെ തന്ത എന്നെക്കാണാൻ വന്നിരുന്നു…. അയാളോട് പറഞ്ഞതൊക്കെ മാത്രമെ എനിക്ക് നിന്നോടും പറയാനുള്ളു…. ചുമ്മാതെന്റെ സമയം കളയാതെ നീയിവിടുന്ന് ഇറങ്ങാൻ നോക്ക്…. “ഞാൻ ഇറങ്ങി പോകാൻ തന്നെയാ ഇതിലോട്ട് കയറിയത്…. അല്ലാതിവിടെ കുടികെട്ടി താമസിക്കാനല്ല….. എനിക്ക് പറയാനുള്ളത് എന്താണെന്ന് അറിയോ…?” എന്തായാലും എനിക്കറിയണ്ട… എന്റെ ഓട്ടോയിൽ നിന്നിറങ്ങാൻ നോക്ക്….. ”
“ഞാൻ പറയാൻ വന്നത് എന്തായാലും പറഞ്ഞിട്ടേ പോകുന്നുള്ളു… “എങ്കിൽ പറഞ്ഞു തൊലച്ചിട്ട് ഇറങ്ങിപ്പോടീ.., ” അവൻ അവളെ ഒന്നു നോക്കുക കൂടി ചെയ്തില്ല….. അവൾ പറഞ്ഞു തുടങ്ങി….അവനെപ്പോ ഇറക്കിവിടും എന്നറിയാത്തത് കൊണ്ട് അവളല്പം വേഗത്തിൽ ആണ് സംസാരിച്ചത്….അതുകൊണ്ട് വാക്കുകൾ സ്ഥാനം തെറ്റിപ്പോകാതിരിക്കാനും അവൾ ശ്രദ്ധിച്ചു…. “ഞാൻ പറയാൻ വന്നത് മറ്റൊന്നുമല്ല.. തന്റെ ഇപ്പോഴത്തെ ഭാര്യയില്ലേ…… നേഹ…. അവളെന്നും കൂടെ കാണും എന്ന ചിന്തയിൽ ആകും എനിക്ക് എന്റെ മോളേ വിട്ടുതരാതെ ഇരിക്കുന്നത്…. ആ ചിന്തയങ്ങ് ഉപേക്ഷിക്കണം എന്ന് പറയാനാണ് ഞാൻ വന്നത്… “ഒന്നുപോടീ…. നീ ജോണിയെ പേടിപ്പിക്കാനും മാത്രമൊന്നും വളർന്നിട്ടില്ല…. അതിന് നീ നേടിയ ഡിഗ്രികൾ പോരാ….” അവൻ പുച്ഛത്തോടെ പറഞ്ഞു….. പക്ഷെ ലിന്റ നിർത്തിയില്ല… അവൾ തുടരുക തന്നെ ചെയ്തു…..
“റോഷൻ എവിടെയാണെന്നും എന്തുകൊണ്ടാണ് അവളെ തേടി വരാതിരുന്നത് എന്നും എനിക്കറിയാം …. എനിക്കവനെ വേണമെങ്കിൽ നാളെ ഇവിടെ എത്തിക്കാൻ കഴിയും ….. ഇത്ര നാളും റോഷനെ കാത്തിരിക്കാൻ കാണിച്ച മനസ്സിലെ സ്നേഹം റോഷനോടിന്നും അവൾക്കുണ്ടാകും….. അവൾ തയ്യാറെങ്കിൽ നാളെ ഒരു ദിവസം വന്നു വിളിച്ചാൽ എന്തായാലും നിങ്ങളെ ഉപേക്ഷിച്ച് റോഷനൊപ്പം നേഹ പോകും…. ഇന്നലെ കണ്ട നിങ്ങളെക്കാൾ എത്രയോ വലുതാണ് ഇത്രയും കാലവും കാത്തിരുന്ന അവളുടെ കുഞ്ഞിന്റെ സ്വന്തം അച്ഛൻ…. അവൾക്ക് അവനോടു സ്നേഹം ഇല്ലെങ്കിൽ ഇത്ര കാലമൊന്നും കാത്തിരിക്കില്ലായിരുന്നല്ലോ പിന്നെ അവളെ വിട്ടു പോകാനുള്ള കാരണം കൂടി അവൾ അറിയുമ്പോൾ തീർച്ചയായും നിങ്ങളെ ഉപേക്ഷിച്ചു റോഷനെ തന്നെ സ്വീകരിക്കും….. നൂറ് ശതമാനം ഉറപ്പാണത്….. ജോണിയ്ക്ക് ഒരു അവസരം കൂടി തരികയാണ് എനിക്ക് എന്റെ മകളെ എനിക്ക് തിരികെ തന്നാൽ റോഷൻ ഇതൊന്നും അറിയില്ല…… അവൻ അറിഞ്ഞിരിക്കുന്നത് തന്റെ കുഞ്ഞിപ്പൊ ജീവനോടെ ഇല്ല എന്നതാണ്…. നേഹയുടെ അച്ഛൻ അവനെ ധരിപ്പിച്ചത് പ്രസവത്തോടെ കുഞ്ഞ് മരിച്ചുപോയെന്നാണ്…… അതല്ല മറിച്ച് ആ കുഞ്ഞു ജീവനോടെയുണ്ടെന്ന് അറിയുമ്പോൾ അവനെ തിരിച്ചു വരാൻ വരാതിരിക്കാൻ കഴിയുമോ.. ഇല്ലല്ലോ..അവനെ സത്യം അറിയിക്കാൻ എനിക്കൊരു വ്യഗ്രതയും ഇല്ല….. പക്ഷേ അതിനുള്ള അവസരം താനായിട്ട് ഉണ്ടാക്കരുത്…… അവളത്രയും പറഞ്ഞു തീരും വരെയും ജോണി ഒന്നും മിണ്ടിയില്ല.
അവളൊന്നു നിർത്തിയപ്പോൾ അവൻ പറഞ്ഞു…. ” നീ സ്വന്തം കാര്യം നേടാൻ വേണ്ടി ഇതല്ല ഇതിനപ്പുറത്തെ നാടകം കളിക്കും എന്ന് എനിക്കറിയാം…..റോഷൻ വരുമെങ്കിൽ വരട്ടെ… എനിക്ക് ആരെയും പേടിയില്ല…. അവന്റെ ഭാര്യയെ ഞാൻ തട്ടിക്കൊണ്ടൊന്നും വന്നതല്ല….. വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ചു എല്ലാവരുടെയും സമ്മതത്തോടെ കെട്ടിയതാണ്…. അങ്ങനെയുള്ള ഞാനെന്തിന് പേടിക്കണം…? അവനൊപ്പം പോകണമെന്നുണ്ടെങ്കിൽ അവൾ പോട്ടെ…… പക്ഷേ ഒന്നുറപ്പാ….. നിന്റെ അത്രയും തരം താഴാൻ അവൾക്കാവില്ല….. നിന്റെ പ്രസംഗം കഴിഞ്ഞെങ്കിൽ നിനക്കിറങ്ങി പോകാം…. ശല്യം ചെയ്യാൻ ആയിട്ട് എന്റെ മുന്നിലേക്ക് ഇനി വന്നേക്കരുത്….. നിന്നെ കാണുന്നത് തന്നെ ശകുന കേടാണ്….. അവൾ ഇറങ്ങാൻ തുടങ്ങുന്നത് മറ്റൊരു കാര്യം കൂടി പറഞ്ഞു…… ” വാചകങ്ങളൊക്കെ കൊള്ളാം….അതിന് പിന്നിലുള്ള സത്യം എന്തെന്നും എനിക്ക് നന്നായിട്ടറിയാം…. നിങ്ങൾക്കു പ്രധാന ആവശ്യം എന്റെ മകളാണെന്ന് ഭാവിക്കുന്നുണ്ടെങ്കിലും നിങ്ങൾക്കു മകളെ മാത്രമല്ലല്ലോ വേണ്ടത് അവളെയും വേണ്ടേ…. പക്ഷേ ഇത് രണ്ടും ഒന്നിച്ച് നടക്കില്ല.. ഒന്നുകിൽ മകൾ അല്ലെങ്കിൽ നേഹ… ഇതിൽ ഏതു വേണമെന്ന് തീരുമാനിച്ചോ…. ഒന്നുകൂടി ഞാൻ ഓർമ്മിപ്പിച്ചേക്കാം….രണ്ടുംകൂടി നേടാനാണ് ഭാവമെങ്കിൽ… അവസാനം കൂടെ മകളും കാണില്ല ഭാര്യയും കാണില്ല… ഞാനിത് വെറുതെ പറയുന്നതൊന്നുമല്ല… കുറെ അന്വേഷിച്ച് പഠിച്ചു തന്നെയാണ് പറയുന്നത്… ഏതു വേണമെന്ന് ജോണിക്ക് തീരുമാനിക്കാം….തന്റെ ഭാര്യയെയും തന്നെയും പിരിക്കണമെന്ന് എനിക്കൊട്ടും ആഗ്രഹമില്ല.. എനിക്ക് എന്റെ മകളെ മാത്രം മതി… അതുകൂടി മനസ്സിൽ വച്ചിട്ട് വേണം ഇനി മുന്നോട്ടു ചിന്തിക്കാൻ…..പിന്നെ… ” അവൾ മറ്റെന്തോ കൂടി പറയാൻ വന്നെങ്കിലും അത് കേൾക്കാൻ നിൽക്കാതെ ജോണി ഓട്ടോ തിരിച്ചു സ്റ്റാൻഡിലേക്ക് വിട്ടു…. നിന്റെ പോക്ക് കണ്ടതും ഫോണെടുത്ത് ഒരു നമ്പർ ഡയൽ ചെയ്തു……. 💕💕💕💕💕
സ്റ്റാൻഡിൽ കിടക്കുമ്പോളൊക്കെ ജോണിയുടെ മനസ്സ് നീറുകയായിരുന്നു…… ലിന്റ പറഞ്ഞതൊന്നും വിശ്വസിക്കാൻ കഴിയില്ലെങ്കിലും അതൊക്കെ സത്യമായിരിക്കുമോ എന്നവൻ ആശങ്കപ്പെട്ടു… നേഹയുടെയും റോഹന്റെയും ജനിയുടെയും മുഖങ്ങൾ ഒരുപോലെ അവന്റെയുള്ളിൽ വേലിയേറ്റം സൃഷ്ടിച്ചു……. അങ്ങനെ അവൻ ഓരോ ചിന്തകളിൽ പെട്ടുഴലുമ്പോൾ ഒരു ഫോൺ കോൾ അവനെ തേടിയെത്തി….. നോക്കിയപ്പോൾ നേഹയാണ്….. “ഇച്ചായാ… എവിടാ… ഓട്ടത്തിലാണോ…?” അവളുടെ ശബ്ദം കാതോരം എത്തിയപ്പോൾ ചുട്ടുപൊള്ളുന്ന നെഞ്ചിനുള്ളിലേക്ക് ആർദ്രമായി മഴത്തുള്ളികൾ വീഴും പോലെ തോന്നി അവന് തോന്നി……. “ഏയ്… അല്ല… സ്റ്റാൻഡിൽ കിടക്കുവാ… നീ എന്നാ എടുക്കുവാ….? “ഓ…. വെറുതെ ഇരുന്നപ്പോ വിളിച്ചതാ… ഉച്ചയ്ക്കിങ്ങു പോര് … ഹോട്ടലിൽ നിന്നൊന്നും കഴിക്കാൻ നിൽക്കണ്ട….. ” നിന്റെ മീൻകൂട്ടാൻ ഇനിയും ബാക്കി ഉണ്ടോ…..? “ഓ…അപ്പൊ അത് എങ്ങനേലും ഒന്നു തീർക്കാനാ എന്നെ വിളിക്കുന്നത് അല്ലേ..? ചെറു ചിരിയോടെയും കളിയോടെയും അവൻ ചോദിച്ചപ്പോൾ അവളും ചിരിച്ചുപോയി……
“അതേല്ലോ…. എന്റെ കെട്ടിയോനെ കൊണ്ടല്ലേ എനിക്കിതൊക്കെ സാധിക്കാൻ പറ്റൂ…. “എന്റെ വിധി…. അല്ലാതെന്തു പറയാൻ….” “ചില വിധികൾ അനുഭവിക്കാനും ഒരു ഭാഗ്യം വേണമിച്ചായാ…” അതു കേട്ടവൻ ഒന്നു മന്ദഹസിക്കുക മാത്രം ചെയ്തു…. “ഒരുമണിയാകുമ്പോളേക്കും ഇങ്ങെത്തിയേക്കണേ……..പിന്നെ…. വരുമ്പോ…ഒരു കവർ പപ്പടം കൂടി വാങ്ങണെ… ഇന്ന് പപ്പടമില്ലാതെ വൈകിട്ട് ചോറുണ്ണില്ലെന്നാ ജനിയുടെ ഓർഡർ…. കേട്ടോ…” “മ്മ്.”” “വരണേ ഇച്ചായാ……” അവൾ ഒന്നുകൂടി അവനെ ഓർമ്മിപ്പിച്ചു.. … “ങ്ഹാ… ഞാൻ നോക്കട്ടെ….” ” ഇനി ഈ വയസ്സാം കാലത്ത് ആരെ നോക്കാനാ….?പിന്നെ എന്നെയും വലിച്ചു തലയിൽ ഇട്ടുപോയില്ലേ….? അവൾ കളിയായി ചോദിച്ചു……. “നിന്റെ………….. വച്ചിട്ട് പോയി വല്ല പണിനോക്ക് കൊച്ചെ…കിന്നാരോം കൊണ്ട് വന്നേക്കുന്നു…” മറുപടിക്ക് അവൻ കാതോർത്തെങ്കിലും അവൾ ഫോൺ കട്ടാക്കി…. നേഹയുടെ വാക്കുകളെ അവന് തള്ളിക്കളയാൻ കഴിഞ്ഞില്ല….. അവൾ പറഞ്ഞതുപോലെ പപ്പടവും വാങ്ങിയവൻ വീട്ടിലെത്തി…. പ്രതീക്ഷിച്ചതിലും നേരത്തെ ആയതിനാൽ ജോണി വന്നത് നേഹ അറിഞ്ഞില്ല…. അവൾ ഇയർ ഫോണും ചെവിയിൽ തിരുകി ഏതോ പാട്ടുകേട്ട് ആസ്വദിച്ചു കട്ടിലിൽ കിടക്കുകയായിരുന്നു…. ഓട്ടോയുടെ ശബ്ദം കേട്ടപ്പോൾ ജോണി ആണോന്ന് ഒരു മാത്ര ചിന്തിച്ചെങ്കിലും വരാൻ സമയമായില്ലല്ലോ എന്നോർത്ത് അവളെഴുന്നേറ്റില്ല….. താൻ വന്നത് അവളറിഞ്ഞില്ലെന്നു ജോണിക്ക് മനസിലായി… അവൻ ശബ്ദമുണ്ടാക്കാതെ മുറിയിൽ കയറി .. ശേഷം മുറിയുടെ വാതിൽ പതുക്കെ അടച്ചു….. (തുടരും )