രചന – നന്ദിത ദാസ്
ഒടുവിൽ യാത്ര പറഞ്ഞു മടങ്ങുമ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ ആയിരുന്നു… അതേ ഇന്ദു പറഞ്ഞതുപോലെ അവളുടെ ഈ ഏട്ടനും ഒരു കാമുകനായി മാറാൻ തുടങ്ങിയിരിക്കുന്നു…. ചുണ്ടുകളിൽ ഒളിപ്പിച്ച പുഞ്ചിരിയുമായി ഉണ്ണി തിരികെ വീട്ടിലേക്കു മടങ്ങി… ഈ സമയം അസ്തമയ സൂര്യന്റെ ശോഭയിൽ ജീവിതത്തിന്റെ വസന്തകാലങ്ങൾ നെയ്തു കൂട്ടുവായിരുന്നു വിച്ചുണ്ണുവും ഇന്ദുവും… കാറ്റിൽ പാറിക്കളിക്കുന്ന അവളുടെ മുടിയിഴകളെ തഴുകി തോളോട് തോളുരുമ്മി അവൻ ഇരുന്നു… അവളുടെ ഓരോ നോട്ടത്തിലും അവന്റെ ഹൃദയതാളം മാറുന്നത് അവൻ അറിയുന്നുണ്ടായിരുന്നു… “ദേ ചെക്കാ… മതീട്ടോ കണ്ണുകൾ കൊണ്ടുള്ള ഈ ചുറ്റിക്കളി… ആകാശം ചുവപ്പണിഞ്ഞു തുടങ്ങി വീട്ടിൽ പോകണ്ടേ…??? ” അതും പറഞ്ഞു അവൾ എഴുന്നേറ്റു എനിക്ക് നേരെ കൈകൾ നീട്ടി… ആ കൈകളിൽ പിടിച്ചു ഞാൻ എഴുന്നേറ്റു… പരസ്പരം കൈകോർത്തു കാർ പാർക്ക് ചെയ്തിടത്തേക്കു നടന്നു…
“ദേ നോക്കിയേ ഏട്ടാ… അത് കണ്ടോ… എന്ത് ഭംഗിയാ… ” അവൾ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് ഞാൻ കണ്ണുകൾ പായിച്ചു.. അപ്പോളേക്കും എന്റെ കൈ വിട്ടു അവൾ അവിടേക്കു ഓടിയിരുന്നു… കളിമണ്ണിൽ തീർത്ത കരകൗശല വസ്തുക്കൾ… ദേവന്മാരുടെയും പക്ഷികളുടെയും കർഷകസ്ത്രീയുടെയും എന്നുവേണ്ട ഏത് തരത്തിലും ഉള്ള പ്രതിമകൾ.. ഇന്ദു ചെന്ന ഉടനെ കൃഷ്ണൻ കുട്ടിയെ കൈകളിൽ എടുത്തു നൂറു വോൾടേജ് ചിരിയോടെ എന്നെ നോക്കി… അത് അവൾക്ക് വേണമെന്ന് എന്നെ നോക്കി പറയുന്നതുപോലെ… “എന്തു ഭംഗിയായി ചെയ്തിരിക്കുന്നു… ഇതൊക്കെ ഉണ്ടാക്കിയവരെ സമ്മതിക്കണം ഇല്ലേ ഏട്ടാ… ഇതിൽ നിന്നും ഏതാ ഇപ്പോൾ സെലക്ട് ചെയ്യുക എന്ന് ആകെ കൺഫ്യൂഷൻ ആയല്ലോ… ” കൃഷ്ണൻകുട്ടിയെയും കയ്യിലെടുത്തു ഒരു കൈ തലയ്ക്കും കൊടുത്തു അവളെന്നെ നോക്കി… ഒരു കൊച്ചു പെൺകുട്ടിയാണ് ഇതൊക്കെ വിൽക്കാനായിട്ട് നിരത്തി വെച്ചിരിക്കുന്നത്…
ഇന്ദുവിന്റെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുവാണ് അവളും… “അക്കാ… ഞാൻ ഒരു സ്പെഷ്യൽ സാധനം കാട്ടിടാവേ… അത് അക്കാവുക്കു റൊമ്പ പിടിക്കും ” തമിഴും മലയാളവും കലർന്ന ഭാഷയിൽ ആ കുട്ടി ഇന്ദുവിനോട് സംസാരിച്ചു… ആ കുട്ടിയുടെ തോളിൽ തൂക്കിയ ഒരു പഴകിയ തുണി സഞ്ചിയിൽ നിന്നും എന്തോ എടുത്തു ഇന്ദുവിന്റെ കൈയിലേക്ക് കൊടുത്തു… തന്റെ കൈയിലിരിക്കുന്ന വസ്തുവിലേക്കും ചിരിയോടെ നിൽക്കുന്ന ആ കുട്ടിയുടെ മുഖത്തേക്കും ഇന്ദു മാറി മാറി നോക്കി… പിന്നെ ഒട്ടും മടിക്കാതെ തന്നെ ആ കുട്ടിയെ അവളുടെ മാറോടു അടക്കി പിടിച്ചു… “മോൾക്ക് എങ്ങനെ മനസ്സിലായി അക്ക അമ്പോറ്റി കണ്ണന്റെ ആളാണെന്നു?? ” “അത്… വന്ത്… അക്ക ഇന്ത കൂട്ടത്തിൽ നിന്നും ആദ്യം കണ്ണന്റെ അന്ത രൂപം താനെ എടുത്തത്… അപ്പോളെ എനിക്കു തെരിഞ്ഞു… നീങ്ക അവങ്ക പാർട്ടി എന്ന്… ഞാനും അവങ്ക ആള് അക്കാ… ” “അച്ചോടാ… മോളുസ് മിടുക്കി ആണല്ലോ എന്താ പേര്..? ” “എൻ പേര് അല്ലി…” ഇന്ദുവും ആ കുട്ടിയും വീണ്ടും എന്തൊക്കെയോ പറഞ്ഞു നിന്നു…
“ദേ നോക്കിയേ വിഷ്ണുവേട്ട… കൈക്കുള്ളിൽ ഒതുങ്ങുന്ന കൃഷ്ണരൂപം… ഈ അല്ലി പറയുവാ ഇത് ഇവള് ഉണ്ടാക്കിയതാണെന്ന്… നന്നായിട്ടുണ്ട് അല്ലേ… ” എന്റെ നേർക്കു നീട്ടിയ ആ കളിമൺ പ്രതിമ ഞാൻ കയ്യിലെടുത്തു തിരിച്ചും മറിച്ചും നോക്കി… കൈക്കുള്ളിൽ ഒതുങ്ങുന്ന ചെറിയ കൃഷ്ണവിഗ്രഹം… ഓടക്കുഴൽ ചുണ്ടിൽ ചേർത്ത് നിൽക്കുന്ന… നീലവർണ്ണം പൂണ്ട ഉണ്ണിക്കണ്ണന്റെ രൂപം… ആ കുട്ടിയിൽ നിന്നും അതും ഇന്ദു ആദ്യം എടുത്ത കൃഷ്ണൻകുട്ടിയേയും വാങ്ങി ഞങ്ങൾ കാറിനരികിലേക്കു നടന്നു…. ചെറിയ കൃഷ്ണരൂപം എന്റെ കൈകളിലേക്ക് വെച്ചുകൊണ്ടവൾ പറഞ്ഞു… ” ഇതു എന്റെ വക ഏട്ടനുള്ള ഗിഫ്റ്റ്… പക്ഷേ ഒറ്റ കണ്ടീഷൻ… എവിടെ പോയാലും ഇത് കൈയിൽ വേണം… കൈയിൽ വെക്കാൻ പറ്റിയില്ലെങ്കിൽ പോക്കെറ്റിൽ വെച്ചോളൂ… ഇത് കൂടെ ഉണ്ടെങ്കിൽ ജോലി സ്ഥലത്ത് ഏട്ടന് ഒരാപത്തും വരില്ല ന്റെ കണ്ണൻ കാത്തോളും… ” “ന്റെ പെണ്ണിന്റെ പ്രാർത്ഥന ഉണ്ടെങ്കിൽ പിന്നെ എന്ത് ആപത്തു വരാനാ… ” അവളുടെ തുടുത്ത കവിളിൽ സ്നേഹത്തോടെ നുള്ളിക്കൊണ്ടു ഞാൻ ചോദിച്ചു…
“അപ്പോൾ ഇത് വേണ്ടെന്നാണോ?? ” “അയ്യോ ഒരിക്കലും അല്ല… ന്റെ പെണ്ണ് ആദ്യമായി തന്ന ഗിഫ്റ്റ് അല്ലേ… കണ്ടീഷൻ എല്ലാം ഞാൻ പാലിച്ചോളാം കേട്ടോ… ” സന്തോഷം കൊണ്ട് അവളുടെ മുഖം വിടർന്നു… എന്നെ നോക്കി നിഷ്കളങ്കമായി ചിരിച്ചു…. ഒട്ടും വൈകാതെ തന്നെ ഞങ്ങൾ വീട്ടിലേക്കു മടങ്ങി… വീട്ടിൽ ചെന്നപ്പോൾ അച്ഛനും അമ്മയും മായയുടെ വിവാഹത്തെപ്പറ്റി സംസാരിച്ചു ഇരിക്കുവായിരുന്നു… “വിച്ചു… മോനേ… നീ തിരിച്ചു പോകുന്നതിനു മുൻപ് നിശ്ചയം നടത്തുന്നതല്ലേ നല്ലത്… ” “അതേ അച്ഛാ… ഞാൻ പോയാൽ പിന്നെ ഉടനെ വരാൻ പറ്റില്ലല്ലോ… നിശ്ചയം എത്രയും പെട്ടെന്ന് തന്നെ നടത്തിയേക്കാം… ” “ആഹ്… എന്നാൽ അങ്ങനെ ആകട്ടെ… ഞാൻ നിങ്ങളുടെ ഇളയമ്മയെ വിളിച്ചു സംസാരിക്കട്ടെ… ഇന്ദു മോളുടെ വീട്ടിൽ കൂടി സംസാരിച്ചിട്ട് ബാക്കി കാര്യങ്ങൾക്കു എത്രയും പെട്ടെന്ന് ഒരു തീരുമാനം ആക്കാം… ” “ശരി അച്ഛാ… ” ഞാൻ റൂമിലേക്ക് പോയി… അപ്പോളേക്കും ഇന്ദു ഫ്രഷായി വന്നു…
അച്ഛൻ പറഞ്ഞ കാര്യങ്ങളൊക്കെ ഞാൻ ഇന്ദുവിനെ ധരിപ്പിച്ചു… അത് കേട്ടപ്പോൾ അവൾ ഒന്നുകൂടി ഉഷാറായി…. ഉടൻ തന്നെ അളിയനെ വിളിച്ചു കാര്യം പറഞ്ഞു… അളിയന്റെയും പെങ്ങളുടെയും സംസാരം നീണ്ടു പോകുന്നത് കണ്ടുകൊണ്ടാണ് ഞാൻ ഫ്രഷാകാൻ കയറിയത്… തിരിച്ചിറങ്ങി വരുമ്പോൾ പെണ്ണ് റൂമിൽ ഇല്ല… മുറിക്കു വെളിയിൽ ഇറങ്ങി ഒന്ന് കണ്ണോടിച്ചപ്പോൾ അമ്മയോട് ചേർന്നു നിന്നു എന്തൊക്കെയോ സംസാരിക്കുന്നു… അമ്മ ആണെങ്കിൽ സംസാരിക്കാൻ ആരെയെങ്കിലും കിട്ടിയാൽ പിന്നെ വിടുന്ന കൂട്ടത്തിൽ അല്ല… കഴിക്കാൻ ഇരുന്നപ്പോളും മരുമോളും അമ്മായി അമ്മയും നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറയുന്ന തിരക്കിൽ ആയിരുന്നു…. ഭക്ഷണം കഴിഞ്ഞ ഉടൻ അവൾ അമ്മയോടൊപ്പം അടുക്കളയിലേക്കു പോയി… കുറേ നേരം ഞാൻ ഫോണിൽ തോണ്ടി എന്തൊക്കെയോ ചെയ്തുകൊണ്ടിരുന്നു… ഇടക്കിടക്ക് എന്റെ കണ്ണുകൾ അടുക്കള ഭാഗത്തേക്ക് ഒരു ഉളുപ്പും ഇല്ലാതെ എത്തിനോക്കിക്കൊണ്ടേ ഇരുന്നു.. “എന്താടാ നിനക്കു കോങ്കണ്ണ് പിടിച്ചോ? ” അച്ഛന്റെ മുന വെച്ചുള്ള സംസാരവും നോട്ടവും കണ്ടപ്പോൾ തന്നെ ഞാൻ ചമ്മി നാറി…
“ആ കൊച്ചിനെ വിളിച്ചോണ്ട് പോടാ അല്ലെങ്കിൽ നിന്റെ അമ്മ ഇന്ന് കത്തി അടിച്ചു അതിനേ ഒരു പരുവമാക്കും… ” “മോളെ ഇന്ദു… അച്ഛന് കുടിക്കാൻ ഒരു ഗ്ലാസ് വെള്ളം… ” എന്നെ നോക്കി ഒരു കണ്ണ് ഇറുക്കി അടച്ചു അച്ഛൻ നീട്ടി വിളിച്ചു… ഞാൻ ഭക്തിയോടെ അച്ഛനെ ഒന്ന് നോക്കി… “ദാ വരുന്നു അച്ഛാ… ” ഇന്ദു വെള്ളവുമായി വരുന്നത് കണ്ടപ്പോൾ അച്ഛന്റെ ഐഡിയ ഏറ്റെന്നു മനസ്സിലായി… “എനിക്കും വല്ലാത്ത ദാഹം… കുറച്ചു വെള്ളം എനിക്കും കൂടി താ ഇന്ദു ഞാൻ റൂമിൽ കാണും… ” അത്രയും പറഞ്ഞു മനസ്സിൽ ഒരായിരം ലഡു പൊട്ടിച്ചുകൊണ്ടു ഞാൻ പെട്ടെന്ന് എഴുന്നേറ്റു റൂമിലേക്ക് പോയി… “ദാ ഏട്ടാ വെള്ളം… ” “അതിനു ആർക്കു വേണം വെള്ളം…?? ” “ഏട്ടൻ അല്ലേ പറഞ്ഞത് ദാഹിക്കുന്നു എന്ന്… ” “മ്മ് ദാഹിക്കുന്നുണ്ട്… പക്ഷേ അത് വെള്ളം കുടിക്കാൻ അല്ലെന്നു മാത്രം… ” ഒരു വഷളചിരിയോടെ ഞാൻ അവളുടെ അടുത്തേക്ക് ചെന്നു… പെട്ടു പോയല്ലോ എന്ന ഭാവത്തിൽ അവൾ എന്നെ ഒന്ന് നോക്കി… “ഞാൻ… ഞാൻ അമ്മയോട് പറഞ്ഞിട്ട് വരാം… ” അവൾ വേഗത്തിൽ റൂമിനു പുറത്തേക്ക് നടന്നു…
എന്നാൽ അതിനേക്കാൾ വേഗത്തിൽ എന്റെ കാലുകൾ ഡോറിനു അരികിലേക്ക് ഓടി… ഡോറും ലോക്ക് ചെയ്തു ഒരു വിജയിഭാവത്തിൽ ഞാൻ അവളെ നോക്കി… തിരിച്ചു തറപ്പിച്ചൊരു നോട്ടം തന്നിട്ട് അവൾ റൂമിനുള്ളിലെ ചെയറിൽ ഇരിപ്പുറപ്പിച്ചു… “യ്യോ.. ന്റെ ഇന്ദു ഇരിക്കുവാണോ… വാ… വന്നു കിടക്കു… നമുക്ക് ഉറങ്ങണ്ടായോ… ” “ഏട്ടൻ ഉറങ്ങിക്കോ എനിക്കു ഉറക്കം വരുന്നില്ല… ” “അത് പറഞ്ഞാൽ എങ്ങനെയാ… നീ ഉറങ്ങാതിരിക്കുമ്പോൾ ഞാൻ എങ്ങനെ ഉറങ്ങും… ” ഞാൻ അത് പറഞ്ഞപ്പോൾ അവൾ എന്നെ നോക്കി ഒരു പുച്ഛം… കൂടെ അർത്ഥം വെച്ചൊരു ചൊല്ലും “കാള വാല് പൊക്കുന്നതു കണ്ടപ്പോൾ തന്നെ മനസ്സിലായി… ” ഓഹ് നശിപ്പിച്ചു… ഇവളെന്താണോ ഇങ്ങനെ… ഇന്നലെ ഫ്ലാഷ്ബായ്‌ക്കു പറഞ്ഞു ആ ദിവസം കുളമാക്കി… ഇന്ന് എന്തുവന്നാലും ഞാൻ വിടില്ല മോളെ… ഇനി ഒരൊറ്റ വഴിയേ ഉള്ളു സെന്റി… ആത്മഗതം പറഞ്ഞു ഞാൻ ബെഡിനു അരികിലേക്ക് നടന്നു… ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി നിസ്സഹായ ഭാവത്തിൽ ഞാൻ ബെഡിലേക്കു കിടന്നു…
“അല്ലെങ്കിലും എനിക്കു ഇതു വേണം… ആറ്റു നോറ്റൊരു കല്യാണം കഴിച്ചതാ.. ലീവ് ആണെങ്കിൽ തീരാറും ആയി… കുറച്ചു നിമിഷങ്ങളെങ്കിലും സ്നേഹത്തോടെ ചിലവഴിക്കാമെന്നു കരുതിയ ഞാൻ ഒരു മണ്ടൻ… അതൊക്കെ ഓർക്കുമ്പോളുള്ള സന്തോഷം അല്ലേ ഞങ്ങളെ പോലെ ഉള്ള പട്ടാളക്കാരുടെ ജീവിതം… എന്തായാലും ലീവ് തീരുന്നതിനു മുൻപ് ഞാൻ പോയിക്കോളാം… നിനക്കും അതല്ലേ ഇഷ്ടം… ഓക്കേ ഗുഡ് നൈറ്റ്… ” അത്രയും പറഞ്ഞു ഞാൻ തിരിഞ്ഞു കിടന്നു… റൂമിലെ കണ്ണാടിയിലൂടെ ഇന്ദുവിനെ നന്നായി കാണാം എനിക്കു… ആഹ് ഞാൻ പറഞ്ഞത് ഏറ്റിട്ടുണ്ട്… അവളെന്നെ തന്നെ നോക്കി ഇരിക്കുവാണ്… മുഖത്ത് വല്ലാത്തൊരു ഭാവം… കണ്ണടച്ച് തുറക്കും മുൻപേ കൊടുങ്കറ്റുപോലെ അവൾ എന്റെ മേലേക്ക് വന്നു വീണു… അവളുടെ കൈകൾ എന്നെ ചുറ്റിപിടിച്ചു… ഞാൻ അനങ്ങാൻ പോയില്ല… പക്ഷേ മനസ്സിൽ അങ്ങനെ വഴിക്ക് വാ മോളെ ന്നു പറഞ്ഞു… അവളുടെ കണ്ണുനീർ എന്റെ കഴുത്തിനെ ചുട്ടുപൊള്ളിക്കുന്നതായി തോന്നി…
സംഗതി പാളിയല്ലോ… ഞാൻ തിരിഞ്ഞു അവൾക്കു മുഖാമുഖം കിടന്നു… അവളുടെ മുഖം കൈകളിൽ എടുത്തു… അവളെന്റെ കൈ തട്ടി മാറ്റിക്കൊണ്ടേയിരുന്നു… “ന്റെ ഇന്ദു… ഈ കണ്ണ് നിറയാൻ പാടില്ലെന്ന് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ… ഞാൻ വെറുതെ നിന്നെ ദേഷ്യം പിടിപ്പിക്കാൻ എന്തെങ്കിലും പറഞ്ഞുന്നു വെച്ച് ഇങ്ങനെ ഹൃദയം പൊട്ടിക്കുന്നത് എന്തിനാ… സോറി മോളെ സോറി… ” അവളെ നെഞ്ചോട് ചേർക്കാൻ ശ്രമിച്ചപ്പോൾ എല്ലാം നല്ല അടിയും ഇടിയും മാന്തും കിട്ടി… എന്നിട്ടും ഞാൻ തളർന്നില്ല… തളരാൻ പാടില്ലാലോ അല്ലേ… അവള് മുഖം തിരിച്ചു തിരിഞ്ഞു കിടന്നു… രണ്ടു കൈകൊണ്ടും അവളെ ചേർത്തു പിടിച്ചു ഞാൻ അവളോട് കൂടുതൽ ഒട്ടിച്ചേർന്നു… ആ മുടിച്ചുരുളിനുള്ളിൽ മുഖം പൂഴ്ത്തി… പിന്നെ അതൊരു ആവേശമായി… പതുക്കെ പതുക്കെ അവളുടെ വാശിയും കുറഞ്ഞു വന്നു… അവളുടെ തളിർ മേനിയിൽ പടർന്നു കയറാൻ കൊതിക്കുന്ന മുല്ലവള്ളിയായി ഞാൻ മാറി….
വികാരം അതിന്റെ മൂർദ്ധന്നാവസ്ഥയിൽ എത്തിയിരുന്നു… പുറത്തെ കോരിചൊരിയുന്ന മഴയിലും അവളുടെ വിയർപ്പിനെ ഞാൻ സ്വന്തമാക്കാൻ തുടങ്ങിയിരുന്നു…. പിന്നീട് അങ്ങോട്ടുള്ള ഓരോ ദിവസവും ഇന്ദു എന്റെ ഇഷ്ടം അനുസരിച്ച് തന്നെ കൂടെ നിന്നു…. ഞാനും അവളും മാത്രമുള്ള സുന്ദര നിമിഷങ്ങൾ ഒരിക്കലും മായാതിരുന്നെങ്കിൽ എന്ന് ഞാൻ ആത്മാർത്ഥമായി ആഗ്രഹിച്ചു… അവളിലെ പെണ്ണിനെ അറിയുന്ന ഓരോ നിമിഷവും എന്നിൽ പുതിയ അനുഭൂതികൾ സൃഷ്ടിച്ചു…. മായയുടെയും ഉണ്ണി അളിയന്റെയും വിവാഹ നിശ്ചയം ഭംഗിയായി തന്നെ നടന്നു… അങ്ങനെ അവർക്കും ലൈസൻസ് കിട്ടി… പരസ്പരം അടുത്തറിഞ്ഞ പ്രണയപക്ഷികളായി അവർ പാറി നടന്നു… ദിവസങ്ങൾ ഓരോന്നും പോയിക്കൊണ്ടിരുന്നു…
എന്റെ ലീവിന്റെ കാലാവധി നാളെ അവസാനിക്കുകയാണ്… ഇന്ദുവിനെ തനിച്ചാക്കി പോകുന്നതിനെക്കുറിച്ചു ചിന്തിക്കാൻ പോലും ആകുന്നില്ല… രണ്ടു ദിവസമായി അവളു വല്ലാതെ മൌനത്തിലാണ്… ആ ഉള്ളു പിടയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… നേർക്കു നേർ നോട്ടം വീഴാതിരിക്കാൻ അവൾ പരമാവധി ഒഴിഞ്ഞു മാറി നടക്കുന്നുണ്ട്… ബാഗ് പായ്ക്ക് ചെയ്യാൻ എല്ലാം കൂടെ നിന്നു സഹായിച്ചെങ്കിലും ഒരക്ഷരം പോലും അവളെന്നോട് സംസാരിച്ചില്ല… കാണെ കാണെ എന്റെ പനിനീർപ്പൂവ് ഒരു നനഞ്ഞ പൂവായി മാറിയിരുന്നു… (തുടരും )

by