രചന – നന്ദിത ദാസ്
അപ്പൂപ്പന്റെ കൈയിൽ ഇരുന്ന നിധിമോൾ എന്നെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു…
ഞാൻ അവൾക്കു നേരെ കൈകൾ നീട്ടി….
എന്റെ കൈയിലേക്ക് അവളു വന്നില്ല…
പകരം അപരിചിതനായ ആരെയോ കണ്ട പോലെ കുഞ്ഞു കരയാൻ തുടങ്ങി….
കുഞ്ഞിന്റെ കരച്ചിലു കേട്ടാണ് ഇന്ദു പുറത്തേക്കു വന്നത്…
പ്രതീക്ഷിക്കാത്ത അതിഥിയെ കണ്ടപ്പോൾ അവളുടെ കണ്ണുകളിൽ നീർത്തിളക്കം…
“എന്താ ഏട്ടാ പറയാതെ വന്നത്…
ഇപ്പോൾ ഇതൊരു ശീലം ആണല്ലോ?? ”
ഓടിവന്നു അവളെന്റെ കരങ്ങൾ ഗ്രഹിച്ചു…
ഇന്ദുവിനെ കണ്ടതോടെ നിധിമോള് അവൾക്കു നേരെ കൈ നീട്ടി…
“അച്ചോടാ… അച്ഛായെ കണ്ടാണോ പൊന്നൂസ് കരഞ്ഞത്…
പാവം അച്ഛ അല്ലേ…
ഫോണിൽ അമ്മ കാണിച്ചു തരില്ലേ അച്ഛനെ…
ആ അച്ഛയാണ് ഇതു… ”
കുഞ്ഞിന് എന്നെ ചൂണ്ടികാണിച്ചു ഇന്ദു അവളെ എന്നോട് ഇണക്കാൻ ശ്രമിക്കുന്നുണ്ട്…
പക്ഷേ എവിടെ…
സ്വന്തം ചോരയെ അപരിചിതനെപോലെ സ്നേഹിക്കേണ്ടി വരുന്ന ചില അച്ഛന്മാരുണ്ട്…
ഞാനും ആ ഗണത്തിൽ ആയെന്ന് തോന്നിപ്പോയി…
“ഏട്ടൻ വിഷമിക്കണ്ട…
മോൾക്ക് ഇപ്പോൾ ആളുകളെയൊക്കെ തിരിച്ചറിയാൻ പറ്റുന്നുണ്ട്…
അതാ അടുക്കാത്തത്…
മോൾ ഇതുവരെ കണ്ടിട്ടില്ലാലോ…
രണ്ടു ദിവസം വരെ ഏട്ടൻ ഒന്ന് ക്ഷമിക്കു…
പിന്നെ ഏട്ടന്റെ തോളിൽ നിന്നും മാറില്ല ഈ കള്ളി പെണ്ണ്… ”
ഇന്ദു പറഞ്ഞതും ശരിയാണ്…
കുഞ്ഞിന്റെ ഓർമകളിൽ ഒന്നും ഞാൻ ഇല്ലല്ലോ…
അല്ലെങ്കിൽ തന്നെ ഓർത്തു വെക്കാനുള്ള പ്രായവും കുഞ്ഞിന് ആയിട്ടില്ലലോ…
അങ്ങനെ സമാധാനിച്ചു ഞാൻ റൂമിലേക്ക് പോയി…
ഇന്ദുവും മോളെ എടുത്തുകൊണ്ടു എന്റെ പുറകേ വന്നു…
റൂമിൽ എത്തി ബാഗ് താഴെ വെച്ചു ഞാൻ അവളെ സൂക്ഷിച്ചു നോക്കി…
കുറച്ചു തടി വെച്ചിട്ടുണ്ട്…
ഇപ്പോൾ ഒന്നൂടി സുന്ദരിയായിട്ടുണ്ട് എന്റെ പെണ്ണ്…
“എന്താ ഏട്ടാ നോക്കുന്നത്… ”
“ഇതു കൊള്ളാം… എനിക്കെന്താ എന്റെ പെണ്ണിനേയും കുഞ്ഞിനേയും നോക്കിക്കൂടെ… അത് കൊള്ളാലോ… ”
“ഓഹ്… നോക്കിക്കോ നോക്കിക്കോ…
ഞാൻ വെറുതെ ചോദിച്ചതാണേ.. ”
രണ്ടു കൈകൾ കൊണ്ടും ഞാൻ അവരെ ചേർത്ത് പിടിച്ചു…
കുഞ്ഞിപ്പെണ്ണ് എന്നെയും ഇന്ദുവിനെയും മാറി മാറി നോക്കുന്നുണ്ട്…
“അച്ഛയ്ക്ക് ഒരു ചക്കര ഉമ്മ കൊടുത്തേ പൊന്നുസേ… ”
ഓഹ് ഭാഗ്യം ഉമ്മയൊക്കെ കിട്ടി…
ഞാൻ വീണ്ടും കുഞ്ഞിന് നേരെ കൈകൾ നീട്ടി…
ഇത്തവണയും അവളു വന്നില്ല…
“ഏട്ടൻ ഫ്രഷ് ആയിട്ട് വാ… ഞാൻ കഴിക്കാൻ എന്തെങ്കിലും എടുക്കാം.. ”
“അതൊക്കെ പിന്നെ…
നീ അവിടെ പിടയ്ക്കാതെ നില്ക്കു പെണ്ണേ… ഞാൻ ഒന്ന് കണ്ണ് നിറയെ കണ്ടോട്ടെ… ”
കുഞ്ഞിനേയും അവളെയും ചേർത്ത് പിടിച്ചു രണ്ടാളുടെയും നെറുകയിൽ ചുംബിച്ചു…
“അയ്യോ ഉണ്ണിയേട്ടൻ പുറത്ത് ഇരിപ്പുണ്ട്.. ഏട്ടനെ കണ്ടപ്പോൾ ഞാൻ അത് ശ്രദ്ധിച്ചില്ല…
ഏട്ടൻ ഫ്രഷ് ആയി വാ കേട്ടോ… ”
അതും പറഞ്ഞു കുഞ്ഞിനേയും ഒക്കത്തു വെച്ചു അവൾ ദൃതിയിൽ റൂമിന് പുറത്തേക്കിറങ്ങി…
ഇവളുടെ സ്വഭാവത്തിലും സംസാരത്തിലുമൊക്കെ മാറ്റം വന്നത് പോലെ…
പണ്ടത്തെ പോലെ നാണം കുണുങ്ങി ഇന്ദു അല്ല ഇത്…
ആ വഴക്കാളി പെണ്ണ് ആകെ മാറിയത് പോലെ…
എന്തൊക്കെയോ ആലോചിച്ചു കൊണ്ടാണ് കുളിക്കാൻ കയറിയത്…
ഫ്രഷ് ആയി നേരെ ഹാളിലേക്ക് പോയി…
നിധിമോള് അളിയന്റെ മടിയിൽ ഇരുന്നു കളിക്കുന്നുണ്ട്…
ഒറ്റ നോട്ടത്തിൽ തനി ഇന്ദു തന്നെയാണ് മോളു…
അവളുടെ ആ ഉണ്ടക്കണ്ണും നുണക്കുഴിയും പോലും മോൾക്കും അതേ പോലെ കിട്ടിയിട്ടുണ്ട്…
“പിന്നെ എന്തൊക്കെ ഉണ്ട് അളിയാ… പറ വിശേഷങ്ങൾ… ”
ഞാൻ ഉണ്ണി അളിയന്റെ അടുത്തേക്ക് ഇരുന്നുകൊണ്ടു ചോദിച്ചു…
“നല്ല വിശേഷം…
സുഖം…
സന്തോഷം… ”
“എന്തായാലും കല്യാണം ഇനി വെച്ചു നീട്ടണ്ട…
ഒരാഴ്ചക്കുള്ളിൽ നടത്തണം…
പറ്റിയ മുഹൂർത്തം നോക്കി വെക്കണം… ”
“മായയുടെ വീട്ടുകാരുടെ സൗകര്യം കൂടി നോക്കണ്ടേ അളിയാ… ”
“അതൊക്കെ ഞാൻ നോക്കിക്കോളാം…
എന്തായാലും കല്യാണം ഉടനെ നടത്തണം… ”
“അതേ മോനേ… ഇത് ഇപ്പോൾ എത്ര നാളുകൊണ്ടു നാളെ നാളെ നീളെ നീളെ എന്നും പറഞ്ഞു ഇരിക്കുവാ…
ഇനി അത് അങ്ങോട്ട് വെച്ചു താമസിപ്പിക്കണ്ട… ”
അച്ഛനും ഏറ്റു പിടിച്ചു…
ഒടുവിൽ ഒരുമിച്ചിരുന്നു ആഹാരവും കഴിച്ചിട്ടാണ് ഉണ്ണി അളിയൻ ഇറങ്ങിയത്…
പുള്ളിക്ക് ഒരു മാറ്റവും ഇല്ല…
അന്നും ഇന്നും ചുള്ളൻ…
കുഞ്ഞിന് കുറേ ടോയ്‌സ് കൊടുത്തു വശത്താക്കാൻ അടുത്ത ശ്രമം നടത്തി നോക്കി…
ടോയ്‌സ് എല്ലാം അവൾ വാങ്ങി വെച്ചു…
എനിക്കൊരു ചിരിയും സമ്മാനിച്ചു…
എടുക്കാൻ ചെന്നപ്പോൾ കാന്താരി വീണ്ടും ചുണ്ട് പിളർത്തി…
രാത്രി കുഞ്ഞിനെ ഉറക്കികൊണ്ടു ഇന്ദു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…
“കൈയിൽ ഇരുന്നേ ഉറങ്ങുള്ളൂ…
അതൊരു ശീലം ആയി ഏട്ടാ…
ഏട്ടൻ കിടന്നോളു മോളു ഉറങ്ങാൻ കുറേ നേരം കഴിയും… ”
ഇന്ദുവിനെ തല ചരിച്ചു ഒന്ന് നോക്കിയിട്ട് ഞാൻ ബെഡിലേക്കു കിടന്നു…
താരാട്ടു മൂളുന്നുണ്ട് അവൾ…
അവളുടെ കൂടെ കുഞ്ഞും മൂളുന്നുണ്ട്…
എന്ത് രസകരമായ കാഴ്ച്ച…
എന്നെ പോലെ ഉള്ളവരൊക്കെ ഒരുപാട് മിസ് ചെയ്യും…
കുടുംബവും കുഞ്ഞുങ്ങളും…
ഒരു ദീർഘനിശ്വാസത്തോടെ ഞാൻ കണ്ണുകൾ അടച്ചു കിടക്കയിലേക്ക് ചരിഞ്ഞു…
കണ്ണുകളിൽ ഉറക്കം വന്നു അല അടിക്കുന്നുണ്ടായിരുന്നു…
പതിയെ പതിയെ ഞാൻ മയക്കത്തിലേക്ക് വഴുതി വീണു…
ഇടയ്ക്ക് എപ്പോളോ ഉണർന്നപ്പോളും ഇന്ദു കുഞ്ഞിനേയും കൊണ്ടു റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു…
ഞാൻ എഴുന്നേറ്റു… അവൾക്കു അരികിലായി നിന്നു…
ശബ്ദം താഴ്ത്തി അവളോട് ചോദിച്ചു
“ഉറങ്ങിയോ… ”
“മ്മ്.. ”
“എങ്കിൽ കൊണ്ടു കിടത്തു… ”
ഇന്ദു കുഞ്ഞിനെ പതിയെ ബെഡിലേക്കു കിടത്തി…
ഷീറ്റെടുത്തു പുതപ്പിച്ചു…
ഭിത്തിയോട് ചേർത്ത് രണ്ടു തലയണ പൊക്കി വെച്ചു ഒരു കവചവും തീർത്തു…
“ഇപ്പോൾ ഇങ്ങോനൊക്കെ കിടക്കും… പിന്നെ ക്ലോക്കിലെ സൂചി പോലെ കറങ്ങി കറങ്ങി കിടക്കും… ”
കുഞ്ഞിനെയും ചേർത്ത് പിടിച്ചു അവളും കിടന്നു…
അവൾക്കു പിന്നിലായി ഞാനും…
എന്റെ കൈകൾ അവളുടെ അരക്കെട്ടിനെ ചുറ്റിയപ്പോൾ അവൾ തിരിഞ്ഞു എന്നെ ഒന്ന് നോക്കി…
ഇഷ്ടം ആയില്ലെന്നു ഒരു തോന്നൽ ഞാൻ പെട്ടെന്ന് കൈ പിൻവലിച്ചു…
അറിയാതെ തന്നെ കണ്ണുകൾ നിറഞ്ഞു…
കുറേ നേരത്തിനു ശേഷം അവൾ എനിക്കു അഭിമുഖമായി കിടന്നു…
“കിടത്തി കഴിഞ്ഞു കുറേ നേരം അവളെ തട്ടി ഉറക്കണം അല്ലെങ്കിൽ പെട്ടെന്ന് ഉണരും… ”
എന്റെ കണ്ണുകൾ നിറഞ്ഞത് കണ്ടിട്ടാകണം അവളെന്റെ മുഖം കൈകളിൽ എടുത്തു…
“എന്തിനാ സങ്കടപ്പെടുന്നത്…
എനിക്കു ഏട്ടനോടുള്ള ഇഷ്ടം കുറഞ്ഞു പോയിന്നു തോന്നുന്നുണ്ട് അല്ലേ… ”
“നീ വേറെ ആരോ ആയിപോയി ഇന്ദു…
ഒത്തിരി മാറി…
എനിക്കു ആ പഴയ ഇന്ദുവിനെ മതി എന്നും… ”
“ഏട്ടൻ പറഞ്ഞത് ശരിയാ… ഞാൻ മാറിപ്പോയെന്നു എനിക്കും തോന്നുന്നുണ്ട്…
ഇപ്പോൾ ഞാൻ ഒരു അമ്മ അല്ലേ…
കുഞ്ഞിന്റെ കാര്യം നോക്കേണ്ടത് എന്റെ കടമ അല്ലേ ഏട്ടാ…
അവൾ ഉറങ്ങുന്നതും ഉണരുന്നതും ഞാൻ നോക്കിയിരിക്കേണ്ടേ… ”
“വേണം… നോക്കണം… വേണ്ടാന്ന് ഞാൻ പറഞ്ഞില്ലല്ലോ…
ഞാൻ വന്നിട്ട് ഇത്രയും നേരമായിട്ടും… ”
പകുതിക്ക് വെച്ചു നിർത്തി ഞാൻ അവളെ നോക്കി…
“വേണ്ട… ഒന്നും പറയുന്നില്ല… ”
“ദേ ചെക്കാ… വന്ന ഉടനെ എന്നോട് വഴക്കടിക്കാനാ ഭാവം എങ്കിൽ നല്ല ഇടി കിട്ടും കേട്ടോ… ”
അതും പറഞ്ഞു അവളെന്നെ കെട്ടിപിടിച്ചു…
മുഖം എന്റെ മുഖത്തോടു അടുപ്പിച്ചു…
അവളുടെ അധരങ്ങൾ എന്റെ ചുണ്ടോടു ചേർത്ത് മൃദുവായി ചുംബിച്ചു…
“ഇപ്പോൾ ഉമ്മച്ചന് സമാധാനം ആയോ… ”
“ഇതു വന്നപ്പോൾ തന്നെ ഇങ്ങു തന്നായിരുന്നെങ്കിൽ വല്ല കുഴപ്പവും ഉണ്ടായിരുന്നോ പെണ്ണേ… ”
അവളെന്റെ കഴുത്തിൽ മുഖമമർത്തി..
ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് പിടിച്ചു…
*****
പിന്നീടുള്ള ദിവസങ്ങളിൽ കല്യാണത്തിനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു…
മുഹൂർത്തം കുറിക്കലും ഡ്രസ്സ് എടുപ്പും വിവാഹ വിളികളുമായി ആകെ തിരക്കോടു തിരക്കു…
നിധി മോൾ ഇപ്പോൾ എന്റെ കൈയിൽ തന്നെയാണ് ഏത് നേരവും…
ഇന്ദുവിനെ പോലും അവൾക്കു ഇപ്പോൾ വേണ്ടന്നായി…
ചെറുതായി പിടിച്ചു നിൽക്കാൻ തുടങ്ങി…
മോളെന്നെ തിരിച്ചറിഞ്ഞത് ഒരുപാട് സന്തോഷം ഉണ്ടാക്കി…
ഇന്ദു ബാങ്കിൽ ജോലിക്ക് പോയി തുടങ്ങിയിരുന്നു…
ആ സമയത്തെല്ലാം മോളു ഒരു വഴക്കും ഇല്ലാതെ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും കൂടെ കളിച്ചു ചിരിച്ചു അങ്ങനെ ഇരിക്കും…
ഇപ്പോൾ ഞാൻ കൂടി വന്നതോടെ അവൾക്കു കളിക്കാൻ ഒരാൾ കൂടി ആയി…
കാത്തിരുന്നു കാത്തിരുന്നു ഒടുവിൽ ആ സുദിനം വന്നെത്തി…
ഉണ്ണി അളിയന്റെയും മായയുടെയും വിവാഹം…
നാടറിഞ്ഞു ആർഭാടമായി തന്നെ നടത്തി…
കൊട്ടും കുഴൽവിളി മേളവും മുറുകിയപ്പോൾ ഉണ്ണി മായയുടെ കഴുത്തിൽ താലി ചാർത്തി…
അവളുടെ സീമന്ത രേഖയിൽ ചുവപ്പണിയിച്ചു അവളെ സുമംഗലിയാക്കി…
നാത്തൂൻ ചമഞ്ഞു ഇന്ദുവും മുൻപന്തിയിൽ തന്നെ ഉണ്ടായിരുന്നു…
എല്ലാ മുഖങ്ങളിലും സന്തോഷം നിറഞ്ഞാടി…
കെട്ടു കഴിഞ്ഞു യാത്ര പറച്ചിലിനുമൊടുവിൽ മായ ഉണ്ണിയുടെ കൈയും പിടിച്ചു വൃന്ദാവനം വീടിന്റെ മരുമകളായി വലതുകാൽ വെച്ചു കയറി…
“ഇന്ന് മുതൽ ഈ വീടിന്റെ വിളക്കാണ് നീ…
എന്റെ ഉണ്ണിയേട്ടന്റെ ജീവിതത്തിന്റെ വെളിച്ചം…
ഒരിക്കലും ആ വെളിച്ചം കെട്ടുപോകരുത്…
നിന്റെ കൈയിൽ ഏൽപ്പിക്കുകയാണ് ഈ വീടും ഇവിടെ ഉള്ളവരെ എല്ലാം…
എല്ലാരും പാവങ്ങൾ ആണ്…
സ്നേഹിക്കാൻ മാത്രമേ അറിയൂ…
പൊന്നുപോലെ നോക്കിക്കൊള്ളണെ മോളെ “….
മായയുടെ കൈയിൽ പിടിച്ചു ഇന്ദു അത് പറയുമ്പോൾ
അവളുടെ കണ്ണുകളും നിറഞ്ഞിരുന്നു…
പുതു മണവാട്ടിയെ റൂമിൽ കൊണ്ടാക്കിയതും ഇന്ദു ആണ്…
മായ റൂമിൽ ചെല്ലുമ്പോൾ ഉണ്ണി അവളെയും പ്രതീക്ഷിച്ചു വാതിലിലേക്ക് കണ്ണും നട്ടു നിൽപ്പുണ്ടായിരുന്നു…
സെറ്റ് സാരിയിൽ സുന്ദരിയായി മായ മുന്നിൽ വന്നു നിന്നപ്പോൾ ആ കണ്ണുകളിൽ വല്ലാത്തൊരു തിളക്കം…
റൂമിന്റെ വാതിൽക്കൽ മടിച്ചു മടിച്ചു നിൽക്കുന്ന മായയെ നോക്കി ഉണ്ണി പറഞ്ഞു…
“വാതിൽ കുറ്റിയിട്ടു കയറിവാ… എന്തിനാ മടിക്കുന്നത്…
ഇന്ന് മുതൽ ഇതാണ് നിന്റെ വീട്…
ഇത് നമ്മുടെ സ്വന്തം റൂമും… ”
ഉണ്ണിയുടെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചിട്ട് അവൾ പാൽ ഗ്ലാസ് അവനു നേരെ നീട്ടി…
അവനത് വാങ്ങി ചുണ്ടോടു അടുപ്പിച്ചു…
കുറച്ചു കുടിച്ചിട്ട് ബാക്കി അവൾക്കു കൊടുത്തു…
ബാക്കി അവളും കുടിച്ചു ഗ്ലാസ് ടേബിളിനു പുറത്തേക്കു വെച്ചു…
ഉണ്ണി അവളെ പിടിച്ചു അവനു അഭിമുഖമായി ഇരുത്തി…
“തനിക്കു എന്ത് പറ്റി നാണം ആണൊ?? ”
“അല്ല… ”
“അപ്പോൾ നാണം ഇല്ലേ… ”
“കുറച്ചു ഉണ്ട്… ”
“അതെന്തിനാ കുറച്ചു… ”
“അറിയില്ല… ”
“പേടിയുണ്ടോ…? ”
ഞാൻ അത് ചോദിച്ചപ്പോൾ അവളെന്നെ നോക്കി ഇല്ലെന്നു ചുമലു കൂച്ചി…
“നമുക്കിടയിൽ എന്തിനാ നാണവും പേടിയും എല്ലാം…
നന്നായി മനസ്സിലാക്കിയവർ അല്ലേ നമ്മൾ…
ജീവിതകാലം മുഴുവൻ സന്തോഷവും ദുഖവും പങ്ക് വെക്കേണ്ടവർ…”
ഞാൻ അവളുടെ കൈകളിൽ കൈ ചേർത്തു…
അവൾ മുഖമുയർത്തി എന്നെ തന്നെ നോക്കി…
ആദ്യം കുറച്ചു ചമ്മലൊക്കെ രണ്ടാൾക്കും ഉണ്ടായിരുന്നെങ്കിലും പോകെ പോകെ അത് മാറിക്കൊണ്ടേ ഇരുന്നു…
***
“ഇന്ദുവേ… ഡി പെണ്ണേ… ഉറങ്ങിയോ.. ”
“ഇല്ലലോ… പറഞ്ഞോ… ”
“നമ്മുടെ കല്യാണം കഴിഞ്ഞിട്ട് ഇപ്പോൾ രണ്ടു വർഷം ആകുന്നു ഇല്ലേ?? ”
“മ്മ്… അതിനിപ്പോ എന്താ…?? ”
“എല്ലാം ഇന്നലെ കഴിഞ്ഞത് പോലെ തോന്നുന്നു… ”
“ആഹ് ശരിയാ…
ഇന്ന് ഉണ്ണിയേട്ടന്റെ കല്യാണം കണ്ടപ്പോൾ എനിക്കു അവരിൽ നമ്മളെ തന്നെയാ കാണാൻ കഴിഞ്ഞത്…
എല്ലാം എത്ര വേഗം കടന്നു പോയി… ”
“നീ വരുന്നുണ്ടോ എന്റെ കൂടെ ക്യാമ്പിലേക്ക്… ”
“ഏട്ടന്റെ ഒപ്പം ഉണ്ടാകണം എന്ന് തന്നെയാണ് ആഗ്രഹം…
പക്ഷേ മോളെ പിരിഞ്ഞിരിക്കാൻ രണ്ടു അച്ചന്മാർക്കും അമ്മമാർക്കും പറ്റില്ല…
പിന്നെ ജോബ്…
അത് കളയേണ്ടി വരും… ”
“മ്മ്… സാരമില്ല… ഞാൻ ചോദിച്ചെന്നേ ഉള്ളു…
മോള് നാട്ടിൽ വളരട്ടെ…
ഇവിടെ അവൾക്കുള്ള സ്വാതന്ത്ര്യം ആ അടച്ചിട്ട മുറികളിൽ കിട്ടില്ലല്ലോ… ”
“എനിക്കു ഇപ്പോൾ സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ കഴിയുന്നുണ്ട് ഏട്ടാ…
പട്ടാളക്കാരന്റെ ഭാര്യ നല്ല ബോൾഡായി…
അങ്ങനെ അല്ലേ വേണ്ടത്? ”
“മ്മ് അങ്ങനെ തന്നെ വേണം… ”
അവളെ ചുറ്റിപ്പിടിച്ചിരുന്ന എന്റെ കൈകൾ ഒന്നുകൂടി അവളിൽ മുറുകി…
“ഹരിയേട്ടന്റെ മോളുടെ കാര്യം എന്തായി? ”
“ട്രീറ്റ്‌മെന്റ് നടക്കുന്നു…
നാളെ നമുക്ക് ഒന്ന് പോയാലോ?? ”
“തമിഴ്നാട് അല്ലേ…
അങ്ങനെ ആണെങ്കിൽ എനിക്കു പഴനിയിൽ മുരുകൻ കോവിലിൽ ഒന്ന് പോകുകയും വേണം… ”
“പിന്നെന്താ… പോയേക്കാം… ”
അവളൊന്നു കൂടി എന്നോട് ചേർന്നു കിടന്നു…
പിറ്റേന്ന് വൈകിട്ടു ഞങ്ങൾ ഹരിയേട്ടന്റെ നാടായ രമേശ്വരത്തെക്കു തിരിച്ചു…
ഞാനും ഇന്ദുവും ഞങ്ങളുടെ നിധി മോളും…
(തുടരും )

by