19/04/2026

എന്റെ പെണ്ണ് : ഭാഗം 12

രചന – നന്ദിത ദാസ്

“എന്നാലും അത് ഇത് എവിടെപ്പോയി?”

“കൂട്ടത്തിൽ കാണും ഉണ്ണിയേട്ടാ… രണ്ടാമത് ബില്ല് സെപ്പറേറ്റ് അടിപ്പിച്ചതല്ലേ… ”

“മ്മ്മ് ”

ഞങ്ങൾ ഓരോ കവറും അഴിച്ചു നോക്കി…

“യുറേക്കാ……….. ”

ഉണ്ണിയേട്ടന്റെ അലർച്ച കേട്ടു ഞാൻ ആളെ അത്ഭുതത്തോടെ നോക്കി…
ആ മുഖത്താണെൽ പറഞ്ഞറിയിക്കാൻ പറ്റാത്ത അത്ര സന്തോഷം…

“അയ്യടാ ചെക്കന്റെ നിൽപ്പ് കണ്ടില്ലേ… നിലാവത്തു അഴിച്ചു വിട്ട കോഴിയെ പോലെ…
ഇവിടെ തന്നേ ഞാൻ നോക്കട്ടെ വിശ്വവിഖ്യാതമായ ടോപ്… ”

ഒരു വിജയിയുടെ പാടവത്തോടെ ഉണ്ണിയേട്ടൻ ആ കവർ എന്റെ നേരെ നീട്ടി…

ആളെ ഒന്ന് ചുഴിഞ്ഞു നോക്കിയിട്ട് ഞാൻ ആ കവറിനുള്ളിൽ നിന്നും അത് പുറത്തെടുത്തു…

“വൗ… കിടിലോ കിടിലം…
എന്റെ ഉണ്ണിയേട്ടാ ഇത് നിങ്ങൾ അവിടെ കളഞ്ഞിട്ട് വന്നിരുന്നെങ്കിൽ നിങ്ങളെ ഞാൻ കൊന്നു കൊലവിളിച്ചേനേം…
വെറുതെ പറയുവല്ല മായയുടെ സെലക്ഷൻ 100% പെർഫെക്ട്…. ”

“എനിക്കും ഇഷ്ടമായതൊക്കെയാ ബട്ട്‌ നിനക്ക് ഈ കളർ ഇഷ്ടമല്ലല്ലോ… അതാ എടുക്കാതിരുന്നത്… ”

“ആഹ് അതൊക്കെ പോട്ടെ…
ഇവിടെ ഇപ്പോൾ എന്റെ ഇഷ്ടം ഞാൻ അങ്ങ് മാറ്റിവെക്കുവാ…
ഇത് ഉണ്ണിയേട്ടൻ തന്നെ മായയ്ക്ക് കൊടുക്കണം… എന്നാലേ ഈ കഥക്കൊരു പഞ്ച് വരുള്ളൂ…. ”

“എങ്ങനെ കൊടുക്കും…
അവൾക്കു വല്ലതും തോന്നിയാലോ… ”

“മ്മ് വഴിയുണ്ട്… ഈ പുന്നാര പെങ്ങൾ കൂടെ ഉണ്ടല്ലോ.. ഡോണ്ട് വറി ബ്രോ… ”

“ഇജ്ജ് മുത്താണ് പൊന്നേ…. ”

“മ്മ്… ഉവ്വാ ഉവ്വാ… ”

“എന്താണ് പൊന്നേ നിന്റെ പ്ലാൻ… ”

വലതു കൈയുടെ ചൂണ്ടുവിരൽ കടിച്ചു തല അല്പ്പം സൈഡിലേക്ക് ചരിച്ചു ഞാൻ ആലോചനയിലാണ്ടു…

“അളിയനെ ഒന്നൂടി കുപ്പിയിലാക്കാം… ”

“ബെസ്റ്റ്… ഇതാണോ നിന്റെ പ്ലാൻ… എന്നെ അവൻ പഞ്ഞിക്കിടുന്നത് കാണണോ നിനക്കു… ”

“പിന്നേ… എന്റെ ഉണ്ണിയേട്ടനെ തൊട്ടാൽ വിച്ചുണ്ണു വിവരം അറിയും…

ഞാൻ സീരിയസ് ആയിട്ട് പറഞ്ഞതാ ഉണ്ണിയേട്ടാ…
വിഷ്ണുവേട്ടനോട് ഞാൻ ചെറുതായി ഒന്ന് സൂചിപ്പിക്കാം…
ആളുടെ അഭിപ്രായം എന്താണെന്നു അറിയാമല്ലോ… ”

“എന്നെ നാണം കെടുത്തുമോ നീ… ”

“ഓഹ് പിന്നെ… അങ്ങേര് അങ്ങ് വല്യ പുണ്യവാനല്ലേ…
ഒന്നുമില്ലേലും ബസിൽ വച്ചു കണ്ട പെണ്ണിന്റെ പിന്നാലെ പോയി കല്യാണം ഉറപ്പിച്ച മഹാൻ അല്ലേ…
അത് ബസ് ആണെങ്കിൽ ഇത് ഷോപ്പിംഗ് മാൾ…
അത്ര അല്ലേ ഉള്ളു വ്യത്യാസം… ”

“എന്നാലും… അവൻ വിചാരിക്കില്ലേ ഞാൻ ഒരു വായിനോക്കി ആണെന്ന്… ”

“ആഹ്… എങ്കിൽ ഒരു പ്രൊപോസൽ പോലെ ഞാൻ പുള്ളിക്കാരനോട് പറഞ്ഞാൽ സംഗതി തീരില്ലേ…
ഉണ്ണിയേട്ടനും മായയും രണ്ടു പേരും നല്ല മാച്ചാണ് നമുക്കൊന്നു ആലോചിച്ചാലോ വിഷ്ണുവേട്ട എന്ന് ചോദിച്ചാൽ പോരേ… ”

“മതി…മതി… ഇത് ഓക്കേ…. ”

“ഹിഹി… അപ്പോൾ മൂന്നാമത്തെ ബെല്ലോടു കൂടി ഈ നാടകം ഇവിടെ തുടങ്ങുന്നു…. ”

“നീ ആണ് മോളെ ശരിക്കും ചങ്ക്….
ആദ്യമായിട്ടാ ഇങ്ങനെ ഒരു ത്രില്ല്…
നിന്റെ കൃഷ്ണൻകുട്ടിയോടു എന്റെ കാര്യം പ്രത്യേകം ഒന്ന് പറഞ്ഞേക്കണേ…. ”

” എന്റെ കൃഷ്ണൻകുട്ടി ഉറപ്പായും പോസിറ്റീവ് റിപ്ലൈ തരും ഉണ്ണിയേട്ടാ…

പിന്നെ എനിക്കറിയാവുന്നതല്ലേ എന്റെ ഉണ്ണിയേട്ടനെ…

പരസ്പരം എന്തും തുറന്നു സംസാരിക്കുന്നവരല്ലേ നമ്മൾ…

ഉണ്ണിയേട്ടൻ ഇല്ലായിരുന്നെങ്കിൽ മനസ്സിന്റെ താളം തെറ്റി ഞാൻ ആരെയും തിരിച്ചറിയാതെ ഈ നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയേനെ…

മായ ഭാഗ്യം ഉള്ള കുട്ടിയാ…

ഞാനും ഭാഗ്യം ചെന്നവളാ ഇതുപോലെ ഒരു ഏട്ടനെ കിട്ടിയതിൽ… ”

മിഴികളിൽ ഉരുണ്ടു കൂടിയ കണ്ണീരൊപ്പി ഞാൻ ഉണ്ണിയേട്ടന്റെ നെഞ്ചിലേക്ക് ചാഞ്ഞു…

“ഇതാണ് ഇന്ദൂട്ടിയെ എനിക്കു സഹിക്കാൻ പറ്റാത്തത്…
അതൊക്കെ കഴിഞ്ഞു പോയില്ലേ… ”

“മ്മ് കഴിഞ്ഞു പോയി… പക്ഷേ… നിഷ്കളങ്കത നിറഞ്ഞ ആ മുഖം പലപ്പോഴും എന്നിലേക്ക്‌ ഓടിയെത്തും ഉണ്ണിയേട്ടാ….
വിദ്യാസാഗർ… അതൊരു നോവാണ് അന്നും ഇന്നും.. ”

“ഈ പിള്ളേർ ഇത് അകത്തു എന്തെടുക്കുവാ… ഉണ്ണീ…. ഇന്ദു… ”

“ആഹ് അപ്പ വിളിക്കുന്നുണ്ട്… നീ കണ്ണു തുടച്ചിട്ട് വാതിൽ തുറക്ക്… ”

“ദാ വരുന്നു അമ്മേ… ”

ഓടിച്ചെന്നു വാതിൽ തുറന്നു…

“ഇത്ര രഹസ്യം പറയാൻ ഉണ്ടോ ഇതുങ്ങൾക്ക് രണ്ടും… ”

അമ്മ മുഖം കനപ്പിച്ചൊന്നു നോക്കി…

“ഓഹ്ഹ് ഈ അമ്മയ്ക്ക് എന്തറിയാം…
ഞാൻ ഉണ്ണിയേട്ടനെ പറഞ്ഞു സമ്മതിപ്പിക്കുവായിരുന്നു ആ മായയെ വിവാഹം കഴിക്കാൻ വേണ്ടി… ”

“ആഹ് അങ്ങനെ നല്ല കാര്യമൊക്കെ എന്റെ മോളു ആങ്ങളക്കു ഉപദേശിച്ചു കൊടുക്കു…”

ഞാൻ അമ്മ കാണാതെ ഉണ്ണിയേട്ടനെ നോക്കി വാ പൊത്തി ചിരിച്ചു…
ആള് ആകെ കിളി പോയ മട്ടിൽ നിൽക്കുന്നു…

“കേട്ടോ ഉണ്ണീ മോനേ… ഞങ്ങൾക്കൊക്കെ ആ കുട്ടിയെ ഇഷ്ടായി…
നീ കൂടി മനസ്സ് വെച്ചാൽ അത് ഒന്ന് ആലോചിച്ചു നോക്കാമായിരുന്നു… ”

“അത്… അത് പിന്നെ അപ്പേ… ”

“ഉണ്ണിയേട്ടനെ ഞാൻ പറഞ്ഞു സമ്മതിപ്പിച്ചു അമ്മേ…
ഉണ്ണിയേട്ടന് ഇഷ്ടം ആണ്…
പക്ഷേ… ”

ഞാൻ ഒന്ന് നിർത്തി…
അമ്മയും ഉണ്ണിയേട്ടനും എന്താണെന്നുള്ള ഭാവത്തിൽ എന്നെ നോക്കി…

“പക്ഷേ… ഉണ്ടല്ലോ അമ്മേ… ഈ ഉണ്ണിയേട്ടൻ പറയുവാ…
ഈ ഉണ്ണിയേട്ടനേ… ഇന്ന് കല്യാണം വേണ്ട… നാളെ രാവിലെ മതീന്ന്… ”

ഇന്ദുന്റെ സംസാരം കേട്ടു ഞങ്ങൾ എല്ലാവരും പൊട്ടി ചിരിച്ചു…

ഉണ്ണിയേട്ടന് ഇഷ്ടം ആയിന്നു അറിഞ്ഞതോടെ അച്ഛനും അമ്മയ്ക്കും അമ്മായിക്കും അമ്മാവനും എന്നോടൊരു പ്രത്യേക വാത്സല്യം ഉള്ളതുപോലെ…
കാരണം വേറെ ഒന്നും അല്ല…
അവരുടെ വിചാരം ഞാൻ ഉണ്ണിയേട്ടനെ പറഞ്ഞു സമ്മതിപ്പിച്ചുന്നു ആണല്ലോ…
ഹിഹി… ചുരുക്കം പറഞ്ഞാൽ ക്രെഡിറ്റ്‌ എനിക്ക്…

****

ഇടയ്ക്ക് ഒന്ന് രണ്ട് തവണ വിഷ്ണുവേട്ടൻ വിളിച്ചു…
പക്ഷേ അടുത്ത് എല്ലാരും ഉള്ളതുകൊണ്ട് ശരിക്കൊന്നു മനസ്സ് തുറക്കാൻ കഴിഞ്ഞില്ല…

രാത്രി വിളിക്കാമെന്ന് പറഞ്ഞു ആള് പോയതാണ്…

പത്തുമണി കഴിഞ്ഞിട്ടും ഇങ്ങേർക്ക് ഇതുവരെ രാത്രി ആയില്ലേ എന്റെ കൃഷ്ണാ…

ഞാൻ കൃഷ്ണൻകുട്ടിയെ നോക്കി സംസാരം ആരംഭിച്ചു…

ആള് എല്ലാം കേട്ടുകൊണ്ട് പുഞ്ചിരി തൂകി നില്കുവാണ്…

“എന്റെ കള്ള കൃഷ്ണ ചിരിച്ചോ ചിരിച്ചോ…
കൊച്ചാട്ടന്റെ മനസ്സിൽ ഇപ്പോൾ എന്താണെന്നൊക്കെ എനിക്ക് നന്നായി അറിയാം…
എനിക്ക് പണി തന്നു എന്നൊരു ഭാവം ഉണ്ടല്ലോ ആ തിരുമുഖത്തു അത് ഈ ഇന്ദുനു അങ്ങ് നന്നേ ബോധിച്ചു കേട്ടോ… ”

അങ്ങോട്ട്‌ വിളിക്കണോ?

ഹേയ് വേണ്ട… വെറുതെ വെയിറ്റ് കളയണ്ട…

ഇന്നിനി വിളിക്കുമെന്ന് തോന്നുന്നില്ല…

നാശം പിടിക്കാൻ ഉറക്കവും വരുന്നില്ലലോ…

ഈ പ്രണയത്തിനു കണ്ണും മൂക്കും മാത്രമല്ല ഉറക്കവും ഇല്ലെന്നു പണ്ടാരോ ട്രോളിയത് ഓർമ വന്നു…

“ഇന്ദു…. ”

ഒരു പതിഞ്ഞ സ്വരം…

ഇനി എനിക്ക് തോന്നിയതാണോ…

വീണ്ടും അതേ സ്വരം… “ഇന്ദൂ… ”

ഇതാരാ ഇപ്പോൾ… റൂമിൽ കൃഷ്ണൻ കുട്ടി മാത്രമേ ഉള്ളല്ലോ…

“ഡി പൊട്ടി… ഒറ്റക്കു നിന്നു സംസാരിക്കാതെ ജനലിന്റെ അടുത്തേക്ക് നോക്കെടി… ”

“ഹയ്യോ… വിഷ്ണുവേട്ടൻ… ”

“ഒന്ന് പതുക്കെ പറ പെണ്ണേ… എല്ലാരേയും ഇപ്പോൾ വിളിച്ചു ഉണർത്തുമോ… ”

“ഈശ്വര… ഇങ്ങേരിത് എന്തു ഭാവിച്ചാ… ”

“ഇങ്ങോട്ട് വാ ഇന്ദു… നിന്നു കാല് വേദനിക്കുന്നു… ”

“കൊള്ളാം… പട്ടാളത്തിൽ മതിൽ ചാടൽ ആണോ സേട്ടന്റെ പണി… ഇത് എങ്ങനെ ഒപ്പിച്ചു.. ”

“നിന്നു കിന്നരിക്കാതെ വാതിൽ തുറക്കടി.. ”

“അയ്യടാ… ആ വെള്ളം അങ്ങ് വാങ്ങി വെച്ചാൽ മതി…
വിഷ്ണുവിന്റെ ആ പരിപ്പ് ഈ കലത്തിൽ വേവൂല… ”

“അല്ലെങ്കിലും എനിക്ക് ഇത് തന്നെ കിട്ടണം…
പെണ്ണിനെ കാണാനുള്ള കൊതി കൊണ്ടു റിസ്ക് എടുത്ത് വന്നതാ… എന്നിട്ടിപ്പോൾ എന്തായി… ”

“എന്താകാൻ… കണ്ടല്ലോ… ഇനി പൊയ്ക്കോളൂ…
ബ്രൗണി (വീട്ടിലെ വളർത്തു നായ) കണ്ടാൽ പിന്നെ ഈ ശരീരത്തിൽ ഒരു തുണ്ട് ഇറച്ചി പോലും ബാക്കി കാണില്ല… ”

“മ്മ് ഉവ്വ്… നിന്റെ ബ്രൗണി ദാ അവിടെ ഞാൻ കൊടുത്ത നെയ്യപ്പവും തിന്നു സുഖ നിദ്രയിൽ കിടപ്പുണ്ട്…
പുള്ളിക്കാരൻ ഇനി നാളെ രാവിലെയേ ഉണരുള്ളൂ…

“ദുഷ്ടാ… അവനു എന്തെങ്കിലും പറ്റിയാൽ ഉണ്ടല്ലോ… ”

“ഒന്നും പറ്റില്ല…
വെറുതെ വഴക്കിട്ടു സമയം കളയാതെ ഇങ്ങോട്ട് നീങ്ങി നില്ക്കു പെണ്ണേ… ”

ഞാൻ ജനലോരം ചേർന്നു നിന്നു…

“വീട്ടിൽ ഇരുന്നിട്ട് ഒരു സമാധാനവും കിട്ടിയില്ല…
എന്റെ പെണ്ണിനെ കാണാൻ കൊതി ആയിട്ട് വയ്യാരുന്നു… പിന്നെ ഒന്നും നോക്കിയില്ല നേരെ ഇങ്ങോട്ട് പോരുന്നു… ”

“ഞാൻ ഇപ്പോൾ വിളിക്കും ഇപ്പോൾ വിളിക്കുമെന്ന് നോക്കി ഇരിക്കുവായിരുന്നു… ”

“ഓഹോ… എന്നാലും ഒന്ന് തിരിച്ചു വിളിക്കാൻ മനസ്സ് തോന്നിയില്ലലോ… ”

“ഹിഹി അപ്പോൾ എന്റെ ഉള്ള വെയിറ്റ് കുറയില്ലേ… ”

“ഹമ്പടി കുശുമ്പി പാറു… ”

“ഒരുപാട് നേരം നിൽക്കണ്ടാട്ടൊ മഴ പെയ്യ്തു നല്ല വഴുക്കൽ ഉണ്ട്… സൂക്ഷിക്കണേ… ”

ഞാൻ അത് പറഞ്ഞു തീർന്നതും വിഷ്ണുവേട്ടൻ കാൽ സ്ലിപ്പായി വീഴാൻ പോയി…
ഞാൻ വെപ്രാളത്തിൽ പെട്ടെന്ന് വിഷ്ണുവേട്ടന്റെ കൈയിൽ കയറി പിടിച്ചു…

“ഏട്ടാ… ”

“അയ്യോ മുറുക്കെ പിടിച്ചോണേ വിടല്ലേ മോളെ.. ”

ഒരു കള്ളച്ചിരിയോടെ വിഷ്ണുവേട്ടൻ എന്റെ കൈയിലെ പിടി ഒന്നുകൂടി മുറുക്കി…

“ഓഹോ അപ്പോൾ അഭിനയിച്ചതാണല്ലേ…. ”

“റൂട്ട് നീ തന്നെ ഇട്ടു തന്നില്ലേ…
പരിശ്രമിച്ചില്ലെന്നു വേണ്ട… ”

“ദേ കൂടുതൽ കളിക്കല്ലേ… കൈ വിട്… ”

“വിട്ടില്ലെങ്കിലോ… ”

വിഷ്ണുവേട്ടൻ ഒന്നുകൂടി എന്റെ കൈയിലെ പിടി മുറുക്കി…

ഒരുനിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പരസ്പരം ഇടഞ്ഞു…

പുറത്തെ തണുപ്പിലും ഞാൻ വല്ലാതെ ചുട്ടു പൊള്ളുന്നുണ്ടായിരുന്നു…

“ഇന്ദു… ”

“മ്മ് ”

പെണ്ണ് ഈ ലോകത്ത് ഒന്നും അല്ലെന്നു തോന്നുന്നു…

“ഡി പെണ്ണേ… ”

കുറച്ചു ഉച്ചത്തിൽ ഞാൻ ഞാനവളെ വിളിച്ചു…

അവളുടെ ഞെട്ടലിൽ എന്റെ കൈയിലെ പിടിയും അയഞ്ഞു…

പെട്ടെന്ന് അവൾ കൈ വലിച്ചെടുത്തു…

“മനുഷ്യനെ പേടിപ്പിച്ചു കൊല്ലുമോ ”

“പൊന്നുമോള് സ്വപ്നലോകത്തിൽ ആയിരുന്നു അല്ലേ ഹിഹി… ”

“പിന്നേ പിന്നെ… ഒരു ലോകത്തും അല്ലായിരുന്നു..

“ഒന്നും സമ്മതിച്ചു തരരുത് കേട്ടോ… ”

“ഈൗ.. ”

“അയ്യടാ ഇളി കണ്ടില്ലേ പെണ്ണിന്റെ… ”

പെട്ടെന്നാണ് ഞാൻ ഉണ്ണിയേട്ടന്റെ കാര്യം ഓർത്തത്…

“ഏട്ടാ… ഞാൻ ഒരു കാര്യം പറയട്ടെ… ”

“അതിനെന്താ പറഞ്ഞോളൂ… ഒന്നോ രണ്ടോ നൂറോ കാര്യം പറഞ്ഞോ… ”

“അത് പിന്നെ… എന്റെ ഉണ്ണിയേട്ടനും ഏട്ടന്റെ ഇളയമ്മയുടെ മോൾ മായയും നല്ല പെർഫെക്ട് മാച്ചാണ് അല്ലേ… ”

“അതെയോ 🤔
അല്ല… മോളെന്താ പറഞ്ഞു വരുന്നത്… ”

“ആ കുട്ടിയെ എന്റെ ഉണ്ണിയേട്ടന് കൊടുത്തു കൂടെ… ”

“ഇത് നിന്റെ അഭിപ്രായം ആണോ അതോ ഉണ്ണിയുടെയോ? ”

“ഹയ്യോ ഉണ്ണിയേട്ടനോട് ഞാൻ പറഞ്ഞിട്ട് പോലും ഇല്ല…
എനിക്ക് അവരെ കണ്ടപ്പോൾ ഒരു ആഗ്രഹം… ”

“മ്മ് ”

“എന്താ ഞാൻ പറഞ്ഞത് ഇഷ്ടായില്ലേ? ”

ഏട്ടന്റെ ആ മൂളലിൽ നിന്നും എന്തോ ഇഷ്ടക്കുറവ് ഉള്ളതുപോലെ തോന്നി എനിക്ക്…
ചങ്ക് വല്ലാതെ ഇടിക്കുന്നുണ്ട്…
ഒരു വശത്തു എന്റെ ഉണ്ണിയേട്ടന്റെ മുഖം തെളിഞ്ഞു വന്നു…
ആ പാവം ആദ്യമായി ഒരു ആഗ്രഹം പറഞ്ഞിട്ട്…

“ഉണ്ണി അളിയനെ എനിക്ക് ഇഷ്ടം ആണ്…
മായയെ കൊടുക്കുന്നതിനു ഒരു ഇഷ്ടക്കുറവും ഇല്ല…
പക്ഷേ.. ”

“എന്താ… എന്താ ഒരു പക്ഷേ… ”

മനസ്സ് വല്ലാതെ തിടുക്കം കൂട്ടുന്നുണ്ട്… അതിനേക്കാൾ ഏറെ ആകാംഷയും…

“മായയ്ക്ക് ഇഷ്ടം ആകില്ല… ”

(തുടരും )