രചന – മിയ അവ
പിറ്റേന്ന് പതിവിലും നേരത്തെ തന്നെ ശിവ കമ്പനിയിലേക്ക് ഇറങ്ങിയത് കൊണ്ട് ബ്രേക്ക് ഫാസ്റ്റ് പോലും കഴിച്ചിട്ടില്ലായിരുന്നു.
“ഗോവിന്ദും മായ മോളുടെ ഒപ്പം പോയതിൽ പിന്നെ കമ്പനി മൊത്തം ഈ ചെറുക്കന്റെ തലയിൽ ആണല്ലോ… അതോണ്ട് എന്താ…നേരത്തും കാലത്തും ഭക്ഷണം ഇല്ലാതായി ഈ കുട്ടിയ്ക്ക്….”
അവൻ ഇറങ്ങി പോയതിന് പിന്നാലെ ആരോടെന്നില്ലാതെ സരസ്വതിയമ്മ മുറു മുറുത്തു.
“അവന് ഇന്നെന്തോ അര്ജന്റ് മീറ്റിംഗ് ഉണ്ടമ്മേ… പിന്നെ മായ മോളെയും സുനിതയെയും അവിടെ വിട്ട് പെട്ടെന്ന്
ഇങ്ങ് വരാൻ ഗോവിന്ദേട്ടന് ആവില്ലല്ലോ…അങ്ങനെ അകന്ന് നിന്നിട്ടില്ലല്ലോ അവര്… പോയി ഒന്ന് സെറ്റ് ആവട്ടെ… ഗോവിന്ദേട്ടൻ ഇങ്ങ് വന്നോളും…”
ശ്രീദേവി പറഞ്ഞപ്പോൾ സരസ്വതിയമ്മ അലസമായൊന്ന് മൂളി. രാവിലത്തെ കുളിയും ജപവുമൊക്കെ കഴിഞ്ഞ് പാറുവും താഴോട്ടിറങ്ങിയിരുന്നു. തൊടിയിൽ കിളയ്ക്കുന്ന രാഘവനോട് ചില കൊച്ചു വർത്താനങ്ങളൊക്കെ പറഞ്ഞ് കഴിഞ്ഞ് അച്ചാച്ചൻ കൃഷ്ണ മേനോനും കൂടി ഉമ്മറത്തേക്ക് കയറിയപ്പോൾ പിന്നെ മൂന്നാളും കൂടിയുള്ള സംസാരവും ചിരിയും കളിയുമായി മേളം തുടങ്ങിയിരുന്നു അവിടെ. അത് നോക്കി നിന്ന് ഒരു ചിരിയോടെ ശ്രീദേവി ജാനകിയെ സഹായിക്കാൻ അടുക്കളയിലേക്കും പോയി.
കുറച്ചേറെ വൈകിയാണ് അന്ന് ശിവ മടങ്ങിയെത്തിയത്. ഇരുട് കനത്തിട്ടും അവനെ കാണാതെ വിഷമിച്ച് ഉമ്മറത്ത് തന്നെ ഇരിക്കുകയായിരുന്നു പാറു ഒഴികെ ബാക്കി എല്ലാവരും. ഇങ്ങനെ സങ്കടപ്പെട്ടിരിക്കാൻ കൊച്ചു കുട്ടിയോ അല്ലെങ്കിൽ പെൺ കൊച്ചോ ഒന്നും അല്ലല്ലോ എന്ന ഭാവത്തിൽ പാറു ഹാളിലെ
ദിവാൻ കോട്ടിൽ നീണ്ടു നിവർന്നു കിടന്ന് ടീവീ കാണുകയാണ്. ശിവയെ കാണാഞ്ഞ് പുറത്തു നടക്കുന്ന ആവാലാതികളും എണ്ണി പെറുക്കലുകളും അവളെ ബാധിക്കുന്നേ ഇല്ലായിരുന്നു. അങ്ങനെ നോക്കി നിൽക്കെയാണ് ഇരുളിനെ കീറി മുറിച്ച് ശിവയുടെ കാർ അവിടേക്ക് ലൈറ്റ് കത്തിച്ച് എത്തിയത്. കാറിന്റെ ശബ്ദം അവൾ കേട്ടെങ്കിലും പുറത്തു വന്നു നോക്കാനോ കാണാനോ ഒന്നും അവൾക്ക് തോന്നിയില്ല. കാറിൽ നിന്നിറങ്ങിയ ശിവയെ കണ്ട് എല്ലാവരും പരിഭ്രാന്തിയോടെ എഴുന്നേറ്റു.
“എന്താ കുഞ്ഞാ ഇത്… ഇത്ര വൈകുമെങ്കിൽ നിനക്ക് ഒന്ന് വിളിച്ചു പറഞ്ഞൂടെ… ഇവിടുള്ളോർ വിഷമിക്കുമെന്ന് നിനക്കറിയില്ലേ….”
സരസ്വതിയമ്മ തുടക്കമിട്ടത് കണ്ട് ശ്രീദേവിയും ഏറ്റു പിടിച്ചു.
“അത് തന്നെ… അല്ലെങ്കിൽ ആ ഫോൺ എങ്കിലും ഒന്ന് ഓൺ ആക്കി ഇടുക… ഇത് അങ്ങോട്ട് വിളിക്കുമ്പോൾ സ്വിച്ച് ഓഫ് എന്നും കൂടി കേട്ടാൽ ബാക്കി ഉള്ളവർക്കൊരു സമാധാനം കിട്ടോ….”
“എന്താ മോനെ… ഇന്ന് നല്ല
പണിയുണ്ടായിരുന്നോ ഓഫീസിൽ….”
കൂട്ടത്തിൽ അൽപ്പം ശാന്തമായിരുന്നു കൃഷ്ണ മേനോന്റെ ചോദ്യം. അതിന് മുറ്റത്ത് നിന്ന് തന്നെ ശിവ മറുപടി നൽകി.
“ഇല്ല അച്ചാച്ചാ… ഓഫീസിലെ ജോലിയൊക്കെ
പെട്ടെന്ന് തീർന്നിരുന്നു….”
“അത് ശരി അപ്പോ നീ ഇത്രയും സമയം വരെ ഓഫീസിൽ അല്ലായിരുന്നോ… പിന്നെ എവിടെ പോയതായിരുന്നു നീ… ഇങ്ങനെ ലേറ്റ് ആവാൻ… ഫ്രണ്ട്സിനെ വല്ലതും കണ്ടോ….”
ശ്രീദേവി വിടാൻ മട്ടില്ല.
“എന്റെ പൊന്ന് അമ്മേ.. എനിക്ക് വേറൊരു അത്യാവശ്യ കാര്യത്തിന് പോവാനുണ്ടായിരുന്നു… അതാ വൈകിയത്…”
“അതെന്താണെന്നാ ഞാൻ ചോദിച്ചത്….”
“ഓഹ്.. ഓക്കേ ഇനി അത് അറിയാഞ്ഞിട്ട് ഇനി ബിപി കൂട്ടണ്ട… വെയിറ്റ്….”
അങ്ങനെ പറഞ്ഞ് അവൻ കാറിന്റെ
ബാക്ക് ഡോർ തുറന്നു. പിന്നിൽ നിന്നും അവൻ കൈ പിടിച്ച് ഇറക്കിയ ആളെ കണ്ട് സരസ്വതിയമ്മയും ശ്രീദേവിയും കൃഷ്ണ മേനോനും ഒരു അത്ഭുതം കണ്ട പോലെ നോക്കി.
“ന്റെ മഹാ ദേവാ… ആരായിത്…മാധവിയമ്മയോ….ഈശ്വര.. അത്ഭുതം ആയല്ലോ ഇത്….”
സരസ്വതിയമ്മ അവരെ കണ്ട ആവേശത്തിൽ കോലായി പടിയിറങ്ങാൻ തുടങ്ങി.
“ഏയ്.. അമ്മ ഈ ഇരുട്ടത്ത് മുറ്റത്തേക്ക് ഇറങ്ങേണ്ട… മാധവിയമ്മയെ ഞാൻ കൂട്ടാം….”
ഇറങ്ങാൻ നിന്ന സരസ്വതിയമ്മയെ തടഞ്ഞ് ശ്രീദേവി പുറത്തേക്കിറങ്ങി മാധവിയമ്മയുടെ കൈ പിടിച്ചു.
“ഈ കുട്ടി ഇതൊന്നും അറിയുന്നില്ലേ… പാറു… പാറു കുട്ടി….”
സരസ്വതിയമ്മ ഉള്ളിലേക്ക് നോക്കി വിളിച്ചപ്പോൾ പുറത്തു നടന്ന സംസാരമൊന്നും കേട്ടില്ലെങ്കിലും അച്ഛമ്മയുടെ നീട്ടി വിളി കേട്ടപ്പോൾ
അങ്ങേര് വന്നു കയറിയതിന് ഞാൻ എന്തിനാ അവിടേക്ക് വരുന്നേന്നുള്ള ഭാവത്തിൽ പാറു ടീവീ ഓഫ് ചെയ്ത് ഉമ്മറത്തേക്ക് നടന്നു. അവിടെ ശ്രീദേവിയുടെ കയ്യിൽ പിടിച്ച് ഉമ്മറത്തേക്ക് കയറുന്ന മാധവിയമ്മയെ കണ്ട് പാറു ഷോക്കേറ്റ പോലെ നിന്ന് പോയി.
“തന്റെ മുത്തശ്ശി… മുത്തശ്ശി ഇവിടെയെങ്ങനെ…”
ഓർത്തതും അവളുടെ കണ്ണിൽ കൂടി ആനന്ദത്തിൽ കലർന്ന നീർക്കണം കവിളിന്റെ തണുപ്പ് തേടിയിറങ്ങി.
“മുത്തശ്ശി….”
വിളിച്ചു കൊണ്ട് അവൾ ഓടി മാധവിയമ്മയെ വാരി പുണർന്നു. അവളുടെ കണ്ണുകൾക്ക് വിശ്വസിക്കാൻ പറ്റുന്നില്ലായിരുന്നു ആ കാഴ്ച. സന്തോഷം മനസ്സിൽ അലതല്ലി ഒഴുകിയപ്പോൾ ചുംബനങ്ങൾ കൊണ്ട് അവൾ മാധവിയെ മൂടി. ആ സ്നേഹ നിർഭരമായ കാഴ്ചയിലും പ്രേത്യേകിച്ചു തെളിച്ചമൊന്നും ശിവയുടെ മുഖത്ത് ഉണ്ടായില്ല. ബാക്കി എല്ലാവരുടെ കണ്ണുകളും അത് കണ്ട് ഈറനണിഞ്ഞു.
“പാറു മോളുടെ മുഖം ഇത്രയും
സന്തോഷിച്ച് ഞങ്ങൾ മുൻപ് ഒന്നും കണ്ടില്ല.. അത്രയ്ക്കും അവളുടെ ജീവനല്ലേ ഈ മുന്നിൽ വന്നു നിൽക്കുന്നത്….”
കൃഷ്ണ മേനോൻ പറഞ്ഞപ്പോൾ ബാക്കി ഉള്ളവരും അത് ശരി വെച്ചു.
“ക്ഷീണം കാണും മുത്തശ്ശിയ്ക്ക്… മോളെ പാറു അമ്മ കുടിക്കാൻ എന്തെങ്കിലും എടുക്കാം.. മോള് മുത്തശ്ശിയ്ക്ക് മാറി ഉടുക്കാൻ ഉള്ളത് കാറിൽ ഉണ്ടോ നോക്ക് നീ….”
“ആ. അമ്മേ.. ഞാൻ.. ഞാൻ നോക്കട്ടെ…”
സന്തോഷം കൊണ്ട് വാക്കുകൾ പോലും മുറിയുന്നുണ്ടായിരുന്നു അവൾക്ക്. താഴേക്ക് ഇറങ്ങാൻ നിക്കുമ്പോഴാണ് കാറിൽ നിന്നും ശ്രേയയും പുറത്തേക്ക് ഇറങ്ങിയത്. അവളെ കണ്ടും പാറു അതിശയിച്ചു.
“ആഹാ.. നീയും ഉണ്ടായിരുന്നോ… ഞാൻ ഇങ്ങനെ ഓർക്കുവായിരുന്നു.. മുത്തശ്ശി ഇങ്ങ് വന്നതോണ്ട് നീ രണ്ടൂസത്തേക്ക് വീട്ടിലേക്ക് പോയോന്ന്….”
പാറു ചോദിച്ചത് കേട്ട് ശ്രേയ ഒന്ന് ചിരിച്ചു.
“രണ്ടൂസത്തേക്കോ..രണ്ടൂസം പോയിട്ട് ഞാൻ ഇനി എന്റെ വീട്ടിലേക്ക് പോവുന്നത് എന്നാണെന്നു പോലും നിക്ക് നിശ്ചയം ഇല്ല… മുത്തശ്ശിടെ വീട്ടിൽ ആവുമ്പോൾ ചേച്ചി ഇടയ്ക്ക് അവിടെ വരുമ്പോഴെങ്കിലും എനിക്ക് എന്റെ വീട്ടിൽ പോവായിരുന്നു.. ഇനി അത് പറ്റില്ലല്ലോ….”
“ഏഹ്.. അതെന്താടി… ഞാൻ ഇനിയും മുത്തശ്ശിയെ കാണാൻ മുത്തശ്ശിടെ വീട്ടിലേക്ക് വരുമല്ലോ….”
“ഓഹ്.. ഇനിയെന്തിനാ ചേച്ചി അങ്ങോട്ട് വരുന്നത്… ഞങ്ങൾ ഇനി മുതൽ ഇവിടെയല്ലേ താമസിക്കുന്നത്… അതോണ്ട് വല്ലപ്പോഴും കിട്ടുന്ന ലീവും കൂടി എനിക്ക് ക്യാൻസൽ….”
പാറുവും ശ്രീദേവിവും സരസ്വതിയമ്മയും കൃഷ്ണ മേനോനുമെല്ലാം ഒന്നും മനസിലാവാതെ അവളെ തന്നെ നോക്കി.
“ഏഹ്.. എന്ത്.. മനസ്സിലായില്ല നീ പറഞ്ഞത്.. ഇവിടെയോ…”
“അതെ ചേച്ചി.. എന്റെ ജോലി ദേ ഈ സർ ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്തു… വീട് പൂട്ടി ചാവി അപ്പുറത്തെ വീട്ടിൽ ഏല്പിച്ചിട്ടുണ്ട് മുത്തശ്ശിടെ മക്കൾ വരുമ്പോൾ
കൊടുക്കാൻ… മുത്തശ്ശി ഇനി മുതൽ ഇവിടെ താമസിച്ചാൽ മതിയെന്നാ സർ പറയുന്നത്…സർ തന്നെ മുത്തശ്ശിയുടെ മക്കളോട് സംസാരിച്ച് എല്ലാം ഓക്കേ ആക്കിയിട്ടുണ്ടെന്ന്.. അവിടെ വെച്ചു തന്നെ മുത്തശ്ശി അവരെ വിളിച്ചു നോക്കിയപ്പോൾ അവരും പറഞ്ഞു ഇങ്ങോട്ട് താമസം മാറ്റിക്കോളാൻ അവരാണ് സാറിനോട് പറഞ്ഞതെന്ന്…..”
“ഉവ്വ്.. എന്റെ മക്കളുടെ കാര്യം അല്ലേ വിശ്വാസം വരാഞ്ഞിട്ട് ഞാൻ തന്നെ നേരിൽ അവരെ വിളിച്ചു നോക്കി… ശിവയോട് എല്ലാം സംസാരിച്ചിട്ടുണ്ട്… അമ്മ അവന്റെ കൂടെ പൊയ്ക്കോ ഇനി മുതൽ അമ്മയ്ക്ക് അമ്മേടെ പാറു മോളുടെ ഒപ്പം കഴിയാമെന്ന് പിള്ളേർ പറഞ്ഞു….. സന്തോഷം തോന്നി അത് കേട്ടപ്പോൾ.. എന്റെ സ്വന്തം മക്കളെക്കാൾ എനിക്ക് സന്തോഷം ദേ ന്റെ ഈ കുറുമ്പി പെണ്ണിന്റെ കൂടെ കഴിയുന്നത് തന്നാ…. ഇവളുടെ അടുത്തുന്നു കിട്ടുന്ന സ്നേഹം നിക്ക് വേറെ എവിടെ നിന്നും കിട്ടില്ല….”
പണം കൊടുത്ത് അമ്മയെ ആ മക്കൾ വിറ്റതാണെന്ന വിവരം അവരോ ശിവയോ മാധവിയമ്മയോട് പറഞ്ഞിരുന്നില്ല. മാധവിയമ്മയുടെ കണ്ണ് നിറഞ്ഞതും ശ്രീദേവിയും അവരെയൊന്ന് ചേർത്ത്
പിടിച്ചു. സരസ്വതിയമ്മ സന്തോഷം കൊണ്ട് തുളുമ്പിയ തന്റെ കണ്ണുനീരൊപ്പി. എന്നാൽ ഇതെല്ലാം കേൾക്കും തോറും പാറുവിന്റെ കണ്ണുകളിൽ അത്ഭുതം ആയിരുന്നു. അവളുടെ അറിവിൽ കൊടുക്കാമെന്നു പറഞ്ഞ കാശ് ഇതുവരെ അവരുടെ കയ്യിൽ ഏല്പിക്കാൻ തനിക്ക് പറ്റിയിട്ടില്ല… ആറു മാസത്തെ കരാർ കഴിയാതെ ഇയാൾ പണവും തരില്ല… പിന്നെ എങ്ങനെ മുത്തശ്ശിയുടെ ആ മക്കൾ ഇതിന് സമ്മതിച്ചുവെന്ന് എത്ര ആലോചിച്ചിട്ടും അവൾക്കൊരു പിടിയും കിട്ടിയില്ല. ഇനി തന്നെ നേരത്തെ ഇവിടുന്ന് പറഞ്ഞു വിടാൻ വേണ്ടി ഇയാൾ അവർക്ക് പൈസ വല്ലതും അയച്ചു കൊടുത്തോ….എന്നാലും മുത്തശ്ശിയെ ഇങ്ങോട്ട് കൊണ്ട് വരില്ലല്ലോ… രണ്ടാഴ്ച കൂടി കഴിഞ്ഞാൽ ഞാൻ ഇവിടുന്ന് ഇറങ്ങേണ്ടതല്ലേ….പിന്നെ….
അവളുടെ ചിന്തകൾ കൂട് വിട്ട് പറക്കുന്നതിന് മുന്നെ ശ്രേയയുടെ അടുത്ത വാക്കുകളും എത്തി.
“..ആകെ ഉണ്ടായിരുന്ന ജോലി കൂടി നഷ്ട്ടമായിയെന്ന് വിചാരിച്ചു നിൽക്കുമ്പോഴാ സർ എന്നോടും റെഡിയാവാൻ പറഞ്ഞത്…ജോലി പോയെന്ന് കരുതി സങ്കടപ്പെടേണ്ട…ഇവിടെ
മുത്തശ്ശിയെ നോക്കാൻ ഒരാൾ എപ്പോഴും കൂടെ വേണമെന്നും ചേച്ചി ഉണ്ടായത് കൊണ്ട് മാത്രം കാര്യമില്ലെന്നും പറഞ്ഞ് സർ എന്നെ ഇവിടുത്തെ ഹോം നേഴ്സ് ആയി നിയമിച്ചു….അല്ലേ സർ….”
അതിന് ശ്രേയയെ നോക്കിയൊന്ന് കണ്ണടച്ച് കാണിച്ചു അവൻ. അതിൽ ശ്രീദേവിയ്ക്കും സരസ്വതിയമ്മയ്ക്കും കൃഷ്ണ മേനോനുമൊന്നും പ്രത്യേകിച്ച് അത്ഭുതം തോന്നിയില്ല. കാരണം ദേഷ്യം കുറച്ചു മുന്നിൽ ആണെങ്കിലും മനസ്സിൽ ആവോളം നന്മയുള്ളവനാ ശിവയെന്ന് അവർക്ക് നല്ലത് പോലെ അറിയാം. ഒരു പാവത്തിന്റെ അന്നം ഇല്ലാതാക്കാനല്ല… കഴിവതും അത് സംരക്ഷിക്കാനേ അവൻ നോക്കുകയുള്ളൂ. പക്ഷെ പാറുവിൽ അത്ഭുതം ആയിരുന്നു അവനിൽ ഇത്രയൊക്കെ നന്മയുണ്ടോയെന്നോർത്ത്… ഒപ്പം ഇവരെയൊക്കെ ഇങ്ങോട്ട് കൂട്ടി കൊണ്ട് വന്നു താമസിപ്പിച്ചിട്ട് എന്താ അവന്റെ ഉദ്ദേശമെന്ന് മനസ്സിലാവാത്തത്തിലുള്ള ആകാംഷയും.
“എന്തായാലും ഇത് കേമായി… ഇനി ഞങ്ങൾ വയസ്സായവർക്ക് ഇരുന്നു സൊറ പറയാൻ ഒരാളും കൂടി ആയല്ലോ…ല്ലേ പാറുവേ…”
“അയ്യാ… അതെന്തിനാ പാറുവേന്ന് നീട്ടിയൊരു വിളി… വയസ്സായതേ നിങ്ങൾക്കും നിങ്ങടെ ഈ മഹാ റാണിയ്ക്കുമാ… പാറുവേ ഇപ്പോഴും പതിനാറുക്കാരിയാ…. ഹും….”
അവൾ കൃഷ്ണ മേനോനെ നോക്കിയൊന്ന് കെറുവിച്ചു. അത് കേട്ട് സരസ്വതിയമ്മയും ശ്രീദേവിയും കൃഷ്ണ മേനോനും ഒരുപോലെ ചിരിച്ചു. ഒപ്പം മാധവിയമ്മയും ശ്രേയയും കൂടി.എന്തിനെന്നറിയാതെ… ആരും കാണാതെ ശിവയുടെ ചൊടികളിലും ആ ചിരിയൊന്ന് മിന്നിയൊളിച്ചു.
“എന്നാപ്പിന്നെ വന്ന കാലിൽ നിൽക്കാതെ മോള് ഇങ്ങോട്ട് കയറ്… പാറു മോള് മുത്തശ്ശിയെ അകത്തേക്ക് കൊണ്ട് പോ… ശ്രീദേവി നീ ഇവർക്ക് കുടിക്കാനുള്ളത് എടുക്ക്….”
സരസ്വതിയമ്മ പറഞ്ഞത് കേട്ട് ശ്രീദേവി ശരി അമ്മേന്ന് പറഞ്ഞ് അടുക്കളയിലേക്ക് തിരിഞ്ഞപ്പോൾ പാറുവും ശ്രേയയും കൂടി മാധവി മുത്തശ്ശിയെ അകത്തേക്ക് കൈ പിടിച്ചു കയറ്റി. കാർ പോർച്ചിലേക്ക് കയറ്റിയിട്ട് ശിവയും ഉള്ളിലേക്ക് നടന്നു.
മാധവിയമ്മയെ ഹാളിൽ ഇരുത്തി പാറുവും
ശ്രേയയും കാറിൽ നിന്ന് മുത്തശ്ശിയുടെ ഡ്രെസ്സുകളും മരുന്നും എല്ലാം എടുത്തു കൊണ്ട് വന്നു. അപ്പോഴേക്കും ശ്രീദേവി എല്ലാവർക്കുമുള്ള ചായ ഇട്ടിരുന്നു. അത് കുടിച്ചു കൊണ്ട് എല്ലാവരും ഹാളിൽ ഇരിക്കുമ്പോഴാണ് അവരുടെ ഡ്രെസും മറ്റും ഏത് മുറിയിൽ വെയ്ക്കുമെന്നും മുത്തശ്ശിയെ എവിടെ കിടത്തുമെന്നുമൊക്കെയുള്ള സംശയം പാറുവിനുണ്ടായത്. തന്റെ മുറിയിലേക്ക് കൊണ്ട് പോവാമെന്ന് വെച്ചാൽ മുത്തശ്ശിയ്ക്ക് സ്റ്റെപ് കയറാനൊന്നും പറ്റില്ലല്ലോ… അവൾ തന്റെ സംശയം ബാക്കി ഉള്ളവരോട് പ്രകടിപ്പിച്ചപ്പോൾ കുറച്ചു ഒന്നാലോചിച്ചു അവരെ താഴെ ശ്രീദേവി കിടന്നിരുന്ന മുറിയിലേക്ക് ആക്കാമെന്നും ശ്രീദേവിയ്ക്ക് കാലിന് ബുദ്ധിമുട്ട് ഒന്നും ഇല്ലാത്തത് കൊണ്ട് അവർ മുകളിലെ പാറു കിടക്കുന്ന മുറിയിലേക്ക് മാറാമെന്നും തീരുമാനിച്ചു.
“ഹാ.. എന്നാ അമ്മ ആ മുറിയിൽ കിടന്നോ ഞാനും മുത്തശ്ശിയും ശ്രേയയും കൂടി താഴെ കിടന്നോളാം….”
പാറു പറഞ്ഞത് കേട്ട് എല്ലാവരും അവളെ നോക്കി.
“ഹൈ.. ന്റെ കുട്ടി ഇവിടെ എന്താ
കിടക്കാൻ ഇത്രയും ബുദ്ധിമുട്ട് ആണെന്നാണോ കരുതിയെ…. എല്ലാവരും ഒരു മുറിയിൽ കൂടെ ചുരുണ്ടു കൂടി കിടക്കേണ്ട ഗതികേട് ഒന്നും ദൈവം സഹായിച്ച് ഈ കണിയോത്ത് വീടിനില്ല…”
സരസ്വതിയമ്മയാണ്. അതിനെ ശരി വെച്ച് ശ്രീദേവിയും തന്റെ അഭിപ്രായം മുന്നോട്ടു വെച്ചു.
“അത് തന്നെ… അവര് രണ്ടു പേരും അവിടെ സ്വസ്ഥമായി കിടക്കട്ടെ… ശ്രേയ അവിടെ കിടന്നില്ലെങ്കിലും ബുദ്ധിമുട്ടാണ്.. മുത്തശ്ശിയ്ക്ക് രാത്രിയിൽ എന്തെങ്കിലും അത്യാവശ്യം വന്നാൽ ഒരാൾ വേണ്ടേ… പാറു നീ മുകളിൽ എനിക്കൊപ്പം……”
അത് മുഴുമിക്കാൻ ശിവ സമ്മതിച്ചില്ല.
“അവളെ കൂടെ കിടത്താൻ അമ്മയാണോ അവളെ കെട്ടിയത്….”
പെട്ടെന്നുള്ള അവന്റെയാ ചോദ്യം കേട്ട് എല്ലാവരും അവനെ നോക്കി.
“ഹാ.. അടിപൊളി.. അപ്പോ മുത്തശ്ശിയെയും ശ്രേയയെയും ഇവിടെ സേഫ് ആക്കി.. എന്നെ ഇവിടുന്ന് ഇറക്കി വിടാനുള്ള പരിപാടിയാണ് കാലന്……”
അവന്റെ ഉള്ളിലിരുപ്പ് കത്തിയ പോലെ പാറു മനസ്സിൽ പറഞ്ഞു.
“അല്ല ശിവ.. പിന്നെ.. പാറുവിനെ….”
“അവളെ കെട്ടിയത് ഞാനല്ലേ അമ്മേ… അവൾ ഇനി മുതൽ എന്റെ മുറിയിലേക്ക് മാറിക്കോട്ടെ…മറ്റേ മുറിയിൽ അമ്മ മാത്രം മതി….”
ഇത്തവണ ഞെട്ടിയത് പാറു കൂടിയായിരുന്നു. പ്ലേറ്റിൽ നിന്നും ചിപ്സ് എടുത്തു കഴിച്ചു കൊണ്ടിരിക്കുകയായിരുന്ന അവൾക്ക് അത് കേട്ടതോടെ കഴിച്ചു കൊണ്ടിരുന്ന ചിപ്സ് ഒരു നിമിഷത്തേക്ക് തൊണ്ടയിൽ കുടുങ്ങി ഇറക്കാൻ പറ്റാതായി പോയി.
“ങേ… ഇയാളുടെ തലയ്ക്കു വല്ല അടിയും കിട്ടിയോ… പരസ്പര ബന്ധമില്ലാതെ സംസാരിക്കുന്നു….”
അവൾ കണ്ണ് മിഴിച്ച് അവനെ നോക്കി ഉള്ളിൽ പറഞ്ഞു. പെട്ടെന്ന് കേട്ടതിന്റെ ഷോക്കൊന്ന് മാറിയപ്പോൾ ശ്രീദേവിയുടെയും മറ്റുള്ളവരുടെയും മുഖമൊന്ന് വിടർന്നു. ചുണ്ടിൽ ഒരു ചിരി പമ്മിയൊളിച്ചു നിന്നു.
“അതെ.. അത് അങ്ങനെ തന്നെയാ വേണ്ടത്…കല്യാണം കഴിച്ചു കൊണ്ട് വന്ന പെൺകുട്ട്യോൾ അല്ലെങ്കിലും കിടക്കേണ്ടത് താലി കെട്ടിയ പുരുഷന്റെ ഒപ്പമാണ്… നല്ല തീരുമാനമാണ് കുഞ്ഞാ…. അല്ലേ മാധവിയമ്മേ….”
സരസ്വതിയമ്മയുടെ ചോദ്യത്തിന് കണ്ണൊന്നു തുടച്ച് മാധവിയമ്മയും സമ്മതം അറിയിച്ചു.
“എന്നാൽ പിന്നെ ഇന്ന് തന്നെ മോള് മോളുടെ സാധങ്ങളൊക്കെ എടുത്തു മോന്റെ മുറിയിലേക്ക് മാറിക്കോ… വൈകണ്ട….”
ശ്രീദേവിയും ആനന്ദക്കണ്ണീർ തുടച്ചു കൊണ്ട് പാറുവിനെ നോക്കി പറഞ്ഞു. പാറുവാണെങ്കിൽ ശിവ പറയുന്നത് കേട്ടപ്പോൾ തുറന്നു പോയ വായ അടയ്ക്കാൻ പറ്റാതെ അവനെ തന്നെ നോക്കി നിൽക്കുവാണ്.
“പാറു ചേച്ചി.. ചേച്ചിയെന്താ സാറിന്റെ സൗന്ദര്യം ആസ്വദിച്ചു നിൽക്കുവാണോ… ഇവരൊക്കെ ചേച്ചിയോടാ ഈ പറയുന്നത്… പോയി എല്ലാം സാധനങ്ങളും മാറ്റാൻ നോക്ക് വേണെങ്കിൽ ഞാനും
കൂടാം….”
ശ്രേയ പറഞ്ഞപ്പോൾ പാറു ഞെട്ടി തിരിഞ്ഞ് അവളെ നോക്കി.
“ഹാ.. ഓക്കേ.. വാ…”
അത്രയും പറഞ്ഞ് പാറു മുകളിലേക്ക് പോവാനായി എഴുന്നേറ്റു. പോകുമ്പോൾ അവളുടെ കണ്ണുകൾ വിശ്വാസം വരാതെ ശിവനിൽ തന്നെ തങ്ങി നിന്നു. തന്നെ തന്നെ നോക്കി കൊണ്ട് നടന്നു വരുന്ന പാറുവിനെ അവനും ഇമയെടുക്കാതെ നോക്കി നിൽക്കുന്നുണ്ടായിരുന്നു. അവൾ അവന്റെ അടുത്ത് എത്തി സ്റ്റെയർ കയറാൻ ഒരുങ്ങിയപ്പോൾ തന്റെ ഒരു കൈ കൊണ്ട് അവൻ അവളെ തടഞ്ഞു നിർത്തി.
എന്നിട്ട് അവളുടെ കണ്ണുകളിലേക്ക് തന്നെ ഉറ്റു നോക്കി എല്ലാവരും കേൾക്കെ ഉറക്കെ തന്നെ പറഞ്ഞു.
“ഞാൻ ഇവളെ എന്റെ മുറിയിലേക്ക് ഷിഫ്റ്റ് ആക്കിയതിന് ആരും കൂടുതൽ ഡെക്കറേഷനൊന്നും കൊടുക്കണ്ട…ഒരു ജോലിയ്ക്ക് വേണ്ടി നാട് നീളെ തെണ്ടി തിരിയുന്ന എന്റെ ഭാര്യയുടെ ഗതികേട്….നാട്ടുകാർ വിളിച്ചു പറയാൻ തുടങ്ങിയതോണ്ട് മാത്രമാണ് ഇങ്ങനൊരു
തീരുമാനം……”
അത് കേട്ടപ്പോൾ പാറുവൊന്ന് ഞെട്ടി. താൻ ജോലി തിരഞ്ഞു നടന്നത് അവൻ അറിഞ്ഞെന്നു മനസിലായതും അവളുടെ നോട്ടം വേഗം ശ്രീദേവിയിലേക്കാണ് നീണ്ടത്. പക്ഷെ അവൻ പറഞ്ഞതിന്റെ പൊരുൾ മനസിലാവാതെ നിൽക്കുകയായിരുന്നു ശ്രീദേവിയപ്പോൾ.
“…..ബാക്കിയുള്ളവരെ നാണം കെടുത്താനായി ഇറങ്ങിയേക്കുവല്ലേ ഇവൾ…കാണുന്നവർക്കറിയില്ലല്ലോ ഇവളെനിക്ക് പേരിന് മാത്രമാണ് ഭാര്യയെന്ന്…. സോ ഒരു മുറിയിൽ ആയാലെങ്കിലും പുറത്തുന്നു നോക്കുന്നവർ തെറ്റിദ്ധരിച്ചോട്ടെ…… ഇവൾ എന്റെ ഭാര്യയാണെന്ന്….”
അൽപ്പം ഊന്നൽ കൊടുത്തു കൊണ്ട് ശിവ പറഞ്ഞു വെച്ച ആ വാക്കിൽ പാറുവൊന്ന് അവനെ നോക്കി. അവളുടെ നോട്ടത്തിന്റെ അത്ര തന്നെ തീവ്രത അവന്റെ നോട്ടത്തിലും ഉണ്ടായിരുന്നു. ഇമ ചിമ്മാതെ…പോര് കോഴികളെ പോലെ രണ്ടു പേരും പരസ്പരം മിഴികൾ കോർത്ത് നിന്നു.
(തുടരും )

by