24/04/2026

ഹിമകണമായി : ഭാഗം 10

രചന : ശ്രീനിധി

വേണു കുമാറിനെ നോക്കി.” ഞാൻ എന്താ വേണ്ടേ കുമാറേ” വേണു തിരക്കി. നമുക്ക് നാളെ ഒരാളെ കൂടി പോയി കാണാം അയാൾ എന്താ പറയുന്നതെന്ന് നോക്കാം, എന്നിട്ട് ഒരു തീരുമാനം എടുക്കാം ” കുമാർ പറഞ്ഞു.വേണുവിന് ആ അഭിപ്രായം ശരിയാണെന്ന് തോന്നി.നാളെ തന്നെ മറ്റൊരാളെ കാണാം എന്ന തീരുമാനത്തിൽ അവർ പിരിഞ്ഞു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

പിറ്റേന്ന് വേണുവിന്റെയും കുമാറിന്റെയും ഒപ്പം നീരവും ജ്യോത്സ്യനെ കാണാൻ എത്തി. ഈ ജാതകങ്ങൾ തമ്മിൽ പൊരുത്തം കുറവാണ്, പക്ഷെ വിവാഹം നടത്തുന്നതിൽ തെറ്റില്ല, ഞാൻ കുറച്ച് വഴിപാടുകൾ എഴുതി തരാം, വിവാഹത്തിന് മുൻപ് അതൊക്കെ നടത്തണം ” അദ്ദേഹം പറഞ്ഞു.
” വഴിപാടുകൾ ചെയ്യാം തിരുമേനി, ഒന്ന് കുറിച്ച് തന്നോളൂ ” വേണു പറഞ്ഞു. എന്നാ പിന്നെ കല്യാണത്തിന്റെ ഡേറ്റ് എടുക്കട്ടേ ” അദ്ദേഹം ചോദിച്ചു.വേണു കുമാറിനെ നോക്കി.

” ഡേറ്റ് കുറിച്ചോളൂ, രണ്ട് മാസത്തിനുള്ളിൽ ഒരു ഡേറ്റ് മതി ” കുമാർ പറഞ്ഞു. ശരി…… നോക്കാം ” അദ്ദേഹം കവിടി നിരത്തി പ്രാത്ഥിച്ചു.” വരുന്ന മാസം നാലാം തിയതി, അതായിത് മകരം 18 ഒരു നല്ല മൂഹൂർത്തം ഉണ്ട്, എങ്ങനാ അത് മതിയോ ” അദ്ദേഹം ചോദിച്ചു. അത് തന്നെ ആയിക്കോട്ടെ അല്ലേ വേണു ” കുമാർ സർ ചോദിച്ചു.വേണു മനസില്ലമനസ്സോടെ സമ്മതം മൂളി.അങ്ങനെ നീരവിന്റെയും നേത്രയുടെ വിവാഹ മുഹൂർത്തം കുറിക്കപ്പെട്ടു.ജ്യോത്സനെ കണ്ട് ഇറങ്ങുമ്പോഴും വേണുവിന്റെ മനസ്സ് കാർമേഘം കെട്ടിയ ആകാശംപോലെ മേഘാവൃതമായിരുന്നു.” മാഷേ……. ” നീരവ് അദ്ദേഹത്തെ വിളിച്ചു.

വേണു തിരിഞ്ഞു നോക്കി.എനിക്ക് മാഷിന്റെ മനസ്സ് മനസ്സിലാവുന്നുണ്ട്, മകളുടെ ഭാവിയെക്കുറിച്ച് ഓർത്ത് മാഷ് ആശങ്കപ്പെടണ്ട, ഞാൻ അവളെ പൊന്നുപോലെ നോക്കിക്കോളാം,ഞങ്ങളുടെ ഒരുമിച്ചുള്ള സന്തോഷത്തോടെയുള്ള ജീവിതം കാണുമ്പോൾ മാഷിന്റെ ഈ വിഷമമൊക്കെ മാറിക്കോളും,ഇനി അഥവാ എനിക്ക് എന്തേലും സംഭവിച്ചാലും സ്വന്തം കാലിൽ നിൽക്കാനുള്ള ധൈര്യവും ആത്മവിശ്വാസവും നേത്രക്ക് ഉണ്ട് ” നീരവ് പറഞ്ഞു.” മോനെ……..അങ്ങനെ പറയരുത്,എന്റെ ആശങ്ക നേത്രയുടെ ഭാവിയെക്കുറിച്ച് ഓർത്ത് മാത്രല്ല, നിന്നെ കുറിച്ച് ഓർത്തുകൂടിയാണ്, നിങ്ങള് രണ്ടാളും എന്റെ മക്കൾ തന്നെയാണ് ” വേണു നീരവിനെ ചേർത്ത് പിടിച്ചു.

” മാഷേ…… ഈ മരണം എന്ന് പറയുന്നത് ഒരു സത്യമാണ്, ആർക്കും ഓടി ഒളിക്കാൻ കഴിയാത്ത സത്യം, അത് എല്ലാവരുടെ ജീവിതത്തിലും സംഭവിക്കും, അതുകൊണ്ട് എനിക്ക് മരണത്തെക്കുറിച്ച് ഓർത്ത് ഭയമില്ല.ആരും ആരുടെയും കൂടെ അല്ല ഈ ഭൂമിയിലേക്ക് വന്നത്, അതുപോലെ ഇവിടെ നിന്നും തിരിച്ച് പോവുന്നതും ഒറ്റക്ക് തന്നെയാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിന് ഓരോ ലക്ഷ്യമുണ്ട് അത് കഴിഞ്ഞാൽ നമ്മൾ ഇവിടുന്ന് പോയേപറ്റു.അതിപ്പോ മാഷായാലും ഞാനായാലും.

ആരും ആരെയും ആശ്രയിച്ചല്ല ജീവിക്കേണ്ടത്. ആരുണ്ടെങ്കിലും ഇല്ലെങ്കിലും ജീവിതം മുന്പോട്ട് പോയെ പറ്റു” നീരവ് പറഞ്ഞു. ഇനി അധികം ചിന്തിക്കണ്ട വേണു, മക്കളുടെ കാര്യം നമുക്ക് നടത്തിയേക്കാം” കുമാർ സർ പറഞ്ഞു.
നീരവും കുമാറും വേണുവിന്റെ വാക്കുകൾക്കായി കാതോർത്തു. എടുക്കുന്ന തീരുമാനം ശരിയാണോ തെറ്റാണോ എന്ന് അറിയില്ല,എങ്കിലും മനസ്സ് പറയുന്നത് ഞാൻ ഇപ്പോ കേൾക്കുവാണ്. എന്റെ മോളെ ഞാൻ നിന്റെ കൈകളിൽ ഏല്പിക്കുവാണ്, ബാക്കി വിധിപോലെ വരട്ടെ ” വേണു പറഞ്ഞു.
നീരവിന്റെ മുഖത്ത് സന്തോഷം നിറഞ്ഞു.
നീരവ് വേണുവിനെ കെട്ടിപിടിച്ചു.വേണു അവനെ ചേർത്ത് പിടിച്ചു. രണ്ടുപേരും കുറച്ച് സമയം വേറെ ഏതോ ലോകത്തായിരുന്നു.മാഷേ എനിക്ക് ഒരു കാര്യംകൂടി പറയാനുണ്ട് ” നീരവ് പറഞ്ഞു.

” എന്താ…. ” വേണു തിരക്കി. ഇതിനുമുൻപ് ജാതകം നോക്കി അദ്ദേഹം പറഞ്ഞ കാര്യങ്ങളൊന്നും നേത്ര അറിയണ്ട,അത് ചിലപ്പോ നേത്ര എങ്ങനെ എടുക്കുമെന്ന് പറയാൻ പറ്റില്ല, വെറുതെ ബാക്കിയുള്ളവരെ കൂടി ടെൻഷനാക്കേണ്ടല്ലോ ” നീരവ് പറഞ്ഞു..അത് നേരാ…….തത്കാലം ഇത് നമ്മള് മാത്രം അറിഞ്ഞാൽ മതി ” കുമാർ സാറും പറഞ്ഞു.പിന്നീട് എല്ലാം പെട്ടന്നായിരുന്നു,എല്ലാ കാര്യങ്ങൾക്കും എല്ലാവരും ഓടി നടന്നു. നീരവും നേത്രയും കിട്ടിയ സമയംകൊണ്ട് പരസ്പരം സ്നേഹിക്കാനുംമനസ്സിലാക്കാനുംശ്രമിച്ചുകൊണ്ടിരുന്നു.ഒടുവിൽ കുറിക്കപ്പെട്ട മുഹൂർത്തത്തിൽ നീരവ് നേത്രയുടെ കഴുത്തിൽ താലി ചാർത്തി.എല്ലാവരെയും വിട്ടു പിരിയുന്ന സങ്കടമുണ്ടായിരുന്നുവെങ്കിലും നീരവ് നേത്രക്ക് വലിയ ഒരു ആശ്വാസമായിരുന്നു.

വിവാഹത്തിന്റെ അന്ന് തന്നെയായിരുന്നു റിസപ്ഷൻ, വീടിന്റെ അടുത്തുള്ളഒരുഓഡിറ്ററിയത്തിൽവച്ചായിരുന്നു റിസപ്ഷൻ.റിസപ്ഷൻ കഴിഞ്ഞ് വീട്ടിലെത്തിയതും സമയം ഒരുപാട് വൈകിരുന്നു.ഡ്രെസ്സും മറ്റ് ആഭരണങ്ങൾ മാറാനും നീരവിന്റെ ചേച്ചി നിമിഷ സഹായിച്ചു.എല്ലാം ഊരി മാറ്റിയപ്പോഴാണ് നേത്രക്ക് ഒരു ആശ്വാസമായത്.കുളി കഴിഞ്ഞ് ഇറങ്ങിയപ്പോൾ അമ്മയും നിമിഷവും നേത്രയേ കാത്ത് പുറത്തുണ്ടായിരുന്നു.രാധാമണി നേത്രയുടെ കൈയിലേക്ക് ഒരു ഗ്ലാസ്‌ പാല് വച്ചുകൊടുത്തു.
ആ സമയത്താണ് നേത്ര അന്നത്തെ രാത്രിയുടെ പ്രത്യേകതയെക്കുറിച്ച് ചിന്തിക്കുന്നത്.

വിവാഹം കഴിഞ്ഞുള്ള ആദ്യ രാത്രി,രണ്ടുപേരും ഒരുമിച്ചുള്ള രാത്രി. നീരവിനെ പരിചയമുണ്ടെങ്കിലും അവളുടെ മനസ്സിൽ പരിഭ്രമം നിറഞ്ഞു.
നിമിഷ അവളെ അവരുടെ മുറിയുടെ മുന്നിൽവരെ കൊണ്ടാക്കി തിരിച്ച് പോന്നു.വർധിച്ചു വന്ന ഹൃദയമിടിപ്പോടെ നേത്ര വാതിൽ തുറന്ന് അകത്ത് കയറി.എല്ലാടത്തും നോക്കിയെങ്കിലും നീരവിനെ മുറിയിൽ കണ്ടില്ല.പൂകളാൽ അലങ്കരിച്ചിരിക്കുന്ന ബെഡ് അവളുടെ ശ്രദ്ധയിൽപെട്ടതും അവളുടെ കൈയും കാലും വിറയെക്കാൻ തുടങ്ങി.
പെട്ടെന്ന് ബാത്‌റൂമിന്റെ റൂം തുറന്ന് നീരവ് പുറത്തേക്ക് വന്നു.മുന്നിൽ പകച്ചു നിൽക്കുന്ന നേത്രയേ കണ്ടതും അവന് ചിരി വന്നു.

കൈയിലിരുന്ന ടവൽ ഡ്രസിങ് സ്റ്റാൻഡിലേക്ക് ഇട്ട് അവൻ നേത്രക്ക് അടുത്തേക്ക് നടന്നു.
നീരവ് അടുത്തേക്ക് നടക്കുംതോറും നേത്രയുടെ ചലനശേഷി നഷ്ടപ്പെട്ടതുപോലെ തോന്നി അവൾക്ക്. നീരവ് തൊട്ടുമുന്നിൽ എത്തിയതും കൈയിലിരുന്ന പാൽ ഗ്ലാസ്‌ നേത്ര അവന് നേരെ നീട്ടി.കൈ വിറക്കുന്നതിനൊപ്പം പാൽ തുളുമ്പി നിലത്തേക്ക് വീണുകൊണ്ടിരുന്നു.അവളുടെ പേടി കണ്ടപ്പോ നീരവിന് വല്ലാത്ത കൗതുകം തോന്നി.നീരവ് അവളുടെ കൈയിൽ നിന്നും പാൽ ഗ്ലാസ്‌ വാങ്ങി അത് ചുണ്ടിലേക്ക് ചേർത്തു, ശേഷം ആ ഗ്ലാസ്‌ നേത്രയുടെ ചുണ്ടിലേക്ക് അടുപ്പിച്ചു.നേത്ര വിറയ്ക്കുന്ന കൈകളോടെ ആ ഗ്ലാസ്‌ വാങ്ങി പാൽ ഒന്ന് കുടിച്ചെന്ന് വരുത്തി അത് ടേബിളിലേക്ക് വച്ച് തിരിഞ്ഞതും നീരവ് അവളുടെ തൊട്ടുമുന്നിൽ.
അവന്റെ നിശ്വാസം അവളുടെ മുഖത്തേക്ക് പതിക്കുന്ന അത്ര അരികിലായിരുന്നു അവൻ.
നേത്രയുടെ പിടിക്കുന്ന കണ്ണുകളും, വിറക്കുന്ന ചുണ്ടുകളും കണ്ടപ്പോൾ നീരവിന്റെ മനസ്സ് ഒന്ന് പതറി പോയിരുന്നു.

നീരവ് അവന്റെ മുഖം അവളിലേക്ക് അടിപ്പിച്ചതും നേത്ര ഇരുകണ്ണുകളും അടച്ചു.അല്പ സമയം കഴിഞ്ഞതും മുഖത്തേക്ക് പതിച്ച നിശ്വാസത്തിന്റെ ചൂടിൽ അവൾ കണ്ണുകൾ തുറന്നു.തന്നെ നോക്കി ചിരിച്ചു നിൽക്കുന്ന നീരവിനെ കണ്ടതും അവൾക്ക് ചമ്മൽ തോന്നി. എന്താടോ ഇത്…… ഇങ്ങനെ സ്പീഡിൽ ഇടിക്കാൻ തുടങ്ങിയാൽ തന്റെ ഹൃദയം പൊട്ടിപോകുവല്ലോ, എനിക്ക് ഇവിടെ കേൾക്കാം അത് ഇങ്ങനെ സ്പീഡിൽ ഇടിക്കുന്നത് ” നീരവ് പറഞ്ഞു. അത് പിന്നെ…… ഞാൻ……. ” നേത്രക്ക് അവനോട് എന്ത് പറയണമെന്ന് അറിയില്ലായിരുന്നു. താൻ ഇങ്ങ് വന്നേ, പറയട്ടെ ” നീരവ് അവളെ കൈയിൽ പിടിച്ചു ബെഡിൽ കൊണ്ടിരുത്തി.

” താൻ ഇങ്ങനെ പേടിക്കണ്ട, തന്നെ ഞാൻ ഒന്നും ചെയ്യില്ല.എനിക്ക് അറിയാം തന്റെ മനസ്സിൽ ഇപ്പോ എന്താണെന്ന്, ഇതൊക്കെ വിവാഹത്തിന്റെ ഓരോ രീതിയായിട്ട് കണ്ടാൽ മതി ” ബെഡിൽ കിടന്ന മുല്ലപ്പൂ കൈയിൽ എടുത്ത് അവൾക്ക് നേരെ നീട്ടികൊണ്ട് നീരവ് പറഞ്ഞു.നേത്രയുടെ ടെൻഷൻ അപ്പഴും പൂർണമായിട്ട് മാറിട്ടുണ്ടായിരുന്നില്ല.” എടൊ ഇങ്ങോട്ട് നോക്കിക്കേ” നീരവ് അവളുടെ മുഖം അവന് നേരെ പിടിച്ചു. തന്റെ പൂർണ്ണ സമ്മതമില്ലാതെ ഞാൻ തന്റെ ശരീരത്തിൽ തൊടില്ല, താൻ ആദ്യം ഈ വീട്ടിലെ സാഹചര്യങ്ങളുമായിട്ട് പൊരുത്തപെട്, അപ്പോ തന്റെ ഈ ടെൻഷൻ പാതി കുറയും. നമ്മള് തമ്മിൽ അറിയാമെങ്കിലും ഭാര്യ ഭർത്താവ് എന്ന നിലയിൽ ജീവിച്ചു തുടങ്ങാൻ പോകുന്നതല്ലേ ഉള്ളൂ, ഇനിയും മനസ്സിലാക്കാനും അറിയാനും ബാക്കിയുണ്ട്‌, അതുകൊണ്ട് അതൊക്കെ കഴിഞ്ഞ് മതി ഈ തരത്തിലുള്ള ആചാരങ്ങൾ.

തന്റെ മനസ്സും ശരീരവും ഒരുപോലെ എന്നെ സ്വീകരിക്കാൻ തയ്യാറായിട്ട് നമുക്ക് അടുത്ത ഘട്ടത്തിലേക്ക് കടന്നാൽ മതി, എന്താ പോരെ ” നീരവ് ചോദിച്ചു.അപ്പോഴാണ് നേത്രക്ക് സമാധാനമായത് അവൾ തലകുലുക്കി സമ്മതം അറിയിച്ചുഎന്നാ നമുക്ക് കിടന്നാലോ, ഇന്ന് നല്ല ക്ഷീണം കാണും, രാവിലെ എഴുന്നേറ്റതല്ലേ” നീരവ് ചോദിച്ചു.കിടക്കാം ” നേത്ര മറുപടി പറഞ്ഞു.
നേത്ര ബെഡിൽ കിടന്നതും നീരവ് ലൈറ്റ് ഓഫ്‌ ചെയ്ത അവളുടെ ഒപ്പം കിടന്നു. രാവിലെ മുതലുള്ള തിരക്കും ക്ഷീണവുംകൊണ്ട് രണ്ടുപേരും പെട്ടെന്ന് ഉറങ്ങിപോയിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രാവിലെ നേത്ര കണ്ണ് തുറന്ന് ചുറ്റും നോക്കി, അവൾക്ക് പരിചതമല്ലാത്ത ചുറ്റുപാട് കണ്ടതും, അവൾ ചാടി എഴുന്നേറ്റു. പെട്ടെന്നാണ് തന്റെ വിവാഹം കഴിഞ്ഞതും താൻ ഇപ്പോ നീരവിന്റെ വീട്ടിലാണെന്നും അവൾക്ക് ഓർമ്മ വന്നത്, ബെഡിലേക്ക് നോക്കിയതും നീരവ് ബെഡിൽ ഇല്ല. ചുവരിലെ ക്ലോക്കിലേക്ക് നോക്കിയതും സമയം 7:30.” അയ്യോ….. ഇത്രയും സമയമായോ….. ഞാൻ ഇത് എന്ത് ഉറക്കമാണ് ഉറങ്ങിയത്” നേത്ര സ്വയം ചോദിച്ചു വേഗം ബെഡിൽ നിന്ന് എഴുന്നേറ്റ് മുടി വാരി കെട്ടിയതും, ബാത്രൂം തുറന്നു നീരവ് പുറത്തേക്ക് ഇറങ്ങി.

” താൻ എഴുന്നേറ്റോ” നീരവ് ചോദിച്ചു. നീരവേട്ടൻ ഇത് എപ്പോ എഴുന്നേറ്റു, ഞാൻ അറിഞ്ഞില്ലല്ലോ, എന്നെകൂടി വിളിക്കായിരുന്നില്ലേ, ഇതിപ്പോ ഒരുപാട് വൈകിയല്ലോ.അമ്മയും ചേച്ചിയുമൊക്കെ എന്ത് കരുതികാണും ” നേത്ര ചോദിച്ചു. ഇവിടെ ആരും ഒന്നും കരുതില്ല, തനിക്ക് ഇന്നലെത്തെ ക്ഷീണം ശരിക്കുമുണ്ടായിരുന്നു,അതുകൊണ്ട്ഉറങ്ങുന്നതുകണ്ടപ്പോ വിളിക്കാൻ തോന്നിയില്ല,അമ്മ ഇന്നലെ പറഞ്ഞിരുന്നു രാവിലെ അമ്പലത്തിൽ പോണെന്ന്, ഞാൻ നേരത്തേ എഴുന്നേറ്റതുകൊണ്ട് കുളിച്ചിട്ട് തന്നെ വിളിക്കാമെന്ന് കരുതി” നീരവ് പറഞ്ഞു. ഞാൻ വേഗം കുളിച്ചിട്ട് വരാം, എന്നിട്ട് അമ്പലത്തിൽ പോവാം ” നേത്ര പറഞ്ഞു.

“ഒക്കെ മാഡം……..തനിക്ക് വേണ്ടതൊക്കെ അലമാരയിലുണ്ട്, ഇനി വേറെ എന്തെങ്കിലും വേണമെങ്കിൽ നമുക്ക് പോയി വാങ്ങാട്ടോ ” കൈയിൽ ഇരുന്ന ടവൽ അവളുടെ കഴുത്തിലൂടെ ഇട്ട് അവളെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് നീരവ് പറഞ്ഞു. ശരി ശരി……. ” നേത്ര അവനെ തള്ളി മാറ്റി അലമാരിയിൽനിന്ന് ഡ്രസ്സ്‌ എടുത്ത് കുളിക്കാൻ കയറി.നീരവ് റെഡിയായപ്പോഴേക്കും, ബാത്‌റൂമിന്റെ ഡോർ തുറന്ന് നേത്ര പുറത്തേക്ക് വന്നു.
ടവൽ പുതച്ച് പുറത്തേക്ക് ഇറങ്ങിയ നേത്രയേ കണ്ടതും നീരവ് വേഗം മുറയിൽ നിന്നും പുറത്തേക്ക് പോയി.ആ സമയംകൊണ്ട് നേത്ര സാരി ഉടുത്തു.
കണ്ണാടിയിൽനോക്കിറെഡിയായികൊണ്ടിരിക്കുമ്പോഴാണ് നീരവ് വീണ്ടും റൂമിലേക്ക് വരുന്നത്.

കണ്ണാടിയിലൂടെ കാണുന്ന നേത്രയേ അവൻ ഇമചിമ്മാതെ നോക്കി നിന്നു.മുടി അഴിച്ചിട്ടു കുളിപ്പിന്നൽ ഇട്ട്, കണ്ണുകൾ ഭംഗിയായി എഴുതി നെറ്റിയിലെ കറുത്ത പൊട്ടും സീമന്ത രേഖയിലെ സിന്ദൂരവുമൊക്കെ കണ്ടപ്പോൾ നീരവിന്റെ മനസ്സ് നിറഞ്ഞു. ഞാൻ റെഡി നമുക്ക് പോകാം ” നേത്ര നീരവിന്റെ അടുത്തേക്ക് ചെന്നു.അവളെ തന്നെ നോക്കി സ്വയം മറന്ന് നിന്നിരുന്ന നീരവ്, നേത്ര അടുത്ത് വന്നതൊന്നും അറിഞ്ഞതേയില്ല.” മാഷേ…… ” അവൾ ഒരിക്കൽക്കൂടി നീരവിനെ വിളിച്ചു.

സ്വപ്നത്തിൽനിന്ന് എന്നപോലെ അവൻ സ്വബോധത്തിലേക്ക് വന്നതും നേത്ര റെഡിയായി അവന്റെ മുന്നിൽ നിൽപ്പുണ്ടായിരുന്നു.എന്താടോ ” നീരവ് ചോദിച്ചു.നമുക്ക് പോകാം” നേത്ര വീണ്ടും ചോദിച്ചു. വാ പോവാം” നീരവ് നേത്രയുമായി അമ്പലത്തിലേക്ക് പോയി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

രണ്ട് ദിവസങ്ങൾ അങ്ങനെ കടന്ന് പോയി.
നീരവ് ഫോണും നോക്കി സ്വീകരണമുറിയിൽ ഇരിക്കുകയായിരുന്നു, രാധാമണി അവന്റെ അടുത്തേക്ക് വന്നു.”മോനെ…… കണ്ണാ
നാളെയല്ലേ നേത്രയുടെ വീട്ടിലേക്ക് പോകുന്നത്” രാധാമണി ചോദിച്ചു” അതേ……. എന്താ അമ്മേ ” നീരവ് ചോദിച്ചു. നിങ്ങള് കല്യാണം കഴിഞ്ഞ് ആദ്യമായിട്ട് അങ്ങോട്ട് ചെല്ലുമ്പോൾ അവിടെ എല്ലാവർക്കും ഡ്രസ്സ്‌ കൊടുക്കണം, അങ്ങനെ ഒരു ചടങ്ങുണ്ട്.നിങ്ങള് രണ്ടുംകൂടി ടൗണിൽപോയി അവർക്കുള്ള ഡ്രസ്സ്‌ എടുത്തിട്ട് വാ,മോള് വന്നിട്ട് നിങ്ങള് പുറത്തോട്ടൊന്നും പോയില്ലല്ലോ, ചെല്ല് റെഡിയായി പോയിട്ട് വാ ” രാധാമണി പറഞ്ഞു.

” ശരി അമ്മേ…… ഞങ്ങള് പോയിട്ട് വരാം ”
നീരവ് പറഞ്ഞു. ഞാൻ മോളെ റെഡിയായവൻ പറഞ്ഞുവിട്ടിട്ടുണ്ട്, നീയും ചെല്ല്, എന്നിട്ട് പുറത്ത് നിന്നും ഭക്ഷണമൊക്കെ കഴിച്ച് പതിയെ തിരികെ എത്തിയാൽ മതി ” രാധാമണി പറഞ്ഞു. ശരി മാതശ്രീ…..അവിടുത്തെ ഉത്തരവ് പോലെ ” നീരവ് തൊഴുതുകൊണ്ട് പറഞ്ഞു. പോടാ ചെക്കാ ” രാധാമണി പറഞ്ഞു.നീരവ് മുറിയിൽ എത്തുമ്പോൾ നേത്ര ഒരുങ്ങുകയായിരുന്നു.നീരവ് അവളുടെ സൈഡിലൂടെ ചെന്ന് അലമാര തുറന്ന് അവന്റെ ഡ്രസ്സ്‌ എടുത്തു.അവിടെന്ന് മാറി.
നേത്ര അവനെ ശ്രദ്ധിക്കാതെ ഒരുങ്ങുന്ന തിരക്കിലായിരുന്നു,

നേത്ര അവനെ ശ്രദ്ധിക്കുന്നില്ലെന്ന് കണ്ടതും,നീരവ് വേഗം അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കവിളിൽ ഉമ്മ വച്ചു.പെട്ടെന്ന് നീരവ് അങ്ങനെ ചെയ്തതും നേത്ര ഞെട്ടി അവനെ നോക്കി. നോക്കി പേടിപ്പിക്കണ്ട, ഒരു ഉമ്മ പോലും തരാൻ പാടില്ലെന്ന് നമ്മുടെ വ്യവസ്ഥയിൽ പറഞ്ഞിട്ടില്ല കേട്ടോ ” നീരവ് പറഞ്ഞു.നേത്ര അവനെ കണ്ണുരുട്ടി പേടിപ്പിച്ചു.ദേ ആ കണ്ണുരുട്ടി നോക്കിയാൽ ഞാൻ ഇനിയും തരും കേട്ടോ ” നീരവ് പറഞ്ഞു.നേത്ര പെട്ടെന്ന് രണ്ട് കൈയും കൊണ്ട് കവിള് പൊത്തി, അത് കണ്ടപ്പോ നീരവിന് ചിരി വന്നു.പിന്നെ അവിടെ നിൽക്കുന്നത് പന്തി അല്ലെന്ന് കണ്ടതും നേത്ര പുറത്തേക്ക് ഇറങ്ങി, അല്പം കഴിഞ്ഞ് നീരവും റെഡിയായി വന്നു.
രാധാമണിയോട് യാത്ര ചോദിച്ചു അവർ പുറത്തേക്ക് ഇറങ്ങി.

അവര് ആദ്യം പോയത് സിനിമ കാണാനായിരുന്നു.
സിനിമ കണ്ട് ഇറങ്ങിയ ശേഷം നേത്രയുടെ വീട്ടുകാർക്കുള്ള ഡ്രസ്സ്‌ എടുക്കാൻ കയറി, അതും കഴിഞ്ഞ് ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴാണ് നീരവിന് ഫോൺ വരുന്നത്, നീരവ് വേഗം ഫോൺ അറ്റൻഡ് ചെയ്തു, അവന്റെ മുഖംഭാവം മാറുന്നത് നേത്രക്ക് പെട്ടെന്ന് മനസ്സിലായി.എന്താ നീരാവേട്ടാ……. എന്താ പറ്റിയെ….. ആരാ വിളിച്ചേ ” നേത്ര ചോദിച്ചു.എടൊ അത് ഒരു അത്യാവശ്യമുണ്ട്, ഒരു ഹോസ്പിറ്റൽ കേസാണ്, എനിക്ക് ഒന്ന് പോണം, താൻ വാ തന്നെ വീട്ടിൽ വിട്ടിട്ട് വേണം എനിക്ക് പോവാൻ ” നീരവ് പറഞ്ഞു.

നേത്ര പെട്ടെന്ന് തന്നെ കഴിച്ച് എഴുന്നേറ്റു,നീരവ് നേത്രയേ തിരികെ വീടിന്റെ മുന്നിലാക്കി, വീട്ടിൽ പോലും കയറാതെ പോയി.നേത്ര അവൻ കണ്ണിൽനിന്നും മായുന്നതുവരെ അവനെ നോക്കി നിന്നു. അഹ് നിങ്ങള് എത്തിയോ,അമ്മ ടീവിയിൽ ശ്രദ്ധിച്ചിരുന്നതുകൊണ്ട് വണ്ടിയുടെ ശബ്ദം ഒന്നും കേട്ടില്ല ” കോളിങ്ങ് ബെല്ല് കേട്ട് കതക് തുറന്ന രാധാമണി പറഞ്ഞു.വണ്ടി ഇങ്ങോട്ട് കയറിയില്ല അമ്മേ, നീരവേട്ടന് എന്തോ അത്യാവിശം,എന്തോ ഹോസ്പിറ്റൽ കേസ് ആണെന്ന് മാത്രം പറഞ്ഞു, എന്നെ ഇവിടെ വിട്ടിട്ട് പോയി ” നേത്ര പറഞ്ഞു.

” അവൻ ഇതെന്ത് പണിയാണ് കാണിച്ചത്, വീട്ടിൽപോലും കയറാതെ പോയല്ലോ,
നിങ്ങള് എന്തെങ്കിലും കഴിച്ചായിരുന്നോ “രാധാമണി തിരക്കി. കഴിച്ചു……അമ്മ കഴിച്ചോ ” നേത്ര തിരക്കി. അമ്മ കഴിച്ചു, മരുന്ന് കഴിക്കാനുള്ളതുകൊണ്ട് നേരത്തേ കഴിച്ചു, എന്നാ മോള് പോയി ഡ്രെസ്സൊക്കെ മാറ് അവൻ ഇങ്ങ് വന്നോളും ” രാധാമണി അവളെ മുറിയിലേക്ക് പറഞ്ഞുവിട്ടു.ഡ്രസ്സ്‌ മാറി നേത്ര സോഫയിൽ രാധാമണിയുടെ അടുത്ത് വന്നിരുന്നു.നോട്ടം ടീവിയിലേക്കാണെങ്കിലും ശ്രദ്ധ മുഴുവൻ പുറത്ത് ഗേറ്റിലേക്കായിരുന്നു.

കുറച്ച് സമയം കഴിഞ്ഞതും, രാധാമണി എഴുന്നേറ്റു,
” മോളെ അമ്മ കിടക്കാൻ പോവാ, മരുന്ന് കഴിച്ചതുകൊണ്ട് നല്ല ഉറക്കക്ഷീണമുണ്ട്, മോളും പോയി കിടന്നോ, അവന്റെ കൈയിൽ വീടിന്റെ ചാവിയുണ്ട്, അവൻ ഇങ്ങ് വന്നോളും, വെറുതെ ഉറക്കം കളയണ്ട ” അമ്മ പോയി കിടന്നോ, എനിക്ക് ഉറക്കം വരുന്നില്ല, ഞാൻ നീരവേട്ടൻ വന്നിട്ട് കിടന്നോളാം ” നേത്ര പറഞ്ഞു.രാധാമണി മുറിയിലേക്ക് പോയി, കുറച്ച് സമയം കൂടി നോക്കിട്ടും നീരവിനെ കാണാതായപ്പോൾ നേത്ര അവന്റെ ഫോണിലേക്ക് വിളിച്ചു. ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു.

വീണ്ടും ആ സോഫയിൽ തന്നെ ഇരുന്ന് ചാനൽ മാറ്റികൊണ്ടിരുന്നു, ഇടക്ക് വീണ്ടും നീരവിനെ വിളിച്ചെങ്കിലും സ്വിച്ച് ഓഫ്‌ തന്നെയായിരുന്നു, ഒടുവിൽ രാത്രിയിൽ എപ്പോഴോ അവള് സോഫയിൽ തന്നേയിരുന്നു മയങ്ങി പോയി.കോളിങ്ങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് നേത്ര കണ്ണ് തുറന്നത്, മുന്നിലേക്ക് നോക്കുമ്പോൾ ടീവി ഓണായി തന്നെ ഇരിപ്പുണ്ട്, ക്ലോക്കിലേക്ക് നോക്കിയതും സമയം ആറ് മണി കഴിഞ്ഞിരുന്നു.നീരവിനെ പ്രതീക്ഷിച്ചു ഡോർ തുറന്നതും മുന്നിൽ വേണുവിനെയും ശ്രീജയെയും ഋഷിയെയും കലേഷിനെയും കണ്ട് നേത്ര ഒന്ന് അമ്പരന്നു.

” നിങ്ങൾ എന്താ ഇത്ര രാവിലെ……….
ഞാൻ കരുതി നീരവേട്ടനായിരിക്കുമെന്ന്, ഇന്നലെ എന്തോ എമർജൻസി ഉണ്ടെന്ന് പറഞ്ഞു പോയതാ, വിളിച്ചിട്ട് ഫോണും ഓഫാണ്” നേത്ര പറഞ്ഞു. അമ്മ എവിടെ ” കലേഷ് ചോദിച്ചു.”അമ്മ എഴുന്നേറ്റില്ല, ഞാനും കോളിങ് ബെല്ലിന്റെ ശബ്ദം കേട്ടാണ് എഴുന്നേറ്റത്, നിങ്ങള് അവിടെ തന്നെ നില്കാതെ അകത്തേക്ക് വാ ” നേത്ര എല്ലാവരെയും അകത്തേക്ക് വിളിച്ചു.നേത്രയേ കാണുംതോറും ശ്രീജക്ക് ചങ്ക് പൊട്ടുന്നപോലെ തോന്നി, ബാക്കിയുള്ളവരുടെ അവസ്ഥയും മറിച്ചായിരുന്നില്ല.

” ഞാൻ ചായ എടുക്കാം നിങ്ങള് ഇരിക്ക് ” നേത്ര പറഞ്ഞു.മോളെ………” വേണു അവളെ പുറകിൽനിന്ന് വിളിച്ചു. എന്താ അച്ഛാ…….. ” നേത്ര വേണുവിന്റെ അടുത്തേക്ക് നടന്നു.
””’ -മോളെ……… നീരവിന് ഒരു ആക്‌സിഡന്റ് ഉണ്ടായി” വേണു എങ്ങനൊക്കെയോ പറഞ്ഞ് ഒപ്പിച്ചു. നീരവേട്ടന് ആക്സിഡന്റോ…….. എന്നിട്ട് നീരവേട്ടന് ഇപ്പോ എങ്ങനെയുണ്ട്, ഏത് ഹോസ്പിറ്റലിലാണ് ” നേത്ര ചോദിച്ചു. ചേച്ചി…… അത്……. ” ഋഷി പറയാൻ ശ്രമിച്ചിട്ട് ഋഷിക്ക് പറയാൻ പറ്റുന്നില്ലായിരുന്നു. എന്താടാ………. കാര്യം പറ…… നീരവേട്ടന് കാര്യമായിട്ട് ഒന്നും പറ്റിട്ടില്ലല്ലോ അല്ലേ ” നേത്ര ഋഷിയോട് ചോദിച്ചു.

നേത്രയുടെ ചോദ്യം കേട്ടതും ശ്രീജക്ക് പിടിച്ചു നിൽക്കാൻ പറ്റിയില്ല, ശ്രീജ പൊട്ടിക്കരയാൻ തുടങ്ങി.
എന്താ അമ്മേ…….. അമ്മ എന്തിനാ കരയുന്നത്……അച്ഛാ…….. എന്താ കാര്യം…… ആരെങ്കിലും ഒന്ന് പറ…….. ” നേത്രയുടെശബ്ദംഇടറിതുടങ്ങിയിരുന്നു.”ചേച്ചി…….. ഇന്നലെ നീരവേട്ടന്റെ ബൈക്ക് ഒരു കാറുമായി കൂട്ടിടിച്ചു,ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ പറ്റിയില്ല, നീരവേട്ടൻ നമ്മളെ ഒക്കെ വിട്ട് പോയി ” ഋഷി എങ്ങനെയോ പറഞ്ഞു.”എന്റെ മോനെ……………..” പുറകിൽനിന്നുമുള്ള രാധാമണിയുടെ നിലവിളി ആ വീടിന്റെ ചുവരുകൾക്കുള്ളിൽ മുഴങ്ങി കേട്ടു.

കലേഷും ഋഷിയും രാധാമണിയുടെ അടുത്തേക്ക് എത്തുന്നതിന് മുൻപ് തന്നെ അവർ നിലത്തേക്ക് വീണുപോയിരുന്നു.കേട്ടത് എന്താണെന്ന് നേത്രക്ക് ശരിക്കും മനസ്സിലായില്ല, അവൾ ഋഷിയുടെ വാക്കുകൾ ഒരിക്കൽക്കൂടി ഓർമയിലേക്ക് കൊണ്ടുവന്നു, സ്വത്വം നഷ്ടപ്പെട്ടവളെപ്പോലെ നേത്ര സോഫയിലേക്ക് തളർന്നിരുന്നു. ശ്രീജ അവളെ മാറോട് ചേർത്ത് പിടിച്ചു പൊട്ടിക്കരഞ്ഞു.പിന്നീട് ആ വീട്ടിൽ നടന്നതൊന്നും നേത്ര അറിഞ്ഞിരുന്നില്ല, ആളുകൾഓരോരുത്തരായിവന്നുകൊണ്ടിരുന്നു,നീരവിന്റെ ബോഡി ആംബുലൻസിൽ കൊണ്ടുവന്നപ്പോൾ എല്ലാവരും ചേർന്ന് അവളെ ആ ബോഡിക്കരികിൽ കൊണ്ടിരുത്തി, കണ്ണിമ ചിമ്മാതെ നേത്ര നീരവിനെ തന്നെ നോക്കി ആ മൊബൈൽ മോർച്ചറിയുടെ ഗ്ലാസ്സിന് മുകളിൽ തല ചായിച്ചു ഇരുന്നു.സ്കൂളിൽ നിന്നും കുട്ടികളും മാഷുമാരുമൊക്കെ നീരവിനെ കാണാൻ എത്തി, ആരും വന്നതും പോയതുമൊന്നും നേത്ര അറിഞ്ഞില്ല.

ഒടുവിൽ നീരവിന്റെ ബോഡി ചിതയിലേക്ക് എടുത്തപ്പോഴേക്കും അതുവരെ അടക്കി വെച്ച ഭാരം മുഴുവൻ അവൾ അലമുറയിട്ട് കരഞ്ഞു തീർത്തു.
ആ കാഴ്ച കണ്ട് നിന്നവരുടെ കണ്ണുകൾ പെയ്തുകൊണ്ടിരുന്നു.എല്ലാം കഴിഞ്ഞ് എല്ലാവരും പോയി.രണ്ട് ദിവസങ്ങൾ ആ വീട്ടിൽ ജീവനോടെ ആരെങ്കിലും ഉണ്ടെന്നപോലും തോന്നിയിരുന്നില്ല, അത്രക്ക് നീരവിന്റെ മരണം അവരെ തകർത്തുകളഞ്ഞു.അതുവരെ ഒരു തുള്ളി വെള്ളം പോലും കുടിക്കാതിരുന്ന നേത്രയേ നിർബന്ധിച്ച് കഴിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു ശ്രീജ.
ആ സമയത്താണ് ജലജ അങ്ങോട്ട് വന്നത്.

” മോളെ നീ ഈ വെള്ളമെങ്കിലും ഒന്ന് കുടിക്ക്, ഇങ്ങനയാൽ നീ തളർന്ന് പോവും ” ശ്രീജ പറഞ്ഞു. എനിക്ക് വേണ്ട…..അമ്മ എന്നെ നിർബന്ധിക്കരുത് ” നേത്ര പറഞ്ഞു.” അങ്ങനെ പറഞ്ഞാൽ എങ്ങനാകുട്ടി ” ശ്രീജ ചോദിച്ചു.” വേണ്ടച്ചാൽ അവളെ നിർബന്ധിക്കണ്ട ശ്രീജേ, അവൾക്ക് നല്ല വിഷമം ഉണ്ടാവും,എന്താ ഇപ്പോ ചെയ്യുക, വരുന്നതൊക്കെ അനുഭവിച്ചല്ലേ പറ്റു,
അവള് ഒന്ന് ഒറ്റക്കിരിക്കട്ടെ, അപ്പോ അവൾക്ക് ഒരു ആശ്വാസം കിട്ടും ” ജലജ പറഞ്ഞു.

ഈ അവസ്ഥയിൽ കുട്ടിയെ എങ്ങനാ ഒറ്റക്ക് വിടുന്നത്, ഏട്ടത്തി അങ്ങ് പൊയ്ക്കോളൂ, ഞാൻ അവളുടെ കൂടെ ഇരുന്നോളാം ” ശ്രീജ പറഞ്ഞു.
” സുരേഷേട്ടന് നല്ല സങ്കടമുണ്ട്,മൂപ്പർക്ക് ഇവളെ വലിയ ഇഷ്ട്ടാണ്,എന്ത് പറയാനാ അന്ന് സുരേഷേട്ടൻ പറഞ്ഞത് വേണു കെട്ടിരുന്നെങ്കിൽ ഇപ്പോ കുട്ടിക്ക് ഇങ്ങനെ ഒരു വിധി വരില്ലായിരുന്നു”ജലജ പറഞ്ഞു.
ഏട്ടത്തി എന്തൊക്കെയാ ഈ പറയുന്നേ, വേണുവേട്ടൻ എന്താ കേൾക്കാഞ്ഞത് ” ശ്രീജ പറഞ്ഞു. അതിപ്പോ ഞാൻ എങ്ങനാ പറയുക, അവര് ചേട്ടനും അനിയനും തമ്മിലുള്ള കാര്യമല്ലേ” ജലജ പറഞ്ഞു.

” ഏട്ടത്തി എന്തോ പറയാനല്ലേ ഇപ്പോ ഇങ്ങോട്ട് വന്നതാ, അത് പറയാതെ പോയാൽ ഏട്ടത്തിക്ക് സമാധാനം കിട്ടില്ല, ഏട്ടത്തി പറഞ്ഞോളൂ ” ശ്രീജ പറഞ്ഞു. അല്ല…. നേത്രക്ക് ചൊവ്വാ ദോഷമുണ്ട്, ഈ വിവാഹ നടന്നാൽ നീരവിന് മരണം സംഭവിക്കുമെന്ന് ജാതകംനോക്കിയപ്പോപറഞ്ഞതാണ്, അത് കേൾക്കാൻ കൂട്ടാക്കാതെയാണ് വിവാഹം നടത്തിയത്” ജലജ പറഞ്ഞു.ജലജയിൽനിന്ന് കേട്ട വാക്കുകൾ നേത്രയേ ഞെട്ടിച്ചു.അവൾ ബെഡിൽനിന്ന് എഴുന്നേറ്റ് ജലജക്ക് അടുത്തേക്ക് നടന്നു.വല്യമ്മ പറഞ്ഞത് സത്യാണോ ” നേത്ര ചോദിച്ചു.

” ഞാൻ എന്തിനാ കള്ളം പറയുന്നത്, നിങ്ങളുടെ ജാതകം നോക്കിയ തിരുമേനി നേരിട്ട് ഏട്ടനോട് പറഞ്ഞതാ,ഏട്ടൻ അന്ന് തന്നെ വേണുവിനെ കണ്ട് സംസാരിച്ചതാണ് ഈ കാര്യം ” ജലജ പറഞ്ഞു.
അമ്മക്ക് അറിയാമോ വല്യമ്മ പറഞ്ഞതിനെക്കുറിച്ച് ” നേത്ര ശ്രീജയോട് തിരക്കി. ഇല്ല മോളെ…….. അമ്മക്കൊന്നും അറിയില്ല” ശ്രീജ പറഞ്ഞു.നേത്ര മുറിയിൽനിന്നും പുറത്തേക്ക് ഇറങ്ങി,ഹാളിലിരിക്കുന്ന വേണുവിന്റെഅടുത്തേക്ക്ചെന്നു.അച്ഛാ………….എനിക്ക് ചൊവ്വാദോഷമുണ്ടോ….. ” നേത്ര വേണുവിനോട് ചോദിച്ചു.മകളുടെ ചോദ്യത്തിൽ വേണു പകച്ചുപോയിരുന്നു.

” പറ അച്ഛാ……… എന്നെ വിവാഹം ചെയ്താൽ നീരവേട്ടന് ജീവന് ആപത്ത് വരുമെന്ന് നേരത്തേ അച്ഛന് അറിയാമായിരുന്നോ ” നേത്ര വേണുവിനോട് ചോദിച്ചു. മോളെ……… അച്ഛൻ…….. ” വേണു കുറ്റബോധംകൊണ്ട് തല താഴ്ത്തിയിരുന്നു.
അപ്പോ ഞാൻ കേട്ടതൊക്കെ സത്യമായിരുന്നു അല്ലേ……എന്തിനാ അച്ഛാ അറിഞ്ഞുവച്ചുകൊണ്ട് എന്നോട് ഈ ചതി ചെയ്തത്, ഇപ്പോ ഞാൻ കാരണമല്ലേ നീരവേട്ടൻ ” നേത്രക്ക് ശ്വാസം വിലങ്ങുന്നതുപോലെ തോന്നി, നെഞ്ചിലേക്ക് കൈകൾ വച്ച്, ഒരു ആശ്രയത്തിനായി അവൾ ഭിത്തിയിലേക്ക് ചാരി നിന്നു.അപ്പോ നിങ്ങള് അറിഞ്ഞുവച്ചുകൊണ്ട് ഇവളെ എന്റെ അനിയന്റെ തലയിൽ കെട്ടിവച്ചതാണല്ലേ ” എല്ലാം കേട്ട് പുറത്തേക്ക് വന്ന നിമിഷ വേണുവിനോട് ചോദിച്ചു.

മറുപടി പറയാനാവാതെ വേണുവിന്റെ ശിരസ്സ് കുനിഞ്ഞു. നിങ്ങൾക്ക് നഷ്ടപ്പെടാനൊന്നുമില്ലല്ലോ, നഷ്ടം എനിക്കും എന്റെ അമ്മക്കുമല്ലേ, നിങ്ങളൊക്കെ ഒരു മനുഷ്യനാണോ ”
നിമിഷ വേണുവിന്റെ നേരെ തട്ടി കയറി.നിമ്മി എന്താ ഇവിടെ ” മുറിയിൽനിന്നും രാധാമണി പുറത്തേക്ക് വന്നു.

തുടരും

തീർന്നില്ല, നാളെ തീരും ഉറപ്പ്