22/04/2026

എന്റെ പെണ്ണ് : ഭാഗം 07

രചന – നന്ദിത ദാസ്

ഞാൻ ഉണ്ണിയേട്ടന്റെ കൈയിൽ പിടിച്ചു പുറകിലേക്ക് വലിച്ചു…
ആള് എന്താണെന്ന ഭാവത്തിൽ എന്നെ നോക്കി…

“ഹയ്യോ… ഇതെന്താടി പെണ്ണേ നിന്റെ മുഖം എല്ലാം വീർത്തു കെട്ടിയിരിക്കുന്നത്? … ”

ഞാൻ ശബ്ദം താഴ്ത്തി പതുക്കെ പറഞ്ഞു

“ആ റെഡ് കളർ സാരിയുടുത്ത പെണ്ണിനോട് കിന്നരിച്ചോണ്ട് നിൽക്കുന്നവനാ നിങ്ങളുടെ അളിയൻ ‘വിച്ചുണ്ണു’… വായിനോക്കി… ”

“ഹഹ… അപ്പോൾ മോൾക്ക്‌ നേരെത്തെ ഞാൻ പറഞ്ഞ അസൂയ ഉടലെടുത്തു തുടങ്ങി ഇല്ലേ…
ഈ പെണ്ണുങ്ങൾ എല്ലാം ഇങ്ങനെ ആണോ എന്റെ ഭഗവാനേ… ”

“ഹും… മതി എന്നെ കളിയാക്കിയത്…
ആരായിരിക്കും അവൾ…
കണ്ടാലും മതി ഭൂലോക രംഭ ആണെന്ന വിചാരം…
ആ നിൽപ്പ് കണ്ടിട്ട് സഹിക്കുന്നില്ല ഉണ്ണിയേട്ടാ…. ”

“വല്ല പരിചയക്കാരി വല്ലതും ആകും എന്റെ ഇന്ദു…
എന്തായാലും എന്റെ ഇന്ദൂട്ടിയുടെ അത്ര ഭംഗി ഒന്നും ആ കുട്ടിക്ക് ഇല്ലാട്ടോ… ”

“സത്യം….
ഹാവു ഇപ്പോളാണ് ആശ്വാസം ആയത്… ”

ഉണ്ണിയേട്ടൻ എന്റെ കവിളിൽ നുള്ളിയിട്ടു കൈയിൽ പിടിച്ചു അവരുടെ അടുത്തേക്ക് നടന്നു…

അല്ലെങ്കിലും ഞങ്ങൾ അങ്ങനെ ആണ്…
ഏത് പെൺകുട്ടിയെ കണ്ടാലും ഉണ്ണിയേട്ടൻ പറയും എന്റെ അത്രയും പോരാന്നു…
ഞാനും അതേ പോലെ ആണ് കേട്ടോ
വിഷ്‌ണുവേട്ടൻ ആണെങ്കിൽ കൂടി ഉണ്ണിയേട്ടന്റെ ഏഴയലത്തു വരില്ല…

പുറമെ ഉള്ള സൗന്ദര്യത്തേക്കാൾ മനസ്സിന്റെ സൗന്ദര്യം ഒരുപാട് കൂടുതലാണ് എന്റെ ഉണ്ണിയേട്ടന്…

“ഹായ്… അളിയാ… ”

“ഹലോ അളിയാ… ”

കണ്ടപാടെ രണ്ടെണ്ണവും കെട്ടിപിടിച്ചു പുറത്തു തട്ടുന്നു…

ഞാൻ ഒളി കണ്ണിട്ട് ആ പെണ്ണിനെ ഒന്ന് നോക്കി…
എന്റെ കഷ്ടകാലത്തിനു ഞാൻ അവളെ നോക്കുന്നത് വിഷ്ണുവേട്ടൻ കണ്ടു…
ഹോ പിന്നെ ചമ്മല് മറയ്ക്കാൻ ഞാൻ വല്ലാതെ പാടു പെട്ടു….

” ഇത് എന്റെ ഇളയമ്മയുടെ മകൾ ‘മായ ‘…
ഇന്ദുവിനെ കാണാൻ പോകുവാണെന്നു പറഞ്ഞപ്പോൾ ഉടൻ തന്നെ അവൾക്ക് ഏട്ടത്തിയെ കാണണമെന്ന് പറഞ്ഞു… അപ്പോൾ വന്നോട്ടെ എന്ന് ഞാനും കരുതി… ”

എന്റെ മുഖത്തേക്ക് നോക്കി ഒരുമാതിരി ആക്കിയ ചിരി ചിരിച്ചുകൊണ്ടു വിഷ്ണുവേട്ടൻ അത് പറഞ്ഞപ്പോൾ മനസ്സാകെ തണുപ്പ് നിറയുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

ഉണ്ണിയേട്ടനും ഇപ്പോൾ എന്തായി എന്ന ഭാവത്തിൽ എന്നെ നോക്കി…

ഞാൻ ചിരിച്ചുകൊണ്ട് മായയുടെ അടുത്തേക്ക് നീങ്ങി നിന്നു…

“മായ എന്താ ചെയ്യുന്നത്? ”

“ബി എഡ് ലാസ്റ്റ് ഇയർ ആണ് ഏട്ടത്തി… ”

അവളുടെ ഏട്ടത്തി എന്നുള്ള വിളി എനിക്കു നന്നേ സുഖിച്ചു…
ആദ്യമായാണ് അങ്ങനെ ഒരു വിളി…

“അതെയോ… ആഹാ അപ്പോൾ നാളത്തെ ടീച്ചറമ്മ ആണ് ഇത് അല്ലേ… ”

“ആഗ്രഹം ഉണ്ട് ഏട്ടത്തി… പിന്നെ എല്ലാം ഈശ്വര നിച്ഛയം പോലെ വരട്ടെ… ”

“ദേ ഈ നിൽക്കുന്ന എന്റെ ഉണ്ണിയേട്ടൻ നല്ല ഒന്നാന്തരം മലയാളം വാദ്യാർ ആണ്… ”

അതും പറഞ്ഞു ഞാൻ ഉണ്ണിയേട്ടനെ അവൾക്കു പരിചയപ്പെടുത്തി…

സാധാരണ പെൺപിള്ളേരൊക്കെ ഉണ്ണിയേട്ടനെ കണ്ടാൽ വായും പൊളിച്ചു നിൽക്കുന്നതാണ്…
പക്ഷേ മായ…
അവൾ ആ പരിചയപ്പെടുത്തൽ ഒരു പുഞ്ചിരിയിൽ മാത്രം ഒതുക്കി…
ഉള്ളിൽ ഇവൾ കൊള്ളാലോ എന്നൊരു തോന്നൽ ഉണ്ടാകാതിരുന്നില്ല…

“വിച്ചുവേട്ടൻ പറഞ്ഞതിലും സുന്ദരി ആണല്ലോ ഏട്ടത്തി …
എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു… ”

വിച്ചുവേട്ടനോ? അതാരാ എന്ന ഭാവത്തിൽ ഞാൻ മായയെ നോക്കി…

“ഓഹ് സോറി ഏട്ടത്തി… വിഷ്ണുവേട്ടനെ ഞങ്ങൾ വിച്ചുവേട്ടാ ന്നു ആണ് വിളിക്കുന്നത്… ”

അതെന്തായാലും എനിക്കും ഉണ്ണിയേട്ടനും ഒരു പുതിയ അറിവ് ആയിരുന്നു…

“ഞാൻ സീറ്റ്‌ റിസർവ് ചെയ്തിട്ടുണ്ട്…
വരൂ നമുക്ക് അവിടെ ഇരുന്നു സംസാരിക്കാം… ”

വിഷ്ണുവേട്ടനും ഉണ്ണിയേട്ടനും മുൻപിലും ഞാനും മായയും പുറകിലും നടന്നു…

നിശ്ശബ്ദദയെ കീറി മുറിച്ചു കൊണ്ടു മനോഹരമായ സംഗീതം അവിടമാകെ നിറഞ്ഞു…
മനസ്സിന് വല്ലാത്തൊരു കുളിർമ തോന്നി…

ഞങ്ങൾ നാലുപേരും ഒരു ടേബിളിനു ചുറ്റും ഇരിപ്പുറപ്പിച്ചു…

ഉണ്ണിയേട്ടനും വിഷ്ണുവേട്ടനും പലതിനെക്കുറിച്ചും സംസാരിക്കുന്നുണ്ട്.. കൂട്ടത്തിൽ വിഷ്ണുവേട്ടൻ ഒരു കള്ള കാക്കനോട്ടം എന്റെ മേലേക്ക് എറിയുന്നുണ്ടായിരുന്നു…
ഞാൻ അത് കണ്ടില്ലെന്ന ഭാവത്തിൽ എന്തൊക്കെയോ മായയോട് സംസാരിച്ചോണ്ടേ ഇരുന്നു…

കുറച്ചു കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ നിങ്ങൾ സംസാരിച്ചു ഇരിക്കു ഞാൻ ഇപ്പോൾ വരാമെന്നു പറഞ്ഞു എഴുന്നേറ്റു…
എങ്കിൽ ഞാനും ഉണ്ട് എന്നും പറഞ്ഞു മായയും ഉണ്ണിയേട്ടന്റെ പുറകേ ചെന്നു..

അവർ രണ്ടാളും നടന്നു നീങ്ങിയപ്പോളാണ് എനിക്കു ഇവിടെ ആകെപ്പാടെ ഒരു വെപ്രാളം വന്നു നിറയുന്നതായി തോന്നിയത്…
മുന്നിൽ ഇരിക്കുന്ന ആളെ ശരിക്കൊന്നു നോക്കാൻ പോലും പറ്റുന്നില്ല…
തല വല്ലാതെ കുനിയുന്നുണ്ടോ എന്നൊരു സംശയം…

ടേബിളിന്റെ പുറത്തിരുന്ന എന്റെ കൈകൾ വിറയ്‌ക്കുന്നുണ്ടോ…

ആകെ പാടെ ഒരു പരവേശം…
തൊണ്ട വരളുന്നുണ്ടോ…

ആഹാ ദാ ഗ്ലാസ്സിൽ വെള്ളം ഉണ്ടല്ലോ…
ഞാൻ അത് എടുത്തു കുടിച്ചു…
തലമണ്ടക്ക് വെള്ളം കയറിയപ്പോളാണ് ആള് പതിയെ തലയിൽ കൊട്ടുന്നുണ്ടെന്നു മനസ്സിലായത്…

“എന്തിനാടോ ഇത്ര വെപ്രാളം… ഞാൻ തന്നെ പിടിച്ചു തിന്നാൻ ഒന്നും പോകുന്നില്ല… വെറുതെ വെള്ളം എല്ലാം നെറുകയിൽ കയറ്റി.. ”

കുറേനേരത്തേക്കു ഒന്നും മിണ്ടാൻ കഴിഞ്ഞില്ല…
ഒന്ന് ഓക്കേ ആയപ്പോൾ ഞാൻ പതിയെ തല ഉയർത്തി…
കടുപ്പിച്ചൊരു നോട്ടം നോക്കി…
ഇപ്പോൾ കുറച്ചു ധൈര്യം വന്നതുപോലെ…

“ഇയാളെന്തിനാ പെട്ടെന്ന് കല്യാണം നടത്തണമെന്ന് പറഞ്ഞത്…
എനിക്കു കുറച്ചു സമയം വേണം… ”

ഒറ്റ ശ്വാസത്തിൽ അത്രയും പറഞ്ഞൊപ്പിച്ചു… കലിപ്പിൽ തന്നെ ആളെ നോക്കി…

ദുഷ്ടൻ… വളിച്ച ചിരിയും ചിരിച്ചോണ്ട് ഇരിക്കുന്നു…

“താൻ എന്താ പൊട്ടനാണോ… ചോദിച്ചത് കേട്ടില്ലെന്നു ഉണ്ടോ? ”

ദേ അങ്ങേരു പിന്നെയും ചിരിക്കുന്നു…

എന്റെ കൃഷ്ണൻകുട്ടി… ഇത് ഏതോ നിർവികാര ജീവി ആണെന്ന് തോന്നുന്നല്ലോ….

“ദേഷ്യപ്പെട്ടാലും ഒരാൾക്കു ഇത്രയും ഭംഗി ഉണ്ടാകുമോ?? ”

“എന്താ??? ”

“നീ എന്താ പൊട്ടിയാണോ? ഞാൻ പറഞ്ഞത് കേട്ടില്ലെന്നു ഉണ്ടോ? ”

ഓഹോ അപ്പോൾ ഇങ്ങേരു കരുതിക്കൂട്ടി തന്നെയാണ്… ഞാൻ പറഞ്ഞ ഡയലോഗ് തന്നെ തിരിച്ചടിക്കുന്നു…

“എനിക്ക് ഉടനെ കല്യാണം കഴിക്കാൻ ഒന്നും പറ്റില്ല… ”

“എനിക്ക് ഉടനെ കല്യാണം കഴിച്ചേ പറ്റുള്ളൂ… ”

“ശ്ശോ… ഇത് വല്ലാത്ത കുരിശാണല്ലോ…
എന്റെ മാനസികാവസ്ഥ എന്താ താൻ മനസ്സിലാക്കാത്തത്? ”

“എന്റെ മാനസികാവസ്ഥ നീയും മനസ്സിലാക്കുന്നില്ലലോ? ”

ഉരുളക്കു ഉപ്പേരി പോലെ മറുപടി പറഞ്ഞങ്ങു കയറുവാണ് ദുഷ്ടൻ…

ഇനി ദേഷ്യം കാണിച്ചിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് എനിക്കു മനസ്സിലായി…
എന്തായാലും റൂട്ട് ഒന്ന് മാറ്റി പിടിക്കാൻ തന്നെ ഉറച്ചു…

“ഓക്കേ… ഓക്കേ… എങ്കിൽ ഏട്ടൻ പറ… എന്താ ഏട്ടന്റെ മാനസികാവസ്ഥ… ”

“മ്മ്… അങ്ങനെ വഴിക്കു വാ മോളെ…

അങ്ങനെ പ്രത്യേകിച്ചൊരു മാനസികാവസ്ഥ ഒന്നും ഇല്ല…
എന്നാലും….
എനിക്കു നിന്നെ എത്രയും പെട്ടെന്ന് തന്നെ സ്വന്തം ആക്കാൻ ഒരു മോഹം…
ഞാൻ എത്ര പറഞ്ഞു നോക്കിയിട്ടും എന്റെ ഹൃദയം അനുസരിക്കുന്നില്ല പൊന്നേ…
ഇനി ഒരു നിമിഷം പോലും കാത്തിരിക്കാൻ എനിക്കു വയ്യടോ അതാണ് സത്യം… ”

“അയ്യേ…. ഇങ്ങനെ വെറും പെൺകോന്തൻ ആകല്ലേ… ”

“ഹിഹി… നിന്റെ മുന്നിൽ കുറച്ചു പെൺകോന്തൻ ആയാലും എനിക്കു ഒരു പ്രോബ്ളവും ഇല്ല… ”

ദേഷ്യം കൊണ്ട് ഞാൻ ആളുടെ കൈയിൽ നല്ലൊരു നുള്ള് വെച്ചു കൊടുത്തു…

“ആഹ്… അമ്മേ… എന്തുവാ പെണ്ണേ ഇത്… നന്നായി വേദനിച്ചു കേട്ടോ… ”

“കണക്കായി പോയി…

ഏട്ടാ… ഒന്നോർത്തു നോക്കിയേ… കണ്ടിട്ട് രണ്ട് ദിവസം ആയതല്ലേ ഉള്ളു…
ശരിക്കൊന്നു മനസിലാക്കുക പോലും ചെയ്യാതെ എങ്ങനെയാ ഞാൻ… ”

“അതാണോ ഇപ്പോൾ നിന്റെ കുഴപ്പം…
അതൊക്കെ ഒരു മണിക്കൂർ ഫോൺ വിളിച്ചു സംസാരിച്ചാൽ അങ്ങ് തീരില്ലേ…
എന്റെ ഇഷ്ടവും അനിഷ്ടവും എല്ലാം എന്റെ പെണ്ണിന് ഡീറ്റെയിൽസ് ആയി പറഞ്ഞു തന്നാൽ ആ പ്രോബ്ലം തീരില്ലേ മണ്ടൂസേ… ”

“കുറച്ചു സീരിയസ് ആകു ഏട്ടാ…
അച്ഛനെയും അമ്മയെയുമൊക്കെ വിട്ടു പെട്ടെന്ന് ഞാൻ എങ്ങനെയാ… ”

വാക്കുകൾ മുറിഞ്ഞു…
കണ്ണുകൾ നിറഞ്ഞു തുളുമ്പാൻ തുടങ്ങി…

“ഇത് കൊള്ളാം… ഇത്രേ ഉള്ളു എന്റെ കുറുമ്പി…
എന്തിനാടോ സങ്കടപെടുന്നത്…
ഞാൻ ഇല്ലേ തന്റെ കൂടെ…
ഒരു കുറവും വരുത്തില്ല… ഈ കൈവെള്ളയിൽ കൊണ്ടു നടന്നോളാം…
അത്രയ്ക്കു ഇഷ്ടമാടോ എനിക്കു തന്നെ…
സ്വാർത്ഥത ആയി കാണണ്ട…
ഇപ്പോൾ ഞാൻ ശ്വസിക്കുന്ന എന്റെ ശ്വാസം ആണ് നീ… അതില്ലാതെ പറ്റില്ലെന്നായി…

അച്ഛനും അമ്മയും നമ്മുടെ കൂടെ തന്നെ ഉണ്ടാകുമല്ലോ മോളെ…
ആരെയും ഉപേക്ഷിക്കാനല്ലല്ലോ വിവാഹം കഴിക്കുന്നത്…
ബന്ധങ്ങളെ ചേർത്തു പിടിക്കാനല്ലേ…. ”

ഏട്ടന് ഇത്ര നന്നായി സംസാരിക്കാൻ പറ്റുമോ… എനിക്കു അത്ഭുതം തോന്നി… അതിനേക്കാളേറെ സന്തോഷവും…
സ്നേഹം കൊണ്ടെന്നെ വീർപ്പു മുട്ടിക്കുന്ന ആ മനുഷ്യന്റെ കണ്ണിൽ നോക്കി മറുത്തൊന്നും പറയാൻ കഴിഞ്ഞില്ല….
പ്രണയം എന്താണെന്നു ഞാൻ മനസ്സിലാക്കിയ നിമിഷങ്ങൾ…
വർഷങ്ങളുടെയോ മാസങ്ങളുടെയോ ഒരു പിന്തുണയും ഇല്ലാത്ത പ്രണയം…
യഥാർത്ഥ പ്രണയം ഹൃദയത്തിൽ നിന്നാണല്ലോ ഉടലെടുക്കുന്നത്…

ഞാൻ കണ്ണുകൾ തുടച്ചു ഏട്ടനെ നോക്കി…
ആളാകെ ഡെസ്പ് ആയിട്ടുണ്ട്…

“ഉപദേശം തന്ന ആളെന്താ പെട്ടെന്ന് ഡെസ്പ് ആയത്? ”

“ഒന്നുല്ല….
വെറുതെ പോലും ഈ കണ്ണ്‌ നിറയുന്നത് സഹിക്കുന്നില്ല… നെഞ്ചിലൊരു നീറ്റലാടോ… ”

“ഇതാ ഇപ്പോൾ നന്നായത്…
കരച്ചിൽ വന്നാൽ കരഞ്ഞു തന്നെ തീർക്കണം…
മൂടി പൊതിഞ്ഞു വെച്ചാൽ ഹൃദയം വിങ്ങുന്നതല്ലാതെ വേറെ ഒന്നും സംഭവിക്കില്ലല്ലോ…
സങ്കടം… സന്തോഷം… സ്നേഹം…
ഇത് മൂന്നും പ്രകടിപ്പിക്കുക തന്നെ വേണം..

ഇതെന്റെ വാക്കുകൾ അല്ല കേട്ടോ… എന്റെ ഉണ്ണിയേട്ടൻ എനിക്കു പകർന്നു തന്ന ടിപ്സ് ആണ്…. ”

“ഹമ്പടി…. എന്നാലും എന്റെ പെണ്ണേ…. ”

“ഇനി ഒരു എന്നാലും ഇല്ല… നാളെ തന്നെ കല്യാണം കഴിക്കാം..

“നാളയോ????”

“മ്മ്… നാളെ… എന്താ പറ്റില്ലേ…? ”

“ഹഹ ഹ ഞാൻ ഇന്നേ റെഡി… പോരേ… ”

“മ്മ്… ”

മനസ്സ് മൊത്തത്തിൽ ഒന്ന് റിലാക്സ് ആയി…
വീണ്ടും എന്തൊക്കെയോ ഞങ്ങൾ സംസാരിച്ചുകൊണ്ടേ ഇരുന്നു..

ഇതേ സമയം…

“അവർക്കൊരു ഡിസ്റ്റർബൻസ് ആകേണ്ടെന്നു കരുതിയാണ് ഞാൻ എഴുന്നേറ്റത്… ”

“എനിക്കു അത് മനസ്സിലായി… അതാ ഞാനും കൂടെ വന്നത്…. ”

“മ്മ്മ് മായ്ക്ക് എന്തെങ്കിലും ഷോപ്പിംഗ് ഉണ്ടെങ്കിൽ ചെയ്‌തോളൂ കേട്ടോ… ”

“ഹേയ് എനിക്കു ഒന്നും വാങ്ങാനില്ല ഏട്ടാ…. ”

“എന്നാൽ ഒറ്റയ്ക്ക് നിൽക്കണ്ട… എനിക്കു കുറച്ചു ഷോപ്പിംഗ് ഉണ്ട് താനും കൂടെ കൂടിക്കോ… ”

“മ്മ് ഓക്കേ… ”

“മായയുടെ മെയിൻ സബ് ഏതാ? ”

“ഇംഗ്ലീഷ് ആണ്… പിജി ഉണ്ട്… ”

“എങ്കിൽ പിന്നെ നെറ്റ് എഴുതി എടുത്ത് കൂടായിരുന്നോ? ”

“ആഗ്രഹം ഉണ്ട്… ഇത് കംപ്ലീറ്റ് ആയാൽ എഴുതി എടുക്കണം… ”

“കുറച്ചു നാൾ കോച്ചിങ്ങിനു പോയി നോക്കൂ…

പഠിക്കണം… എത്രത്തോളം പറ്റുമോ അത്രത്തോളം…
പറഞ്ഞു കൊടുക്കുംതോറും ഏറി വരുന്നത് ഒന്ന് മാത്രമാണ്… അറിവ്… ”

“അച്ഛന്റെയും ആഗ്രഹം അതായിരുന്നു… ”

അത്രയും പറഞ്ഞു ഒരു നിർവികാരതയോടെ അവൾ നിന്നു…

“അച്ഛൻ?? ”

“മരിച്ചിട്ട് 12 വർഷം ആയി… ”

“ഓഹ്… സോറി… ”

“ഹേയ് അതിന്റെ ഒന്നും ആവശ്യം ഇല്ല…
അച്ഛൻ മരിക്കുമ്പോൾ ഞാൻ ഏഴാം ക്ലാസ്സിൽ…
എനിക്കു താഴെ രണ്ടു ഇളയതുങ്ങൾ ഉണ്ട്… രണ്ടും പെണ്ണാ…
ഞങ്ങൾ തമ്മിൽ തമ്മിൽ രണ്ടു വയസ്‌ വീതം വ്യത്യാസം…
ഞങ്ങളെ വളർത്താൻ പാട് പെടുന്ന അമ്മയെ കണ്ടാണ് വളർന്നത്…
മൂന്നുപേരും പഠിക്കാനും മിടുക്കരായിരുന്നു…

ഞങ്ങളെ ഒരു കരയ്ക്ക് എത്തിക്കുക എന്നത് അമ്മയെ സംബന്ധിച്ചു കൂട്ടിയാൽ കൂടാത്തത് ആയിരുന്നു…

വിച്ചുവേട്ടനും കൊച്ചച്ഛനും വല്യ സഹായം തന്നെ ആയിരുന്നു…

ഇപ്പോൾ ഇളയവൾ സ്നേഹ ബി ഡി എസ് നു പഠിക്കുന്നത് തന്നെ അവരുടെ കാരുണ്യം കൊണ്ടാണ്… ”

“ഇന്ന് അനുഭവിക്കുന്ന സങ്കടം എല്ലാം ഒരിക്കൽ മാറുമെടോ…
പരിശ്രമിക്കാതെ ഇരിക്കരുത്….
നല്ല നിലയിൽ എത്തുമ്പോൾ ആ അമ്മയെ വിശ്രമിക്കാൻ അനുവദിക്കണം… ഇപ്പോൾ ഉള്ളതിലും ഇരട്ടിയായി സ്നേഹിക്കണം… ”

“ഒന്നും മറക്കില്ല…. നന്മ നിറഞ്ഞ ആ അമ്മയുടെ മക്കൾ നന്ദി ഇല്ലാത്തവരാണെന്നു ആരെക്കൊണ്ടും പറയിക്കാൻ ഇട കൊടുക്കില്ല… ”

“താൻ നന്നായി സംസാരിക്കുന്നുണ്ട്… ഐ ലൈക് യുവർ ക്യാരക്റ്റർ..
എന്റെ ഇന്ദൂട്ടിയുടെ കാര്യത്തിൽ അപ്പോൾ പേടിക്കണ്ട കാര്യം ഒന്നും ഇല്ല അല്ലേ… നല്ല മനസ്സുള്ളവരുടെ അടുത്തേക്കല്ലേ അവൾ വരുന്നത്… ”

“ഒട്ടും പേടിക്കണ്ട… ഇളയമ്മയും കൊച്ചച്ഛനും വിച്ചുവേട്ടനും എല്ലാം നന്മയുടെ പര്യായങ്ങൾ ആണ്… ”

“സന്തോഷം ആയെടോ…
ആഹ് പിന്നെ വേറെ ഒരാൾ ഉണ്ടല്ലോ തന്റെ താഴെ ആ കുട്ടി എന്ത് ചെയ്യുവാ? ”

“പി ജി ചെയ്യുന്നു… പേര് വീണ… ”

“മ്മ്… ഓക്കേ… അവിടെ ഇപ്പോൾ എന്തായി കാണുമോ എന്തോ? ”

“എവിടെ?? ”

“അല്ല ഇന്ദുവും വിഷ്ണുവും… ”

“അതെന്താ ഏട്ടാ അങ്ങനെ പറഞ്ഞത്… ”

“ഇന്ദു ആളൊരു കുറുമ്പിയാ…
തന്നെ പോലെ ആഴത്തിൽ ചിന്തിക്കാൻ ഒന്നും അവൾക്കു പറ്റില്ല… മുന്നും പിന്നും നോക്കാതെ ഓരോന്ന് എടുത്ത് ചാടി സംസാരിക്കും…
എല്ലാരോടും ഒന്നും ഇല്ല കേട്ടോ… അവൾ ഒരുപാട് സ്നേഹിക്കുന്നവരോട് മാത്രം…
പക്ഷേ അവൾക്കൊരു പ്രത്യേകത ഉണ്ട്…
നിമിഷങ്ങൾക്കുള്ളിൽ പഴയ പടി ആകാൻ കഴിയും… മനസ്സിൽ ഒന്നും വെക്കില്ല… വെറും സാധുവാ… ”

“വിച്ചുവേട്ടനും പാവമാ… എന്ത് സങ്കടം ഉണ്ടേലും മനസ്സിൽ ഒതുക്കി ചിരിച്ചു കളിച്ചു അങ്ങനെ നടക്കും… ”

ഞാൻ അവളെ നോക്കി ആത്മാർത്ഥമായി ഒന്ന് പുഞ്ചിരിച്ചു…
എന്റെ പുറകേ വാലുപോലെ തന്നെ ഉണ്ട് കക്ഷി…

“ഇതെന്താ ലേഡീസ് കോർണറിലേക്കു പോകുന്നത്? ”

“ഇന്ദുവിന് ഡ്രസ്സ്‌ എല്ലാം ഞാനാണ് സെലക്റ്റ് ചെയ്യുക…
തനിക്കു എങ്ങനെ വല്ല സെലെക്ഷനും ഉണ്ടോ? ”

“മ്മ്… അത്യാവശ്യം… ”

ഞാൻ ഡ്രസ്സ്‌ സെലക്ട് ചെയ്യുമ്പോളൊക്കെ അവളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…
കക്ഷി മൊത്തത്തിൽ നല്ല വീക്ഷണം നടത്തുവാണ്…
ഇടയ്ക്ക് ഒരു ഗ്രേപ്പ് വൈൻ കളർ കുർത്തി എടുത്തു എന്റെ അടുത്തേക്ക് വന്നു…
സിംപിൾ ത്രെഡ് വർക്കാണ് അതിൽ ചെയ്തിരിക്കുന്നത്…
കാണാൻ നല്ല ഭംഗി ഉണ്ട്….

“ഇത് ഇങ്ങനെ ഉണ്ട് ഏട്ടാ…. ഏട്ടത്തിക്ക് മാച്ച് അല്ലേ? ”

“സെലെക്ഷൻ കലക്കി… പക്ഷേ ഈ കളർ അവൾക്കു ഒട്ടും ഇഷ്ടം അല്ല…”

ഞാൻ അത് പറഞ്ഞപ്പോൾ അവൾ നിരാശയോടെ അത് തിരികെ വെച്ചു…

“മായ…. തനിക്കു അത് ഇഷ്ടം ആയെങ്കിൽ എടുത്തോളൂ… ബില്ല് ഞാൻ ഒരുമിച്ചു പേ ചെയ്‌തോളാം… ”

“ഹയ്യോ… എനിക്കു വേണ്ട ഏട്ടാ…
കണ്ടപ്പോൾ കൂട്ടത്തിൽ ഒരു വെറൈറ്റി തോന്നി… അതാ സെലക്ട്‌ ചെയ്തത്… ”

“മ്മ് ഓക്കേ… എങ്കിൽ താൻ നടന്നോളു ഞാൻ ബില്ല് പേ ചെയ്തിട്ട് വരാം… ”

അവൾ തിരിഞ്ഞു നടക്കാൻ തുടങ്ങി…

ബില്ല് പേ ചെയ്യാൻ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു വീർപ്പുമുട്ടൽ…

മായ സെലക്ട്‌ ചെയ്ത ആ ഡ്രസ്സ്‌ എടുക്കാതിരുന്നത് മോശമായിപ്പോയിന്നു ഉള്ളിൽ ഒരു കുറ്റബോധം…

രണ്ടും കല്പിച്ചു വീണ്ടും ഞാൻ ആ സെക്ഷനിലേക്കു കയറി…

പക്ഷേ ഒരുപാട് തിരഞ്ഞെങ്കിലും അത് മാത്രം കണ്ടു കിട്ടിയില്ല…

നിരാശയോടെ മടങ്ങാൻ ഭാവിച്ചപ്പോളാണ് ഞാൻ ആ കാഴ്ച കാണുന്നത്….
എന്ത് ചെയ്യണമെന്നറിയാതെ പകച്ചു പണ്ടാരം അടങ്ങി നിന്ന നിൽപ്പിൽ തന്നെ അങ്ങനെ അങ്ങ് നിന്നുപോയി…

(തുടരും )