രചന – ശാലിനി വിജയൻ
ജീവിതം.
*********
ഒരു ഓണക്കാലത്തിൻ്റെ അവധിക്ക് നാട്ടിൽ വന്നതായിരുന്നു അദ്ദേഹം.. ഡിവോഴ്‌സ് ആയ ശേഷം ഇപ്പോ രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു.. അദ്ദേഹം എന്നത് തെറ്റാണ്.. ഒരിക്കൽ തൻ്റെ എല്ലാമായിരുന്ന ഭർത്താവ്.
”ഞാനൊരു പഴഞ്ചൻ ചിന്താഗതിക്കാരിയാണത്രേ…”
ഭർത്താവിൻ്റെ ആശയങ്ങൾക്കൊപ്പം ഉയർന്നു ജീവിക്കാൻ കഴിയാത്തവൾ..
അതായിരുന്നു എന്നിൽ ഭർത്താവ് കണ്ടെത്തിയ തെറ്റുകൾ..
നാട്ടിൽ വന്നാൽ അവധിക്കാലം കഴിയും വരെ രണ്ടു മക്കളെ അദ്ദേഹത്തൊടൊപ്പം വിടണമെന്ന കോടതി വിധിയെ യോർത്ത് മനസ് ആകുലപ്പെട്ടിരിക്കുന്ന നേരത്താണ് മകൾ അക്കാര്യം എന്നോട് പറഞ്ഞത്..
ഇത്തവണത്തെ അവധി കഴിഞ്ഞ് പോകുമ്പോ അച്ഛൻ്റ കൂടെ പോകട്ടെയെന്ന്..
ആദ്യം ഒന്ന് പതറിയെങ്കിലും വിറയലോടെയാണ് ഞാൻ ബാക്കിയൊക്കെയും ഞാൻ സംസാരിച്ചത്..
നിനക്ക് അതാണ് താൽപ്പര്യമെങ്കിൽ…
ചേച്ചി പോയ്ക്കോട്ടെ അമ്മേ…അമ്മയ്ക്ക് ഈ ഞാനുണ്ടല്ലോ… പതിനൊന്ന് വയസുക്കാരൻ മകനത് പറയുമ്പോൾ അവൻ്റെ മനസിൽ എന്നോട് ഇത്തിരിയെങ്കിലും സ്നേഹമുണ്ടെന്ന് തോന്നിപോയി… എങ്കിലും പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന മകളുടെ ഭാവിയോർത്ത് സങ്കടപ്പെടാതിരിക്കാനും കഴിഞ്ഞില്ല.
പിന്നെ എല്ലാം വേഗത്തിൽ ആയിരുന്നു.’ ടിക്കറ്റും വിസയും അദ്ദേഹം മകൾക്ക് ശരിയാക്കി നൽകി… ചിലപ്പോ അദ്ദേഹoഎല്ലാം മുൻകൂട്ടി പ്ലാൻ ചെയ്ത് വന്നതാകാം… മകൾ അദ്ദേഹത്തോടൊപ്പം പോയി, അതിയായ സന്തോഷത്തോടെ തന്നെ………
രണ്ട് വർഷം കൊണ്ട് എനിക്കൊപ്പമുള്ള ജീവിതം അവൾക്കും മടുത്തു കാണും.. വളർന്നു വരുന്ന മക്കൾ എല്ലാ വിധ സുഖ സൗകര്യങ്ങളോടെയാണല്ലോ ജീവിക്കാൻ ആഗ്രഹിക്കാറ്.. അങ്ങനെ ആഗ്രഹിക്കാത്ത ആരാണ് ഈ ലോകത്ത് ഉള്ളത്?
മകൾ കൊച്ചുകുഞ്ഞായിരിക്കുമ്പോ തൊട്ട് ഒരോ പിറന്നാളിനും വാങ്ങിച്ചു കൊടുത്ത പഴഞ്ചൻ ഉടുപ്പുകൾ നിറച്ചു വെച്ച പെട്ടിയിൽ അതുവരെ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങളും ഇടം പിടിച്ചു,.
ഏറെ സങ്കടപ്പെടുത്തിയ കാഴ്ച്ച ,ഞാൻ ഉണ്ടാക്കിയ അവൾക്കേറ്റവും ഇഷ്ടപ്പെട്ട അച്ചപ്പവും കായ് ചിപ്സും മിക്സ്ചറും ഒന്നു പോലും കൊണ്ടുപോയില്ല എന്നതായിരുന്നു..
2 വർഷത്തിനിടയിൽ പശുവിനേയും ആടിനേയും കോഴികളേയും നോക്കി വളർത്തി ഞാൻ വാങ്ങിച്ചു നൽകിയ എല്ലാ ഉടുപ്പുകളും കൊണ്ടു പോകാനായി മടക്കി വച്ചിരുന്നുവെങ്കിലും, അവയൊക്കെ എടുത്ത് അന്നാദ്യമായി മണപ്പിച്ചു നോക്കി ഓക്കാനിക്കാൻ മുട്ടുന്നതായി അഭിനയിച്ച് എല്ലാ ഉടുപ്പും വലിച്ച് വാരി കട്ടിലിനടിയിൽ തിരികെ വച്ചിട്ട് അദ്ദേഹം വാങ്ങിച്ചു നൽകിയ പുത്തൻ ഉടുപ്പുകൾ അണിഞ്ഞും ബാക്കിയുള്ളത് പാക്ക് ചെയ്തു മായിരുന്നു യാത്ര.. ഇതിലും നല്ലതും വിലകൂടിയതും വിദേശത്ത് കിട്ടുമല്ലോ..
നാട്ടിലെ ലളിതമായ ജീവിതം അവൾക്കും മടുത്തു കാണും..
യാത്ര പറയും നേരം മകളുടെ മുഖത്ത് ഒട്ടും സങ്കടമുണ്ടായിരുന്നില്ല.. മകനാകട്ടെ … എനിക്ക് പിറകിൽ നിന്ന് എന്നെ ചേർത്ത് പിടിച്ച് കരഞ്ഞു മകളെ ഒന്നു നോക്കുക പോലും ചെയ്യാതെ.
മകൾ പോയിട്ട് ആദ്യമൊക്കെ മകനും സങ്കടത്തിലായിരുന്നു.. മുൻപ് ഡിവോഴ്സ് കഴിഞ്ഞ് പോകുമ്പോ മക്കൾക്കായി ഒരു സ്മാർട്ട് ഫോൺ നൽകിയിട്ടായിരുന്നു അദ്ദേഹം പോയത്.. അവർക്കായി വാങ്ങിച്ചു കൊടുത്ത മൊബൈൽ ഫോൺ ഒരിക്കൽ പോലും ഞാനത് നോക്കിയിട്ടില്ലായിരുന്നു… അന്നാദ്യമായി മകൾ പോയ ശേഷം അവളെ കാണാൻ സംസാരിക്കാൻ ആ ഫോൺ ഞാൻ എടുത്തു നോക്കി.. മക്കളെ വശീകരിച്ച് കൊണ്ടു പോകാനോ അതോ ആർഭാടം എങ്ങനെയൊക്കെ എന്നറിയിക്കാനോ മാത്രമായി അദ്ദേഹവും രണ്ടാം ഭാര്യയും ചേർന്നുളള കുറേ ഫോട്ടോകൾ… അന്നുവരെ കടലും കായലും ഷോപ്പിഗ് മാളും കാണാത്ത മകൾക്ക് അവളുടെ മനസിൽ ഇതൊക്കെ കണ്ട് വിദേശത്ത് അച്ഛനൊപ്പം ജീവിക്കണമെന്ന ചിന്ത.. തള്ളികളയാൻ പറ്റില്ലല്ലോ..ഒരിക്കലും തെറ്റ് പറയാനും ആകില്ല..
ആദ്യമൊക്കെ മകളുടെ വിളികൾ കുറവായിരുന്നു..
എണ്ണി തിട്ടപ്പെടുത്തിയ വാക്കുകളിൽ മാത്രം ഒതുങ്ങിയ സംസാരം. ആഴ്ച്ചകളിൽ ഒന്നോ രണ്ടോ തവണ ഉണ്ടായ വിളികൾ ക്രമേണ കൂടി കൂടി വന്നു… അവിടത്തെ വിശേഷങ്ങൾ… യാത്രകൾ… സുഖ സൗകര്യങ്ങൾ… അവിടത്തെ സ്കൂൾ.. പുതിയ സൗഹൃദങ്ങൾ… അങ്ങനെ എല്ലാം വിശദീകരിച്ച് പറയാൻ മാത്രമായിരുന്നു മിക്കവാറും അവൾ വിളിച്ചിരുന്നതും..
മാസങ്ങൾ കഴിയുതോറും അവളുടെ വേഷവിധാനത്തിലും രൂപത്തിലും ഭാവത്തിലും വല്ലാത്തൊരു മാറ്റം വന്നു.. അതിനെക്കുറിച്ച് ചോദിച്ചപ്പോൾ കാസർഗോഡിൻ്റെ ഏറാമൂലയിൽ താമസിക്കുന്ന അമ്മയ്ക്ക് അതൊന്നും പറഞ്ഞാൽ മനസ്സിലാകില്ലയെന്നായിരുന്നു അവൾ പറഞ്ഞത്….
ശരിയായിരുന്നു… അവളും അച്ഛൻ്റെ അതേ പാത പിൻതുടരുകയായിരുന്നു..
ഇതൊക്കെ കണ്ടിട്ടാകണം മകനും ഒരു താത്പര്യം.. നമുക്കും കൂടി അങ്ങു പോയാലോ എന്നു….
ഈയമ്മയെ നിനക്കും വേണ്ടാതായോ..?
ഉള്ളിൻ്റെയുള്ളിൽ തങ്ങി നിന്നു..
എങ്കിലും
കുറച്ചു കൂടി മുൻപേ പ്രതീക്ഷിച്ചിരുന്ന ചോദ്യങ്ങളായതുകൊണ്ടാവാം ഞാനും അങ്ങ് സമ്മതം മൂളി…
മകളെ കൊണ്ടുപോകാൻ കാണിച്ച താത്പര്യം മകൻ്റെ കാര്യത്തിൽ അദ്ദേഹം ഒട്ടും പ്രകടിപ്പിച്ചില്ല..
അവൻ്റെ പ്രേരണ കൊണ്ടാവണം ഒരു വർഷത്തെ അവധിക്ക് നാട്ടിൽ വന്ന് മകനേയും കൂടെ കൊണ്ടുപോയി..അതു വരെ അടുക്കളയിലും പുറംജോലിയിലും ഒപ്പം നിന്ന മകൻ കൂടി പോയതോടെ.. ജീവിതം തികച്ചും ഒറ്റപ്പെട്ടതു പോലെയായി… അവൻ്റെ ജീവിതം…പഠിത്തം…. എല്ലാമോർത്ത് ഉറങ്ങാൻ പറ്റാണ്ടായി..
ജീവിതം ഇനി ആർക്കു വേണ്ടി എന്നൊരു ചോദ്യചിഹ്നം ഉയർന്നു വന്നു..
എനിക്ക് ചുറ്റും ജീവനുള്ള എന്നെയേറെ സ്നേഹിക്കുന്ന കുറെ കോഴികളും കാടകളും പക്ഷികളും പശുവും ആടും… … അവരെ പട്ടിണിക്കിട്ട് കൊല്ലാൻ മാത്രം തോന്നിയില്ല… പഴയതിലും കൂടുതൽ അവർ എന്നെ സ്നേഹിച്ചു തുടങ്ങി…. അന്ന് വരെ ചെറിയ രീതിയിൽ പച്ച പിടിച്ചു തുടങ്ങിയ ജീവിതം… രണ്ട് മക്കളും കൂടെ ഇല്ലാതെ വീണ്ടും വരണ്ട് ഉണങ്ങി തുടങ്ങി. കണ്ണടച്ചു തുറക്കും മുൻപേ അടുത്ത കർക്കിടവും വന്നു..
ഇത്തവണത്തെ ഓണത്തിന് നാട്ടിൽ വരുന്നുണ്ടോ എന്ന ചോദ്യത്തിന് മകൾ ചോദിച്ചത് അമ്മ ഞങ്ങൾക്കായി എന്ത് കരുതി വച്ചിട്ടുണ്ട് എന്നായിരുന്നു….
ഏറെ അത്ഭുതപ്പെടുത്തിയത് മകൻ്റെ തിരിച്ചുവരവായിരുന്നു…
അമ്മയില്ലാതെ എനിക്കൊന്നും പറ്റണില്ല യെന്ന് മകൻ പറഞ്ഞ് കരഞ്ഞതും, അവൻ്റെ തിരിച്ചുവരവും
വലിയൊരു ഓണസദ്യ കഴിച്ച സന്തോഷമായിരുന്നു.. കാറും കോളും നിറഞ്ഞ് ഇരുണ്ടു നിന്നിരുന്ന മാനം തെളിഞ്ഞതുപോലെ ജീവിതം ഒന്നുകൂടി പച്ച പിടിക്കാൻ തുടങ്ങി.
എന്തേ അച്ഛനൊപ്പം നിന്നില്ലാ എന്ന എൻ്റെ ചോദ്യത്തിന് അമ്മ ഇവിടെ തനിച്ചല്ലേ എന്നായിരുന്നു അവൻ പറഞ്ഞത്.
ഒന്ന് രണ്ട് മാസങ്ങൾക്ക് ശേഷം കൂടെ ഉണ്ടായിരുന്ന രാധേച്ചിയുടെ മക്കളെ കാണാൻ മെഡിക്കൽ കോളേജിൽ പോയിരുന്നു.പീഡിയാട്രിക്ക് വാർഡിൽ ഇരിക്കുന്ന നേരത്താണ് പത്തും പതിനഞ്ചും പ്രായമുള്ള ഒരു പെൺകുട്ടിയും ആൺകുട്ടിയും ഒരു പൊതിച്ചോറുമായി എൻ്റെ നേരെ വന്നത്.. ചേച്ചി ചോറു വേണോ.?
എയ്.. കഴിക്ക് നിങ്ങൾ…
അവർ ഓരോ ബെഡിലേക്കും മാറി മാറി പോയി ചോദിക്കുന്നുണ്ട്.. ഓരോ ബെഡിലേം കുട്ടികൾക്കൊപ്പമുള്ള മുതിർന്നവർ ഭക്ഷണം കഴിക്കാൻ കുട്ടികളെ അങ്ങോട്ട് നിർബന്ധിക്കുന്നു.. അത് കണ്ടിട്ടാകണം എൻ്റെ മനസൊന്ന്നിറഞ്ഞു ഒപ്പം കണ്ണും..
കുറച്ചു കഴിഞ്ഞതും രണ്ടു പേരും അടിക്കൂടി ആ പെൺകുട്ടി പിണങ്ങി കിടന്നു.. ഒടുവിൽ ആൺക്കുട്ടി അവളെ വിളിച്ചേഴുന്നേൽപ്പിക്കുന്നതും ചോറ് വാരികൊടുക്കുന്നതും കണ്ണുനിറഞ്ഞ് ഞാൻ കണ്ടു നിന്നു..
ഭക്ഷണം കഴിച്ച ശേഷം ആ മോൻ മോളെ ബെഡിൽ ഉറക്കി.. അവൻ അടുത്തുള്ള കസേരയിൽ ചാരി കിടന്ന് മയങ്ങാൻ തുടങ്ങി..
രാധേച്ചീ അവരെ കണ്ടോ? ആരാ അവർ?
അതിനെക്കുറിച്ച് പറയാൻ നിൽക്കയായിരുന്നു..
അച്ഛനും രണ്ട് മക്കളും.. അമ്മ കാമുകനൊപ്പം ഒളിച്ചോടി പോയി: ഇവർ വിഷം കഴിച്ചതത്രേ…
അമ്മ വിഷം തന്നുന്നാ മക്കൾ പറയണത്…
അച്ഛൻ മുകളിൽ ആണുങ്ങളുടെ വാർഡിലാ.. കുറച്ച് സീരിയസ് ഉണ്ട്..
അവരെ നോക്കാൻ ആരുമില്ല.. ഇവിടടെയുള്ളവരാ നോക്കുന്നത്..
ഇടാൻ ഒരു ഡ്രസ് പോലുമില്ല.. വന്നിട്ട് മൂന്ന് നാല് ദിവസായി.
ബന്ധുക്കൾ ആരും തിരിഞ്ഞു നോക്കിട്ടില്ല.
എൻ്റ മകളെപ്പോലെ നീണ്ടു മെലിഞ്ഞ പെൺകുട്ടി… ഞാൻ മനസിൽ ഓർത്തു..
അന്ന് രാത്രി ഉറങ്ങാൻ കിടന്നിട്ടും ഉറക്കം വരാതെ ഞാനാ മക്കളെ ഓർത്തു കിടന്നു.. ഉടൻ രാധേച്ചിയെ വിളിച്ച് ചില കാര്യങ്ങൾ സംസാരിച്ചു.
അടുത്ത ദിവസം മകളുടെ ഡ്രസ്സുകൾ വച്ച പെട്ടിയിൽ കിടന്ന നല്ലതെന്ന് തോന്നിയ കുറച്ച് ഉടുപ്പുകളെടുത്ത് കഴുകി ഉണക്കി വച്ചു..ഒപ്പം മൂന്ന് സെറ്റ് പുതിയതും വാങ്ങി ഞാൻ മെഡിക്കൽ കോളേജിലെത്തി.. ഒന്നും പറയാതെ അവരുടെ കൈകളിൽ ഏൽപ്പിച്ച് തിരിച്ചു നടന്നു… ഞാൻ വരുന്ന കാര്യം രാധേച്ചി അവരോട് മുൻക്കുട്ടി പറഞ്ഞതുകൊണ്ടാകണം ആ കുട്ടികൾ മടികൂടാതെ ഞാൻ കൊടുത്തതും വാങ്ങി ബെഡിനരികിലേക്ക് പോയി.. എൻ്റെ മകളുടെ ഉടുപ്പുകൾ പാകമാകുമോ എന്നറിയില്ലെങ്കിലും ഒരു പാട് സന്തോഷം തോന്നിയ ദിവസമായിരുന്നു അന്ന്..
പിന്നെം കുറേ ദിവസങ്ങൾ കഴിഞ്ഞാണ് രാധേച്ചി പറഞ്ഞത് അവർ സിസ്ചാർജ് ആയി പോയെന്ന്..
പോകും മുൻപ് ഒരിക്കൽ കൂടി ആ പിള്ളേരെ കാണണം എന്നുണ്ടായിരുന്നു.. ഞാനത് പറഞ്ഞപ്പോ രാധേച്ചി എന്നെ നോക്കി ചിരിച്ചു.
ഇപ്പഴാ ഓർമ്മ വന്നത് നിനക്ക് തരാൻ ആ ചെറുക്കൻ ഒരു പേപ്പർ തന്നിട്ടുണ്ട്… എന്തൊക്കെയോ എഴുതി വച്ചിട്ടുണ്ട്.. നാലായി മടക്കിയ ആ പേപ്പർ രാധേച്ചിയുടെ കൈയിൽ നിന്നും വാങ്ങി തിരികെ വീട്ടിലേക്ക് വന്നു. അന്ന് ആ പേപ്പർ തുറന്നപ്പോ അതിൽ ഒരമ്മയും രണ്ടു മക്കളുടെയും ചിത്രങ്ങളായിരുന്നു.. താഴെ താങ്ക്സ് അമ്മ
എന്നെഴുതിയതും കണ്ടു.. ഒപ്പം ഫോൺ നമ്പറും..
അപ്രതീക്ഷിതമായി അനുഭവിക്കാൻ ഇട വന്ന സ്നേഹം കൊണ്ടാവണം കുറേനേരം കരഞ്ഞുപോയി..
അതു കണ്ടിട്ടാകണം മകൻ എൻ്റെ കൈയിൽ മുറുകി പിടിച്ചു.. ഞാൻ അമ്മയെ വിട്ട് എവിടേക്കും പോകില്ല…ചേച്ചി തിരിച്ചു വരും..
ഏറെ നേരം കരഞ്ഞപ്പോൾ മനസിന് വല്ലാത്തൊരു ആശ്വാസം കിട്ടിയതുപോലെയൊരു തോന്നൽ…
ഒരിക്കൽ ബാങ്കിൽ വച്ച് രാധേച്ചിയെ വീണ്ടും കാണാനിടയായി..
ഞാൻ ഒരു കാര്യം പറഞ്ഞാൽ ദേഷ്യപ്പെടരുത് നീ..
ആ പിള്ളേരും അവരുടെ അച്ഛനും എന്നെ ഇടയ്ക്ക് വിളിക്കാറുണ്ട്.. ഒരു കാര്യം സൂചിപ്പിച്ചിട്ടുണ്ട്… നിനക്ക് സമ്മതമെങ്കിൽ…..
രാധേച്ചി അതു പറയുമ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്..
ഞാൻ നിൻ്റെ കാര്യം എല്ലാം അയാളോട് പറഞ്ഞിട്ടുണ്ട്..
മകനെ നിനക്കൊപ്പം കൂട്ടാം..
നിൻ്റെ മകനോട് ഞാൻ സംസാരിക്കാം.
വേണ്ട രാധേച്ചി.. എന്നെങ്കിലും ഒരിക്കൽ ഞാനവർക്കും ഭാരമായി തീരും.. സ്വന്തം അമ്മയൊന്നുമല്ലാലോ…
കണ്ട് കൊതി തീർന്നാൽ പിന്നെ അവർക്കും അകന്നുപോകാൻ കൊതിയായി തുടങ്ങും..
എൻ്റെ മകൾ എന്നെ വിട്ട് പോയെങ്കിലും മകൻ കൂടെയുണ്ടല്ലോ..
എനിക്ക് അവനെ ഉപേക്ഷിക്കാൻ വയ്യ..
ഇനിയുള്ള ജീവിതം എന്നെ മാത്രം സ്നേഹിക്കുന്ന ഈ നാൽക്കലികൾക്കൊപ്പം മാത്രo മതിയെന് ഉറപ്പിച്ച് പറഞ്ഞു.
പിന്നീട് കുറേ ഓണവും വിഷുവും കടന്നു പോയെങ്കിലും മകൾ മാത്രം കാണാൻ വന്നില്ല.. മകൾക്ക് അവിടെ ജോലി കിട്ടിയെന്നും കല്യാണം ഉടൻ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്..
കല്യാണം നേരിട്ട് കാണാൻ പറ്റിയില്ലെങ്കിലും അമ്മയ്ക്ക് ലൈവായി കല്യാണം കൂടാം എന്നായിരുന്നു മകൾ പറഞ്ഞത്..
ഇപ്പോ തോന്നാറുണ്ട് മകളുടെ വഴി തന്നെയായിരുന്നു ശരി… അവൾക്കിഷ്ടമുള്ളതുപോലെയുള്ള ജീവിതം അവിടെ കിട്ടി.. ഏതൊരമ്മയ്ക്കും സ്വന്തം മക്കളുടെ നല്ല ജീവിതമല്ലേ വലുത്…. ആരൊക്കെ പോയാലും വന്നാലും എന്തൊക്കെ സംഭവിച്ചിലും ഞാനും കൂട്ടിന് എനിക്കൊപ്പം മകനും പിന്നെ എന്നെ ഒരിക്കലും ഉപേക്ഷിക്കാത്ത മക്കളായ കുറേ പശുവും ആടും കോഴിയും ഉള്ളപ്പോൾ ഞാനെങ്ങനെ തനിച്ചാകും ജീവിതത്തിൽ..

by