രചന – നന്ദ നന്ദിത
ഫോൺ ചെവിയോട് ചേർത്തു വെച്ചെങ്കിലും പെട്ടന്ന് എനിക്ക് എന്തോ സംസാരിക്കാൻ പറ്റിയില്ല… ഞാൻ ഫോൺ കട്ട് ചെയ്തു… ഉണ്ണിയേട്ടൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി… “എന്തിനാടി കാൾ കട്ടാക്കിയത്… പാവം അളിയൻ എന്തു വിചാരിച്ചു കാണും? ” “പിന്നെ ഞാൻ ഒന്ന് പ്രീപെയർ ആകുന്നതിനു മുൻപ് എന്റെ കൈയിൽ ഫോൺ തന്നാൽ ഞാൻ എന്ത് സംസാരിക്കാനാണ് ഉണ്ണിയേട്ടാ… ” ഞങ്ങൾ തമ്മിൽ അതിനെപ്പറ്റി വാക്ക് തർക്കം ഉണ്ടായികൊണ്ടിരുന്നപ്പോൾ തന്നെ വീണ്ടും വിഷ്ണുവേട്ടന്റെ കാൾ വന്നു… “കാൾ അറ്റൻഡ് ചെയ്യൂ ഇന്ദു… ചുമ്മാ തമാശ കളിക്കല്ലേ… ” ഉണ്ണിയേട്ടൻ നല്ല കലിപ്പിലാണ്… അനുസരിച്ചില്ലെങ്കിൽ എനിക്ക് ഇന്ന് ഓണം ആയിരിക്കും… ഞാൻ ഫോൺ അറ്റൻഡ് ചെയ്തു… “ഹലോ… ഇന്ദു… കേൾക്കുന്നുണ്ടോ? മറുതലയ്ക്കൽ നിന്നും വിഷ്ണുവേട്ടന്റെ ശബ്ദം… “ഹ.. ഹലോ… മ്മ് കേൾക്കാം ” “നേരെത്തെ എന്തിനാ ഫോൺ കട്ടാക്കിയത്? എന്നോട് സംസാരിക്കാൻ ഇഷ്ടം അല്ലേ തനിക്കു? ”
“അത്… ഞാൻ.. പെട്ടന്ന് എന്താ പറയേണ്ടതെന്ന് അറിയാത്തോണ്ടു… സോറി കേട്ടോ… സോറി… ” “സാരമില്ലെടോ… എനിക്ക് മനസ്സിലാകും… പിന്നെ എന്തെടുക്കുവാ… ഫുഡ് കഴിച്ചോ? ” “ആഹ് ഇപ്പോൾ കഴിച്ചതേ ഉള്ളു.. ഏട്ടൻ കഴിച്ചോ? ” “ഇല്ല… കഴിക്കണം… ഇവിടെ എല്ലാരും കല്യാണക്കാര്യം സംസാരിച്ചോണ്ടു ഇരിക്കുവായിരുന്നു… ” “മ്മ്.. എന്നാൽ ഞാൻ ഉണ്ണിയേട്ടന്റെ കൈയിൽ കൊടുക്കാം… ” “അയ്യോ ഫോൺ കൊടുക്കല്ലേ… ഒരു മിനിറ്റ്… ” “എന്താ? ” “നാളെ ഒന്ന് കാണാൻ പറ്റുമോ? എനിക്ക് അധികം ലീവ് ഒന്നും ഇല്ല… ” “അത്… ഞാൻ ഉണ്ണിയേട്ടനോട് ചോദിക്കട്ടെ… ” “മ്മ് ” ഞാൻ ഫോൺ ഉണ്ണിയേട്ടന്റെ കൈയിൽ കൊടുത്തു… “ആഹ് ഹലോ… പറ അളിയാ… ആദ്യം ആയിട്ടാ ഇവിടെ ഒരുത്തി ഇതേപോലെ പതുങ്ങുന്നത് കാണുന്നത്… അളിയൻ എന്തായാലും കുറച്ചു സ്ട്രിക്ട് ആയി തന്നെ നിന്നോളൂ കേട്ടോ… അല്ലെങ്കിൽ ഇവൾ അളിയനെ ഒടിച്ചു മടക്കി കുപ്പിയിൽ ആക്കും… ”
“ഹഹ… അതൊക്കെ ഞാൻ കൈകാര്യം ചെയ്‌തോളാം അളിയാ… എനിക്ക് നാളെ അവളെ ഒന്ന് കണ്ടാൽ കൊള്ളാമെന്നുണ്ട്… ലീവ് അധികം ഇല്ല… കൂട്ടത്തിൽ അളിയനെയും ഒന്ന് കണ്ടിരിക്കാമല്ലോ? ” “അതിനെന്താ… ഞാൻ അവളെയും കൂട്ടി വരാം… എവിടെയാ വരേണ്ടതെന്നു മാത്രം പറഞ്ഞാൽ മതി… ” “താങ്ക്സ് അളിയാ… അങ്ങനെ ആണെങ്കിൽ നാളെ ഒരു പത്തു മണി കഴിയുമ്പോളേക്കും ഒബ്‌റോ മാളിൽ വന്നാൽ മതി…. “ഓക്കേ… ഓക്കേ… ” രണ്ടാളും കുറച്ചു നേരം കൂടി എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു… നാളെ ആളെ കാണാൻ പറ്റുമല്ലോ എന്നോർത്തപ്പോൾ ഉള്ളിൽ കിടന്നു കുറേ ലഡു ഒരുമിച്ചങ്ങു പൊട്ടി…. മുഖത്താണേൽ ഒരു കള്ളചിരിയൊക്കെ വിടർന്നു… “എന്താണ് എന്റെ വായാടി പാറു ഒറ്റക്ക് നിന്നു ഇളിക്കുന്നത്? ” “ഹേയ്… ഒന്നുല്ല… ” “മ്മ്മ്. മ്മ്മ് നാളെ അവനെ കാണാൻ പോകുന്നത് ഓർത്താണോ… ” “ഒന്ന് പോ ഉണ്ണിയേട്ടാ… ” “ഉണ്ണി….. ഇന്ദു… രണ്ടാളും ഇങ്ങോട്ട് വരൂ… ” അച്ഛനാണ്… ഹാളിൽ അച്ഛനും അമ്മയും അമ്മായിയും അമ്മാവനും സ്ഥാനം പിടിച്ചിട്ടുണ്ടായിരുന്നു… അവർക്ക് അരികിലായി എന്താ എന്ന ഭാവത്തിൽ ഞങ്ങളും ഇരുന്നു…. അമ്മാവനാണ് തുടക്കം ഇട്ടത്…
“രണ്ട് കൂട്ടർക്കും ഇഷ്ടമായ സ്ഥിതിക്ക് ഈ വിവാഹം നടത്താൻ തന്നെയാണ് ഉദ്ദേശം… പക്ഷേ… ” അമ്മാവൻ ഒന്ന് നിർത്തി… വീണ്ടും തുടർന്നു… “പയ്യന് ആകെ ഇരുപതു ദിവസം മാത്രമേ ലീവ് ഉള്ളു… അതിൽ രണ്ടു ദിവസം അങ്ങ് പോവുകയും ചെയ്തു… ഇനി ആകെ പതിനെട്ടു ദിവസം മാത്രം… അതിനുള്ളിൽ കല്യാണം നടത്തണം… ” ഞാൻ ഞെട്ടി അച്ഛനെ ഒന്ന് നോക്കി… ഇത്ര പെട്ടന്ന് തന്നെ കല്യാണം… അത് ഒട്ടും പ്രതീക്ഷിച്ചില്ല… അപ്പോൾ ഈ വീട്ടിലെ എന്റെ ദിവസങ്ങൾ ഇനി വിരലിൽ എണ്ണാൻ മാത്രമേ ഉള്ളോ… അറിയാതെ ഉള്ളിൽ നിന്നും ഒരു തേങ്ങൽ ഉയർന്നു… “അച്ചായി…. ” “പയ്യന്റെ വീട്ടുകാർ അങ്ങനെ ഒരു ആഗ്രഹം പറഞ്ഞിട്ടുണ്ട് മോളെ… ഇത്രപെട്ടെന്ന് ആകുമെന്ന് അച്ഛനും കരുതിയില്ല…. ” “മോള് വിഷമിക്കണ്ട… ഒരു പത്തു ദിവസം കൂടി കൂട്ടി ലീവ് എടുക്കാൻ പയ്യൻ ശ്രമിക്കുന്നുണ്ട്… ” ഞാൻ ഒന്നും മിണ്ടാതെ എഴുന്നേറ്റു… ചങ്ക് നന്നായി നീറുന്നുണ്ടായിരുന്നു… ഒന്നുറക്കെ കരയാനാണ് തോന്നിയത്… ചെക്കനെ ഇഷ്ടപ്പെട്ടെങ്കിലും അയാളെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒന്നും അറിയില്ല… അച്ഛനെയും അമ്മയെയും വിട്ട് മറ്റൊരു വീട്ടിലേക്കു…. അവരെ കാണാതെ ഒരു ദിവസം പോലും ഉറങ്ങിയിട്ടില്ല…
കോളജിൽ നിന്നും ടൂർ പോയ നാലു ദിവസങ്ങൾ തള്ളി നീക്കിയ പാട് എനിക്ക് മാത്രമേ അറിയുള്ളു… അച്ഛൻ… അമ്മ… വീട്… എന്റെ റൂം… എന്റെ കൃഷ്ണൻ കുട്ടി… എന്റെ അമ്പലം… എല്ലാം… എല്ലാം ഞാൻ മിസ് ചെയ്യാൻ പോകുന്നു… എത്ര അടക്കി പിടിച്ചിട്ടും ഒട്ടും അനുസരണ ഇല്ലാതെ കണ്ണുനീർ ധാര ധാരയായി ഒഴുകി… “എങ്കിൽ പിന്നെ അടുത്ത വരവിനു നോക്കിയാൽ പോരായിരുന്നോ ചിറ്റപ്പാ… ഇത് ഇപ്പോൾ വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ അല്ലേ ഉള്ളു… എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല… അപ്പോൾ ഇന്ദുന്റെ അവസ്ഥ എല്ലാരും ഒന്ന് ചിന്തിച്ചു നോക്കൂ…. ” “ഞങ്ങൾക്കും നല്ല സങ്കടം ഉണ്ട് മോനേ… പക്ഷേ പയ്യൻ തന്നെ ഈ കല്യാണം എത്രയും പെട്ടന്ന് നടത്തണമെന്ന് പറയുമ്പോൾ… അത് മാത്രം അല്ല നാളെ നാളെ എന്നും പറഞ്ഞു നീട്ടി കൊണ്ടു പോകുന്നതിലും നല്ലതും അത് തന്നെയല്ലേ… നാളെ തന്നെ നല്ല ഒരു മുഹൂർത്തം കുറിപ്പിക്കണം… അത് കഴിഞ്ഞാൽ ആളുകളെയൊക്കെ വിളിച്ചു തുടങ്ങാമല്ലോ… ” അച്ഛനും അമ്മാവനും പറയുന്നത് എന്താണെന്നു കേൾക്കാൻ നിൽക്കാതെ ഞാൻ പതിയെ റൂമിലേക്ക് പോയി…
ഓർക്കുംതോറും സങ്കടം കൂടി വരുവാ… ആ ദുഷ്ടന് എന്താ എനിക്ക് കുറേ സമയം തന്നാൽ… ഉടനെ കെട്ടിയെടുത്തില്ലെങ്കിൽ ആകാശം ഇടിഞ്ഞു വീഴുമോ…. ഇഷ്ടം ആയിന്നു പറയണ്ടായിരുന്നു എന്ന് വരെ തോന്നിപ്പോയി… ഉണ്ണിയേട്ടന്റെ കൈകൾ തോളിൽ പതിഞ്ഞപ്പോൾ ഞാൻ പതിയെ തല ഉയർത്തി… “എന്നെ പറഞ്ഞു വിടാൻ അത്രക്കും ദൃതി ആയോ ഉണ്ണിയേട്ടാ എല്ലാർക്കും? ” “അയ്യേ എന്റെ ഇന്ദൂട്ടി ഇങ്ങനെ കരയാൻ പാടില്ല.. എല്ലാർക്കും സങ്കടം ഉണ്ട് മോളെ… സാരമില്ല… എന്നായാലും ഇതൊക്കെ നടക്കേണ്ടതല്ലേ… ” “നാളെ കാണുമ്പോൾ ഉണ്ണിയേട്ടൻ ഒന്ന് പറയുവോ അയാളോട് അടുത്ത വർഷം നടത്തിയാൽ മതീന്ന്… ” “ഹാ ബെസ്റ്റ്…. അടുത്ത വർഷം എന്നും പറഞ്ഞു അങ്ങോട്ട് ചെന്നാൽ മതി… നാളെ കെട്ടാൻ പറ്റിയാൽ അത്രയും കാര്യമെന്ന് പറഞ്ഞു നില്കുന്നവനോട് ഞാൻ എന്ത് പറയാനാ എന്റെ മോളെ… ” “ഹും… എന്നാൽ നാളെ അയാളെ കാണാൻ എന്റെ പട്ടി പോകും… നോക്കിക്കോ… ” “ഈ ഉണ്ണിയേട്ടനെ അപ്പോൾ നീ ഒരു പട്ടിയാക്കി അല്ലേ… ആഹ് കർമ്മ ദോഷം… അല്ലാതെന്തു പറയാൻ… ” “ശ്ശോ… . ഞാൻ പെട്ടെന്ന് ഓർക്കാതെ പറഞ്ഞതാ ഉണ്ണിയേട്ടാ… ”
“ആഹ് അതൊക്കെ വിട്… എന്റെ ഇന്ദൂട്ടി ഹാപ്പി ആയി കിടന്നു ഉറങ്ങാൻ നോക്കിയേ… കല്യാണം കഴിഞ്ഞു അവനു നമുക്ക് എട്ടിന്റെ പണി കൊടുക്കാമെന്നേ ഈ ഉണ്ണിയേട്ടൻ അല്ലേ പറയുന്നത്… ” “മ്മ് വേണം വേണം… മൂക്ക് കൊണ്ടു ക്ഷ എഴുതിപ്പിക്കണം… ” “പിന്നെന്താ… ഞാൻ ഉണ്ടെടി കൂടെ… ഇപ്പോൾ മോള് ഉറങ്ങിക്കോ… നാളെ അവനെ ഞാൻ ഒന്ന് കാണട്ടെ… ” ഉണ്ണിയേട്ടൻ അത്രയും പറഞ്ഞപ്പോൾ എനിക്കൊരു ബലം ആയി… കെട്ടാൻ പോകുന്ന ആളൊക്കെ ആയിരിക്കും പക്ഷേ പണി കൊടുക്കുന്ന കാര്യത്തിൽ ഞങ്ങൾ ആങ്ങളയും പെങ്ങളും ഒറ്റക്കെട്ടാണ്… അങ്ങനെ എത്രയും പെട്ടന്ന് താനിപ്പോൾ എന്നെ എന്റെ വീട്ടിൽ നിന്നും പുകച്ചു ചാടിക്കണ്ട… ഹും… രാത്രി ഓരോന്ന് ആലോചിച്ചു കിടന്നു ഉറങ്ങിയത് എപ്പോൾ ആണെന്ന് പോലും അറിയില്ല…. രാവിലെ ഉണ്ണിയേട്ടൻ വന്നു വിളിക്കുമ്പോളാണ് സമയം നോക്കുന്നത്… “ഹയ്യോ എട്ട് മണി കഴിഞ്ഞോ… അമ്മയുടെ കയ്യിന്നു ഇന്നെനിക്കു കിട്ടും… ” ഷീറ്റെല്ലാം വാരി എറിഞ്ഞു ഞാൻ ചാടി എഴുന്നേറ്റു… “വലതു വശം ചരിഞ്ഞു പ്രാർത്ഥിച്ചോണ്ടു എഴുന്നേക്കു കൊച്ചേ… എന്തായാലും ഇന്ന് നിനക്ക് അപ്പച്ചിടെ കയ്യിന്നു തല്ലൊന്നും കിട്ടില്ല… ”
“അതെന്താ ഉണ്ണിയേട്ടന് ഇത്ര ഉറപ്പ്… ” “എല്ലാരും കൂടി കുടുംബ ക്ഷേത്രത്തിൽ പോയിരിക്കുവാ… നീ നല്ല ഉറക്കം ആയോണ്ട് വിളിക്കാഞ്ഞത് ആണ്… പൂജ കഴിഞ്ഞു വരാൻ എന്തായാലും ലേറ്റ് ആകും ” “നേരെത്തെ പറയണ്ടേ പൊട്ടാ… എന്നാൽ ഞാൻ കുറച്ചു നേരം കൂടി ഉറങ്ങട്ടെ… ആഹാ ഹാ… ” “അങ്ങനെ ഇപ്പോൾ എന്റെ മോള് ഉറങ്ങി സുഖിക്കണ്ട… പോയി ഫ്രഷ് ആയി വാ… നിന്റെ കണവനെ കാണാൻ പോകുന്ന കാര്യം മറന്നോ? ” “ഓഹ്ഹ് ഈ ഉണ്ണിയേട്ടന്റെ ഒരു കാര്യം… മനുഷ്യനെ ഉറങ്ങാനും സമ്മതിക്കില്ല ” പിറുപിറുത്തുകൊണ്ട് ഞാൻ വാഷ് റൂമിലേക്ക് കയറി… ഫ്രഷ് ആയി വന്നപ്പോളേക്കും എനിക്ക് ഇടാനുള്ള ഡ്രസ്സ് വരെ ഉണ്ണിയേട്ടൻ സെലക്ട് ചെയ്തു വെച്ചിട്ടുണ്ടായിരുന്നു… പീകോക്ക് ബ്ലു വിൽ മിറർ വർക്ക് ചെയ്തൊരു കുർത്തി… “ഓഹോ അപ്പോൾ സെലെക്ഷനും കഴിഞ്ഞോ? ” “മ്മ് നീ ഈ ടോപ് ഇട്ടാൽ മതി… നന്നായി ചേരും… അളിയൻ വായും പൊളിച്ചു ഇരിക്കുന്നത് നമുക്ക് കാണാം.. ”
“ആഹ് അയാള് ഇന്ന് എന്തായാലും വായ് പൊളിക്കും… കൊടുക്കുന്നുണ്ട് ഞാൻ…. ” “എന്നാൽ മോള് റെഡി ആയിക്കോ…ഞാനും റെഡി ആകട്ടെ… അവരെല്ലാം അമ്പലത്തിൽ നിന്നും വരാൻ നേരമാകുന്നു… ” “മ്മ്… ശരി… ശരി… ” റെഡി ആയി റൂമിനു വെളിയിൽ ഇറങ്ങിയപ്പോൾ അമ്മായി വായും പൊളിച്ചു നോക്കി നിൽക്കുന്നു… “ആഹാ… എല്ലാരും അമ്പലത്തിൽ പോയിട്ട് വന്നോ… ” “വന്നു… നീ ഇത് എവിടെ പോവാ മോളെ? പതിവിലും സുന്ദരി ആയിട്ടുണ്ടല്ലോ… ” അമ്പലത്തിലെ പ്രസാദം എന്റെ നെറ്റിയിൽ തൊടുവിച്ചുകൊണ്ടു അപ്പച്ചി ചോദിച്ചു…. “അത്… അത് പിന്നെ… ഉണ്ണിയേട്ടൻ എവിടോ പോകണമെന്ന് പറഞ്ഞു… ” “എവിടേക്കാ ഉണ്ണി നീ ഇവളെയും കൂട്ടി… ” പറയണ്ടാന്നു ഞാൻ ഉണ്ണിയേട്ടനെ കണ്ണ് കാണിച്ചു… “ചുമ്മാ ഒരു കറക്കം… കുറേനാൾ ആയില്ലേ ഞങ്ങൾ ഒരുമിച്ചു ഒന്ന് പുറത്തു പോയിട്ട്… ” “നിനക്കു അപ്പോൾ ഇന്ന് കോളേജിൽ പോകണ്ടേ…? ” “ഞാൻ ലീവ് എഴുതികൊടുത്തിട്ടുണ്ട്… നാളെ സെക്കന്റ് സാറ്റർഡേ അല്ലേ പിന്നെ സൺഡേ… ഇനി ഇപ്പോൾ മൺഡേ പോയാൽ മതി… ” “ആഹ് എന്നാൽ രണ്ടാളും സൂക്ഷിച്ചു പോയിട്ട് വാ… ”
“മ്മ്… എന്നാൽ ഞങ്ങൾ ഇറങ്ങുവാ… അമ്മേ… അച്ഛാ… അമ്മാവാ… അമ്മായി… പോയിട്ട് വരാം കേട്ടോ… ” “പോയിട്ട് വാ മക്കളേ… ” ഒരുവിധം പറഞ്ഞൊപ്പിച്ചു ഞങ്ങൾ നേരെ ഒബ്‌റോ മാളിലേക്കു വെച്ചു പിടിച്ചു… “കുറച്ചു ലേറ്റ് ആയിട്ട് ഇറങ്ങിയാൽ മതിയാരുന്നു… അയാൾ കുറേ നേരം നിന്ന് കാല് കിഴക്കട്ടെ ” “എന്റെ പൊന്നേ ഒബ്‌റോ മാളിൽ നിന്ന് കാല് കിഴയ്ക്കാനോ… ബെസ്റ്റ്… നല്ല കിടിലൻ പെൺപിള്ളേരെയും വായ് നോക്കി അളിയൻ അവിടെ എൻജോയ് ചെയ്തു നിൽക്കുന്നുണ്ടാകും… ” “ആഹാ… എന്നാൽ വണ്ടി… നൂറുക്കു നൂറ്റിപ്പതിൽ കത്തിച്ചു വിട്ടോ… അങ്ങനെ ഇപ്പോൾ അയാൾ ആരെയും വായിനോക്കണ്ട… ” “കണ്ടോ… കണ്ടോ… പെണ്ണിന് ഇപ്പോൾ തന്നെ അസൂയയും കുശുമ്പും കൂടി… ഹഹഹ.. ” “ഇങ്ങനെ കൊലച്ചിരി ചിരിക്കാതെ എന്റെ ഉണ്ണിയേട്ടാ… ” വണ്ടി പാർക്കിംഗ് സെക്ഷനിൽ മാറ്റിയിട്ടു ഞങ്ങൾ മെയിൻ എൻട്രൻസ് വഴി അകത്തേക്ക് കയറി… ഉണ്ണിയേട്ടൻ ഫോൺ എടുത്തു വിഷ്ണുവേട്ടനെ വിളിക്കുന്നുണ്ടായിരുന്നു… പെട്ടെന്നാണ് ഞാൻ ആ കാഴ്ച്ച കണ്ടത്… വൈറ്റ് ഫുൾ സ്ലീവ് ഷർട്ടും ബ്ലൂ ജീൻസും ധരിച്ചു വിഷ്ണുവേട്ടൻ… കൂടെ ചില്ലി റെഡ് കളർ സാരിയുടുത്തു സുന്ദരിയായ ഒരു പെൺകുട്ടിയും… (തുടരും )

by