രചന – നന്ദിത ദാസ്
എന്നത്തേയും പോലെ വെളുപ്പിനേ തന്നെ ഉറക്കം ഉണർന്നു… ഇന്ദു എന്റെ നെഞ്ചിൽ തല വെച്ചു സുഖമായി ഉറങ്ങുകയാണ്… പതുക്കെ അവളെ എന്നിൽ നിന്നും അടർത്തി മാറ്റാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല… പെണ്ണ് ഒന്നുകൂടി എന്നോട് ചേർന്നു കിടന്നു… ഈശ്വരാ… ബി പി റ്റി ഉള്ളതാ… ലേറ്റ് ആയാൽ പണിഷ്മെന്റ് കിട്ടിയത് തന്നെ… അലസമായി കിടക്കുന്ന അവളുടെ മുടിയിഴകളെ തഴുകി മാറ്റി എന്റെ ചുണ്ട് അവളുടെ കാതോരം കൊണ്ടു പോയി മന്ത്രിച്ചു… “പെണ്ണേ… എന്തൊരു ഉറക്കമാ ഇതു… എനിക്കു ഓടാൻ പോകേണ്ടതല്ലേ… ഒന്ന് എഴുന്നേൽക്കെടി… ” ഓഹ് എവിടെ… ഒരു രക്ഷയും ഇല്ല പെണ്ണ് വീണ്ടും ഒന്നുകൂടി ചുരുണ്ടു കൂടി… ഇനി സമയം ഒട്ടും കളയാനില്ല… ഒടുവിൽ എങ്ങനെയൊക്കെയോ ഞാൻ കിടക്കയിൽ നിന്നും ചാടി എഴുന്നേറ്റു… ഫ്രഷ് ആയി വന്നപ്പോളേക്കും ഇന്ദു കണ്ണും തിരുമ്മി ബെഡിൽ ഇരിക്കുന്നു… “ഏട്ടനു പോകാറായോ… എനിക്കു അങ്ങ് ഉറക്കം വരുവാ ഏട്ടാ… ”
“മ്മ് സമയം പോയി മോളെ… കറക്റ്റ് ടൈമിങ്ങിനു ചെന്നില്ലെങ്കിൽ കടുവ ഗർജിക്കും… ” “കടുവയോ? ഓഹ്ഹ് ഗുർ പ്രീത് സിംഗ് സർ ആണോ… ഏട്ടൻ പറയാറുള്ള ആ പഞ്ചാബി… നിങ്ങളുടെ ക്യാപ്റ്റൻ… ” “മ്മ്… ഉവ്വേ… അപ്പോൾ നിനക്കു ഓർമ ഉണ്ടല്ലേ… പോയിട്ട് വരാം… ഡോർ ലോക്ക് ചെയ്തിട്ടു മോളു കിടന്നു ഉറങ്ങിക്കോ ഞാൻ തിരിച്ചു വരുമ്പോൾ വാതിൽ തുറന്നാൽ മതി… ” ഏട്ടനൊപ്പം ഞാനും വാതിലിനടുത്തു വരെ ചെന്നു… ഏട്ടൻ പോയ ഉടനെ ഡോർ ലോക്ക് ചെയ്തു വീണ്ടും വന്നു കിടന്നു… പക്ഷെ അപ്പോളേക്കും ഉറക്കമൊക്കെ പോയിരുന്നു… അപ്പോളാണ് അമ്മ പറഞ്ഞ വാക്കുകൾ ഓർമയിലേക്ക് ഓടിയെത്തിയത്… “വിഷ്ണുന്റെ കൂടെ പോകുന്നതൊക്കെ കൊള്ളാം പക്ഷേ അവനു സമയത്തും കാലത്തും വല്ലതും വെച്ചുണ്ടാക്കി കൊടുക്കണം… ” ഹയ്യോ… എന്നും വിളിച്ചു ഞാൻ ബെഡിൽ നിന്നും ചാടി എഴുന്നേറ്റു… പാചകത്തിന്റെ എ ബി സി ഡി അറിയില്ല… വീട്ടിലോ ഒന്നും ചെയ്യില്ലായിരുന്നു… വിച്ചുണ്ണു ന്റെ അമ്മയ്ക്ക് എന്തെങ്കിലും അരിഞ്ഞു പെറുക്കി കൊടുത്താൽ മാത്രം മതിയാരുന്നു…
ബാക്കിയെല്ലാം അമ്മ അങ്ങ് ചെയ്‌തോളും… ഇതിപ്പോൾ എല്ലാം ഒന്നേ ന്നു തുടങ്ങേണ്ടിയിരിക്കുന്നു… ആഹ് എന്തായാലും എന്റെ വിച്ചുണ്ണുനെ ഞാൻ പട്ടിണിക്കിടാൻ ഒന്നും പോകുന്നില്ല… ഫ്രഷ് ആയി നേരെ കിച്ചണിലോട്ടു ചെന്നു… ഏട്ടന് ബ്ലാക്ക് റ്റീ ആണ് ഇഷ്ടം… അതുണ്ടാക്കി… ഫ്ലാസ്കിൽ ഒഴിച്ച് വെച്ചു.. ഏട്ടൻ വരുമ്പോൾ ചൂടാറാതെ കുടിക്കാമല്ലോ… ബ്രേക്ക്‌ഫാസ്റ്റ് ഇനി എന്താ ഉണ്ടാക്കുക?? ഏട്ടന് ചപ്പാത്തി അല്ലേ കൂടുതൽ ഇഷ്ടം… പക്ഷേ അതിനു ഇനി എന്ത് കറി ഉണ്ടാക്കും… അമ്മ എഴുന്നേറ്റിട്ടുണ്ടാവില്ല… അല്ലെങ്കിൽ വിളിച്ചു ചോദിക്കാരുന്നു… ഇനി ഇപ്പോൾ ഗൂഗിൾ മുത്തശ്ശി തന്നെ ശരണം… ഉടൻ തന്നെ ഫോൺ എടുത്തു നെറ്റിൽ സെർച്ച് ചെയ്തു… അടിപൊളി… ബ്രേക്ക്‌ഫാസ്റ്റിന്റെ ചാകര… എല്ലാം ഉണ്ടാക്കുന്ന രീതി കൃത്യമായി വിവരിച്ചിട്ടുണ്ട്… പെട്ടെന്നാണ് അതിൽ ഉപ്പുമാവിന്റെ റെസിപ്പി എന്റെ കണ്ണിൽ ഉടക്കിയത്… ആഹ് തത്കാലം ഇന്ന് ഉപ്പുമാവ് ഉണ്ടാക്കാം… അങ്ങനെ ഞാൻ എന്റെ ഭഗീരഥപ്രയത്നം ആരംഭിച്ചു…
പ്രാർത്ഥനയോടെ ആണ് തുടങ്ങിയത്… കുളമായാൽ തീർന്നു… ആ പട്ടാളം എന്നെ ഭിത്തിയിൽ തേച്ചൊട്ടിച്ചു കളയും… കളിയാക്കാൻ കിട്ടുന്ന ഒരു അവസരവും ഞങ്ങൾ പരസ്പരം പാഴാക്കാറില്ലല്ലോ.. ഹും… ഉണ്ടാക്കി കഴിഞ്ഞപ്പോൾ ഇത് ഇത്ര സിമ്പിൾ ആണോന്ന് വരെ തോന്നിപ്പോയി… ഏട്ടൻ വരുന്നതിനു മുൻപ് തന്നെ എല്ലാം ഡൈനിങ്ങ് ടേബിളിൽ എടുത്തു വെച്ചു… കഴിച്ചു നോക്കിയിട്ട് കുഴപ്പം ഒന്നും തോന്നിയില്ല… ഏട്ടൻ കുറ്റം പറയാൻ ഇട വരില്ലെന്ന് മനസ്സിനെ പറഞ്ഞു മനസ്സിലാക്കി… ഏഴ് മണി കഴിഞ്ഞാണ് ഏട്ടൻ തിരികെ വന്നത്… വിയർത്തു കുളിച്ചുള്ള ആ വരവ് ഒന്ന് കാണേണ്ടത് തന്നെയാ… പാവം… “ഏട്ടൻ പോയി കുളിച്ചിട്ട് വാ ഞാൻ ബ്രേക്ക്ഫാസ്റ്റ് എടുത്തു വെക്കാം… ” “അപ്പോൾ നീ ഉറങ്ങിയില്ലായിരുന്നോ…? ” “ഇല്ല… ഏട്ടൻ പോയതോടെ എന്റെ ഉറക്കവും പോയി… ” “അച്ചോടാ… സാരമില്ല കേട്ടോ… ഇനി ഇതൊരു ശീലമായിക്കോളും… ” “മ്മ്… ” ഏട്ടൻ ഫ്രഷ് ആയി വന്ന ഉടനെ ബ്രേക്ക് ഫാസ്റ്റ് എടുത്തു മുന്നിലേക്ക് നീക്കി വെച്ചു… ആളൊരു കള്ളനോട്ടം നോക്കുന്നുണ്ട്… “കഴിക്കു… ” “നീ കൂടി ഇരിക്കു പെണ്ണേ… ” “ഞാൻ പിന്നെ കഴിച്ചോളാം… വിശപ്പാകാൻ ഇനിയും ടൈം ഉണ്ട്… ”
“അത് പറഞ്ഞാൽ പറ്റില്ല… ഞാൻ കൂടെ ഉള്ളപ്പോൾ ഒരുമിച്ചു വേണം ഉണ്ണാനും ഉറങ്ങാനും… അത് എനിക്കു നിർബന്ധം ആണ്… ” “ഓഹ്… എന്നാൽ കഴിച്ചോളാം… പോരേ… ” പിന്നീട് പരസ്പരം ഊട്ടാൻ മത്സരം ആയിരുന്നു… “അതേ… കഴിച്ചിട്ട് അഭിപ്രായം ഒന്നും പറഞ്ഞില്ലാലോ… ബോറായോ എന്റെ കുക്കിംഗ്… ” “ഉണക്ക ചപ്പാത്തിയും പരിപ്പ് കറിയും ഡെയിലി കഴിക്കുന്ന ഞങ്ങളെ പോലെ ഉള്ളവർക്ക് ഇതൊക്കെ അമൃത് ആണ് പൊന്നേ… അല്ലെങ്കിലും എന്റെ പെണ്ണിന്റെ കൈ കൊണ്ടാകുമ്പോൾ ഒന്നുകൂടി രുചി കൂടും… നന്നായിട്ടുണ്ട്… കേട്ടോ ഭാര്യേ… ” “ഹോ… സമാധാനമായി… ഇപ്പോൾ ശരിക്കും സന്തോഷമായി… അപ്പോൾ ഉച്ചയ്ക്ക് എന്താ വേണ്ടത്… എനി സ്പെഷ്യൽ?? ” “സ്പെഷ്യൽ വേണം…. പക്ഷേ അതേ ഉച്ചയ്ക്ക് വേണ്ട.. രാത്രി മതി… ” “ഒക്കെ… എന്താ വേണ്ടെന്നു പറ ഉണ്ടാക്കിയിട്ട് തന്നെ കാര്യം… ” “ഹിഹിഹി അത് ഞാൻ രാത്രി ഉറങ്ങാൻ നേരം പറയാം… മോളു വെറുതെ ആലോചിച്ചു തല ചൂടാക്കണ്ട കേട്ടോ… ” അവളുടെ തലയ്ക്കിട്ടു ഒരു കിഴുക്ക് കൊടുത്തിട്ട് ഞാൻ കൈയും മുഖവും കഴുകി വന്നു… “വൃത്തികെട്ടവൻ… എപ്പോളും ദ്വയാർത്ഥം മാത്രമേ ചിന്തിക്കു… ” ഞാൻ ചിരിച്ചുകൊണ്ട് അവളുടെ നീളമുള്ള മൂക്കിൽ പിടിച്ചു വലിച്ചു കൊണ്ടു ചോദിച്ചു…
“നീ ട്യൂബ് ലൈറ്റ് ആയത് എന്റെ കുഴപ്പം ആണോ പെണ്ണേ… ” ഹയ്യോ… പറഞ്ഞു തീരും മുൻപേ വയറ്റിനിട്ടൊരു ഇടി കിട്ടി… “നിന്നു കൊഞ്ചാതെ പെട്ടെന്ന് പോകാൻ നോക്കൂ മനുഷ്യാ… സമയം എട്ട് ആകുന്നു… ” അതും പറഞ്ഞു അവൾ എന്റെ യൂണിഫോം ചുളിവൊക്കെ തട്ടി ക്യാപ് എടുത്തു എന്റെ കൈയിലേക്ക് തന്നു… “ചോദിക്കാൻ മറന്നു… ഏട്ടന് തോക്കില്ലേ…?? ” “എന്തിനാ എന്നെ വെടിവെക്കാൻ വല്ല ഉദ്ദേശവും ഉണ്ടോ സഹധർമ്മിണിക്കു… ” “ഒന്ന് പോ ഏട്ടാ… കാര്യമായിട്ട് ചോദിച്ചതാ… തോക്ക് എവിടെ? ” “അത് യൂണിറ്റിൽ ആണ്… അങ്ങനെ കോർട്ടറിൽ ഒന്നും കൊണ്ടുവരാൻ അനുമതി ഇല്ല… ക്യാമ്പിൽ ചെല്ലുമ്പോൾ എടുക്കും… തിരികെ വരുമ്പോൾ എടുത്തിടത്ത് തന്നെ തിരിച്ചും വെക്കും… ” “ആണോ… എനിക്കു അറിയില്ലായിരുന്നു… ഉച്ചക്ക് നേരത്തെ വരണം കേട്ടോ… ഞാൻ ഇവിടെ ഒറ്റക്കാണ് അതോർമ്മ വേണം കേട്ടോ… ” “ഓർത്തോളാമേ… എന്നാൽ ഏട്ടൻ പോയിട്ട് പെട്ടെന്ന് ഇങ്ങു വരാം കേട്ടോ… ഹാപ്പി ആയിട്ട് ഇരിക്കണം… ബോറോന്നും അടിക്കാൻ പാടില്ല കേട്ടോ… അടുത്ത കോർട്ടറിൽ ഉള്ളവരെയൊക്കെ വൈകിട്ടു ഞാൻ വന്നിട്ട് പോയി പരിചയപ്പെടാം… ” “ഒക്കെ… സമ്മതിച്ചു… ഏട്ടൻ പോയിട്ട് വാ… ” “മ്മ്… ഇന്നത്തെ ക്വോട്ട കിട്ടിയിരുന്നെങ്കിൽ എനിക്കു അങ്ങട് പോകാമായിരുന്നു… ” അതും പറഞ്ഞു ഞാൻ അവളെ എന്റെ നെഞ്ചോടു ചേർത്ത് നിർത്തി…
കാലിലെ പെരുവിരൽ നിലത്തൂന്നി അവൾ എന്റെ നെറ്റിയിൽ ചുംബിച്ചു… തിരിച്ചു ഞാനും കൊടുത്തു ഒരുമ്മ… “മ്മ്… മതി മതി… ഇനി ചെക്കൻ പെട്ടെന്ന് പോകാൻ നോക്കൂ… ” “ആഹ് ഞാൻ ദാ ഇറങ്ങി… ” കൈവീശി അകന്നു പോകുന്ന ഏട്ടനെ കണ്ണിൽ നിന്നും മറയുന്നതുവരെ ഞാൻ നോക്കി നിന്നു… ഏട്ടൻ പോയിക്കഴിഞ്ഞപ്പോൾ വല്ലാത്തൊരു മൂകത എന്നിൽ നിറഞ്ഞു… ഈശ്വരാ വായാടിയായ ഞാൻ എത്ര ദിവസം ഇതിനുള്ളിൽ ഇങ്ങനെ ഊമയെ പോലെ കഴിയേണ്ടിവരും??? ഒറ്റയ്ക്ക് സംസാരിക്കുന്ന ശീലം കൃഷ്ണൻകുട്ടിയെ റൂമിൽ കൊണ്ടു വെച്ച നാൾ മുതൽ തുടങ്ങിയതാണ്… പുള്ളികാരനോട് സംസാരിച്ചു നിൽകുമ്പോൾ ഒറ്റയ്ക്ക് ആയിന്നു തോന്നാറേ ഇല്ല… തിരികെ മറുപടി ഒന്നും കിട്ടിയില്ലെങ്കിലും പുഞ്ചിരിതൂകുന്ന ആ മുഖം മനസ്സിൽ സന്തോഷം നിറയ്ക്കും… കഴിച്ചിട്ട് വെച്ച പാത്രങ്ങളൊക്കെ കഴുകി വെച്ചു… ഉച്ചയ്ക്ക് കഴിക്കാൻ വരുമ്പോളേക്കും ഭക്ഷണം തയ്യാറാക്കണം… എവിടുന്നു തുടങ്ങണമെന്ന് ഒരു ഐഡിയയും ഇല്ല… കഴുകാനുള്ള ഡ്രസ്സ് എല്ലാം ഡിറ്റർജന്റിൽ കുതിർത്തു വെച്ചു…
എന്തായാലും അമ്മയെ വിളിക്കാം… അതാകുമ്പോൾ മനസ്സിനും ഒരു സന്തോഷം കിട്ടും… അച്ഛനാണ് ഫോൺ എടുത്തത്… വിശേഷങ്ങൾ എല്ലാം ചോദിച്ചിട്ടും പറഞ്ഞിട്ടുമേ അമ്മയുടെ കൈയിൽ ഫോൺ കൊടുത്തുള്ളൂ… പാചകത്തെപ്പറ്റി ചോദിച്ചപ്പോൾ അമ്മ ദാ കുടു കുടു ചിരിക്കുന്നു… “കഷ്ടം ഉണ്ട് അമ്മേ… ” ഞാൻ കെഞ്ചി… പിന്നെ ഒന്നേന്നു മുതൽ അമ്മ പറഞ്ഞു തന്നു… ഫോൺ റെക്കോർഡ് മോഡിൽ ഇട്ടത് വളരെ നന്നായി… എപ്പോളും വിളിച്ചു ചോദിക്കണ്ടല്ലോ… ഇന്നത്തേക്ക് ഉള്ളതായപ്പോൾ ഞാൻ പിന്നെ വിളിക്കാമെന്ന് പറഞ്ഞു ഫോൺ കട്ട് ചെയ്തു… ഹും അപ്പോൾ ആദ്യം അരി കഴുകി അടുപ്പത്തു വെക്കണം… രണ്ടുപേർക്കുള്ള അരിയുടെ കണക്കു അമ്മ പറഞ്ഞു തന്നിരുന്നു… ഹോ അങ്ങനെ അരി അടുപ്പത്തായി… ഇനി പച്ചക്കറി അരിയണം… അമ്മ പറഞ്ഞത് തോരനും സാമ്പാറും ഉണ്ടാക്കാനാണ്… അരിയാനുള്ള പച്ചക്കറിയും എടുത്തു കൊണ്ടു ഞാൻ നേരെ ബാൽക്കണിയിലേക്കു പോയി…
ഓപ്പോസിറ്റ് കോർട്ടറിന്റെ താഴെ കുറേ കുട്ടികൾ കളിക്കുന്നു… കടലാസ് റോസ് കണ്ടപ്പോൾ ആണ്… ഇന്നലെ പോയിട്ട് പനിനീർച്ചെടി വാങ്ങിയില്ലലോ എന്നോർത്തത്… ആഹ് ഇനി പോകുമ്പോൾ മറക്കാതെ വാങ്ങിക്കണം… കണ്ണെത്തും ദൂരത്തു വിച്ചുണ്ണു ഉണ്ടല്ലോ എന്നതാണ് ആകെ ഒരു ആശ്വാസം… ഞാൻ നോക്കിയപ്പോൾ ഓപ്പോസിറ്റ് കോർട്ടറിൽ ഒരു പെൺകുട്ടി എന്നെ തന്നെ നോക്കി നിൽക്കുന്നു… ഞാൻ ഒന്ന് ചിരിച്ചു… അവളും നല്ലൊരു ചിരി തിരികെ തന്നു… കണ്ടിട്ട് മലയാളിയെ പോലെ ഉണ്ട്… എന്താ ചോദിക്കുക എന്ന് ആലോചിച്ചു നിന്നപ്പോളാണ് കിളിനാദം പോലെ അവളുടെ ശബ്ദം കേട്ടത്… “പുതിയ ആളാണല്ലേ…??? ” ഈശ്വരാ മലയാളി… എനിക്കു സന്തോഷം അടക്കാൻ കഴിഞ്ഞില്ല…. വർഗ്ഗസ്നേഹം എന്നിൽ ഉടലെടുത്തു… മലയാളി ഡാ 💪😘….. “പുതിയതാ… ഇന്നലെ വന്നേ ഉള്ളു… ” “എന്താ കുട്ടീടെ പേര്??? നാട്ടിൽ എവിടാ…??? ” “ഇന്ദു…. നാട് ആലപ്പുഴ… തന്റെയോ?? ” “ഞാൻ രാജശ്രീ… പുനലൂർ തൂക്കു പാലം കേട്ടിട്ടുണ്ടോ… അതെന്റെ നാട്ടിൽ ആണ്… വിവാഹം കഴിച്ചു വിട്ടത് മലയാലപ്പുഴ അമ്പലത്തിനു അടുത്തായിട്ട് വരും… ” “ആഹാ… ഇവിടേക്ക് വരുന്നോ… എനിക്കു ഒറ്റയ്ക്ക് ബോറായിട്ട് വയ്യ… ” “ദാ ഞാൻ എത്തിപ്പോയി… താഴോട്ട് ഇറങ്ങി നിന്നോളൂ കേട്ടോ… എനിക്കു റൂം തെറ്റണ്ട… ”
“ഒക്കെ… ” അവളു വരുന്നതും കാത്തു ഞാൻ പുറത്തേക്കിറങ്ങി നിന്നു… ചിരിച്ചുകൊണ്ട് അവൾ എന്റെ മുന്നിലേക്ക് നടന്നടുത്തു… നല്ല മുഖലക്ഷണം ഉള്ള കുട്ടി… വട്ട മുഖവും ഉണ്ടക്കണ്ണുകളും… ചെറിയ മൂക്കാണ്… “വരൂ… ” ഞാൻ അവളുടെ കൈയിൽ പിടിച്ചു അകത്തേക്ക് ക്ഷണിച്ചു… “ഇരിക്കു കേട്ടോ ഞാൻ കുടിക്കാൻ എടുക്കാം… ” “അയ്യോ മോളെ നീ എന്നെ വിരുന്നുകാരി ആക്കല്ലേ… എനിക്കൊന്നും വേണ്ട… ” ഞാൻ ചിരിച്ചു കൊണ്ടു അവൾക്കു അരികിലേക്കിരുന്നു… ടേബിളിന്റെ പുറത്തിരുന്ന ഞങ്ങളുടെ വിവാഹ ഫോട്ടോ അവൾ കൈയിൽ എടുത്തു നോക്കി… “ഇതാണല്ലേ അപ്പോൾ ഇന്ദുന്റെ ആള്… നിങ്ങൾ ന്യൂലി കപ്പിൾസ് ആണോ?? ” “ആഹ് ജസ്റ്റ് ഫോർ മന്തസ്… നിങ്ങളുടെ കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി… കുട്ടികൾ??” “വൺ ഇയർ കഴിഞ്ഞു… കുട്ടികൾ ആയിട്ടില്ല… ട്രൈ ചെയ്യുന്നു… ഹിഹിഹി.. ” ഇവള് കൊള്ളാലോ… പെട്ടെന്ന് ഫ്രണ്ട്‌ലി ആകുന്ന ടൈപ്പ്… “അല്ല ഇന്ദു എന്താ ആലോചിക്കുന്നത്?? ” “തന്നെക്കുറിച്ചു തന്നെ… ചക്കിക്കൊത്ത ചങ്കരി തന്നെ ആണല്ലോ എന്നോർത്തതാ… ” “ഹിഹിഹി… അടിപൊളി… ഞാൻ നോൺ സ്റ്റോപ് ആണ്… ഏട്ടൻ എന്നെ ചീവീട് എന്നാണ് വിളിക്കുന്നത്… പക്ഷേ ആള് പാവം ആണ് കേട്ടോ… ” അത് പറഞ്ഞപ്പോൾ അവളുടെ കണ്ണുകളിൽ ഒരു പ്രണയത്തിളക്കം ഞാൻ കണ്ടു…
“ലവ് മാര്യേജ് ആയിരുന്നോ?? ” “ഹേയ്… അല്ല… പക്കാ അറേഞ്ച്… ഏട്ടൻ വന്നു കണ്ടു… എൻഗേജ്മെന്റ് നടത്തി… പിന്നെ ആറു മാസം കഴിഞ്ഞു കല്യാണം… തന്റെ ലവ് മാര്യേജ് ആണല്ലേ…?? ” “അതെന്താ അങ്ങനെ ചോദിച്ചത്..?? ” “അല്ല ഈ ഫോട്ടോയിൽ രണ്ടാളും നല്ല ഹാപ്പി ആണ്… ഒരു ടെൻഷനും കാണുന്നില്ല… ” “അറേഞ്ച് മാര്യേജ് തന്നെയാരുന്നു… എന്നാലും അതിനിടയിൽ ഒരു ലവ് ഇല്ലാതെയും ഇല്ലായിരുന്നു… ” ഞങ്ങളുടെ സംസാരം അങ്ങനെ നീണ്ടു പോയി… രാജശ്രീയെ എനിക്കു ഒരുപാട് ഇഷ്ടം ആയി… ആള് ഓപ്പൺ മൈൻഡ് ആണ്… സംസാരപ്രിയ… ചുരുങ്ങിയ സമയം കൊണ്ടു അവളെനിക്കു ശ്രീ ആയി… സംസാരിച്ചു കൊണ്ടു തന്നെ ഞങ്ങൾ പാചകവും തുടർന്നു… കുക്കിംഗ് അവൾക്കു നല്ല വശം ആയതുകൊണ്ട് നല്ല കുറേ ടിപ്സ് കിട്ടി… അവളെ പരിചയപ്പെടാൻ കഴിഞ്ഞതിൽ എനിക്കു ഒരുപാട് സന്തോഷം തോന്നി… സ്വഭാവത്തിൽ ഏകദേശം എന്റെ ഒരു കാർബൺ കോപ്പി എന്നൊക്കെ പറയാം… ഞങ്ങളുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ ഏറെക്കുറെ ഒരേപോലെ ആയിരുന്നു… ഹർഷൻ എന്നാണ് അവളുടെ ഹസ്ബന്റിന്റെ പേര്… ഫോണിൽ ഫോട്ടോ കാണിച്ചു തന്നു..
അവൾക്കു ചേരുന്ന ഒരു ക്യൂട്ട് ചെക്കൻ തന്നെ… പുതിയ ഫ്രണ്ടിനെ കിട്ടിയ സന്തോഷത്തിൽ ആയിരുന്നു ഞങ്ങൾ രണ്ടുപേരും… കുക്കിങ് എല്ലാം റെഡി ആയി കഴിഞ്ഞു മറ്റു മലയാളി ഫാമിലിയെ പരിചയപ്പെടുത്തി തരാമെന്നു പറഞ്ഞു അവൾ എന്നെയും കൂട്ടി ഇറങ്ങി… എല്ലാവർക്കും എന്നെ പരിചയപ്പെടുത്തി… കുറേ അധികം മലയാളികൾ ആ കോർട്ടറിൽ ഉണ്ടായിരുന്നു… ഈ സ്ഥലത്തെക്കുറിച്ചു അവൾക്കു അറിയാവുന്ന കാര്യങ്ങളൊക്കെ എനിക്കു പറഞ്ഞു തന്നു… ഇവിടെ ഒരുപാട് ക്ഷേത്രം ഉണ്ടത്രേ… ഓരോന്നിനും ഓരോ കഥകളും ഉണ്ട്… ‘സീതാ കേവ് ‘ആണ് മോസ്റ്റ് ഇമ്പോർട്ടന്റായി പറഞ്ഞു തന്നത്… ഏട്ടന് ഓഫ് കിട്ടുമ്പോൾ കൊണ്ടുപോകാൻ പറയണമെന്നും പറഞ്ഞു… “ഞാൻ എന്നാൽ പോട്ടെ മോളെ… അവിടെ ഒന്നും ആയില്ല… ഏട്ടൻ വരുമ്പോളേക്കും എല്ലാം റെഡി ആക്കണം… ” “ഞാൻ കാരണം ശ്രീയുടെ സമയം കുറേ പോയി അല്ലേ…?? ” “അതുകൊണ്ട് എന്താ എനിക്കു ഇന്ദുവിനെ പോലെ ഒരു സുന്ദരിക്കുട്ടിയെ ഫ്രണ്ടായി കിട്ടിയില്ലേ… എന്റെ പണിയൊക്കെ സ്പീഡിൽ അങ്ങ് തീരും… അതോർത്തു നീ വിഷമിക്കണ്ട കേട്ടോ… ” അവളു ചിരിക്കാൻ തുടങ്ങി…
“ഞാൻ വൈകിട്ടു വിഷ്ണുവേട്ടനെയും കൂട്ടി വരാട്ടോ… എങ്ങും പോകില്ലലോ അല്ലേ.. ” “എങ്ങും പോകില്ല… താൻ വന്നോടോ… ” “മ്മ്… വരാം.. ” എന്റെ കണ്ണാ… ഒത്തിരി നന്ദി… എന്റെ പ്രാർത്ഥന എല്ലാം നീ കേൾക്കുന്നുണ്ടല്ലോ… ഉച്ചക്ക് ഏട്ടൻ വന്നപ്പോൾ ഞാൻ ശ്രീയെക്കുറിച്ച് വാ തോരാതെ സംസാരിച്ചു… എനിക്കൊരു കൂട്ടുകാരിയെ കിട്ടിയെന്നു അറിഞ്ഞപ്പോൾ ഏട്ടനും സന്തോഷമായി… എന്നേക്കാൾ വലിയ വായാടി പാറു ആണെന്ന് അവളെന്നു പറഞ്ഞപ്പോൾ ഏട്ടൻ തലയും കുത്തി ചിരി തുടങ്ങി… നാളെ ഓഫ് എടുത്തു സീതാ കേവിലും ക്ഷേത്രങ്ങളിലുമൊക്കെ കൊണ്ടുപോകാമെന്നും പ്രോമിസ് ചെയ്തു… ഇന്ന് ശരിക്കും സന്തോഷം നിറഞ്ഞ ദിവസം ആയിരുന്നു… നല്ല ഒരു ഫ്രണ്ടിനെ കിട്ടി… ഏട്ടന് രുചിയുള്ള ഭക്ഷണം ഉണ്ടാക്കികൊടുക്കാൻ കഴിഞ്ഞു… ഉള്ളിലുള്ള ഏകാന്തതയെ പടിയിറക്കി വിട്ടുകൊണ്ട് വീണ്ടും പഴയ ഇന്ദുവിലേക്കൊരു തിരിച്ചു പോക്ക് ഉണ്ടായിരിക്കുന്നു… വൈകിട്ടു ഏട്ടൻ വന്ന ഉടൻ റ്റീ ഉണ്ടാക്കി കൊടുത്തു… ഫ്രഷ് ആയി വന്നിട്ട് ഞങ്ങൾ രണ്ടാളും കൂടി ശ്രീയെയും ഹസ്ബൻഡിനെയും കാണാൻ റൂമും പൂട്ടി കോർട്ടറിനു പുറത്തിറങ്ങി… കാളിംഗ് ബെല്ലിൽ വിരൽ അമർത്തി… (തുടരും )

by