19/04/2026

എന്റെ പെണ്ണ് : ഭാഗം 05

രചന – നന്ദിത ദാസ്

ചെക്കനും വീട്ടുകാരും പോയ ഉടനെ അച്ഛന്റെയും അമ്മയുടെ ചോദ്യശരങ്ങൾ കൊണ്ട് ഞാൻ ആകെ വലഞ്ഞുന്നു പറഞ്ഞാൽ മതിയല്ലോ… അമ്മയ്ക്ക് എന്നെ കിട്ടിയാൽ കടിച്ചു കീറാനുള്ള ദേഷ്യം ഉള്ളതുപോലെ… പാവമല്ലേ ഞാൻ… ഒന്നും ചെയ്തില്ലല്ലോ… ഞാൻ ദയനീയമായി അമ്മായിയെ ഒന്ന് നോക്കി… “അച്ചായി… സത്യമായും ഞാൻ ആ ചെക്കനോട് വേണ്ടാത്ത ഒരു വർത്തമാനവും പറഞ്ഞില്ല… നിങ്ങളൊക്കെ കണ്ടതല്ലേ ആ ചെക്കൻ നല്ല സന്തോഷത്തോടല്ലയോ പോയത്…. ” “മോള് പറയുന്നതിലും കാര്യമുണ്ട് ഏട്ടാ… ” അമ്മായി എന്നെ പിന്താങ്ങി…. “പിന്നെ എന്തോന്നാടി ആ കൊച്ചനെ വിളിച്ചു കതകടച്ചു നീ കാട്ടി കൂട്ടിയത്? ” ഹോ… ഈ അമ്മ തണുക്കുന്ന മട്ടൊന്നും കാണുന്നില്ല… “ദേ എനിക്ക് ദേഷ്യം വരുന്നുണ്ട് കേട്ടോ… ഞാൻ ശരിക്കും നിഷ്കു ആണ് അമ്മേ… ഇനി എന്നോട് വല്ലതും പറഞ്ഞു ചൊറിഞ്ഞോണ്ട് വന്നാൽ ഉണ്ടല്ലോ…. ” “ആഹാ… തർക്കുത്തരം പറയുന്നത് കേട്ടില്ലേ വിശ്വേട്ടാ… ഇവളെ ഞാൻ ഇന്ന്… ” അമ്മ അച്ഛനെ തള്ളി നീക്കി എന്റെ മുന്നിലേക്ക് ചാടി വീണു…

“നിൽക്കവിടെ ശാരദേ…. ഇനി ഒരടി മുന്നോട്ടു വെച്ചാൽ…” കൈകൾ രണ്ടും മുന്നോട്ട് വെച്ചു ഞാൻ അമ്മയെ തടഞ്ഞു… തടഞ്ഞില്ലാരുന്നെങ്കിൽ ഒരടി അല്ലെങ്കിൽ ഒരു ചെവിയിൽ പിടുത്തം അത് മസ്റ്റ് ആണ്… അത് ഇടക്കൊക്കെ എനിക്ക് കിട്ടുന്ന അമ്മാസ് സ്പെഷ്യൽ ഐറ്റംസ്… അപ്പോളേക്കും അമ്മായി വന്നെന്നെ പ്രൊട്ടക്ട് ചെയ്തു… “എന്താ ഇന്ദുമോളെ ഇതൊക്കെ… അത്രയും നേരം ആ പയ്യൻ മോളോട് പിന്നെ എന്താ സംസാരിച്ചത്? ” “അത്… അത് പിന്നെ അമ്മായി… പുള്ളിക്കാരൻ പട്ടാളത്തിലെ വീര സാഹിത്യ കഥകളൊക്കെ പറഞ്ഞു തരുവായിരുന്നു… ” “ഓഹോ… എന്നിട്ട് എന്റെ മോൾക്ക് കഥ എല്ലാം മനസ്സിലായി കാണുമല്ലോ അല്ലേ? ” “ആഹ്… മനസ്സിലായി… എന്താ അമ്മായി ഒരു അർത്ഥം വെച്ചുള്ള ചോദ്യം?… കഷ്ടമുണ്ട് കേട്ടോ ” അത്രയും പറഞ്ഞിട്ട് ഞാൻ അമ്മാവന്റെ കൈയും പിടിച്ചു വലിച്ചു കൊണ്ട് സിറ്റൗട്ടിലേക്കു പോയി പതുക്കെ എസ്‌കേപ്പ് ആകാൻ ശ്രമിച്ചു…

തിരിഞ്ഞു നോക്കിയപ്പോൾ വാലുപോലെ മൂന്നെണ്ണം പുറകെ ഉണ്ട്… അച്ഛനും അമ്മയും അമ്മായിയും… “എന്താ??? ” “എന്നിട്ട് ബാക്കി പറഞ്ഞില്ലാലോ… മോൾക്ക് ഇഷ്ടം ആയോ ആ പയ്യനെ…? ” “എന്റെ അമ്മായി… അമ്മായിക്ക് ആ ചെക്കനെ കണ്ടിട്ട് എന്താ തോന്നിയത്? ” “നല്ല അച്ചടക്കമുള്ള പയ്യൻ… കാണാനും സുന്ദരൻ… നല്ല കുടുംബക്കാര്… നല്ല ജോലി…. എന്റെ ഇന്ദുമോൾക്ക് പറ്റിയ പയ്യൻ തന്നെ…. ” “ഓക്കേ… അമ്മാവന്റെ അഭിപ്രായം എന്താ… ” “എനിക്ക് ഇഷ്ടം ആയി മോളെ നല്ല വിനയം ഉള്ള കൊച്ചനാണ്… ” “മ്മ്മ്… ഇനി എന്റെ അച്ഛനോടും അമ്മയോടും ഞാൻ കൂടുതൽ ഒന്നും ചോദിക്കുന്നില്ല… കാരണം അവർക്ക് ചെക്കനെ നേരിട്ട് കാണുന്നതിന് മുൻപേ നൂറു നാവായിരുന്നു… ” “അപ്പോൾ മോള് എന്താ പറഞ്ഞു വരുന്നത്… ഇഷ്ടം ആയെന്നോ… അതോ അല്ലെന്നോ? ” അമ്മായി ആണ് ചോദിച്ചത്… ഞാൻ അച്ഛന്റെയും അമ്മയുടെയും മുഖത്തേക്കൊന്നു നോക്കി…

വല്ലാത്തൊരു ആകാംഷ അവരിൽ നിഴലിട്ടതുപോലെ… “എന്റെ അഭിപ്രായം എന്താണെന്നു വെച്ചാൽ…. എന്റെ ഉണ്ണിയേട്ടന്റെ അളിയനായി ഈ ചെക്കൻ തന്നെ വന്നോട്ടെ എന്നാണു… ” “ഹമ്പടി കേമി…. അപ്പോൾ ഇഷ്ടം തന്നെയാണ് തമ്പുരാട്ടിക്കും ഇല്ലേ… ” “ആഹ്… അങ്ങനെയും പറയാം… ഇപ്പോൾ എങ്കിലും ഇവിടെ ചിലരുടെ ചില ധാരണകൾ തെറ്റായിരുന്നു എന്ന് മനസ്സിലായി കാണുമല്ലോ… ” അമ്മയുടെ മുഖത്തേക്ക് നോക്കി ചുണ്ട് കൊണ്ട് കോപ്രായം കാണിച്ചു കൊണ്ട് ഞാൻ പറഞ്ഞു… “എന്റെ ഈശ്വരാ… ഞാൻ ഈ കേൾക്കുന്നത് സത്യം ആണോ… കേട്ടില്ലേ വിശ്വേട്ടാ നമ്മുടെ മോള് പറഞ്ഞത്… അവൾക്കു സമ്മതം ആണെന്ന്… ” “പിന്നെ നീ എന്താ കരുതിയെ ശാരദേ… ഇവളേ എന്റെ പൊന്നു മോളാ… ഒരിക്കലും നമ്മളെ വിഷമിപ്പിക്കില്ല… ” എന്നെ ചേർത്ത് പിടിച്ചു അച്ഛനത് പറയുമ്പോൾ ആ ശബ്ദം ഇടറുന്നുണ്ടായിരുന്നു…. അമ്മ വന്നെന്നെ കെട്ടിപ്പിടിച്ചു… “ആഹ്… സോപ്പിടുവൊന്നും വേണ്ട… ഈ തവണ ഞാൻ ക്ഷമിച്ചിരിക്കുന്നു… ” പിന്നെ കുറേ നേരത്തേക്ക് എല്ലാരും നല്ല സന്തോഷത്തിൽ ആയിരുന്നു…

ചെക്കന്റെ വീട്ടിൽ വിളിച്ചു ഇവിടെ എല്ലാർക്കും സമ്മതം ആണെന്ന് അറിയിക്കുകയും ചെയ്തു… വൈകിട്ടു ഉണ്ണിയേട്ടൻ വീട്ടിലേക്കു വരുന്നുണ്ടെന്നു പറഞ്ഞപ്പോൾ മനസ്സ് സന്തോഷം കൊണ്ട് തുള്ളി ചാടുന്നുണ്ടായിരുന്നു…. “മോളെ… നീ പോയി ഉണ്ണിയെ കൂട്ടിക്കൊണ്ടു വാ… അവന്റെ വണ്ടി എന്തോ പഞ്ചർ ആയിന്നു… ” “ഒറ്റ ഒരു മോൻ അല്ലേ ഉള്ളു എന്റെ അമ്മായി… ഉണ്ണിയേട്ടൻ എത്ര നാളുകൊണ്ടു പറയുവാ ആ പഴഞ്ചൻ വണ്ടി മാറ്റി ഒരു പുതിയ ബുള്ളറ്റ് വാങ്ങി കൊടുക്കാൻ? ” “പുതിയ വണ്ടി ബുക്ക്‌ ചെയ്തിട്ടുണ്ട് മോളെ അടുത്ത മാസം കിട്ടും…” “ആഹാ അടിപൊളി… എന്നാൽ ഞാൻ പോയി ഏട്ടനെ കൂട്ടിക്കൊണ്ടു വരാം… ” “മ്മ് പതുക്കെ പോയാൽ മതി കേട്ടോ… ” ഞാൻ എന്റെ ഏവിയേറ്ററിൽ ഒരു അറുപത് സ്പീഡിൽ വെച്ചു പിടിച്ചു… മെയിൻ റോഡിൽ കയറിയാൽ ഭയങ്കര തിരക്കാണ്… ഏട്ടൻ ഇനി എവിടാണോ പെട്ട് കിടക്കുന്നത്… വണ്ടി സൈഡിലേക്കൊതുക്കി ഞാൻ ഫോൺ എടുത്തു ഏട്ടനെ വിളിച്ചു…

“ഉണ്ണിയേട്ടാ… ഇത് എവിടാ? ” “ആ ബെസ്റ്റ് ബേക്കറിയുടെ അടുത്തുള്ള ടയർ കടയിൽ നിൽപ്പുണ്ട്… നീ ഇങ്ങോട്ട് വാ… ” “ഓക്കേ… ഒരു ടെൻ മിനിറ്റ്… ” “ഓക്കേ… ” ഞാൻ ചെല്ലുമ്പോൾ റോഡിലേക്ക് കണ്ണും നട്ട് നിൽക്കുവാണ് ഉണ്ണിയേട്ടൻ… എന്നെ കണ്ടപ്പോളേക്കും ആ കണ്ണുകളിൽ വാത്സല്യതിളക്കം… “ഗുഡ് ഈവെനിംഗ് ഉണ്ണിയേട്ടാ…. ” “ഗുഡ് ഈവെനിംഗ് മൈ ഡിയർ ഇന്ദൂട്ടി…. ” “എന്തായി വണ്ടി ഉടനെ എങ്ങാനും ശരിയായി കിട്ടുമോ? ” “ടയർ മാറ്റണം മോളെ… സമയം എടുക്കും… ” “ആഹ്… എന്നാൽ നമുക്ക് വീട്ടിലേക്ക് പോയാലോ… ദാ വണ്ടിയുടെ ചാവി പിടി… ” “ആദ്യം നമുക്ക് ഫ്രഷ് ആയി ഒരു ജ്യൂസ് കുടിക്കാം… എന്നിട്ട് വീട്ടിലേക്കു പോകാം എന്താ?? ” “ഓക്കേ ഉണ്ണിയേട്ടാ… ” തൊട്ടടുത്ത ബെസ്റ്റ് ബേക്കറിയിലേക്കു ഞങ്ങൾ കയറി… ഒരു ഒഴിഞ്ഞ കോണിൽ മുഖാമുഖം ഇരുന്നു… “എന്തായി പെണ്ണേ ഇന്നത്തെ പെണ്ണുകാണൽ…. ചെക്കൻ നിന്നെ കണ്ടിട്ട് ഫ്ലാറ്റ് ആയോ? ” “ഹോ അതൊന്നും പറയാതിരിക്കുന്നതാ നല്ലത്… ചെക്കനെ കണ്ടപ്പോൾ തന്നെ ഈ പുന്നാര പെങ്ങൾ നാലുകാലിൽ ചെന്നു മൂക്കും കുത്തി അങ്ങ് വീണെന്ന് പറഞ്ഞാൽ മതിയല്ലോ… ”

“എന്റെ പൊന്നേ…. ഇന്ന് കാക്ക മലർന്നു പറന്നില്ലെങ്കിലും കല്ലുമഴ പെയ്യാൻ ഉള്ള സാധ്യത കാണുന്നുണ്ട്… കല്ലുവെച്ച നുണ അല്ലേ പെണ്ണ് തട്ടി വിടുന്നത്… ” “നുണ അല്ല ഉണ്ണിയേട്ടാ സത്യം… എനിക്ക് ആ ചെക്കനെ ശരിക്കും ഇഷ്ടായി… എന്റെ കൃഷ്ണൻ കുട്ടിക്കും ഇഷ്ടായി… ” “ഓഹോ… എന്തായിരുന്നു പെണ്ണിന്റെ വീരവാദം… പട്ടാളക്കാരൻ വേണ്ട… വന്നാൽ ഓടിക്കും… എട്ടിന്റെ പണി കൊടുക്കും… ആനയാണ്… ചേനയാണ്… എന്നിട്ടിപ്പോൾ എന്താ പൂച്ചയെ പോലെ പതുങ്ങി ഇരിക്കുന്നത് കണ്ടില്ലേ… ഹ ഹ ഹ ” ഉണ്ണിയേട്ടൻ എന്നെ കളിയാക്കി കൊന്നുന്നു തന്നെ പറയാം… കുറ്റം പറയാൻ പറ്റില്ലല്ലോ… കുറേ വീരവാദം മുഴക്കിയിട്ടുണ്ട്… അത് കൊണ്ട് ഇതെല്ലാം സഹിച്ചല്ലേ പറ്റു…. “പതുക്കെ ചിരിക്കു… ആളുകൾ ശ്രദ്ധിക്കുന്നുണ്ട്… പിന്നേ ഉണ്ണിയേട്ടാ… ആൾക്ക് എന്നോട് ‘ലബ്‌ ‘ ആയിരുന്നു… ഞങ്ങൾ തമ്മിൽ നേരെത്തെ കണ്ടിട്ടുണ്ട്… ” “ഇവിടെയും സസ്പെൻസോ… എന്തോന്നാ കൊച്ചേ ഇത്… ഒന്ന് പറഞ്ഞു ക്ലിയർ ആക്കിതാടി… ” പെണ്ണുകാണാൻ വന്നപ്പോൾ നടന്ന മുഴുവൻ സംഭവങ്ങളും ഞാൻ വള്ളി പുള്ളി വിടാതെ ഉണ്ണിയേട്ടനെ പറഞ്ഞു കേൾപ്പിച്ചു…

ആള് അന്തം വിട്ടു കുന്തം വിഴുങ്ങി ഒരേ ഒരു ഇരുപ്പു…. ഇടക്കിടക്ക് എന്തോ തമാശ കേൾക്കുന്നതുപോലെ പരിസരം മറന്നു പൊട്ടിച്ചിരിക്കുന്നുണ്ട്…. “ഇതാണ് ഇന്ന് വീട്ടിൽ സംഭവിച്ചത്… ” “അടിപൊളി മുത്തേ പൊളിച്ചു… അളിയനെ ഞാൻ സമ്മതിച്ചു കൊടുത്തിരിക്കുന്നു… എന്തായാലും നമ്മുടെ ഗ്യാങ്ങിൽ ചേർക്കാൻ പറ്റിയ ആള് തന്നെ… ” “മ്മ്… അത് എനിക്കും തോന്നി… എന്റെ ഉണ്ണിയേട്ടന്റെ അത്രയും ഗ്ലാമർ ഇല്ലെന്നേ ഉള്ളു… എന്നാലും ആള് ചുള്ളനാ… അങ്ങേരുടെ കണ്ണുകൾ ആണ് എന്നെ ചതിച്ചത്… വല്ലാത്തൊരു ഫീലിംഗ് ആണ് പുള്ളി നോക്കുമ്പോൾ… ഹോ… എന്റെ അമ്മേ… ” “എന്നിട്ട് അളിയൻ നിനക്കു നമ്പർ തന്നോ… നീ നമ്പർ കൊടുത്തോ?? ” “ഓഹ് എവിടെ അതിനൊന്നും പറ്റിയില്ലെന്നേ… ഇറങ്ങാൻ നേരം ആള് എന്നോട് എന്തോ ചോദിച്ചിരുന്നു… അത് പോലും എനിക്ക് മനസ്സിലായില്ല… ” “ഓഹ്ഹ് പൊട്ടിക്കാളി… അവൻ നിന്റെ നമ്പർ തന്നെ ആയിരിക്കും ചോദിച്ചത്…” “ശ്ശോ… ഞാൻ കരുതി പുള്ളി കഥകളി കളിക്കുവാണെന്നു… ”

“ഒന്ന് പോടീ… ആനകാര്യത്തിന്റെ ഇടയ്ക്ക് ആണ് അവളുടെ ഒരു ചേനക്കാര്യം… മ്മ്മ്… നമ്പർ ഒപ്പിക്കാൻ വഴിയൊക്കെ ഉണ്ട്… നമുക്ക് വീട്ടിലേക്കു പോകാം… ബാക്കി ഇനി അവിടെ ചെന്നിട്ടു തീരുമാനിക്കാം എന്താ പോരേ? ” “മ്മ് ഓക്കേ… ഡൺ …. ” വീട്ടിലേക്കുള്ള യാത്രയിൽ ഏട്ടൻ കോളജിലെ വിശേഷങ്ങളൊക്കെ പറഞ്ഞു… ഉണ്ണിയേട്ടൻ കോളജിൽ ശരിക്കും ഒരു സ്റ്റാർ ആണ്… ഒരിക്കൽ ഞാൻ ഉണ്ണിയേട്ടന്റെ കൂടെ കോളജിൽ ചെന്നപ്പോളാണ് അത് മനസ്സിലായത്… പെൺകുട്ടികളുടെയൊക്കെ മുഖത്ത് എന്തായിരുന്നു ഒരു അസൂയ… ഞാൻ പെങ്ങൾ ആണെന്ന് അറിഞ്ഞപ്പോൾ സ്നേഹം നടിച്ചു കുറെയെണ്ണം അടുത്തു കൂടി… ഉണ്ണി മാഷിന്റെ ആരാധികമാർ… പ്രേമം ആണ് അവളുമാരുടെ മെയിൻ ഉദ്ദേശം… പെൺകുട്ടികൾക്ക് എങ്ങനെ പ്രേമം തോന്നാതിരിക്കും… മുടിഞ്ഞ ലുക്ക് അല്ലേ മാഷിന്… പോരാത്തതിന് മാഷിന്റെ വിഷയം സാഹിത്യവും… പോരേ പൂരം… പക്ഷേ ഏട്ടൻ ആള് ഡീസന്റ് ആണ് കേട്ടോ… പ്രേമത്തിന്റെ കാര്യത്തിൽ ആള് എന്നേക്കാൾ പുറകിലാണ്… അതൊന്നും ഏട്ടന് പറ്റില്ല പോലും… ഒരിക്കൽ ഞാൻ പറഞ്ഞതാ കോളേജിലെ ഏതെങ്കിലും ഒരു സുന്ദരി പെണ്ണിനെ വളച്ചെടുക്കാൻ…

അന്ന് എന്നെ കൊന്നില്ലന്നേ ഉള്ളു… പഠിപ്പിക്കുന്ന കുട്ടികൾ എല്ലാം മക്കളെ പോലെ ആണ് പോലും… ശിഷ്യരെ ഒരിക്കലും കാമത്തിന്റെയും പ്രണയത്തിന്റെയും രീതിയിൽ നോക്കി കൂടെന്നു… ഏട്ടൻ പഠിച്ച എത്തിക്സിന് എതിരായി ഒന്നും ചെയ്യില്ല… അത് തെറ്റാണെന്നു പോലും… അന്നത്തോടെ ഞാൻ ആ സംസാരം ഒഴിവാക്കിയതാണ്… ഏട്ടന് വേണ്ട നല്ല കുട്ടിയെ അമ്മായി തന്നെ കണ്ടെത്തിക്കോളും… ആരായാലും ആ കുട്ടി ഭാഗ്യവതി ആയിരിക്കും അത് ഉറപ്പാണ്… ഓരോന്ന് ആലോചിച്ചു വീട്ടിൽ എത്തിയത് അറിഞ്ഞില്ല… എല്ലാരുടെയും സ്നേഹ പ്രകടനങ്ങൾക്ക് മുന്നിൽ കൊച്ചു കുട്ടിയെ പോലെ നിൽക്കുന്ന ഉണ്ണിയേട്ടനെ കാണുമ്പോൾ എനിക്ക് ചിരി വരും… ഞാൻ പതുക്കെ റൂമിലേക്ക്‌ പോയി… കുറച്ചു കഴിഞ്ഞു ഉണ്ണിയേട്ടനും റൂമിലേക്ക്‌ വന്നു… “ഇന്ദൂട്ടി… നീ അളിയന്റെ ഫോട്ടോ ഒന്ന് കാണിച്ചേ… ഞാൻ ഇതുവരെ ആളെ കണ്ടില്ലല്ലോ? ” “ഫോട്ടോ… അതിപ്പോൾ… ” ഫോട്ടോയുടെ കാര്യം ഞാനും അപ്പോളാണ് ഓർക്കുന്നത്… ഉണ്ണിയേട്ടന്റെ മുഖത്തേക്കും വേസ്റ്റ് ബിന്നിലേക്കും ഞാൻ മാറി മാറി നോക്കി….

ഒരു ചമ്മലോടെ ഞാൻ വേസ്റ്റ് ബിന്നിൽ നിന്നും ഇന്നലെ വലിച്ചെറിഞ്ഞ വിഷ്‌ണുവേട്ടന്റെ ഫോട്ടോ എടുത്തു ഉണ്ണിയേട്ടന്റെ കൈയിലേക്ക് വെച്ചു നീട്ടി… “എന്തോന്നാടി ഇത്… ആ പാവത്തിനെ നീ ഇപ്പോൾ തന്നെ ചവിട്ടുകൊട്ടയിൽ തള്ളിയോ… എന്റെ പൊന്നളിയാ നിങ്ങൾ ശരിക്കും പെട്ട് കേട്ടോ… ” കവർ തുറന്നു ഫോട്ടോ എടുത്തു ഉണ്ണിയേട്ടൻ കുറേനേരം അതിലേക്ക് തന്നെ നോക്കി നിന്നു… ഉണ്ണിയേട്ടന്റെ കൈയിലിരിക്കുന്ന ഫോട്ടോ കാണാൻ എന്റെ മനവും വല്ലാതെ വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു…. ഏട്ടന്റെ കൈയിൽ നിന്നും ഫോട്ടോ തട്ടിയെടുത്തു ഞാൻ ആ മുഖം ഒന്നുകൂടി മനസ്സിൽ പതിപ്പിച്ചു… നേരിട്ട് കാണുന്നത് പോലെ തന്നെ… ആള് എന്നെ നോക്കി പുഞ്ചിരിക്കുന്നതായി തോന്നി… “മതി സ്വപ്നം കണ്ടത്… അളിയനോട് നിനക്കു സംസാരിക്കണോ? ” “മ്മ് വേണം… പക്ഷേ എങ്ങനെ? അച്ഛനോട് നമ്പർ ചോദിക്കാനൊന്നും പോകണ്ടാ കേട്ടോ നാണക്കേടാകും… ”

“അതൊന്നും വേണ്ട… നീ ആ എഫ്ബി ഒന്ന് ലോഗ് ഇൻ ചെയ്തേ മിക്കവാറും ആള് അതിൽ റിക്വസ്റ്റ് ഇട്ടിട്ടുണ്ടാകും… അല്ലെങ്കിൽ നമുക്ക് അങ്ങോട്ട്‌ ഇടാമെന്നേ… നമ്പർ ഇപ്പോൾ ശൂ… ന്നും പറഞ്ഞു ഇങ്ങു പോരും… കാണണോ??? ” “ഓഹ്ഹ് എന്റെ ചിന്ത ആ വഴിക്കു പോയില്ല ഉണ്ണിയേട്ടാ… ” ഞങ്ങൾ എഫ്ബിയിൽ ലോഗ് ഇൻ ചെയ്തു… ഒരുപാട് റിക്വസ്റ്റ് വന്നു കിടപ്പുണ്ട്… പക്ഷേ വിഷ്ണുവേട്ടന്റെ റിക്വസ്റ്റ് ഇല്ല… ഞാൻ മുഖം ചുളിച്ചു ഉണ്ണിയേട്ടനെ ഒന്ന് നോക്കി…. “അതിനെന്താ പെണ്ണേ നമുക്ക് അങ്ങോട്ട്‌ കൊടുക്കാമല്ലോ… ” “വേണ്ട… ആ ദുഷ്ടന് ഇങ്ങോട്ട് ഒരു റിക്വസ്റ്റ് ഇടാമായിരുന്നല്ലോ.. നമ്മളായി അങ്ങോട്ട്‌ പോയി വില കളയണ്ട… ” “നീ വില കളയണ്ട… ഞാൻ എന്റെ അക്കൗണ്ടിൽ നിന്നും കൊടുക്കാം… എന്താ??? ” “മ്മ്… അത് വേണോ? ” “വേണം… എന്തായാലും എന്റെ അളിയന്റെ നമ്പർ ഇന്ന് ഞാൻ വാങ്ങിയിരിക്കും… ഞങ്ങൾ സംസാരിക്കുകയും ചെയ്യും… നിന്നെക്കൊണ്ട് സംസാരിപ്പിക്കുകയും ചെയ്യും… ” ഉണ്ണിയേട്ടൻ അത് പറഞ്ഞപ്പോൾ എന്റെ മനസ്സിൽ ഒരായിരം പൂത്തിരി ഒന്നിച്ചു കത്തിയതുപോലെ ഒരു അനുഭൂതി ഉണർന്നു…

“വിഷ്ണു പ്രസാദ്… അങ്ങനെ ആണ് മുഴുവൻ പേര്… സെർച്ച്‌ ചെയ്യുമ്പോൾ അങ്ങനെ അടിച്ചു നോക്കൂ… ” “മ്മ്… ഓക്കേ ഓക്കേ ” അങ്ങനെ ആളുടെ പ്രൊഫൈൽ തപ്പി എടുത്തു… ഉണ്ണിയേട്ടൻ റിക്വസ്റ്റും അയച്ചു… പിന്നെ അത് അക്‌സെപ്റ്റ് ആകുന്നതും നോക്കി കുറേ നേരം ഞങ്ങൾ വെയിറ്റ് ചെയ്തു… രാത്രി അത്താഴം കഴിഞ്ഞു റൂമിൽ ചെന്നപ്പോൾ ഉണ്ണിയേട്ടൻ ആരോടോ ഫോണിൽ ഭയങ്കര സംസാരം… എന്നെ കണ്ടപ്പോൾ ആള് വിഷ്ണു ആണെന്ന് ആംഗ്യം കാട്ടി… “അതേ അളിയാ..ദാ ഇവിടെ ഒരാൾ സംസാരിക്കാൻ ദൃതി കൂട്ടുന്നു… ഞാൻ ഇന്ദുന്റെ കൈയിൽ കൊടുക്കാം കേട്ടോ… ” ഉണ്ണിയേട്ടൻ പെട്ടന്ന് ഫോൺ എന്റെ കൈയിലേക്ക് തന്നു… എന്തു പറയണമെന്ന് അറിയാതെ ഞാൻ ഫോൺ ചെവിയോട് അടുപ്പിച്ചു… (തുടരും )