രചന – നന്ദിത ദാസ്
പുറകേ ആരോ പിന്തുടരുന്നതുപോലെ തോന്നി…
സൈക്കിളിന്റെ ബെൽ മുഴങ്ങി കേൾക്കുന്നുണ്ട്…
ഞാൻ സ്പീഡ് കുറച്ചു…
തിരിഞ്ഞു നോക്കണോ…
വേണ്ട… അത് അവനാകും…
എന്റെ മനസ്സ് അങ്ങനെ പറയുന്നുണ്ടായിരുന്നു…
സൈക്കിളിന്റെ സ്പീഡ് കുറച്ചപ്പോൾ പുറകേ വന്ന ആള് ഒപ്പം കൂടി…
പക്ഷേ എന്തുകൊണ്ടോ അവനെയൊന്നു നോക്കാൻ പോലും എനിക്കായില്ല…
ആള് എന്റെ ഒപ്പം തന്നെ ഉണ്ടെങ്കിലും അവനും ഒന്നും മിണ്ടുന്നുണ്ടായിരുന്നില്ല…
ഇവന്റെ വായിൽ എന്താ ജിഗ്ഗരി ഉണ്ട വല്ലതും ഇരിപ്പുണ്ടോ…
ഒന്ന് വായ് തുറന്നു സംസാരിച്ചാൽ എന്താ…
ഒരേ രീതിയിൽ… ഒരേ വേഗത്തിൽ തന്നെയാണ് രണ്ടാളും സൈക്കിൾ ചവിട്ടുന്നത്…
അവനെ ഒന്ന് വട്ടം കറക്കാൻ തന്നെ ഞാൻ തീരുമാനിച്ചു…
മെയിൻ റോഡിൽ നിന്നും മാറി അമ്പലത്തിന്റെ ഭാഗത്തുകൂടിയാണ് ഞാൻ സാധാരണ പോവുക…
ഇവൻ എന്നെ പിന്തുടർന്നു വന്നതാണോന്ന് അറിയണമെങ്കിൽ റൂട്ട് മാറ്റുന്നതായിരിക്കും നല്ലതെന്നു തോന്നി…
പെട്ടെന്ന് എന്തോ ഓർത്തതുപോലെ ഞാൻ സൈക്കിളിൽ നിന്നും ഇറങ്ങി തിരികെ ലെഫ്റ്റ് സൈഡിൽ കൂടിയുള്ള റോഡിലേക്ക് കയറി…
എന്നിട്ട് സ്പീഡിൽ ചവുട്ടി പോയി…
ഞാൻ പുറകിലേക്കൊന്നു തിരിഞ്ഞു നോക്കി…
കത്തിച്ചു വിട്ടതുപോലെ ആള് പുറകേ പാഞ്ഞു വരുന്നു…
ആഹാ മനസ്സിന് ഇപ്പോൾ എന്താ ഒരു സുഖം…
ആ വരവ് കണ്ടപ്പോൾ എനിക്ക് ചിരി പൊട്ടി…
മ്മ്മ്… അപ്പോൾ ആള് വിടുന്ന ലക്ഷണം ഒന്നും ഇല്ല…
ആളൊഴിഞ്ഞ ഭാഗത്തു എത്തിയപ്പോൾ ഞാൻ സൈക്കിൾ ബ്രേക്ക് ചെയ്തു നിർത്തി…
പുറകിൽ പരുങ്ങി നിൽക്കുന്നുണ്ട് അവൻ…
“ഇയാൾക്ക് എന്താ വേണ്ടത്?? എന്തിനാ എന്റെ പുറകേ വരുന്നത്? ”
പതിഞ്ഞ ശബ്ദത്തിൽ ഞാൻ അത് ചോദിച്ചപ്പോൾ അവൻ പെട്ടെന്ന് മുഖം താഴ്ത്തി കളഞ്ഞു…
“ഡോ… ചോദിച്ചത് കേട്ടില്ലേ…?? ”
“ഒപ്പം വരാൻ തോന്നി… ”
വിക്കി വിക്കി അവൻ മറുപടി തന്നു…
സൈക്കിൾ സ്റ്റാൻഡിൽ വെച്ചിട്ട് രണ്ടു കൈയും നെഞ്ചിൽ പിണച്ചു കെട്ടിക്കൊണ്ടു എന്തിനെന്ന ഭാവത്തിൽ ഞാൻ അവനെ നോക്കി…
അവൻ മറുപടി ഒന്നും തന്നില്ല… പകരം എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി അങ്ങനെ നിൽക്കുകയാണ്…
ഒരുനിമിഷം അവന്റെ നോട്ടത്തിൽ ഞാനും പതറിപ്പോയി…
മൊത്തത്തിൽ ഞാൻ അവനെയൊന്നു വീക്ഷിച്ചു…
പെണ്കുട്ടികളുടേതു പോലെയുള്ള വിടർന്ന കണ്ണുകൾ…
അതിനെ പൊതിഞ്ഞു നീളമുള്ള കൺപീലികളും…
മൂക്കിന് താഴെ അങ്ങിങ്ങായി മുളച്ചു പൊന്തിയ ചെറിയ പൊടിമീശ…
താടിയിൽ ഒരു ചുഴി…
വെളുത്ത വട്ടമുഖത്തു അങ്ങിങ്ങായി ചുവന്നു നിൽക്കുന്ന മുഖകുരുക്കൾ…
അനുസരണ ഇല്ലാതെ നെറ്റിയിലേക്ക് ഉതിർന്നു വീണു കിടക്കുന്ന കോലൻ മുടി…
ഒരു നിമിഷം എന്റെ ചുണ്ടിലൊരു പുഞ്ചിരി വിടർന്നു…
അത് കണ്ടു അവനും ചിരിച്ചു…
കൂടുതലൊന്നും പറയാതെ ഞാൻ സൈക്കിൾ എടുത്തു ഉരുട്ടിക്കൊണ്ടു മുന്നോട്ടു നടന്നു…
ഒപ്പം അവനും…
ഇടക്കിടക്ക് ചെറിയ നോട്ടങ്ങൾ കൈ മാറിയതല്ലാതെ എന്റെ വീടെത്തുവോളം ഞങ്ങൾ ഒരക്ഷരം മിണ്ടിയില്ല…
ഗേറ്റ് തുറന്നു അകത്തേക്ക് കയറാൻ നേരം ഞാൻ അവനെ ഒന്ന് നോക്കി…
ഒന്നും മിണ്ടാതെ സൈക്കിളും എടുത്തു അവൻ വന്ന വഴിയേ തിരികെ പോയി…
പരസ്പരം ഒന്നും സംസാരിക്കാതെ ഇരുന്നതിൽ എനിക്ക് നല്ല കുറ്റബോധം തോന്നി…
അത് മാത്രം അല്ല അന്നത്തെ ദിവസം ഒരു വക പഠിക്കാനും തോന്നിയില്ല…
മനസ്സ് മുഴുവൻ ആ കണ്ണുകൾ ആയിരുന്നു…
ആ മുഖം ഓർത്തെടുക്കുംതോറും വല്ലാത്തൊരു സന്തോഷം മനസ്സിൽ നിറയുന്നതായി തോന്നി…
ഉണ്ണിയേട്ടനെ വിളിച്ചു സംസാരിക്കുന്ന കൂട്ടത്തിൽ സാഗറിനെപ്പറ്റി പറയാൻ മറന്നില്ല…
മനസ്സിൽ എന്ത് തോന്നിയാലും ആദ്യം ഷെയർ ചെയ്യുന്നത് ഏട്ടനോട് ആയിരുന്നു…
എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടന് അതിശയം…
“സത്യം പറ ഇന്ദു ഇനി നിനക്കു അവനോടു ഇഷ്ടം വല്ലതും തോന്നുവാ?? ”
“എനിക്കറിയില്ല ഉണ്ണിയേട്ടാ… പക്ഷെ ഇതുവരെ ആരോടും തോന്നാത്ത ഒരു ഫീലിംഗ്….
അവന്റെ കണ്ണുകളിൽ നോക്കുമ്പോൾ ഞാൻ സ്വയം മറന്നു പോകുന്നതുപോലെ… ”
“മ്മ്… സംഗതി സീരിയസ് ആകുമെന്ന് തോന്നുന്നല്ലോ…
കുട്ടിയാ നീ അതോർമ്മ വേണം…
വെറുതെ ചിറ്റപ്പന്റെയും അപ്പച്ചിടെയും കൈയിൽ നിന്നും തല്ല് വാങ്ങി കൂട്ടണ്ട…
ഇതൊക്കെ പ്രായത്തിന്റെ ചാപല്യം ആണ്…
വെറും ഇൻഫാചുവേഷൻ……
അത് കൊണ്ട് വെറുതെ ഇരുന്നു മനോരാജ്യം കാണാതെ എന്റെ മോള് പോയി പുസ്തകം എടുത്തു നാലക്ഷരം പഠിക്കാൻ നോക്കൂ… ”
“ഞാൻ പഠിച്ചോളാം ഉണ്ണിയേട്ടാ…
ഇതുവരെ ഞാൻ ആരെയും പ്രേമിക്കാൻ പോയിട്ടില്ലലോ…
പക്ഷേ… അവനോടു എനിക്ക് വല്ലാത്തൊരു അടുപ്പം തോന്നുന്നു ഏട്ടാ… തമാശ ഒന്നും അല്ല… അവനും എന്നെ ഇഷ്ടം ആണ്… ”
“അത് അവൻ വന്നു നിന്നോട് പറയട്ടെ അപ്പോൾ തരാം ഇതിനുള്ള മറുപടി…
ഇപ്പോൾ എന്റെ മോള് പോയി പഠിക്കാൻ നോക്കൂ… ”
“മ്മ്.. ”
ആദ്യമായിട്ടാണ് എനിക്കൊരു ചെക്കനോട് ഇത്ര അടുപ്പം തോന്നുന്നത്…
കൂട്ടുകാരികളിൽ ചിലർക്കൊക്കെ ട്യൂഷനിൽ ഉള്ള ചില ആൺസുഹൃത്തുക്കളുമായി ലവ് ഉണ്ട്…
അതിനൊന്നും വല്യ സപ്പോർട്ട് കൊടുക്കാത്ത ഞാൻ ഇതും പറഞ്ഞു അവളുമാരുടെ മുന്നിൽ ചെന്നാൽ നാറിയത് തന്നെ…
പലതും ആലോചിച്ചു കിടന്നു…
ഉറങ്ങുമ്പോളും ആ മുഖം മാത്രം ആയിരുന്നു മനസ്സിൽ…
പിറ്റേന്നും ഞങ്ങൾ തമ്മിൽ കണ്ടു…
ഒളിഞ്ഞും തെളിഞ്ഞുമുള്ള നോട്ടം ഞങ്ങൾ ശരിക്കും ആസ്വദിക്കുക തന്നെ ചെയ്തു…
പലപ്പോഴും മൗനം ആയിരുന്നു ഞങ്ങൾക്കിടയിലെ ഭാഷ…
എന്നെ ഇഷ്ടം ആണെന്ന് അവനോ അവനെ ഇഷ്ടം ആണെന്ന് ഞാനോ പറഞ്ഞില്ല..
പക്ഷെ ഞങ്ങളുടെ കണ്ണുകൾ തമ്മിൽ പറഞ്ഞു കൊണ്ടേ ഇരുന്നു ഞങ്ങൾ പ്രണയത്തിൽ ആണെന്ന്…
അധികം വൈകാതെ മൃദു ആ വലിയ സത്യം കണ്ടുപിടിച്ചു…
“എടി ഇന്ദു… ആ സാഗർ എന്നാ നോട്ടം ആണ് നിന്നെ…
മിക്കവാറും അവന്റെ കൊട്ടേഷൻ നിനക്കു വീഴും… നീ നോക്കിക്കോ… ”
അവളത് പറഞ്ഞപ്പോൾ ഉള്ളാലെ ഞാൻ ചിരിച്ചെങ്കിലും പുറമെ അവളോട് പരിഭവം നടിച്ചു…
സ്കൂളിൽ ക്ലാസുകൾ റെഗുലർ ആയി തുടങ്ങി…
പഠിത്തവും എക്സ്ട്രാകരികുലർ ആക്ടിവിറ്റീസുമായി ദിവസങ്ങൾ ഓരോന്നും കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു…
വരാന്തയിൽ കുട്ടികളുടെ തിരക്കിനിടയിൽ ഞാനും സാഗറും തോളുരുമ്മി നടക്കാനും ആരും കാണാതെ വിരൽ കോർത്തു നടക്കാനും തുടങ്ങി…
ആരും കാണാതെയും അറിയാതെയും ഞങ്ങളുടെ ഇഷ്ടം തഴച്ചു വളർന്നുകൊണ്ടേ ഇരുന്നു…
എൻ സി സി യുടെ എൻ എസ് എസ് ക്യാമ്പിൽ വെച്ചാണ് ഞങ്ങൾ തമ്മിൽ കൂടുതൽ അടുത്തത്…
അന്ന് ആരും കാണാതെ അവനെന്റെ വിരലിൽ നീലക്കല്ലു പതിപ്പിച്ചൊരു മോതിരം അണിയിച്ചു…
നോട്ട്ബുക്കിനുള്ളിൽ ഒളിപ്പിച്ചു വെച്ചു ഇഷ്ടങ്ങളും അനിഷ്ടങ്ങളും എഴുതി കൈമാറി…
അക്ഷരങ്ങളിലൂടെ ആയിരുന്നു ഞങ്ങൾ കൂടുതലും സംസാരിച്ചത്…
നേരിട്ട് കാണുമ്പോൾ ഞങ്ങൾക്കിടയിൽ മൗനം തളം കെട്ടി നിന്നിരുന്നു..
അതുകൊണ്ട് തന്നെ ഉണ്ണിയേട്ടനല്ലാതെ ഒരാൾ പോലും ഞങ്ങളുടെ ഇഷ്ടത്തെ അറിഞ്ഞിരുന്നില്ല… ആർക്കും സംശയവും ഉണ്ടായില്ല…
എന്നാൽ യാദൃശികമായി അവന്റെ അച്ഛൻ… സ്കൂളിലെ പി ടി സർ മകന്റെ കള്ളത്തരം കൈയോടെ പിടിച്ചു…
അന്ന് അവനെ പൊതിരെ തല്ലി… വേദന കൊണ്ട് അവൻ നിലവിളിച്ചിട്ടും ഒരു ദാക്ഷണ്യവും ഇല്ലാതെ അയാൾ അവനെ ചതച്ചരച്ചു…
അവന്റെ ബാഗിൽ നിന്നും കിട്ടിയ ലെറ്റർ ആയിരുന്നു അതിനുള്ള കാരണം…
പക്ഷെ ലെറ്റെറിൽ ഞങ്ങൾ പരസ്പരം പേര് എഴുതാത്തത് കൊണ്ട് അത് ഞാൻ ആണെന്ന് അയാൾക്ക് മനസ്സിലായില്ല…
എത്ര തല്ലിയിട്ടും അവൻ എന്റെ പേര് പറഞ്ഞതും ഇല്ല…
രണ്ടു ദിവസം അവൻ സ്കൂളിൽ വന്നില്ല…
എനിക്കാകെ പേടിയായി…
എന്തു പറ്റിയതാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടിയില്ല…
അന്ന് വൈകിട്ടു സ്കൂൾ വിട്ടപ്പോൾ ഞാൻ രണ്ടും കല്പിച്ചു അവന്റെ വീട്ടിലേക്കു പോയി…
ആരെങ്കിലും ചോദിച്ചാൽ നോട്ട് ബുക്ക് വാങ്ങാൻ വന്നത് ആണെന്ന് കളവു പറയാമെന്നും കരുതി…
വാതിൽ തുറന്നത് അവന്റെ അമ്മ ആയിരുന്നു…
വെളുത്തു മെലിഞ്ഞ ഒരു സ്ത്രീ…
അവരെന്നെ സന്തോഷത്തോടെ വിളിച്ചു അകത്തിരുത്തി…
സാഗറിനെ വിളിച്ചു…
കരഞ്ഞു കലങ്ങിയ കണ്ണുകളുമായി അവൻ എന്റെ മുന്നിൽ നിന്നു…
മുഖമൊക്കെ ചുവന്നു തുടുത്തിരുന്നു…
കൈയും കാലും നീര് വന്നു വീർത്തിരിക്കുന്നു…
നന്നേ വെളുത്ത അവന്റെ ശരീരം മുഴുവൻ പച്ചിച്ചും നീലിച്ചും ചതഞ്ഞിരിക്കുന്നു…
ഒരു അച്ഛനു ഇത്ര ക്രൂരനാകാൻ പറ്റുമോ… അതും സ്വന്തം മകനോട്…
അവന്റെ സങ്കടവും വേദനയും എന്റെ ഹൃദയത്തെ ചുട്ടു പൊള്ളിച്ചു…
അവന്റെ അമ്മയിൽ നിന്നും ഞാൻ എല്ലാം മനസ്സിലാക്കി…
അവര് പറഞ്ഞ പല കാര്യങ്ങളിൽ നിന്നും അച്ഛനെന്ന ആ മനുഷ്യന്റെ ക്രൂരത ഞാൻ മനസ്സിലാക്കി…
സ്വന്തം മകനെയും ചേർത്തു പിടിച്ചു വിതുമ്പുന്ന ഒരമ്മ…
ആ വീട്ടിൽ അവരുടെ ഇഷ്ടങ്ങൾക്കും വാക്കുകൾക്കും ഒരു വിലയും ഇല്ലെന്ന് ഞാൻ തീർച്ചപ്പെടുത്തി…
“മോളുടെ കാര്യം മോൻ എപ്പോളും പറയും…
ഇവനെ പറഞ്ഞു പിന്തിരിപ്പിക്കാൻ ഒരുപാട് ശ്രമിച്ചതാണ് ഞാൻ… പക്ഷേ ഇവൻ കേൾക്കാൻ കൂട്ടാക്കിയില്ല…
കുട്ടികൾ അല്ലേ നിങ്ങൾ… വളരുമ്പോൾ ഈ ഇഷ്ടമൊക്കെ മാറും… ”
ഒന്ന് നിർത്തിയിട്ട് ആ അമ്മ എന്റെ തലയിൽ തലോടി പറഞ്ഞു…
“ഇനി വളരുമ്പോളും ഈ ഇഷ്ടം അങ്ങനെ തന്നെ ഉണ്ടെങ്കിൽ ഈ അമ്മ നിങ്ങളുടെ കൂടെ നിൽക്കും… ”
നിറഞ്ഞ കണ്ണുകൾക്കിടയിൽ ഞങ്ങൾ പുഞ്ചിരിച്ചു…
യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങാൻ തുടങ്ങി…
തൊട്ടു മുന്നിൽ തീ പാറുന്ന കണ്ണുകളുമായി ആ ദുഷ്ടൻ..
എല്ലാം അയാൾ കേട്ടിരിക്കുന്നു…
ഞാൻ ഈയലു പോലെ വിറയ്ക്കാൻ തുടങ്ങി…
ഇപ്പോൾ താഴെ വീഴുമെന്ന സ്ഥിതിയിലായി…
സാഗറിന്റെ അവസ്ഥയും അത് തന്നെ…
അയാളുടെ കൈയിൽ ഇരുന്ന വലിയ ചൂരൽ എന്റെ കാൽമുട്ടിന് പുറകിലുള്ള മാംസളമായ ഭാഗത്തു ഉയർന്നു താഴ്ന്നു…
ആദ്യ അടിയിൽ തന്നെ തൊലി പൊട്ടി ചോര തെറിച്ചു…
അമ്മ ഓടി വന്നു അയാളെ തടഞ്ഞു…
കാലു പൊട്ടി ചോര വന്നെന്നു കണ്ടപ്പോൾ അയാൾ ഒന്ന് പതറി…
വേദനകൊണ്ട് ഞാൻ പുളഞ്ഞു…
അച്ഛനോ അമ്മയോ ടീച്ചേഴ്‌സോ ആരും ഇതുവരെ തല്ലിയിട്ടില്ല…
ആദ്യമായാണ് ശരീരം നോവുന്നത്…
വാശിയോടെ ചാടി എഴുന്നേറ്റ് ഞാൻ നിലത്തു വീണു കിടന്ന ചൂരൽ ഒടിച്ചു പല കഷ്ണങ്ങളായി എടുത്ത് എറിഞ്ഞു…
അയാൾ നന്നായി വിറകൊള്ളുന്നുണ്ടായിരുന്നു…
കൊല്ലാനുള്ള ദേഷ്യം എനിക്ക് അയാളോട് തോന്നി…
അമ്മയുടെയും സാഗറിന്റെയും കരച്ചിൽ കണ്ടപ്പോൾ ഞാൻ ഒരല്പം അടങ്ങി…
അമ്മ എന്റെ മുറിവിൽ മരുന്ന് വെച്ചു കെട്ടി തന്നു… എങ്ങനൊക്കെയോ ഉന്തി തള്ളി എന്നെ വീടിനു പുറത്തെത്തിച്ചു…
കണ്ണും തുടച്ചുകൊണ്ടു സൈക്കിൾ എടുത്തു സ്പീഡിൽ ചവിട്ടി ഞാൻ വീട്ടിലെത്തി…
കാലുകൊണ്ട് സൈക്കിൾ ഒരു തട്ടും കൊടുത്തു ചാടി തുള്ളി ഞാൻ വീടിനുള്ളിലേക്ക് കയറി…
പൊത്തോ എന്ന ശബ്ദത്തോടെ സൈക്കിൾ താഴെ വീണു…
ശബ്ദം കേട്ടു അമ്മ ഓടി വന്നു…
ആപ്പിൾ വൈറ്റ് ഷർട്ടും മെറൂൺ കളർ പാവാടയും ആണ് യൂണിഫോം…
പാവാട കാൽമുട്ടിന് താഴെ ഒരല്പം ഇറക്കത്തിൽ കിടക്കുന്നതുകൊണ്ടു മുറിവ് അമ്മ കാണാൻ ചാൻസ് ഇല്ല…
ഡോർ വലിച്ചടച്ചു റൂമിനുള്ളിൽ കയറി ഞാൻ നിയന്ത്രണം വിട്ടു കരഞ്ഞു…
ശരീരത്തിനേറ്റ മുറിവിനേക്കാൾ ഭയങ്കരം ആയിരുന്നു മനസ്സിനേറ്റ അപമാനം…
അമ്മ എത്ര വിളിച്ചിട്ടും ഞാൻ വാതിൽ തുറന്നില്ല…
ഒടുവിൽ ഉണ്ണിയേട്ടനെ വിളിച്ചു വരുത്തി…
ഉണ്ണിയേട്ടനെ കണ്ടതോടെയാണ് ഞാൻ ശാന്തം ആയത്…
രണ്ടു ദിവസം സ്കൂളിൽ പോകാൻ ഞാൻ കൂട്ടാക്കിയില്ല…
പിന്നീട് ഉണ്ണിയേട്ടനാണ് എന്നെ സ്കൂളിൽ കൊണ്ടാക്കിയത്…
അച്ഛനും അമ്മയും ആരും ഒന്നും അറിഞ്ഞില്ല…
ആരോടും ഒന്നും പറയണ്ട എന്ന് കരുതി…
ഞാൻ കാരണം ആ പാവത്തിന് അടി കൊള്ളേണ്ട എന്ന് കരുതി സാഗറിന്റെ കണ്മുന്നിൽ നിന്നും ഞാൻ ഒഴിഞ്ഞു മാറി നടന്നു…
ഇന്റർവെല്ലിനു പോലും ക്ലാസിനു പുറത്തിറങ്ങിയില്ല…
എന്നെ കാണുമ്പോൾ എല്ലാം പി ടി സർ ദഹിപ്പിച്ചു നോക്കിയിട്ട് പോകും…
ഞങ്ങൾ തമ്മിൽ അകന്നു എന്ന് തന്നെ അയാളും വിശ്വസിച്ചു…
പക്ഷേ അയാൾക്കറിയില്ലലോ കാണാത്ത ഓരോ നിമിഷവും ഞങ്ങളുടെ ഉള്ളിന്റെ ഉള്ളിലെ സ്നേഹം കൂടി കൂടി വരുവാണെന്നു…
എത്രയൊക്കെ പൊതിഞ്ഞു പിടിച്ചാലും ഞങ്ങൾ അതൊക്കെ മറികടക്കുമെന്നു അയാൾ പോലും കരുതികാണില്ല…
ഏട്ടൻ സാഗറിനെപോയി കാണുകയും സംസാരിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തു…
അത് അവനു വലിയ ഒരു ആശ്വാസം ആയിരുന്നു…
ഞങ്ങൾക്കിടയിലെ വീർപ്പുമുട്ടൽ അവസാനിപ്പിച്ചത് ഉണ്ണിയേട്ടൻ ആയിരുന്നു…
ഉണ്ണിയേട്ടൻ എന്റെ ഏട്ടൻ ആണെന്ന് അയാൾ അറിയാഞ്ഞിടത്തോളം കാലം പഴയതുപോലെ വീണ്ടും ഞങ്ങൾ സ്നേഹിച്ചു തുടങ്ങി…
ഒരാൾക്കും വേണ്ടി പരസ്പരം വിട്ടു കൊടുക്കില്ലെന്ന് പ്രതിജ്ഞയും ചെയ്തു…
രണ്ടാളും പഠിത്തത്തിൽ ശ്രദ്ധിക്കണമെന്നും ബാക്കി കാര്യം ഏട്ടൻ നോക്കിക്കോളാമെന്നും ഞങ്ങൾക്ക് വാക്ക് തന്നു…
പത്താംക്ലാസിലെ വലിയ പരീക്ഷ വന്നു…
നന്നായി പ്രീപയർ ചെയ്തു…
ആത്മവിശ്വാസത്തോടെ തന്നെ എക്സാം എഴുതി…
റിസൾട്ട് വന്നു… എനിക്കും സാഗറിനും ഫുൾ എ പ്ലസ്…
ഇരട്ടി സന്തോഷം…
പഠിച്ച സ്കൂളിൽ തന്നെ ഞങ്ങൾക്ക് അഡ്മിഷൻ കിട്ടി…
എനിക്ക് കോമേഴ്‌സ് ആയിരുന്നു താല്പര്യം…
സാഗറിന്റെ അച്ഛന് അവൻ സയൻസ് എടുക്കണമെന്നും…
ആദ്യമായി അവൻ അയാളെ ധിക്കരിച്ചു കോമേഴ്‌സ് തിരഞ്ഞെടുത്തു…
അങ്ങനെ ബോയ്സ് ഒൺലി ഗേൾസ് ഒൺലി ക്ലാസ്സിൽ പഠിച്ച ഞങ്ങൾ ഒരുമിച്ച് മിക്സഡ് ക്ലാസ്സിലേക്ക്…
ഒരിക്കൽ നഷ്ടപ്പെട്ടുപോയ ഞങ്ങളുടെ സന്തോഷം വീണ്ടും തിരികെ കിട്ടി…
കണ്ണുരുട്ടി പേടിപ്പിക്കാൻ ഇവിടെ പി ടി സർ ഇല്ല …
പുതിയ കുറേ സൗഹൃദങ്ങൾ കിട്ടി…
കൂടെ ഒരുപിടി നല്ല അധ്യാപകരെയും…
സാഗർ ഒന്നുകൂടി ചുള്ളനായി…
എല്ലാവരുടെയും മുന്നിൽ ഞങ്ങൾ ബെസ്റ്റ് ഫ്രണ്ട്‌സിനെപോലെ ആയിരുന്നു…
ഞങ്ങൾ തമ്മിൽ പ്രണയത്തിൽ ആണെന്ന് ആർക്കും സംശയം തോന്നാതിരിക്കാൻ പരമാവധി ശ്രമിച്ചു…
ഉണ്ണിയേട്ടൻ സാഗറിനെ സ്വന്തം അളിയനായി തന്നെ കണ്ടു…
ഏട്ടനും അവനെ ഒരുപാട് ഇഷ്ടം ആയിരുന്നു…
എല്ലാർക്കും ഇഷ്ടം ആകും അവനെ അത്രയ്ക്ക് പാവം ആയിരുന്നു അവൻ…
നാട്ടിൽ മകരഭരണി ഉത്സവം നടക്കുന്ന ദിവസം…
അന്നാണ് എല്ലാം കീഴ്മേൽ മറിഞ്ഞത്…
ഉച്ചക്ക് സദ്യയൊക്കെ കഴിച്ചിട്ട് ഉണ്ണിയേട്ടനും ഞാനും കെട്ടുത്സവം നടക്കുന്ന മൈതാനത്തേക്ക് പോയി…
സാഗറും അവിടെ വരാമെന്നു പറഞ്ഞിരുന്നു…
കൊട്ടും കുഴലും മേളവുമായി ഉത്സവം പൊടി പൊടിക്കുന്നു…
കോല്ഐസ്ക്രീം നുണഞ്ഞുകൊണ്ട് ഞാനും മേളത്തിനൊത്തു താളം പിടിച്ചു….
വലിയ നന്ദികേശന്മാരും ആനയും തേരും എല്ലാം കൺകുളിർക്കെ കണ്ടു മേളം ആസ്വദിച്ചു നിൽക്കുമ്പോളാണ് ആൾക്കൂട്ടത്തിനിടയിൽ ഉണ്ണിയേട്ടൻ സാഗറിനെ കണ്ടത്…
എന്റെ കൈയിൽ മുറുകെ പിടിച്ചു കൊണ്ട് ഏട്ടൻ അങ്ങോട്ട് പോകാനായി തുടങ്ങിയപ്പോൾ അനൗൺസ്മെന്റ് മുഴങ്ങി…
ദീപാരാധനയ്ക്കു മുൻപ് നന്ദികേശ രൂപങ്ങളും മറ്റെല്ലാം തന്നെ അമ്പലത്തിൽ എത്തിചേരണമെന്ന്…
മൈതാനത്തിൽ നിന്നും ഇതെല്ലാം റോഡു മാർഗ്ഗം വേണം അമ്പലത്തിൽ എത്തിക്കാൻ…
തിക്കും തിരക്കും കൂടി…
പൊക്കത്തിലുള്ള നന്ദികേശ രൂപങ്ങൾ ലൈൻ കമ്പിയിലും വശങ്ങളിൽ ഉള്ള മരങ്ങളിലും ടച്ച് ചെയ്യാതിരിക്കാൻ അതിനു പുറത്ത് ഇരിക്കുന്ന ആളുകൾ ശ്രദ്ധിക്കുന്നുണ്ട്…
അങ്ങനെ പോകുന്ന കൂട്ടത്തിൽ തടസമായി നിന്ന പ്ലാവിന്റെ വലിയൊരു ചില്ല മുറിച്ചു മാറ്റേണ്ടതായി വരുമെന്ന് കേട്ടു…
ചിലർ അത് മുറിക്കരുതെന്നും ചിലർ മുറിക്കണമെന്നും വാശി പിടിച്ചു…
ഉണ്ണിയേട്ടൻ എന്നെയും കൊണ്ട് ദൂരേക്ക് മാറി നിന്നു…
സാഗർ ഞങ്ങളെ കണ്ടു… അവൻ ഞങ്ങളുടെ അടുത്തേക്ക് നടന്നടുത്തു…
പെട്ടെന്ന് ഒരു തടസ്സമായി ആ ദുഷ്ടൻ അവന്റെ മുന്നിലേക്ക് കയറി നിന്നു… സാഗറിന്റെ അച്ഛൻ…
അവനോടു തിരികെ നടക്കാൻ ആജ്ഞാപിക്കുന്നതായി ഞങ്ങൾ കണ്ടു…
മനസില്ലാ മനസ്സോടെ അവൻ നടന്നകന്നതും ഊക്കോടെ വെട്ടി ഇട്ട പ്ലാവിന്റെ കൊമ്പ് ലൈനിൽ തൂങ്ങിയാടി പോസ്റ്റിനെ രണ്ടായി മുറിച്ചു കൊണ്ട് താഴേക്കു പതിച്ചു…
ഞങ്ങൾ നോക്കി നിൽക്കേ സാഗറിന്റെ തലയുടെ പിൻഭാഗത്തായാണ് അത് വന്നു പതിച്ചത്…
ചുറ്റും നിലവിളി ഉയർന്നു…
നിന്ന നിൽപ്പിൽ ഞാൻ താഴേക്കു ഊർന്നു പോയി…
ബോധം വന്നപ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആയിരുന്നു…
സാഗറിനെപ്പറ്റി തിരക്കിയപ്പോൾ അവൻ ഹോസ്പിറ്റലിൽ ആണെന്നാണ് അറിഞ്ഞത്…
കുഴപ്പം ഒന്നും ഇല്ലെന്നാണ് ഉണ്ണിയേട്ടൻ പറഞ്ഞത്..
ആരും എന്നോട് ഒന്നും പറഞ്ഞില്ല…
എന്റെ സാഗർ മരണത്തോട് മല്ലടിച്ചു കിടക്കുന്നതറിയാതെ ഞാൻ ആ ദിവസം തള്ളി നീക്കി..
പിറ്റേന്ന് പത്രത്തിൽ കണ്ട വാർത്ത എന്റെ സമനില തെറ്റിച്ചു…
സ്വന്തം സഹപാഠിയുടെ മരണം കണ്മുന്നിൽ കാണേണ്ടി വന്നതിന്റെ
ഷോക്ക് ആണെന്ന് എല്ലാരും വിശ്വസിച്ചു…
ആർക്കും അറിയില്ലലോ ആ പോയത് എന്റെ പ്രാണൻ ആയിരുന്നെന്നു….
ദിവസങ്ങളും മാസങ്ങളും മുറിക്കുള്ളിൽ ഒതുക്കി ഞാൻ കഴിച്ചു കൂട്ടി…
നാലു ചുവരുകൾക്കുള്ളിൽ എന്റെ ജീവിതം തഴയപ്പെട്ടു..
ഒരുപാട് പാടുപെട്ടു ഉണ്ണിയേട്ടൻ ആണ് എന്നെ പൂർവ സ്ഥിതിയിലേക്ക് കൊണ്ട് വന്നത്…
അല്ലെങ്കിൽ ഇന്ന് ഈ ഞാൻ ഉണ്ടാകുമായിരുന്നില്ല…
അയാൾ.. അയാൾ ഒറ്റ ഒരുത്തനാണ് മരണത്തിലേക്ക് അവനെ വലിച്ചിഴച്ചു കൊണ്ടുപോയത്..
ഞങ്ങളുടെ അടുത്തേക്ക് വന്ന അവനെ അയാൾ വിലക്കിയില്ലായിരുന്നെങ്കിൽ ഇന്നെന്റെ സാഗർ ജീവനോടെ ഉണ്ടാകുമായിരുന്നു… ”
അവളുടെ മിഴികളിൽ കണ്ണുനീർ തോരാതെ നിന്നു…
ഒന്ന് ആശ്വസിപ്പിക്കാൻ പോലും ആകാതെ ഞാൻ തളർന്നു ബെഡിലേക്ക് ഇരുന്നു….
അവൾ പറഞ്ഞ ഓരോ വാക്കുകളും കൂരമ്പു പോലെ ഹൃദയത്തിലേക്ക് തറച്ചിറങ്ങിക്കൊണ്ടേ ഇരുന്നു…
“എല്ലാം ഏട്ടനോട് നേരെത്തെ തന്നെ പറയണമെന്ന് കരുതിയതാ.. പക്ഷേ.. എന്തുകൊണ്ടോ എനിക്കതിനു കഴിഞ്ഞില്ല… ”
എന്റെ നേരെ മിഴികൾ ഊന്നി അവൾ അത് പറഞ്ഞപ്പോൾ പോലും ഞാൻ വിറക്കുക ആയിരുന്നു….
“എനിക്ക് തല നന്നായി വേദനിക്കുന്നു… ഞാൻ കിടക്കുവാ… ”
അവളോട് അത്രയും പറഞ്ഞു ഞാൻ ബെഡിലേക്കു കിടന്നു…
കുറെ നേരത്തിനു ശേഷം അവളും എന്റെ അടുത്ത് വന്നു കിടന്നു…
കൈ നീട്ടി അവളെ ഒന്ന് ചേർത്ത് പിടിക്കണമെന്നുണ്ട് പക്ഷേ മനസ്സ് വല്ലാതെ വിലക്കുന്നു..
ഏട്ടന്റെ അടുത്ത് വന്നു കിടന്നെങ്കിലും ഏട്ടൻ എന്നെ ഒന്ന് ചേർത്ത് പിടിക്കാതിരുന്നതിൽ സങ്കടം ഒന്നും തോന്നിയില്ല..
ഭാര്യയുടെ മുൻ കാമുകനെക്കുറിച്ച് അറിയുന്ന എല്ലാ ഭർത്താക്കന്മാരും ഇതേ പോലെയേ പ്രതികരിക്കുള്ളൂ…
ഞാൻ ആ നെഞ്ചിലേക്ക് തല ചായ്ച്ചു…
ഏട്ടന്റെ ഹൃദയം ക്രമം തെറ്റി ഉയരുന്നതും താഴുന്നതും ഞാൻ അറിയുന്നുണ്ടായിരുന്നു…
(തുടരും )

by