24/04/2026

എന്റെ പെണ്ണ് : ഭാഗം 21

രചന – നന്ദിത ദാസ്

ഒരു ചാട്ടുളി പോലെ ഏട്ടന്റെ ചോദ്യം എന്റെ നെഞ്ചിനെ പിളർത്തി…

അറിയാതെ തന്നെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി…

എല്ലാം ഏട്ടനോട് പറയാൻ സമയം ആയിന്നു ഒരു തോന്നൽ ഉള്ളിലുണ്ടായി…

വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാൻ സംസാരിച്ചു തുടങ്ങി…

“അതിന് … അതിനു എനിക്ക്… പ്രണയത്തോടു വെറുപ്പാണെന്നു ആരാ ഏട്ടനോട് പറഞ്ഞത്… ”

കണ്ണുനീർ മുഖത്ത് വീണപ്പോളാണ് ഇന്ദു കരയുകയാണെന്നു എനിക്ക് മനസ്സിലായത്…
കണ്ണുകളൊക്കെ നിറഞ്ഞു തുളുമ്പി നിൽക്കുന്നു…
മൂക്കൊക്കെ ചുവന്നു തുടുത്തു…
അവളുടെ ചുണ്ടുകൾ വല്ലാതെ വിറക്കുന്നതായി എനിക്ക് തോന്നി…

അവളുടെ മടിയിൽ നിന്നും ചാടിയെഴുന്നേറ്റു പിടക്കുന്ന നെഞ്ചോടു ഞാൻ അവളെ നോക്കി…

“എന്താ പെണ്ണേ… നീ എന്തിനാ കരയുന്നത്… ഞാൻ അങ്ങനെ ചോദിച്ചത് കൊണ്ടാണോ…

ഓക്കേ… പോട്ടെ… സാരമില്ല… അതിനു താൻ ഇങ്ങനെ വിങ്ങിപൊട്ടുന്നത് എന്തിനാ…

എല്ലാം പോട്ടെ… വാ.. നല്ലൊരു ദിവസം നമ്മളായിട്ട് എന്തിനാ കളയുന്നത്… ”

ഞാൻ അവളെ മുറുകെ പുണർന്നു…

അവൾ എന്നെ തട്ടി മാറ്റി…

കണ്ണുകൾ തുടച്ചുകൊണ്ട് തുടർന്നു…

“എനിക്ക്… എനിക്കൊരു പ്രണയം ഉണ്ടായിരുന്നു… ”

അവളുടെ സ്വരം ഉറച്ചതായിരുന്നു…
ഇടിവെട്ട് ഏറ്റവനെപോലെ ഞാൻ തരിച്ചു നിന്നു…

എന്നെ ഒന്ന് നോക്കുക പോലും ചെയ്യാതെ അവൾ എഴുന്നേറ്റു ജനലരികിലേക്കു മിഴികൾ ഊന്നി നിന്നു….

“എല്ലാം ഏട്ടൻ അറിയണം… എനിക്കൊരു പാസ്റ്റ് ഉണ്ടായിരുന്നു… എന്റെ ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ചില കറുത്ത അധ്യായങ്ങങ്ങൾ…. ”

ദീർഘമായി ഒന്ന് നിശ്വസിച്ചിട്ട് അവൾ തുടർന്നു…

“ഒൻപതാം ക്ലാസ്സ് കഴിഞ്ഞുള്ള മധ്യവേനൽ അവധി ഉണ്ണിയേട്ടനുമായി ചേർന്നു പൊളിച്ചടുക്കാം എന്നുള്ള ധാരണയെ പാടെ മാറ്റിക്കൊണ്ട് സ്കൂളിൽ നിന്നും ലെറ്റർ വന്നു….

പുതിയ അധ്യായന വർഷം തുടങ്ങുമ്പോൾ പത്താം ക്ലാസ്സ്‌ ആയതിനാൽ ഉടൻ തന്നെ വെക്കേഷൻ ക്ലാസുകൾ ആരംഭിക്കും എന്നായിരുന്നു അതിലെ ഉള്ളടക്കം…

ആകെ കിട്ടിയ കുറച്ചു ദിവസങ്ങൾ ശരിക്കൊന്നു ആസ്വദിക്കാൻ പോലും കഴിഞ്ഞില്ല…

പിന്നെ അങ്ങോട്ട്‌ ട്യൂഷനും ബഹളങ്ങളും മാത്രമായി…

പഠിച്ചിരുന്നത് മിക്സഡ് സ്കൂളിൽ ആയിരുന്നെങ്കിലും ആറാം ക്ലാസിനു ശേഷം പെൺകുട്ടികൾ മാത്രം ആയിരുന്നു ഞങ്ങളുടെ ക്ലാസ്സിൽ…

ചിരിയും… കളിയും… എത്ര പറഞ്ഞാലും തീരാത്ത കഥകളുമായി കൂട്ടുകാരുടെ ഒരു വലിയ കൂട്ടം തന്നെ ഉണ്ടായിരുന്നു…

പഠിത്തത്തിൽ വാശിയും സൗഹൃദത്തിൽ നന്മയും ഉള്ള നല്ല കുറേ കൂട്ടുകാർ…

വീട്ടിലെ ഒറ്റ മോളായ എനിക്ക് ഉണ്ണിയേട്ടൻ കഴിഞ്ഞാൽ ആകെ ആശ്വാസം എന്റെ ഈ സൗഹൃദങ്ങൾ ആയിരുന്നു…

അന്നൊരു ദിവസം ഒരുപാട് ലേറ്റ് ആയിട്ടാണ് ഞാൻ സ്കൂളിൽ എത്തിയത്…

ക്ലാസ്സിൽ എത്തിയ എനിക്ക് കൂട്ടുകാരെയോ സാറിനെയോ ആരെയും കാണാൻ കഴിഞ്ഞില്ല…

“ശ്ശോ ഇന്ന് ക്ലാസ്സ്‌ ഉണ്ടെന്നാണല്ലോ പറഞ്ഞത്… എന്നിട്ട് ഇവിടെ ഒരാളെയും കാണുന്നില്ലാലോ… ”

ആത്മഗതം പറഞ്ഞു ഞാൻ നേരെ സ്റ്റാഫ്‌ റൂമിലേക്ക്‌ പോയി…

അവിടെ ചെന്നപ്പോളാണ് അറിയുന്നത് ഇന്ന് മിക്സഡ് ക്ലാസ്സ്‌ ആണെന്നും സാറും കുട്ടികളും ബി ബ്ലോക്കിലെ എ ഡിവിഷനിൽ ഉണ്ടെന്നും…

കേട്ടപാതി ഓടിപിടച്ചു അവിടേക്കു ചെന്നു…

ആകെ മൊത്തത്തിൽ നിശബ്ദത…

ഇംഗ്ലീഷ് സാറിന്റെ സൗണ്ട് ഉയർന്നും താഴ്ന്നും കേൾക്കാം…

ഞാൻ ക്ലാസ്സിന്റെ വാതിൽക്കലേക്കു നീങ്ങി നിന്നു…

” എസ്ക്യൂസ് മി സാർ”

സാർ ഉൾപ്പെടെ ക്ലാസ്സിലെ സകല പിള്ളേരുടെയും നോട്ടം എന്റെ മുഖത്തേക്കായി…

നല്ല ചമ്മലു തോന്നി…
നമ്മുടെ ക്ലാസ്സിലെ പിള്ളേർ മാത്രം ആയിരുന്നെങ്കിൽ ഒന്നും കൂസാതെ നിൽക്കായിരുന്നു….
ഇതിപ്പോൾ ക്ലാസ്സ്‌ നിറയെ ആൺകുട്ടികളും ഉണ്ട്…

“ലേറ്റ് ആണല്ലോ ഇന്ദു… മൂന്നാലു പാരഗ്രാഫ് എക്സ്പ്ലെയിൻ ചെയ്തു കഴിഞ്ഞു….
ഇന്റെർവെല്ലിനു സ്റ്റാഫ്‌റൂമിൽ വന്നാൽ പറഞ്ഞു തരാം…
ആഹ് ഇപ്പോൾ താൻ കയറി ഇരിക്കു…”

“ഓക്കേ സാർ… താങ്ക്സ്… ”

ബാഗ് തോളിൽ നിന്നും ഊരി എന്റെ ഗാങിലെ എല്ലാം എവിടെ എന്ന് ഒന്ന് കണ്ണോടിച്ചു നോക്കി…

മൃദു കൈ പൊക്കി കാണിച്ചു…

ഞാൻ അവളുടെയും അപ്പു (അപർണ )വിന്റെയും നടുക്കായി പോയിരുന്നു…

“ആഹ് ആ കുട്ടി പോയിരുന്നോളും നിങ്ങളാരും കണ്ണുകൾ കൊണ്ട് അവളെ ഇരുത്തണ്ട… ”

എന്നെ തന്നെ നോക്കിയിരിക്കുന്ന കുട്ടികളോടായി സാർ അത് പറഞ്ഞപ്പോൾ അവിടെ ഒരു കൂട്ടച്ചിരി മുഴങ്ങി…

“സൈലെൻസ്…”

സാറിന്റെ സൗണ്ട് ഗൗരവത്തിൽ ആയപ്പോൾ വീണ്ടും അവിടമാകെ നിശബ്ദത പരന്നു…

‘റഷ്‌കിൻ ബോണ്ടി’ന്റെ “ദി ചെറി ട്രീ ”
ആണ് ചാപ്റ്റർ…

സാറും കുട്ടികളും വീണ്ടും അതിലേക്കു മുഴുകി… ഞാനും…

ഓരോ സെന്റെൻസും സിറ്റുവേഷൻ അനുസരിച്ച് സാർ ഉയർത്തിയും താഴ്ത്തിയും സൗണ്ട് കൂട്ടിയും അങ്ങനെ അങ്ങനെ ഓരോ സ്റ്റൈലിൽ ആണ് പറഞ്ഞു തരുന്നത്…

കേട്ടോണ്ടിരിക്കാൻ നല്ല രസം ആണ്…

രാജേഷ് എന്ന കുട്ടിയാണ് കഥാപാത്രം…
അവൻ നട്ടു വളർത്തുന്ന ചെറി ട്രീയും അവന്റെ ഗ്രാൻപായും എല്ലാം മനസ്സിൽ ഇങ്ങനെ തങ്ങി നിൽക്കും…

ആദ്യമായി അവന്റെ ചെറി ട്രീ പൂവിട്ടപ്പോൾ അവനുള്ള സന്തോഷം കഥ കേട്ടോണ്ടിരിക്കുന്ന നമ്മൾക്കും ഉണ്ടാകും…

ഒരുദിവസം ആ ചെറി ട്രീയിലെ പൂവ് താഴേക്കു വീഴുന്നത് അവൻ കണ്ടു… അത് പിടിക്കാനായി അവൻ ഓടി വന്നു താഴേക്കു കൈയും പിടിച്ചു നിന്നു…

അതേ കുട്ടികളെ അത് ഇപ്പോൾ താഴെ വീഴും…
സാർ ആ സെന്റെൻസ് പറയുന്നതിന് അനുസരിച്ച് ഓരോ കുട്ടിയും ആകാംക്ഷയോടെ അവനു അത് പിടിക്കാൻ പറ്റുമോ എന്ന ആശങ്കയിൽ കാത്തിരിക്കുകയാണ്…

ഈ സമയത്ത് ഞാൻ ബാഗ് ഡെസ്കിൽ നിന്നും താഴേക്കു വെക്കുന്ന കൂട്ടത്തിൽ ബാഗിൽ ഉണ്ടായിരുന്ന സ്റ്റീലിന്റെ സ്കെയിൽ വലിയ ശബ്ദത്തോടെ താഴേക്കു വീണു…

ക്ലാസ്സ്‌ മുഴുവൻ ഒന്ന് ഞെട്ടി…

“ആഹ് ബെസ്റ്റ്… ഇവിടെ വീഴും വീഴുമെന്നു പറഞ്ഞതെ ഉള്ളു… ദാ അവിടെ വീണു കഴിഞ്ഞു… ”

തമാശ കണക്കെ സാർ അത് പറഞ്ഞെങ്കിലും ഞാനാകെ പരിഭ്രമിച്ചു…

ഇടതുവശത്തിരിക്കുന്ന ആൺകുട്ടികളുടെ കണ്ണുകൾ ഞങ്ങളുടെ ബെഞ്ചിലേക്ക് നീണ്ടു…

അത് കൂടി കണ്ടപ്പോൾ എനിക്ക് ആകെ നാണക്കേട് തോന്നി…

പിന്നീട് സാർ പഠിപ്പിച്ചതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല…

ആൺകുട്ടികൾ എന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്നൊരു തോന്നൽ ഉണ്ടായി…

മൃദുന്റെ പിന്നിൽ മറഞ്ഞിരുന്നു ഞാൻ ഇടതു വശത്തു ആൺകുട്ടികൾ ഇരിക്കുന്ന ഭാഗത്തേക്ക്‌ ഒന്ന് ഒളി കണ്ണിട്ടു നോക്കി…

എല്ലാരും ടെക്സ്റ്റ്‌ ബുക്കിലേക്ക് തലയും കുമ്പിട്ടു ഇരിക്കുന്നു…
ഹോ സമാധാനം ആയി…
അതും മനസ്സിൽ പറഞ്ഞു തിരിയുന്ന കൂട്ടത്തിൽ ഒരുത്തൻ ഞാൻ നോക്കുന്നത് കണ്ടു പെട്ടെന്ന് നോട്ടം പിൻവലിക്കുന്നത് കണ്ടു…

ഞാൻ പെട്ടെന്ന് നേരെ ഇരുന്നു… മുന്നിലേക്ക്‌ ഒരല്പം നീങ്ങി ഇരുന്നു ഒന്നുകൂടി ആ വശത്തേക്ക് നോക്കി…

ഈ തവണ ഞാനും അവനും ഒരേപോലെ ആയിരുന്നു നോക്കിയത്… ഞങ്ങൾ ശരിക്കും ചമ്മി…

ഉള്ളിൽ നല്ല നാണക്കേട് തോന്നിയെങ്കിലും ഇടക്കിടക്ക് എന്റെ കണ്ണുകൾ അവൻ ഇരിക്കുന്ന ഭാഗത്തേക്ക്‌ നീണ്ടു പോയി…

ഞാൻ നോക്കുമ്പോൾ എല്ലാം അവനും അവൻ നോക്കുമ്പോൾ എല്ലാം ഞാനും കാണും എന്ന സ്ഥിതി ആയി…

ഉള്ളിലൊരു പിടപ്പ്…

അത് പുറമെ കാട്ടാതെ ഞാൻ എങ്ങനെയൊക്കെയോ ഇന്റർവെൽ വരെ പിടിച്ചിരുന്നു…

“ഇന്ദു… സ്റ്റാഫ്‌ റൂമിലോട്ടു വന്നേക്ക്… ”

അതും പറഞ്ഞു സാർ ക്ലാസിനു പുറത്തിറങ്ങി…

ബോയ്സ് എല്ലാം ക്ലാസിനു പുറത്തിറങ്ങി എന്ന് കണ്ടപ്പോൾ ടെക്സ്റ്റും എടുത്തു ഞാനും പുറത്തേക്കിറങ്ങി…

വരാന്തയുടെ അര മതിലിനു മുകളിലായി കുറേ ആൺകുട്ടികൾ നിരന്നു ഇരിപ്പുണ്ട്..

അവരുടെ മുഖത്ത് പോലും നോക്കാതെ തല കുമ്പിട്ടു ഞാൻ സ്റ്റാഫ്‌ റൂമിലേക്ക്‌ നടന്നു…

സാർ മുൻ പാഠഭാഗങ്ങൾ എല്ലാം ക്ലിയർ ആക്കി തന്നു…

താങ്ക്സും പറഞ്ഞു ഞാൻ സ്റ്റാഫ്‌ റൂമിനു വെളിയിലേക്കിറങ്ങി..

പെട്ടെന്ന് ഇടിച്ചു ഇടിച്ചില്ലെന്ന മട്ടിൽ ഒരു ചെക്കൻ എന്റെ മുന്നിൽ…

ഒരു നിമിഷം എന്റെ കണ്ണുകൾ അവനിൽ തറഞ്ഞു പോയി…

പെണ്കുട്ടികളുടേത് പോലെ വിടർന്ന കണ്ണുകൾ… നീളമുള്ള കൺപീലികളും…

ആ കണ്ണിൽ ഞാൻ നിറഞ്ഞു നിൽക്കുന്നതായി തോന്നി…

മുന്നോട്ടു നടക്കണമെന്ന് മനസ്സ് പറയുന്നുണ്ടെങ്കിലും കാലുകൾ മരവിച്ച അവസ്ഥ..

എന്തോ കണ്ടു ഭയന്നത് പോലെ എന്റെ ഹൃദയം ടപ്പേ ടപ്പേ ന്നു ഇടിക്കാനും തുടങ്ങി…

അവന്റെ മുഖത്തും പരിഭ്രമം നിറയുന്നത് എനിക്ക് കാണാൻ സാധിച്ചു…

“സാഗർ… താൻ അവിടെ നിൽക്കുവാണോ… ഇങ്ങോട്ട് കയറി വരു…”

സാറിന്റെ സ്വരം ഞങ്ങളെ ഞെട്ടിച്ചു…

അവൻ പെട്ടെന്ന് തിരിഞ്ഞു നടന്നു…

തിരികെ ക്ലാസ്സിലേക്ക്
നടക്കുമ്പോളും എന്റെ ചുണ്ടുകൾ സാഗർ… സാഗർ… ന്നു ഉരുവിട്ടു കൊണ്ടേ ഇരുന്നു…

അന്ന് ക്ലാസ്സ്‌ കഴിയുന്നതിനു മുൻപ് തന്നെ അവനെക്കുറിച്ചുള്ള മുഴുവൻ ഡീറ്റെയിൽസും ഞാൻ അറിഞ്ഞു…

മുഴുവൻ പേര് വിദ്യാസാഗർ…

സ്കൂളിലെ പി ടി സാറിന്റെ ഒരേ ഒരു മകൻ…

പഠിക്കാൻ അതിസമർത്ഥൻ…

കലാകായിക രംഗങ്ങളിൽ നൈപുണ്യം ഉള്ളവൻ…

മൃദു ആണ് ഡീറ്റെയിൽസ് എല്ലാം പറഞ്ഞത്…
ആളൊരു ബിബിസി ആണ്…
ആരുടെ ന്യൂസ്‌ വേണമെങ്കിലും അവളുടെ കൈയിൽ സ്റ്റോക്ക് ആണ്…

പി ടി സാറിന്റെ മോൻ ആണെന്ന് അറിഞ്ഞപ്പോൾ മുതൽ വല്ലാത്തൊരു പേടി തോന്നി…

സ്കൂളിലെ സകല കൂട്ടികളുടെയും പേടി സ്വപ്നം ആണ് അയാൾ…

കൈയിൽ എപ്പോളും നീളമുള്ള മഞ്ഞൾ തേച്ചു പിടിപ്പിച്ചു മിനുക്കി എടുത്തൊരു ചൂരൽ കാണും…

അതും വീശി അയാളുടെ വരവ് കാണുബോൾ തന്നെ കുട്ടികൾ എല്ലാം വിറയ്ക്കും…

കാലനെ കാണുന്നതുപോലെയാണ് അയാളെ കാണുന്നത്…

ആണെന്നും പെണ്ണെന്നും ഒന്നും അയാൾക്ക്‌ ഒരു വകതിരിവും ഇല്ല…

തെറ്റ് ചെയ്താൽ ചൂരൽ വായുവിൽ ഒരു ദാക്ഷണ്യവും ഇല്ലാതെ ഉയർന്നു പൊങ്ങിയിരിക്കും…

സ്കൂളിന് അടുത്ത് തന്നെയാണ് അവരുടെ വീടും…

അതും ഓർത്തു…എന്റെ ലേഡി ബേറെഡ് ഉം ചവുട്ടി ഞാൻ സ്പീഡിൽ മെയിൻ റോഡ് കയറി…

പുറകേ ആരോ പിന്തുടരുന്നതുപോലെ തോന്നി…

സൈക്കിളിന്റെ ബെൽ മുഴങ്ങി കേൾക്കുന്നുണ്ട്…

ഞാൻ സ്പീഡ് കുറച്ചു…

തിരിഞ്ഞു നോക്കണോ…

വേണ്ട… അത് അവനാകും…

എന്റെ മനസ്സ് അങ്ങനെ പറയുന്നുണ്ടായിരുന്നു…

(തുടരും )