രചന – നന്ദിത ദാസ്
എന്റെ ചോദ്യം കേട്ടപ്പോൾ ആള് ഞെട്ടിത്തരിച്ചു വല്ലാത്തൊരു നോട്ടം നോക്കി… “എന്താ ഇങ്ങനെ നോക്കുന്നത്… ഞാൻ ചോദിച്ചത് കേട്ടില്ലേ?? ” “മ്മ്… കേട്ടു… നിനക്ക് ഇഷ്ടം അല്ലെന്നു പറഞ്ഞാൽ ഞാൻ ഇപ്പോൾ എന്താ മാനസ മൈനേ പാടി നടക്കാൻ ഒന്നും പോകുന്നില്ല… എന്നെ ഇഷ്ടം ആണെന്ന് പറയുന്ന ഒരു നല്ല കൊച്ചിനെ കെട്ടി സുഖമായി ജീവിക്കും ” പെട്ടെന്നുള്ള ഏട്ടന്റെ മറുപടി എന്റെ പ്രതീക്ഷകളെയൊക്കെ തകർത്തുകൊണ്ടുള്ളതായിരുന്നു…. സത്യത്തിൽ ചുരുങ്ങിയ നേരം കൊണ്ടു അയാളോട് വല്ലാത്തൊരു അടുപ്പം തോന്നിയിരുന്നു… അയാളിൽ നിന്നും ഇങ്ങനെ ഒരു മറുപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല… “ഇപ്പോൾ നീ എന്താ ഇങ്ങനെ വല്ലാത്തൊരു നോട്ടം നോക്കുന്നത്… തനിക്കു ഇഷ്ടം അല്ലെങ്കിൽ ഒക്കെ ഞാൻ നിർബന്ധിക്കില്ല… ” അത്രയും പറഞ്ഞിട്ട് എന്നെ ഒന്നുകൂടി നോക്കിയിട്ട് അയാൾ എഴുന്നേറ്റു വാതിലിനടുത്തേക്കു നടന്നു… ഇയാൾ എന്താ ഇങ്ങനെ? എന്താ കാര്യമെന്ന് പോലും ചോദിച്ചില്ലല്ലോ? അപ്പോൾ ഇത്രയേ ഉണ്ടായിരുന്നുള്ളു ലവ് അറ്റ് ഫസ്റ്റ് സൈറ്റ്…. ഹും… ഞാൻ പതുക്കെ പിറു പിറുത്തു…
“ദേ പെണ്ണേ വല്ലതും പറയാനുണ്ടേൽ ഉറക്കെ പറഞ്ഞോളണം… ” പോയ ആള് തിരിച്ചു മുന്നിൽ വന്നു കൈ കെട്ടി നിന്നു… മുഖത്ത് ഭയങ്കര ഗൗരവം… ഇത്രനേരം സംസാരിച്ചതുപോലെ ശാന്തൻ ഒന്നും അല്ല… “ദേ എന്നെ ഇങ്ങനെ തറപ്പിച്ചൊന്നും നോക്കണ്ട പറഞ്ഞേക്കാം… കുറേ നേരം മുൻപ് വരെ എന്തായിരുന്നു പറഞ്ഞത്…. ലവ് അറ്റ് ഫസ്റ്റ് സൈറ്റ്.. അതാണ്… ഇതാണ്… ഹോ.. എന്തായിരുന്നു… ” “പിന്നെ നിനക്കെന്താ ഇത്ര ജാഡ… ഞാൻ ഇവിടെ എന്റെ ഇഷ്ടം ആത്മാർത്ഥമായി… അതിലേറെ സന്തോഷത്തോടെ തുറന്നു പറയുമ്പോളാ അവളുടെ ഒരു തലതെറിച്ച ചോദ്യം… ആർക്കായാലും ദേഷ്യം വരില്ലേ… ” “എന്നോട് ദേഷ്യപ്പെടണ്ട… ദേഷ്യപ്പെട്ടാൽ ഞാനും ദേഷ്യപ്പെടും ” “ഹ്മ്മ്മ്… ഉവ്വ ഉവ്വ… നോക്കൂ ഇന്ദു… നിന്റെ നാവ് എന്നോട് ഇഷ്ടം അല്ലെന്നു കളവു പറഞ്ഞാലും നിന്നോട് ഞാൻ സംസാരിച്ച ഓരോ നിമിഷവും നിന്റെ കണ്ണുകൾ എന്നോട് പറയുന്നുണ്ടായിരുന്നു നിനക്ക് എന്നോടുള്ള ഇഷ്ടം…. പരസ്പരം സംസാരിക്കുമ്പോളും അത് ഞാൻ ഒരുപാട് ആസ്വദിച്ചിരുന്നു…
പിന്നെ എന്തിനാ ഇന്ദു വെറുതെ ഇങ്ങനെയുള്ള വേണ്ടാത്ത ചോദ്യമൊക്കെ ചോദിക്കുന്നത്… ” “അത് പിന്നെ എന്റെ മുഖത്ത് നോക്കി ആണൊരുത്തൻ ഞാൻ അറിയാതെ എന്നെ സ്നേഹിച്ചിരുന്നു എന്ന് കേട്ടപ്പോൾ ഉണ്ടായ ഒരു എക്സൈറ്റ്മെന്റ്…അത്രേ ഉള്ളു… അത് മാത്രം അല്ല തന്റെ ആ പ്രൊപ്പോസലും അത് പറഞ്ഞ രീതി ഒന്നും അത്ര റൊമാന്റിക് ആയിരുന്നില്ല… ഇത് വെറും ഇൻഫാചുവേഷൻ മാത്രം…” “ആയിരിക്കാം… നീ തന്നെയാണ് ആ പെൺകുട്ടി എന്ന് അറിഞ്ഞപ്പോൾ മുതൽ ഞാനും ഒരുതരം എക്സൈറ്റ്മെന്റിൽ ആയിരുന്നു… പക്ഷേ ഇന്ന് നിന്നെ വീണ്ടും കണ്ടപ്പോൾ എനിക്ക് നിന്നോട് മുൻപുണ്ടായിരുന്ന ആ ഇഷ്ടം ഒന്നൂടി കൂടിയതേ ഉള്ളു… അത് വെറും ഇൻഫാചുവേഷനോ എക്സൈറ്റ്മെന്റോ ഒന്നും ആയിരുന്നില്ല…പകരം എന്റെ പ്രാണന്റെ പകുതിയെ കണ്ടെത്തിയ ആത്മനിർവൃതി മാത്രം ആയിരുന്നു… ” “എന്നിട്ടെന്തേ പെട്ടെന്ന് ഇറങ്ങിപ്പോകാൻ തുടങ്ങിയെ? ” “അത് ഞാൻ ചുമ്മാ നിന്നെ ഒന്ന് പേടിപ്പിക്കാൻ ചെയ്തത് അല്ലേ… സത്യത്തിൽ ഞാൻ അങ്ങനെ പറഞ്ഞു ഇറങ്ങി പോകാൻ തുടങ്ങിയപ്പോൾ നീ പേടിച്ചില്ലേ… ”
“പിന്നേ…. ഞാൻ എന്തിനാ പേടിക്കുന്നത്? ” ഏട്ടൻ എന്റെ അടുത്തേക്ക് കുറച്ചു കൂടി നീങ്ങി നിന്നു… “ഈ കണ്ണിൽ നോക്കി പറ… എന്നെ ഇഷ്ടം ആയില്ലെന്നു പറ പെണ്ണേ … ” എന്റെ കൃഷ്ണാ ഇങ്ങേരിത് എന്ത് നോട്ടമാ നോക്കുന്നത്… വീണ്ടും സ്പാർക്കിങ്… ഉള്ളിൽ ഒരു ആന്തൽ പോലെ… “അത്… അത് പിന്നെ ഈ കണ്ണ് ഒട്ടും ശരിയല്ല… ഈ നോട്ടവും തീരെ ശരിയല്ല…. ” “ഹഹഹ… ഇപ്പോൾ അതായോ കുഴപ്പം… പുറത്തെല്ലാരും നമ്മളെ വെയിറ്റ് ചെയുവാ… ഇഷ്ടം ആണെന്ന് താൻ ഒന്ന് പറയടോ ” എന്റെ കൃഷ്ണൻകുട്ടിയേ എന്നോട് ഈ ചതി വേണ്ടായിരുന്നു കേട്ടോ… മനസ്സിൽ വല്ലാത്തൊരു മൽപ്പിടുത്തം നടക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… ഉള്ളിൽ ഒരു പൊടിക്ക് ഇഷ്ടമൊക്കെ തോന്നി തുടങ്ങിയിരിക്കുന്നു… ഹേയ് അങ്ങനെ വെറും ഒരു ഇഷ്ടം മാത്രമാണോ അത്? … അല്ല… ഏട്ടൻ പെട്ടെന്ന് റൂം വിട്ടു പോകാൻ തുടങ്ങിയപ്പോൾ പ്രിയപ്പെട്ടത് എന്തോ നഷ്ടമായത് പോലെ ഒരു ഫീൽ ആയിരുന്നു…
ഓടിച്ചെന്നു പിടിച്ചു നിർത്തി ഇഷ്ടം ആണെന്ന് പറയണമെന്നൊക്കെ അപ്പോൾ തോന്നിയിരുന്നു… എന്റെ സ്വഭാവമൊക്കെ നന്നായി അറിയാവുന്ന… ഉരുളക്കുപ്പേരി പോലെ നിൽക്കുന്ന … എന്നെ മനസിലാക്കുന്ന ഒരാള് വേണമെന്നേ ഉണ്ടായിരുന്നുള്ളു… ഇങ്ങേർക്ക് അതിന് കഴിയുമെന്നും മനസ്സ് പറയുന്നു… .. തല്ലുകൊള്ളിത്തരമൊക്കെ ആയിട്ട് ജീവിതം നൈസ് ആയി ജീവിച്ചു തീർക്കുകയും ചെയ്യാമായിരുന്നു… പക്ഷേ ഇവിടെ വില്ലൻ ഈ മഹാന്റെ ജോലിയാണ് … ഇങ്ങേരുടെ ജോലി കളയാൻ നിന്റെ കൈയിൽ വല്ല വിദ്യയും ഉണ്ടോ എന്റെ കണ്ണാ…. “താൻ എന്താ ആലോചിക്കുന്നത്? ” “അത്… അത് എനിക്ക് കൃഷ്ണൻ കുട്ടിയോട് ഒന്ന് അനുവാദം ചോദിക്കണം? ” “കൃഷ്ണൻ കുട്ടിയോടോ രാമൻകുട്ടിയോടോ ആരോടാന്നു വെച്ചാൽ പെട്ടെന്ന് ഫോൺ എടുത്തു വിളിച്ചു ചോദിക്ക്? ” “അതിനു ഫോൺ ഒന്നും വേണ്ട… കൃഷ്ണൻ കുട്ടി ഇവിടെ തന്നെ ഉണ്ട്? ” ഞാൻ അത് പറഞ്ഞപ്പോൾ ഏട്ടൻ റൂം എല്ലാം ആകെ ഒന്ന് നോക്കി… കുനിഞ്ഞു കട്ടിലിന്റെ അടിയിൽ വരെ നോക്കി… എനിക്കാണേൽ ചിരി വന്നിട്ട് വയ്യ… “എവിടെ? ” “ദേ അവിടെ… ” എന്റെ റൂമിലെ കൃഷ്ണവിഗ്രഹത്തിലേക്കു വിരൽ ചൂണ്ടി ഞാൻ പറഞ്ഞു…
അത് വരെ പിടിച്ചു വെച്ച ചിരിയൊക്കെ ഏട്ടന്റെ മുഖം കണ്ടപ്പോൾ പിടി വിട്ടു പോയി… ആളൊരു ചമ്മിയ ചിരിയോടെ എന്നെ നോക്കി… “ഓഹ്.. മതി ചിരിച്ചത്… ഞാൻ അറിഞ്ഞോ നീ ദൈവങ്ങളെയെല്ലാം ഇങ്ങനെ ഓരോ വട്ടപ്പേരു ഇട്ടാണ് വിളിക്കുന്നതെന്ന്… ” കൃഷ്ണന്റെ കഴുത്തിലെ തുളസിമാലയിൽ നിന്നും ഒരു തുളസിയില ഞാൻ അടർത്തി എടുത്തു… “അവിടെ നിൽക്കാതെ ഇങ്ങോട്ട് വാ… എന്റെ ഇഷ്ടദേവനാണ് കൃഷ്ണൻ… ഞാൻ എന്ത് ചെയ്താലും ആദ്യം അഭിപ്രായം ചോദിക്കുന്നത് എന്റെ കണ്ണനോടാണ്… ഈ തുളസിയില ഞാൻ മൂന്ന് തവണ മുകളിലേക്കു എറിയും… ഒരു തവണ പോലും ഇല കമിഴ്ന്നു വീഴാൻ പാടില്ല… അങ്ങനെ വീണാൽ പിന്നെ… എന്റെ മറുപടി നോ ആയിരിക്കും… ” ഞാൻ അത് പറഞ്ഞപ്പോൾ ആ മുഖത്ത് വല്ലാത്തൊരു ആശങ്ക വന്നു നിറയുന്നത് കാണാൻ സാധിച്ചു… “അതൊക്കെ വേണോ മോളെ… ” “വേണം… ഞാൻ ഇടാൻ പോവാണേ ” “മ്മ് ” ഞാൻ കണ്ണുകളടച്ചു ഇല മുകളിലേക്കു എറിഞ്ഞു… നേരെ തന്നെ വീഴണേ എന്നായിരുന്നു എന്റെയും പ്രാർത്ഥന… “ഭാഗ്യം… അത് നേരെയാ വീണത്… ” ഏട്ടന്റെ ശബ്ദം കേട്ടു ഞാൻ കണ്ണ് തുറന്നു നോക്കി…
അതെ ഫസ്റ്റ് സ്റ്റേജ് ഓക്കേ ആയിട്ടുണ്ട്… “ഇനി ഏട്ടൻ ഇട്ടോളൂ… ” “വേണ്ട താൻ തന്നെ ഇട്ടാൽ മതി… മൂന്നാമത്തെ ചാൻസ് ഞാൻ ചെയ്‌തോളാം… ” “മ്മ്മ് ” രണ്ടാമത് ഇട്ടതും കറക്റ്റ് ആയി തന്നെ വീണു… ഇനി ഒരേ ഒരു ചാൻസ് കൂടി… അതിൽ വീണില്ലെങ്കിൽ… വല്ലാത്തൊരു വെപ്രാളം… ഞാൻ ഏട്ടന്റെ മുഖത്തേക്ക് നോക്കി… അവിടെയും എന്റെ അതേ അവസ്ഥ തന്നെ… “നീ തന്നെ ഇട്ടാൽ പോരേ ഇന്ദു… ഞാൻ ഇട്ടു ഇനി ഇല കമിഴ്ന്നു വല്ലതും വീണാൽ… ” ഏട്ടന്റെ ശബ്ദത്തിലെ വിറയലും പതർച്ചയും എനിക്ക് മനസിലാകുന്നുണ്ടായിരുന്നു… “എന്തായാലും ഇട്ടോളൂ… കണ്ണന്റെ തീരുമാനം എന്തായാലും ഇതിൽ നിന്നും അറിയാം… ” എന്റെ കൈയിൽ നിന്നും ഇല വാങ്ങി മടിച്ചു മടിച്ചാണ് ഏട്ടൻ മുകളിലേക്കു എറിഞ്ഞത്… ഏറെ നേരം ആയിട്ടും ഏട്ടന്റെ അനക്കം ഒന്നും ഇല്ല… ആള് കണ്ണും അടച്ചു അങ്ങനെ തന്നെ നിൽക്കുന്നു… ഞാൻ താഴേക്കു നോക്കി… “എന്റെ കൃഷ്ണാ… ഏട്ടാ… കണ്ണ് തുറക്ക്… ദേ ഇല… ഇല കമിഴ്ന്നാണല്ലോ വീണത്… ” ഞാൻ പറഞ്ഞത് കേട്ടു ആള് കണ്ണ് തുറന്നു… എന്റെ മുഖത്തേക്ക് നോക്കി… കണ്ണുകൾ നിറഞ്ഞിട്ടുണ്ട്…
“ഞാൻ അന്നേരമേ പറഞ്ഞതല്ലേ താൻ തന്നെ ഇട്ടാൽ മതീന്ന്… ഒരു തവണ… ഒരൊറ്റ തവണ കൂടി നോക്കിയാലോ… പ്ലീസ്…പ്ലീസ് ഇന്ദു… എന്തെങ്കിലും ഒന്ന് പറയടോ? ” ആ മുഖത്തെ പരിഭ്രമവും നഷ്ടബോധവും എല്ലാം കണ്ടപ്പോൾ വല്ലാത്തൊരു നീറ്റൽ തോന്നി… നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ പറഞ്ഞു… “ഏട്ടൻ താഴോട്ട് ഒന്ന് നോക്കിയേ… ഇല നേരെ തന്നെയാണ് വീണത്… ” താഴെ വീണ ഇല ഏട്ടൻ കുനിഞ്ഞെടുത്തു… രണ്ട് കൈയും തലയ്ക്കു കൊടുത്തു നന്നായി ഒന്ന് നെടുവീർപ്പെട്ടു… ആള് ചിരിക്കണോ കരയണോ എന്ന മാനസികാവസ്ഥയിൽ ആണ്.. ഇല എങ്ങാനും കമിഴ്ന്നു വീണെങ്കിൽ എനിക്കും ശരിക്കും സങ്കടം ആയേനെ… “ഹോ എന്നാലും എന്റെ കണ്ണാ ഇപ്പോളാണ് ശ്വാസം നേരെ വീണത്… വല്ലൊത്തൊരു പരീക്ഷണം ആയി പോയി… മോളെ ഇന്ദു… എന്നോട് നുണ പറഞ്ഞതിനുള്ള കൂലി നിനക്കു ഞാൻ തരുന്നുണ്ട് കല്യാണം ഒന്ന് കഴിഞ്ഞോട്ടെ കേട്ടോ… ” “മ്മ് പിന്നെ പിന്നേ കാണാം… ” “ഒരു അപേക്ഷ ഉണ്ട് മാഡം… ഇനി ഇത്തരത്തിലെ പരീക്ഷണങ്ങൾ നമുക്കിടയിൽ വേണ്ട… വേണമെങ്കിൽ ഞാൻ കാല് പിടിക്കാം… ” “ആലോചിക്കാം… പിന്നേ… ഏട്ടാ… എനിക്ക് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട്… ”
“ഹയ്യോ… ഇനിയും ഉണ്ടോ… പേടിപ്പിക്കല്ലേ പെണ്ണേ… ” “അത്… അത്.. ഈ ജോലി… ” “മോളെ ഇന്ദു…. സംസാരിച്ചു കഴിഞ്ഞില്ലേ… വാതിൽ തുറക്ക്… ” അച്ഛനാണ്… “ശ്ശോ… പുറത്തിരുന്നവരെ നമ്മൾ ഓർത്തില്ലല്ലോ… ഒരുപാട് ടൈം ആയിരിക്കുന്നു… എന്നാൽ ഇനി കല്യാണത്തിന് മണ്ഡപത്തിൽ കാണാം കേട്ടോ പെണ്ണേ… ” എനിക്ക് പറയാനുള്ളത് കേൾക്കാൻ നിൽക്കാതെ ഏട്ടൻ കതക് തുറന്നു പുറത്തേക്കിറങ്ങി… അച്ഛൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി… ആ ചെക്കനെ നീ കൊന്നോടി എന്ന ഭാവത്തിൽ… ഞാൻ ഇല്ല അച്ഛാ എന്നൊരു നിസ്സഹായ ഭാവം കാണിച്ചു… “രണ്ടാളും കൂടി കല്യാണത്തിന് ശേഷം പറയാനുള്ളതെല്ലാം ഇപ്പോൾ തന്നെ പറഞ്ഞു തീർത്തു ഇല്ലേ… ” അമ്മാവനാണ്… അത് കേട്ടു കൂടെ ഉള്ളവരെല്ലാം ചിരി തുടങ്ങി… അമ്മയും അച്ഛനും ഒരു വളിച്ച ചിരിയോടെ നിനക്ക് വെച്ചിട്ടുണ്ടെന്ന ഭാവത്തിൽ എന്നെ ഒന്ന് നോക്കി… ഞാൻ പെട്ടെന്ന് മുഖം തിരിച്ചു കളഞ്ഞു… ഏട്ടന്റെ മുഖാമാണേൽ സൂര്യനുദിച്ചപോൽ തിളങ്ങി നിൽക്കുവാണു… ആളൊരു ചുള്ളൻ തന്നെയാണ്… ആ കണ്ണുകൾക്കു വല്ലാത്തൊരു ആകർഷണീയത ഉണ്ട്… പോരാത്തതിന് ഭഗവാന്റെ പേരും… പക്ഷേ ജോലി…. “എന്നാൽ ഞങ്ങൾ ഇറങ്ങുവാ… നിങ്ങളുടെ തീരുമാനം എന്താണെന്നു വെച്ചാൽ ആലോചിച്ചിട്ട് അറിയിച്ചോളു കേട്ടോ… ” “അങ്ങനെ ആകട്ടെ… ” പോകാൻ നേരം ഏട്ടൻ എന്നെ നോക്കി എന്തോ ആംഗ്യം കാണിച്ചു… അത് എന്താണെന്നു എനിക്ക് മനസ്സിലായില്ല… അവർ പോയി കഴിഞ്ഞും ഞാൻ അത് തന്നെ ആലോചിക്കുവായിരുന്നു ഏട്ടൻ എന്തായിരിക്കും എന്നോട് ചോദിച്ചത്????
(തുടരും )

by