17/04/2026

ധനു : ഭാഗം 07

രചന – ജ്വാലാമുഖി

കൈവിരലുകൾ പോലും മറഞ്ഞു നിൽക്കും വണ്ണം ആ നീലത്താമരകൾ വിടർന്നിരുന്നു…

“ഇത് വാങ്ങേടോ… തനിക്കു വേണ്ടി അല്ലെ ഇതിപ്പോ പറിച്ചെടുത്തത്… !”

ഞാൻ പുഞ്ചിരിച്ചു കൊണ്ടു കൈ നീട്ടി… ആ പൂക്കൾ എന്റെ കൈകളിലേക്ക് ഏൽക്കുമ്പോൾ എവിടെയോ ഒരു നനുത്ത വിരൽ സ്പർശം എനിക്ക് തോന്നി… ഞാൻ വേഗം കൈ വലിച്ചു…

“താൻ വേണേൽ ഈ ഇല്ലത്തു കൂടിക്കോ… അപ്പൊ എന്നും ഇതുപോലെ നീലത്താമര പറിച്ചു തരാം ഞാൻ… ”

ഞാൻ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു…

“ഒന്ന് നിൽക്കു…. !!”

ഞാൻ തിരിഞ്ഞു നോക്കി….

“ഞാൻ കാര്യം ആയിട്ടു തന്നാ പറഞ്ഞത്… ”

“ആദ്യം ഒരു മനുഷ്യൻ ആകു… എന്നിട്ട് നമുക്ക് ആലോചിക്കാം .. ”

അത് പറയാൻ ഉള്ള ധൈര്യം എനിക്ക് എങ്ങനെ കിട്ടി എന്നറിയില്ല…

“അല്ലേലും ഞാൻ മനുഷ്യൻ തന്നാ… ഇനി തനിക്ക് വേണ്ടി ഞാൻ എന്താ ചെയ്യണ്ടേ.. അതു പറ… ”

“ദുശീലങ്ങളും ആ ചീത്ത കൂട്ടുകെട്ടും അങ്ങ് വിട്ടു കള…. പഴയ പോലെ നല്ലൊരു അധ്യാപകനായി… തമ്പുരാട്ടിയുടെ ആ പഴയ ഉണ്ണിയായി വാ… ”

എനിക്ക് നേരെ നടന്നു അടുക്കുന്ന ഉണ്ണിയേട്ടനിൽ നിന്നും ഞാൻ പിന്നിലോട്ട് മാറി ഒടുവിൽ കുളപുരയുടെ ചുവരിൽ തട്ടി നിന്നു…

ആ കൈകൾ എനിക്ക് ചുറ്റും വലയം തീർത്തു കൊണ്ടു ചുവരിൽ അമർന്നു….

പേടിച്ചു തല കുനിച്ചു നിന്ന എന്റെ കവിളിൽ ഉണ്ണിയേട്ടന്റെ അധരങ്ങൾ പതിഞ്ഞതും ഷോക്ക് അടിച്ച പോലെ ഞാൻ ചുവരിൽ തറഞ്ഞു പോയി…

“ഇത് ഈ തെമ്മാടിയെ മറക്കാതിരിക്കാൻ വേണ്ടി ഉള്ളതാ… ഇഷ്ടം ആണോ എന്നൊന്നും ചോദിക്കുന്നില്ല… ഇഷ്ടപെട്ടുപോയി… ജീവിതത്തിൽ ആദ്യം ആയിട്ടാണ് ഒരു പെണ്ണിനോട് ഇങ്ങനെ ഒക്കെ തോന്നുന്നേ.. അതുകൊണ്ട് എങ്ങനെ ആണ് ആ ഇഷ്ടം പ്രകടിപ്പിക്കാ എന്നെനിക്കു അറിയില്ല… തിരിച്ചും ഇഷ്ടം ആണ് എന്ന് ഈ പിടക്കുന്ന കണ്ണുകൾ എന്നോട് പറയുന്നുണ്ട്… ഇല്ല എന്ന് മാത്രം പറയരുത്… ”

എന്ത് പറയണം എന്നെനിക്കു അറിയില്ലായിരുന്നു… ഇതുപോലെ ഒരു അവസ്ഥ ആദ്യമായിട്ടാ… തൊണ്ട വരണ്ടിട്ടു ശബ്ദം ഒന്നും പുറത്തേക്കു വരുന്നില്ല…

“മാറു…”

“എന്നോട് ദേഷ്യം ഉണ്ടോ… ഒരു പെണ്ണിന്റെ അനുവാദം കൂടാതെ അവളെ തൊടാൻ പാടില്ല എന്നറിയാം… പക്ഷെ നീ എനിക്ക് വെറുമൊരു പെണ്ണല്ല… നീ ഉണ്ണീടെ പെണ്ണാ…. ഉണ്ണീടെ മാത്രം… വേറൊരു ആണിന്റെയും നിഴൽ പോലും നിന്റെ മേൽ പതിയാൻ ഉണ്ണി ജീവിച്ചിരിക്കുമ്പോൾ സമ്മതിക്കില്ല…. ”

“ഉണ്ണി…. !!!!!'”

തമ്പുരാട്ടിയുടെ…. ദേഷ്യത്തോടെയുള്ള ആ വിളിയിൽ പേടിച്ചു ഞാൻ ഉണ്ണിയേട്ടന് പിറകിൽ ഒളിച്ചു…

“നിനക്ക് സ്വബോധം ഇല്ലേ ഉണ്ണി…. നീ ഒരു ഭർത്താവാണ്… അത് മറക്കരുത്… ”

“അമ്മേ… ഞാൻ അവളെ ഒരിക്കലും… ”

“നീ ഇനി ഒന്നും പറയണ്ട…. നിനക്ക് ഈ കുട്ടിയെ ഇഷ്ടം ആണെന്ന് അമ്മയ്ക്കും അറിയാം… നിന്റെ അച്ഛനോടും ഞാൻ പറഞ്ഞിട്ടുണ്ട്… പക്ഷെ രേണു… അവൾ ഇന്നും നിന്റെ ഒപ്പം ഒരു ജീവിതം പ്രതീക്ഷിച്ചാണ് ജീവിക്കുന്നത്… ആ കുട്ടിയും ഒരു പെണ്ണല്ലേ മോനെ… ”

ആ നിമിഷം….. ഒന്നും പറയാതെ തമ്പുരാട്ടിയെ കെട്ടിപിടിച്ചു കരയുന്ന ഉണ്ണിയെന്ന മകനെ ഞാൻ കണ്ടു… ഒരു സാധു മനുഷ്യനേ ..

“എനിക്ക് അവളെ അങ്ങനെ കാണാൻ പറ്റില്ല അമ്മേ… !!!””

ആ വാക്കുകൾ തറഞ്ഞു വന്നു കൊണ്ടത് എന്റെ നെഞ്ചിലേക്ക് ആയിരുന്നു…

“തമ്പുരാട്ടി… ”

അമ്മ മുഖം ഉയർത്തി കണ്ണുകൾ തുടച്ചു എന്നെ നോക്കി…

“അമ്മ തിരക്കും.. ഞാൻ ഇറങ്ങട്ടെ… ”

അതു പറഞ്ഞു നിറഞ്ഞു വന്ന കണ്ണുകൾ ഞാൻ തുടച്ചു.. ഉണ്ണിയേട്ടന്റെ ശരീരത്തിലെ നനവ് പടർന്ന എന്റെ സെറ്റിമുണ്ട് താമരപ്പൂക്കളാൽ മറച്ചു പിടിച്ചു ഞാൻ ഇല്ലത്തേക്ക് നടന്നു…

“ആഹാ ഇത് കുറെ പൂക്കൾ ഉണ്ടല്ലോ.. നീ കുളത്തിൽ ഇറങ്ങിയോ .. നനഞ്ഞിട്ടുണ്ടല്ലോ ”

“അതു ഈ പൂക്കളിലെ നനവാ അമ്മേ…. ”

“ഉം… തമ്പുരാട്ടി എന്തെ… ”

“വരുന്നുണ്ട്… ”

അപ്പോളേക്കും തമ്പുരാട്ടി അങ്ങോട്ട്‌ വന്നു…

യാത്ര പറയാൻ നേരം ഞാൻ പല വട്ടം ഉണ്ണിയേട്ടനെ നോക്കി പക്ഷെ കണ്ടില്ല….

“ഊണ് കഴിച്ചിട്ട് പോയാൽ പോരെ മക്കളെ… ”

“പിന്നെ ആവാം തമ്പുരാട്ടി… ”

“നിങ്ങൾക്ക് വേണ്ടി നല്ല മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയിരുന്നു… ”

“അതു സാരല്ല്യ… ഇവിടുത്തെ കൈപ്പുണ്യം ഒരുപാട് അറിഞ്ഞിട്ടുള്ളതല്ലേ ഞാൻ .. ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല… ഇന്ന് ഒരു ദല്ലാൾ നോട് വരാൻ പറഞ്ഞിട്ടുണ്ട്.. അയാൾ ഉച്ചയോടെ എത്തും… അപ്പോളേക്കും വീട്ടിലേക്കു എത്തണം…. ”

അതു പറയുമ്പോൾ അമ്മ തമ്പുരാട്ടിയുടെ മുഖത്തൊരു വിഷാദം മിന്നി മാഞ്ഞു..

തിരിച്ചു വീട്ടിലേക്കു നടക്കുമ്പോൾ അമ്മ ആ ഇല്ലത്തെ കുറിച്ചു വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു… പക്ഷെ എന്റെ മനസ്സ് മൊത്തം ആ കുളപ്പടവിൽ ആയിരുന്നു… അമ്മയെ ചേർത്തു പിടിച്ചു പൊട്ടിക്കരഞ്ഞ ഉണ്ണിയേട്ടനിൽ ആയിരുന്നു…

*****

വീട്ടിൽ വന്നതും ദല്ലാൾ ഉമ്മറത്തു കാവൽ ഇരിപ്പുണ്ടായിരുന്നു….

“ഭാമ എവിടെ പോയതാ… ഞാൻ എത്ര നേരം ആയി വന്നിട്ട് എന്നറിയോ.. ”

“അമ്പലത്തിൽ പോയതാ… ഉച്ചക്ക് വരും എന്നല്ലേ പറഞ്ഞെ… ”

“ഒരു അത്യാവശ്യം ഉണ്ട്… ഇന്ന് ഉച്ചതിരിഞ്ഞു ഞാൻ ഒരു കൂട്ടരേ കൊണ്ടു വരുന്നുണ്ട്.. ഇവിടുത്തെ കാര്യങ്ങൾ ഒക്കെ അവരോടു പറഞ്ഞിട്ടുണ്ട്.. അവർക്ക് കുഴപ്പമില്ല.. ജാതകോം ചേരും… ചെക്കനാണേൽ കുറച്ചു ദിവസം കഴിഞ്ഞാൽ തിരിച്ചു പോകും . സിങ്കപ്പൂർ ആണ് പയ്യന് ജോലി… ആന വരെ ഉള്ള തറവാടാ… ”

“അത്രേം വലിയ കുടുംബം ഒന്നും നമുക്ക് വേണ്ട ചേട്ടാ… നമ്മളെ പോലെ ഒരു സാധാരണ കൂട്ടർ മതി… ”

“പെൺകുട്ടികളുടെ ഭാവി പെരുവഴിയിൽ എന്നല്ലേ പറയാ…അവർ ഒന്ന് വന്നു കാണട്ടെ കുട്ടി.. ”

അമ്മ ഒന്നും ഇരുത്തി മൂളി…

ദല്ലാൾ പോയതും അമ്മ വീണ്ടും പലഹാരം വാങ്ങാൻ പോയി…

മൂന്നുമണിക്കാണ് അവർ എത്തും എന്ന് പറഞ്ഞത്…

ഒന്ന് പൊട്ടിക്കരയണം എന്നെനിക്കു തോന്നി… സങ്കടം എല്ലാം ഉള്ളിൽ അടക്കി ഞാൻ അണിഞ്ഞൊരുങ്ങി നിന്നു…

പടിക്കൽ കാറിന്റെ ശബ്ദം കേട്ടതും അമ്മ ഓടി എന്റെ അടുത്തേക്ക് വന്നു…

“ഇന്ന് മോളേക്കാൾ പേടി അമ്മക്കാ…വല്ല്യ കൂട്ടർ അല്ലെ… ”

ഞാൻ ഒന്നും മിണ്ടിയില്ല അവർ ഉമ്മറത്തേക്ക് കയറി വന്നു… ഇടനാഴിയുടെ ജനലിലൂടെ ഞാൻ പയ്യനെ കണ്ടു… കാണാൻ നല്ല സുന്ദരനായൊരു ചെറുപ്പക്കാരൻ….

പക്ഷെ അപ്പോളേക്കും എന്റെ മനസ് ഉണ്ണിയേട്ടനിൽ പതിഞ്ഞു പോയിരുന്നു….

“വല്ല്യോപ്പെ…. ”

എന്ന് പറഞ്ഞു കൊണ്ടു കരഞ്ഞു കൊണ്ടു അമ്മ കൂടെ വന്ന ചെറുക്കന്റെ അച്ഛൻ എന്ന് തോന്നുന്ന ആളുടെ കാലിൽ വീണത് ഒരു മിന്നായം പോലെ ഞാൻ കണ്ടു…

അയാളും എന്റെ അമ്മയെ താങ്ങി എണീപ്പിച്ചു കണ്ണുകൾ തുടക്കുന്നുണ്ട്…

“ധനു… മോളെ… ”

അമ്മയുടെ വിളി വരുന്നതിനു മുന്നേ ഞാൻ ഉമ്മറത്തേക്ക് എത്തിയിരുന്നു…

“മോളെ… ഇത് ഇത്.. വല്ല്യോപ്പെ ഇതാ ന്റെ മോള്… ”

ഈശ്വര ഇതാണോ അമ്മയുടെ കൊലകൊമ്പൻ ആങ്ങള… ദിവാകരൻ… !!!!

“മോൾ ഇങ് അടുത്ത് വരൂ… ”
ആ കണ്ണുകളിൽ വാത്സല്യം തുളുമ്പി വരുന്നത് ഞാൻ കണ്ടു..

“ഉണ്ണിമോളേ… ”

“ഉം..”

“നിനക്ക് സുഖം ആണോ കുട്ടി… ”

“ഉം… അമ്മക്ക് എങ്ങനെ ഉണ്ട് ഓപ്പേ… ”

“വയ്യ… നിന്നെ കാണണം എന്ന് പറഞ്ഞു കരച്ചിൽ ആണ് എപ്പോളും… അച്ഛൻ ആണേൽ ആരോടും ഒരു മിണ്ടാട്ടവും ഇല്ല… നീ അത്രേടം വരെ വരണം… ”

“എന്നോട് എല്ലാർക്കും വെറുപ്പല്ലേ… ”

“ഇല്ല മോളെ… അതൊക്കെ എല്ലാവരും മറന്നു… നിന്റെ മോളെ ഒന്ന് കാണാൻ അമ്മ ഒരുപാട് കൊതിക്കുന്നുണ്ട്…. ”

“ഞാൻ വരാം ഓപ്പേ… ലീവ് കിട്ടട്ടെ എന്നിട്ട് വരാം… ”

“നീ ഇനി ജോലിക്കൊന്നും പോകണ്ട മോളെ… നീ ഇനി അമ്മേടേം അച്ഛന്റേം അടുത്ത് വേണം.. ”

“കുഞ്ഞോപ്പ… ”

“കുഞ്ഞോപ്പ ഹോസ്പിറ്റലിൽ ആണ് മോളെ… ”

“എന്താ… എന്താ ഉണ്ടായേ… ”

“ക്യാൻസർ ആണ്… ”

“എന്റെ കൃഷ്ണ…. ”

തലയിൽ കൈ കൊടുത്തു കുഴഞ്ഞു വീണ അമ്മയെ പിടിച്ചു അമ്മാവൻ തിണ്ണയിൽ കിടത്തി…

“മോളെ അത്യാവശ്യം വേണ്ടതൊക്കെ എടുത്തോളൂ.. നമുക്ക് നമ്മുടെ വീട്ടിലേക്കു പോകാം… ”

അമ്മാവൻ എന്നെ നോക്കി അതു പറയുമ്പോൾ ഞാൻ അമ്മയുടെ ഒരു മറുപടിക്കായി കാത്തു നിന്നു….

കുറച്ചു കഴിഞ്ഞു അമ്മക്ക് ഓർമ വീണു… വാതിൽ പൂട്ടി ആ പടികൾ ഇറങ്ങുമ്പോൾ ആരും കാണാതെ ഒരു കവറിൽ ഞാൻ എന്റെ നീലത്താമരകൾ ഒളിപ്പിച്ചു വച്ചിരുന്നു…

*****

മാനം മുട്ടുന്ന കൊട്ടാരം പോലൊരു വലിയ തറവാടിന് മുന്നിൽ കാർ ചെന്നു നിൽകുമ്പോൾ ഏതോ ഒരു ലോകത്തു വന്ന പോലെ ആയിരുന്നു എനിക്ക്…

എന്തോ കിലുക്കം കേട്ടു തിരിഞ്ഞു നോക്കുമ്പോൾ അമ്മയെ കണ്ട സന്തോഷം പങ്കിടാൻ വന്ന കേശവൻ ആയിരുന്നു പുറകിൽ…

അമ്മ ആ തുമ്പിക്കയ്യിൽ ഉമ്മകൾ കൊണ്ടു മൂടി… സത്യത്തിൽ അമ്മ എന്നെ ഇപ്പൊ മറന്ന മട്ടാണ്..

അകത്തേക്ക് ചെന്നതും അമ്മ മുത്തശ്ശന്റെ കാലിൽ വീണൊരു പൊട്ടിക്കരച്ചിൽ ആയിരുന്നു..

സ്നേഹം കൊണ്ടു അമ്മയെ വീർപ്പു മുട്ടിക്കുന്ന ഒരു വലിയ കുടുംബം..

ഞങ്ങളെ കണ്ടപാടെ പരിഭവങ്ങളുടെ കെട്ടഴിച്ച മുത്തശ്ശി…

എനിക്കുള്ള മുറി കാട്ടി തന്നത് ശരത്ത് ആയിരുന്നു… അമ്മാവന്റെ മകൻ..

“ധനു… ഫ്രഷ് ആയിട്ട് വരൂ… ”

ഞാൻ കുളിച്ചു ഒരു കോട്ടൺ സാരി എടുത്തു ഉടുത്തു താഴേക്കു ചെന്നു…

******

മുത്തശ്ശിയുടെ മടിയിൽ കിടന്നു കഥകൾ കേൾക്കുമ്പോൾ ഇടയ്ക്കിടെ എന്നെ ഒളി കണ്ണിട്ടു നോക്കുന്ന ഒരാൾ ഉണ്ടായിരുന്നു… ശരത്ത്… എന്റെ മുറച്ചെറുക്കൻ…

പക്ഷെ ഉണ്ണിയേട്ടാ… എനിക്ക് ഉണ്ണിയേട്ടനെ അല്ലാതെ വേറൊരാളെ ആ ഒരു സ്ഥാനത്തു കാണാൻ കഴിയില്ലല്ലോ….

“മുടിയിൽ ഒന്നും ഒരു തരി എണ്ണ ഇല്ലാലോ കുട്ടി… ഭവാനി ആ കാച്ചെണ്ണ ഇങ്ങെടുക്കൂ… ”

വിടർത്തിയിട്ട മുടിയിഴകളിൽ മുത്തശ്ശി എണ്ണ പുരട്ടി ചെട തീർത്തു… മേലൊക്കെ മഞ്ഞൾ പുരട്ടി എന്നെ കുളത്തിൽ മുക്കി എടുത്തു എന്ന് വേണം പറയാൻ…

“എന്റെ ഭാമയും മോളെ പോലെ ഇതുപോലെ സുന്ദരി ആയിരുന്നു…. ”

മുത്തശ്ശിയുടെ കണ്ണുകൾ നിറഞ്ഞു വന്നു…

സ്നേഹം കൊണ്ടുള്ള വല്ലാത്തൊരു വീർപ്പു മുട്ടൽ ആയിരുന്നു എനിക്ക്…

******

“ഇപ്പൊ പോണോ മോളെ… ”

“ഞാൻ നാളെ ഇങ്ങ് വരാം അമ്മേ .. ഗിരിയേട്ടൻ ഉറങ്ങുന്ന മണ്ണല്ലേ… ഇടക്കൊക്കെ അങ്ങോട്ട്‌ പോയില്ലേൽ എനിക്ക് ഉറക്കം കിട്ടില്ല അമ്മേ..”

തിരിച്ചു ഞങ്ങളുടെ കൊച്ചു വീട്ടിലേക്കു നടക്കുമ്പോൾ എനിക്ക് വല്ലാത്തൊരു ആശ്വാസം തോന്നി…

“ഭാമേ ആ ഇല്ലത്തെ അടിച്ചു തളിക്കാരി പെണ്ണ് ഇങ്ങോട്ട് അന്നെഷിച്ചു വന്നിരുന്നു… തമ്പുരാട്ടി വീണെന്നോ… വയ്യെന്നോ മറ്റോ പറഞ്ഞു… ”

രമണി ചേച്ചി അതു പറയുമ്പോൾ അമ്മ അയ്യോ എന്ന് പറഞ്ഞു…താടിക്കു കൈ വച്ചു ..

“നമുക്കൊന്ന് പോയാലോ മോളെ… ”

അമ്മയോടൊപ്പം ഇല്ലത്തേക്ക് നടക്കുമ്പോൾ എനിക്ക് വല്ലാത്ത ഒരു ടെൻഷൻ ആയിരുന്നു…

തമ്പുരാട്ടിയുടെ മുറിയിലേക്ക് നടക്കുമ്പോളും എന്റെ കണ്ണുകൾ ഉണ്ണിയേട്ടനെ പരതികൊണ്ടിരുന്നു..

“ആഹാ ഭാമയോ… വരൂ വരൂ .. ”

തമ്പുരാട്ടിയുടെ അടുത്ത് നില്കുന്ന ആ പെൺകുട്ടിയിൽ ആയിരുന്നു എന്റെ കണ്ണുകൾ…

“ഇത് രേണു… ഉണ്ണീടെ വേളി ….. !!!”””

തുടരും…