രചന – നന്ദിത ദാസ്
ഫ്രഷ് ആയി വന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ശ്രീയെയും ഹസ്ബൻഡിനെയും കാണാൻ റൂമും പൂട്ടി കോർട്ടറിനു പുറത്തിറങ്ങി…
കാളിംഗ് ബെല്ലിൽ വിരൽ അമർത്തി…
സെക്കന്റുകൾക്കുള്ളിൽ വാതിൽ തുറക്കപ്പെട്ടു…
ഹർഷേട്ടൻ ആയിരുന്നു വാതിൽ തുറന്നു വന്നത്…
പുറകേ തന്നെ ശ്രീയും ഉണ്ടായിരുന്നു…
“വാ… വരൂ… രണ്ടാളും കയറി ഇരിക്കൂ… ”
“ഹർഷേട്ടാ….
ഞാൻ പറഞ്ഞില്ലേ… ഇതാണ് ഇന്ദുവും വിഷ്ണുവേട്ടനും… ”
ഹർഷൻ എനിക്ക് നേരെ കൈകൾ നീട്ടി…
ചെറിയ ഒരു പരിചയപ്പെടുത്തൽ…
ഞങ്ങളുടെ രണ്ടാളുടെയും യൂണിറ്റും ഡിപ്പാർട്മെന്റും വേറെ വേറെ ആയിരുന്നതിനാൽ അപരിചിതത്വം മാറാൻ ആ പരിചയപ്പെടൽ നന്നായി…
ഇന്ദുവിനെ കണ്ട പാടെ ശ്രീ കൂട്ടിക്കൊണ്ടു പോയി…
രണ്ടാളുടെയും വർത്തമാനവും പൊട്ടിച്ചിരിയും ഇവിടെ ഹാൾ വരെ മുഴങ്ങി കേൾക്കാമായിരുന്നു…
ഹർഷ് ചെറിയ ഒരു നീരസത്തോടെ എന്നെ നോക്കി…
ആ നോട്ടത്തിന്റെ അർത്ഥം എനിക്കു മനസ്സിലായി…
വായാടികളായ ഭാര്യമാർ ഉള്ള എല്ലാ ഭർത്താക്കന്മാരുടെയും നിസ്സഹായത…
ഹർഷന്റെ കൈയിൽ അമർത്തി പിടിച്ചുകൊണ്ടു ഞാൻ പറഞ്ഞു…
“അത് അവരുടെ സന്തോഷം അല്ലേ…
നമുക്ക് അതിൽ തല ഇടണ്ട…
ശരിക്കും പറഞ്ഞാൽ ഇതൊക്കെ ഇപ്പോൾ ആസ്വദിക്കുകയാണ്….
ഒറ്റപ്പെടൽ ഒരുപാട് അനുഭവിക്കുന്നവരല്ലേ നമ്മൾ ”
ഞാൻ അത് പറഞ്ഞപ്പോൾ ഹർഷൻ എന്നെ നോക്കി മനോഹരമായി ഒന്ന് പുഞ്ചിരിച്ചു…
“വിഷ്ണു പറഞ്ഞത് നൂറു ശതമാനം സത്യമാണ്…
കല്യാണം കഴിഞ്ഞു ഞാൻ അനുഭവിച്ച ആ ഒറ്റപ്പെടൽ ശ്രീ ഇവിടെ വന്നു കഴിഞ്ഞാണ് മാറി കിട്ടിയത്…
ശ്രീയെക്കുറിച്ചു പറയുവാണേൽ ആളൊരു കുറുമ്പി ആണ്…
നാവിനു ഒരു ബെല്ലും ബ്രേക്കും ഇല്ല…
നോൺ സ്റ്റോപ്പ് ആണ് സംസാരം…
വിഷ്ണുവിന് അരോചകം ആകുമെന്ന് കരുതി അതാണ് കുറച്ചു മുൻപ് വല്ലാതായി പോയത്… ”
” ഹേയ്… എന്റെ ഇന്ദുവും അങ്ങനെയൊക്കെ തന്നെയാണ്…
പാവമാ…
നാട്ടിൻപുറവും അതിന്റെ നന്മകളും അറിയണമെങ്കിൽ ശാലീനത നിറഞ്ഞ മലയാളി പെൺകുട്ടികൾ തന്നെയാ എന്തുകൊണ്ടും നമുക്ക് യോജിച്ചത്… ”
“മ്മ്… അതേ… ”
ജോലിയെക്കുറിച്ചും ഫാമിലിയെക്കുറിച്ചും എല്ലാം ഞങ്ങൾ പരസ്പരം സംസാരിച്ചു…
ഹർഷന് ഒരു ഇരട്ട സഹോദരൻ ഉണ്ട്…
ഹരീഷ്… പുള്ളിയും പട്ടാളത്തിൽ തന്നെ…
ഇപ്പോൾ പഞ്ചാബിൽ ആണ്…
ഹർഷനെ കാഴ്ചയിൽ നല്ല ക്യൂട്ട് ആണ്…
ആള് നല്ല മെലിഞ്ഞിട്ടാണ്…
ചെറിയ മുഖം…
പക്ഷേ നല്ല ഹൈറ്റ് ഉണ്ട്… അതുകൊണ്ട് ആയിരിക്കും വണ്ണം തോന്നിക്കാത്തത്….
വെറും സിമ്പിൾ ആയ ഒരു മനുഷ്യൻ…
എന്റെ പ്രായമൊക്കെ കാണുള്ളൂ..
പക്ഷേ സംസാരത്തിൽ നിന്നും മനസ്സിലാകും ആള് നല്ല ആക്റ്റീവ് ആണെന്ന്…
ഞങ്ങൾ സംസാരിച്ചുകൊണ്ടു ഇരുന്നിടത്തേക്കു ഇന്ദുവും ആ കുട്ടിയും വന്നു…
ഇന്ദു എന്റെ അടുത്തായി വന്നിരുന്നു…
ഒരു ബൗൾ എന്റെ നേരെ നീട്ടികൊണ്ടു ശ്രീ പറഞ്ഞു…
“ദാ വിഷ്‌ണുവേട്ടാ…
ക്യാരറ്റ് ഹൽവ…
ഞാൻ ഉണ്ടാക്കിയതാണ്…
കഴിച്ചിട്ട് അഭിപ്രായം പറയണം… ”
ഞാൻ ചിരിച്ചു കൊണ്ടു അവളുടെ കൈയിൽ നിന്നും അത് വാങ്ങി…
ഇന്ദുവും കഴിക്കാൻ തുടങ്ങി…
“ഇവിടെ ഇവള് ഇങ്ങനെ ഓരോ പരീക്ഷണങ്ങള് നടത്തും…
പരീക്ഷണ വസ്തു ഞാൻ ആണെന്ന് മാത്രം… ”
അതും പറഞ്ഞു ഹർഷൻ പൊട്ടിച്ചിരിച്ചു…
“ദേ ചെക്കാ… മിണ്ടാതിരിക്കുന്നുണ്ടോ… ഇവര് പോയിട്ട് ഞാൻ തരാട്ടോ… ”
ശ്രീ ഹർഷന് മാത്രം കേൾക്കാൻ പാകത്തിൽ സംസാരിച്ചു…
“വളരെ നന്നായിട്ടുണ്ട് ശ്രീ…
നീ എന്നെകൂടി ഇതെല്ലാം പഠിപ്പിച്ചു തരണേ…
എന്നിട്ടു വേണം ഏട്ടന് ഇതെല്ലാം ഉണ്ടാക്കി കൊടുക്കാൻ… ”
ഏട്ടൻ എന്നെ എന്തിനാ മുത്തേ എന്ന ഭാവത്തിൽ ഒന്ന് നോക്കി…
ഞാൻ ചുമ്മാ കണ്ണിറുക്കി കാണിച്ചു…
“ഹൽവ വളരെ നന്നായിട്ടുണ്ട് കേട്ടോ.. ”
“താങ്ക്സ് വിഷ്ണുവേട്ട… ”
“എന്നാൽ ഞങ്ങൾ ഇറങ്ങട്ടെ…
ഇടയ്ക്ക് നിങ്ങളും അങ്ങോട്ട് ഇറങ്ങു… ”
“ഹയ്യോ പോകുവാണോ…
വന്നതല്ലേ ഉള്ളു…
ഡിന്നർ കഴിച്ചിട്ട് പോയാൽ മതി…
ശ്രീ നിങ്ങൾക്കായി എല്ലാം റെഡി ആക്കിയിട്ടുണ്ട്… ”
ഹർഷന്റെയും ശ്രീയുടെയും കണ്ണുകളിൽ വല്ലാത്തൊരു ആശങ്ക നിറഞ്ഞു…
ഒടുവിൽ അവരുടെ നിർബന്ധത്തിനു വഴങ്ങി ഡിന്നറും കഴിച്ചാണ് അവിടുന്ന് ഇറങ്ങിയത്…
ഇന്ദു ഹാപ്പി ആണെന്ന് പ്രേത്യേകിച്ചു പറയേണ്ട കാര്യം ഇല്ലാലോ…
പെണ്ണ് നിലത്തൊന്നും അല്ല…
റൂമിൽ തിരിച്ചെത്തിയ ഉടനെ ഉറക്കം വരുന്നു എന്നും പറഞ്ഞു അവളു ബെഡിലേക്കു കമഴ്ന്നു വീണു…
എനിക്കും നല്ല ക്ഷീണം ഉണ്ടായിരുന്നു…
കിടന്നത് മാത്രമേ ഓർമ ഉള്ളു ഉറങ്ങിപ്പോയി…
പിറ്റേന്ന് ഓഫ് ആയിരുന്നു…
ഇന്ദുവിനെ ഇവിടൊക്കെ ചുറ്റി നടന്നൊന്നു കാണിക്കണമെന്ന് തോന്നി…
അതിനുവേണ്ടി പ്രത്യേകം ചോദിച്ചു വാങ്ങിച്ച ഓഫ് ആണ്…
പുറത്ത് നിന്നും കഴിക്കാമെന്നുള്ള ഉദ്ദേശത്തിൽ രാവിലെ തന്നെ ഞങ്ങൾ ക്യാമ്പിന് വെളിയിൽ വന്നു…
മലയാളീസ് ഹോട്ടലിൽ കയറി ചൂട് ദോശയും ചട്ണിയും കഴിച്ചു…
“ഇനി പറ പെണ്ണേ എവിടെക്കാ നിനക്ക് ആദ്യം പോകേണ്ടത്?? ”
“ശ്രീ പറഞ്ഞ സീതാ കേവിൽ തന്നെ ആദ്യം പോയേക്കാം… ”
“കുറച്ചു റിസ്ക് ആണ് കേട്ടോ…
ഭൂമിക്കുഅടിയിലോട്ടു കുറച്ചു മാറിയാണ് സീതാ ദേവി മറഞ്ഞു എന്ന് പറയുന്ന ആ കേവ്…
ഇവിടുന്നു കുറച്ചു മാറി പഞ്ചവടി എന്ന സ്ഥലത്തു…
മുട്ടിൽ ഇഴഞ്ഞു വേണം നമുക്ക് അതിനുള്ളിൽ കടക്കാൻ…
നിനക്ക് പറ്റുമോ?? ”
“എല്ലാരും പോകുന്നതല്ലേ… പിന്നെന്താ എനിക്കു പറ്റിയാൽ…
പോരാത്തതിന് എന്റെ കൂടെ മൈ സ്വീറ്റ് ബോയ് ഉണ്ടല്ലോ… ”
“അയ്യടാ… എന്താ ഒരു സോപ്പ്…
മ്മ്.. വാ… പോയേക്കാം… ”
യാത്രയിൽ ഉടനീളം ആ നാടിനെക്കുറിച്ചുള്ള ഒരു ഏകദേശ ഐഡിയ എനിക്ക് ഏട്ടൻ പറഞ്ഞു തന്നു…
ഒരുപാട് ക്ഷേത്രങ്ങളുടെ നാടാണ് ഇത്…
പല ചരിത്രങ്ങളും ഉറങ്ങിക്കിടക്കുന്ന മണ്ണു…
അതിൽ ഒന്നാണ് സീതാദേവി മറയപ്പെട്ടു എന്ന് പറയുന്ന ഈ സീതാ കേവ്…
രാമന്റെ പേരിലുള്ള ക്ഷേത്രവും അതിന്റെ തൊട്ടടുത്തായി തന്നെ ഉണ്ട്…
ഏട്ടൻ ഓരോന്ന് എന്നോട് വിവരിച്ചു കൊണ്ടിരുന്നു…
നമ്മുടെ നാട്ടിലെ അമ്പലങ്ങളെ പോലെ ഒന്നും ആയിരുന്നില്ല അവിടുത്തെ ക്ഷേത്രങ്ങൾ….
വലിയ കരിങ്കല്ലിൽ തീർത്ത കൂറ്റൻ ക്ഷേത്രങ്ങൾ…
അതിന്റെ ഓരോ തൂണിന് പോലും ഒരാനയുടെ വലിപ്പം കാണും…
സീതാ കേവിലേക്കു മുട്ടിൽ ഇഴഞ്ഞു പോകുക എന്നത് ഏട്ടൻ പറഞ്ഞത് പോലെ കുറച്ചു ബുദ്ധിമുട്ടായിരുന്നു…
അകത്തോട്ടു ചെല്ലുംതോറും ഇരുട്ടു കൂടി കൂടി വന്നു…
പക്ഷേ ഒട്ടും ഭയം തോന്നിയില്ല…
ഏട്ടൻ കൂടെ ഉള്ളതാണ് എന്റെ ശക്തി എന്ന് ഞാൻ തിരിച്ചറിഞ്ഞു…
എല്ലാം കണ്ടിറങ്ങി കുറച്ചു നേരം അവിടുത്തെ തൂണിൽ ചാരി ഇരുന്നു…
“പെണ്ണേ നിനക്ക് വൈൻ വേണോ?? ”
“വൈനോ?? എവിടെ?? ”
“വേണോ… വേണ്ടയോ… അത് പറ…
നല്ല ഫ്രഷ് സാധനം ആണ്… ”
“എന്നാൽ വേണം… ”
“അയ്യടി… എന്നിട്ട് വേണം തലയ്ക്കു പിടിച്ചിട്ടു പാട്ടും പാടി നടക്കാൻ… ”
“ഓഹ്… ഞാൻ ഇതുവരെ കുടിച്ചിട്ടൊന്നും ഇല്ല… തലയ്ക്ക് പിടിക്കുമോ ഇല്ലിയോന്നും അറിയില്ല… ”
“ഇവിടെ അടുത്തൊരു വൈൻ ഫാക്ടറി ഉണ്ട്…
സുലാ വൈൻ…
പോകാൻ നേരം നമുക്ക് അവിടൊന്നു കയറാം…
ഭയങ്കര ഫേമസ് ആണ്… ”
“മ്മ്… ഒക്കെ ഡൺ ”
ഓരോ യാത്രയും ഞങ്ങൾ ശരിക്കും ആഘോഷിച്ചു…
ഇന്ദുവിന്റെ കൈയും പിടിച്ചു ത്രയംബകേശ്വര ക്ഷേത്രത്തിൽ പോയി തൊഴുതു…
വിളിച്ചാൽ വിളിപ്പുറത്താണ്…
പണ്ട് ഫ്രണ്ട്സുമായി ഒരുപാട് തവണ ഈ ക്ഷേത്രത്തിൽ വന്നിട്ടുണ്ട്…
അന്നൊക്കെ ഒരു അപൂർണ്ണത തോന്നിയിരുന്നു…
ഇപ്പോൾ ഇന്ദുവിന്റെ കൈയും പിടിച്ചു ഇവിടേക്ക് വന്നപ്പോൾ ഇതാണ് ജീവിതത്തിലെ ഏറ്റവും നല്ല മുഹൂർത്തം എന്ന് തോന്നിപ്പോയി…
“ഏട്ടാ… ഹോയി… ഡാ പൊട്ടാ… എന്താലോചിച്ചു നിൽക്കുവാ… ”
“ഡീ പെണ്ണേ… കൂടുന്നുണ്ട് നിനക്ക്…
എന്റെ കയ്യിന്നു ഒന്നും വാങ്ങിച്ചു കൂട്ടരുത് പറഞ്ഞേക്കാം… ”
മീശ മുകളിലേക്കു പിരിച്ചു ഞാൻ അവളെ രൂക്ഷമായി ഒന്ന് നോക്കി…
“ഞാൻ പണ്ടേ പറഞ്ഞില്ലേ മീശ പിരിച്ചാൽ ഞാൻ പേടിക്കില്ലന്നു…
ഒന്ന് പോ ചെക്കാ… ”
“ആഹാ അത്രക്കായോ… ഇവളെ ഞാൻ ഇന്ന്…. ”
അപ്പോളേക്കും ചിരിച്ചു കൊണ്ടു അവൾ ഓടി…
ഞാൻ പുറകെയും…
കുറേ കഴിഞ്ഞു ക്ഷീണിച്ചു രണ്ടാളും തോളോട് തോള് ചേർന്നിരുന്നു…
ഓരോ യാത്രയും പുതിയ ഒരുപാട് അനുഭൂതികൾ സമ്മാനിച്ചു…
ജീവിതം ശരിക്കും ആഘോഷിക്കുകയായിരുന്നു ഞങ്ങൾ…
പാഞ്ചനേരി ഹിൽസിലേക്കുള്ള യാത്ര ആദ്യം ഇന്ദു വളരെ ആസ്വദിച്ചിരുന്നെന്നെങ്കിലും പിന്നീട് അങ്ങോട്ട് അവളുടെ മുഖത്തെ ക്ഷീണം ഞാൻ വായിച്ചറിയുന്നുണ്ടായിരുന്നു…
“വയ്യ ഏട്ടാ… ഇനി ഒരടി മുകളിലേക്കു കയറാൻ എനിക്കു വയ്യ… ”
“ആഹ് ബെസ്റ്റ്… എന്തായാലും പകുതിയിൽ കൂടുതലായി… ഇനി എന്തായാലും കുന്നിനു മുകളിൽ ചെന്നിട്ടെ ഉള്ളു ബാക്കി കാര്യം… ”
നടുവിന് കൈയും കൊടുത്തു നിൽക്കുന്ന അവളെ ഞാൻ പൊക്കിയെടുത്തു മുകളിലേക്കു കയറി…
“അശ്ശോ… ന്റെ മുത്താണ്… ”
അതും പറഞ്ഞു അവളെന്റെ കവിളിൽ ചുംബിച്ചു…
അവളുടെ കണ്ണുകളിലേക്കു നോക്കി ഞാൻ ഓരോ ചുവടും മുന്നോട്ടു വെച്ചു…
ഒടുവിൽ മുകളിൽ എത്തിയതും പോലും അറിഞ്ഞില്ല…
അവളെ താഴെ നിർത്തി…
ചുറ്റും മലനിരകൾ…
പച്ചയിൽ പൊതിഞ്ഞു കാടും മരങ്ങളും എല്ലാം…
ഇന്ദു ഉച്ചത്തിൽ കൂവി…
തിരിച്ചു അത് പ്രതിധ്വനിച്ചു കേട്ടു…
“എന്തോന്നാ പെണ്ണേ ഇത്… ”
“കേട്ടില്ലേ… നമ്മള് പറയുന്നത് മലനിരകൾ തിരിച്ചും പറയും…
വിച്ചു എന്തെങ്കിലും ഒന്ന് ഉറക്കെ പറഞ്ഞേ… ”
“ഇന്ദൂ… ഐ…. ലവ്….. യൂ… ”
കുന്നും തിരിച്ചു പറഞ്ഞു… ഇന്ദൂ… ഐ ലവ്… യൂ…
അതൊരു രസമായി മാറി…
രണ്ടാളും മാറിയും തിരിഞ്ഞും വിളിച്ചു….
ഒടുവിൽ ക്ഷീണിച്ചു…
“ഹിഹിഹി… കുറച്ചു നേരത്തേക്ക് വീണ്ടും ആ നാലാം ക്ലാസുകാരൻ ആയിപോയി ഞാൻ… ”
“ഞാനും…
അല്ല ഏട്ടൻ ആ കഥ നാലാം ക്ലാസിൽ ആണോ പഠിക്കുന്നത്?? ”
“ഏത് കഥ?? ”
“ഒരു വഴക്കാളി ചെക്കൻ വീട്ടിൽ എല്ലാരോടും എപ്പോളും വഴക്കുണ്ടാക്കും…
കൊച്ചു കുട്ടി ആണെങ്കിലും അവനു ആരെയും ഇഷ്ടം അല്ലായിരുന്നു…
ഞാൻ നിന്നെ വെറുക്കുന്നു എന്ന് എല്ലാരോടും പറഞ്ഞു കൊണ്ടു നടക്കും…
ഒരുദിവസം അവന്റെ മുത്തശ്ശി അവനെ ഒരു മലയിലേക്കു കൂട്ടിക്കൊണ്ടു പോയി…
എന്നിട്ട് പറഞ്ഞു ഇനി ഞാൻ നിന്നെ വെറുക്കുന്നു എന്ന് ഉറക്കെ പറയാൻ പറഞ്ഞു…
ചെക്കൻ ഞാൻ നിന്നെ വെറുക്കുന്നു എന്ന് വിളിച്ചു കൂവി…
തിരിച്ചു മലയും പറഞ്ഞു ഞാൻ നിന്നെ വെറുക്കുന്നു…
ഓരോ തവണ അവൻ അങ്ങനെ പറയുമ്പോളും മലയും അതേ പോലെ തിരിച്ചു പറഞ്ഞു…
ഒടുവിൽ സങ്കടം മൂലം ചെക്കൻ കരയും…
അപ്പോൾ മുത്തശ്ശി പറഞ്ഞു
മോൻ കരയണ്ട… മലയോടു ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറയാൻ…
അവനത് പറഞ്ഞപ്പോൾ മലയും ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് പറഞ്ഞു…
അപ്പോൾ ചെക്കന് സന്തോഷം ആയി…
അപ്പോൾ മുത്തശ്ശി പറഞ്ഞു…
നമ്മള് സ്നേഹിച്ചാലേ മറ്റുള്ളവരും നമ്മെ സ്നേഹിക്കുള്ളു… നമ്മള് വെറുത്താൽ മറ്റുള്ളവരും നമ്മളെ വെറുക്കും…
അങ്ങനെ എന്തായാലും മുത്തശ്ശിയുടെ പരീക്ഷണം വിജയിച്ചു…
ചെക്കൻ പിന്നീട് ആരോടും വഴക്കുണ്ടാക്കാതെ മര്യാദരാമനായി ജീവിച്ച കഥ ഏട്ടന് അറിയില്ലേ… ”
“ഇല്ലടോ… ഞാൻ ഇപ്പോളാണ് ഈ കഥ കേൾക്കുന്നത്…
എന്തായാലും നല്ല മെസ്സേജ് ഉള്ള കഥ… ”
” ആറാം ക്ലാസ്സിൽ
രമ ടീച്ചർ പഠിപ്പിച്ചതാ… ഇപ്പോൾ കുന്നു കണ്ടപ്പോൾ ഒന്ന് പരീക്ഷിച്ചു നോക്കിയതാ… ”
“മ്മ് അല്ലെങ്കിലും ഇങ്ങനെ കുറേ ഉണ്ടല്ലോ എന്റെ പെണ്ണിന്റെ കൈയിൽ… ”
ഞാൻ അവളുടെ മടിയിലേക്കു തല ചായ്ച്ചു…
പിന്നെയും കുറേനേരം അവിടെ ചിലവഴിച്ചിട്ടാണ് തിരികെ ഇറങ്ങിയത്…
ഇറങ്ങാൻ നേരം എന്റെ കാലൊന്നു സ്ലിപ് ആയി…
അവളു വന്നെന്നെ പെട്ടെന്ന് പിടിച്ചു…
കണ്ണുകളൊക്കെ നിറഞ്ഞു ഒഴുകാനും തുടങ്ങി…
ഞാൻ ഒന്നും മിണ്ടിയില്ല…
പതുക്കെ അവളുടെ കൈയും പിടിച്ചു ഇറങ്ങി…
താഴെ എത്തിയപ്പോൾ ഞാൻ ചോദിച്ചു…
“പേടിച്ചു പോയോ പെണ്ണേ?? ”
“ഒരു നിമിഷം ഹൃദയം നിന്നതു പോലെ തോന്നി…
ഒരുപാട് സന്തോഷിക്കണ്ട ഏട്ടാ…
എനിക്കെന്തോ പേടി തോന്നുന്നു…
നമുക്ക് പെട്ടെന്ന് തിരിച്ചു പോകാം… ”
“ആഹ് പോകാം…
നീ കണ്ണൊക്കെ തുടയ്ക്കു… ഞാൻ ഇല്ലേ കൂടെ… എന്തിനാ ഈ പേടി… ”
അവളുടെ കൈയിൽ മുറുകി പിടിച്ചെങ്കിലും ആ നിമിഷം ഞാനും ഒന്നും പകച്ചു പോയിരുന്നു…
ഇന്ദു വന്നെന്നെ പിടിച്ചില്ലായിരുന്നെങ്കിൽ… ഓഹ് ഓർക്കാൻ കൂടി വയ്യ…
എന്തൊക്കെയോ കഴിച്ചെന്നു വരുത്തി നേരെ കോർട്ടറിലേക്കു തിരിച്ചു…
റൂമിൽ ചെന്നു ഫ്രഷായി ബെഡിലേക്കു വീണു…
ഇന്ദു വന്നെന്റെ അടുത്തിരുന്നു…
“എന്താ ഏട്ടാ… സുഖം ഇല്ലേ… ”
“ഒരു കുഴപ്പവും ഇല്ല…
നീ ഇങ്ങുവാ… വന്നെന്റെ അടുത്ത് കിടന്നേ…”
ഞാൻ അവളെ വലിച്ചു എന്നോട് ചേർത്ത് കിടത്തി…
**************
ദിവസങ്ങൾ ഓടി ഓടി പോയിക്കൊണ്ടിരുന്നു… ഇന്ദു വന്നിട്ടിപ്പോൾ മൂന്ന് മാസം കഴിഞ്ഞു…
അവളിപ്പോൾ നന്നായി ഫുഡ് ഉണ്ടാക്കാൻ പഠിച്ചു…
ഇവിടുത്തെ സാഹചര്യങ്ങളോടും എന്റെ നൈറ്റ് ഡ്യൂട്ടിയോടും എല്ലാം വളരെ പെട്ടെന്ന് തന്നെ അഡ്ജസ്റ്റട് ആയി….
ഓഫ് കിട്ടുമ്പോൾ പുറത്തൊക്കെ ചുറ്റാൻ പോകുന്നത് ഒരു ശീലമാക്കി…
എന്തിനും ഏതിനും അവൾക്കിപ്പോൾ ശ്രീയും ഉണ്ട് കൂട്ടു…
ബാൽക്കണിയിൽ അവളു നട്ടു വളർത്തുന്ന പനിനീർ ചെടി അവിടമാകെ പരിമളം പരത്തി വിലസി നിൽക്കുന്നു…
ഇടക്കിടക്ക് ഹരിയേട്ടനും ജോണും ഗ്യാങ്ങും വരാറുണ്ടായിരുന്നു…
വന്നു കഴിഞ്ഞാൽ അന്നൊരു മേളക്കൊഴുപ്പാണ്…
എല്ലാവർക്കും അവളെ വല്യ കാര്യമായിരുന്നു…
എന്നോട് മാത്രം ഒരു കാരണവും ഇല്ലാതെ അവൾ വഴക്കുണ്ടാക്കും…
ചെറിയ ചെറിയ സൗന്ദര്യപിണക്കങ്ങൾ….
പക്ഷേ ഒരു രാത്രിക്ക് അപ്പുറം ഞങ്ങളുടെ പിണക്കങ്ങൾ നീണ്ടു പോകാറില്ലായിരുന്നു…
നാട്ടിൽ നിന്നും എല്ലാരും ദിവസവും വിളിക്കും…
ഉണ്ണി അളിയൻ ഭയങ്കര സെന്റി ആണ് പെങ്ങളെ കാണാത്തതിൽ…
രണ്ടാളും ഫോണിൽ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ എന്റെ കാര്യം മറന്ന മട്ടാണ് പെണ്ണ്…
അങ്ങനെ ജീവിതം ഇണങ്ങിയയും പിണങ്ങിയും ആഘോഷിച്ചു വരുവായിരുന്നു ഞങ്ങൾ…
പക്ഷേ രണ്ടു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ഇന്ദുവിന് എന്തോ മാറ്റം വന്നതുപോലെ…
സാധാരണ നാവിനു വിശ്രമം കൊടുക്കാതെ പലതും പറഞ്ഞു എന്റെ പിന്നാലെ കൂടുന്ന പെണ്ണാണ്…
ഇപ്പോൾ ഏത് നേരവും ഫോണിൽ തോണ്ടി ഇരിപ്പാണ്…
ആരോടോ കാര്യമായിട്ട് ചാറ്റാണ്…
പക്ഷേ അവളുടെ മുഖത്ത് ഒട്ടും തെളിച്ചവും ഇല്ല…
എന്തായിരിക്കും അവളെ അലട്ടുന്ന ആ പ്രശ്നം…
ഞാനായിട്ട് ഒന്നും ചോദിക്കാൻ പോയില്ല…
എന്താണെങ്കിലും അവൾക്കു എന്നോട് തുറന്നു പറയാമല്ലോ…
അങ്ങനെ ആയിരുന്നല്ലോ ഞങ്ങൾക്കിടയിൽ…
ചിന്തകൾ കാടു കയറി തുടങ്ങിയപ്പോൾ ബ്രേക്ക്‌ഫാസ്റ്റ് മതിയാക്കി ഞാൻ കൈ കഴുകാനായി എഴുന്നേറ്റു… ….
“ഒന്നും കഴിച്ചില്ലാലോ ഏട്ടാ… എന്തുപറ്റി?? ”
“മതി… വിശപ്പില്ല…
ഞാൻ എങ്കിൽ ഇറങ്ങുവാ… ഉച്ചയ്ക്ക് നേരെത്തെ വരാം… ”
“മ്മ്… ”
പതിവ് ചുംബനവും നൽകി ഞാൻ ഡ്യൂട്ടിക്ക് പോയി….
വിഷ്ണു പോയ ഉടനെ ഇന്ദു ശ്രീയെ വിളിച്ചു…
ഇപ്പോൾ അവളാണ് ഇന്ദുവിന് എല്ലാം…
***
ഉച്ചയ്ക്ക് കഴിക്കാൻ വന്നപ്പോൾ വാതിൽ തുറന്നു തന്നെ കിടപ്പുണ്ടായിരുന്നു…
ഇവൾ എന്താ വാതിൽ ഇങ്ങനെ തുറന്നു മലർത്തി ഇട്ടിരിക്കുന്നത്…
“ഇന്ദൂ… ” ന്നു
വിളിച്ചു കൊണ്ടു ഞാൻ അകത്തേക്ക് കയറി…
സോഫയിൽ കൈ നെറ്റിത്തടങ്ങളിൽ അമർത്തി കിടക്കുവായിരുന്നു അവൾ…
എന്റെ വിളി കേട്ടു അവൾ ഞെട്ടി ഉണർന്നു…
“സോറി ഏട്ടാ… ഞാൻ ഉറങ്ങി പോയി…
ശ്രീ ഉണ്ടായിരുന്നു ഇത്രയും നേരം ഇവിടെ…
ഹർഷേട്ടൻ വന്നിട്ട് വിളിച്ചു…
ഇപ്പോൾ അങ്ങോട്ട് പോയതേ ഉള്ളു… ”
“മ്മ്… ”
“ഏട്ടൻ കൈ കഴുകി ഇരിക്കു…
ഞാൻ ഫുഡ് എടുക്കാം… ”
ഞാൻ കൈ കഴുകി ഇരുന്നു…
ഇന്ദു എന്റെ കണ്ണുകളിലേക്കു നോക്കി..
എന്തോ കള്ളത്തരം ഉണ്ട്…
അവളുടെ നോട്ടം കണ്ടാൽ എനിക്കു അറിയാം…
ഫുഡ് വിളമ്പിയിട്ട് ഇന്ദു ബെഡ്റൂമിലേക്ക് പോകുന്നത് കണ്ടു…
ഉടൻ തന്നെ തിരിച്ചും വന്നു…
എന്റെ മുഖത്തേക്ക് ഒന്നുകൂടി നോക്കിയിട്ട് കൈയിൽ ഉണ്ടായിരുന്ന എന്തോ ഒന്ന് അവളു ടേബിളിന്റെ പുറത്തേക്കു വെച്ചു….
അതിലേക്കും ഇന്ദുവിന്റെ മുഖത്തേക്കും ഞാൻ മാറി മാറി നോക്കി….
(തുടരും )

by