19/04/2026

എന്റെ പെണ്ണ് : ഭാഗം 01

രചന – നന്ദിത ദാസ്

“അച്ഛൻ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഈ കല്യാണം വേണ്ട വേണ്ട വേണ്ട…. ” “അവരൊന്നു വന്നു കണ്ടോട്ടെ മോളെ ഇഷ്ടം ആയില്ലെങ്കിൽ നടത്തേണ്ട… ” “ജാതകം വരെ നോക്കാൻ കൊടുത്തിട്ട് എല്ലാം ചേരുമെന്ന് ഉറപ്പുണ്ടായിട്ടല്ലേ അച്ഛൻ അവരോടു വന്നോളാൻ പറഞ്ഞത്… അപ്പോൾ അതിനർത്ഥം ഈ കല്യാണം നടത്താൻ തന്നെ അച്ഛൻ ഉറപ്പിച്ചിട്ടുണ്ടെന്നു അല്ലേ? ” “അത് പിന്നെ ചെറുക്കന്റെ വീട്ടുകാർ ജാതകം തമ്മിൽ ചേർച്ച ഉണ്ടെങ്കിൽ മാത്രം കുട്ടിയെ വന്നു കണ്ടാൽ മതിയല്ലോ എന്ന് ചോദിച്ചതുകൊണ്ടല്ലേ അച്ഛൻ ജാതകം കൈമാറിയത്… അതല്ലേടാ അച്ഛൻ അങ്ങനെ ചെയ്തത്… ” “ഇവള് പറയുന്നതൊന്നും നിങ്ങൾ കാര്യമാക്കണ്ട വിശ്വേട്ടാ… എന്തായാലും അവരോടു വന്നോളാൻ പറഞ്ഞതല്ലേ ഇനി മാറ്റി പറയാൻ നിൽക്കണ്ട… ” “എന്താ അമ്മേ ഇങ്ങനെ പറയുന്നത്? എന്റെ കല്യാണം അല്ലേ നടക്കുന്നത്… അത് എനിക്കു ഇഷ്ടം ഉള്ള ആളിനെ അല്ലേ ഞാൻ വിവാഹം കഴിക്കേണ്ടത്… ഈ ചെക്കന്റെ ആലോചന എനിക്ക് വേണ്ട…

എന്റെ പൊന്നമ്മയും അച്ഛനും അല്ലേ… വേറെ ആരെ വേണമെങ്കിലും ഞാൻ കെട്ടിക്കോളം… ഈ പട്ടാളക്കാരനെ എനിക്ക് വേണ്ട… ” “ഇത് ഇപ്പോൾ നല്ല കഥ… പയ്യനെ നീ കണ്ടിട്ട് പോലും ഇല്ലല്ലോ പിന്നെ എങ്ങനെയാ ഇത്ര ഉറപ്പോടെ ഇഷ്ടം ആകില്ലെന്ന് പറയുന്നത്… ” “കല്യാണം ആലോചിച്ചു തുടങ്ങിയപ്പോൾ മുതൽ ഞാൻ പറഞ്ഞതല്ലേ പട്ടാളക്കാരുടെ ആലോചന എനിക്ക് വേണ്ടെന്ന്… വേറെ ജോലിയുള്ള എത്രയോ പേരുണ്ട്… അങ്ങനെ ഉള്ള ആരെങ്കിലും ഒരാളെ കൊണ്ടുവാ ഞാൻ ഒരു എതിർപ്പും പറയില്ല…. ” “വരുന്ന ആലോചന എല്ലാം അത് പറഞ്ഞു മുടക്കാറല്ലേ എന്റെ പുന്നാരമോള് ചെയ്യുന്നത്… ഇതിപ്പോൾ എന്തായാലും എല്ലാം കൊണ്ടും നല്ല ഒരു ബന്ധമാണ്… പട്ടാളക്കാരെ കെട്ടാൻ പെൺപിള്ളേർ ക്യു നിൽക്കുവാ… ഇവിടെ ഒരുത്തിക്കു വേണ്ട പോലും… ” “നീ അകത്തേക്ക് കയറി പോ ശാരദേ… വെറുതെ ഒന്നും രണ്ടും പറഞ്ഞു മോളോട് വഴക്കിടേണ്ട… ” “ഓഹ്… ഒറ്റ മോളാണെന്നു വെച്ചു കൊഞ്ചിച്ചോളു… അനുസരണ തീരെ ഇല്ല പെണ്ണിന്… ” അതും പറഞ്ഞു എന്നെ കടുപ്പിച്ചൊരു നോട്ടവും തന്നു അമ്മ അകത്തേക്ക് പോയി… ഞാൻ അച്ഛന്റെ മുഖത്തേക്ക് ദയനീയമായൊന്നു നോക്കി…

“മോള് ചെന്നു കിടക്കാൻ നോക്കൂ… എന്തായാലും രാവിലെ അവര് വരും… ഇഷ്ടം ആയില്ലെങ്കിൽ അച്ഛൻ ഇത് നടത്തുന്നില്ല പോരേ… ” “മ്മ്… താങ്ക്സ് അച്ഛാ… ” അച്ഛനെ കെട്ടിപിടിച്ചു ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ റൂമിലേക്ക്‌ പോയി… റൂമിലെ ടേബിളിന്റെ പുറത്തു അമ്മ കൊണ്ടു വെച്ച ചെക്കന്റെ ഫോട്ടോ കവർ തുറന്നു ഒന്ന് നോക്കുക കൂടി ചെയ്യാതെ അതേപോലെ തന്നെ ഞാൻ വേസ്റ്റ് ബോക്സിലേക്കിട്ടു… ബെഡിലേക്കു മലർന്നു കിടക്കുമ്പോൾ പി ജി വരെ കോളേജിൽ പഠിച്ചിട്ടും പേരിനു പോലും ആരെയും പ്രണയിക്കാതെ പോയതിൽ എനിക്ക് നല്ല കുറ്റബോധം തോന്നി… സൗഹൃദവലയങ്ങൾക്ക് അപ്പുറം വളരാൻ ഒരാളെയും അനുവദിച്ചില്ലെന്ന് പറയുന്നതാകും ശരി… ഫ്രണ്ട്‌സ് കൂടെ ഉള്ളപ്പോൾ വല്ലാത്തൊരു മായിക ലോകത്താണ് ഞാൻ… എത്ര സങ്കടം ഉണ്ടെങ്കിലും കൂട്ടുകാർ കൂടെ ഉള്ളപ്പോൾ മനസ്സ് എപ്പോളും ഹാപ്പി ആയിരുന്നു… പ്രണയം വന്നു എത്തി നോക്കിയപ്പോളൊക്കെ എനിക്ക് പറ്റിയ പരുപാടി അല്ല അതെന്ന് മനസ്സിലായി…

ഒന്നോർത്താൽ ഞാൻ ഒരു അര വട്ടാണെന്ന് എനിക്ക് പോലും പലപ്പോഴും തോന്നിയിട്ടുണ്ട്… എന്നെ പരിചയപ്പെടുത്തിയില്ലല്ലോ… ഞാൻ ഇന്ദുപ്രിയ… ‘പാലാഴി’യിൽ വിശ്വനാഥ മേനോന്റെയും ശാരദാമ്മയുടെയും ഏക മകൾ… സൗത്ത് ഇന്ത്യൻ ബാങ്കിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു… പഠിത്തം കഴിഞ്ഞപ്പോൾ മുതൽ എന്നെ കെട്ടിച്ചു വിടാൻ വല്ലാത്തൊരു തിടുക്കം ആണ് അമ്മയ്ക്ക്… ജോലി കിട്ടിയിട്ട് മതി കല്യാണമെന്നു വാശി പിടിച്ചു പറഞ്ഞതുകൊണ്ട് അന്ന് അത് നടന്നില്ല… പക്ഷേ ഇന്ന് സ്ഥിതി മാറി… എനിക്ക് നല്ല ജോബ് കിട്ടി… ഇനി പിടിച്ച പിടിയാലേ എന്നെ കെട്ടിക്കാനാണ് വീട്ടുകാരുടെ പ്ലാൻ… കുറേ ആലോചനയൊക്കെ വന്നു കൂടുതലും പട്ടാളക്കാരാണ്… അമ്മയ്ക്ക് ആണെങ്കിൽ പട്ടാളക്കാരുടെ ആലോചനയോടു നല്ല താല്പര്യം ആണ്… എനിക്ക് നേരെ തിരിച്ചും… പട്ടാളക്കാരെ ആരെയും ഇഷ്ടം അല്ലെന്നു അതിനു അർത്ഥം ഒന്നും ഇല്ല കേട്ടോ… രാജ്യത്തിനു വേണ്ടി ജീവൻ കൊടുക്കുന്ന അവരോടു നല്ല ബഹുമാനം തന്നെയാണ്…

പണ്ട് സ്കൂളിൽ പഠിച്ചപ്പോൾ ഞാനും എൻ സി സി യിലൊക്കെ ഉണ്ടായിരുന്നു… അന്നൊക്കെ അതൊരു അഭിമാനം ആയിരുന്നു… ആ യൂണിഫോം ഇപ്പോളും ഞാൻ അലമാരയിൽ സൂക്ഷിച്ചു വെച്ചിട്ടുണ്ട്.. പട്ടാളക്കാരെ വിവാഹം കഴിക്കില്ലെന്ന് തീരുമാനം എടുത്തതിന്റെ പിന്നിൽ അല്പം ചെറുതല്ലാത്ത ഒരു വലിയ കഥ ഉണ്ട്… പ്ലസ്ടു കഴിഞ്ഞു ഡിഗ്രിക്കു ചേർന്നതിന്റെ ആദ്യ നാളുകളിൽ എല്ലാവരെയും പോലെ ഞാനും അതികം കൂട്ടുകാർ ഒന്നും ഇല്ലാതെ ആകെ മന്ദത അനുഭവിച്ചു…. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഒരു ഫ്രണ്ടിനെ കിട്ടി ‘ദിവ്യ ‘… ഒരു സാധാരണ കുടുംബത്തിലെ കുട്ടി… വീട്ടിൽ അച്ഛനും അമ്മയും ചേച്ചിയും ഉണ്ട്… വളരെ വേഗത്തിൽ ഞങ്ങൾ നല്ല സുഹൃത്തുക്കളായി… അവൾക്കു ശേഷം ആണ് മറ്റു കൂട്ടുകാരെയൊക്കെ എനിക്ക് കിട്ടുന്നത്… ഞങ്ങൾ ഡിഗ്രി സെക്കന്റ്‌ ഇയർ പഠിക്കുമ്പോളായിരുന്നു ദിവ്യയുടെ ചേച്ചി വിദ്യയുടെ വിവാഹം… ദിവ്യ അഭിമാനത്തോടെ എന്നോട് പറയുമായിരുന്നു അവളുടെ ചേട്ടൻ ഒരു പട്ടാളക്കാരൻ ആണെന്ന്…

ഞങ്ങൾ ഫ്രണ്ട്‌സ് എല്ലാം കൂടി അടിച്ചു പൊളിച്ച ആ കല്യാണം ഇന്നും കണ്മുന്നിൽ അതുപോലെ തന്നെ ഉണ്ട്… പക്ഷേ വർഷം ഒന്ന് തികയുന്നതിനു മുൻപ് അതിർത്തിയിൽ ഉണ്ടായ വെടിവെയ്പ്പിൽ ദിവ്യയുടെ ചേട്ടൻ കൊല്ലപ്പെട്ടു… ജീവിച്ചു തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളു ആ പാവങ്ങൾ… വിദ്യ ചേച്ചി മാനസികമായി ആകെ തകർന്നു… ചേച്ചിക്ക് കൂട്ടായി ദിവ്യ പഠിത്തം ഉപേക്ഷിച്ചു കാവൽ ഇരുന്നു… മരണം രംഗബോധം ഇല്ലാത്ത കോമാളി തന്നെയാണ്… ഒരുപാട് പേരുടെ സ്വപ്നങ്ങൾ തകർത്തെറിയാൻ നേരവും കാലവും നോക്കാതെ പടികടന്നെത്തുന്ന വെറും കോമാളി…. നഷ്ടപെടുന്നവന്റെ വേദന… ദുഃഖം… ഒന്നും ആ കോമാളിക്കു അറിയേണ്ട ആവിശ്യം ഇല്ലല്ലോ…. കഴുത്തിൽ താലി ചാർത്തുന്ന പുരുഷൻ അവസാനം ശ്വാസം വരെ കൂടെ കാണണമെന്ന് ആഗ്രഹിക്കുന്നവരാണ് മിക്ക സ്ത്രീകളും… അദ്ദേഹത്തിന്റെ മടിയിൽ തലചായ്ച്ചു ദീർഘസുമംഗലിയായി തന്നെ മരിക്കാൻ ആഗ്രഹിക്കുന്നവൾ…

അത് മാത്രമേ ഞാനും ആഗ്രഹിക്കുന്നുള്ളു… വിദ്യയുടെ ചേച്ചിക്കുണ്ടായ വിധി എനിക്കും ഉണ്ടാകുമോ എന്ന ഭയം എന്നെ വല്ലാതെ അലട്ടുന്നുണ്ട്… ഓരോ പട്ടാളക്കാരന്റെ ആലോചന വരുമ്പോളും മനസ്സ് ചിന്തിച്ചു പോകുന്നത് അങ്ങനെ ആണ്… ജീവന്റെ പാതിപോൽ കണ്ടു സ്നേഹിച്ചിട്ട് പെട്ടെന്ന് ആ ആള് നമ്മെ വിട്ടു പോകുന്ന ഒരു നിമിഷം വെറുതെ പോലും ചിന്തിക്കാൻ എനിക്ക് പേടി ആയിരുന്നു… എല്ലാം നഷ്ടപെട്ടവളായി ഞാനും മാറേണ്ടി വരുമോ എന്നും ഭയക്കുന്നു… ഞാൻ ഇതൊക്കെ പറയുമ്പോൾ ഫ്രണ്ട്‌സ് എന്നെ കളിയാക്കാറുണ്ട്.. അതൊക്കെ വിധി ആണെന്ന് അവര് പറയും… രോഗവും അപകടവും വന്നു മരണപ്പെടുന്ന എത്രയോ പേരുണ്ട്… ഞാൻ അതൊന്നും കാര്യമാക്കണ്ട… നിനക്ക് ഈശ്വരൻ എന്താണോ വിധിച്ചത് അതുപോലെ നടക്കുള്ളൂ എന്നൊക്കെ അവരും പറയാറുണ്ട്… അവര് പറയുന്നതും ശരിയാണ്… പക്ഷേ… പക്ഷേ… ഞാൻ… എത്രനേരം അങ്ങനെ ചിന്തിച്ചു കിടന്നുന്നു അറിയില്ല… അറിയാതെ ഉറക്കത്തിലേക്കു വഴുതി വീഴുമ്പോൾ തോളിൽ എന്നെയും പൊക്കിയെടുത്തു ആർമി യൂണിഫോമിൽ പുറം തിരിഞ്ഞു നടക്കുന്ന പട്ടാളക്കാരനെയാണ് കണ്ടത്… (തുടരും )