08/05/2026

എന്റെ പെണ്ണ് : അവസാന ഭാഗം

രചന – നന്ദിത ദാസ്

ഈ സമയം ഉറക്കത്തിൽ എന്തോ കണ്ടു വിഷ്ണു ഞെട്ടി ഉണർന്നു…

കണ്ണ് തുറന്നു നോക്കുമ്പോൾ ആ സ്ത്രീ അടുത്ത് തന്നെ ഉണ്ടായിരുന്നു…

എന്റെ പരവേശം കണ്ടു അവർ എന്റെ മുടിയിഴകളിൽ തലോടിക്കൊണ്ട് എന്തുപറ്റിയെന്നു ചോദിച്ചു…

ഒന്നുമില്ലെന്ന് പറഞ്ഞു ഞാൻ കിടക്കയിൽ നിന്നും എഴുന്നേറ്റു…

ഒരു നിമിഷം പോലും ഇനി വൈകി കൂടാ…

വൈകുന്ന ഓരോ നിമിഷവും ഹരിയേട്ടന്റെ ജീവന് എന്തോ സംഭവിക്കാൻ പോകുന്നു എന്ന് മനസ്സ് പറയുന്നു….

പോക്കറ്റിൽ നിന്നും കൃഷ്ണവിഗ്രഹം എടുത്തു ഞാൻ നെഞ്ചോടു ചേർത്തു…

നേരം വെളുക്കുന്നതിനു മുൻപ് തന്നെ അവിടുന്ന് ഇറങ്ങാൻ ഞാൻ തീരുമാനിച്ചു…

പക്ഷേ ആ സ്ത്രീ എന്നെ തടഞ്ഞു…

ഒരു ദിവസം കൂടി അവിടെ കഴിയണം എന്ന് അപേക്ഷിച്ചു…

മരണത്തിന്റെ പടിവാതിൽക്കൽ നിന്നും എന്നെ രക്ഷിച്ച അവരുടെ വാക്ക് തള്ളിക്കളയാൻ എനിക്കായില്ല…

ആ രാത്രി എന്നെ വീടിനുള്ളിലാക്കി പൂട്ടിയിട്ട് അവർ പുറത്തു എവിടെയോ പോയി…

ഒറ്റിക്കൊടുക്കാൻ ആയിരിക്കുമോ എന്നൊരു ശങ്ക തോന്നി…
അത് തോന്നിയ നിമിഷം തന്നെ ഞാൻ എന്റെ മനസ്സിനെ ശാസിച്ചു…

ഒറ്റുവാൻ ആയിരുന്നെങ്കിൽ അവർക്കത് അന്ന് തന്നെ ആകാമായിരുന്നു…
പാവം സ്ത്രീ… ആ കണ്ണുകളിലെ വാത്സല്യം ഞാൻ അനുഭവിച്ചു അറിഞ്ഞതാണ്…
സംശയിച്ചത് തന്നെ തെറ്റായി…

പാതി തുറന്ന ജനാലയിലൂടെ പുറത്തേക്കു നോക്കി ഞാൻ നിന്നു…

നിലാവെട്ടം ഭൂമിയിലേക്ക് അരിച്ചിറങ്ങിയിട്ടുണ്ട്…

ദേഹമാസകലം സുഖമുള്ള ഒരുതരം തണുപ്പ് പടരുന്നത് ഞാൻ അറിഞ്ഞു…

കണ്ണിമ ചിമ്മാതെ ഞാൻ ആ നിൽപ്പ് തുടർന്നു…

പുറത്തേക്കു പോയ അവരുടെ വരവും കാത്ത്….

*****

ഇന്ദുവിനോട് എന്തു മറുപടി പറയുമെന്ന് കരുതിയാണ് ഞാൻ അവൾക്കു അരികിലേക്ക് നടന്നടുത്തത്‌…

എന്നാൽ അവൾക്കു അരികിലേക്ക് എത്തും തോറും കണ്ണീരിനു പകരം വല്ലാത്തൊരു ആത്മവിശ്വാസം എനിക്കു ആ കണ്ണുകളിൽ കാണാൻ കഴിഞ്ഞു…

ഞാൻ എന്തെങ്കിലും പറഞ്ഞു തുടങ്ങും മുൻപേ ഇന്ദു പറഞ്ഞു…

“മുഖവുരയുടെ ആവിശ്യം ഇല്ല സർ…
ആ മുഖം കണ്ടാൽ എനിക്കു മനസ്സിലാകും ഇപ്പോൾ ഇവിടെ ഉള്ളവരുടെ മനസ്സിൽ എന്താണെന്നു…
എന്റെ വിഷ്ണുവിൽ സർ അർപ്പിച്ച വിശ്വാസം ഒരിക്കലും തകരില്ല…
ഉറപ്പ്… ”

“നിന്റെ വിശ്വാസം നമ്മുടെ രാജ്യത്തെ രക്ഷിക്കട്ടെ… ”

ഇന്ദുവിന്‌ അങ്ങനെ മറുപടി കൊടുക്കാൻ ആണ് തോന്നിയത്…

അവരോടു സംസാരിച്ചുകൊണ്ട് നിന്നപ്പോൾ ആണ് ക്യാമ്പിൽ നിന്നും ഒരു ഓഫിസർ ഞങ്ങൾക്ക് അരികിലേക്ക് ഓടിയെത്തിയത്…

അയാൾ എന്തോ വിക്രം സാറിന്റെ ചെവിയിൽ മന്ത്രിക്കുന്നത് കണ്ടു…

ഉടൻ തന്നെ വിക്രം സർ അങ്ങോട്ട്‌ പാഞ്ഞു…

എന്താണെന്നു സംഭവിച്ചതെന്ന് മനസ്സിലാകാതെ ഇന്ദുവും ഉണ്ണിയും അച്ഛനും നിന്ന നിൽപ്പിൽ തരിച്ചു നിന്നു….

മിനിറ്റുകൾ കഴിഞ്ഞപ്പോൾ ക്യാമ്പിനുള്ളിൽ നിന്നും ഉച്ചത്തിൽ വന്ദേമാതരം ഉയർന്നു…

ശരീരത്തിലെ ഓരോ രോമകൂപത്തെയും എഴുന്നേൽപ്പിക്കാൻ ശക്തി ഉള്ളതായിരുന്നു ആ വരികൾ…

സിരകളിൽ ദേശസ്നേഹം ഊക്കോടെ ഒഴുകുന്നതുപോലെ ഒരു ഫീലിംഗ്…

നിന്നിടത്തു നിന്നും ഒരടി പോലും മുന്നോട്ടു വെയ്ക്കാൻ കഴിഞ്ഞില്ല…

വിക്രം സർ തൊട്ടു മുന്നിൽ വന്നു നിന്നപ്പോൾ ആണ് സ്ഥലകാല ബോധം വീണത്….

“ഇന്ദു കാല് കുത്തിയപ്പോൾ തന്നെ കിട്ടിയ വാർത്ത നൂറിരട്ടി മധുരം നിറഞ്ഞതാണ്…

വിഷ്ണുവിന്റെ മെസ്സേജ് വന്നിരുന്നു…

ഹീ ഈസ്‌ സേഫ്…

ഇനി എല്ലാം കണ്ണടച്ച് തുറക്കും മുൻപ് സംഭവിക്കും…
സംഭവിച്ചിരിക്കും… ”

ഇന്ദുവിന്റെ തോളിൽ തട്ടി അഭിനന്ദനങ്ങൾ അറിയിച്ചിട്ടു മേജർ വിക്രം സർ അകത്തേക്ക് പോയി…

“എനിക്കറിയാം ഉണ്ണിയേട്ടാ…
ഞാൻ പറഞ്ഞില്ലേ എന്റെ വിച്ചുണ്ണു നു ഒന്നും സംഭവിക്കില്ലെന്ന്… ”

നിറഞ്ഞു വന്ന കണ്ണുകൾ തുടച്ചുകൊണ്ടു ഇന്ദു കഴുത്തിലെ താലിയിൽ പിടി അമർത്തി…

ക്യാമ്പിനുള്ളിൽ കയറി വിഷ്ണുവിന്റെ ട്രങ്ക് പെട്ടി തുറന്നു അതിനുള്ളിൽ നിന്നും അവന്റെ യൂണിഫോം എടുത്തു അവൾ നെഞ്ചോടു ചേർത്തു….

******

ഈ സമയം ക്യാമ്പിൽ വിഷ്ണുവിന്റെ നിർദേശം അനുസരിച്ച് പ്രവർത്തിക്കാൻ സൈനികർ തയ്യാറെടുത്തു കഴിഞ്ഞിരുന്നു…

വെടിയുണ്ടകൾ നിറച്ച തോക്കുകൾ തോളിലേന്തി അവർ നിരന്നു നിന്നു…

ഹെലികോപ്റ്ററുകൾ ക്യാമ്പിന് മുകളിൽ കൂടി വട്ടമിട്ടു പറന്നു…

ഏത് നിമിഷവും തിരിച്ചടിക്കാൻ തയ്യാറായി ഇന്ത്യൻ സൈനികർ ആവേശത്തോടെ അണി നിരന്നു…

****

കാത്തിരുപ്പു വെറുതെ ആയില്ല…
പുറത്തേക്കു പോയ ആ സ്ത്രീ മടങ്ങി വന്നത് നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ ചിപ് അടങ്ങിയ എന്റെ വാച്ചും ആയാണ്…

കേടുപാടുകൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല…

മേജർ സർ ഉൾപ്പെടെ ഉള്ളവരുടെ കോഡു ഭാഷകൾ അതിനുള്ളിൽ നിറഞ്ഞു കിടപ്പുണ്ടായിരുന്നു…

അത് വായിച്ച ഉടൻ തന്നെ സേഫ് കോഡ് റിപ്ലൈ ചെയ്തു…

കാത്തിരുന്ന പോലെ തന്നെ അപ്പുറത്ത് നിന്നും ഉടൻ തന്നെ റെസ്പോൺസ് ഉണ്ടായി…

പിന്നെ ഒരു നിമിഷം പോലും വൈകിയില്ല…

ഇറങ്ങി പുറപ്പെട്ടു…

കൂടെ വഴികാട്ടിയായി ആ സ്ത്രീയും…

എന്റെ ഇന്ദു വിളിക്കുന്ന കൃഷ്ണൻകുട്ടി ഇനി ഇവരുടെ രൂപത്തിൽ എന്റെ മുന്നിൽ വന്നതാണോന്ന് വരെ തോന്നിപ്പോയി….

മകനെ അന്വേഷിച്ചു പോയ വഴികൾ എല്ലാം ആ അമ്മ ഓർത്തെടുത്തു…

ഭീകരരുടെ ഒളിത്താവളങ്ങൾ എന്നും ഒരേ സ്ഥലത്തു തന്നെ ആവണമെന്ന് ഇല്ലല്ലോ…

പോയ സ്ഥലങ്ങളിൽ എല്ലാം നിരാശ ആയിരുന്നു ഫലം…

ഒടുവിൽ തളന്ന ആ സ്ത്രീയെ ഞാൻ തിരികെ വീട്ടിലേക്കു മടക്കി അയച്ചു…

എന്റെ തലയിൽ കൈകൾ വെച്ചവർ അനുഗ്രഹിച്ചു….

അന്ന് മുഴുവൻ അലഞ്ഞു നടന്നെങ്കിലും ഒളിത്താവളം കണ്ടുപിടിക്കാൻ എനിക്കു ആയില്ല…

നേരം ഇരുട്ടി തുടങ്ങി…

അടുത്ത് കണ്ട ഒരു വലിയ മരത്തിൽ കയറി ഇരുന്നു ഞാൻ ആ ഗ്രാമം മുഴുവൻ നിരീക്ഷിച്ചു…

രാത്രി ഏറെ ആയതോടെ മിക്ക വീടുകളിലേയും വിളക്കുകൾ അണച്ചിരുന്നു….

എന്നാൽ ഞാൻ ഇരിക്കുന്നതിൽ നിന്നും അല്പം ദൂരെ മാറി ഒരു ഭാഗത്തു ലൈറ്റുകൾ അണഞ്ഞും മിന്നിയും ഇരുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടു…

ഇരുട്ടിനെ വക വെക്കാതെ ഞാൻ ആ ലക്ഷ്യ സ്ഥാനത്തേക്ക് നടന്നടുത്തു…

അടുത്തോട്ടു ചെല്ലുംതോറും അതൊരു ഉൾപ്രേദേശം ആണെന്ന് മനസ്സിലായി…

മുള്ളുകൾ നിറഞ്ഞ പാതയിൽ കൂടി ആത്മവിശ്വാസത്തോടെ ഞാൻ നടന്നു…

കൊടും കാടിനുള്ളിൽ പാറകളാൽ തീർത്ത ഒരു ഇരുനില കെട്ടിടം…

കുറേഭാഗം പൊളിഞ്ഞു കിടക്കുന്നു…

ആരുടേയും ശ്രദ്ധയിൽ പെടാതെ ഞാൻ എങ്ങനെയൊക്കെയോ അതിനുള്ളിൽ കയറിപ്പറ്റി…

മുന്നോട്ട് നടക്കാനാഞ്ഞതും ഒരു കൈ വന്നെന്റെ തോളിൽ പതിഞ്ഞു…

മുഖം മറച്ചു ഞാൻ തിരിഞ്ഞു നിന്നു…

പാതി അടഞ്ഞ കണ്ണുകളുമായി ഒരുവൻ എന്റെ മുന്നിൽ…

അവന്റെ കൈയിൽ ഇരുന്ന തോക്ക് എന്റെ കൈയിൽ ഏല്പിച്ചിട്ട് അവൻ കുറച്ചു മാറി ഇട്ടിരുന്ന ഒരു പുതപ്പിനുള്ളിലേക്കു ചുരുണ്ടു കൂടി…

ഭാഗ്യം അവനു മനസിലായില്ല …
അവന്റെ കൂട്ടാളി ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു…

കൈയിൽ കിട്ടിയ ആയുധവുമായി ഞാൻ അടഞ്ഞു കിടന്ന ഓരോ വാതിലും തുറന്നു പരിശോധന നടത്തി…

മുന്നോട്ട് പോകുന്നതിനിടയിൽ ഒരു റൂമിന്റെ വാതിലിന് മുന്നിൽ മൂനാലുപേർ വട്ടമിട്ടു ഇരുന്നു ക്യാരംസ് പോലെ എന്തോ കളിക്കുന്നുണ്ടായിരുന്നു…

അവന്മാരുടെ ശ്രദ്ധ മുഴുവൻ കളിയിൽ ആയതിനാൽ അവരുടെ കണ്ണ് വെട്ടിച്ചു എനിക്കു ആ റൂമിൽ കയറി പറ്റാൻ കഴിഞ്ഞു…

തടിയിൽ തീർത്ത ഒന്ന് രണ്ടു ടേബിൾ അല്ലാതെ വേറെ ഒന്നും എനിക്കു ആ റൂമിൽ കാണാൻ കഴിഞ്ഞില്ല…

പതിയെ പിൻവലിയാൻ നോക്കിയപ്പോൾ ആണ് ഒരു പതിഞ്ഞ ശബ്ദം എന്റെ കാതുകളിൽ വന്നു നിറഞ്ഞത്…

ഒരു ഉൾവിളി ഉണ്ടായതുപോലെ എന്റെ നോട്ടം ആ റൂമിന്റെ മച്ചിലേക്കു പോയി…

തലകീഴായ് കെട്ടിയിട്ട നിലയിൽ ഹരിയേട്ടൻ….
പാതി ബോധത്തിലും ഭാരത് മാതാ കീ ജയ് എന്ന് ഉരുവിട്ടതാണ് മുൻപ് ഞാൻ കേട്ട ശബ്ദം…

അടുത്തു കണ്ട് ടേബിളിന്റെ പുറത്തേക്കു ചാടി കയറി ഞാൻ ഹരിയേട്ടനെ പതിയെ താഴേക്കു ഇറക്കി….

ശബ്ദം കേട്ടു വന്ന ഒരു എതിരാളിയുടെ അണ്ണാക്കിലേക്കു വെടിയുണ്ട ഉതിർത്തു…
ഒരു പിടച്ചിലോടെ അവൻ താഴേക്കു വീണു…

ഹരിയേട്ടന്റെ കൈയിലെയും കാലിലെയും കെട്ടുകൾ അഴിച്ചു ഞാൻ സ്വതന്ത്രനാക്കി…
ചുമരിനോട് ചേർത്ത് ചാരി ഇരുത്തി…

ദുഷ്ടന്മാർ നന്നായി ഉപദ്രവിച്ചിരിക്കുന്നു ആ പാവത്തിനെ…

ഇടതു കണ്ണ് ചതഞ്ഞിരിക്കുന്നു…
ചുണ്ട് നീരുവന്ന് വീർത്തിരിക്കുന്നു…
മുഖമാകെ അടികൊണ്ടും തോക്കിന്റെ പാത്തി കൊണ്ടുമുള്ള അടിയേറ്റു
കരിനീലിച്ചും പച്ചിച്ചും കിടക്കുന്നു…

ഹരിയേട്ടനെ കണ്ട ഉടൻ തന്നെ വിവരം ഫോഴ്സിന് കൈമാറി…

ഇതിനിടയിൽ ഒന്ന് രണ്ടു ഭീകരരെ വളരെ തന്ത്രപൂർവ്വം വകവരുത്തി…

മറ്റൊരുത്തനെ ലക്ഷ്യം വെച്ചുകൊണ്ട് ഇരുന്നപ്പോൾ ആണ് പിറകിൽ നിന്നും ഒരു വെടിയുണ്ട എന്റെ ഇടതു കൈയിലൂടെ പാഞ്ഞു പോയത്…

വേദന കൊണ്ടു പുളഞ്ഞു നിലത്തേക്ക് വീണു പോയി…
കൈയിൽ ഇരുന്ന ഗൺ നിലത്തു വീണു…

എഴുന്നേൽക്കാൻ ശ്രമിക്കുന്നിതിനിടയിൽ പലതവണ ശത്രുവിന്റെ തീയമ്പുകൾ എനിക്കു നേരെ വന്നു വീണു…

കിടന്നിടത്തുനിന്നും സ്ഥാനം മാറി മാറി ഞാൻ അതിൽ നിന്നും രക്ഷ നേടി…

എതിരാളികൾ കൂട്ടത്തോടെ വന്നതോടെ ഞാൻ ഞങ്ങളുടെ സീക്രെട് വേ പുറത്തെടുത്തു…

പോക്കറ്റിൽ തിരുകിയിരുന്ന രാസവസ്തു അവിടമാകെ പുകമറ സൃഷ്ടിച്ചു…

ഈ സമയം കൊണ്ടു വലതു തോളിൽ ഹരിയേട്ടനെയും ചുമന്നുകൊണ്ട് ഞാൻ കെട്ടിടത്തിനു പിൻഭാഗത്ത് എത്തി…

നിമിഷങ്ങൾക്കുള്ളിൽ ഹെലികോപ്റ്ററുകൾ ഒന്നിനു പുറകേ ഒന്നായി ആ കെട്ടിടത്തിന് മുകളിൽ കൂടി വട്ടമിട്ടു പറക്കാൻ തുടങ്ങി…

അതേ അവരെത്തി കഴിഞ്ഞു…
ഇന്ത്യൻ ആർമി ഡാ 💪……

ഹെലികോപ്റ്ററുകളിൽ നിന്നും ഞങ്ങളുടെ ജവാന്മാർ നിറതോക്കുകളുമായി ചാടി ഇറങ്ങി…

നീണ്ട 14 മണിക്കൂർ പോരാട്ടത്തിനു ഒടുവിൽ ഭീകരന്മാരെ മുഴുവൻ നിരായുധന്മാരാക്കി തടവിലാക്കി…

ഞങ്ങളുടെ കൂട്ടത്തിൽ പലർക്കും സാരമായും നിസാരമായും പരുക്കുകൾ പറ്റി…

ഭീകരർ ഒളിച്ചിരുന്ന താവളം അഗ്നിക്ക് ഇരയാക്കാൻ ആയിരുന്നു പ്ലാൻ…

അപ്പോൾ ആണ് ഞാൻ എന്നെ രക്ഷപെടുത്തിയ ആ സ്ത്രീയുടെ മകനെക്കുറിച്ച് ഓർക്കുന്നത്…

വകവരുത്തിയവരുടെ കൂട്ടത്തിൽ അവൻ ഉണ്ടെങ്കിൽ….

അതോ ഇനി തടവിലാക്കിയവരുടെ കൂട്ടത്തിൽ അവൻ ഉണ്ടാകുമോ??..

ഒപ്പം ഉണ്ടായിരുന്ന സൈനികരോട് വെയിറ്റ് ചെയ്യാൻ പറഞ്ഞിട്ട് ഞാൻ ആ കെട്ടിടത്തിനുള്ളിലേക്കു കയറി…

അവന്റെ കൈയിൽ ആ സ്ത്രീയുടെ രൂപം പച്ച കുത്തിയിട്ടുണ്ടന്നല്ലേ അന്നവർ പറഞ്ഞത്…

മുറിവേറ്റു കിടക്കുന്ന ഓരോരുത്തരുടെയും കൈത്തണ്ട ഞാൻ പിടിച്ചു നോക്കി…

കാൽ മുട്ടിനു മുറിവേറ്റ ഒരുവൻ എന്നെ കണ്ടപ്പോൾ പേടിയോടെ നോക്കി…

അതേ ഇവനാണ് എനിക്കു നേരെ നിറയൊഴിച്ചവൻ…

നീറി പുകയുന്ന ഇടതു കൈയിലേക്ക് നോക്കി പകയോടെ ഞാൻ അവനു നേരെ പല്ലുകൾ ഞെരിച്ചു…

നിറതോക്കുമായി അവനു നേരെ നടന്നടുത്തു…

കൈകൾ കൂപ്പി അവൻ എന്നോട് യാചിക്കുന്നുണ്ടായിരുന്നു…
പെട്ടെന്നാണ് അവന്റെ കൈയിലെ ആ ടാറ്റൂ എന്റെ മിഴികളിൽ ഉടക്കിയത്…

അമ്പരപ്പോടെ ഞാൻ അവന്റെ മുന്നിൽ കുനിഞ്ഞിരുന്നു ആ രൂപം എന്നെ രക്ഷിച്ച സ്ത്രീയുടേത് തന്നെയെന്ന് ഉറപ്പ് വരുത്തി…

ശത്രുവിനോട് ഉള്ള പക ആയിരുന്നില്ല അപ്പോൾ എനിക്കു അവനോട് തോന്നിയത്…
പകരം ഇവനെയോർത്തു കണ്ണുനീർ വാർക്കുന്ന ആ പാവം അമ്മയുടെ മുഖമായിരുന്നു മനസ്സ് നിറയെ…

അവനെ രക്ഷിക്കണമെന്ന് മനസാക്ഷി എന്നോട് പറയുന്നത് പോലെ തോന്നി…

അവനെയും തൂക്കിയെടുത്തു പുറത്തേക്കിറങ്ങുമ്പോൾ ഒരു കുറ്റബോധവും തോന്നിയില്ല…

നിമിഷങ്ങൾക്കുള്ളിൽ ആ കെട്ടിടം ഒരു അഗ്നിഗോളമായി മാറി…

ഹരിയേട്ടനുമായി ഉടനെ തന്നെ ഒരു കൂട്ടർ ഇന്ത്യയിലേക്ക് മടങ്ങി…

നഷ്ടപ്പെട്ടുപോയ അവരുടെ മകനെ ആ സ്ത്രീയുടെ കൈയിൽ തിരിച്ചു ഏൽപ്പിക്കുമ്പോൾ ഒരമ്മയുടെ വാത്സല്യം നേരിട്ട് കാണാൻ കഴിഞ്ഞു…

ഇനി ഒരിക്കലും അവൻ തെറ്റിലേക്ക്‌ മടങ്ങി വരില്ല…
ഒരു കാൽ ഇല്ലാത്തവനെ ഏത് ഭീകര സംഘടനക്ക് വേണം…

കുറ്റബോധം അവന്റെ കണ്ണുകളിലും നിഴലിച്ചു…

സർവ്വവും ശാന്തമായി…
ഞങ്ങൾ തിരികെ ഞങ്ങളുടെ രാജ്യത്തേക്കു തിരിച്ചു…
അവിടെ ഞങ്ങൾക്കായി കാത്തിരിക്കുന്ന ഒരു ജനത ഉണ്ട്…
ഒരു കുടുംബം ഉണ്ട്…
മാതാപിതാക്കൾ ഉണ്ട്.. ഭാര്യ ഉണ്ട്… കുഞ്ഞുങ്ങൾ ഉണ്ട്….

യുദ്ധം എന്നും എല്ലാവർക്കും ദോഷം മാത്രമേ ഉണ്ടാക്കുന്നുള്ളു…
നിരപരാധികളായ പലരും അതിനു ഇരയാകുന്നു…

*****

വളരെ ആവേശത്തോടെയാണ് രാജ്യം ഞങ്ങളെ സ്വീകരിച്ചത്…

ഓരോ ചുണ്ടിലും ഭാരത് മാതാ കീ ജയ് ഉയർന്നു…

ആൾക്കൂട്ടത്തിനിടയിൽ ഞാൻ തേടിയ ആ രണ്ടു കണ്ണുകളിൽ എന്റെ മിഴി ഉടക്കി നിന്നു…

‘എന്റെ പെണ്ണ് ‘

എന്റെ ഇന്ദു….

ചുറ്റുമുള്ളതൊന്നും വക വെക്കാതെ ഞാൻ അവൾക്കു അരികിലേക്ക് ഓടി…

എന്റെ അരികിലേക്ക് എത്താൻ അവളും പാടു പെടുന്നുണ്ടായിരുന്നു…

മുഖത്തോടു മുഖം അടുത്ത നിമിഷം അവളെ ഞാൻ മുറുകെ പുണർന്നു…

എന്റെ കൈകളിലെ മുറിവിൽ അവൾ അമർത്തി ചുംബിച്ചു…

നിറഞ്ഞു തുളുമ്പിയ ആ മിഴികൾ ഞാൻ വിരലുകളാൽ ഒപ്പി…

വാക്കുകൾ പുറത്തേക്കു വരുന്നുണ്ടായിരുന്നില്ല…

എന്റെ കൈ അവളുടെ വയറിലേക്ക് ചേർത്ത് വെച്ചു അവൾ കണ്ണുകളാൽ പലതും പറഞ്ഞു…

വിശ്വാസം വരാതെ ഞാൻ ആ മുഖം എനിക്കു നേരെ പിടിച്ചുയർത്തി…
അപ്പോളേക്കും നാണത്താൽ ആ മുഖം താഴ്ന്നിരുന്നു….

ആശംസകളും അംഗീകാരവും രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പറന്നെത്തി…

ചങ്കുറപ്പോടെ.. കരളുറപ്പോടെ രാജ്യത്തിനു വേണ്ടി പൊരുതാൻ ലക്ഷകണക്കിന് ചെറുപ്പക്കാർ മുന്നോട്ടു വന്നു കൊണ്ടിരുന്നു…

ഇന്ത്യൻ ആർമിയുടെ ചരിത്രവും വിജയവും ഇവിടെ അവസാനിക്കുന്നില്ല കൂട്ടുകാരെ…

ഇന്ത്യ…

കേവലം രണ്ടു അക്ഷരങ്ങളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല…

അതൊരു വികാരം ആണ്…

ദേശസ്നേഹം ഓരോ ഇന്ത്യക്കാരന്റെയും മുഖ മുദ്രയും…

രാജ്യത്തിനു വേണ്ടി രാപ്പകൽ ഇല്ലാതെ പ്രയത്നിയ്ക്കുന്നവർക്കു വേണ്ടി പ്രാർത്ഥിക്കണം…
അവരുടെ കുടുംബങ്ങൾക്കു വേണ്ടി… കുഞ്ഞുങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം…

എല്ലാത്തിനും ഒടുവിൽ സമാധാനപരമായി പ്രവർത്തിക്കാൻ നമ്മുടെ രാജ്യത്തിനു കഴിയട്ടെ എന്ന് പ്രാർത്ഥിക്കാം…

ജയ്‌ ഹിന്ദ് 💪….

ഇന്ദുവിന്റേയും വിഷ്ണുവിന്റെയും കഥ ഇവിടെ തീരുന്നില്ല…
അവർ അവരുടെ ജീവിതം തുടങ്ങിയിട്ടേ ഉള്ളു…

ഇപ്പോൾ നിധി മോൾക്ക്‌ കൂട്ടായി ഒരു കുഞ്ഞു അനുജനും കൂടി വന്നു…

ഇണക്കങ്ങളും പിണക്കങ്ങളും അതിൽ ഇരട്ടി സ്നേഹവും പങ്ക് വെച്ചു അവർ സന്തോഷത്തോടെ ജീവിക്കുന്നു…

സ്നേഹം ആത്മാർത്ഥം ആണെങ്കിൽ ഒരു വിധിക്കും എന്തിനു മരണത്തിനു പോലും ഒരാളെയും വേർപിരിക്കാൻ കഴിയില്ല…

അതിനു തെളിവായി നമ്മുടെ ഇന്ദുവും അവളുടെ വിച്ചുണ്ണുവും ഇവിടെ തന്നെ ഉണ്ടാകും…

(അവസാനിച്ചു )