24/04/2026

എന്റെ പെണ്ണ് : ഭാഗം 27

രചന – നന്ദിത ദാസ്

എന്റെ ഇന്ദുവിന്റെ ഓർമ്മകളിലേക്കു ഊളിയിട്ടു കൊണ്ട് ഞാൻ കണ്ണുകൾ മുറുക്കി അടച്ചു..

നാളത്തെ നല്ല ഒരു പ്രഭാതത്തിനായി…

വെളുപ്പിനേ തന്നെ എല്ലാരും എഴുന്നേറ്റു…

എല്ലാ ദിവസവും രാവിലെ ഓട്ടം ഉള്ളതാണ്…

അത് ഇവിടെ നിർബന്ധം ആണ്…

അതിനു ശേഷം മാത്രമേ ബ്രേക്ക്‌ഫാസ്റ്റ് പോലും കിട്ടു…

എന്നിട്ട് വേണം ഡ്യൂട്ടിയിൽ പ്രവേശിക്കാൻ…

എല്ലാരും റെഡി ആയി കഴിഞ്ഞിരുന്നു…

ഫോൺ എടുത്തു ഇന്ദുവിന്‌ ഒരു ഗുഡ് മോർണിംഗ് വിത്ത്‌ ലവ് സ്മൈലി അയച്ചിട്ട് ഞാൻ റൂമിനു പുറത്തേക്കിറങ്ങി…

കുറച്ചു നാളുകളുടെ ഇടവേളക്കു ശേഷം വീണ്ടും ഓടി തുടങ്ങിയതുകൊണ്ടായിരിക്കും ശരീരത്തിന് എന്തോ കിതപ്പ് അനുഭവപ്പെട്ടു…

“വിഷ്ണു… എന്തു പറ്റി ബോഡി വീക്ക്‌ ആണല്ലോ… ”

കാതുകളിൽ മുഴങ്ങിക്കേട്ട ആ ശബ്ദം മതിയായിരുന്നു കൂടുതൽ ഉണർവ്വോടെ എനിക്ക് ഓടി തികയ്ക്കാൻ…

ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വിക്രം സർ…

“സോറി സർ… ഐആം പെർഫെക്ടലി ഓക്കേ… ”

“ഗുഡ്… ആൻഡ് കണ്ടിന്യൂ…”

പുറത്ത് തട്ടിക്കൊണ്ടു സർ അത് പറയുമ്പോൾ നഷ്ടപ്പെട്ടു പോയ ഉണർവ്വ് എനിക്കു തിരികെ കിട്ടിയിരുന്നു….

ഓട്ടം കഴിഞ്ഞു വന്നു ബ്രേക്ക്‌ ഫാസ്റ്റും കഴിച്ചു…

ഡ്യൂട്ടിയിൽ കയറുന്നതിനു മുൻപ് ഇന്ദുവിനെ വിളിച്ചു സംസാരിച്ചു…

സമയം കിട്ടുമ്പോൾ എല്ലാം വിളിക്കാമെന്ന് സമ്മതിച്ചു…

പിന്നെ നേരെ യൂണിഫോം അണിഞ്ഞു ഓഫിസിലേക്കു കയറി…
രജിസ്റ്ററിൽ ഒപ്പ് വെച്ചു…
ഡ്യൂട്ടിയിൽ പ്രവേശിച്ചു…

ഒരേ വർക്ക്‌ തന്നെ ആയിരിക്കില്ല എന്നും…
ഡ്യൂട്ടി മാറി മാറി വരും…

ഇന്ന് സിസ്റ്റം നോക്കുന്ന ചുമതല ആയിരുന്നു…

മനസിനു എന്തോ കോൺസെൻട്രേഷൻ കിട്ടുന്നുണ്ടായിരുന്നില്ല…

ഇടക്കിടക്ക് കൂടെ ഉള്ളവരുടെ കണ്ണ് വെട്ടിച്ചു ഇന്ദുവിനെ വിളിച്ചു…

പക്ഷേ വിഷ്ണു അറിയാതെ ഒരാൾ ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്നു പോയി…

എന്നാൽ ഇന്ദുവിനെ ഇങ്ങോട്ട് കൊണ്ട് വരുന്ന കാര്യത്തിൽ ഒരു ചെറു വിരല് പോലും അനക്കാൻ കഴിഞ്ഞില്ല..

ഇന്ദു ബാങ്കിൽ ജോലിക്ക് പോയി തുടങ്ങിയിരുന്നു…

ആഴ്ചയിൽ രണ്ടു ദിവസം അവളുടെ വീട്ടിൽ പോയി നിൽക്കാറുണ്ട്…

മിക്കപ്പോളും വിളിക്കുന്നതുകൊണ്ടു വല്യ പരിഭവം ഒന്നും പറയാതെ ആള് എപ്പോളും സന്തോഷത്തോടെ മാത്രമേ സംസാരിച്ചിരുന്നുള്ളു…

വിശേഷങ്ങൾ എല്ലാം പങ്ക് വെയ്ക്കും…
രാവിലെ എഴുന്നേക്കുന്നതു മുതലുള്ള കാര്യങ്ങൾ അക്കമിട്ടു നിരത്തും…

ഉണ്ണി അളിയന്റെയും മായയുടെയും ചുറ്റിക്കളികളെക്കുറിച്ച് പറഞ്ഞു പൊട്ടിച്ചിരിക്കും…

വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പരസ്പരം പറയുമ്പോൾ സൗണ്ട് ഇടറാറുണ്ട്…

കണ്ണുകൾ അറിയാതെ തന്നെ നിറഞ്ഞു തുളുമ്പും…

വിരഹദുഃഖം വല്ലാത്തൊരു നോവാണ്…

രാത്രി ഒൻപതു മണി എന്നൊരു സമയം ഉണ്ടെങ്കിൽ എന്തൊക്കെ സംഭവിച്ചാലും ഇന്ദുവിനെ വിളിക്കാറുണ്ട്…
ആ സമയം വീട്ടിൽ എല്ലാരോടും ഒരുപാട് നേരം സംസാരിക്കും…

നൈറ്റ്‌ ഡ്യൂട്ടി ഡേ പോലെ അല്ല ശ്രദ്ധ ഒന്ന് തെറ്റിയാൽ തീർന്നു…
അതുകൊണ്ട് കുട്ടിഫോൺ പോലും ആ ടൈമിൽ ഒഴിവാക്കും

ഒരിക്കൽ നൈറ്റ്‌ ഡ്യൂട്ടി കാരണം എനിക്കു വിളിക്കാൻ പറ്റിയില്ല…
അന്ന് പെണ്ണ് ഞാൻ വിളിക്കുന്നത് വരെ ജലപാനം പോലും ചെയ്യാതെ ഫോണും കൈയിൽ പിടിച്ചു കാത്തിരുന്നു…

ഒരുപാട് നേരമായിട്ടും ഞാൻ വിളിക്കുന്നില്ലെന്നു കണ്ടപ്പോൾ അവൾ തിരിച്ചു വിളിച്ചു…

ഇങ്ങോട്ട് വിളിക്കണ്ട അങ്ങോട്ട് വിളിച്ചോളാമെന്നു അവളോട്‌ ഞാൻ പറഞ്ഞിട്ടുണ്ട്…

അന്ന് ഹരിയേട്ടനാണ് ഫോൺ എടുത്തത്…
നൈറ്റ്‌ ഡ്യൂട്ടി ഉണ്ടെന്നു അറിഞ്ഞപ്പോൾ ആണ് അവൾക്കു സമാധാനം ആയതെന്നും പറഞ്ഞു പിറ്റേന്ന് ഫുൾ ശോകവും കരച്ചിലും ആയിരുന്നു…

എന്തായാലും അന്ന് മുതൽ നൈറ്റ്‌ ഡ്യൂട്ടി ഉണ്ടെങ്കിൽ ഇന്ദുവിനോട് പറയാൻ റൂമിൽ ആരെയെങ്കിലും ഏർപ്പാടാക്കും…

ഒരിക്കൽ ഡ്യൂട്ടി ടൈംമിൽ ഫോൺ ഉപയോഗിച്ചുകൊണ്ടിരുന്ന എന്നെ വിക്രം സർ തൂക്കിയെടുത്തു ക്യാബിനിലേക്കു കൊണ്ടുപോയി..

സാറിന്റെ മുഖത്തെ ഗൗരവം കണ്ടു ഞാൻ ശരിക്കും പേടിച്ചു…

കുറ്റവാളിയെപോലെ തലകുനിച്ചുള്ള എന്റെ നിൽപ്പ് കണ്ടു സർ പൊട്ടിച്ചിരിച്ചു…

“ഭാര്യയെ വല്ലാതെ മിസ് ചെയ്യുന്നുണ്ടല്ലേ…
പോയി കൂട്ടിക്കൊണ്ടു വാടോ… ”

എന്റെ പുറത്ത് തട്ടി സർ അത് പറയുമ്പോൾ വിശ്വാസം വരാതെ ഞാൻ സാറിനെ ഒന്നുകൂടി നോക്കി…

“സർ… അത്… ”

“കൂടുതൽ ഉരുളണ്ട… ഒളിഞ്ഞും തെളിഞ്ഞുമുള്ള ഫോൺ വിളികൾ ഞാൻ ശ്രദ്ധിക്കുന്നുണ്ടായിരുന്നു…

ഡ്യൂട്ടിയിൽ പെർഫെക്ട് ആയ താൻ വീഴ്ച വരുത്താനും തുടങ്ങിയതോടെ എന്റെ രണ്ടു കണ്ണുകൾ തനിക്കു പിന്നാലെ തന്നെ ഉണ്ടായിരുന്നു ഈ മൂന്ന് മാസവും…

തനിക്കറിയാല്ലോ ഞാൻ കർക്കശ്ശകാരനായ മേലുദ്യോഗസ്ഥൻ ആണെന്ന്…

പക്ഷേ തന്നെ പോലെ ഒരാളെ ഇവിടെ അത്യാവശ്യം ആയതുകൊണ്ട് മാത്രം ആണ് എല്ലാം കണ്ടില്ലെന്നു നടിച്ചത്…

തനിക്കെതിരെ കംപ്ലയിന്റ് വന്നിട്ടും ഞാൻ ആക്ഷൻ എടുക്കാതിരുന്നത് കർക്കശ്ശകാരനായ ഈ എന്റെ ഉള്ളിൽ സ്നേഹനിധിയായ ഒരു ഭർത്താവ് ഉള്ളതു കൊണ്ട് മാത്രമാണ്…

ഒരിക്കൽ ഞാനും അനുഭവിച്ചതാണ് താൻ ഇന്ന് അനുഭവിക്കുന്ന വിരഹദുഃഖം… ”

അത്രയും പറഞ്ഞു ഒന്ന് നിർത്തിയിട്ട് സർ ലീവ് ആപ്ലിക്കേഷൻ ലെറ്റർ ഫോം എന്റെ കൈയിലേക്ക് വെച്ചു തന്നു..

“അഞ്ചുദിവസം ലീവ് ഉണ്ട്…
പോയിട്ട് നിന്റെ പെണ്ണിനേയും കൂട്ടി മടങ്ങി വാ…
കോർട്ടേഴ്സ് റെഡിയാണ്…”

സന്തോഷം കൊണ്ട് തുള്ളിച്ചാടാനാണ് തോന്നിയത്…
വിക്രം സാറിനെ കെട്ടിപിടിച്ചു കവിളിൽ ഒരു ഉമ്മ കൊടുത്തിട്ട് ഞാൻ ക്യാമ്പിലേക്ക് ഓടി…

പിന്നെ എല്ലാം പെട്ടെന്നായിരുന്നു…
വരുന്ന കാര്യം വീട്ടിൽ വിളിച്ചു പറഞ്ഞില്ല…
ഇന്ദുവിന്‌ സർപ്രൈസ് കൊടുക്കാമെന്നു തീരുമാനിച്ചു…

കിട്ടിയതൊക്കെ വാരിക്കെട്ടി മച്ചാന്മാരോട് സംഗതി സൂചിപ്പിച്ചു ഞാൻ അന്ന് ഉച്ചക്കത്തെ ഫ്ലൈറ്റിനു തന്നെ വീട്ടിലേക്കു തിരിച്ചു…

മനസ്സുകൊണ്ട് വിക്രം സാറിന് ഒരായിരം നന്ദി പറഞ്ഞുകൊണ്ടേ ഇരുന്നു…
എന്റെ മനസ്സ് കണ്ടറിഞ്ഞിരിക്കുന്നു…

ഇന്ദുവിനെ കാണാൻ ഹൃദയം തുളുമ്പുന്നുണ്ടായിരുന്നു…
ഇന്ദു ഓഫിസിൽ നിന്നും വരുന്നതിനു മുൻപ് വീടെത്തിയിരുന്നെങ്കിൽ എന്ന് വല്ലാതെ ആശിച്ചു…

ആശിച്ചത് വെറുതെ ആയില്ല…
ഞാൻ വീട്ടിൽ ചെന്നു കയറുമ്പോൾ ഇന്ദു ഓഫിസിൽ നിന്നും മടങ്ങി വന്നിട്ടില്ലായിരുന്നു…

പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടു അച്ഛനും അമ്മയും ഞെട്ടി…

സർപ്രൈസ് കൊടുത്തതാണെന്നു പറഞ്ഞപ്പോൾ അമ്മക്ക് സങ്കടം…

മോന് ഇഷ്ടപ്പെട്ടത് ഒന്നും കഴിക്കാൻ ഉണ്ടാക്കി വെച്ചില്ലലോ എന്ന്…

പാവം അമ്മ എനിക്കു ഇഷ്ടപെട്ട ആള് ഇപ്പോൾ ഇങ്ങു എത്തില്ലേ പിന്നെ എന്തു വിശപ്പ്‌…
അതും മനസ്സിൽ ഓർത്തു ഞാൻ ഊറി ഊറി ചിരിച്ചു…

“മോൻ പോയി കുളിച്ചിട്ട് വാ അമ്മ ചായ എടുക്കാം… ”

“അതൊക്കെ ഓക്കേ…
പക്ഷേ എനിക്കു അച്ഛനോടും അമ്മയോടും ഒരു കാര്യം പറയാനുണ്ട്… ”

രണ്ടാളും ഒരേ സ്വരത്തിൽ ചോദിച്ചു…

“എന്താ മോനേ??? ”

“ഞാൻ വന്ന കാര്യം ഇന്ദുവിനെ വിളിച്ചു പറയാൻ നിൽക്കണ്ട…
അവൾക്കൊരു സർപ്രൈസ് ആയിക്കോട്ടെ… ”

“ഓഹ് അത്രേ ഉള്ളായിരുന്നോ ഞങ്ങൾ അങ്ങ് പേടിച്ചു പോയി… ”

അച്ഛൻ എന്നെ നോക്കി ചെറുതായി ഒന്ന് തലകുലുക്കി…

ഞാൻ റൂമിലേക്ക് പോയി ബാഗ് കട്ടിലിനു അടിയിൽ ഒളിപ്പിച്ചു…

ഓഹ്ഹ് ഈ റൂം വല്ലാതെ മിസ് ചെയ്തു ഈ മൂന്ന് മാസവും…

നിറചിരിയോടെ നിൽക്കുന്ന കൃഷ്ണൻകുട്ടിയെ നോക്കി ഞാൻ പറഞ്ഞു…

“ബ്രോ… ഞാൻ എത്തിപ്പോയി… ”

നല്ല ക്ഷീണം ഉള്ളതുകൊണ്ട് ഫ്രഷ് ആകാൻ കയറി…

ഫ്രഷ് ആയി വന്നു അമ്മയുടെ കൈയിൽ നിന്നും ചൂട് ചായയും പഴംപൊരിയും കഴിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മുറ്റത്തു ഇന്ദുവിന്റെ വണ്ടിയുടെ സൗണ്ട് കേൾക്കുന്നത്…

അമ്മയെ നോക്കി ആംഗ്യം കാണിച്ചിട്ട് ഞാൻ ഇരുന്നിടത്തുനിന്നും പൊങ്ങിചാടി ഹാളിലെ ജനലരികിലെ കർട്ടൻ വകഞ്ഞു മാറ്റി പുറത്തേക്കു നോക്കി…

വണ്ടി ഓഫ് ചെയ്തിട്ടു ഹെൽമെറ്റും ഊരി കൈയിൽ വെച്ചുകൊണ്ട് അവൾ സിറ്റ്ഔട്ടിലേക്കു കയറി…

പാവം എന്റെ പെണ്ണ് ഒരുപാട് ക്ഷീണിച്ചു…
കണ്ണൊക്കെ കുഴിഞ്ഞു വല്ലാതായിരിക്കുന്നു….

“ആഹാ അച്ഛൻ ഇതുവരെ പത്രം വായിച്ചു കഴിഞ്ഞില്ലേ…
ഞാൻ രാവിലെ ബാങ്കിലേക്ക് പോയപ്പോൾ തുടങ്ങിയതാണല്ലോ..
ഇതുവരെ അരിച്ചുപെറുക്കി കഴിഞ്ഞില്ലേ… ”

അച്ഛനോട് അതും ചോദിച്ചു അവൾ പത്രത്തിലേക്ക് ഒന്ന് കണ്ണോടിച്ചു…

“അച്ഛന് വേറെ പണി ഒന്നും ഇല്ലാലോ മോളെ…
ടീവി കാണാമെന്നു വിചാരിച്ചാൽ ഇവിടെ ഒരുത്തിക്കു സീരിയൽ പ്രേമം തലയ്ക്കു പിടിച്ചതുകൊണ്ടു അതും നടക്കില്ല… ”

“ഒന്ന് പതുക്കെ പറ അച്ഛാ…
അമ്മ കേട്ടാൽ ഇന്നു അച്ഛന്റെ കാര്യം പോക്കാ… ”

അവളത് പറഞ്ഞപ്പോൾ അച്ഛൻ കുലുങ്ങി ചിരിക്കുന്നുണ്ടായിരുന്നു…

“അച്ഛന് ചായ കിട്ടിയാരുന്നോ?? ”

“ഇല്ല… എന്റെ ഇന്ദു മോളു വന്നിട്ട് ആകാമെന്ന് കരുതി… ”

“ആഹ് എന്നാൽ ഞാൻ ഇപ്പോൾ തന്നെ ചായ ഇട്ടോണ്ട് വരാം ”

“പതുക്കെ മതി മോളെ…
മോളു വന്നു കയറിയതല്ലേ ഉള്ളു…
പോയി കുളിച്ചിട്ടൊക്കെ വാ… ”

“മ്മ്… ശരി അച്ഛാ… ”

ഇന്ദു അകത്തേക്ക് കയറുന്നതിനു മുൻപ് ഞാൻ റൂമിലേക്ക് പാഞ്ഞു…

ഈശ്വരാ എവിടെയാ ഒന്ന് ഒളിക്കുക…

ഒടുവിൽ ഡ്രസിങ് റൂമിലെ ഡോറിനു പുറകിൽ ഒളിച്ചു…

ഹാളിലേക്ക് കയറിയ ഇന്ദു ടേബിളിന്റെ പുറത്തിരുന്ന പാതി കടിച്ച പഴംപൊരിയും പകുതിയാക്കിയ ചായയും കാണുന്നു…

“ഇതാരാ ഇങ്ങനെ പാതി കടിച്ചു വെച്ചേക്കുന്നത്…
അമ്മേ… അമ്മേ… ”

“എന്താ മോളെ… ”

“ഇവിടെ ആരെങ്കിലും വന്നായിരുന്നോ… ”

“അഹ്… ഓഹ് ഇല്ലാലോ മോളെ… എന്താ? ”

“അല്ല പിന്നെ ഇത് ആരാ കഴിക്കാതെ വെച്ചത്… ”

“ഓഹ് അത്… അത് ഞാനാ മോളെ…
ചായ കുടിച്ചോണ്ടിരുന്നപ്പോളാ അടുക്കളയിൽ എന്തോ താഴെ വീഴുന്ന സൗണ്ട് കേട്ടത്…
അമ്മ അത് നോക്കാൻ പോയിരിക്കുവായിരുന്നു… ”

“ആഹ്…
എന്നാൽ ഞാൻ പോയി കുളിച്ചിട്ട് വരാം അമ്മേ… ”

ബാഗിൽ നിന്നും ഫുഡ്‌ കൊണ്ടു പോയ പാത്രം എടുത്തു അമ്മയുടെ കൈയിൽ കൊടുത്തിട്ട് അവൾ റൂമിലേക്ക് നടന്നു…

ഡോർ ലോക്ക് ചെയ്തിട്ടു ബാഗ് ടേബിളിന്റെ പുറത്തേക്കു വെച്ചു…

ഡ്രസിങ് റൂമിൽ നിന്നും തല പുറത്തേക്കിട്ടു ഞാൻ റൂമിലേക്ക്‌ കണ്ണോടിച്ചു…

ഇന്ദു പുറം തിരിഞ്ഞു നിൽക്കുവാണ്…

മുടിയൊക്കെ അഴിച്ചു കോതി അമ്മച്ചിക്കെട്ടുപോലെ ഉയർത്തി കെട്ടിവെച്ചു..

അവളുടെ ഓരോ പ്രവർത്തിയും ഞാൻ ഇമ ചിമ്മാതെ നോക്കിക്കൊണ്ടേ ഇരുന്നു…

അച്ഛനെയും അമ്മയും വളച്ചു കുപ്പിയിലാക്കിയിട്ടുണ്ടെന്നു കുറച്ചു മുൻപ് കേട്ട സംഭാഷണത്തിൽ നിന്നും മനസ്സിലായി…

അവള് ഇവിടെ ഹാപ്പി ആണല്ലോ അത് മാത്രം മതി എനിക്കു…

ദീർഘമായി ഒന്ന് നിശ്വസിച്ചിട്ടു ഞാൻ പതിയെ ശബ്ദം ഉണ്ടാക്കാതെ മുന്നോട്ട് ചെല്ലാൻ തുടങ്ങിയതും അവള് തിരിഞ്ഞതും ഒരുമിച്ചായിരുന്നു…

ഭാഗ്യം അവള് കണ്ടില്ല…

ഞാൻ വീണ്ടും അനങ്ങാതെ അവിടെ തന്നെ നിന്നു…

“ന്റെ കൃഷ്‌ണൻകുട്ടി…
ഒന്നും പറയണ്ട…
ബാങ്കിൽ തിരക്കോടു തിരക്കു…
പണി എടുത്തു ഞാൻ ചാകാറായി…
ഇരുന്നു ഇരുന്നു നടുവും പോയി…
സിസ്റ്റത്തിൽ കണ്ണും നട്ടിരുന്നു കണ്ണും അടിച്ചു പോകാറായി…

നിനക്കു ഇതൊന്നും അറിയണ്ടല്ലോ…
ഏത് നേരവും ഇങ്ങനെ കള്ളചിരിയും ചിരിച്ചോണ്ട് ഇരുന്നാൽ പോരേ…
ഭാഗ്യവാൻ… ”

അവളുടെ പരിഭവം പറച്ചിൽ കേൾക്കാൻ നല്ല രസമാണ്…
ഒരു പ്രത്യേക ഈണത്തിലാണ് അവളു കണ്ണനോട് സംസാരിക്കുക…

“എന്റെ കണ്ണാ… നിന്നോട് ഞാൻ എത്ര നാളുകൊണ്ടു പ്രാർത്ഥിക്കുവാ എന്റെ വിച്ചുണ്ണു നെ എന്റെ അടുത്തേക്ക് കൊണ്ടുവരാൻ…
അത് പറ്റില്ലെങ്കിൽ പോട്ടെ എന്നെ എന്റെ ചെക്കന്റെ അടുത്തോട്ടു കൊണ്ടു വിട്ടാൽ എന്താ നിനക്ക്…

വല്ലാത്ത മിസ്സിംഗ്‌ ആണ്…
നിനക്കറിയാവുന്നതല്ലേ…
ഇപ്പോളിപ്പോൾ നീ എന്റെ പ്രാർത്ഥന കേൾക്കുന്നില്ല എന്നൊരു തോന്നൽ ഇല്ലാതില്ല കേട്ടോ… ”

അതും പറഞ്ഞു അവൾ ടേബിളിനു പുറത്തിരുന്ന ഞങ്ങളുടെ വിവാഹ ഫോട്ടോ എടുത്തു അതിലേക്കു നോക്കിയിരുന്നു…

“മ്മ്… കൊള്ളാം…
നല്ല ആളാ എന്നെ ഉടൻ കൊണ്ടുപോകാമെന്ന് പറഞ്ഞു പറ്റിച്ചിട്ട് ഫോട്ടോയിൽ ഇരുന്നു ചിരിക്കുന്നത് കണ്ടില്ലേ… ”

അതിൽ നോക്കി അവൾ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു…

പിന്നെ കൂടുതൽ നേരം എനിക്കു പിടിച്ചു നിൽക്കാൻ പറ്റിയില്ല…

തിരിഞ്ഞു നിൽക്കുന്ന അവളുടെ കഴുത്തിലേക്ക് താടി ചേർത്ത് വെച്ചു ഞാൻ രണ്ടു കൈകൾ കൊണ്ടുംഅവളെ മുറുകെ പുണർന്നു…

എന്നിട്ട് ആ കാതോരം മന്ത്രിച്ചു…

“കാത്തിരുപ്പു അവസാനിപ്പിച്ചോളു… എന്റെ പെണ്ണിന്റെ വിച്ചുണ്ണു ദാ കയ്യെത്തും ദൂരത്തുണ്ട്… ”

ഞെട്ടിപിടഞ്ഞവൾ തിരിഞ്ഞു…
വിശ്വാസം വരാതെ കൈകളിൽ നുള്ളി നോക്കി…

വാക്കുകൾ പുറത്ത് വരാത്ത രീതിയിൽ അവൾ തറഞ്ഞു നിന്നു…
സ്നേഹത്തിന്റെയും പരിഭവത്തിന്റെയും കണ്ണുനീർ ആ മിഴികളിൽ നിന്നും ഒലിച്ചിറങ്ങി…

രണ്ടുപേരുടെയും ഹൃദയതാളം വരെ മാറി മറഞ്ഞു…

മൗനം അവർക്കിടയിലെ പ്രണയത്തിന്റെ തീവ്രത എടുത്തു കാണിച്ചു….

ഞാൻ അവളെ തുരു തുരെ ചുംബിച്ചു…
അവളെന്നെ ഇടിച്ചും മാന്തിയും തള്ളി മാറ്റി…

“നോവുന്നുണ്ട് പെണ്ണേ… ”

“നോവട്ടെ…
എന്തിനാ എന്നെ പറ്റിച്ചത്…
വരുന്നുണ്ടെന്നു ഒരു വാക്ക് പറഞ്ഞില്ലാലോ… ”

“അത് എന്റെ പെണ്ണിനൊരു സർപ്രൈസ് തരാൻ വേണ്ടി അല്ലായിരുന്നോ…
അതുകൊണ്ടല്ലേ ഈ കണ്ണുകളിലെ തിളക്കം വീണ്ടും എനിക്കു കാണാൻ കഴിഞ്ഞത്… ”

അതും പറഞ്ഞു അവളെ ഞാൻ പൊക്കിയെടുത്തു കട്ടിലിലേക്കിട്ടു…
കുസൃതിയോടെ അവളെ നോക്കി…

“ദേ ഞാൻ കുളിച്ചിട്ടില്ലട്ടോ…
വിയർപ്പിന്റെ നല്ല നാറ്റം ഉണ്ട്… ”

എഴുന്നേക്കാൻ ശ്രമിച്ച അവളെ ഞാൻ ബലമായി പിടിച്ചവിടെ കിടത്തി…

“നിന്റെയീ വിയർപ്പിന്റെ ഗന്ധമാണ് മോളെ എനിക്കു ഏറെ ഇഷ്ടം…
മനുഷ്യനെ വല്ലാതെ മത്തു പിടിപ്പിക്കുന്ന നിന്റെയീ ഗന്ധം നുകർന്നിട്ട് മൂന്ന് മാസവും ഏഴ് ദിവസവുമായി…
ഇനി കാത്തിരിക്കാൻ വയ്യ… ”

അവളെന്തെങ്കിലും പറയും മുൻപ് ഞാൻ അവളുടെ ചുണ്ടുകളിൽ വിരൽ ചേർത്തു വെച്ചു..

********************************

രാത്രിയിൽ അത്താഴം കഴിച്ചു കൊണ്ടിരിക്കുന്ന കൂട്ടത്തിലാണ് വരവിന്റെ ഉദ്ദേശം ഞാൻ അച്ഛനെയും അമ്മയെയും അറിയിച്ചത്…

അത് കേട്ടപ്പോൾ തന്നെ രണ്ടാളുടെയും മുഖം വാടി…

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അച്ഛൻ സംസാരിച്ചു തുടങ്ങി…

“മ്മ്… അതെന്തായാലും നന്നായി…
ഭാര്യയും ഭർത്താവും എപ്പോളും ഒരുമിച്ചു ജീവിക്കുന്നത് തന്നെയാ എന്തുകൊണ്ടും നല്ലത്…
അല്ലെങ്കിൽ ജീവിതത്തിനു എന്ത് സുഖം കിട്ടാനാ…
അത് മാത്രം അല്ലാലോ വിവാഹം കഴിഞ്ഞു വിരലിൽ എണ്ണാവുന്ന ദിവസങ്ങൾ മാത്രമല്ലേ ഒരുമിച്ചു ഉണ്ടായിരുന്നുള്ളു…
എന്തായാലും നിന്റെ തീരുമാനം നന്നായി മോനേ… ”

“ഇന്ദു നീ നാളെതന്നെ ബാങ്കിൽ റിസൈൻ ലെറ്റർ കൊടുക്കണം ”

“റിസൈൻ ചെയ്യാനോ…
അത് വേണ്ട ഏട്ടാ…
ലോങ്ങ്‌ ലീവ് അപ്ലെ ചെയ്യാം…
പകരത്തിനു ആരെയെങ്കിലും ടെംപോററി പോസ്റ്റിൽ കയറ്റിയാൽ മതി…
ആഗ്രഹിച്ചു നേടിയതല്ലേ… കളയാൻ മനസ്സ് വരുന്നില്ല… ”

“ആഹ് എങ്കിൽ നിന്റെ ഇഷ്ടം പോലെ ആകട്ടെ…
എന്തായാലും പെട്ടെന്ന് വേണം… ”

“മ്മ് ”

ഇന്ദു വളരെ സന്തോഷത്തിൽ ആയിരുന്നു…
അന്ന് എന്റെ കൂടെ വരില്ലെന്ന് പറഞ്ഞ പെണ്ണാ…
ഇപ്പോൾ എങ്ങനെ ഇരിക്കുന്നു…
മൂക്കും കുത്തി വീണില്ലേ ഈ വിച്ചുണ്ണു ന്റെ മുന്നിൽ…

രാവിലെ ബാങ്കിൽ പോയി ലെറ്റർ കൊടുത്തു…
പെട്ടെന്ന് ആയതുകൊണ്ട് ലോങ്ങ്‌ ലീവ് പറ്റില്ലന്നു മാനേജർ തീർത്തു പറഞ്ഞു…

ഒടുവിൽ ആപ്റ്റ് ആയിട്ടൊരാളെ തന്നെ പകരം കൊടുക്കാമെന്നു പറഞ്ഞത് കൊണ്ടു തത്കാലം രക്ഷപെട്ടു…

ഇന്ദുവിന്റെ ഫ്രണ്ട്‌ അശ്വതി ടെംപോററി പോസ്റ്റിൽ ജോയിൻ ചെയ്യാമെന്ന് സമ്മതിച്ചതോടെ ആ കാര്യത്തിനും ഒരു തീരുമാനം ആയി…

ഒരു ദിവസം കൊണ്ടു ഇന്ദുവിന്റെ വീട്ടിലും അളിയന്റെ വീട്ടിലും പോയി യാത്ര പറഞ്ഞു…

എല്ലാവർക്കും സങ്കടവും സന്തോഷവും ഒരേപോലെ ഉണ്ടാക്കുന്ന വാർത്ത ആയിരുന്നു…

ഒടുവിൽ എന്റെ പെണ്ണിന്റെ കൈയും പിടിച്ചു ഞാൻ ഇറങ്ങി…
ഞങ്ങളുടെ ലോകത്തിലേക്ക്…
ഞങ്ങളുടെ ജീവിതത്തിലേക്ക്…

(തുടരും )