10/05/2026

എന്റെ പെണ്ണ് : ഭാഗം 39

രചന – നന്ദിത ദാസ്

പരിശോധനക്കിടയിൽ പൈജാമയുടെ പോക്കറ്റിൽ കിടന്ന ആ ചെറിയ കൃഷ്ണരൂപത്തിൽ അവന്റെ കൈകൾ ഉടക്കി…

***********

“മോളെ അച്ഛമ്മയെ ഇങ്ങനെ ഇട്ടു ഓടിപ്പിക്കല്ലേ…
വല്ലതും കഴിക്കു കുട്ടീ… ”

“എച്ചു ബേണ്ട… ”

അമ്മൂമ്മയുടെ കണ്ണ് വെട്ടിച്ചു നിധി മോൾ പുറത്തേക്കു ഓടി…

പെട്ടെന്നാണ് ഇന്ദു അവളെ പിടിച്ചു നിർത്തിയത്…

“അമ്പടി ഭയങ്കരീ… അങ്ങനെ അങ്ങ് പോയാലോ… ഇവിടെ വാ കുറുമ്പി പെണ്ണേ… ”

“മോളെ ബിട് ന്ദു… മോൾ കളിച്ചിട്ട് ബരാം… ”

“ആദ്യം കഴിക്കു… എന്നിട്ട് കളിക്കാം… പോരേ… ”

മോളെയും എടുത്തുകൊണ്ടു ഇന്ദു അകത്തേക്ക് കയറി…

“അതിങ്ങു തന്നേക്കു അമ്മേ ഞാൻ കൊടുത്തോളാം ഇവൾക്ക്…
ഒരു വക കഴിക്കില്ല…
ഏത് നേരവും മണ്ണിൽ കളിയാ…”

അമ്മയുടെ കൈയിൽ നിന്നും ആഹാരം വാങ്ങി മോളെ മടിയിൽ ഇരുത്തി കഴിപ്പിക്കാൻ തുടങ്ങി…

എന്റെ മടിയിൽ നിന്നും ഊർന്നിറങ്ങി അവൾ ടീവി യുടെ റീമോർട് കൈക്കലാക്കി..
എന്നിട്ട് എന്റെ മുഖത്തേക്ക് നോക്കി…

ആ നോട്ടത്തിന്റെ അർത്ഥം മനസിലാക്കിയ ഞാൻ ടീവി ഓൺ ചെയ്തു…

ഡോറയെ കണ്ടുകൊണ്ട് വേണം ആഹാരം കഴിക്കാൻ…
ഇപ്പോൾ അതൊരു ശീലമായിരുന്നു…

റിമോർട്ട് കൈയിൽ കിട്ടിയാൽ പിന്നെ കുഞ്ഞി ചാനൽ മാറ്റി മാറ്റി കളിക്കും…

അപ്പൂപ്പൻ ഉണ്ടെങ്കിൽ ചെറിയ വഴക്കൊക്കെ കിട്ടും…
ഇതു ഇപ്പോൾ അച്ഛൻ രാവിലെ പോയതാണ്…
ആരോ ഫോൺ വിളിക്കുന്നത് കേട്ടു…
അമ്മയോട് പോലും പറയാതെ ഷർട്ടും എടുത്തിട്ടോണ്ടു വെപ്രാളപ്പെട്ട് പോകുന്നത് കണ്ടു…
ഗേറ്റിന് അരികിൽ എത്താൻ നേരം എന്നെ ഒന്ന് തിരിഞ്ഞു നോക്കി…
ഞാൻ എന്തെങ്കിലും ചോദിക്കും മുൻപേ അച്ഛൻ ദൃതിയിൽ നടന്നകന്നു…

നിധിമോൾ പൊട്ടിചിരിച്ചുകൊണ്ട് തുള്ളി ചാടുന്നത് കണ്ടപ്പോൾ ആണ് ഞാൻ ചിന്തയിൽ നിന്നും ഉണർന്നത്…

“ന്ദു… ടീവി യിൽ അച്ഛ…”

ഞാൻ പെട്ടെന്ന് ടീവി യിലേക്കു നോക്കി…

അതേ മോള് പറഞ്ഞത് ശരിയാ..
കൂടെ ഹരിയേട്ടന്റെ ഫോട്ടയും ഉണ്ടല്ലോ…

ഉള്ളിൽ ഒരാന്തലുണ്ടായി…

ചാനലിന്റെ അടിയിൽ മിന്നി മാറിക്കൊണ്ടിരിക്കുന്ന വാർത്തയിലേക്കു ആ കണ്ണുകൾ ഓടി നടന്നു…

കയ്യിലിരുന്ന ആഹാരപാത്രം താഴെ വീണത് അവൾ അറിഞ്ഞില്ല…

ഒരുൾക്കിടിലത്തോടെ അവൾ നിലത്തേക്ക് ഊർന്നു വീണു…

അപ്പോളും ടീവിയിൽ ഫ്ലാഷ് ന്യൂസ്‌ മിന്നി മാറിക്കൊണ്ടിരുന്നു…

“രണ്ടു ഇന്ത്യൻ സൈനികർ പാക് പിടിയിൽ ആയെന്ന് സൂചന…
പിടിയിലായവരിൽ മലയാളിയായ ജവാനും… ”

****

ബോധം തെളിയുമ്പോൾ ഇന്ദു ഹോസ്പിറ്റലിൽ ആയിരുന്നു ..

പഴയതെല്ലാം ഓർത്തെടുക്കാൻ അവൾക്കു കുറച്ചു നിമിഷങ്ങൾ വേണ്ടി വന്നു…

ഓർമ്മകൾ അവളെ മൂടിയപ്പോൾ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റവൾ പുറത്തേക്കിറങ്ങാൻ ശ്രമിച്ചു…

“വിട്… എന്നെ വിടു…
എനിക്കെന്റെ വിച്ചുണ്ണു നെ കൊണ്ടു താ…
എനിക്കു വേണം ഉണ്ണിയേട്ടാ എന്റെ വിച്ചുണ്ണു നെ എനിക്കു വേണം… ”

സമനില തെറ്റിയവളെപോലെ അവൾ അലറി വിളിച്ചു…

അത് കണ്ടു നിധി മോളും കരച്ചിലായി…

ഉണ്ണി അവളെ താങ്ങി പിടിച്ചു ബെഡിലേക്കു ഇരുത്തി…

ആ കണ്ണുകളും നിറഞ്ഞിരുന്നു…

അവളെ എന്ത് പറഞ്ഞു ആശ്വസിപ്പിക്കുമെന്ന ചിന്തയിൽ ആയിരുന്നു ഉണ്ണിയും…

“ന്റെ ഏട്ടനെ കൊണ്ടു താ…
ഇപ്പോൾ കാണണം എനിക്കു…
ന്റെ വിച്ചു ഇല്ലാതെ ഒരു നിമിഷം പോലും ഞാനും എന്റെ മോളും ജീവിച്ചിരിക്കില്ല നോക്കിക്കോ…

കൊണ്ടു താ ഉണ്ണിയേട്ടാ… പ്ലീസ്… ”

കരഞ്ഞുകൊണ്ട് അവളെന്റെ കാലിലേക്ക് വീണു…

അവളുടെ കണ്ണിൽ നിന്നും വീഴുന്ന ഓരോ തുള്ളി കണ്ണീരിനും എരിയുന്ന കനലിന്റെ കാഠിന്യം ഉണ്ടായിരുന്നു…

“മോളെ… ഇന്ദു…
എന്തായിത്…
ഒന്നും പറ്റില്ല… നിന്റെ വിഷ്ണുനു ഒന്നും പറ്റില്ല…
ഉണ്ണിയേട്ടൻ അല്ലേ പറയുന്നത്… ”

ഞാൻ അവളെ പിടിച്ചു എഴുന്നേൽപ്പിച്ചു…

“ന്നാ… ന്നാ… എന്നെ കൊണ്ടുപോവോ…
യെഹ്… ഉണ്ണിയേട്ടാ… എന്നെ അങ്ങോട്ട്‌ കൊണ്ടു പോവോ…?? ”

“ഇങ്ങനെ വാശി പിടിക്കല്ലേ മോളെ…
വയറ്റിൽ ഒരു ജീവൻ ഉണ്ടെന്നു ഓർമ വേണം…
ഫുൾ റസ്റ്റ്‌ പറഞ്ഞിട്ടുണ്ടല്ലോ ഡോക്ടർ…
ഉണ്ണിയേട്ടനും അച്ഛനും കൂടി പോയി കൂട്ടിക്കൊണ്ടു വരാം…
അത് മതി… ”

“ഇല്ല… സമ്മതിക്കില്ല ഞാൻ…
കുഞ്ഞിനെ ഞാൻ സൂക്ഷിച്ചോളാം…
എന്നെ കൂടി കൊണ്ടുപോ ഉണ്ണിയേട്ടാ…
പ്ലീസ് അച്ഛാ…
ഞാൻ വഴക്കൊന്നും ഉണ്ടാക്കില്ല…
ഇനി ബഹളവും ഉണ്ടാക്കില്ല…
എന്നെ കൂടി കൊണ്ടു പോ… ”

അവൾ ഞങ്ങളെ നോക്കി കൈകൾ കൂട്ടി…

പിന്നെ നെഞ്ചിൽ കിടക്കുന്ന അവളുടെ താലിയിൽ അമർത്തി പിടിച്ചു…

ഒരു കൈകൊണ്ടു അവളുടെ വയറിൽ തലോടി…

എന്നിട്ട് കണ്ണുകൾ രണ്ടും തുടച്ചുകൊണ്ട് ഉണ്ണിയുടെ മുന്നിലേക്ക്‌ നീങ്ങി നിന്നു…

“ഉണ്ണിയേട്ടന് പറ്റുമോ എന്നെ കൊണ്ടുപോകാൻ…
പറ്റിയാലും ഇല്ലെങ്കിലും എനിക്കു പോയേ പറ്റു…
ഞാൻ പോയിരിക്കും… ”

ആ വാക്കുകൾ ഉറച്ചത് ആയിരുന്നു…

ഒരു ഭാര്യയുടെ… ഒരു അമ്മയുടെ… വാക്കിന്റെ ദൃഢത…

വിഷ്ണു ജോലി ചെയ്തിരുന്ന യൂണിറ്റിനെ കുറിച്ചുള്ള അറിവ് വെച്ച് മേലധികാരികളുമായി ബന്ധപ്പെട്ടു…
അങ്ങനെ ഉണ്ണിയും ഇന്ദുവും ഇന്ദുവിന്റെ അച്ഛനും കാശ്മീരിലേക്ക് പുറപ്പെട്ടു…

പോകാൻ നേരം നിധി മോളെ അമ്മയുടെ കൈയിൽ ഏല്പിച്ചു ഇന്ദു പറഞ്ഞു…

“കഴുകന്മാരുടെ ലോകമാണ്…
കിരാതന്മാരുടെയും…
പിഞ്ചു കുഞ്ഞെന്നും വൃദ്ധരെന്നും നോട്ടം ഇല്ലാത്ത കാപാലികൻമാരുടെ നാട്…
എന്റെ മോളെ പൊതിഞ്ഞു സൂക്ഷിച്ചു കൊള്ളണം…
ഞാൻ മടങ്ങി വരും… എന്റെ മംഗല്യഭാഗ്യവുമായി… ”

നിധി മോളെ ചേർത്ത് പിടിച്ചു നെറ്റിയിൽ ചുംബിച്ചിട്ട് തിരിഞ്ഞു നോക്കാതെ അവൾ വണ്ടിയിൽ കയറി…

ഹൃദയം പറിഞ്ഞു പോകുന്ന വേദന ഉണ്ട്…
ഇതുവരെ കുഞ്ഞിനെ പിരിഞ്ഞു ഇരുന്നിട്ടില്ല…
വണ്ടി ഏറെ ദൂരം ചെന്നിട്ടും അവളുടെ നിലവിളി കാതിനെ തുളച്ചു കൊണ്ടേ ഇരുന്നു…

******

മുന്നിലേക്ക്‌ നീക്കി വെച്ച ഗോതമ്പു കഞ്ഞിയിലേക്കും ആ വൃദ്ധയുടെ മുഖത്തേക്കും വിഷ്ണു മാറി മാറി നോക്കി….

മരണം തൊട്ടു മുന്നിൽ കണ്ട നിമിഷം…

ഇന്ദുവും മോളും ഹരിയേട്ടനും…
നാടും എല്ലാം ഓർമ വന്നു…

കണ്ണടച്ച് തുറക്കുന്ന നിമിഷത്തിൽ എന്തൊക്കെയാണ് സംഭവിച്ചത്…
അത്ഭുതം ആയിരിക്കുന്നു…

അവന്റെ ഓർമ കുറച്ചു ദിവസം പിന്നിലേക്കു പോയി…

*പരിശോധനക്കിടയിൽ പൈജാമയുടെ പോക്കറ്റിൽ കിടന്ന ആ ചെറിയ കൃഷ്ണരൂപത്തിൽ അവന്റെ കൈകൾ ഉടക്കി…

ശരിക്കും പെട്ടു എന്ന് തന്നെ കരുതി…

കണ്ണുകൾ മുറുക്കി അടച്ചു….

ഭാരത് മാതാ കീ ജയ്‌ വിളിക്കാൻ വാ തുറക്കാൻ ഭാവിച്ചപ്പോൾ ആണ് എന്നെ പിടിച്ചിരിക്കുന്ന ബലിഷ്ഠമായ കരങ്ങളെ തട്ടി മാറ്റിക്കൊണ്ടു ആരോ എന്നെ മുറുകെ പുണരുന്നത്…

കണ്ണ് തുറന്നു നോക്കുമ്പോൾ ഏകദേശം അറുപതു എഴുപത് വയസ്‌ പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ എന്നെ കെട്ടി പിടിച്ചിരിക്കുന്നു…

ഞാൻ അവരുടെ കണ്ണുകളിലേക്കും അവർ എന്റെ കണ്ണുകളിലേക്കും മാറി മാറി നോക്കി…

എന്നെ പിടിച്ചു വെച്ചിരിക്കുന്നവരുടെ കൈയിൽ നിന്നും രക്ഷിച്ചു അവരെന്നെ സ്വന്തം വീട്ടിൽ എത്തിച്ചു…

കാണാതെ പോയ അവരുടെ മകൻ ഞാൻ ആണെന്ന് മറ്റുള്ളവരെ പറഞ്ഞു ധരിപ്പിച്ചു…

അവരുടെ ഉറച്ച വാക്കിനെ വിശ്വസിക്കാതിരിക്കാൻ അവിടെ കൂടി നിന്നവർക്ക് കഴിഞ്ഞില്ല…

അവരെന്നെ ആ സ്ത്രീയുടെ കൂടെ പോവാൻ അനുവദിച്ചു…

അത് വരെ ഞാൻ ഊമനായി അഭിനയിച്ചു…

പക്ഷെ എന്നെ അത്ഭുതപെടുത്തിയത് വേറെ ഒന്നായിരുന്നു…

ഞാൻ അവരുടെ മകൻ അല്ലെന്നു ആ അമ്മയ്ക്ക് ഉത്തമ ബോധ്യം ഉണ്ട്…

പിന്നെ എന്തിന് എന്നെ രക്ഷിച്ചു എന്ന ചോദ്യത്തിന് പിന്നിൽ അവരുടെ ജീവിതത്തിന്റെ കഥ ഉണ്ടായിരുന്നു…

ആ സ്ത്രീയുടെ വളരെ ചെറുപ്പത്തിൽ തന്നെ ഭർത്താവ് യുദ്ധത്തിൽ നഷ്ടപ്പെട്ടു…

ഏക മകനെയും കൊണ്ടു അവർ കഷ്ടപ്പെട്ട് ജീവിച്ചു…

അമ്മയ്ക്ക് മകനും മകന് അമ്മയും മാത്രം…

വളരെ സ്നേഹത്തിൽ ആയിരുന്നു അവർ…

അമ്മയോടുള്ള സ്നേഹം മൂലം മകൻ അമ്മയുടെ രൂപം കൈ തണ്ടയിൽ പച്ച കുത്തി…
അത്രയ്ക്ക് സ്നേഹമായിരുന്നു അവനു അവന്റെ അമ്മയെ…

എന്നാൽ വളർന്നു വരും തോറും തന്റെ പിതാവിനെ യുദ്ധത്തിലൂടെ ഇല്ലാതാക്കിയ ഇന്ത്യാക്കാരോട് അവനു അടങ്ങാത്ത പക വളർന്നു തുടങ്ങി…

ഒടുവിൽ എങ്ങനെയൊക്കെയോ അവൻ ഭീകരരുടെ താവളത്തിൽ എത്തി ചേർന്നു…

അമ്മ അറിയാതെ തന്നെ അവൻ ഭീകരപ്രവർത്തങ്ങളിൽ പങ്കാളി ആയി…

പക്ഷെ എങ്ങനെയോ അമ്മ വിവരങ്ങൾ അറിഞ്ഞു…
സ്വന്തം മകനെകൂടി നഷ്ടമാവാതിരിക്കാൻ ആ അമ്മ മകനെ തന്നാൽ ആവും വിധം പിന്തിരിപ്പിക്കാൻ ശ്രമിച്ചു…

ഫലമോ… ആ അമ്മയെ ഉപേക്ഷിച്ചു ചെല്ലാൻ അവന്റെ തലവൻ അവനോടു ആവശ്യപ്പെട്ടു…

അന്ന് ഇറങ്ങി പോയതാണ് ആ മകൻ…

എന്നെങ്കിലും അവൻ തെറ്റ് മനസ്സിലാക്കി തിരിച്ചു വരുമെന്ന് കരുതി ഈ അമ്മ കാത്തിരിക്കുന്നു…

എന്നെ കണ്ടപ്പോൾ സ്വന്തം മകനെ പോലെ തോന്നിയെന്ന് പറഞ്ഞു…
അതാണ് ഓടി വന്നതെന്നും പറഞ്ഞു…

പക്ഷേ ഞാൻ അവരുടെ മകൻ അല്ലെന്നു അറിഞ്ഞിട്ടും എന്നെ മരണത്തിനു വിട്ടു കൊടുക്കാൻ അവർ തയ്യാറായില്ല…

ഞാൻ ഒരു ഇന്ത്യക്കാരനായ പട്ടാളക്കാരൻ ആണെന്ന് പറഞ്ഞപ്പോൾ ആ മിഴികളിൽ നടുക്കം കണ്ടില്ല…
പകരം എന്നെ ചേർത്ത് പിടിച്ചവർ പറഞ്ഞു…

അള്ളാഹുന്റെ മുന്നിൽ എല്ലാരും സമൻമാരായ മനുഷ്യൻ മാത്രം ആണെന്നാണ്…

പിന്നെ ഞാൻ എങ്ങനെ അത്ഭുതപെടാതെ ഇരിക്കും…

എന്റെ ഇന്ദു വിളിക്കുന്ന അവളുടെ കൃഷ്ണൻകുട്ടി എന്റെ കൂടെ തന്നെ ഉണ്ട്…
എന്റെ പെണ്ണിന്റെ വിശ്വാസം…
അത് ഒന്ന് മാത്രം ആണ് എന്നെ ഇവിടെ വരെ എത്തിച്ചത്…

ഇവിടുന്നു എങ്ങനെ എങ്കിലും രക്ഷപെടാൻ അവരെന്നെ സഹായിക്കാമെന്നു പറഞ്ഞു…

പക്ഷേ… ഹരിയേട്ടൻ ഇല്ലാതെ ഞാൻ എങ്ങനെ മടങ്ങി പോകും…

ബഹളത്തിന്റെ ഇടയിൽ എന്റെ കൈയിൽ കെട്ടിയിരുന്ന വാച്ചും നഷ്ടമായി…

വിവരങ്ങൾ അറിയാത്തതുകൊണ്ട് ഞാൻ അവരുടെ പിടിയിൽ ആയെന്ന് വിശ്വസിച്ചിരിക്കുവായിരിക്കും ഞങ്ങളുടെ ടീം…

എന്തെങ്കിലും ചെയ്തേ പറ്റുള്ളൂ…

കഞ്ഞി എന്റെ മുന്നിലേക്ക്‌ വീണ്ടും നീക്കി വെച്ച് അവർ ചിരിച്ചു…

ഞാൻ അത് എടുത്തു കുടിച്ചു…

വാച്ചു നഷ്ടപ്പെട്ടു പോയ കാര്യം അവരെ ധരിപ്പിച്ചിരുന്നു…

പുറത്ത് പോകുമ്പോൾ നോക്കാമെന്നും അവർ ഏറ്റിരുന്നു…

പക്ഷേ ദിവസം നാല് കഴിഞ്ഞിട്ടും അതിനെ പറ്റി ഒരു വിവരവും ഇല്ല…

പതിയെ കണ്ണുകളിലേക്കു മയക്കം കയറി…

കണ്ണടയ്ക്കുമ്പോൾ എല്ലാം എന്റെ പെണ്ണിന്റെ മുഖം ആണ് ഓർമ വരുന്നത്…

ആദ്യമായി കണ്ടതും…
പെണ്ണുകാണലും… കല്യാണവും… ക്യാമ്പിലെ ജീവിതവും…
മോൾ ഉണ്ടായതും എല്ലാം ഒരു സ്വപ്നം പോലെ കണ്ടുകൊണ്ടിരുന്നു…

****

“ഇനി കാത്തിരുന്നിട്ട് കാര്യമില്ല സർ…
വിഷ്ണു അവരുടെ കൈയിൽ പെട്ടു കഴിഞ്ഞു…
മോണിറ്ററിൽ സിഗ്നൽ കിട്ടിയിട്ട് നാലു ദിവസമായി…

കാണാതായവർക്കു എന്ത് സംഭവിച്ചു എന്ന് അറിയാത്ത സ്ഥിതിക്ക് എത്രയും വേഗം അയൽരാജ്യവുമായി ബന്ധപ്പെട്ടേ മതിയാവു… ”

“താൻ അല്ലേ പറഞ്ഞത് അവൻ അങ്ങ് മല മറിക്കുമെന്നു…
എന്നിട്ട് ഇപ്പോൾ എന്തായി… ”

കുറ്റബോധത്താൽ വിക്രം സാറിന്റെ തല കുനിഞ്ഞു പോയി…

“സർ നാട്ടിൽ നിന്നും വിഷ്ണുന്റെ ഫാമിലി വിവരം അറിഞ്ഞു എത്തിയിട്ടുണ്ട്… ”

“അവരോടു ഇപ്പോൾ ആരാ ഇങ്ങോട്ട് വരാൻ പറഞ്ഞത്…
ഇവിടെ വന്നിട്ട് എന്താ പ്രയോജനം…
അതും ഇനി താൻ വരുത്തിയതാണോ? ”

കണ്ണടയ്ക്കുള്ളിലൂടെ മിഴികൾ ഉയർത്തി ഉള്ള കേണലിന്റെ ചോദ്യം വിക്രം സാറിന് അത്ര സുഖിച്ചില്ല…

എങ്കിലും മറുപടി നൽകാതെ അയാൾ തല കുമ്പിട്ടു നിന്നു…

തന്റെ നശിച്ച ആത്മവിശ്വാസത്തെ പ്രാകി കൊണ്ടു വിക്രം സർ ക്യാബിനു പുറത്തേക്കു വന്നു…

ദൂരെ നിന്നേ അയാൾ കണ്ടു…
വേച്ചു വേച്ചു തനിക്കരികിലേക്കു വരുന്ന വിഷ്ണുവിന്റെ ഇന്ദുവിനെ…

തലയിൽ നിന്നും തൊപ്പി ഊരി ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു അയാൾ അവർക്കു അരികിലേക്ക് നടന്നു…

ഈ സമയം ഉറക്കത്തിൽ എന്തോ കണ്ടു വിഷ്ണു ഞെട്ടി ഉണർന്നു…