16/04/2026

എന്റെ പെണ്ണ് : ഭാഗം 15

രചന – നന്ദിത ദാസ്

“ഇപ്പോൾ എന്റെ ലോകം നീയാണ്… ഈ ജോലി എന്റെ പ്രാണനും… ഇത് രണ്ടും കൈവിട്ടു കളയാൻ എനിക്കു വയ്യ… ” “ഏട്ടാ… ” അവളുടെ ആർദ്രമായ വിളിയിൽ ഞാൻ ഒരല്പം കൂടി അവൾക്ക് അരികിലേക്ക് ചേർന്നു നിന്നു… “ഈ കണ്ണുകൾ ഇനി ഇങ്ങനെ നിറയാൻ പാടില്ല ഇന്ദു… എന്നെ ഓർത്തു ഒരിക്കലും നീ സങ്കടപ്പെടരുത്.. അത് ഒരിക്കലും എനിക്കു സഹിക്കാൻ കഴിയില്ല… നിന്റെ ഈ നിറഞ്ഞ കണ്ണുകൾ എന്റെ ആത്മാവിനെ തളർത്തുകയെ ചെയ്യുള്ളു… ” അവളുടെ മിഴികളിൽ ഉരുണ്ടു കൂടി താഴോട്ട് പിടഞ്ഞു വീണ കണ്ണീർ തുള്ളികൾ ഞാൻ വിരലുകൾ കൊണ്ട് തട്ടി കളഞ്ഞു… ” ഓരോ പട്ടാളക്കാരനും ആവേശത്തോടെ സ്വന്തം നാടിന്റെ സുരക്ഷക്ക് വേണ്ടി ഇറങ്ങിത്തിരിക്കുന്നത് അഭിമാനത്തോടെയും സന്തോഷത്തോടെയും മാത്രം ആണ്…

അവിടെ വേറെയൊരു വികാരത്തിനും സ്ഥാനം ഇല്ല… സ്വന്തം കുടുംബത്തിൽ നിന്നും അങ്ങനെ ഒരു സപ്പോർട്ട് കിട്ടുന്ന ജവാന്മാർക്ക് മാത്രമായിരിക്കും പൂർണ സംതൃപ്തിയോടെ ആ ജോലിയിൽ ഏർപ്പെടാൻ സാധിക്കുക… വീട്ടിൽ നിന്നും എനിക്ക് അത് കിട്ടുന്നുണ്ട്… പക്ഷേ അതിൽ എല്ലാം ഉപരിയായി ഇന്നെനിക്കു ആവശ്യം എന്റെ നല്ല പാതി ആകുന്നവളുടെ പിൻബലം ആണ്… അത് നീ എനിക്ക് നൽകില്ലേ ഇന്ദു…????? ” ഒരുപാട് പ്രതീക്ഷയോടെ ഞാൻ അവളുടെ കണ്ണുകളിലേക്കു നോക്കി… എന്റെ കൈത്തലം കൂട്ടി പിടിച്ചു ചെറു പുഞ്ചിരിയോടെ അവൾ മറുപടി പറഞ്ഞു… “മ്മ്… നൽകാം… ഉറപ്പായും… എനിക്ക് ഇപ്പോൾ ഒരുപാട് അഭിമാനം തോന്നുവാ എന്റെ ഏട്ടനെക്കുറിച്ചു ഓർക്കുമ്പോൾ…

ഒരിക്കലും ഏട്ടന്റെ ഇഷ്ടങ്ങളിലും സ്വാതന്ത്രത്തിലും കൈ കടത്താൻ ഞാൻ വരില്ല… എന്റെ മനസ്സിനെ ഞാൻ പറഞ്ഞു തിരുത്തിക്കോളാം ഏട്ടാ… ” ഇന്ദുവിന്റെ മറുപടി മനസ്സിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത സന്തോഷം ഉളവാക്കി… നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ അവളെ മുഖത്തോടു മുഖം ചേർത്തു നിർത്തി… “എനിക്കറിയാമായിരുന്നു… എന്റെ ഇന്ദു എന്നെ മനസ്സിലാക്കുമെന്നു… നീയാണ് പെണ്ണേ എന്റെ സ്വപ്നവും ജീവിതവും എല്ലാം… ഈ നെഞ്ച് തുടിക്കുന്ന ശബ്ദം നീ കേട്ടില്ലേ… ഇന്ദു.. ഇന്ദു.. ന്നു പറഞ്ഞാണ് ഈ ഹൃദയം തുടിക്കുന്നത് പോലും… ജീവന്റെ അവസാനതുടിപ്പ് വരെ അത് അങ്ങനെ ആയിരിക്കും… സ്റ്റിൽ ഐ ലവ് യൂ … ലവ് യൂ.. ഫോർഎവർ…. ” അറിയാതെ എന്റെ ചുണ്ടുകൾ ഞാൻ അവളുടെ മുഖത്തേക്കു അടുപ്പിച്ചു…

പെട്ടെന്ന് പെണ്ണ് ചിരിച്ചുകൊണ്ട് എന്നെ തള്ളി മാറ്റി… “Don’t do… don’t do ” ഞാൻ ഒരു ചമ്മലോടെ ഭിത്തിയിൽ തന്നെ തറഞ്ഞു നിന്നു… എന്റെ നിൽപ്പ് കണ്ടിട്ട് ദുഷ്ടത്തി ചിരി കടിച്ചമർത്തുന്നുണ്ട്… എന്നാലും സാരമില്ല മനസ്സ് തുറന്നൊന്നു സംസാരിച്ചപ്പോൾ വല്ലാത്തൊരു ആശ്വാസം തോന്നുന്നു… ഇന്ദുവും അതേ മാനസികാവസ്ഥയിൽ ആയിരുന്നു… ഇത്രനാളും മനസ്സിനുള്ളിൽ വീർപ്പുമുട്ടി കിടന്നതൊക്കെ എവിടേക്കോ ഒലിച്ചു പോയതായി അവൾക്കും തോന്നി… ഞങ്ങൾക്കിടയിലെ കുറച്ചു നിമിഷത്തെ മൗനത്തെ കീറിമുറിച്ചുകൊണ്ടു വീണ്ടും സംസാരത്തിനു തുടക്കം ഇട്ടത് അവളായിരുന്നു… “ഏട്ടാ…. പ്രീവെഡിങ് ഫോട്ടോ ഷൂട്ട് എനിക്ക് നിർബന്ധം ആണുട്ടോ… ടൈം ഒരുപാട് ഇല്ലെന്നു അറിയാം എങ്കിലും അത് വേണം… അന്ന് ഞാൻ സ്വപ്നത്തിൽ കണ്ടതുപോലെ തന്നെ.. ” “സ്വപ്നത്തിൽ കണ്ടോ? എന്ത്‌? ഒന്ന് തെളിച്ചു പറ പെണ്ണേ… ” “അന്ന് ഏട്ടൻ എന്നെ കാണാൻ വരുന്നതിന്റെ തലേന്ന് ഞാൻ ഒരു സ്വപ്നം കണ്ടു… ” അത്രയും പറഞ്ഞു നിർത്തിയിട്ടു അവളൊരു കള്ളച്ചിരിയോടെ എന്നെ നോക്കി…

ഈശ്വരാ ഈ കുരിപ്പു ഇനി വല്ല പണിയും തരാനായിരിക്കുമോ? ഞാൻ ആകാംക്ഷയോടെ അവളുടെ മുഖത്തേക്കു ഉറ്റു നോക്കി… “സ്വപ്നത്തിൽ ഞാൻ കണ്ടത് പട്ടാളവേഷമൊക്കെ ധരിച്ചു ആറടി പൊക്കത്തിൽ ഉള്ള ഒരു ചെക്കൻ എന്നെയും തോളിലിട്ട് നടന്നു നീങ്ങുന്നതായിട്ട് ആയിരുന്നു… പക്ഷേ ചെക്കന്റെ മുഖം എനിക്ക് അന്ന് കാണാൻ പറ്റിയില്ലാട്ടോ… പക്ഷേ… ഇപ്പോൾ ശരിക്കും കാണുന്നുണ്ട്… ” ഞാൻ ചുമ്മാ ചുറ്റും നോക്കുന്നതായി അഭിനയിച്ചുകൊണ്ടു ചോദിച്ചു… “എവിടെ? എന്നിട്ട് ആ ചെക്കനെ ഞാൻ കണ്ടില്ലല്ലോ? ” “ഹ ഹ ഹ… ആ ചെക്കനല്ലേ ഇപ്പോൾ എന്റെ മുന്നിൽ നിന്നു ഇങ്ങനെ പൊട്ടൻ കളിക്കുന്ന എന്റെ വിച്ചുണ്ണു….. ” ചിരിച്ചുകൊണ്ട് അവളത് പറഞ്ഞപ്പോൾ കൂടെ ഞാനും ചിരിച്ചുപോയി…

“ഹും… അപ്പോൾ ഞാനാരായി… പൊട്ടൻ അല്ലേ… എന്റെ പൊന്നു കൃഷ്ണൻകുട്ടി ഈ പെണ്ണിനെ സഹിക്കാൻ പോകുന്ന എനിക്ക് വല്ല അവാർഡും നീ കണ്ടു വെച്ചിട്ടുണ്ടോ… ” മുകളിലേക്കു കൈകൾ ഉയർത്തി ഇടം കണ്ണു ചലിപ്പിച്ചു കൊണ്ട് ഞാൻ അവളെ നോക്കി… “ഹോ… അത്ര പാട്പെട്ടു മോൻ ഇപ്പോൾ എന്നെ സഹിക്കണ്ട… ഹും ” “ഹയ്യോ… എന്ത്‌ പാട്… ഞാൻ സഹിക്കും… ഞാൻ മാത്രം സഹിച്ചോളാം… എന്തായാലും ഇന്ദു എന്ന ഈ റിവഞ്ചു ഏറ്റെടുക്കാൻ തന്നെ ഞാൻ തീരുമാനിച്ചു… ” “മ്മ്… എന്നാൽ ഓക്കേ… കട്ടക്ക് കട്ട ഞാനും… ” “ആഹ്… അപ്പോൾ നീ പറഞ്ഞ പ്രീ വെഡിങ് ഫോട്ടോ ഷൂട്ട്‌ നമുക്ക് പൊളിക്കണം… കോസ്റ്റ്യും വല്ലതും കണ്ടു വെച്ചിട്ടുണ്ടോ ” “യാ… ഏട്ടന് ആർമി യൂണിഫോം മതി… ഞാൻ സാരി ഉടുക്കാം… ” “ഹേയ് സാരി വേണ്ട… നീ ഒരു കുരിപ്പല്ലേ അപ്പോൾ സാരി ഉടുത്തു ഒരുപാട് അങ്ങ് ക്യൂട്ട് ആകാൻ നോക്കണ്ട… ”

“അങ്ങനെ ആണെങ്കിൽ പണ്ടത്തെ എന്റെ എൻ സി സി ടെ യൂണിഫോം ഇട്ടാലോ… അതാകുമ്പോൾ പൊളിക്കും… വെറൈറ്റി ആയിരിക്കും… ക്യാപ്പും ഗ്ലാസും എല്ലാം വെക്കാം… ” “ഐഡിയ കൊള്ളാം… പക്ഷെ പുതിയ ഡ്രസ്സ്‌ പെട്ടെന്ന് റെഡി ആക്കണ്ടേ… ആഹ് ഞാൻ അളിയനോട് കൂടി ഒന്ന് ആലോചിക്കട്ടെ… നിന്റെ ഇഷ്ടം അല്ലേ എന്റെ ഇഷ്ടം… ” ഞാൻ അത് പറഞ്ഞപ്പോൾ പെണ്ണിന്റെ മുഖം ഒന്നുകൂടി പുഞ്ചിരികൊണ്ട് തിളങ്ങി… ചുണ്ടിൽ പൊന്തി വന്ന വികാരത്തെ ഞാൻ സ്വയം കടിച്ചമർത്തി… കൂടുതൽ നേരം ഇവളുടെ മുന്നിൽ നിന്നാൽ എനിക്കെന്റെ കൺട്രോൾ നഷ്ടപ്പെടും… “എന്താ നിന്നു പിറു പിറക്കുന്നത്… ” “ഓഹ്… ഒന്നുമില്ല.. ഇടക്കൊന്നു ഉമ്മറിനെ ഓർത്തു പോയതാ… ” “ഹിഹിഹിഹി.. അന്ത ഭയം ഇരിക്കണം… അടുത്തോട്ടു വന്നാൽ ഡിഷ്യൂ…. ”

“പിന്നേ… ഒന്ന് പോടീ… ഇതിനൊക്കെ നിന്നോട് ഞാൻ പകരം എണ്ണി എണ്ണി ചോദിക്കും… ഈ കഴുത്തിൽ എന്റെ കൈകൊണ്ടു ഒരു താലി വീണോട്ടെ… കാണിച്ചു തരാമെടി… ” “ആയിക്കോട്ടെ തമ്പുരാനെ… കാണാം… നന്നായി തന്നെ കാണാം… ” “മ്മ്മ്മ്മ്… കാണാം… എന്നാൽ ഞാൻ ഇറങ്ങുവാ… ഇനി ഒന്നും എന്റെ മോൾക്ക് എന്നോട് പറയാൻ ഇല്ലല്ലോ… ഉണ്ടെങ്കിൽ ചേട്ടൻ ഫോൺ വിളിക്കുമ്പോൾ പറഞ്ഞാൽ മതി കേട്ടോ… ” “ആഹ്… ശരി… അയ്യോ മായ താഴെ ഉണ്ടെന്നല്ലേ പറഞ്ഞത്… അവളെയും ഉണ്ണിയേട്ടനെയും ഇങ്ങോട്ട് ഒന്ന് വിളിച്ചോണ്ട് വന്നിട്ട് പോകുമോ… ” “എന്തിനാ… അവർ അവിടെ കുറച്ചു നേരം സ്വസ്ഥമായി ഇരുന്നു സല്ലപിക്കട്ടെ… എനിക്കോ ആ ഭാഗ്യം ഇല്ല… അളിയൻ എങ്കിലും എൻജോയ് ചെയ്യട്ടെ… ” “അയ്യടാ… അതിനേ എന്റെ ഉണ്ണിയേട്ടൻ ഈ വിച്ചുണ്ണു നെ പോലെ പഞ്ചാരകുട്ടപ്പൻ ഒന്നും അല്ല… ആളെ ഡീസന്റ് ആണ്… മായയുടെ വിരൽ തുമ്പിൽ പോലും ഏട്ടൻ തൊടില്ല മോനേ… ”

“ഓഹ്… അവളും അവളുടെ ഒരു ഏട്ടനും… ഞാൻ ഇങ്ങനെയൊക്കെയാണ്… എന്റെ മോളു നന്നായി പാട്പെടും കേട്ടോ… ” “അങ്ങനെ ആകട്ടെ… ഇപ്പോൾ ഞാൻ പറഞ്ഞത് പോലെ രണ്ടാളെയും വിളിച്ചോണ്ട് വാ… എനിക്ക് ഈ സാരിയും പൊക്കി പിടിച്ചു കയറാനും ഇറങ്ങാനും ഒന്നും വയ്യ… ” “മ്മ് ശരി ശരി… ” വിഷ്ണുവേട്ടൻ താഴേക്കു ഇറങ്ങി പോകുന്നത് ഉള്ളിൽ ഒളിപ്പിച്ച പ്രണയത്തോടെ തന്നെ ഞാൻ നോക്കി നിന്നു… ഈ സ്നേഹം നഷ്ടപ്പെടുത്താൻ ആരാ ആഗ്രഹിക്കുക… മനസ്സറിയുന്ന പങ്കാളി ജീവിതകാലം മുഴുവൻ കൂടെ ഉള്ളതല്ലേ ഏതൊരു പെണ്ണിന്റെയും സന്തോഷം… ഒരു ദീർഘ നിശ്വാസത്തോടെ വിഷ്ണുവേട്ടൻ എന്റെ കൈയിൽ അണിയിച്ച മോതിരത്തെ ഞാൻ പ്രണയപൂർവ്വം തലോടി…. താഴോട്ട് സ്റ്റെപ് ഇറങ്ങി ചെന്നപ്പോൾ ഇന്ദുവിന്റെ അമ്മ എന്നെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്നു… ആ മുഖത്തെ പരിഭ്രമം എനിക്ക് വായിച്ചെടുക്കാൻ കഴിയുമായിരുന്നു… “എന്താ അമ്മേ ഇങ്ങനെ നോക്കുന്നത്… ”

“അത്… മോനെ ഇന്ദു… ” “അവൾ റൂമിൽ ഉണ്ടല്ലോ… എന്തുപറ്റി അമ്മേ ഒരു ടെൻഷൻ? ഒരു ടെൻഷനും വേണ്ടാട്ടോ… മനസ്സ് തുറന്നൊന്നു സംസാരിക്കേണ്ടത് അത്യാവശ്യം ആയിരുന്നു… സംസാരിച്ചു… എല്ലാം ഓക്കേ ആയി… ” “ഉണ്ണി മോനോട് സംസാരിക്കുന്നത് ഞാൻ കേട്ടിരുന്നു… റൂമിലേക്ക്‌ മോൻ കയറിപ്പോകുന്നതും കണ്ടു… എന്താകുമെന്നൊരു വല്ലാത്ത പേടി ഉണ്ടായിരുന്നു മനസ്സിൽ… പാവമാ എന്റെ കുട്ടി… അറിവില്ലായ്മ കൊണ്ട് അവൾ എന്തെങ്കിലും മോനോട് പറഞ്ഞിട്ടുണ്ടങ്കിൽ… ” അമ്മയെ പൂർത്തിയാക്കാൻ ഞാൻ സമ്മതിച്ചില്ല… “ഒരു തരത്തിലും ഉള്ള ആധി വേണ്ട അമ്മേ… ഇന്ദുനെ ഞാൻ നന്നായി മനസ്സിലാക്കിയിട്ടുണ്ട്… എന്നെ മനസ്സിലാക്കാൻ അവൾക്കും കഴിയുന്നുണ്ട്… ഞങ്ങൾ ഒരുമിച്ച് സന്തോഷമായിത്തന്നെ ജീവിക്കും… വാക്ക്.. ” അമ്മയുടെ കൈയിൽ എന്റെ കൈ ചേർത്തു വെക്കുമ്പോൾ എന്നിലെ ആ വിശ്വാസം അമ്മയുടെ കണ്ണുകളിലും കാണാൻ എനിക്ക് സാധിച്ചു…

“അളിയനും മായയും എവിടെ അമ്മേ…” “അപ്പുറത്തുണ്ട് മോനേ… ” അമ്മ ചൂണ്ടിക്കാണിച്ച ദിശയിലേക്കു ചിരിയോടെ ഞാൻ തിരിഞ്ഞു നടന്നു… “ഈ അളിയൻ ഇത് എവിടെ പോയോ എന്തോ… ആഹാ ദേ നിൽക്കുന്നു തേടിയ വള്ളി… ” ഞാൻ നോക്കുമ്പോൾ അളിയൻ ചിരിയോടെ ഒരു തൂണിൽ ചാരി നിൽക്കുന്നു… തൊട്ടപ്പുറത്ത് മാറി മായയും… കൈയും കാലുമൊക്കെ കാണിച്ചു മായ എന്തൊക്കെയോ കാര്യമായി സംസാരിക്കുന്നുണ്ട്… അളിയൻ അതെല്ലാം എൻജോയ് ചെയ്തങ്ങനെ നിൽക്കുവാണ്‌… സത്യം പറയാമല്ലോ അളിയൻ മുടിഞ്ഞ ഗ്ലാമർ ആണ്… കോളേജ് പെൺപിള്ളേരുടെ മുന്നിൽ പിടിച്ചു നിൽക്കണമെങ്കിൽ ആള് ഇന്ദു പറഞ്ഞത് പോലെ എക്സ്ട്രാ ഡീസന്റ് തന്നെയാകണം…

അതെങ്ങനെ ആങ്ങളയും പെങ്ങളും രൂപത്തിലും ഭാവത്തിലും ഒരേ പോലെ അല്ലേ… എന്തായാലും ഞാനും മായയും ഭാഗ്യം ഉള്ളവരാണ്… അല്ലെങ്കിൽ എന്റെ ഇന്ദുനെ പോലെ ഒരു പെണ്ണിനെ എനിക്കും അളിയനെപോലെ ഒരു ചെക്കനെ ഞങ്ങളുടെ മായയ്ക്കും കിട്ടില്ലല്ലോ… “ഹലോ… അളിയാ… എനിക്കങ്ങോട്ട് വരാമോ? ” “ഇതെന്ത് ചോദ്യമാ അളിയാ… വാ ഇങ്ങോട്ട് പോരെ… ” “എന്തായി ഇവളുടെ കഥകളിയൊക്കെ കഴിഞ്ഞോ… ” “ഒന്ന് പോ വിച്ചുവേട്ടാ… ” മായ പരിഭവം നടിച്ചു… എനിക്ക് അതിശയം ആയിരുന്നു… കല്യാണമേ വേണ്ടാന്ന് പറഞ്ഞു നടന്ന പെണ്ണാ… ആഹ് എല്ലാത്തിനും അതിന്റെതായ സമയം ഉണ്ടെന്നു പറയുന്നത് എത്ര ശരിയാ… “രണ്ടാളെയും ഇന്ദു തിരക്കുന്നുണ്ട്… വിളിച്ചോണ്ട് ചെല്ലാൻ എന്നെ പറഞ്ഞു വിട്ടേക്കുവാ… ” “അവിടെ എന്തായി അളിയാ ഇന്ദുന്റെ പരിഭവം എല്ലാം പറഞ്ഞു തീർത്തോ? ” “അതൊക്കെ ഓക്കേ ആയി അളിയാ… പിന്നെ അവൾ എന്നോടൊരു കാര്യം ആവശ്യപ്പെട്ടിട്ടുണ്ട് അളിയന്റെ അഭിപ്രായം കൂടി അറിയണം… ”

“അതെന്താ…??? ” ഇന്ദു പറഞ്ഞ പ്രീ വെഡിങ് ഫോട്ടോ ഷൂട്ടിന്റെ കാര്യം ഞാൻ ഉണ്ണി അളിയനോട് സൂചിപ്പിച്ചു… അവളുടെ ആഗ്രഹം പോലെ തന്നെ ചെയ്യാമെന്ന് അളിയനും വാക്ക് തന്നു… തിരികെ ഞങ്ങൾ ഒരുമിച്ചാണ് ഇന്ദുവിന്റെ അരികിലേക്ക് പോയത്… വാതിൽക്കൽ തന്നെ അക്ഷമയോടെ ഞങ്ങളെയും കാത്തു അവൾ നിൽപ്പുണ്ടായിരുന്നു… “കൊള്ളാം നല്ല ആളാ… പെട്ടെന്ന് വരാൻ പറഞ്ഞിട്ട് ഇത് എന്തെടുക്കുവായിരുന്നു… ” “ഓഹ് സോറി സോറി… കുറച്ചു നേരം സംസാരിച്ചു നിന്നുപോയി… അങ്ങ് ക്ഷമിക്കേടോ… ” “ആഹ്… ഉണ്ണിയേട്ടൻ ഇങ്ങു വന്നേ… ” “എന്താ മോളെ… ” അളിയനോട് അവൾ എന്തോ രഹസ്യത്തിൽ സൂചിപ്പിക്കുന്നത് കണ്ടു… എന്തോ ഓർത്തതുപോലെ അളിയൻ ചിരിച്ചുകൊണ്ട് എന്നെയും മായയെയും ഒന്ന് നോക്കി… (തുടരും )