രചന – മിയ അവ
“നീ അറിയും ആളെ.. നമ്മുടെ… മനുവേട്ടൻ…”
തലയ്ക്കൊരു അടി കൊണ്ടത് പോലെയായിരുന്നു എനിക്കത്. തൊണ്ട വറ്റി വരളുന്നത് പോലെ തോന്നി.
“ന്റെ നേതാവ്…
നിസ്സഹായതയോടെ ഞാൻ അമ്മുവിനെ നോക്കി.
“അതെ ആമി.. എനിക്കിഷ്ട്ട ഏട്ടനെ.. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.. ഓർമ്മ വെച്ചത് മുതൽ ഞാൻ കാണുന്നതല്ലേ.. ഒന്നിച്ചു കളി പറഞ്ഞും ചിരിച്ചും നടക്കുന്നതല്ലേ… എപ്പോഴോ ഉള്ളിൽ കേറി പോയി ആ മുഖം..പറിച്ചു മാറ്റാൻ പറ്റാത്ത വിധം പതിഞ്ഞു പോയി..ഞാൻ കാത്തിരിക്കുവാ വർഷങ്ങളായി.. മനുവേട്ടൻ എന്നെ ഇഷ്ടമാണെന്നു പറയുന്നത് കേൾക്കാൻ..”
ഞാൻ കണ്ണുകൾ കൂട്ടിയടച്ചു. പിന്നെ ഒന്നും എന്റെ കാതുകളിലേക്ക് കടക്കുന്നുണ്ടായിരുന്നില്ല. തൊട്ട് മുന്നേയുള്ള നിമിഷം വരെ എന്റെയെന്ന് കരുതി മനസ്സിലുറപ്പിച്ചത് മറ്റൊരാളുടെ കാലങ്ങളായുള്ള സ്വപ്നമായിരുന്നുവെന്ന് അറിഞ്ഞപ്പോൾ അത് ഉൾക്കൊള്ളാനാവാതെ മനസ്സ് പിടയുന്നുണ്ടായിരുന്നു.
“അമ്മു.. അവളുടെ ഉള്ളിൽ ഇങ്ങനെയൊരു ഇഷ്ട്ടം ഉണ്ടെന്ന് ഞാൻ അറിഞ്ഞതേയില്ല..അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും…”
നെഞ്ചിൽ ഒരു ഭാരം നിറയുന്നത് ഞാൻ അറിഞ്ഞു. ഞരമ്പുകൾ പിടി മുറുക്കുന്നു. ശ്വാസം നിലച്ചു പോവുന്നത് പോലെ.
“നീയിതൊന്നും ആരോടും പറഞ്ഞേക്കല്ലേ ആമി… മനുവേട്ടനെ കൊണ്ട് എങ്ങനെയെങ്കിലും ഇഷ്ട്ടം ആണെന്ന് പറയിപ്പിക്കണം അത് വരെ മറ്റാരും ഇത് അറിയരുത്… പറയരുത് കേട്ടോ..”
തോളിൽ കൈ ചേർത്ത് അമ്മു അങ്ങനെ പറഞ്ഞപ്പോഴാണ് ഞാൻ കണ്ണുകൾ തുറന്നത്.
“ഏയ്.. ഇല്ല..പറയില്ല… നീ.. നീ കിടന്നോ.. ഞാൻ വരാം…”
“ഓക്കേ ടി..”
“മ്മ്..”
ഹൃദയത്തിൽ ഉരുണ്ടു കൂടിയ നോവ് കണ്ണുകളിലൂടെ പുറത്തു വരുമെന്ന് തോന്നിയപ്പോൾ പെട്ടെന്ന് തന്നെ അവിടെ നിന്നും എഴുന്നേറ്റു ബാത്‌റൂമിൽ കയറി. ഡോർ ലോക്ക് ചെയ്ത് അവിടേക്ക് ഊർന്ന് ഇരുന്നു പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല. തല വെട്ടി പൊളിയുന്നു. ശരീരത്തിൽ നിന്ന് ഒരു ഭാഗം അടർന്നു പോവുന്നത് പോലെ വേദനിക്കുന്നു. ശബ്ദം പുറത്ത് വരാതിരിക്കാൻ വാ പൊത്തി പിടിച്ചു വേദനയെ കണ്ണുനീരിലൂടെ ഒഴുക്കി കളയുമ്പോൾ ഇനിയെന്തെന്ന ചോദ്യം മനസ്സിനെ കുത്തി മുറിവേൽപ്പിക്കുന്നുണ്ടായിരുന്നു. എത്ര നേരം അങ്ങനെ ഇരുന്നുവെന്ന് അറിയില്ല. ഏറെ നേരമായിട്ടും എന്നെ കാണാഞ്ഞിട്ടാവണം ഡോറിൽ തട്ടി അമ്മു വിളിച്ചപ്പോഴാണ് ഞാൻ സ്ഥല കാല ബോധം വീണ്ടെടുത്തത്.
“ദേ.. വരുവാ അമ്മു..”
വിളിച്ചു പറയുമ്പോൾ ശബ്ദം ഇടരാതിരിക്കാൻ പ്രേത്യേകം ശ്രദ്ധിച്ചു. എഴുന്നേറ്റു വാഷ് ബേസിനിലെ പൈപ്പിൽ നിന്നും വെള്ളം കയ്യിലാക്കി മുഖത്തേക്ക് തളിച്ചു. വീണ്ടും വീണ്ടും മുഖത്തേക്ക് വെള്ളം തളിച്ച് ബാക്കിയുള്ള കണ്ണുനീരിനെയും അതിൽ ചാലിച്ച് ഞാൻ മുഖം അമർത്തി തുടച്ചു. കണ്ണുകൾ ഇറുക്കിയടച്ചപ്പോൾ തെളിഞ്ഞത് അമ്മുവിന്റെ മുഖമായിരുന്നു. കുറച്ചു ദിവസങ്ങൾ കൊണ്ട് ഞാൻ എന്തോരം സ്വപ്‌നങ്ങൾ കണ്ടു. അപ്പോൾ വര്ഷങ്ങളായി ആ മനുഷ്യനെ മനസ്സിൽ കൊണ്ട് നടക്കുന്ന അമ്മുവിന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും എത്രയാവും..അതൊക്കെ പെട്ടെന്ന് ഒരൂസം ഇല്ലാതായെന്ന് അറിഞ്ഞാൽ ആ പൂച്ചക്കുട്ടിയ്ക്ക് അത് താങ്ങാനാവുമോ…ഒരിക്കലും ഇല്ല.. തകർന്ന് പോവും ആ പാവം..വെറും സാധു ആണത്… എനിക്കെന്ത് ഞാൻ ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാൽ ഇതൊക്കെ മറക്കുമായിരിക്കും ല്ലേ.. പക്ഷെ ന്റെ അമ്മു… ഇല്ല..അവൾക്കൊരിക്കലും ആ വേദന മറക്കാൻ കഴിയില്ല… നീറി പുകയും ആ പാവം..അതെ ഞാൻ മറക്കും… മറക്കണം എന്റെ അമ്മുവിന് വേണ്ടി…ഈശ്വരനായിട്ട് ആവും ഇപ്പോ ഇത് എന്നെ അറിയിച്ചത്.. ഇല്ലെങ്കിൽ നാളെ ഞാൻ മനുവിനോട് എന്റെ പ്രണയം പറയുന്നത് കണ്ടു എന്റെ അമ്മു ചങ്ക് പൊട്ടി മരിച്ചു പോയേനെ… ആ കുറ്റബോധം മരണം വരെ എന്നെ വിട്ടു പോവുകയും ഇല്ലായിരുന്നു.. ഇതിപ്പോ മുന്നെ അറിഞ്ഞത് കൊണ്ട് അതുണ്ടായില്ലല്ലോ..എന്റെ ഇഷ്ടം എന്റെയുള്ളിൽ തന്നെ കെട്ടടങ്ങട്ടെ..ഞാൻ വേദനിച്ചാലും അമ്മു വേദനിക്കരുത്… ന്റെ ജീവനാ അവൾ… ആ പൂച്ചക്കുട്ടി…
“ആമി.. നീ എന്ത് ചെയ്യുവാ അവിടെ…”
വീണ്ടും അമ്മുവിന്റെ വിളി കാതിലെത്തിയപ്പോൾ മുഖം ടവ്വലിൽ തുടച്ചു ഡോർ തുറന്നു പുറത്തേക്കിറങ്ങി.
“എന്തെടുക്കുവായിരുന്നു ആമി നീ ഉള്ളിൽ..എത്ര സമയമായി നീ ഉള്ളിൽ കേറിയിട്ട് അറിയോ… ഞാൻ ചെറുതായി ഒന്ന് മയങ്ങി എഴുന്നേറ്റിട്ടും നീ പുറത്തിറങ്ങിയില്ലെന്ന് വെച്ചാൽ സത്യം പറഞ്ഞേ എന്തായിരുന്നു ഉള്ളിൽ പണി..”
“എന്ത് പണി..ഒന്നും ഇല്ലന്നെ..”
“ഇല്ലാതെ പിന്നെ.. ഇത്രയും സമയോ..”
“ഈൗ.. അത് പിന്നെ ഞാൻ ചെറുതായി ഒന്ന് ഉറങ്ങി പോയി അവിടെ ഇരുന്നു…”
“എന്ത്.. ഉറങ്ങിയെന്നോ.. ബാത്‌റൂമിൽ കിടന്നോ…”
“ആ.. താഴെ പടിയിൽ ഇരുന്നു..”
“ഈശ്വരാ.. ഇങ്ങനെയും ഉണ്ടാവോ ഒരുത്തി.. നിന്നെ ഞാൻ സമ്മതിച്ചു എന്റെ ആമി.. ഉറക്കപിശാച്… ഹും..”
“ഈൗ.. നീയിത് വേറാരൊടും പറയണ്ട ട്ടാ.. നല്ല അമ്മൂസ് അല്ലേ…”
“മ്മ് സുഖിപ്പിക്കണ്ട.. ഞാൻ പറയത്തില്ല..”
“ഉമ്മാ..അല്ലേലും അമ്മൂസ് മുത്താണ്….”
“മ്മ് മ്മ് ഉറങ്ങാൻ നോക്ക് പെണ്ണെ..”
“വോക്കെ.. ഗുഡ്‌നൈറ്റ്..”
“ഗുഡ് നൈറ്റ്..”
ഉറങ്ങാൻ പോവുമ്പോൾ ടേബിളിൽ നിന്നും ഫോൺ എടുത്തു. ബെഡിലേക്ക് കിടന്നു ഫോൺ ഓൺ ആക്കി കോൺടാക്ട് ലിസ്റ്റിൽ “നേതാവ് “എന്ന കോൺടാക്ടിലേക്ക് കുറച്ചു നേരം മിഴിയനക്കാതെ നോക്കി നിന്നു. മിഴികൾ അമർത്തി ചിമ്മി നോവിനെ കടിച്ചമർത്തി ഡിലീറ്റ് ബട്ടൺ അമർത്തി ആ കോൺടാക്ട് എന്നന്നേക്കുമായി മായ്ച്ചു കളഞ്ഞ് ഫോൺ നെഞ്ചോടു ചേർക്കുമ്പോൾ അടഞ്ഞ കണ്ണുകളിൽ നിന്നും കണ്ണുനീർ ചാലിട്ടൊഴുകുന്നുണ്ടായിരുന്നു.
അമ്മു തട്ടി വിളിച്ചപ്പോഴാണ് കണ്ണുകൾ തുറന്നത്. ഓരോന്ന് ഓർത്തും കരഞ്ഞും എപ്പഴാ ഉറങ്ങി പോയതെന്ന് അറിയില്ല. എഴുന്നേറ്റപ്പോൾ തലയ്ക്കു നല്ല കനം തോന്നി. തലയ്ക്കു കയ്യും വെച്ച് കുറച്ചു നേരം കൂടി ബെഡിൽ ചടഞ്ഞ് ഇരുന്നു.
“എന്ത് പറ്റിയെടി വയ്യേ..”
“മ്മ് തല വേദനിക്കുന്നു അമ്മു.. ഇന്ന് ലീവ് ആക്കിയാലോന്നാ…”
“അയ്യോ.. ഒട്ടും വയ്യേ.. എങ്ങനേലും വാടാ.. ഇന്ന് നീ ലീവ് ആക്കിയാൽ ഒരു സുഖവും ഉണ്ടാവില്ല.. ഇന്ന് ഇലക്ഷനല്ലേ.. ആ ആരവങ്ങൾ ഒക്കെ നന്നായി ഒന്ന് ആസ്വദിക്കണേൽ നീ കൂടി വേണം…”
ഇലക്ഷനെന്ന് കേട്ടതും ഉള്ളിലേക്ക് നേതാവിന്റെ മുഖം തെളിഞ്ഞു ഒപ്പം കുറച്ചു ദിവസങ്ങളായി ഇലക്ഷൻ ദിവസത്തിലേക്ക് വേണ്ടി ഞാൻ സ്വരു കൂട്ടി വെച്ച സ്വപ്‌നങ്ങളും. ശരിക്കും ഭ്രാന്ത് പിടിക്കുന്ന പോലെ തോന്നി.
“ആമി.. വാടാ പ്ലീസ്…”
ചിന്തകളിൽ നിന്ന് പെട്ടെന്ന് ആണ് താഴെയെത്തിയത്.രണ്ടു കൈകൾ കൊണ്ടും മുഖം അമർത്തി തിരുമ്മി മുഖത്ത് ഒരു പുഞ്ചിരി ഫിറ്റ് ചെയ്തു.
“മ്മ് വരാം…”
🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁🍁
“ആ കുട്ടി ഇവിടെ തന്നെ നിൽക്കായിരുന്നോ.. വരൂ ചായ എടുത്തു വെച്ചിട്ടുണ്ട്…”
പുറകിൽ നിന്ന് രാമുവേട്ടന്റെ ശബ്ദം കേട്ടതും ശ്രീക്കുട്ടി ഞെട്ടി തിരിഞ്ഞു.
“ഹാ.. ഞാൻ സർ എഴുന്നേൽക്കട്ടെ കരുതി ചുമ്മാ ഓരോന്നും നോക്കി ഇവിടെ തന്നെ നിന്ന് പോയി..”
“ഓഹ്.. എന്നാ വരൂ.. ചായ കുടിക്കാം.. എല്ലാം മേശമേൽ എടുത്തു വെച്ചിട്ടുണ്ട്..”
“മ്മ്.. ശരി അങ്കിൾ…”
മനസ്സിലാ മനസ്സോടെ വായിച്ചു പാതി വഴിയിൽ നിർത്തിയ ഡയറി മടക്കി അവിടെയുള്ള ടേബിളിൽ വെച്ച് ശ്രീക്കുട്ടി താഴെക്കിറങ്ങി. ചായയും പലഹാരങ്ങളും ടേബിളിൽ നിരത്തി ശ്യാമ അവളെ കാത്തിരിക്കുന്നുണ്ടായിരുന്നു. ശ്രീക്കുട്ടി ഒരു പുഞ്ചിരിയോടെ അവിടെ പോയിരുന്നു.
ചൂട് ചായ മൊത്തി മൊത്തി കുടിക്കുന്ന ശ്രീക്കുട്ടിയെ നോക്കി ശ്യാമ ചോദിച്ചു.
“കുട്ടി എവിടുന്നാന്ന് പറഞ്ഞില്ലാലോ.. ആരുടെ മോളാ..”
ആ ചോദ്യം ശ്രീക്കുട്ടിയെ ഒന്നുലച്ചു. എന്ത് പറയും.. സത്യം പറയേണ്ടി വന്നാൽ മനു അങ്കിളിനെ കണ്ടോന്ന് സംസാരിക്കാൻ പോലും അനുവദിക്കാതെ ആ നിമിഷം ഇവർ തന്നെ ഇവിടെ നിന്നും പുറത്താക്കുമെന്ന് അവൾക്കറിയാമായിരുന്നു.
“ഞാൻ.. ഞാൻ ഇവിടെ അടുത്തൊരു വീട്ടിൽ പെയിൻ ഗസ്റ്റ് ആയി താമസിക്കുവാ മുത്തശ്ശി.. ഞങ്ങളുടെ ഒരു ടീം ഉണ്ട്.. ഞങ്ങൾ ചെറുതായി ഷോര്ട്ട് ഫിലിമും ഡോക്യൂമെന്ററിയൊക്കെ ചെയ്യുന്നതാണ്. അപ്പോൾ കുറച്ചായി ഇവിടുത്തെ സാറിനെ കുറിച്ച് കേൾക്കുന്നു. ബിസ്സിനെസ്സ് ലോകത്ത് തന്നെ ഏറ്റവും പേരെടുത്തിട്ടുള്ള… അവിടെ തന്റേതായ ഒരു കയ്യൊപ്പ് ചാർത്തിയിട്ടുള്ള ദി ഗ്രേറ്റ് സി ഈ ഓ മനു ശങ്കർ എന്ന വ്യക്തി അപ്രതീക്ഷിതമായി എല്ലാം ഉപേക്ഷിച്ചു.. മാനസികമായി തകർന്ന് ഇരുട്ടറകളിൽ തളയ്ക്കപ്പെട്ടു പോയ വാർത്തകൾ ഒത്തിരി മാധ്യമങ്ങളിൽ ഒക്കെ വായിച്ചിട്ടുണ്ട്. അങ്ങനെയാണ് സാറിനെ കുറിച്ച് അറിഞ്ഞത്. പിന്നീട് കുറച്ചു ദിവസം മുന്നെ സാറിന്റെ ഒരു ഇന്റർവ്യൂ കണ്ടു.. ഒരു പുസ്തകം എഴുതിയിട്ടുണ്ടെന്നും അധികം വൈകാതെ അത് പ്രകാശനം ചെയ്യുമെന്നൊക്കെ പറഞ്ഞു. സാറിനെ ഒന്ന് കാണാൻ പറ്റിയാൽ സാറിന്റെ ജീവിതത്തെ കുറിച്ച് ഒരു ഡോക്യൂമെന്ററി ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നുണ്ട്. അതിന് വേണ്ടി വന്നതാ…”
താൻ ആരാണെന്നും എന്തിന് വന്നെന്നുമുള്ള സത്യം മറച്ചു പിടിക്കാൻ അങ്ങനെയൊരു കള്ളം പറയാനാണ് ശ്രീക്കുട്ടിയ്ക്ക് അപ്പോൾ തോന്നിയത്.
“ഓഹ്.. മ്മ്.. ഒരു വിധം ആണ് ന്റെ കുട്ടി അതൊക്കെ താണ്ടി ഇപ്പോൾ പഴയ സ്ഥിതിയിലേക്ക് എത്തിയത്.. തിരിച്ചു കിട്ടുവോന്ന് പോലും അറിയാതെ ഒത്തിരി കണ്ണുനീർ കുടിച്ചു ഞങ്ങൾ… ഒരു അപേക്ഷയുണ്ട്.. ചോദ്യങ്ങളും പറച്ചിലുകളുമൊക്കെയാവാം പക്ഷെ പഴയതെല്ലാം കുത്തിപ്പൊക്കി അധികം വേദനിപ്പിക്കരുത് ന്റെ കുട്ടിയെ..”
“ഏയ്.. ഇല്ല മുത്തശ്ശി..സാറിന് പറയാനുള്ളത് മാത്രം കേട്ടിട്ട് പോവും അത്രയേ ഉള്ളു…”
“മ്മ്… എന്നാ കുട്ടി ഇരിക്കൂ അവൻ ഉണർന്നിട്ട് പോയി കണ്ടോളൂ.. എനിക്ക് നടു വേദനയുടെ ചെറിയ പ്രശ്‍നം ഉണ്ടേ.. അധികം ഇങ്ങനെ ഇരിക്കാൻ വയ്യ.. കുറച്ചു കിടക്കണം…”
“ഓഹ്.. ശരി മുത്തശ്ശി.. മുത്തശ്ശി പോയി വിശ്രമിച്ചോളൂ..”
പതിയെ നടന്നു നീങ്ങി പോവുന്ന ശ്യാമയെ നോക്കി ശ്രീക്കുട്ടി നിന്നു.
“കുട്ടി എന്നാ പോന്നോളൂ.. ഞാൻ ഇവിടെയൊക്കെ ഒന്ന് പരിചയപ്പെടുത്തി തരാം…”
രാമു പറഞ്ഞപ്പോൾ തെല്ലൊരു മടിയോടെ ശ്രീക്കുട്ടി പറഞ്ഞു.
“അത് പിന്നെ.. ഞാൻ.. സർ ഉണർന്നാലോ..”
“ഏയ്.. ഇത്ര നേരം ഉണർന്നില്ലല്ലോ.. ചിലപ്പോൾ വിഷമം മറന്നു ഉറങ്ങാൻ സ്ലീപ്പിങ് വിങ്‌സ് കഴിച്ചിട്ടുണ്ടാവും ഇനി കുറച്ചു നേരാവും ഉണരാൻ… കുട്ടി പോന്നോളൂ..”
കൂടെ പോവാൻ ഒട്ടും തന്നെ ശ്രീക്കുട്ടിയ്ക്ക് താല്പര്യമില്ലായിരുന്നു. അവളുടെ മനസ്സ് മുഴുവൻ വായിച്ചു പാതി വഴിയിൽ നിർത്തിയ ആമിയുടെ ഡയറിയാണ്. മനു അങ്കിൾ ഉണരുന്നതിന് മുൻപ് എങ്ങനെയെങ്കിലും അത് മുഴുവൻ വായിച്ചു തീർക്കണം. അതായിരുന്നു അവളുടെ ഉള്ളിൽ. എങ്കിലും നിവൃത്തിയില്ലാതെ ശ്രീക്കുട്ടി രാമുവിനൊപ്പം പുറത്തേക്കിറങ്ങി. നല്ല സംസാരപ്രിയനായിരുന്നു രാമു. ഒരുപാട് കാര്യങ്ങൾ വാ തോരാതെ ശ്രീക്കുട്ടിയോട് അയാൾ പങ്ക് വെച്ചു. ഒപ്പം ആമിയെ കുറിച്ചും. ആ വീട്ടിലെ ഒരു പുൽക്കൊടിയെ ചൂണ്ടി പോലും രാമുവേട്ടൻ പറയുന്നതിൽ ആമിയുടെ പേര് പതിയുന്നത് ശ്രീക്കുട്ടി ശ്രദ്ധിച്ചു.
“ആമി കുഞ്ഞ്…ഈ കുടുംബം കുറെ മുന്നെ വലിയൊരു ആഘാതം നേരിട്ട് നിൽക്കുമ്പോഴാണ് ഒട്ടും പ്രതീക്ഷിക്കാതെ ആമി കുഞ്ഞ് ഈ വീടിന്റെ ഭാഗമായി എത്തുന്നത്. ആമി കുഞ്ഞിനോ മനു കുഞ്ഞിനോ ഒട്ടും താല്പര്യം ഇല്ലാത്ത ബന്ധമായിരുന്നു ഇത്.. എന്നിട്ടും ഈ വീടിനെ… ഈ കുടുംബത്തെ അവൾ നെഞ്ചോടു ചേർത്തു. ഭയങ്കര ധൈര്യശാലിയായിരുന്നു അവൾ… ഇവിടുത്തെ മനു കുഞ്ഞിന്റെ അച്ഛനും വലിയച്ഛനുമൊക്കെ സുഹൃത്തുക്കളുടെ ബിസ്സിനെസ്സ് ചതിയിൽ അകപ്പെടേണ്ടി വന്ന സാഹചര്യത്തിൽ പോലും ധൈര്യമായി മുന്നിൽ നിന്ന് പോരാടി അവരെയും ഈ കുടുംബത്തെയും രക്ഷിച്ചത് അവളാണ്. ഈ വീടിന്റെ ദുരിതങ്ങളെ അകറ്റിയവൾ… സങ്കടങ്ങളെ മായ്ച്ചു കളഞ്ഞവൾ…സ്നേഹം കൊണ്ട് ഈ വീടിനെ സ്വർഗമാക്കിയവൾ… എന്തിന് കാര്യസ്ഥനായ എന്നെ പോലും രാമു മാമ്മേന്ന് വിളിച്ചു അടുത്തിരുത്തി ഭക്ഷണം വിളമ്പി തരുമ്പോൾ പലപ്പോഴും കണ്ണ് നിറഞ്ഞു പോയിട്ടുണ്ട്…”
കലങ്ങിയ കണ്ണുകളെ തോർത്ത് മുണ്ടിന്റെ അറ്റം കൊണ്ട് ഒപ്പിയെടുക്കുന്ന രാമുവേട്ടനെ നോക്കി നിൽക്കുമ്പോൾ ശ്രീക്കുട്ടിയുടെ കണ്ണുകളും നിറഞ്ഞു. വീടിന്റെ കാർ പോർച്ചിനടുത്തായി സെറ്റ് ചെയ്തിട്ടുള്ള വലിയ പ്രാവിന്റെ കൂട്ടിലേക്ക് വിരൽ ചൂണ്ടി രാമുവേട്ടൻ പറഞ്ഞു.
“ഇതൊക്കെ ആമി കുഞ്ഞു വന്നേരെ ഒരുക്കിയതാ… ഈ കൂടും പ്രാവുകളും ഗാർഡനും ഒക്കെ.. വലിയ ഇഷ്ട്ടമായിരുന്നു കുഞ്ഞിന് പ്രാവുകളോടും ചെടികളോടുമൊക്കെ.. അവർക്ക് തിരിച്ചും.. ആമി കുഞ്ഞു തീറ്റ കൊടുത്തില്ലേൽ കഴിക്കാതെ കുഞ്ഞ് വരുന്നത് വരെ സൈഡിലേക്ക് മാറി നിന്ന് കുറുകി വിളിക്കുമായിരുന്നു ഇവറ്റകൾ… മിണ്ടാപ്രാണികളെ പോലും ഇത്രമേൽ സ്നേഹം കൊണ്ട് കീഴ്പ്പെടുത്താൻ അവൾക്ക് മാത്രേ കഴിയുമെന്ന് തോന്നി പോവും ഇടയ്ക്കൊക്കെ… ഹാ.. എല്ലാം കഴിഞ്ഞു.. എല്ലാരേയും ദുഃഖത്തിലാഴ്ത്തി കുഞ്ഞു പോയി…”
ഒരു ദീർഘ നിശ്വാസത്തോടെ രാമു പറഞ്ഞവസാനിപ്പിച്ചപ്പോൾ ശ്രീക്കുട്ടിയ്ക്ക് ആ ഡയറി മനസ്സിലേക്ക് ഓടിയെത്തി. അറിയും തോറും ആഴം കൂടി വരുന്ന ആമിയുടെ കഥകൾ ഇനിയുമെറെ അറിയാൻ ആ ഡയറി ബാക്കി കൂടി വായിക്കാൻ അവൾക്ക് തിടുക്കമായി. ഇലക്ഷന് ശേഷം പിന്നീട് എന്ത് സംഭവിച്ചു എന്നത് അവളുടെയുള്ളിൽ ആകാംഷ നിറച്ചു.
“അങ്കിൾ.. ഞാൻ എന്റെ ഫോൺ ആ റൂമിൽ വെച്ച് മറന്നു.. ചിലപ്പോൾ അമ്മ വിളിക്കും.. ഞാൻ ഒന്ന് എടുത്തിട്ട് വരട്ടെ..”
വായിൽ തോന്നിയ കള്ളം അവൾ തട്ടി വിട്ടു.
“ഹാ. കുട്ടി ചെല്ല്.. ഞാൻ ഈ കപ്പയൊന്നു നടട്ടെ…”
“ശരി അങ്കിൾ..”
പറഞ്ഞു കൊണ്ട് ശ്രീക്കുട്ടി ഓടി. മനു ഉണരും മുന്നെ ആ ഡയറി വായിച്ചു തീർക്കണമെന്നൊരു ലക്ഷ്യം മാത്രമായിരുന്നു അവളുടെ ഉള്ളിൽ. പടികൾ ഓടി കയറി അവൾ റൂമിലെത്തി. മനു അപ്പോഴും നല്ല ഉറക്കമാണ്. ഗുളിക കഴിച്ചതാവുമെന്ന രാമുവേട്ടന്റെ വാക്കുകൾ അവൾ ഓർത്തു. താൻ ആ ഡയറി വായിച്ചു കഴിയുന്ന വരെ അവൻ ഉണരല്ലേന്ന് മനസ്സിൽ പ്രാർത്ഥിച്ചു അവൾ വീണ്ടുമാ ഡയറി തുറന്നു. വായിച്ചു നിർത്തിയിടത്തു നിന്നും വീണ്ടും വായിച്ചു തുടങ്ങി.
(തുടരും )

by