രചന – നന്ദിത ദാസ്
“💕തങ്കഭസ്മ കുറിയിട്ട തമ്പുരാട്ടി
നിന്റെ തിങ്കളാഴ്ച നോയമ്പിന്നു
മുടക്കും ഞാൻ……💘💕”
മൂളിപ്പാട്ടൊക്കെ പാടി തിരിഞ്ഞു നോക്കിയപ്പോൾ വാതിൽക്കൽ ഇന്ദു നിൽക്കുന്നു…
ഞാൻ അവളെ അടിമുടി ഒന്ന് നോക്കി..
കൈയിൽ പാൽ ഗ്ലാസും പിടിച്ചു കൊണ്ട് എന്നെ ഏതോ വിചിത്ര ജീവിയെ കാണുന്നത് പോലെ നോക്കി നിൽക്കുവാണ് അവൾ…
ഈ പെണ്ണിന്റെ ഒരു കാര്യം… ഇനി കൈപിടിച്ചു കയറ്റിയാലേ ഇങ്ങോട്ട് കയറി വരുള്ളൂ എന്നുണ്ടോ??…
ഓഹ്ഹ് ചിലപ്പോൾ ആദ്യരാത്രിയുടെ നാണം കൊണ്ടായിരിക്കും…
ഒന്നമർത്തി ചിരിച്ചിട്ട് ഞാൻ അവളുടെ അടുത്തേക്ക് പോയി…
“എന്തായിരുന്നു ഒരു പാട്ടും ഡാൻസുമൊക്കെ?? ഏട്ടൻ ഇത്ര നന്നായി പാടുമെന്ന് ഞാൻ കരുതിയില്ല കേട്ടോ… ”
“ഹിഹിഹി… എന്റെ ഗാനമേള ഇനി എത്ര കേൾക്കാൻ കിടക്കുന്നു…
ആഹ് അതൊക്കെ പോട്ടെ…
ഇതെന്താണ് മേഡം ഈ വേഷത്തിൽ…
എവിടെ… സാരി എവിടെ?? ”
“എന്താ ഈ വേഷത്തിനു കുഴപ്പം… മൂന്നു സാരി ഇന്ന് മാറി മാറി ഉടുത്തത് ഏട്ടൻ കണ്ടതല്ലേ… ”
“ആഹ് അതൊക്കെ കണ്ടു… എന്നാലും സിനിമയിലെയൊക്കെ പോലെ ആദ്യരാത്രിയിൽ സെറ്റ് സാരിയൊക്കെ ഉടുത്തു മുല്ലപ്പൂവൊക്കെ ചൂടി കൈയിൽ പാൽ ഗ്ലാസ്സുമായി നാണത്തോടെ മന്ദം മന്ദം കയറി വരുന്ന എന്റെ പെണ്ണിനെയാണ് ഞാൻ ഇത്ര നേരം പ്രതീക്ഷിച്ചു ഇരുന്നത്… ”
“അയ്യടാ… അങ്ങോട്ട് മാറി നില്ക്കു മനുഷ്യാ…
ആദ്യരാത്രി ആഘോഷിക്കാൻ വന്നേക്കുന്നു…
പിന്നേ… ഇത് സിനിമയും സീരിയലും ഒന്നും അല്ല അതുകൂടി ഓർത്തോളൂ കേട്ടോ… ”
പെണ്ണ് ചാടിത്തുള്ളി അകത്തേക്ക് കയറി…
ഉള്ള സമയം പാഴാക്കാതെ ഞാൻ വാതിലടച്ചു കുറ്റിയിട്ടു…
ഫോണൊക്കെ നേരെത്തെ തന്നെ സ്വിച്ച് ഓഫ് ചെയ്തു വെച്ചിട്ടുണ്ട്…
അല്ലെങ്കിൽ കൂട്ടുകാര് തെണ്ടികൾ രാത്രി പണി തരാൻ ഇടയുണ്ട്…
“ദേ വേണമെങ്കിൽ ഈ പാല് കുടിച്ചിട്ട് നല്ല കുട്ടിയായി കിടന്നു ഉറങ്ങിക്കോ… ”
“പിന്നേ അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി… ഞാൻ സമ്മതിക്കില്ല… വെറുതെ എന്നെ ദേഷ്യം പിടിപ്പിക്കരുത്… ”
“ആഹ്.. ഓക്കേ… ദേഷ്യം പിടിപ്പിക്കുന്നില്ല… പക്ഷേ ഏട്ടൻ ആദ്യം ഈ പാല് കുടിക്കു… ”
ശ്ശെടാ… ഇവള് കുറേനേരമായി പാല് കുടിക്കാൻ നിർബന്ധിക്കുന്നുണ്ട്… ഇനി ഇവളിപ്പോൾ ഇതിനുള്ളിൽ വല്ല ഉറക്കമരുന്നും ചേർത്തിട്ടുണ്ടാകുമോ… പറയാൻ പറ്റില്ല… ഇനം വേറെ ആണല്ലോ…
പണി പാലും വെള്ളത്തിലും കിട്ടുമെന്ന് പണ്ടാരോ പറഞ്ഞിട്ടും ഉണ്ട്…
“ഏട്ടൻ എന്താ ഇത്ര ആലോചന…?? ”
“സത്യം പറയടി… ഈ പാലിൽ നീ എന്താ ചേർത്തിരിക്കുന്നത്…
എന്നെ ഉറക്കി ഇടാൻ ഉറക്കമരുന്നു വല്ലതും കലക്കിയോടി… ”
ആഹ് അത് കൊള്ളാം… ഇങ്ങേരു ഇത് എന്തൊക്കെയാ വിളിച്ചു കൂവുന്നത്…
ഈ സാധനത്തിനു പ്രേമം തലയ്ക്കു പിടിച്ചു വട്ടായെന്ന തോന്നുന്നത്…
ഞാനും വിട്ടു കൊടുക്കാൻ തയ്യാറായില്ല…
“ആഹ് ഉറക്കമരുന്നു തന്നെയാ ചേർത്തിരിക്കുന്നത്… എന്തായാലും നിങ്ങൾ അത് മനസ്സിലാക്കിയ സ്ഥിതിക്ക് രാത്രിയിൽ നല്ല ഉറക്കം കിട്ടാൻ ഞാൻ ഇതങ്ങു ഒറ്റയ്ക്ക് കുടിക്കുവാ… ”
“അയ്യോ കുടിക്കല്ലേടി… ”
ഞാൻ പറഞ്ഞു തീരുന്നതിനു മുൻപ് ഗ്ലാസിലെ പാലു മുഴുവൻ അവൾ അകത്താക്കി…
എന്നെ ചിറഞ്ഞു ഒന്ന് നോക്കിയിട്ട് കട്ടിലിലേക്ക് മറിഞ്ഞു…
കിടന്ന ഉടനെ തന്നെ അവൾ കണ്ണും അടച്ചു ഉറക്കവും തുടങ്ങി…
ഇഞ്ചി കടിച്ച അണ്ണാനെ പോലെ നോക്കി നിൽക്കാനേ എനിക്ക് പറ്റിയുള്ളൂ…
പോയി… എല്ലാം കയ്യിന്നു പോയി..
ഹോ എന്തൊക്കെ സ്വപ്നം കണ്ടതാ… എല്ലാം മലർപ്പൊടിക്കാരന്റെ സ്വപ്നം പോലെ ആയല്ലോ…
എന്തൊക്കെയോ പിറു പിറുത്തു കൊണ്ട് ഏട്ടൻ എന്റെ തൊട്ടടുത്തു തന്നെ വന്നു കിടന്നു…
ഞാൻ വായ് പൊത്തി സൗണ്ട് പുറത്ത് വരാത്ത രീതിയിൽ ചിരിച്ചു…
ഹോ എന്തായാലും ഇന്ന് ഞാൻ രക്ഷപെട്ടു…
ദീർഘമായി നിശ്വസിച്ചിട്ട് ഞാൻ പതിയെ കണ്ണുകൾ അടച്ചു…
ഉറക്കം വരുന്നുണ്ടായിരുന്നില്ല… റൂമിലെ ലൈറ്റ് ഓഫ് ആക്കിയിട്ടില്ല…
ഏട്ടൻ കിടന്നപ്പോൾ അതൊട്ടു ചെയ്തതും ഇല്ല…
ഇനി പുള്ളിക്കാരൻ ഉറങ്ങാതെ എനിക്ക് എഴുന്നേൽക്കാനും പറ്റില്ലല്ലോ…
ആളുടെ അനക്കം ഒന്നും കേൾക്കുന്നില്ലലോ…
ഞാൻ പതിയെ തിരിഞ്ഞു കിടന്നു…
കണ്ണ് പാതി തുറന്നു ഏട്ടനെ ഒന്ന് പാളി നോക്കി…
കണ്ണുകൾ അടച്ചു നീണ്ടു നിവർന്നു കിടക്കുന്നു…
ഉറങ്ങി കാണുമോ..
ആഹ് എന്തായാലും കുറച്ചു നേരം കൂടി കഴിഞ്ഞു ലൈറ്റ് ഓഫ് ചെയ്യാം…
ഏട്ടൻ കിടക്കുന്നതും നോക്കി ഞാൻ ഏറെ നേരം അങ്ങനെ തന്നെ കിടന്നു…
ഹോ… കിടക്കുന്ന കിടപ്പു കണ്ടാൽ എന്തൊരു പാവത്താൻ..
ഹയ്യോ നാളെ എഴുന്നേൽക്കുമ്പോൾ എന്നോട് ഇനി ദേഷ്യം തോന്നുവോ എന്തോ??….
എന്തൊക്കെ പറഞ്ഞാലും എന്റെ ഭർത്താവല്ലേ…
ഭർത്താവിനെ ദൈവത്തെപ്പോലെ കാണണമെന്നാണ് അമ്മയും അമ്മായിയും പറഞ്ഞു തന്നത്…
അതിനർത്ഥം ഞാൻ ഏട്ടനേയും അങ്ങനെ കാണണമെന്ന് അല്ലേ…
അപ്പോൾ ഏട്ടന്റെ ആഗ്രഹങ്ങളൊക്കെ ഞാൻ സാധിപ്പിച്ചു കൊടുക്കണ്ടേ…
ശ്ശോ… എന്നിട്ടാണോ ഞാൻ ഇങ്ങനെ എല്ലാം വീണ്ടും വീണ്ടും ചെയ്‌തോണ്ടു ഇരിക്കുന്നത്…
പാവം ഏട്ടൻ…
ഞാൻ പതിയെ തല ഉയർത്തി ഏട്ടനെ നോക്കി…
എന്ത് നിഷ്കളങ്കമായ മുഖം…
ഞാൻ കുറച്ചു കൂടെ ഏട്ടനോട് ചേർന്നു കിടന്നു…
കൈ പതുക്കെ എടുത്തു ഒന്ന് കെട്ടിപ്പിടിക്കാൻ നോക്കി…
പിന്നെ വേണ്ടെന്നു വെച്ചു… ഉണർന്നാലോ…
ഏട്ടന്റെ നെറ്റിയിലേക്ക് ഉതിർന്നു വീണ മുടിയിഴകൾ മെല്ലെ മാറ്റി… ആ നെറ്റിയിൽ ഒന്നമർത്തി ചുംബിച്ചു…
രണ്ടു കൈകൾ എന്നെ വരിഞ്ഞു മുറുക്കുന്നതായി തോന്നി…
എന്റെ ഹൃദയത്തിന്റെ താളം തെറ്റുന്നത് ഞാൻ അറിഞ്ഞു…
“കള്ളാ… ഉറങ്ങിയില്ലായിരുന്നോ?? ”
“എങ്ങനെയാ പെണ്ണേ ഇന്ന് ഉറങ്ങാൻ പറ്റുക… ”
ആ കൈകൾ ഒന്നുകൂടി എന്നിൽ മുറുകി…
ഒരു നിമിഷം ഞങ്ങളുടെ കണ്ണുകൾ തമ്മിൽ കോർത്തു…
അവ തമ്മിൽ പ്രണയത്തിലാകുന്നത് ഞങ്ങൾ അറിയുന്നുണ്ടായിരുന്നു…
പെട്ടെന്ന് അവൾ മുഖം തിരിച്ചു കളഞ്ഞു…
“ഇങ്ങനെ നോക്കാതെ… എനിക്ക് എന്തോ പോലെ തോന്നുന്നു… ”
“അതെന്താ പെണ്ണേ… ”
” ആദ്യമായി കണ്ട നാളുമുതൽ ഏട്ടന്റെ ഈ കണ്ണുകളാണ് എന്നിൽ പ്രണയം നിറച്ചത്…
ഒരു വല്ലാത്ത ആകർഷണം ഈ കണ്ണുകളോട്… ”
ഞാൻ പറഞ്ഞു തീരും മുൻപേ ഏട്ടൻ ആവേശത്തോടെ എന്റെ നെറ്റിയിലും കവിളിലും ചുണ്ടിലും കഴുത്തിലുമെല്ലാം ചുംബിച്ചുകൊണ്ടേയിരുന്നു…
രാത്രിയുടെ രണ്ടാംയാമത്തിൽ എപ്പോളോ സുഖമുള്ള ഒരു നൊമ്പരം അവൾക്കേകി അവനവളെ സ്വന്തമാക്കി…
*****
കിഴക്ക് വെള്ളകീറി തുടങ്ങിയിരുന്നു…
ജനാലയുടെ കർട്ടന്റെ വിടവിലൂടെ സൂര്യപ്രകാശം മുറിയിലേക്ക് അരിച്ചിറങ്ങി…
ഞാൻ കണ്ണ് തുറന്നു…
എന്നിൽ നിന്നും അല്പം മാറി പൂച്ചക്കുട്ടിയെപോലെ ചുരുണ്ടു കൂടി ഇന്ദു കിടക്കുന്നു…
ഒരു ഷീറ്റെടുത്തു അവളെ പുതപ്പിച്ചിട്ട് ഞാൻ പതിയെ കിടക്കയിൽ നിന്നും എഴുന്നേറ്റു…
സമയം എട്ടായി… ബാത്‌റൂമിൽ പോയി ഫ്രഷ് ആയി വന്നിട്ടും പെണ്ണ് ചുരുണ്ടുകൂടി ആ കിടപ്പ് തന്നെ…
ജനാലയുടെ വാതിൽ തുറന്നു കർട്ടൻ പതിയെ വകഞ്ഞു മാറ്റി…
ഇപ്പോൾ സൂര്യപ്രകാശം നേരെ അവളുടെ മുഖത്തേക്കാണ് വീഴുന്നത്…
വെട്ടം മുഖത്തേക്ക് അടിച്ചപ്പോൾ അവൾ മുഖം ചുളുക്കികൊണ്ടു കണ്ണുകൾ തുറന്നു…
“ഗുഡ് മോർണിംഗ് മൈ പൊണ്ടാട്ടി… ”
കോട്ടുവാ ഇട്ടുകൊണ്ട് ഉറക്കച്ചടവോടെ അവൾ ബെഡിൽ എഴുന്നേറ്റിരുന്നു അഴിഞ്ഞുവീണ മുടിയിഴകളെ മാടിയൊതുക്കി എന്നെ നോക്കി പുഞ്ചിരിച്ചു…
“വെരി വെരി ഗുഡ് മോർണിംഗ് ഡിയർ.. ”
ക്ലോക്കിലേക്കു നോട്ടം പോയ അവൾ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു…
“ഈശ്വരാ സമയം കണ്ടോ… എട്ടര…
കാഴ്ച്ച കണ്ടോണ്ട് നിൽക്കാതെ അങ്ങോട്ട് മാറിക്കെ…
ശ്ശോ … നേരെത്തെ ഉണർന്നപ്പോൾ എന്നെ വിളിക്കാഞ്ഞത് എന്താ…
അമ്മ എന്ത് വിചാരിക്കും…
ശ്ശെടാ എന്റെ ഫോൺ ഇതു എവിടെ പോയി അതിൽ ഞാൻ അലാറം വെച്ചിരുന്നതാണല്ലോ… ”
“പെൺകുട്ടികൾ ആയാൽ മൂട്ടിൽ വെയിൽ ഉദിക്കുന്നതുവരെ ഇങ്ങനെ കിടന്നു ഉറങ്ങരുതല്ലോ…
അതെങ്ങനെ രാത്രിയിൽ ഉറക്കം ഇല്ലാലോ പിന്നേ എങ്ങനെയാ… ”
അവളെയൊന്നു ചൊടിപ്പിക്കാൻ തന്നെ തീരുമാനിച്ചു…
“രാവിലെ ഒരെണ്ണം അങ്ങ് വെച്ച് തന്നാലുണ്ടല്ലോ…
എന്നെകൊണ്ട് ഒന്നും പറയിക്കാതിരിക്കുന്നതാ നല്ലത്…
അമ്മ വഴക്ക് വല്ലതും പറഞ്ഞാൽ ഞാൻ എല്ലാം പറഞ്ഞു കൊടുക്കും നോക്കിക്കോ… ”
എന്റെ താടിക്കിട്ടൊരു കൊട്ടും തന്നിട്ട് അവൾ ബാത്‌റൂമിനുള്ളിലേക്കു ചാടിക്കയറി…
ഹേയ് അമ്മയോടൊന്നും പറഞ്ഞു കൊടുക്കില്ലായിരിക്കും… ഹയ്യേ അല്ലെങ്കിലും ഇതൊക്കെ ആരേലും പറയുമോ…
അവൾ പറഞ്ഞിട്ട് പോയതിൽ ഒരു ചെറിയ പരിഭ്രമം ഇല്ലാതിരുന്നില്ല…
കുളി കഴിഞ്ഞു അവൾ പുറത്തിറങ്ങിയതൊന്നും ഞാൻ അറിഞ്ഞില്ല…
മനസ്സ് മുഴുവൻ ഇന്നലത്തെ രാത്രിയിലേക്ക് പോയി…
അവളുടെ കണ്ണുകളിൽ കണ്ട പ്രണയവും കവിളിൽ മൊട്ടിട്ട നാണവും ഓർത്തപ്പോൾ തന്നെ അവനൊന്നു തരളിതനായി…
“ഡോ സ്വപ്നലോകത്തെ വിഷ്ണു പ്രസാദേ…
തന്നെ നിന്ന് ഇളിച്ചത് മതി…
എന്തോന്നാ ഇവിടൊന്നും അല്ലല്ലോ ആള് ”
എന്റെ കണ്ണുകൾക്ക് നേരെ അവൾ വിരലുകൾ ഞൊടിച്ചു…
ചിരിയോടെ ഞാൻ അവൾക്കു മുന്നിൽ നിന്നു…
ഒന്നുമില്ലെന്ന ഭാവത്തിൽ ചുമലു കൂച്ചി…
“ഞാൻ എന്നാൽ അടുക്കളയിലോട്ടു പോയിട്ട് വരാം…
ശ്ശോ എന്നാലും നേരെത്തെ എഴുന്നേക്കാൻ പറ്റിയില്ലാലോ…
അമ്മ അറിഞ്ഞാൽ എന്നെ കൊല്ലും… ”
“എന്റെ ഇന്ദു… ഇവിടെ നിന്നെ ആരും ഒന്നും പറയാൻ പോകുന്നില്ല…
ഒന്നുറങ്ങി അത്രേ അല്ലേ ഉള്ളു… ”
“ആഹ്… മ്മ്.. ന്നാ ഞാൻ പോട്ടെ.. ”
“മോളൊന്നു നിന്നേ… ”
“എന്താ?? ”
“കുളിച്ചു സുന്ദരി ആയി … മുടിയും ഒതുക്കി… പക്ഷേ ഒരു കാര്യം എന്റെ മോള് മറന്നു… ”
ഞാൻ നോക്കി നിൽക്കേ ഏട്ടൻ സിന്ദൂരചെപ്പുമായി എന്റെ അരികിലെത്തി…
“ശ്ശോ… സോറി ഏട്ടാ… ഞാൻ പെട്ടെന്ന് ഓർത്തില്ല… ”
അതിൽ നിന്നും ഒരു നുള്ളു സിന്ദൂരം എടുത്തു എന്റെ സീമന്തരേഖയിൽ തൊടുവിച്ചു…
“ഇനി ഇതു എന്റെ മോള് മറക്കരുത്…
എപ്പോളും ഇതുണ്ടാകണം എന്റെ പെണ്ണിന്റെ നെറുകയിൽ…
അത് കാണുമ്പോളൊക്കെ എനിക്ക് സ്വയം അഭിമാനിക്കണം… ”
അവളെ ചേർത്ത് പിടിച്ചു നെറുകയിൽ ചുംബിക്കുമ്പോൾ അറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു പോയി…
“മ്മ് ഇനി പോയി ഏട്ടന് നല്ല അസ്സലൊരു ചായ ഇട്ടോണ്ട് വാടോ ഭാര്യേ .. ”
“ഓക്കേ ഭർത്താവേ… ”
****
ശരിക്കും നല്ല ചമ്മലോടെ ആണ് അടുക്കളയിലേക്കു കയറിയത്…
അമ്മ ദോശ ചുട്ടുകൊണ്ടു നിൽക്കുന്നു…
“അമ്മേ… ”
“ആഹാ മോള് ഉണർന്നോ… കുളിയും കഴിഞ്ഞോ… മിടുക്കി…
ഇങ്ങു വാ… അമ്മ ചായ തരാം… ”
“എഴുന്നേൽക്കാൻ താമസിച്ചു പോയമ്മേ…
നാളെ മുതൽ ഞാൻ നേരെത്തെ എഴുന്നേറ്റോളാം… ”
“മോളുടെ ക്ഷീണം തീരുന്നതുവരെ ഉറങ്ങിക്കോ ഇവിടെ ആരും ഒന്നും പറയില്ല…
എന്റെ മോളു തന്നെയാ നീയും…
വെളുപ്പാൻ കാലത്തേ എഴുന്നേറ്റു ചെയ്യേണ്ട ഒരു ഭാരിച്ച ജോലിയും ഇവിടെ ഇല്ല…
ന്റെ മോള് അതൊന്നും ഓർക്കണ്ട… ”
കൈ സാരിതലപ്പിൽ തുടച്ചിട്ട് അമ്മ എനിക്ക് ചായ എടുത്തു തന്നു…
അതും കുടിച്ചുകൊണ്ട് അമ്മയുടെ കൈയിൽ നിന്നും ചട്ടുകം വാങ്ങി ഞാൻ ദോശ മറിച്ചിട്ടു…
“മോൾക്ക് ഇഷ്ടം ഉള്ളത് എന്തൊക്കെയാണെന്ന് പറയണേ… എല്ലാം അമ്മ ഉണ്ടാക്കിതരാം…
ദോശ ഇഷ്ടം ആണോ? ”
“വീട്ടിൽ മിക്കദിവസവും ദോശയാ..
എനിക്കിഷ്ടം ഉപ്പുമാവ് ആണ് അതാകുമ്പോൾ പെട്ടെന്ന് ഉണ്ടാക്കുകയും ചെയ്യാം പെട്ടെന്ന് കഴിച്ചും തീർക്കാല്ലോ…
ചപ്പാത്തിയും ഇഷ്ടം ആണേ… ”
“വിച്ചുമോനും ചപ്പാത്തിയാ ഒത്തിരി ഇഷ്ടം…
അവൻ എഴുന്നേറ്റെങ്കിൽ ഈ ചായ അങ്ങ് കൊടുത്തിട്ട് വാ മോളെ.. ”
“മ്മ്.. ”
അമ്മയുടെ കൈയിൽ നിന്നും ചായ വാങ്ങി ഞാൻ ഏട്ടന് കൊടുത്തു…
അച്ഛൻ പൂമുഖത്തെ ചാരു കസേരയിൽ മലർന്നിരുന്നു പത്രം വായിക്കുന്നു…
വലിയൊരു കണ്ണാടി മൂക്കിന്റെ തുമ്പത്തു ഇരിപ്പുണ്ട്… അതിനുള്ളിൽ കൂടി നോക്കിയാണ് വായന…
“അച്ഛൻ ചായ കുടിച്ചോ… ”
“കുടിച്ചു… എന്നാലും മോളുടെ കൈയിൽ നിന്ന് ഒരെണ്ണം കൂടി ആവാമെന്ന് തോന്നുന്നു… ”
ഇതും പറഞ്ഞു അച്ഛൻ കുടവയറു കുലുക്കി ഒരു ചിരി…
അത് കണ്ടപ്പോൾ എനിക്കും ചിരിക്കാതിരിക്കാൻ പറ്റിയില്ല…
എന്റെ ചിരി കേട്ടു ചായക്കപ്പുമായി വിഷ്ണുവേട്ടനും പുറത്തേക്ക് വന്നു…
കപ്പ് എന്റെ കൈയിൽ തന്നിട്ട് ഒരു ഷീറ്റ് പേപ്പർ അച്ഛന്റെ കൈയിൽ നിന്നും വാങ്ങി പുള്ളിയും വായന തുടങ്ങി…
ഞാൻ അകത്തേക്ക് കയറിപ്പോയി…
എന്റെ കൈകൊണ്ടുതന്നെ ഒരു ചായ ഇട്ടോണ്ട് വന്നു അച്ഛന് കൊടുത്തു…
“അസ്സലായിട്ടുണ്ട് മോളെ… അപ്പോൾ ഇനി എനിക്കെന്നും മോളുടെ കൈയിൽ നിന്നും ആയിക്കോട്ടെ ചായ.. ”
“അങ്ങനെ ആയിക്കോട്ടെ അച്ഛാ… ”
ഓഹോ ഒരു ചായ കൊടുത്തു ഇവൾ അച്ഛനെയും കുപ്പിയിലാക്കിയോ…
ഞാൻ പുരികമുയർത്തി അവളെ നോക്കി…
ഇപ്പോൾ എങ്ങനെ ഉണ്ടെന്ന മട്ടിൽ പെണ്ണ് എന്നെ ഒന്ന് നോക്കി…
ഞാൻ അവളെനോക്കി മീശ പിരിച്ചു…
“നീ എന്തോന്നാടാ രാവിലെ എന്റെ മോളെ നോക്കി മീശ പിരിക്കുന്നത്… ”
അച്ഛൻ ചോദിച്ചപ്പോളാണ് എനിക്ക് പരിസരബോധം ഉണ്ടായത്…
ഒരു വളിച്ച ചിരി അച്ഛന് സമ്മാനിച്ചു ഞാൻ അവിടെ നിന്നും തടിതപ്പി…
****
പ്രഭാതഭക്ഷണത്തിനു ശേഷം ഞങ്ങൾ ഉണ്ണി അളിയന്റെ വീട്ടിലേക്കു പോകാൻ റെഡി ആയി…
ചിക്കൂസ് കളർ ചുരിദാറിൽ ഇന്ദു അതീവ സുന്ദരിയായി തോന്നി…
“മതി നോക്കി നിന്നു വായ് പൊളിച്ചത്… ഇറങ്ങാൻ നോക്കൂ സമയം പോകുന്നു… ”
എന്റെ കവിളിൽ തട്ടിക്കൊണ്ടു എന്നെയും പിടിച്ചു വലിച്ചു അവൾ പുറത്തേക്കിറങ്ങി…
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു ഇറങ്ങി…
ഇന്ന് രാത്രി ഇന്ദുവിന്റെ വീട്ടിൽ തങ്ങാനായിരുന്നു പ്ലാൻ…
യാത്രയിൽ എനിക്ക് വാ തുറക്കാൻ ഇട തരാതെ അവൾ പലതിനെക്കുറിച്ചും എന്നോട് വാചാല ആകുന്നുണ്ടായിരുന്നു…
അവളുടെ സംസാരവും മുഖത്ത് വിരിയുന്ന ഭാവങ്ങളും ആ ചിരിയും എല്ലാം ഞാൻ നന്നായി തന്നെ ആസ്വദിച്ചു…
“ഇതെന്തുപറ്റി ആകെ ഒരു മൗനത്തിലാണല്ലോ…
ഇന്നലെ ഇതൊന്നും അല്ലായിരുന്നല്ലോ ഭാവം…
ഏട്ടന് ഇതു എന്തുപറ്റി?? ”
കാറിലെ നേർത്ത ശബ്ദത്തിലുള്ള സ്റ്റീരിയോ ഓഫാക്കിക്കൊണ്ടു അവൾ ചോദിച്ചു…
ഇടതു കൈ ഗിയർ ബോക്സിൽ നിന്നും മാറ്റി ഞാൻ അവളുടെ നേർത്ത വിരലുകളിൽ വിരൽ കോർത്തു…
“എല്ലാം ഒരു സ്വപ്നം പോലെ തോന്നുവാ എനിക്ക്…
ആദ്യമായി നിന്നെ കണ്ടതുമുതൽ ഇന്ന് ഈ നിമിഷം വരെ ഒന്നോർത്തു നോക്കി…
ശരിക്കും ഞാൻ ഒരു ഭാഗ്യവാനാ ഇന്ദു…
നിനക്കറിയുമോ ഞാൻ നിന്നെ എത്രത്തോളം സ്‌നേഹിക്കുന്നുണ്ടെന്ന്…
വാക്കുകൾക്കും അതീതമാണ് എനിക്ക് നിന്നോടുള്ള പ്രണയം… ”
“ആഹാ ആദ്യം ഞാൻ കരുതി സെന്റി പറയാൻ വരുവാണെന്നു…
ഇപ്പോൾ റൂട്ട് ക്ലിയർ ആയി… ബെഡ് റൂം അല്ല റോഡാണ് അത് ഓർമ വേണം കേട്ടോ… ”
“എന്റെ പൊന്നോ നമിച്ചു… ഇങ്ങനെ ഒരു സാധനം… ”
പിന്നെത്തെ നിമിഷങ്ങൾ കളിച്ചും ചിരിച്ചും കടന്നു പോയി…
ഞങ്ങളുടെ വരവും പ്രതീക്ഷിച്ചു വീടിന്റെ മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു ഉണ്ണി അളിയൻ…
അളിയനെ കണ്ടതോടെ പെണ്ണ് ഒന്നൂടി ഉഷാറായി…
വണ്ടിയിൽ നിന്നും ചാടി ഇറങ്ങി സ്നേഹപ്രകടനവും തുടങ്ങി…
ബഹളം കേട്ടു അമ്മായിയും അമ്മാവനും വന്നു…
പിന്നെ അവിടമാകെ ഒരു ഉത്സവമേളം ആയിരുന്നു…
“ഇതെന്താ മോളെ നിന്റെ കഴുത്തിൽ ചുവന്ന പാട്… ”
അളിയൻ അത് ചോദിച്ചപ്പോളാണ് ഇന്ദുവിന്റെ കഴുത്തിൽ ഞാനും ആ ചുവന്ന പാടു കാണുന്നത്…
അവൾ ദഹിപ്പിക്കുന്ന കണ്ണുകളോടെ എന്നെ ഒന്ന് നോക്കി…
“അത് അളിയനോട് തന്നെ ചോദിക്ക്…
ഞാൻ അമ്മായിയുടെ അടുത്തോട്ടു പോവാ… ”
അവൾ അകത്തേക്ക് കയറിയതും അളിയൻ എന്നെ വല്ലാത്തൊരു നോട്ടം…
ഞാൻ പെട്ടെന്ന് തലയിൽ കൈ കൊണ്ട് തടവി ഒരു വളിച്ച ചിരി ചിരിച്ചു… ആകെപ്പാടെ ഒരു ചമ്മൽ…
“എന്നാലും എന്റെ പൊന്നളിയ ന്റെ കൊച്ചിനോട് ഇത്ര ആക്രാന്തം പാടില്ലായിരുന്നു… ”
മറുപടി പറയാനാവാതെ ഞാൻ നിന്നു തപ്പി പെറുക്കി…
“ആഹ്… മതി മതി തപ്പിയത്… കയറിപോരെ…”
എന്റെ തോളിൽ കയ്യിട്ടു അളിയൻ എന്നെ അകത്തേക്ക് ക്ഷണിച്ചു…
ഉച്ചയൂണും എല്ലാം കഴിഞ്ഞു വൈകുന്നേരത്തോടെ ആണ് ഞങ്ങൾ അവിടെ നിന്നും തിരിച്ചത്…
ഇന്ദു നല്ല സന്തോഷത്തിൽ ആയിരുന്നു..
അപ്പോൾ പിന്നെ എന്റെ കാര്യം പറയാനുണ്ടോ…
സ്വന്തം വീട്ടിൽ എത്തി അച്ഛനെയും അമ്മയെയും കണ്ടതോടെ പെണ്ണ് നിലത്തൊന്നും അല്ല എന്ന് തോന്നി…
അത്രയ്ക്ക് ഹാപ്പി ആയിരുന്നു അവൾ…
ഇടക്കിടക്ക് എല്ലാരുടെയും കണ്ണ് വെട്ടിച്ചു എന്റെ സ്നേഹചുംബനങ്ങൾ അവളെത്തേടി എത്തുന്നുണ്ടായിരുന്നു…
രാത്രിയിൽ അവളുടെ മടിയിൽ തലവെച്ചു കിടന്നുകൊണ്ട് എന്റെ സ്വപ്നങ്ങൾ എല്ലാം ഞാൻ അവളോട് പങ്കുവെച്ചു…
“ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയുമോ ഇന്ദു…?? ”
“എന്താണ് പതിവില്ലാത്ത ഒരു മുഖവുര… കാര്യം പറ ഏട്ടാ… ”
“ഇത്രയും സുന്ദരി ആയിട്ട് കൂടി നിനക്കൊരു പ്രണയം ഇല്ലാതെ പോയത് എന്താ?? പ്രണയത്തിനോട് നിനക്ക് അത്ര വെറുപ്പായിരുന്നോ?? ”
ഒരു ചാട്ടുളി പോലെ ഏട്ടന്റെ ചോദ്യം എന്റെ നെഞ്ചിനെ പിളർത്തി…
അറിയാതെ തന്നെ കണ്ണുകൾ അനുസരണ ഇല്ലാതെ ഒഴുകി…
എല്ലാം ഏട്ടനോട് പറയാൻ സമയം ആയിന്നു ഒരു തോന്നൽ ഉള്ളിലുണ്ടായി…
വിറയ്ക്കുന്ന ചുണ്ടുകളോടെ ഞാൻ സംസാരിച്ചു തുടങ്ങി…
(തുടരും )

by