19/04/2026

എന്റെ പെണ്ണ് : ഭാഗം 23

രചന – നന്ദിത ദാസ്

ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു… ഏട്ടന്റെ ഹൃദയം ക്രമം തെറ്റി ഉയരുന്നതും താഴുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു…. ഇന്ദുവിന്റെ കണ്ണീരിനാൽ എന്റെ മാറിടം നനഞ്ഞു കുതിർന്നു… കരഞ്ഞു തളർന്നു എപ്പോളോ ആ പാവം ഉറങ്ങി… എന്റെ കണ്ണുകളിൽ ഇനി നിദ്ര വന്നു നിറയില്ലെന്നു ഞാൻ ഉറപ്പിച്ചു കഴിഞ്ഞു… മനസാക്ഷി പല ചോദ്യങ്ങളും ആവർത്തിച്ചുകൊണ്ടേ ഇരുന്നു… സാഗറിന്റെ പേര് ചുണ്ടുകൾ ആവർത്തിച്ചു മന്ത്രിച്ചു… ഇന്ദു എനിക്ക് എങ്ങനെ ഇത്രമാത്രം പ്രിയപ്പെട്ടവൾ ആയി മാറി എന്നതിനും ഞാൻ അവൾക്കു ഏറെ പ്രിയപ്പെട്ടവനായി മാറിയതിന്റെയും പിന്നിലെ ഒരേ ഒരു ഉത്തരം അവനായിരുന്നു സാഗർ… എല്ലാം മനസ്സിലിട്ട് ഒരാവർത്തി കൂടി ഞാൻ ഉറപ്പ് വരുത്തി… എന്റെ നെഞ്ചിൽ കരഞ്ഞു തളർന്നു ഉറങ്ങുന്ന ഇന്ദുവിന്റെ നെറ്റിയിൽ ഒരു സ്നേഹചുംബനമേകി നാളത്തെ പുലരിക്കായി മിഴികൾ പൂട്ടാതെ തന്നെ ഞാൻ കാത്തിരുന്നു…. രാവിലെ ഉറക്കം ഉണർന്നപ്പോൾ ഏട്ടനെ അരികിൽ കണ്ടില്ല…

തല ഉയർത്തി നോക്കിയപ്പോൾ ജനലഴികളിൽ പിടിച്ചു പുറത്തേക്കു കണ്ണും നട്ടു നിൽക്കുന്നുണ്ടായിരുന്നു… ആ നിൽപ്പ് കണ്ടപ്പോൾ ഹൃദയം വല്ലാതെ നൊന്തു… ഇന്നലെ ഒരു പോള കണ്ണടച്ചില്ലെന്നു എനിക്ക് മനസ്സിലായി… എഴുന്നേറ്റു ചെന്നു പുറം തിരിഞ്ഞു നിൽക്കുന്ന ഏട്ടനെ ഞാൻ മുറുകെ പുണർന്നു… ഇന്ദുവിന്റെ ഏങ്ങലടി കാതുകളിൽ മുഴുകിയപ്പോൾ ഞാൻ ചിന്തയിൽ നിന്നും ഉണർന്നു… അവളെ എന്റെ നേരെ തിരിച്ചു നിർത്തി… കൺപോളകൾ എല്ലാം വീങ്ങി തടിച്ചിരിക്കുന്നു… അവളുടെ മുഖമാകെ കരുവാളിച്ചതുപോലെ… “എന്തിനാ പെണ്ണേ കരയുന്നത്… കഴിഞ്ഞതൊക്കെ കഴിഞ്ഞു ഇനി അതൊന്നും എന്റെ പെണ്ണ് ഓർക്കണ്ട… പെട്ടെന്ന് എല്ലാം കേട്ടപ്പോൾ എനിക്കും ഷോക്കായി പോയി… ഇത്രയേറെ ദുഃഖം മനസ്സിൽ ഒളിപ്പിച്ചാണ് നടന്നതെന്ന് ഞാൻ അറിഞ്ഞില്ല മോളെ… ”

“ഇപ്പോൾ ഏട്ടന് തോന്നുന്നുണ്ടോ ഒന്നും ചോദിക്കേണ്ടിയിരുന്നില്ലെന്നു?? എന്നോട് വെറുപ്പ് തോന്നുന്നുണ്ടോ? ” “ആഹ് നല്ല കാര്യായി… എന്റെ ഇന്ദുനോട് വെറുപ്പ് തോന്നാനോ… നിന്നോടുള്ള ഇഷ്ടം ഒന്നൂടി കൂടിയിട്ടേ ഉള്ളു… പിന്നെ ആ ചോദ്യം ചോദിച്ചത് വളരെ നന്നായിരുന്നു എന്നാണ് എനിക്ക് തോന്നുന്നത്… നിന്റെ മനസ്സിൽ വലിയ ഒരു തെറ്റിദ്ധാരണ ഉണ്ട്… അതെനിക്ക് തിരുത്തണം… അതോടെ എല്ലാം ഓക്കേ ആകും… ” അവൾ അത്ഭുതത്തോടെ എന്റെ കണ്ണുകളിലേക്കു നോക്കി… “മോള് പോയി ഫ്രഷ് ആയി വാ നമുക്ക് ഒരിടം വരെ പോകണം… ” എവിടെക്കെന്നു ഞാൻ ഏട്ടനോട് ചോദിച്ചില്ല… “ഏട്ടാ… ഏട്ടൻ എന്നോട് ചോദിച്ചില്ലേ പ്രണയത്തോട് വെറുപ്പായിരുന്നോ എന്ന്… പതിനാലാം വയസിൽ ആദ്യമായി തോന്നിയ ഇഷ്ടം… മുളയിലേ തന്നെ നിഷേധിക്കപ്പെട്ടവളാണ് ഞാൻ… കഷ്ടിച്ച് ഒരു വർഷം മാത്രമേ അതിനു ആയുസ്സ് ഉണ്ടായിരുന്നുള്ളു… അതിനുശേഷം സൗഹൃദത്തിൽ നിന്നുൾപ്പെടെ ഒരുപാട് പ്രണയാഭ്യർത്ഥന വന്നിട്ടുണ്ട്… പക്ഷേ മറ്റൊരാളെ സ്നേഹിക്കാനോ മനസ്സ് പങ്കിടാനോ ഉള്ള ഒരു മാനസികാവസ്ഥയിൽ ആയിരുന്നില്ല ഞാൻ…

പേടിയായിരുന്നു എനിക്ക്… അതുകൊണ്ട് തന്നെ അവയെല്ലാം ഞാൻ സൗഹൃദത്തിൽ ഒതുക്കി… ഏട്ടന്റെ കല്യാണാലോചന എനിക്ക് ഒട്ടും ഇഷ്ടം ഉണ്ടായിരുന്നില്ല… ആ സമയത്ത് പേരിനെങ്കിലും ആരെയെങ്കിലും പ്രണയിച്ചീടമായിരുന്നു എന്ന് എനിക്ക് തോന്നിയിട്ടുണ്ട്… പക്ഷേ ആദ്യമായി ഏട്ടനെ കണ്ടപ്പോൾ… ഏട്ടനോട് സംസാരിച്ചപ്പോൾ ഞാൻ പോലും അറിയാതെ ഒരിഷ്ടം നിങ്ങളിൽ വന്നു നിറയുക ആയിരുന്നു… സാഗറിന് ശേഷം ഞാൻ ഒരാളെ മാത്രേ പ്രണയിച്ചിട്ടുള്ളു അതെന്റെ വിഷ്ണുവേട്ടനാ… ” നിഷ്കളങ്കമായി അവളതു പറഞ്ഞപ്പോൾ എനിക്കെന്നെ നിയന്ത്രിക്കാനായില്ല… അവളുടെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു ചുംബനങ്ങൾ കൊണ്ട് പൊതിഞ്ഞു… അതുവരെ ഉണ്ടായിരുന്ന പരിഭവം എല്ലാം അതിൽ അലിഞ്ഞു പോയിരുന്നു… അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവിടെനിന്നും ഇറങ്ങുമ്പോൾ എന്റെ മനസ്സിൽ ഒറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു… ഇന്ദു എന്റെ തോളിലേക്ക് തല ചായ്ച്ചു കണ്ണുകൾ അടച്ചു കിടക്കുകയാണ്…

ഇറങ്ങേണ്ട സ്ഥലം എത്തിയപ്പോൾ ഞാൻ അവളെ തട്ടി ഉണർത്തി… “ഇറങ്ങിക്കോ… സ്ഥലം എത്തി… ” കണ്ണുകൾ തുറന്നു അവളെന്നെ ഒന്ന് നോക്കി… ഡോർ തുറക്കാനാഞ്ഞ അവൾ പെട്ടെന്ന് അത് വലിച്ചടച്ചു പരിഭ്രമത്തോടെ എന്നെ നോക്കി… “എന്താ… എന്താ ഇവിടെ… എന്തിനാ ഇവിടേക്ക് വന്നത്… വേണ്ട ഏട്ടാ നമുക്ക് പോകാം… ” കൊച്ചുകുട്ടികളെപോലെ അവൾ വാശി പിടിക്കാൻ തുടങ്ങി…. “പറയുന്നത് അനുസരിക്ക് ഇന്ദു… ഇറങ്ങാൻ നോക്കൂ…. ” കാറിൽ നിന്നും ഇറങ്ങി ഇന്ദു ഇറങ്ങാൻ വേണ്ടി ഞാൻ ഡോർ തുറന്നു പിടിച്ചു… എന്നെ ദയനീയമായി നോക്കികൊണ്ട്‌ അവൾ കാറിൽ നിന്നും ഇറങ്ങി… ഞാൻ മുന്നേ നടന്നു… ഇന്ദു പുറകിലും… ഒരിടം വരെ പോകണമെന്ന് വിഷ്ണുവേട്ടൻ പറഞ്ഞിരുന്നുവെങ്കിലും അത് ഇങ്ങോട്ട് ആകുമെന്ന് സ്വപ്നത്തിൽ പോലും വിചാരിച്ചില്ല… ഒൻപതു വർഷങ്ങൾക്കു ശേഷം വീണ്ടും ഞാൻ സാഗറിന്റെ വീടിന്റെ പടികൾ കയറി…

അന്നാദ്യമായി വന്നപ്പോൾ ഉള്ള അതേ മാനസികാവസ്ഥയോട് തന്നെ… പക്ഷേ എന്നെ അതിശയിപ്പിച്ചത് ഏട്ടന് ഈ വീട് എങ്ങനെ കൃത്യമായി അറിയാമെന്നായിരുന്നു… ചിരപരിചിതനെപോലെ ആ വീടിന്റെ പടികൾ കയറി പോകുന്ന വിഷ്ണുവേട്ടനെ കണ്ടപ്പോൾ വല്ലാത്തൊരു ഭീതി മനസ്സിൽ നിറഞ്ഞു… നിറയെ പൂത്തുനിൽക്കുന്ന തെച്ചിയും വെള്ളമന്ദാരവും എല്ലാം തല ഉയർത്തി എന്നെ തന്നെ നോക്കുന്നതായി തോന്നി… തെക്കേ തൊടിയിലോട്ടു നോക്കെരുതെന്നു മനസ്സ് എത്ര വിലക്കിയിട്ടും എന്റെ കണ്ണുകൾ അവിടേക്കു തന്നെ പാഞ്ഞു… എന്റെ സാഗർ ഉറങ്ങികിടക്കുന്ന മണ്ണാണിത്… അവന്റെ അസ്ഥിത്തറക്കു ചുറ്റും തുളസിയും മുല്ലയും പടർന്നു കിടക്കുന്നു… പുഞ്ചിരിക്കുന്ന അവന്റെ മുഖം മനസ്സിലേക്ക് ഓടി വന്നുകൊണ്ടിരുന്നു… ഒരു കുളിർകാറ്റു എന്നെ തഴുകി കടന്നു പോയി… ആ കാറ്റിന് അവന്റെ ഗന്ധം ഉണ്ടായിരുന്നു…. നെഞ്ചു പിടഞ്ഞു പോയി…കാലുകൾ തളരുന്നതുപോലെ… വേദന ചുണ്ടുകളാൽ കടിച്ചമർത്തി ഞാൻ വേച്ചു വേച്ചു നടന്നു…

വാതിൽ തുറന്നു വന്നത് അമ്മ ആയിരുന്നു… അന്നും അങ്ങനെ ആയിരുന്നല്ലോ… ഒന്നുകൂടി മെലിഞ്ഞിട്ടുണ്ട്… കണ്ണുകളിലെ പഴയ തിളക്കമൊക്കെ നഷ്ടമായിരിക്കുന്നു… വിഷ്ണുവേട്ടനെ കണ്ടതും ആ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞു… ഏട്ടനെ കെട്ടിപ്പിടിച്ചു കുറേനേരം അമ്മ നിന്നു… ഏട്ടന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നല്ലോ… . എനിക്ക് വീണ്ടും പരിഭ്രമം തോന്നി… “ഇതാണ് അമ്മേ ഇന്ദു… അമ്മയ്ക്ക് ഇവളെ ഓർമ കാണുമല്ലോ അല്ലേ? ” പെട്ടെന്ന് അമ്മയുടെ നോട്ടം എന്നിലേക്കായി… എന്നെ ചേർത്ത് പിടിച്ചു കൊണ്ട് അമ്മ പറഞ്ഞു… “അങ്ങനെ അങ്ങ് മറക്കാൻ പറ്റുമോ എനിക്കെന്റെ മോളെ… കല്യാണത്തിന് ഞങ്ങൾ വന്നിരുന്നു… വിച്ചുമോന്റെ പെണ്ണ് ഇന്ദു മോൾ ആണെന്നറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി… ” സ്നേഹപ്രകടനങ്ങൾ കണ്ണ് നിറയിച്ചു കൊണ്ടേ ഇരുന്നു…. പെട്ടെന്നാണ് അന്നത്തെപോലെ അയാൾ ഞങ്ങളുടെ അരികിലേക്ക് വന്നത്… സാഗറിന്റെ അച്ഛൻ… ഞാൻ വിഷ്ണുവേട്ടന്റെ പിന്നിൽ മറഞ്ഞു…

ആ കൈകളിൽ മുറുകെ പിടിച്ചു… ആ ദുഷ്ടന്റെ മുഖത്തേക്ക് നോക്കാനാവാതെ ഞാൻ തല താഴ്ത്തി കളഞ്ഞു… “മോളെ… ” ന്നു ദയനീയമായൊരു വിളി ഉയർന്നു… ഇതെന്ത് അത്ഭുതം!!!!! ക്രൂരനായ ആ മനുഷ്യന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നു… ശബ്ദം ഇടറുന്നു… അയാളുടെ കൈകൾ എന്റെ നേരെ നീണ്ടു വന്നു… ഞാൻ ഒന്നുകൂടി വിഷ്ണുവേട്ടനെ മുറുകെ പിടിച്ചു… അവിടെ നടക്കുന്നതൊന്നും എനിക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല… വിഷ്ണുവേട്ടൻ എന്നെ മുന്നിലേക്ക് തിരിച്ചു നിർത്തി… “ഇതല്ലേ നീ പറഞ്ഞ ദുഷ്ടനായ ആ അച്ഛൻ…?? ” ഞാൻ അതേ എന്ന ഭാവത്തിൽ തല ചലിപ്പിച്ചു… “സ്വന്തം മകന്റെ ഇഷ്ടങ്ങൾ വകവെക്കാതെ…. സ്വന്തം ഇഷ്ടങ്ങൾ അവന്റെമേൽ അടിച്ചേൽപ്പിച്ചിരുന്ന… അവനെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരുന്ന… ക്രൂരനായൊരു മനുഷ്യൻ… അതായിരുന്നു കുറേ വർഷം മുൻപുള്ള ഈ മനുഷ്യൻ… എന്നാൽ സ്വന്തം രക്തത്തിൽ പിറന്ന മകൻ കണ്മുന്നിൽ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വന്ന നിർഭാഗ്യവാനായ പിതാവ് കൂടിയാണ് ഈ മനുഷ്യൻ… ചെയ്ത തെറ്റുകൾ ഒന്നും ഒന്നിനും പരിഹാരമല്ലെന്നു അറിഞ്ഞിട്ടും അന്നുമുതൽ ഇന്ന് ഈ നിമിഷം വരെ പശ്ചാത്തപിക്കാൻ മാത്രം വിധിക്കപ്പെട്ടവൻ… ഏതൊരു പിതാവിനെപോലെയും മകൻ നന്നാകണമെന്നു മാത്രമേ ഈ അച്ഛനും കരുതിയുള്ളൂ…

അതിനായി ചെറിയ തെറ്റുകളിൽ പോലും അവനു വലിയ ശിക്ഷകൾ നൽകി… ആ പിഞ്ചു ഹൃദയം തകരുന്നത് കണ്ടില്ലെന്നു നടിച്ചു… എല്ലാം അവന്റെ നല്ലതിനായിരുന്നു… പക്ഷേ തെറ്റ്പറ്റിപ്പോയി.. അവന്റെ മനസ്സ് കാണാൻ സാധിച്ചില്ല… കാണാൻ ശ്രമിച്ചില്ലെന്നു തന്നെ പറയാം… ഏക മകന്റെ മരണശേഷം അതെല്ലാം ഓർത്തു വിലപിക്കാൻ മാത്രമേ ഈ അച്ഛന് കഴിഞ്ഞുള്ളു… ” എല്ലാരും കരയുക ആയിരുന്നു… വിഷ്ണുവേട്ടൻ എന്നെ ഒന്നുകൂടി പിടിച്ചു അടുത്തേക്ക് നിർത്തി… എന്റെ മുഖം കൈകളിൽ എടുത്തു… “ദേ നോക്കിയേ ഇന്ദു… ഞാൻ… ഞാൻ ഇപ്പോൾ നിന്നെ കാണുന്നത് നീ പറഞ്ഞ ദുഷ്ടനായ ഈ മനുഷ്യൻ എനിക്ക് ദാനമായി തന്ന നിന്റെ സാഗറിന്റെ കണ്ണുകളിലൂടെയാ…. അവന്റെ കണ്ണുകളിൽ കൂടിയാ ഞാൻ ഈ ലോകം കാണുന്നത് തന്നെ… ” ഉള്ളിലേക്കൊരു മിന്നൽപ്പടർപ്പു പാഞ്ഞു പോയി… വീഴാതിരിക്കാൻ ഞാൻ ഏട്ടനെ മുറുകെ പിടിച്ചു… “എന്താ??? എന്താ ഏട്ടനിപ്പോൾ പറഞ്ഞത്…

ഈ കണ്ണുകൾ സാഗറിന്റെ ആണെന്നോ… ഇല്ല… എല്ലാരും എന്നെ പറ്റിക്കുവാ… ഞാൻ വിശ്വസിക്കില്ല… ” എന്റെ ഷർട്ടിന്റെ കോളറിൽ പിടിച്ചുലച്ചു കൊണ്ട് അവളെന്റെ നെഞ്ചിലേക്ക് വീണു… ഞാൻ അവളെ താങ്ങിയെടുത്തു സോഫയിലേക്ക് ഇരുത്തി… “ഒരിക്കൽ പോലും ഞാൻ ഓർക്കാൻ ആഗ്രഹിക്കാത്ത ചില നിമിഷങ്ങൾ… ഇന്നലെ രാത്രിയിൽ നീ പറഞ്ഞ നിന്റെ ജീവിതത്തിൽ എവിടെയോ അറിഞ്ഞും അറിയാതെയും എന്റെ ജീവിതവും ഉണ്ടായിരുന്നു… നീ പറഞ്ഞത് മുഴുവൻ കേട്ടു കഴിഞ്ഞപ്പോൾ നിന്നെ ചേർത്തൊന്നു ആശ്വസിപ്പിക്കാൻ പോലും കഴിയാതിരുന്നത് അതുകൊണ്ട് മാത്രം ആണ്… അന്ന് ആ ഉത്സവത്തിൽ സുഹൃത്തുക്കളോടൊപ്പം ഞാനും ഉണ്ടായിരുന്നു… ആർമി മാൻ എന്ന എന്റെ ചിരകാല സ്വപ്നം പൂവണിയുന്ന സന്തോഷത്തിലായിരുന്നു ഞാൻ… ഉത്സവം കഴിയുന്ന തൊട്ടടുത്ത ആഴ്ചയിൽ തന്നെ ജോയിൻ ചെയ്യാനുള്ള ലെറ്ററും കിട്ടി… ആ സന്തോഷത്തിലാണ് ഉത്സവം കൂടാൻ സുഹൃത്തുക്കളുമായി അവിടേക്കു വന്നത്… അവിടെ ഉണ്ടായ അപകടത്തിലെ ഇര ആയിരുന്നു ഞാനും… മുറിച്ചിട്ട മരച്ചില്ല എന്റെ കണ്ണുകളിലേക്കു തുളച്ചു കയറിയത് അതുവരെ ഞാൻ കണ്ട എന്റെ സ്വപ്നങ്ങളെ എല്ലാം തകർത്തു കൊണ്ടായിരുന്നു…

ഒരേ ഹോസ്പിറ്റലിൽ മരണത്തോടും ജീവിതത്തോടും മല്ലടിച്ചു ഞാനും സാഗറും… കാഴ്ച്ച ഇല്ലാത്ത ഒരു ലോകത്തോട്ടു തിരിച്ചു വരുന്നതിലും നല്ലത് മരണം ആണെന്ന് ആഗ്രഹിച്ച നിമിഷങ്ങൾ… അവിടേക്കാണ് ദൈവദൂതനെപ്പോലെ സാഗറിന്റെ അച്ഛൻ കടന്നു വന്നത്… മകന്റെ മസ്തിഷ്ക മരണം സ്ഥിരീകരിച്ച ഡോക്ടർസ് നേത്രദാനത്തിനു അദ്ദേഹത്തെ സമീപിച്ചു… എന്റെ മകന്റെ കണ്ണുകളിലൂടെ മറ്റൊരാൾക്ക്‌ ഈ ലോകം കാണാൻ കഴിയുമെങ്കിൽ അങ്ങനെ ആകട്ടെ എന്ന് ആ അച്ഛനും സമ്മതിച്ചു… ഈ മനുഷ്യൻ എനിക്ക് തന്ന ദാനം ആണ് ഈ ജീവിതം… എന്റെ സ്വപ്നങ്ങൾ തിരിച്ചു പിടിക്കാൻ എനിക്ക് സാധിച്ചതും അതുകൊണ്ട് മാത്രം ആണ്… എപ്പോളും നീ പറയുമായിരുന്നല്ലോ എന്റെ ഈ കണ്ണുകളോടാണ് നിനക്ക് പ്രണയം എന്ന്… ആദ്യമായി ബസ് യാത്രയിൽ നിന്നെ എനിക്ക് കാണിച്ചു തന്നതും ഈ കണ്ണുകളാണ്… ഒരു കാര്യം എനിക്ക് ഉറപ്പാണ് ഇന്ദു.. ഇതിനെല്ലാം കാരണം സാഗർ ആണ്… അവൻ നമ്മുടെ കൂടെത്തന്നെ ഉണ്ട്… നമ്മളെ ഒരുമിപ്പിച്ചതും അവൻ തന്നെയാണ്… ” എല്ലാം ഒരു സ്വപ്നം പോലെ തോന്നി…

സങ്കടവും സന്തോഷവും ഒരുമിച്ചു വരുമെന്ന് പറയില്ലേ… ഞാനും ആ അവസ്ഥയിൽ ആയിരുന്നു… അതേ അന്നാദ്യമായി ഏട്ടൻ പെണ്ണ് കാണാൻ വന്നപ്പോൾ ആ കണ്ണുകൾ വല്ലാത്തൊരു സ്പാർക്കിങ് ഉണ്ടാക്കി… പിന്നെ ഓരോ തവണ കാണുമ്പോളും ആ കണ്ണുകൾക്ക് എന്തോ പ്രത്യേകത ഉള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്… നിറഞ്ഞു നിൽക്കുന്ന ഏട്ടന്റെ കണ്ണുകളിൽ വല്ലാത്തൊരു ആവേശത്തോടെ ഞാൻ തുരുതുരെ ചുംബിച്ചു… ഇതുവരെ ദുഷ്ടൻ എന്ന് മുദ്ര കുത്തിയ ആ മനുഷ്യന്റെ മുഖത്തേക്ക് സ്നേഹപൂർവം നോക്കി… “ഒന്നും എനിക്ക് അറിയില്ലായിരുന്നു അച്ഛാ… ക്ഷമിക്കണം… ഈ നാവുകൊണ്ട് ഒരുപാട് ഞാൻ ശപിച്ചിട്ടുണ്ട്… ഈശ്വരൻ പോലും എന്നോട് ക്ഷമിക്കില്ല… ” അയാൾ എന്നെ ചേർത്തു പിടിച്ചു കണ്ണുകൾ തുടച്ചു തന്നു… “മതി… മോളെന്നെ അച്ഛൻ എന്ന് വിളിച്ചല്ലോ അതുമതി … അന്ന് റോഡിൽ വെച്ച് ആക്‌സിഡന്റ് ഉണ്ടായപ്പോൾ മോളെയും കോരിയെടുത്തു ഹോസ്പിറ്റലിലേക്കു ഓടി… ബോധം വന്നപ്പോൾ മോളോട് ചെയ്തതിനെല്ലാം ക്ഷമ ചോദിക്കാനായിരുന്നു ഞാൻ അടുത്തേക്ക് വന്നത് പക്ഷേ എന്നെ കണ്ടപ്പോൾ തന്നെ മോൾ ഇറങ്ങി പോയിരുന്നു…

പഴയതൊന്നും മോള് മറന്നിട്ടില്ലലോ എന്നോർത്തു അന്ന് ഞാൻ ഒരുപാട് സങ്കടപ്പെട്ടു… കല്യാണത്തിന് മണ്ഡപത്തിൽ വിച്ചുമോനോട് ഒപ്പം മോളെ കണ്ടപ്പോൾ മനസ്സ് ശരിക്കും നിറഞ്ഞു… ചേരേണ്ടവർ തന്നെയാണ് ചേർന്നതെന്ന് ഓർത്തു ഒരുപാട് സന്തോഷിച്ചു… അന്ന് മനപ്പൂർവം ആണ് നിങ്ങൾക്ക് അരികിലേക്ക് വരാതിരുന്നത്… ഇപ്പോൾ ഈ അച്ഛന് സന്തോഷം ആയി…ഒരുപാട് സന്തോഷം.. .. ” ഇതുവരെ എനിക്ക് ആ മനുഷ്യനോട് തോന്നിയ മനോഭാവത്തിനെല്ലാം മാറ്റം വന്നിരിക്കുന്നു… ഒരുനിമിഷം മതി നമ്മുടെ ജീവിതം മാറി മറയാൻ… ഏട്ടന്റെ മുഖത്തേക്ക് നോക്കും തോറും എന്റെ സന്തോഷം ഇരട്ടിയ്ക്കുന്നതായി തോന്നി… എല്ലാ തെറ്റിദ്ധാരണകളും തിരുത്തി നിറഞ്ഞ മനസ്സോടെയാണ് ഞങ്ങൾ അവിടെ നിന്നും യാത്ര പറഞ്ഞിറങ്ങിയത്… കഴിഞ്ഞതെല്ലാം ഒരു സ്വപ്നം പോലെ തോന്നി… മനസ്സിന്റെ വീർപ്പുമുട്ടലൊക്കെ എവിടെയോ ഓടി ഒളിച്ചിരുന്നു… മുൻപൊക്കെ എന്തോ ഭാരം നെഞ്ചിൽ എടുത്തു വെച്ചതുപോലെ ഒരു ഫീലിംഗ് ആയിരുന്നു… ഇപ്പോൾ അതെല്ലാം മാറിയിരിക്കുന്നു… അതേ… ഇന്ദു ഇപ്പോൾ ആ പഴയ ഇന്ദു ആയി മാറിയിരിക്കുന്നു… ഒന്നും എനിക്ക് നഷ്ടപ്പെട്ടിട്ടില്ല… എനിക്ക് കിട്ടിയ നല്ല പാതിയെ ഞാൻ പ്രണയപൂർവം നോക്കി… ആ കണ്ണുകളിലും പ്രണയം തിരയടിച്ചു ഉയരുന്നതായി തോന്നി… പെട്ടെന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത്… “ഏട്ടാ… വണ്ടി നിർത്തു…നിർത്താൻ… ” (തുടരും )