24/04/2026

എന്റെ പെണ്ണ് : ഭാഗം 35

രചന – നന്ദിത ദാസ്

പിറ്റേന്ന് വൈകിട്ടു ഞങ്ങൾ ഹരിയേട്ടന്റെ നാടായ രമേശ്വരത്തെക്കു തിരിച്ചു…

ഞാനും ഇന്ദുവും ഞങ്ങളുടെ നിധി മോളും…

ആദ്യം മുരുകസ്വാമിയെ കണ്ടു തൊഴുതു അനുഗ്രഹം വാങ്ങിയിട്ട് ഹരിയേട്ടന്റെ വീട്ടിലേക്കു പോകാമെന്നു മുൻകൂട്ടി ചിന്തിച്ചിരുന്നു…

പഴനിയിൽ വന്നു കാലു കുത്തിയതു മുതൽ ഇന്ദു ആരെയോ അന്വേഷിക്കുന്നതായി അവളുടെ കണ്ണുകളിൽ നിന്നും ഞാൻ വായിച്ചറിഞ്ഞു….

“സൂക്ഷിച്ചു സ്റ്റെപ് കയറു ഇന്ദു…
നീ ഇതു ആരെയാ ഇങ്ങനെ തിരിഞ്ഞു തിരിഞ്ഞു നോക്കുന്നത്… ”

“ഹേയ്… ഒന്നുല്ല…
മോളെ ഇങ്ങു തന്നോളൂ ഏട്ടാ… കുറേ നേരം ആയില്ലേ അവളാ കൈയിൽ കയറിയിട്ട്… ”

“അത് സാരമില്ല…
മോളെന്റെ കൈയിൽ ഇരുന്നോട്ടെ നീ കയറാൻ നോക്കൂ… ”
ആയിരത്തിയെട്ട് പടികൾ എണ്ണി തന്നെ കയറി… ഒടുവിൽ ലക്ഷ്യസ്ഥാനത്തു എത്തി… …

തിരക്കു താരതമ്യേന കുറവായിരുന്നു…

കൗണ്ടറിൽ പോയി പേരെഴുതി വഴിപാട് കഴിപ്പിക്കാൻ നിന്നു…

കുഞ്ഞിനെ കൈയിൽ വെച്ചുകൊണ്ട് തന്നെ പേരും നാളും പറഞ്ഞു കൊടുത്തു…

എഴുതാൻ ഇരുന്ന ആള് തലപൊക്കി ഒന്ന് നോക്കി…

“നീങ്ക മലയാളികൾ താനേ…?? ”

“ആഹ്‌മ… ”

“കൊഞ്ചം വെയിറ്റ് പണ്ണുങ്കോ… ”

ഞാൻ ഇന്ദുവിന്റെ മുഖത്തേക്ക് നോക്കി…

അവളുടെ കണ്ണുകളിൽ ഒരു തിളക്കം…

“അയാൾ എന്തിനാ വെയിറ്റ് ചെയ്യാൻ പറഞ്ഞത്…
സത്യം പറ ഇന്ദു ഇവിടെ ഇപ്പോൾ ആരെയാ നീ പ്രതീക്ഷിക്കുന്നത്…?? ”

എന്റെ ചോദ്യം പൂർത്തിയാകുന്നതിനു മുൻപ് തന്നെ ഇന്ദുവിന്റെ സാരിത്തുമ്പിൽ ഒരു പിടുത്തം വീണു…

അവളോടൊപ്പം തന്നെ ഞാനും തിരിഞ്ഞു നോക്കി…

“അക്കാ…. ഞാൻ വന്താച്ചു… ”

“അല്ലി മോളെ… ”

ഇതു അന്ന് കടൽപ്പുറത്തു വെച്ചു കണ്ട ആ കുട്ടിയല്ലേ…

കൃഷ്ണ വിഗ്രഹം ഇന്ദുവിന്‌ സമ്മാനിച്ച കുട്ടി…

എന്റെ ഓർമ ഒരുനിമിഷം പുറകോട്ടു പോയി…

ഇന്ദു ആ കുട്ടിയെ ചേർത്ത് പിടിച്ചു…

“വാ അക്കാ…. ”

അവൾ ഇന്ദുവിന്റെ കൈയിൽ പിടിച്ചു വലിച്ചു കൊണ്ടു കോവിലിലേക്കു കയറി…
മോളെയും കയ്യിലെടുത്തുകൊണ്ടു ഞാനും…

സ്വാമിയെ കണ്ടു തൊഴുതു ഇറങ്ങിയപ്പോൾ തന്നെ ഇന്ദുവിന്റെ കൈയിൽ ഞാൻ പിടുത്തമിട്ടു…

“ഇതെന്താ ഞാൻ അറിയാത്ത ഒരു ബന്ധം നിനക്കു…?? ”

അവളെന്റെ മുഖത്തേക്ക് നോക്കി ഒന്ന് ചിരിച്ചിട്ട് മോളെ എന്റെ കൈയിൽ നിന്നും വാങ്ങി ആ കുട്ടിയുടെ കൈയിൽ കൊടുത്തു…

“അല്ലി മോളെ… കുഞ്ഞിനെ സൂക്ഷിച്ചോളണം കേട്ടോ…
വാവയെ കണ്ടില്ലെന്നുള്ള നിന്റെ പരാതി ഇന്നത്തോടെ തീരട്ടെ…
ദൂരേക്ക് ഒന്നും പോകല്ലേ കേട്ടോ… ”

“ശരി അക്കാ…
അമ്മ അന്ത പക്കം ഉണ്ട്…
ഞാൻ കൂട്ടിട്ടു വരാം… ”

“നീ ഇതു എന്ത് പണിയാ കാണിച്ചത്…
മോളെ എന്തിനാ അവളുടെ കൈയിൽ കൊടുത്തത്? ”

“അതിനിപ്പോൾ എന്താ… അല്ലിയുടെ കൈയിൽ അല്ലേ കൊടുത്തത്…
അവളു മോളെ നോക്കിക്കോളും.. ”

“അതാ എനിക്കും അറിയേണ്ടത്…
ഒരിക്കൽ മാത്രം കണ്ട ആ കുട്ടിയുടെ കൈയിൽ നമ്മുടെ മോളെ ഏൽപ്പിക്കാൻ മാത്രം എന്ത് ബന്ധമാണ് അതെന്നു എനിക്കു ഇപ്പോൾ അറിയണം… ”

“സ്നേഹബന്ധം… അല്ലാതെന്താ… ”

“എനിക്കു ദേഷ്യം വരുന്നുണ്ട് ഇന്ദു…
ഇവൾ ഇവിടെ ഉണ്ടെന്ന് നിനക്ക് എങ്ങനെ അറിയാം…
അല്ലെങ്കിൽ നമ്മൾ വന്നത് അവൾ എങ്ങനെ അറിഞ്ഞു…?? ”

“എന്റെ ഏട്ടാ… ഒന്ന് ശ്വാസം വിടാനുള്ള സമയം താ…
ഞാൻ എല്ലാം പറയാം… ”

അവളെന്നെയും കൊണ്ടു ഒഴിഞ്ഞ ഒരു കോണിൽ മാറിയിരുന്നു…

എന്റെ കൈ അവളുടെ കൈകൾക്കു ഉള്ളിലാക്കി അവളെന്റെ തോളിലേക്ക് ചാഞ്ഞു…

“അന്ന് നമ്മൾ ഒരുമിച്ചു കടൽപ്പുറത്തു വെച്ചു ആ കുട്ടിയെ കണ്ടതിനു ശേഷം വീണ്ടും ഒരു തവണ കൂടി ഞങ്ങൾ തമ്മിൽ കാണുക ഉണ്ടായി…
അന്ന് എന്റെ കൂടെ ഉണ്ണിയേട്ടൻ ഉണ്ടായിരുന്നു…
വിഷ്ണു ഏട്ടൻ ക്യാമ്പിൽ ആയിരുന്നു…
ഞാൻ അവിടേക്കു വരുന്നതിനു മുൻപുള്ള കാര്യമാ പറഞ്ഞു വരുന്നത്…

എന്നെ വീണ്ടും കണ്ടപ്പോൾ അല്ലി ഓടി എന്റെ അടുത്ത് വന്നു…

അന്ന് കണ്ടതിനേക്കാൾ നന്നേ ക്ഷീണിച്ചിരുന്നു അവൾ…

നാട്ടിലേക്കുള്ള യാത്രയിൽ അവളുടെ അച്ഛൻ ഏതോ വണ്ടിക്കടിയിൽ പെട്ടു മരണപ്പെട്ടെന്ന് അവളിൽ നിന്നും ഞങ്ങൾ മനസ്സിലാക്കി…

അവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന കുറേ ആളുകളുടെ ഒപ്പം അല്ലി വീണ്ടും ഇവിടേക്ക് വന്നു…

അച്ഛൻ ഉണ്ടായിരുന്നപ്പോൾ ലഭിച്ച ഒരു സുരക്ഷയും അവളുടെ കൂടെ ഉണ്ടായിരുന്ന ആളുകളിൽ നിന്നും അവൾക്കു ലഭിച്ചില്ല…

അതേക്കുറിച്ചു കൂടുതൽ അന്വേഷിച്ചപ്പോൾ ആണ് കുട്ടികളെ ചൂഷണം ചെയ്യുന്ന ഒരു കൂട്ടം ആൾക്കാർ അവരുടെ കൂട്ടത്തിൽ തന്നെ ഉണ്ടെന്ന് മനസ്സിലാകുന്നത്…

പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടില്ലാത്തവർ…

പച്ച മലയാളത്തിൽ പറഞ്ഞാൽ പതിനാലു വയസിൽ താഴെയുള്ള കുട്ടികളെക്കൊണ്ട് ബാലവേല എടുപ്പിച്ചു ക്യാഷ് സമ്പാദിക്കുന്നവർ…

അവൾക്കു പഠിക്കാൻ ആഗ്രഹം ഉണ്ടെന്നു പറഞ്ഞപ്പോൾ ഉണ്ണിയേട്ടൻ ആണ് ഈ ജോലിയെല്ലാം നിർത്തിക്കോളാൻ ആവശ്യപ്പെട്ടത്…

അങ്ങനെയാണ് അല്ലിമോളെ ഉണ്ണിയേട്ടൻ തിരികെ അവളുടെ നാട്ടിൽ കൊണ്ടു വിടുന്നത്…

അന്ന് മുതൽ ആ കുട്ടിയുടെ പഠിപ്പും മറ്റു ആവശ്യങ്ങളും ഉണ്ണിയേട്ടൻ ഏറ്റെടുത്തു…

അവളു പഠിക്കുന്ന സ്കൂളുകാരും ഉണ്ണിയേട്ടനുമായി നല്ല ഒരു റിലേഷൻ ഇപ്പോളും മെയിന്റയിൻ ചെയ്തു പോകുന്നു…

കുറെ കുട്ടികളെ അങ്ങനെ ഞാനും ഉണ്ണിയേട്ടനും സ്പോൺസർ ചെയ്തു…

അല്ലിയോട് സംസാരിക്കാൻ അവളുടെ അമ്മയ്ക്ക് ഒരു ഫോണും വാങ്ങി നൽകിയിരുന്നു…

കോവിൽ പക്കത്താണ് വീടെന്നു പറഞ്ഞപ്പോൾ ഒരിക്കൽ ഞാൻ അവളോട്‌ പറഞ്ഞു കോവിലിൽ പോകുമ്പോൾ വിഷ്ണുവേട്ടന് വേണ്ടി പ്രാർത്ഥിക്കണമെന്നു…

അന്ന് മുതൽ ഇന്ന് വരെ അവൾ മുടങ്ങാതെ ദിവസവും ഇവിടെ ഏട്ടന്റെ പേരിൽ സ്വാമിക്ക് മാല ചാർത്താറുണ്ട്…
വഴിപാട് നടത്താറുണ്ട്…

ഇതു പതിവായപ്പോൾ കൗണ്ടറിൽ ഇരിക്കുന്ന ആള് അവളോട്‌ ചോദിച്ചു കാര്യങ്ങളെല്ലാം മനസിലാക്കിയിരുന്നു…

അതാണ് അയാൾ കുറേ മുൻപ് നമ്മളോട് അങ്ങനെ സംസാരിച്ചത്…

അല്ലിയെ വിളിക്കാൻ വേണ്ടിയാ അയാൾ കുറച്ചു വെയിറ്റ് ചെയ്യാൻ പറഞ്ഞതും…

ഞാൻ വന്നപ്പോൾ മുതൽ നോക്കിയതും അവളെയാണ്…
നമ്മൾ ഇവിടേക്ക് വരുന്നുണ്ടെന്നു അവളോട് ഞാൻ പറഞ്ഞിരുന്നു….

എന്താണെന്നു അറിയില്ല അല്ലിമോളോട് ഒരു പ്രേത്യേക ഇഷ്ടം ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നിയിരുന്നു…

അവൾ ഇപ്പോൾ മിടുക്കിയാണ്…

നന്നായി പഠിക്കും…
ഈശ്വരൻ അവൾക്കു കൊടുത്ത കഴിവ് നഷ്ടപ്പെടുത്താതെ അമ്മയോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്നു…

കുഞ്ഞു മുഖങ്ങളിൽ വിരിയുന്ന ആ പുഞ്ചിരിക്കു പിന്നിൽ ചെറിയ രീതിയിൽ എങ്കിലും ഒരു ഭാഗമാകാൻ കഴിയുന്നത് ഒരു അനുഗ്രഹം അല്ലേ ഏട്ടാ…

വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുത് എന്നല്ലേ…

അതുകൊണ്ടാണ് ഏട്ടനോട് പോലും ഞാൻ ഈ കാര്യം പറയാതിരുന്നത്…

തക്കസമയത്തു ഉണ്ണിയേട്ടൻ എടുത്ത ഉചിതമായ തീരുമാനം അതിനെ അങ്ങനെ മാത്രമേ ഞാൻ കാണുന്നുള്ളൂ…

ഇനി ഏട്ടൻ പറ ഈ ബന്ധത്തിന് സ്നേഹബന്ധം എന്നല്ലാതെ മറ്റേതെങ്കിലും പേരിൽ വിളിക്കാൻ പറ്റുമോ?? ”

“ഇവിടെയും ഏട്ടനും പെങ്ങളും എന്നെ തോൽപിച്ചു കളഞ്ഞല്ലോ…
നന്നായി…
വല്യ മനസ്സാണ് നിങ്ങളുടേത്…
രക്തബന്ധത്തേക്കാൾ വലുതായ സ്നേഹബന്ധം…
ശരിക്കും അഭിമാനം തോന്നുന്നു പെണ്ണേ എനിക്കു… ”

ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു…

“നീയാണ് പെണ്ണേ യഥാർത്ഥ പെണ്ണ്…”

“ഏട്ടനോട് പറയാതിരുന്നതിൽ പരിഭവം ഉണ്ടോ?? ”

“ഒട്ടും ഇല്ല മോളെ…
പബ്ലിസിറ്റിക്കു വേണ്ടി ആകരുത് കാരുണ്യം എന്ന് അടിയുറച്ചു വിശ്വസിക്കുന്നവനാ ഞാൻ…
നിങ്ങൾ ചെയ്തത് തന്നെയാണ് ശരി…
നിങ്ങളാണ് ശരി… ”

അല്ലിമോളുടെയും നിധിമോളുടെയും ചിരി കേട്ടപ്പോൾ ആണ് കുട്ടികൾ ഞങ്ങൾക്ക് അടുത്ത് ഉണ്ടെന്ന് മനസ്സിലായത്…

ഏട്ടൻ തിരിഞ്ഞു കുഞ്ഞിനെ എടുത്തു…

അല്ലിയുടെ അമ്മയോട് സംസാരിച്ചു…
കോവിലിൽ നിന്നും പ്രസാദവും വാങ്ങി അവരോടു യാത്ര പറഞ്ഞു ഞങ്ങൾ നേരെ ഹരിയേട്ടന്റെ വീട്ടിലേക്കു പോയി…

പഞ്ചാമൃതം നിധി മോളുടെ നാവിൽ തൊട്ടു കൊടുത്തു…
അവളതു രുചിയോടെ നുണഞ്ഞുകൊണ്ടേ ഇരുന്നു…

ഹരിയേട്ടന്റെ വീട് അഗ്രഹാരത്തു ആയതുകൊണ്ട് കണ്ടുപിടിക്കാൻ വല്യ പ്രയാസം ഉണ്ടായില്ല…

പേരുകേട്ട തമിഴ് ബ്രാഹ്മണ കുടുംബം ആണ് ഹരിയേട്ടന്റേത്…
ഒരു കൂട്ടുകുടുംബം…

ഹരിയേട്ടൻ പറഞ്ഞിട്ടുള്ള അറിവ് വെച്ചായിരിക്കണം ഞങ്ങളെ തിരിച്ചറിയാൻ അവർക്കു യാതൊരു ബുദ്ധിമുട്ടും ഉണ്ടായില്ല…

എന്നെയും ഇന്ദുവിനെയും മോളെയും അവർ ഇരു കൈയും നീട്ടി സ്വീകരിച്ചു…

ഹരിയേട്ടനെപോലെ തന്നെ സ്നേഹമുള്ള ആളുകൾ…
വാക്കിലും നോക്കിലും എല്ലാം ആ സ്നേഹം നമുക്ക് അനുഭവിച്ചു അറിയാൻ സാധിക്കും….

ഏകദേശം എട്ടു വയസ്സ് പ്രായം മാത്രമേ കാണുള്ളു ഹരിയേട്ടന്റെ മകൾ ആവണിക്ക്…
ഒരു സുന്ദരി മോള്…

ശാരീരികമായ പ്രയാസങ്ങളൊക്കെ മാറ്റി വെച്ച് അവൾ നിധിമോൾക്കു ഒപ്പം കളിക്കാൻ കൂടി…

ഹരിയേട്ടന്റെ ഭാര്യ രാധ ചേച്ചിയെ കണ്ടാൽ തന്നെ അറിയാം വളരെ സാധുവായ ഒരു സ്ത്രീയാണെന്ന്…

എല്ലാവരുടെയും സ്നേഹത്തിനും നിർബന്ധത്തിനും ഒടുവിൽ ഒരു ദിവസം ആ സ്നേഹവീട്ടിൽ തങ്ങാൻ തന്നെ ഞങ്ങൾ തീരുമാനിച്ചു…

മടക്കയാത്രയിൽ ഇന്ദു വല്ലാതെ മൂഡ് ഓഫ് ആയിരുന്നു…

കാരണം എന്തെന്ന് ഞാൻ ചോദിച്ചില്ല…

എനിക്കറിയാം അവളുടെ മനസ്സിൽ എന്താണെന്നു…
അത്രയും മിടുക്കിയായ ആ മോൾക്ക് ഒരു പോറൽ പോലും സംഭവിക്കരുതേ എന്ന പ്രാർത്ഥനയിൽ ആകും ആ മനസ്സ്…

ദിവസങ്ങൾ ഇതളുകൾ പോലെ കൊഴിഞ്ഞു വീണുകൊണ്ടേ ഇരുന്നു…

നിധിമോൾ ഇപ്പോൾ ഏത് സമയവും എന്റെ അരികിൽ തന്നെയാണ്…

രക്തം രക്തത്തെ തിരിച്ചറിഞ്ഞിരിക്കുന്നു…

ഇനി കുറേനാൾ കണ്ടില്ലെങ്കിൽ കൂടി എന്റെ പൊന്നുമോൾ എന്നെ മറക്കില്ലെന്നൊരു വിശ്വാസം ഉണ്ട്…

ഇനി എനിക്കു മടങ്ങാം സ്വസ്ഥമായി…

ശാന്തമായി ഒഴുകുന്ന നദി പോലെ സ്വസ്ഥമാണ് ഇപ്പോൾ മനസ്സ്…

കുടുംബം എന്ന് പറയുന്നത് ആഴത്തിൽ വേരൂന്നിയ വൃക്ഷം പോലെയാണ്…
വേരുകൾ എത്ര ദൂരെ പടർന്നു പോയാലും ആ വൃക്ഷത്തിന്റെ സ്ഥാനം മാറുന്നില്ലല്ലോ…
അതുപോലെയാണ് കുടുംബവും…
സുഖമുള്ള ഒരു അനുഭൂതി…

അളിയനും മായയും പക്വതയോടെ സ്നേഹിച്ചു മുന്നേറുമ്പോൾ ഞാനും ഇന്ദുവും ഞങ്ങളുടെ മോളും കുറുമ്പും കുസൃതിയുമായി ജീവിതം ആഘോഷിക്കുന്നു…
അതും ഒരു സുഖമാണ്… അനുഭവിച്ചു മാത്രം അറിയേണ്ട സുഖം…

ലീവ് കഴിഞ്ഞു മടങ്ങിയപ്പോൾ സങ്കടം തോന്നിയിരുന്നു…
അത് സ്വഭാവികം ആണല്ലോ…

പതുക്കെ പതുക്കെ അതിനോട് പൊരുത്തപ്പെടാൻ ഞങ്ങൾക്കു സാധിച്ചു…

ചില സമയങ്ങളിൽ വല്ലാത്തൊരു മിസ്സിംഗ്‌ ആണ്…
ആ സമയം ഇന്ദുവിന്റെ കൃഷ്ണൻകുട്ടിയോട് പരിഭവം പറയും…
അത് കഴിഞ്ഞാൽ മനസ്സിനൊരു സുഖം കിട്ടും…

വസന്തവും ഗ്രീഷ്മവും ശരത്തും ശിശിരവും വീണ്ടും മാറി മറഞ്ഞു…

********
രണ്ടു വർഷങ്ങൾക്കു ശേഷം…

“സർ… ഒരു അർജന്റ് മീറ്റിംഗ് ഉണ്ട്
എല്ലാവരും കോൺഫറൻസ് ഹാളിൽ ഉടൻ എത്താൻ പറഞ്ഞു.. ”

“ഓക്കേ… എത്തിക്കോളാം.. ”

ജൂനിയർ ആയി വന്ന പുതിയ പയ്യനാണ്…

ഓരോ ക്യാമ്പിലും വിവരങ്ങൾ അറിയിക്കേണ്ടത് അവരുടെ ചുമതലയാണ്…

പുതിയ നീക്കം എന്താണാവോ എന്തോ…
ആത്മഗതം പറഞ്ഞു ഞാൻ നേരെ കോൺഫെറൻസ് ഹാളിലേക്കു പോയി…

ചർച്ചയുടെ തുടക്കം തന്നെ മനസ്സിലായി എല്ലാർക്കും പോസ്റ്റിങ്ങ്‌ ലിസ്റ്റ് വന്നിട്ടുണ്ടെന്ന്…

ഹരിയേട്ടൻ നിസ്സഹായതയോടെ എന്നെ നോക്കി…

പോസ്റ്റിങ്ങ്‌ ലിസ്റ്റിൽ ഉൾപ്പെടുത്തല്ലേ എന്നാണ് ആ പാവത്തിന്റെ പ്രാർത്ഥന…
വേറെ ഒന്നും അല്ല ഏട്ടന്റെ മകളുടെ ഓപ്പറേഷൻ ഈ വർഷം ആണ് തീരുമാനിച്ചിരിക്കുന്നത്…
പോസ്റ്റിങ്ങ്‌ കിട്ടിയാൽ പിന്നെ ഉടനെ എങ്ങും ലീവും കിട്ടില്ല…

കശ്മീർ പ്രശ്നം രൂക്ഷമാകും തോറും ബോർഡറിലേക്കു കൂടുതൽ സൈന്യത്തെ അയച്ചുകൊണ്ടേ ഇരിക്കുന്നു…

കശ്മീർ എന്ന വീരഭൂമിയിലേക്ക്‌ കാലുകുത്താൻ…
ഏത് ഒരു ആർമിക്കാരനും ആഗ്രഹിക്കുന്ന സ്വപ്ന നിമിഷങ്ങൾ…

(തുടരും )