രചന – സിന്ധു അപ്പുക്കുട്ടൻ
രാത്രി കുട്ടികൾക്ക് ആഹാരം കൊടുത്ത് സന്ധ്യ ദീപ്തിയെയും ജയകൃഷ്ണനെയും കാത്തിരുന്നു.
“അച്ചുമോളേ, അമ്മയെങ്ങാനും വിളിച്ചിരുന്നോ..? നേരമിത്രേം ആയിട്ടും അവരെ കാണുന്നില്ലല്ലോ.
രാത്രി വല്ലാതെ ഇരുണ്ടു തുടങ്ങിയപ്പോൾ സന്ധ്യ അച്ചുവിനരികിൽ ചെന്ന് ചോദിച്ചു.
“അമ്മ വരും. ആന്റിയൊന്നു സമാധാനമായിരിക്ക്.അവരെന്തായാലും അപ്പൂപ്പന്റെ വീട്ടിൽ നിൽക്കില്ല.
സന്ധ്യ പിന്നൊന്നും മിണ്ടിയില്ല.
ആകുലമാകുന്ന മനസ്സോടെ അവൾ കാത്തിരിപ്പു തുടർന്നു.
അല്പം കഴിഞ്ഞു ഗേറ്റിൽ ജയകൃഷ്ണന്റെ ബൈക്കിന്റെ ഹോൺ കേട്ടു.അവൾ ഓടിച്ചെന്നു ഗേറ്റ് തുറന്നു.
രണ്ടുപേരുടെയും മുഖം വല്ലാതെ കനത്തിരുന്നു. അത് സന്ധ്യയെ ആശങ്കയിലാഴ്ത്തി. അവൾ വീണ്ടും ഗേറ്റടച്ചു തിരിച്ചു വന്നപ്പോഴേക്കും അവർ മുറികളിലേക്ക് കയറിപ്പോയിരുന്നു.
ഡൈനിംഗ് റൂമിൽ പാത്രങ്ങൾ കൂട്ടിമുട്ടുന്ന ശബ്ദം കേട്ട്, നന്ദുമോളെ കെട്ടിപ്പിടിച്ചു കിടന്ന സന്ധ്യ എഴുന്നേറ്റു ചെന്നു.
“നീ ഇതുവരെ കഴിച്ചില്ലേ..?
ദീപ്തി അവളെ നോക്കി ചിരിക്കാൻ ശ്രമിച്ചു. പക്ഷേ അത് വിളറിപ്പോയിരുന്നു.
“ഇല്ല… നിങ്ങൾ വന്നിട്ട് ആകാംന്ന് കരുതി.
“എന്നാ നീ കഴിച്ചോ. ഏട്ടന് വേണ്ടന്ന് തോന്നുന്നു. എനിക്കും വേണ്ട.
“ആര് പറഞ്ഞു എനിക്ക് വേണ്ടന്ന്.
ജയകൃഷ്ണൻ വാതിൽ കടന്ന് അകത്തേക്ക് വന്നു. പിന്നെ കസേര വലിച്ചിട്ടിരുന്നു.
സന്ധ്യ വേഗം പ്ലേറ്റെടുത്തു അയാൾക്ക് മുന്നിൽ വെച്ചു.
“ഞാൻ എടുത്തോളാം. സന്ധ്യ കഴിച്ചോളു.
അവൾ ദീപ്തിയെ നോക്കി.
നീ കഴിച്ചോ എന്ന് ആംഗ്യം കാട്ടിക്കൊണ്ട് അവൾ അവിടുന്ന് പൊയ്ക്കളഞ്ഞു.
“താനെന്താ കുന്തം വിഴുങ്ങിയ മാതിരി തറഞ്ഞു നിൽക്കുന്നെ. ഫുഡ് എടുത്തു കഴിക്കെടോ. വേണ്ടാത്തവർ കഴിക്കാതിരുന്നോട്ടെ.”
ദീപ്തി പോയ വഴിയേ നോക്കി അനങ്ങാതെ നിൽക്കുന്ന സന്ധ്യയെക്കണ്ട് ജയകൃഷ്ണൻ ശാസനയോടെ ഒച്ചയുയർത്തി.
സന്ധ്യ വേഗം അവൾക്കുള്ള ആഹാരം വിളമ്പിയെടുത്തു.
പോയിട്ടെന്തായി എന്ന് ചോദിക്കണമെന്നുണ്ടായിരുന്നെങ്കിലും അവൾ മിണ്ടാതിരുന്ന് കഴിച്ചു തുടങ്ങി.
ഉറക്കം കാത്തുകിടക്കുമ്പോൾ മുകളിൽ നിന്നും ജയകൃഷ്ണന്റെ പാട്ട് കേട്ടു.
“സുഖമോ ദേവി…. സുഖമോ ദേവി.. സുഖമോ ദേവീ… സുഖമോ.. സുഖമോ..
മൃദുലയെക്കുറിച്ചായിരിക്കാം ആ ഗാനം എന്നോർത്ത് അവൾ കണ്ണുകളടച്ചു നന്ദുവിനെ കെട്ടിപ്പിടിച്ചു കിടന്നു.
അച്ഛന്റെ വീട്ടിൽ വെച്ച് അരുതാത്തതെന്തോ സംഭവിച്ചിട്ടുണ്ട് എന്നവൾക്ക് തോന്നി.
**************************************
ചെറുതെങ്കിലും, ഭംഗിയുള്ള ഒരോടിട്ട വീട്.
സന്ധ്യക്ക് മനസ്സ് വല്ലാതെ കുളിർന്നു.
അവൾ നിറഞ്ഞു തുളുമ്പുന്ന കണ്ണുകളോടെ ദീപ്തിയെ നോക്കി.
ഇഷ്ടപ്പെട്ടോ?
ദീപ്തി സന്ധ്യയെ നോക്കി കണ്ണിറുക്കി ചിരിച്ചു.
“ഉം… അവൾ വിങ്ങുന്ന മനസ്സോടെ തലയാട്ടി.
ജയകൃഷ്ണൻ വണ്ടിയിൽ നിന്നും സാധനങ്ങൾ ഇറക്കുന്നവർക്ക് ഓരോ നിർദ്ദേശങ്ങൾ കൊടുത്തു കൊണ്ട് അവിടെ നിൽപ്പുണ്ടായിരുന്നു.
“അകത്തേക്ക് ചെല്ല്..
അവരെക്കണ്ട് അയാൾ വിളിച്ചു പറഞ്ഞു.
ദീപ്തി അവളെയും കൂട്ടി വീടിനുള്ളിലേക്ക് കയറി.
“നീയിത്ര സെന്റിയടിക്കേണ്ട കാര്യമൊന്നുമില്ല. നിന്റെകൂടി അധ്വാനത്തിന്റെ ഫലമാ ഈ വീടും. പുതിയ ബിസിനസും. നീ ഒന്നൂടെ ഉഷാറായാൽ ഭാവിയിൽ നമുക്കിതു സ്വന്തമാക്കാം.”
കടയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ ഇറക്കി വെച്ചിരുന്ന റൂമിൽ എത്തിയപ്പോൾ ദീപ്തി സന്ധ്യയോട് പറഞ്ഞു.
കണ്മുന്നിൽ കാണുന്നതൊക്കെയും സത്യമോ മിഥ്യയോ എന്ന് വേർതിരിച്ചെടുക്കാൻ കഴിയാത്തൊരു അവസ്ഥയിലായിരുന്നു സന്ധ്യ.
അവൾ ജനൽപ്പാളികൾ തുറന്ന് പുറത്ത് കാണുന്ന മുറ്റത്തിന്റെ ഇത്തിരിച്ചതുരത്തിലേക്കു മിഴിച്ചു നോക്കി.
അണയാൻ പോകുന്ന വെയിൽ മുറ്റമാകെ മിന്നിത്തിളങ്ങുന്ന പളുങ്കുമണികൾ വിതറിയിട്ടിരിക്കുന്നു
രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു ദീപ്തിക്കൊപ്പം കൂടിയിട്ട്.
പലപ്പോഴും വാടകവീടെടുക്കതിനെക്കുറിച്ചും താമസം മാറുന്നതിനെക്കുറിച്ചും പറയുമ്പോൾ ദീപ്തി അവളെ അവഗണിക്കുമായിരുന്നു.
കുറച്ചു ദിവസം മുൻപാണ് ഡിവോഴ്സ് അനുവദിച്ചുകൊണ്ടുള്ള വിധി സന്ധ്യയെ തേടി വന്നത്. പറഞ്ഞറിയിക്കാനാകാത്തൊരു സന്തോഷത്തിലും സമാധാനത്തിലുമായിരുന്നു അവൾ. ഇനിയങ്ങോട്ട് സ്വതന്ത്രയാണ്. ജീവിതത്തിൽ തനിച്ചും. പക്ഷേ പൊരുതി ജയിച്ചേ മതിയാകൂ എന്ന നിശ്ചയദാർഢ്യം മുൻപത്തെക്കാൾ അധികമായിരുന്നു.
കേസിനും മറ്റുമായി നാട്ടിൽ ചെന്നപ്പോൾ പല തവണ ഏട്ടൻമാരെ കാണേണ്ടി വന്നു.
നീ എവിടെയായാലും എങ്ങനെയായാലും ഞങ്ങൾക്കൊരു പ്രശ്നവുമില്ല എന്ന നിലപാടായിരുന്നു മൂന്ന് പേർക്കും.
അച്ഛന്റെയും അമ്മയുടെയും അസ്ഥിത്തറയിൽ വിളക്കു കൊളുത്തി സന്ധ്യ മനസ്സുരുകി പ്രാർത്ഥിച്ചു.
സന്ധ്യ കയറിച്ചെല്ലുമ്പോൾ വീട്ടിൽ സതീശൻ തനിച്ചായിരുന്നു.
“ഏട്ടത്തിയും പിള്ളേരും സുഖമായിരിക്കുന്നോ..?
സന്ധ്യ പൊള്ളയായ വാക്കുകൾ കൊണ്ട് വെറുതെ കുശലം ചോദിച്ചു.
അവളുടെ വാക്കുകളിലെ പുച്ഛം മനസ്സിലാക്കിയിട്ടോ എന്തോ, ഹാ.. സുഖം എന്നൊരൊറ്റ വാക്കിൽ അയാൾ മറുപടിയൊതുക്കി.
“ഏട്ടത്തിയിപ്പോ വേറെ ആരുടെയോ കൂടെയാണെന്ന് പറയുന്ന കേട്ടു. പിള്ളേരെ രണ്ടിനേം അവനോട് ചോദിക്കുകപോലും ചെയ്യാതെ എവിടെയോ ഹോസ്റ്റലിൽ ആക്കിയേക്കുവാ. അവനത് വേണം. മക്കൾക്ക് വേണ്ടി ഒണ്ടാക്കാൻ എന്നും പറഞ്ഞല്ലേ ആ വീടും സ്ഥലവും ഒറ്റക്ക് വിഴുങ്ങാൻ നോക്കിയേ. ഇപ്പോ മക്കളും ഇല്ല ഭാര്യയുമില്ല.
രമേശന്റെ വാക്കുകളിലെ അമർഷം സന്ധ്യയെ ചിരിപ്പിച്ചു.
രണ്ടു വർഷങ്ങളുടെ വലിയൊരു ഇടവേള തങ്ങൾക്കിടയിലുണ്ടായിട്ടും, നിനക്ക് സുഖമാണോ എന്നൊരു വാക്ക് കൊണ്ടുപോലും സ്നേഹം പ്രകടിപ്പിക്കാൻ കഴിയാത്ത, ഇപ്പോഴും നഷ്ടപ്പെട്ടുപോയ സ്വത്തിനെക്കുറിച്ചോർത്ത് രോഷം കൊള്ളുന്ന അയാളുടെ വങ്കത്തമോർത്തു സന്ധ്യ ഊറിയൂറി ചിരിച്ചു.
കോടതി വരാന്തയിൽ വെച്ച് മഹേഷിന്റെ പ്രകടനം അതിലും ഗംഭീരമായിരുന്നു.
“സന്ധ്യേ… നീയും മോളുമില്ലാതെ എനിക്ക് പറ്റില്ലെടി. നിനക്കീ കേസ് പിൻവലിച്ചൂടെ മോളെ. ഇനിയൊരിക്കലും നിന്നെയും മോളെയും ഞാൻ സങ്കടപ്പെടുത്തില്ല. കഴിഞ്ഞതെല്ലാം മറക്കണം നീ.
“ഹും… മോളോ…അപ്പൊ നിങ്ങൾക്ക് ഇങ്ങനെയൊക്കെ വിളിക്കാനും അറിയാം അല്ലെ. ഒന്നിച്ചുണ്ടായിരുന്ന സമയത്ത് ഒരിക്കലെങ്കിലും നിങ്ങളെന്നെ ഇങ്ങനെയൊന്ന് വിളിച്ചിട്ടുണ്ടോ. എന്തിന്, അച്ഛനും അമ്മയുമിട്ട നല്ലൊരു പേര് കൂടെയുണ്ടായിട്ടും നിങ്ങൾ എത്രയെത്ര പേരുകളാ എനിക്ക് ചാർത്തി തന്നത്.
കണ്ടവന്റെ അടുക്കളയിൽ കിടന്നു അടിമപ്പണിചെയ്ത്, മനസ്സും ശരീരവും ഒരുപോലെ തളർന്ന് കയറിവരുമ്പോൾ നിങ്ങൾ എന്നെക്കുറിച്ച് പറഞ്ഞുകൊണ്ടിരുന്നത് എന്തായിരുന്നുന്ന് ഓർമ്മയുണ്ടോ, കണ്ടവന്റെ കൂടെ കിടന്നു സുഖിച്ചിട്ട് വല്ലാതെ ക്ഷീണിച്ചു പോയി കാണുമല്ലേ. ഇനി എനിക്കും കൂടി ഒന്ന് കിടന്നു തന്നാലെന്താടി തെവിടിശി.. എന്നല്ലേ.
ഒരു കുഞ്ഞു സ്പർശം കൊണ്ടെങ്കിലും, എന്റെ വേദനകളിൽ നിങ്ങളെനിക്ക് കൂട്ട് നിന്നിട്ടുണ്ടോ. അച്ഛനും അമ്മയും മരിച്ച് തീർത്തും അനാഥയായിപ്പോയനാളുകളിൽ, ഞാനില്ലേ നിനക്ക് എന്നൊരു വാക്കുകൊണ്ട് പോലും നിങ്ങളെന്നെ ചേർത്തു പിടിച്ചിട്ടുണ്ടോ..?
ഒരു ഭാര്യയോടുള്ള കടമകൾ നിറഞ്ഞ മനസ്സോടെ നിങ്ങൾ ചെയ്തു തന്നിട്ടുണ്ടോ..?
അവഗണിക്കപ്പെടുന്ന ഒരു പെണ്ണിന്റെ രോദനം കാത് തുറന്നൊന്നു കേൾക്കാൻ ശ്രമിച്ചിട്ടുണ്ടോ..?
കൂട്ടുകാരെന്നും പറഞ്ഞു കൂടെ നടക്കുന്ന നാറികളോട് വാങ്ങിക്കൂട്ടുന്ന കടങ്ങൾ വീട്ടാൻ എന്റെ ശരീരം കിട്ടാതെ വന്നപ്പോൾ നിങ്ങളെന്നെ വിളിച്ച പുഴുത്ത തെറികൾ ഞാൻ ഞാനങ്ങു മറക്കണമായിരിക്കും അല്ലെ..?
അതിനിനി സന്ധ്യ ഇനിയൊരു ജന്മം കൂടി ജനിക്കണം.
അയാൾക്കൊപ്പം വന്ന ജെയിംസിന്റെ കഴുകൻ കണ്ണുകൾ, ജീവിതം മാറ്റിയെടുത്ത തന്റെ ശരീരത്തിന്റെ അഴകളവുകളിലൂടെ ഓടി നടക്കുന്നത് കണ്ടു കൊണ്ട് സന്ധ്യ മഹേഷിനേ നോക്കി പല്ലിറുമ്മി..
അവളുടെ ഭയമറ്റ വാക്കുകളുടെ ചൂടിൽ പൊള്ളിപ്പിടഞ്ഞ് ക്രൂരതയുടെ ചുവന്ന ചായം വാരിപ്പുരട്ടി ചെറുതായി പോകുന്ന മഹേഷിന്റെ കണ്ണുകളെ അതിലേറെ രൂക്ഷമായ കണ്ണുകൾ കൊണ്ട് നിർജ്ജീവമാക്കി അവൾ.
“സന്ധ്യേ. സ്വപ്നം കണ്ട് കഴിഞ്ഞോ..?
ദീപ്തിയുടെ ചോദ്യം കേട്ട് സന്ധ്യ പെട്ടന്ന് തിരിഞ്ഞു നോക്കി.മാറിൽ കൈകൾ പിണച്ചു കെട്ടി ഒരു പ്രത്യേകഭാവത്തിൽ നിൽക്കുന്നു ദീപ്തി.
സന്ധ്യ ലജ്ജയോടെ മുഖം താഴ്ത്തി.
“നിന്റെ സ്വപ്നം കാണലൊക്കെ നിർത്തിക്കോ ഇനിയങ്ങോട്ട് തനിച്ച് കഴിയേണ്ടതാ ഇവിടെ. എന്തെല്ലാം കാര്യങ്ങൾ ചെയ്തു തീർക്കാനുണ്ടെന്നറിയോ.”
“രാവിലെ കട തുറന്നിട്ടിട്ട് സ്വപ്നോം കണ്ടിരുന്നാൽ നിന്റെ കച്ചോടം പൂട്ടും. പറഞ്ഞേക്കാം ഞാൻ”.
ഒന്ന് പോടീ… സന്ധ്യ അവളുടെ തോളിൽ ചെറുതായി അടിച്ചു.
പിന്നേയ് ഒരു സസ്പെൻസ് പൊളിക്കട്ടെ ഞാൻ..?
എന്താടി.?
“ഇതാടി പെണ്ണെ അന്ന് ഏട്ടൻ നിന്നെക്കുറിച്ചു എന്നോട് പറഞ്ഞത്.
ഏട്ടന്റെ ഒരു ഫ്രണ്ട്ന്റെ വീടാ ഇത്. അവർ വാടകക്ക് കൊടുക്കുന്നു എന്നറിഞ്ഞപ്പോ ഏട്ടൻ പറഞ്ഞു വീടിനോട് ചേർന്ന് ഇതുപോലൊരു കടമുറികൂടി പണിതിട്ട് നമുക്ക് തരാൻ.
സ്കൂൾ അടുത്തായോണ്ട് ബുക്കും, പേനയും, പെൻസിലുമൊക്കെ നന്നായി വിറ്റ് പൊയ്ക്കോളും. കൂട്ടത്തിൽ കുറച്ചു ഫാൻസി ഐറ്റംസും, പൊട്ടും കണ്മഷിയുമൊക്കെ വെച്ചാൽ അതിനും ചിലവുണ്ടാകും. നിനക്ക് മെഷിൻ ഇവിടെ കൊണ്ടിട്ടു തൈക്കുകേം ചെയ്യാം.
നന്ദുമോളുടെ സ്കൂളും ഇവിടെ തന്നെയല്ലേ. അതും നിനക്കൊരാശ്വാസമാകും.
ഒന്നാഞ്ഞു പിടിച്ചാൽ നാളെ സന്ധ്യ മാഡം വലിയൊരു ബിസിനസ്സുകാരിയാകും എന്നാ ഏട്ടന്റെ കണ്ടുപിടുത്തം.
പറഞ്ഞു കേട്ടപ്പോ എനിക്കും തോന്നി നല്ല ഐഡിയ ആണെന്ന് എല്ലാം ഒന്ന് സെറ്റാക്കിയിട്ട് നിന്നോട് പറയാം എന്ന് കരുതി. പിന്നെ അതുമല്ല തനിയെ ഇങ്ങോട്ടു മാറുമ്പോൾ ഫിനാൻഷ്യലി നീ ഓക്കെ ആയിരിക്കണമല്ലോ. അതിനുള്ള ഒരു മുൻകരുതൽ കൂടി ആയിരുന്നു നിന്നെ ഇത്രയും കാലം അവിടെ പിടിച്ചു വെച്ചതിന് പിന്നിൽ .
ദീപു… ഇത്രയുമൊക്കെ എനിക്ക് വേണ്ടി പ്ലാൻ ചെയ്തിട്ട് ഒരു സൂചനപോലും തന്നില്ലല്ലോടി ദുഷ്ടേ.
സന്ധ്യ അവളെ ഇറുക്കെ കെട്ടിപിടിച്ചു.
ഏട്ടന് നല്ല ടെൻഷൻ ഉണ്ടായിരുന്നു വിചാരിക്കുംപോലെ എല്ലാം മുന്നോട്ടു പോകുമോ എന്നോർത്ത്. നിന്നെ പറഞ്ഞാശിപ്പിച്ചിട്ട് പിന്നെയിത് കിട്ടാതെ വന്നൽ നീ വിഷമിക്കുമല്ലോ എന്ന ടെൻഷനായിരുന്നു ഏട്ടന്. അതോണ്ടാ നിന്നോടൊന്നും ഷെയർ ചെയ്യേണ്ടന്ന ഡിസിഷനെടുത്തേ.
“എന്റെ കൃഷ്ണാ…ഞാനന്ന് വേറെ എന്തൊക്കയോ ഓർത്ത് വല്ലാതെ വിഷമിച്ചു പോയി.
“ഹഹഹ..നീയെന്താ ഓർത്തെ..?
“ഹേയ്.. ഒന്നുമില്ല ദീപു..
“പറയെടി… എന്നോടല്ലേ..
“അതൊന്നും നിന്നോട് പറയാൻ പറ്റില്ല. നീയെന്നെയെടുത്ത് കിണറ്റിലിടും പെണ്ണേ….
“അപ്പൊ എന്തോ കാര്യമുണ്ട്. വേഗം പറഞ്ഞോ.
ദീപ്തി കപട ദേഷ്യത്തോടെ സന്ധ്യയുടെ ചെവിയിൽ നുള്ളാനൊരുങ്ങി.
“അതൊക്കെ സമയമാകുമ്പോ പറയാട്ടോ. അതുവരെ ആലോചിച്ചു വട്ടായിക്കോ നീ..
സന്ധ്യ ആശ്വാസത്തിന്റെ നെടുവീർപ്പുകൾക്കിടയിലും പൊട്ടിച്ചിരിച്ചുകൊണ്ട് പറഞ്ഞു.
തുടരും…

by