രചന – നന്ദിത ദാസ്
യാത്രയുടെ അവസാനം എത്തിച്ചേർന്നത് ജനിച്ചു വളർന്ന സ്വന്തം വീട്ടിൽ….
അവിടെ എന്നെ കാത്തിരുന്ന രണ്ടു ജന്മങ്ങൾ ഉണ്ട്….
എന്റെ ഇടതും വലതും അവരെ പിടിച്ചിരുത്തി ഞാൻ പറഞ്ഞു
“ഇനി ഇവിടം വിട്ട് ഞാൻ എങ്ങോട്ടും ഇല്ല…
ചെറിയ ഒരു സങ്കടം വന്നപ്പോൾ ഇവിടം വിട്ട് ഓടിപ്പോയത് ശരി ആയിരുന്നില്ല എന്ന് ഇപ്പോൾ തോന്നുന്നുണ്ട്…. ഒരിക്കലും നിങ്ങളെ വിട്ട് നിൽക്കാൻ പാടില്ലാരുന്നു…. ”
“എന്താ പറ്റിയെ മോളെ… എന്തൊക്കെയോ നഷ്ടപ്പെടുത്തിയ പോലെ ആണല്ലോ നിന്റെ സംസാരം…. ഇനി അങ്ങോട്ട് പോകുന്നില്ലെങ്കിൽ വേണ്ട…
ബട്ട് ഇങ്ങനെ മൂഡ് ഓഫ് ആയിട്ട് എന്റെ കുട്ടി ഇരിക്കാൻ പാടില്ല…
”
“എന്താ മോളെ പറ്റിയെ? ” അമ്മയാണ്..
“ഒന്നുല്ല അമ്മേ…. മനസിന് എന്തോ പോലെ… അങ്ങ് മാറുവായിരിക്കും…. ”
“ആ ജിതിനെ ഓർത്തിട്ടാണോ… മോൾ അല്ലേ പറഞ്ഞത് മോളുടെ കൂട്ടുകാരിക്ക് ഒരു ജീവിതം കിട്ടുന്ന കാര്യമായൊണ്ട് സന്തോഷമേ ഉള്ളു എന്ന്… ”
“അല്ല പപ്പേ… ജിതിൻ നല്ലവനാ… അവരാണ് ശരിക്കും ഒന്നിക്കേണ്ടത്…
ഞാൻ പപ്പയോടു പറഞ്ഞില്ലേ എനിക്കൊരു നല്ല സുഹൃത്തിനെ കിട്ടിയിരുന്നു എന്ന്… ആ സൗഹൃദം എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു…. അത് ഇനി ഒരിക്കലും തിരിച്ചു പിടിക്കാനാവില്ല…. അതാണ് എന്റെ സങ്കടം ”
“അതെന്തുപറ്റി… പപ്പ മോളുടെ ആ സുഹൃത്തിനെ കണ്ടിട്ടില്ലെങ്കിലും ഒരുപാട് നന്ദി എനിക്ക് അയാളോട് ഉണ്ട്
ഒരു മുപ്പത്തിരണ്ട് വർഷം മുൻപുള്ള എന്റെ വീർപ്പുമുട്ടൽ അവസാനിപ്പിച്ചതിനു…
എന്താ ഇപ്പോൾ പറ്റിയെ നിങ്ങൾക്കിടയിൽ ”
ഞാൻ എന്താ പപ്പയോടു പറയുക..
“അത് പപ്പ… അയാൾ സിംഗപ്പൂരിന് പോവാ… ഇനി ഒരിക്കലും കാണില്ലെന്ന് പറഞ്ഞു… അതാണ് ഞാൻ… ”
“അത്രേ ഉള്ളോ… ഫോണും നെറ്റും എല്ലാം ഉള്ള കാലം അല്ലേ മോളെ വിളിക്കുകയൊക്കെ ചെയ്യാല്ലോ… നിന്റെ മുഖം കണ്ടപ്പോൾ ഞാൻ അങ്ങ് പേടിച്ചു പോയി… പോയി റസ്റ്റ് എടുത്തോളൂ കേട്ടോ… ”
“മ്മ്… ”
മരവിച്ച മനസ്സുമായി ഞാൻ എന്റെ റൂമിലേക്ക് നടന്നു…
കണ്ണടക്കുമ്പോൾ എല്ലാം എബിയുടെ മുഖം തെളിഞ്ഞു വരും…
ഇമകൾ പോലും ചിമ്മാതെ അവൻ എന്നെ നോക്കുന്നതായി തോന്നും…
ഭ്രാന്തമായ അവസ്ഥയിലായിരുന്നു മനസ്സ്…
എന്തിനാ ഞാൻ മറ്റുള്ളവരെ നോക്കുന്നത്… സ്വന്തം ഇഷ്ടം മാത്രം നോക്കി ന്റെ എബിടെ കൂടെ ജീവിച്ചാൽ പോരായിരുന്നോ….
അതിന് എനിക്ക് ആകുമോ? എല്ലാവരെയും പോലെ ഞാനും ചിന്തിച്ചാൽ ഈ ദിൽനക്കു മറ്റുള്ളവരിൽ നിന്നും എന്ത് വ്യത്യസ്തത ആണ് ഉള്ളത്…
ഓരോ ദിവസവും ഉറുമ്പ് ഇഴയുന്ന വേഗതയോടെ മാത്രം ആണ് കടന്നു പോകുന്നത്….
24 മണിക്കൂറിൽ ഒരു നിമിഷം പോലും എബിയെ കുറിച്ച് ചിന്തിക്കാതിരിക്കാൻ എനിക്കായില്ല…
വിളിക്കാൻ പലതവണ ഫോൺ എടുത്തതാണ്…
നമ്പർ ഡയൽ ചെയ്തിട്ട്‍ ഉടൻ കട്ട് ചെയ്യുകയും ചെയ്യും…
എന്റെ മൂകത പപ്പയെയും അമ്മയെയും ആണ് കൂടുതൽ വിഷമിപ്പിച്ചത്…
അവരുടെ മുന്നിൽ മനസ്സറിഞ്ഞൊന്നു ചിരിക്കാൻ പോലും എനിക്കായില്ല…
“ഇങ്ങനെ ആയാൽ എങ്ങനെ ആണ് മോളെ… നീ പുറത്തോട്ടെങ്കിലും ഒന്നിറങ്ങു… റൂമിനുള്ളിൽ തന്നേ ഇങ്ങനെ ചടഞ്ഞു കുത്തി ഇരുന്നാൽ എങ്ങനെ ആണ്… ”
“ഞാൻ എന്തെങ്കിലും തെറ്റ് ചെയ്താൽ പപ്പയും അമ്മയും എന്നോട് ക്ഷമിക്കുമായിരുന്നോ? ”
“ന്റെ മോള് അങ്ങനെ ഒരു തെറ്റും ചെയ്യില്ലെന്ന് ഞങ്ങൾക് ഉറപ്പുണ്ടല്ലോ… പപ്പ ഒരു കാര്യം പറയട്ടെ… ?”
“കല്യാണക്കാര്യം ആയിരിക്കും പപ്പക്ക് പറയാനുള്ളത്… എനിക്ക് ഇപ്പോൾ താല്പര്യം ഇല്ല പപ്പേ… പ്ലീസ്… ”
“അങ്ങനെ ഒഴിഞ്ഞു മാറണ്ടേ മോളെ… മോളുടെ മനസ്സിൽ എന്താണെന്നു നീ ഇതുവരെ ഞങ്ങളോട് തുറന്നു പറഞ്ഞിട്ടില്ല… ഒരു കല്യാണമൊക്കെ കഴിച്ചാൽ എന്റെ കുട്ടിയുടെ ഈ മനോഭാവമൊക്കെ മാറും… ”
“പപ്പയുടെ ഇഷ്ടത്തിന് ഞാൻ നിന്ന് തന്നിട്ടില്ലേ… പക്ഷേ അത് നടന്നില്ല… ഇനി ഒരിക്കൽ കൂടി എനിക്ക് വയ്യ പപ്പേ ”
“ഇത് അങ്ങനെ അല്ല… അവർക്ക് ശരിക്കും ഇഷ്ടം ആയിട്ട് വന്ന് ആലോചിച്ചതാ… ചെക്കൻ മോളെ ഒന്ന് വന്ന് കണ്ടിട്ട് പൊക്കോട്ടെ… ഇഷ്ടായില്ലെങ്കിൽ പപ്പ പിന്നെ നിർബന്ധിക്കില്ല… ”
“അങ്ങനെ ആകട്ടെ പക്ഷേ ഉടനെ എനിക്ക് വയ്യ പപ്പേ… പ്ലീസ്… ”
“മ്മ് ഒക്കെ… ഞാൻ നിർബന്ധിക്കുന്നില്ല ”
ആഴ്ചകളും മാസങ്ങളും കടന്നുപോയി…
കണ്ണടച്ചാലും തുറന്നാലും എബി മുന്നിൽ വന്നു നിൽക്കുന്നതുപോലെ തോന്നും…
ആരോടും ഒന്നും തുറന്നുപോലും പറയാതെ ഹൃദയം നീറി നീറി പുകയുക ആയിരുന്നു…
കല്യാണക്കാര്യം പപ്പയും പിന്നീട് നിർബന്ധിക്കാതായി….
പപ്പയുടെ മൗനം അമ്മയെ ഒരുപാട് സങ്കടപ്പെടുത്തി…
“ന്റെ പൊന്നു മോളല്ലേ പപ്പയെ സങ്കടപ്പെടുത്താതെ ആ ആലോചനക്കാരോട് വന്നോളാൻ പറയാൻ മോള് സമ്മതിക്കണം… നിന്റെ മനസ്സ് എനിക്കറിയാം… എല്ലാം എന്റെ മോള് മറക്കണം… പപ്പയെ വിഷമിപ്പിക്കരുത് ”
“ഇല്ലമ്മേ… ആരെയും വിഷമിപ്പിക്കാതിരിക്കാനാ ഞാൻ നോക്കിയെ… നവീന് ശേഷം ഒരു പുരുഷനെയും എനിക്ക് സ്നേഹിക്കാൻ കഴിയില്ലെന്ന് വിശ്വസിച്ചവളാ ഞാൻ… പക്ഷേ അതിനേക്കാൾ കൂടുതൽ ഇഷ്ടം ഒരാളോട് തോന്നിപ്പോയി…. അതൊരിക്കലും ഒരു തെറ്റായി എനിക്ക് തോന്നിയിട്ടും ഇല്ല അമ്മേ… പക്ഷേ…. ”
“സാരമില്ലടാ… ഓരോത്തർക്കും ഓരോരുത്തരെ വിധിച്ചിട്ടുണ്ട്… സമയം ആകുമ്പോൾ അത് നമ്മളെ തേടി എത്തും… മോൾ പപ്പയോടു സംസാരിക്കു… ആ ആലോചനക്കാർ വന്നു കണ്ടിട്ട് പൊയ്ക്കോട്ടേ ”
“മ്മ് ”
ഒരുപാട് നാളുകൾക്കു ശേഷം ഞാൻ വീടിനു പുറത്തേക്കിറങ്ങി… പപ്പ ചെടികൾക്ക് വെള്ളം ഒഴിക്കുന്ന തിരക്കിലായിരുന്നു…
“പപ്പേ… ഇങ്ങു താ ഞാൻ ഒഴിച്ചോളാം… ”
“ആഹാ റൂം വിട്ട് പുറത്തിറങ്ങിയോ… ചെടികൾ എല്ലാം കരിഞ്ഞു ഉണങ്ങി… മോളുടെ മഞ്ഞ റോസാച്ചെടി ഉണങ്ങാൻ തുടങ്ങിയിരിക്കുന്നു…. ”
പപ്പ അത് പറഞ്ഞപ്പോൾ ഫ്ളാറ്റിലേ എബിയുടെ പനിനീർ ചെടിയാണ് എന്റെ ഓർമകളിലേക്ക് ആദ്യം ഓടിയെത്തിയത്…
“അതും വാടി കരിഞ്ഞിട്ടുണ്ടാകും…. ”
“ഏതിന്റെ കാര്യമാ മോള് പറയുന്നത്… ”
“അത്… അത് പിന്നെ… തൃശൂർ എനിക്കൊരു റോസാച്ചെടി ഉണ്ടായിരുന്നു… അതും ഇപ്പോൾ ഉണങ്ങി കാണുമെന്നു പറഞ്ഞതാ… ”
“ആഹാ… ശ്രദ്ധിക്കാൻ ആരും ഇല്ലേൽ അങ്ങനെ ആണ്… ചെടികൾ ആയാലും മനുഷ്യൻ ആയാലും… ”
അതും പറഞ്ഞു പപ്പ മുന്നോട്ട് പോകാൻ തുടങ്ങിയതും ഞാൻ പറഞ്ഞു
“പപ്പ പറഞ്ഞ ആ ചെക്കനോട് നാളെ വന്നോളാൻ പറ കേട്ടോ… ഇഷ്ടമാകുമോന്ന് നോക്കട്ടെ…. ”
പപ്പ വിശ്വാസം വരാതെ എന്നെ നോക്കി
കൂടുതൽ ഒന്നും പറയാതെ ഞാൻ ചെടിക്ക് വെള്ളം ഒഴിക്കുന്ന തിരക്കിലേർപ്പെട്ടു….
***************************************
“മോളെ… ചെറുക്കൻ വീട്ടിലോട്ടു വരുന്നില്ലെന്ന്… പുറത്ത് എവിടെയെങ്കിലും വെച്ച് കാണാൻ പറ്റുമോ എന്ന് ചോദിച്ചു… ”
ഞാൻ ആഗ്രഹിച്ചതും അത് തന്നെയാണ്…
അതാകുമ്പോൾ എങ്ങനെ എങ്കിലും അയാളെ പറഞ്ഞു മനസ്സിലാക്കി വിവാഹത്തിൽ നിന്നും ഒഴിവാക്കാം… എബി അല്ലാതെ ഇനി ഒരാളും ഇല്ല എന്റെ ജീവിതത്തിൽ…
ഞാൻ ആരുടെ എങ്കിലും സ്വന്തം ആയി കഴിഞ്ഞാൽ പിന്നെ എബി ജീവനോടെ കാണില്ല എന്ന് പറഞ്ഞ വാക്ക് ഹൃദയത്തിൽ ആഴത്തിൽ മുറിവുണ്ടാക്കുന്നതുപോലെ തോന്നി….
“നീ എന്താ ആലോചിക്കുന്നത്… മറുപടി ഒന്നും പറഞ്ഞില്ലല്ലോ….? ”
“ഞാൻ പോയിക്കോളാം പപ്പേ… എവിടെ വരണമെന്ന് ചോദിക്ക് ”
“ഗ്രീൻവാലി പാർക്കിൽ ഉച്ചകഴിഞ്ഞു എത്തുമെന്നാണ് പറഞ്ഞത്… ഞാൻ നമ്പർ കൊടുത്തിട്ടുണ്ട് മോളെ വിളിക്കും… ”
“അപ്പോൾ പപ്പ വരുന്നില്ലേ… ”
“മോള് പോയി കണ്ടിട്ട് വാ… നിങ്ങൾ പരസപരം സംസാരിച്ചിട്ട് ഇഷ്ടമായെങ്കിൽ ഞാൻ വന്നാൽ പോരെ… ”
“അതും ശരിയാ…. മ്മ് അത് മതി… ഞാൻ പോയിക്കോളാം… ”
“എങ്കിൽ ഞാൻ അവരെ വിളിച്ചു കാര്യം പറഞ്ഞേക്കാം… മോള് പോകാൻ റെഡി ആയിക്കോ ”
“മ്മ് ”
കാണാൻ പോകുന്ന ചെക്കനോട് എല്ലാം തുറന്നു പറയണം… അയാൾക്ക് എന്നെ മനസ്സിലായാൽ തത്കാലം ഞാൻ രക്ഷപെടും… അങ്ങനെ ഓരോ ചിന്തകളുമായിട്ടാണ് പാർക്കിനോട് ചേർന്നുള്ള ചെറിയ സിമന്റ് ബെഞ്ചിൽ ഞാൻ ഇരുപ്പ് ഉറപ്പിച്ചത്…
ഓർമ്മകൾ അപ്പോളും ആദ്യമായി എബിയെ പരിചയപ്പെട്ട ദിവസത്തിലേക്ക് ഊളിയിട്ടു….
“ഒരുപാട് നേരമായോ വന്നിട്ട്…. ”
കേൾക്കാൻ ആഗ്രഹിച്ച ശബ്ദം കാതുകളിൽ മുഴുകിയപ്പോൾ ഒരു വല്ലാത്ത ആത്മ നിർവൃതിയിലായിപ്പോയി ഞാൻ…
പെട്ടെന്ന് തന്നെ സ്ഥലകാല ബോധം വീണ്ടെടുത്തു ഞാൻ ചാടി എഴുന്നേറ്റു…
ഇതെന്താ… എന്റെ കണ്ണുകൾ എന്നെ ചതിക്കുകയാണോ…. എന്റെ കാതിൽ ഞാൻ കേട്ടത് എന്റെ എബിയുടെ ശബ്ദം ആയിരുന്നില്ലേ… കണ്ണുകൾ ചിമ്മി വീണ്ടും ഞാൻ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി….
പിന്നെ ഒരു പൊട്ടിക്കരച്ചിലോടെ ആ നെഞ്ചിലേക്ക് ഞാൻ ചാഞ്ഞു… എത്ര നേരം ഞങ്ങൾ രണ്ടാളും അങ്ങനെ കെട്ടിപ്പുണർന്നു നിന്നെന്നു ഓർമയില്ല….
“അയ്യേ…. ചേട്ടായി… ചേച്ചി.. ഇത് പബ്ലിക് പ്ലേസ് ആണ്… ആളുകളൊക്കെ ശ്രദ്ധിക്കുന്നു…. ”
ചിന്നൂട്ടിയുടെ ശബ്ദം കേട്ടപ്പോളാണ് ശരിക്കും ഞങ്ങൾക്ക് സ്ഥലകാല ബോധം ഉണ്ടായത്…
ഞാൻ നോക്കിയപ്പോൾ ചിന്നൂട്ടി കണ്ണുകൾ ഇറുകി അടച്ചു നിൽക്കുന്നുണ്ട്…
എന്താ പറയേണ്ടതെന്ന് അറിയാത്ത അവസ്ഥ…
കുറേനേരത്തെ മൗനത്തിനു ശേഷം ഞങ്ങൾ ആ സിമന്റ് ബെഞ്ചിൽ ഇരിപ്പുറപ്പിച്ചു….
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി എന്റെ ദിൽന ഒട്ടും വിശ്വാസം വരാതെ ഞങ്ങളെ രണ്ടുപേരെയും മാറി മാറി നോക്കുന്നുണ്ട്….
“ചേച്ചി എന്നോട് ക്ഷമിക്കണം… ഈ കളി എല്ലാം കളിച്ചത് ഞാനാണ്… സ്വന്തം ഇഷ്ടം മാത്രം നോക്കി പോകുന്ന ഒരുപാട് പെൺകുട്ടികളെ കണ്ടിട്ടുണ്ട്… ചേച്ചിയും അവരിൽ ഒരാളെ പോലെ ആയിരിക്കുമോ എന്ന് ഞാൻ ഭയന്ന്… ഞങ്ങളെ ഉപേക്ഷിച്ചു ചേട്ടായി ചേച്ചിയുടെ കൂടെ ജീവിക്കാൻ വന്നിരുന്നെങ്കിൽ ഒരിക്കലും ക്ഷമിക്കാൻ പറ്റില്ലാരുന്നു… പക്ഷേ അവിടെയും ചേച്ചി ഞങ്ങളെ എല്ലാം ഞെട്ടിച്ചു….രണ്ടാളെയും ഒരുപാട് സങ്കടപ്പെടുത്തിയെന്നു അറിയാം… ഒരു കുഞ്ഞനുജത്തിയുടെ അറിവില്ലായ്മ ആയി കണ്ടു എന്നോട് ക്ഷമിക്കണം…. ”
“എനിക്ക്… എനിക്കൊന്നും മനസിലാകുന്നില്ല എബി… ”
“എല്ലാം ദേ ഈ കുരുട്ടടക്ക പറഞ്ഞു തരും… ”
“ദേ ചേട്ടായി… ചേച്ചി ഇരിക്കുന്നതുകൊണ്ട് ഞാൻ ഒന്നും പറയുന്നില്ല… ഞാൻ പറയാം ചേച്ചി… ”
ഞാൻ അവളുടെ മുഖത്തേക്കും പിന്നെ എബിയുടെ മുഖത്തേക്കും നോക്കി ആ മുഖത്തൊരു കള്ളച്ചിരി… എബി ഒരു കണ്ണ് ഇറുക്കി കൂടി കാണിച്ചപ്പോൾ മൊത്തം കയ്യിന്നു പോയെന്ന് പറഞ്ഞാൽ മതിയല്ലോ… എബിയെ കണ്ടപ്പോളേക്കും ഇതുവരെ ഉണ്ടായിരുന്ന സങ്കടമൊക്കെ അവിടെ പോയി ഒളിച്ചു എന്ന് മാത്രം അറിയില്ല… മനസ്സ് സന്തോഷം കൊണ്ടു തുള്ളിച്ചാടുന്നതുപോലെ….
“ചേച്ചിയുടെ ഫോട്ടോ ചേട്ടായിയുടെ ഫോണിൽ ആദ്യമായി കണ്ടതുമുതൽ എനിക്ക് ചേട്ടായിയെ സംശയമായിരുന്നു… കുഞ്ഞുനാളിൽ മുതൽ ഞാൻ കാണാൻ തുടങ്ങിയതല്ലേ ഈ മരമോന്ത… എന്ത് മാറ്റം ഉണ്ടായാലും പെട്ടെന്ന് അറിയാൻ എനിക്ക് കഴിഞ്ഞിരുന്നു… അങ്ങനെ ചേട്ടായി പറയാതെ തന്നെ ആ മനസ്സ് മുഴുവൻ ചേച്ചിയാണെന്നു ഞാൻ വായിച്ചെടുത്തു….
ചേച്ചിയുടെ പേര് പറഞ്ഞത് ഓർമ ഉള്ളതുകൊണ്ട് എഫ്ബിയിൽ നോക്കി ചേച്ചിയുടെ സകല ഡീറ്റൈൽസും പൊക്കി… ഇഷ്ടപ്പെട്ട പെണ്ണിനെ പെണ്ണുകാണിക്കാൻ കൊണ്ടുപോയി ചേട്ടായിക്ക് ഒരു സർപ്രൈസ് കൊടുക്കാനായിരുന്നു പ്ലാൻ… പക്ഷേ ആ പ്ലാനിങ് എല്ലാം കോശിച്ചായൻ കൊണ്ടുവന്ന ഒരു ആലോചനയിൽ ഒലിച്ചു പോയി…
ചേട്ടായി തിരികെ തൃശ്ശൂർക്ക് വന്നെങ്കിലും ആ കല്യാണം എങ്ങനെ എങ്കിലും മുടക്കാനായിരുന്നു എന്റെ തീരുമാനം… ഒടുവിൽ കല്യാണം ഉറപ്പിക്കുമെന്ന സ്ഥിതി വന്നപ്പോൾ ഞാൻ വീട്ടിൽ ചാച്ചനോട് ചേട്ടായിക്ക് ചേച്ചിയെ ഇഷ്ടം ആണെന്നുള്ള വിവരം തുറന്നു പറഞ്ഞു… ചേച്ചിയുടെ ഫോട്ടോ കണ്ടപ്പോൾ അമ്മച്ചിക്ക് ചേച്ചി തന്നെ മരുമകൾ ആയാൽ മതിയെന്നും ആയി… ഒരേ സമുദായക്കാരായൊണ്ട് ചാച്ചനും എതിർപ്പൊന്നും ഉണ്ടായിരുന്നില്ല… നിങ്ങൾ പോലും അറിയാതെ ചേച്ചിയുടെ വീട്ടിൽ പോയി ഞങ്ങൾ കാര്യങ്ങൾ അവതരിപ്പിച്ചു… ചേച്ചിയുടെ പപ്പക്ക് സമ്മതവും ആയിരുന്നു… ശരിക്കും നിങ്ങൾക്ക് ഒരു സർപ്രൈസ് തരാനായിരുന്നു ഞങ്ങൾ രണ്ടു കുടുംബക്കാരുടെയും തീരുമാനം… പക്ഷേ ഒരു ദിവസം ഒരു മുന്നറിയിപ്പും ഇല്ലാതെ ചേട്ടായി വന്നു നിങ്ങൾ തമ്മിൽ ഇഷ്ടം ആണെന്ന് എന്നോട് തുറന്നു പറഞ്ഞപ്പോൾ ശരിക്കും ഞങ്ങൾ ഒരുക്കിയ സർപ്രൈസ് പൊളിയുമല്ലോ എന്ന ഭയമായിരുന്നു… അന്ന് ചേട്ടായിയെ വെറുതെ ടെൻഷൻ അടുപ്പിക്കാനായി ഇല്ലാത്ത നുണ എല്ലാം പറഞ്ഞുണ്ടാക്കി… ചാച്ചനും എന്റെ വാക്കു കേട്ടു കൂടെ നിന്ന്… ചേട്ടായി വീട്ടിൽ നിന്നും ഇറങ്ങി പോകുമെന്ന സ്ഥിതി വന്നപ്പോൾ അമ്മച്ചി ഉടനെ കാലുമാറി ചേട്ടായിടെ കൂടെ നിന്നു….
ഒടുവിൽ രണ്ടും കല്പിച്ചു ചേട്ടായി വീട് വിട്ട് വന്നപ്പോളാ ശരിക്കും ഞങ്ങളെ പോലും ഉപേക്ഷിച്ചു ചേട്ടായി വരണമെങ്കിൽ നിങ്ങളുടെ സ്നേഹം അത്രയും ആഴം ഉള്ളതാണെന്ന് ഞാൻ മനസിലാക്കിയത്… ചേച്ചിയുടെ മനസ്സ് അറിയാൻ വേണ്ടി മാത്രമാണ് അന്ന് ഞാൻ അങ്ങനെ നെഗറ്റീവ് ആയിട്ട് സംസാരിച്ചത്… പക്ഷേ ചേച്ചിയുടെ മറുപടി ശരിക്കും എന്നെ ഞെട്ടിച്ചു… സ്വന്തം ഇഷ്ടത്തെക്കാൾ വലുത് ഒരു ഏട്ടന് വേണ്ടി അപേക്ഷിക്കുന്ന കുഞ്ഞ് പെങ്ങളുടെ സന്തോഷം ആണെന്ന് ചേച്ചി പറഞ്ഞപ്പോൾ ഈ ലോകത്ത് എന്റെ ചേട്ടായിക്ക് കിട്ടേണ്ട ഏറ്റവും യോജിച്ച പെണ്ണ് ചേച്ചി തന്നെയാണെന്ന് എനിക്ക് മനസ്സിലായി… നേരിട്ടൊന്നു കാണാൻ വേദനിപ്പിച്ചതിനു ആ കാലുകളിൽ വീണു മാപ്പിരക്കാൻ ഓടി വരണമെന്ന് കരുതിയതാണ്… ഞാനും ചാച്ചനും കൂടി അവിടെ എത്തിയപ്പോളേക്കും നിങ്ങൾ രണ്ടാളും ബൈ പറഞ്ഞു പിരിഞ്ഞു എന്നാണ് അറിയുന്നത്…
ഒടുവിൽ ചേട്ടായിയെ ഇതെല്ലാം പറഞ്ഞു കൺവീൻസ് ചെയ്യിക്കാൻ കുറേ ടൈം എടുത്തു… അന്ന് മുതൽ ചേച്ചിയുടെ വീട്ടിൽ പെണ്ണുകാണാൻ വരാൻ വിളിച്ചുകൊണ്ടു ഇരിക്കുവാരുന്നു… പക്ഷേ ചേച്ചി സമ്മതിച്ചിട്ടില്ലെന്നാരുന്നു പപ്പയുടെ മറുപടി… ഇന്നലെ അങ്കിൾ വിളിച്ചു ഇന്ന് വീട്ടിലോട്ടു ചെല്ലാൻ പറഞ്ഞപ്പോൾ മുതൽ ഒരാൾ ഭയങ്കര ത്രില്ലിലാണ്… ഫോൺ എടുത്തു വിളിക്കാൻ എത്ര വെട്ടം നോക്കിയെന്നോ… ഞാനാ സമ്മതിക്കാഞ്ഞത്… തെറ്റെല്ലാം എന്റെ കൈയിൽ ആണ്… ചേച്ചി… എന്നോട് ക്ഷമിക്കില്ലേ…. ”
കരഞ്ഞുകൊണ്ട് ആ കുട്ടി എന്റെ കാലുകളിലേക്കു വീണു…
“അയ്യോ… കരയല്ലേ മോളെ… അതൊന്നും സാരമില്ല… ഞങ്ങളെ ഒരുമിപ്പിക്കാൻ നോക്കിയത് മോള് തന്നെ അല്ലേ… കുറേ സങ്കടപ്പെട്ടെങ്കിലും ഒടുവിൽ അത് ഇരട്ടി മധുരമാക്കി തന്നില്ലേ… അതിന് ചിന്നൂട്ടിയോടല്ലേ ഞങ്ങൾ നന്ദി പറയേണ്ടത്…. സങ്കടപെടണ്ട കേട്ടോ…. ”
ഞാൻ അവളെ കെട്ടിപിടിച്ചു നെറുകയിൽ ഒരു മുത്തം കൊടുത്തു….
തിരിഞ്ഞു നോക്കിയപ്പോൾ പപ്പ കൈയും കെട്ടി പുറകിൽ നിൽക്കുന്നു… ഞാൻ ഓടിച്ചെന്നു പപ്പയെ കെട്ടിപിടിച്ചു…
“പപ്പയും ഇവരോടൊപ്പം ചേർന്ന് എന്നെ ശരിക്കും പറ്റിച്ചു അല്ലേ… ”
“എന്റെ മോള് ഇഷ്ടപ്പെടുന്ന പുരുഷനോടൊപ്പം ജീവിച്ചു കാണാനായിരുന്നു എന്റെ ആഗ്രഹം… നീ അത് എന്നോട് തുറന്നു പറയുമെന്ന് ഞാൻ കരുതി…
പക്ഷേ അവിടെയും നീ എന്നെ തോൽപിച്ചു കളഞ്ഞു…
സ്വന്തം ഇഷ്ടത്തെക്കാൾ വലുത് മാതാപിതാക്കളുടെ സന്തോഷം ആണെന്ന് നീ ചിന്തിച്ചു…
വല്യ മനസാ എന്റെ കുട്ടിയുടെ… പിന്നെ എബി മോൻ എനിക്കെന്റെ മരുമകൻ അല്ല മകൻ തന്നെയാ… നിന്റെ മനസ്സറിഞ്ഞവന് തന്നെ നിന്നെ കൈ പിടിച്ചു കൊടുക്കുന്നതല്ലേ ഈ പപ്പയുടെ ഏറ്റവും വല്യ സന്തോഷം… ”
ഞാൻ പപ്പയെ ഒന്നുകൂടി മുറുക്കി കെട്ടിപിടിച്ചു…
“മതി കരഞ്ഞത്… സങ്കടം എല്ലാം തീർന്നില്ലേ… ഇനി സന്തോഷിക്കേണ്ട ദിനങ്ങൾ അല്ലേ… ഹാപ്പി ആയിട്ട് ഇരിക്ക് മോള്…
ചിന്നൂട്ടി… ഡീ കാന്താരി നീ ഇങ്ങു വന്നേ… അങ്കിളിനു കുറച്ചു സംസാരിക്കാൻ ഉണ്ട്… ”
പപ്പ അവളെയും വിളിച്ചോണ്ട് കുറച്ചകലേക്കു പോയി…
ഞാനും എബിയും മാത്രം…
“എന്താടോ ഞാൻ പറയേണ്ടത്… തന്നെ പൊക്കിയെടുത്തു ഇപ്പോൾ തന്നെ വീട്ടിൽ കൊണ്ടുപോയാലോ എന്നാണ് എന്റെ ഇപ്പോളത്തെ ആലോചന…. ”
“മ്മ് പിന്നെ പിന്നെ പൊക്കും… ഒന്ന് പോയേ എബി… ”
“ഇനി പോകുവാണേൽ നിന്നെയും കൊണ്ടേ ഈ എബി പോകുള്ളൂ മോളെ… ”
ഞാൻ കുറച്ചു കൂടി അവളുടെ അരികിലേക്ക് ചേർന്നു നിന്നു… പതിയെ ആ കൈകൾ എടുത്ത്… ചുണ്ടിനടുത്തേക്കു അടുപ്പിച്ചു… പെട്ടെന്ന് അവൾ കൈ വലിച്ചു കളഞ്ഞു…
“അതിനു കുറച്ചു ദിവസം കൂടി കഴിയട്ടെ മോനെ… ”
“ശ്ശോ… നശിപ്പിച്ചു… നല്ല മൂഡിൽ വന്നതാ… നീ എന്താ കൊച്ചേ ഇങ്ങനെ? ”
“ആർക്കറിയാം… ഞാൻ ഇങ്ങനെയൊക്കെ തന്നെയാ… ഒരിക്കലും മാറില്ല… ”
“മ്മ് എന്റെ കൈയിലോട്ടു ഒന്ന് കിട്ടട്ടെ… മാറ്റി എടുത്തോളാം ഞാൻ… ”
ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണ് ഒരു നല്ല നുള്ള് എന്റെ കവിളിൽ…
“ആദ്യം കല്യാണത്തിന് വിളിക്കേണ്ടത് ആരെയാ നീ പറ… ”
“ഡെല്ലയെയും ജിതിനെയും നമുക്ക് ഒരുമിച്ചു പോയി വിളിക്കാം… ഇനി ആ നാട്ടിലേക്കു ഇല്ലാന്ന് പറഞ്ഞു പോന്നതാ ഞാൻ… അവരെ വിളിക്കാം എബി… ”
“മ്മ് ഒക്കെ വിളിക്കാം… ബട്ട് അവരെക്കാൾ മുന്നേ നീ ഒരാളെ വിളിക്കണം… ആ നവീനെ… എന്താ? ”
“യെസ് അത് വേണം…. എബി വരുമോ എന്റെ കൂടെ ”
“പിന്നേ എന്ത് ചോദ്യമാ… ഇനി എവിടെ പോയാലും ഞാൻ കാണില്ലേ കൂടെ…. പിന്നെ ആ നവീന്റെ മുന്നിൽ കൂടി നിന്നെ കെട്ടിപിടിച്ചൊരു പോക്കുണ്ട്… ആഹാഹ ഓർക്കുമ്പോൾ തന്നെ എന്താ രോമാഞ്ചം…. ”
“അയ്യോടാ… ”
കുറേനേരം കൂടി ഞങ്ങൾ സംസാരിച്ചിട്ടാണ് വീട്ടിലേക്കു മടങ്ങിയത്…
പിന്നെ ചെക്കന്റെ വീട്ടിലോട്ടുള്ള പോക്കും കല്യാണമുറപ്പിക്കലും എല്ലാം പെട്ടെന്നായിരുന്നു….
പിന്നെ അങ്ങോട്ട് ഉറക്കമില്ലാത്ത രാത്രികളും ഫോൺ വിളികളുമായി ദിവസങ്ങൾ മുന്നോട്ട് പോയി…
“നാളെ ഞാൻ വന്ന് നിന്നെ പിക് ചെയ്യാം റെഡി ആയി നിന്നോ നമുക്ക് നവീന്റെ വീടുവരെ പോകണം ”
“ഒക്കെ എബി…. ”
അപ്പോൾ നാളെ ഞങ്ങൾ പോവുകയാണ് എന്നെ തേച്ച ആ കള്ളകാമുകന്റെ അടുത്തേക്ക്… അവനോടാണ് എനിക്ക് നന്ദി പറയാൻ ഉള്ളത്….
(തുടരും )

by