24/04/2026

എന്റെ പെണ്ണ് : ഭാഗം 33

രചന – നന്ദിത ദാസ്

കണ്ണുകൾക്കു കനം കൂടുന്നതായി തോന്നി…

പതുക്കെ പതുക്കെ അവ രണ്ടും അടയാൻ തുടങ്ങി…

“ഇന്ദുവിന്റെ കൂടെ ഉള്ളവർ ആരുണ്ട്?? ”

നഴ്സിന്റെ ചോദ്യം കേട്ടപ്പോൾ തന്നെ എല്ലാവരുടെയും ശ്രദ്ധ അങ്ങോട്ടായി…

നഴ്സിന്റെ കൈയിൽ ഇരിക്കുന്ന കുഞ്ഞിനെ കണ്ടതോടെ എല്ലാം കണ്ണുകളും സന്തോഷത്താൽ വിടർന്നു…

“ഞങ്ങൾ എല്ലാരും ഇവിടെ തന്നെ ഉണ്ട് സിസ്റ്റർ… ”

കുഞ്ഞിനെ കൈയിലേക്ക് തന്നുകൊണ്ട് അവർ പറഞ്ഞു

“എല്ലാം കഴിഞ്ഞു…. സുഖപ്രസവം ആയിരുന്നു…
മോളാ…. ”

ഇന്ദുവിന്റെ അമ്മ കൈ നീട്ടി കുഞ്ഞിനെ വാങ്ങി…

എല്ലാരും അവൾക്കു ചുറ്റും പൊതിഞ്ഞു നിന്നു…

ചുവന്നു തുടുത്തു ഒരു മാലാഖ കുഞ്ഞു…

കണ്ണുകൾ മുറുക്കി അടച്ചിട്ടുണ്ട്…

കൈ രണ്ടും മുറുക്കി പിടിച്ചിരിക്കുന്നു…

ഒരു പാവക്കുഞ്ഞിനെ പോലെ….

പെട്ടെന്ന് ആരോ ചോദിച്ചു…

“സിസ്റ്റർ… ഇന്ദു…. ”

“മയക്കത്തിലാണ്…. വേറെ കുഴപ്പം ഒന്നും ഇല്ല…

ആഹ് പിന്നെ ആ കുട്ടിയുടെ ഹസ്ബെന്റ് ഉണ്ടെങ്കിൽ ഒന്ന് അകത്തോട്ടു വന്നോളൂ കേട്ടോ…

ഏത് നേരവും ഏട്ടൻ വന്നോ വന്നോന്നു ചോദിക്കുന്നുണ്ടായിരുന്നു… ”

എല്ലാ മുഖങ്ങളിലും നിരാശ പടർന്നു…

പെട്ടെന്ന് കുഞ്ഞു കരയാനും തുടങ്ങി…

സിസ്റ്റർ കുഞ്ഞിനെ തിരികെ വാങ്ങി റൂമിലേക്ക് കയറാൻ തുടങ്ങി..

” എസ്ക്യൂസ് മീ സിസ്റ്റർ… ”

ഒരു നിമിഷം എല്ലാരും ശബ്ദം കേട്ട ഭാഗത്തേക്ക്‌ തിരിഞ്ഞു നോക്കി…

“ഈശ്വരാ… വിച്ചു… ”

കൈയിൽ ഉണ്ടായിരുന്ന ബാഗ് താഴെ വെച്ചു സിസ്റ്ററുടെ കൈയിൽ ഇരിക്കുന്ന കുഞ്ഞിന് നേരെ ഞാൻ കൈകൾ നീട്ടി…

സിസ്റ്റർ കുഞ്ഞിനെ എന്റെ കൈയിലേക്ക് നൽകി…

“മോളാ… ”

എന്റെ പൊന്നോമനയുടെ മുഖം ഞാൻ ആദ്യമായി കണ്ടു…

അത്രയും നേരം കരഞ്ഞുകൊണ്ടിരുന്ന എന്റെ രാജകുമാരി കുഞ്ഞിക്കണ്ണുകൾ ചിമ്മി ചിമ്മി തുറന്നു എന്റെ മുഖത്തേക്കു നോക്കി…

“അച്ഛന്റെ പൊന്നേ…

അച്ഛ ഓടി ഇങ്ങു വന്നില്ലേ അച്ഛയുടെ രാജകുമാരിയെ കാണാൻ… ”

അവളുടെ കുഞ്ഞു നെറ്റിയിൽ ഞാൻ ചുണ്ടുകൾ ചേർത്തു…

കള്ളി… വീണ്ടും കണ്ണടച്ചു…
ഞാൻ ഒന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ ഉറക്കം ആരംഭിച്ചു…

“കുഞ്ഞിനേയും കൊണ്ടു അകത്തേക്ക് വന്നോളു…
ഇന്ദുവിനെ കാണണ്ടേ… ”

കുഞ്ഞിനേയും കൊണ്ടു ഞാൻ സിസ്റ്ററുടെ പുറകേ അകത്തേക്ക് കയറി…

അകത്തു എന്റെ ഇന്ദു കണ്ണുകൾ അടച്ചു കിടക്കുന്നു…

“മയക്കത്തിലാ…
പതുക്കെ വിളിച്ചു നോക്കൂ… ഉണരും… ”

എന്റെ കൈയിൽ നിന്നും കുഞ്ഞിനെ വാങ്ങി സിസ്റ്റർ ഇന്ദുവിന്റെ പള്ള ഭാഗത്തേക്ക്‌ ചേർത്തു കിടത്തി…

അവളൊന്നു ചുരുണ്ടു അമ്മയുടെ ചൂട് പറ്റി കിടന്നു…

ഞാൻ പതിയെ ഇന്ദുവിന്റെ തലയിൽ തലോടി…

കണ്ണുകളിൽ മിഴിനീര് തങ്ങി നിൽക്കുന്നുണ്ടായിരുന്നു…

“മോളെ… ഇന്ദു… ”

ഞാൻ പതിയെ വിളിച്ചു…

അവൾ പ്രയാസപ്പെട്ടു കണ്ണുകൾ വലിച്ചു തുറന്നു…

ആകെ ക്ഷീണിച്ചിരിക്കുന്നു എന്റെ പെണ്ണ്…

കണ്ണുകളിലെ തിളക്കമൊക്കെ പോയി…

എന്നെ കണ്ടതോടെ വീണ്ടും ആ കണ്ണുകൾ നിറയാൻ തുടങ്ങി…

കണ്ണുനീരൊപ്പി ഞാൻ അവളുടെ നെറ്റിയിൽ മൃദുവായി ചുംബിച്ചു…

“ഏട്ടൻ എപ്പോളാ വന്നേ… ”

“വന്നതേ ഉള്ളു മോളെ… ”

ഞാൻ അവളുടെ കൈകളിൽ തലോടി…

“ദേ നമ്മുടെ മോളെ…
മോളെ കണ്ടോ ഏട്ടാ…
ഞാൻ പറഞ്ഞില്ലേ മോളായിരിക്കുമെന്നു… ”

അവളുടെ കണ്ണുകളിലെ സന്തോഷത്തിളക്കം ഞാൻ കുസൃതിയോടെ നോക്കി നിന്നു…

അവളോട്‌ ചേർന്നു കിടക്കുന്ന ഞങ്ങളുടെ ജീവനെ അവൾ പതിയെ തലോടി…

“മ്മ്… കണ്ടു… എന്റെ ഇന്ദുനെ പോലെ തന്നെ… ചുന്ദരിയാ നമ്മുടെ മോൾ… ”

“ഈ ഏട്ടന് ഒന്നും അറിയില്ല…
ഇപ്പോളെ മുഖഛായ ഒന്നും അറിയാൻ പറ്റില്ല ഏട്ടാ… ”

“ആരു പറഞ്ഞു… നീ നോക്കിക്കോ… വളർന്നു വരുമ്പോൾ അമ്മയെപ്പോലെ തന്നെ ആകും മോളും…”

അവളു ചിരിച്ചതേ ഉള്ളു…
വല്ലാത്തൊരു ക്ഷീണം അവളിൽ മിന്നി മറയുന്നുണ്ടായിരുന്നു…

“കുറച്ചു നേരം ഉറങ്ങിക്കോ…
നല്ല ക്ഷീണം ഉണ്ട്…
ഒരുപാട് വേദന സഹിച്ചതല്ലേ എന്റെ പെണ്ണ്… ”

“ഓർമിപ്പിക്കല്ലേ ഏട്ടാ…

ജീവൻ പോകുന്നത് പോലെ തോന്നി എനിക്കു…

മാതൃത്വത്തിന്റെ വില അത് ഇത്ര വലുതാണെന്ന് ഒരിക്കലും അറിഞ്ഞിരുന്നില്ല…

പൂവിട്ടു പൂജിക്കണം ഓരോ അമ്മയെയും… ”

“അതേ… അമ്മ എന്നാൽ പുണ്യമാണ്…
ഇപ്പോൾ എന്റെ ഇന്ദുവും പുണ്യവതി ആയിരിക്കുന്നു… ”

അവളെന്റെ കൈകളിൽ മുറുകെ പിടിച്ചു..

“കുറേനേരം ഇവിടിരിക്കുമോ ഏട്ടാ… പ്ലീസ്… ”

“സിസ്റ്റർ ചാടിച്ചു പുറത്താക്കുന്നത് വരെ ഇവിടെ ഇരിക്കാം പോരേ… ”

അവൾ ചിരിച്ചുകൊണ്ട് കണ്ണുകൾ അടച്ചു…

അധികം വൈകാതെ തന്നെ അവൾ നിദ്രയിലാണ്ടുപോയി….

“പുറത്തേക്കു ഇറങ്ങിക്കോളൂ കേട്ടോ…
കുറച്ചു കൂടി കഴിഞ്ഞു അമ്മയെയും കുഞ്ഞിനേയും റൂമിലേക്ക്‌ മാറ്റും… ”

“ഓക്കേ സിസ്റ്റർ… ”

കുഞ്ഞിന്റെയും ഇന്ദുവിന്റേയും നെറ്റിയിൽ ഒന്നുകൂടി ചുംബിച്ചിട്ട് ഞാൻ പുറത്തേക്കിറങ്ങി….

പുറത്തെല്ലാവരും കാത്തു നിൽക്കുന്നുണ്ടായിരുന്നു…

“അളിയാ… കൺഗ്രാജുലേഷൻസ്…”

ഉണ്ണി അളിയൻ എന്നെ ചേർത്തു പിടിച്ചു….

“താങ്ക്സ് അളിയാ… ”

അപ്പോളേക്കും അച്ഛൻ പോയി സ്വീറ്റ്‌സ് വാങ്ങിക്കൊണ്ടു വന്നു അവിടെ ഉണ്ടായിരുന്നവർക്കെല്ലാം വിതരണം ചെയ്തു…

“ലീവ് എങ്ങനെ ഒപ്പിച്ചു മോനെ… ”

“ഓഹ് അതൊക്കെ വല്യ കഥയാണ്…
പറയാതിരിക്കുന്നതാ നല്ലത്…
എന്തായാലും ഞാൻ ഇങ്ങു എത്തിയില്ലേ അമ്മേ…
കുറച്ചു ദിവസം കഴിഞ്ഞേ ഇനി മടങ്ങുന്നുള്ളു…. ”

“ഈശ്വരൻ തുണച്ചു…
അല്ലെങ്കിൽ മോൾക്ക്‌ വല്യ സങ്കടം ആയേനെ… ”

അതേ ഞാൻ ഒരു അച്ഛനായിരിക്കുന്നു…
എന്റെ ഇന്ദു ഒരു അമ്മയും…

ഞങ്ങൾക്കു സ്വന്തം എന്ന് പറഞ്ഞു സ്നേഹിക്കാൻ ഇനി ഒരു പുതിയ അതിഥി കൂടി…

ഞങ്ങളുടെ ചോരയിൽ പിറന്ന… ഞങ്ങളുടെ പൊന്നുമകൾ…

ഇനി ഉള്ള ഞങ്ങളുടെ ജീവിതം അവൾക്കു വേണ്ടിയാണു…

കുറച്ചു മണിക്കൂറിനു ശേഷം ഇന്ദുവിനെയും കുഞ്ഞിനേയും റൂമിലേക്ക്‌ മാറ്റി…

വിശക്കുമ്പോൾ ഭയങ്കര കരച്ചിലാണ് കുഞ്ഞു…

വിശപ്പ്‌ അടങ്ങി കഴിയുമ്പോൾ പാവത്താനെ പോലെ ചുരുണ്ടു കൂടി കിടക്കും…

ഇടയ്ക്ക് നഴ്സ് വന്നു എടുത്തോണ്ട് പോകും…

വെയിറ്റ് നോക്കാനും…

ആ മൃദുല മേനിയിൽ സൂചി കുത്താനൊക്കെ…

വേദന കൊണ്ടു അവളു കരയുമ്പോൾ ആ വേദന കണ്ടു നിൽക്കുന്ന ഞങ്ങളുടെ ഓരോരുത്തരുടെയും വേദനയായി മാറും…

നാല് ദിവസം കഴിഞ്ഞു ഡിസ്ചാർജ് കിട്ടി…

പാലാഴി വീട്ടിലേക്കാണ് കുഞ്ഞിനേയും അമ്മയെയും കൊണ്ടുപോയത്…

അമ്പത്തിയാറു കഴിയാതെ ഇനി മടക്കി അയക്കുകയും ഇല്ല പോലും…

എന്തായാലും ഞാനും പാലാഴിയിൽ തന്നെ കൂടി…

ഒരു നിമിഷം പോലും ഇന്ദുവിനെയും കുഞ്ഞിനേയും വിട്ടു പിരിയാൻ കഴിയുമായിരുന്നില്ല…

പകൽ എല്ലാം നന്നായി ഉറങ്ങി രാത്രി ഞങ്ങളെ ഉറക്കാറേ ഇല്ല വഴക്കാളി പെണ്ണ്…

പാവം എന്റെ ഇന്ദു ഉറങ്ങിയിട്ട് ദിവസങ്ങളായി…

പണ്ടത്തെ ഇന്ദുവിൽ നിന്നും ഒരുപാട് മാറിയിരുന്നു അമ്മയായ ഇന്ദു…

ചിലപ്പോളൊക്കെ എനിക്കു അത്ഭുതം തോന്നാറുണ്ട്…
എത്ര പെട്ടെന്നാണ് ഒരു പെണ്ണ് സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതെന്നു ഓർത്തു…

കുഞ്ഞിന്റെ നൂലുകെട്ടു കഴിയുന്നതിനു മുൻപ് തന്നെ മടങ്ങി പോകണം…

പല്ലില്ലാത്ത മോണ കാട്ടിയുള്ള എന്റെ കുഞ്ഞിന്റെ ആ ചിരി…
അത് മതിയാരുന്നു എന്റെ സ്വപ്നങ്ങളെ മുന്നോട്ടു നയിക്കാൻ…

“ഏട്ടൻ സന്തോഷമായി പോയി വാ…
ഇപ്പോൾ എനിക്കൊരു സങ്കടവും ഇല്ല…
ഞാനും നമ്മുടെ മോളും അച്ഛനെ കാത്തു കാത്തു ഇവിടെ ഇരുന്നോളാം… ”

എന്റെ കണ്ണുകളിൽ നോക്കി അവളത് പറയുമ്പോൾ മുൻപെങ്ങും ഇല്ലാത്തൊരു ആത്മവിശ്വാസം ഞാനാ കണ്ണുകളിൽ കണ്ടു…

അന്ന് എന്റെ പെണ്ണിനേയും കുഞ്ഞിനെയും ചേർത്ത് പിടിച്ചു ഞാൻ കിടന്നു….

“ഏട്ടൻ കണ്ടുവെച്ച പേര് തന്നെ മതീട്ടോ…
അതാ എനിക്കും ഇഷ്ടം ആയത്…
ഏട്ടൻ പറഞ്ഞത് പോലെ ദൈവം നമുക്ക് തന്ന നിധിയാണ് ഇവൾ…

‘നിധാഷ… ‘

നമ്മുടെ നിധി മോൾ… ”

“അതേ… ഇതിനേക്കാൾ യോജിച്ച ഒരു പേരും ഞാൻ കാണുന്നില്ല…
ഈശ്വരൻ നമുക്ക് തന്ന നമ്മുടെ നിധി തന്നെയാ ഇവൾ… ”

ക്യാമ്പിലേക്ക് തിരികെ ചെല്ലുമ്പോൾ അവിടെ എന്നെ കാത്തിരിക്കുന്നത് ഒരു ഭൂകമ്പം ആണെന്ന് അറിയാം…
അത്രയ്ക്ക് പ്രോബ്ലം ഉണ്ടാക്കിയാണ് അന്ന് അവിടെ നിന്നും ഇറങ്ങിയത്…

വിക്രം സാറിനോട് വരെ കയർത്തു സംസാരിക്കേണ്ടി വന്നു…

ഒട്ടും കുറ്റബോധം തോന്നുന്നില്ല…

അന്നേരത്തെ എന്റെ അവസ്ഥ അതായിരുന്നു…

ഒടുവിൽ വിക്രം സർ തന്നെ അവസാന താക്കീതോടെ ലീവ് ശരിയാക്കി തന്നു…

കടുവ എനിക്കിട്ട് ഉറപ്പായും പണിഷ്മെന്റ് തരും…

സാരമില്ല…. എനിക്കെന്റെ കുഞ്ഞിനെ ഒരു നോക്കൂ കാണാൻ സാധിച്ചല്ലോ…
അതിനു മുന്നിൽ ഇനി വരാനിരിക്കുന്നതൊന്നും എനിക്കൊരു പ്രശനമേ അല്ല…

യാത്ര പറഞ്ഞു ഇറങ്ങുമ്പോൾ ഇന്ദുവിന്റേയും മോളുടെയും നെറുകയിൽ ചുംബിച്ചു…

നിറചിരിയോടെ എല്ലാവരും എന്നെ യാത്രയാക്കി…

*****

യൂണിറ്റിൽ പോയി ഒപ്പിട്ടു തിരികെ ക്യാമ്പിൽ എത്തുമ്പോൾ ഹരിയേട്ടനും ബാക്കി എല്ലാരും ഉണ്ടായിരുന്നു…

എന്തോ കാര്യമായി ചർച്ച നടക്കുന്നുണ്ട്…

ഹരിയേട്ടന്റെ മുഖം ഇത്ര നിരാശയോടെ ഞാൻ കണ്ടിട്ടില്ല…

“എന്തുപറ്റി?? എല്ലാരും ഇത് എന്താ ഇങ്ങനെ?? ”

“ഹരിയേട്ടന്റെ മോൾക്ക് നല്ല സുഖം ഇല്ല വിഷ്ണു…
കുട്ടിയെ ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിട്ടുണ്ട്… ”

“എന്താ… എന്താ കാര്യം… ഒന്ന് തെളിച്ചു പറ നന്ദാ… ”

“സ്കൂളിൽ വെച്ചു വയ്യാതെ ആയി…
ശ്വാസം എടുക്കാൻ കഴിയാതെ വന്നപ്പോൾ ഹോസ്പിറ്റലിൽ കൊണ്ടുപോയി…
വാൽവിന് തകരാറ് ഉണ്ട്…
ഓപ്പറേഷൻ വേണ്ടി വരും… ”

“ഈശ്വരാ… കൊച്ചു കുട്ടിയല്ലേ അവൾ… ഓപ്പറേഷൻ എന്നൊക്കെ പറയുമ്പോൾ… ”

“ഉടനെ വേണ്ട… പക്ഷേ എന്നായാലും നടത്തിയേ പറ്റു…
ഇപ്പോൾ കുട്ടി ഡോക്ടറുടെ നിരീക്ഷണത്തിലാ… ”

“ഹരിയേട്ടൻ വിഷമിക്കാതിരിക്കു…
എല്ലാം നന്നായി നടക്കും…
ഞങ്ങളൊക്കെ ഇല്ലേ കൂടെ… ”

“എനിക്കൊന്നു നാട്ടിൽ പോകണം വിഷ്ണു…
എന്റെ രാധയ്‌ക്കു ഒറ്റയ്ക്ക് ഒന്നിനും ആകില്ല… ”

“ലീവ് എഴുതി കൊടുത്തില്ലേ…?? ”

“അന്ന് നീ പ്രോബ്ലം ഉണ്ടാക്കി പോയതിൽ പിന്നെ കടുവക്കു എല്ലാരോടും ദേഷ്യമാ…
ലീവ് കിട്ടുന്ന കാര്യം നടക്കുമോ എന്ന് അറിയില്ല…
എനിക്കെന്റെ മോളെ ഒന്ന് കണ്ടാൽ മതി… ”

ഹരിയേട്ടൻ വിങ്ങി പൊട്ടുന്നുണ്ടായിരുന്നു…

എല്ലാരും ആശ്വസിപ്പിക്കാൻ ശ്രമിച്ചു….

ലീവ് കഴിഞ്ഞു എത്തിയ എന്നെയും കാത്തു കടുവ കാത്തിരിക്കുന്നുണ്ടായിരുന്നു…

വിചാരിച്ചതു പോലെ നല്ല പണിയും കിട്ടി…

ഡേയും നെറ്റും എല്ലാം അയാൾ എന്നെ ഡ്യൂട്ടിക്ക് ഇട്ടു…

നിന്നു തിരിയാൻ പോലും ആകാത്തവിധം അയാളെന്നെ പൂട്ടി…

ഇതിനിടയിൽ ഹരിയേട്ടൻ ലീവ് കിട്ടി നാട്ടിലേക്കു തിരിച്ചു…

അതൊരു ആശ്വാസം ആയിരുന്നു…

കുഞ്ഞിന്റെ നൂലുകെട്ടു ചടങ്ങൊക്കെ ഭംഗിയായി നടന്നു…

ഓരോ ദിവസങ്ങളും ഓരോ യുഗങ്ങളായി കടന്നു പോയി..

മകൾക്കു ഓപറേഷൻ ഉടൻ ആവിശ്യം ഇല്ലെന്ന നല്ല വാർത്തയുമായി ഹരിയേട്ടൻ തിരിച്ചെത്തി…

വീണ്ടും എല്ലാം പഴയത് പോലെ ആയി…

കുഞ്ഞിന്റെ ചോറൂണ് കഴിഞ്ഞു…

ഒന്നിനും പങ്കെടുക്കാനാവാതെ അന്യനെ പോലെ ഞാൻ ഇവിടെ…

ദിവസങ്ങളും മാസങ്ങളും ഒച്ച് ഇഴയുന്ന വേഗത്തിൽ കടന്നു പോയി…

മനഃപൂർവം ലീവ് ചോദിച്ചില്ല…

ഇന്ദുവിനെയും കുഞ്ഞിനേയും ഡെയിലി വീഡിയോ ചാറ്റിംഗിൽ കാണും…
ഞങ്ങളുടെ നിധിമോൾ മിടുക്കിയായി ഇരിക്കുന്നു…

ഫോണിൽ എന്നെ കാണുമ്പോൾ അവൾ പല്ലില്ലാത്ത മോണകാട്ടി ചിരിക്കും…

അച്ഛനാണെന്നു ഇന്ദു എന്നും അവളെ ഓർമ്മപ്പെടുത്തും…

മായയുടെയും ഉണ്ണി അളിയന്റെയും കല്യാണം നീണ്ടു നീണ്ടു പോയി…

അത് എനിക്കു വേണ്ടിയുള്ള കാത്തിരിപ്പാണെന്നു ഇന്ദു പറയാതെ പറഞ്ഞപ്പോൾ ഞാൻ കാരണം അവരുടെ ജീവിതം ഇങ്ങനെ നീണ്ടു പോയതിൽ ഒരുപാട് സങ്കടം തോന്നി…

കുഞ്ഞിന് എട്ട് മാസം ആയപ്പോൾ ആണ് ഞാൻ വീണ്ടും നാട്ടിൽ എത്തുന്നത്…

ഇരുപതു ദിവസത്തെ ലീവ് ഉണ്ട്…

ഇപ്രാവശ്യം അളിയന്റെ കൈയിൽ മായയെ ഏൽപ്പിക്കണം…

വരുന്ന കാര്യം അളിയനോട് മാത്രം സൂചിപ്പിച്ചു…

വീട്ടിൽ ചെന്നു കയറിയപ്പോളാണ് എല്ലാരും അറിയുന്നത്…

അപ്പൂപ്പന്റെ കൈയിൽ ഇരുന്ന നിധിമോൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…

ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി….

എന്റെ കൈയിലേക്ക് അവളു വന്നില്ല…

പകരം അപരിചിതനായ ആരെയോ കണ്ട പോലെ കുഞ്ഞു കരയാൻ തുടങ്ങി….

(തുടരും )