22/04/2026

എന്റെ പെണ്ണ് : ഭാഗം 18

രചന – നന്ദിത ദാസ്

എല്ലാ മുഖങ്ങളിലും സന്തോഷം ആയിരുന്നു…ദിവസങ്ങൾ അടുക്കുംതോറും ഒരു വല്ലാത്ത ഭയം എന്നിൽ നിറഞ്ഞു നിന്നു… “ഇതെന്താ ഇന്ദു നീ ഇങ്ങനെ? നിന്റെ മുഖം കാണുമ്പോൾ തന്നെ എനിക്ക് സങ്കടം വരുവാ… എന്ത്‌ കോലമാ പെണ്ണേ നിന്റെ… ” “ഞാൻ ഒരുപാട് ക്ഷീണിച്ചോ ഉണ്ണിയേട്ടാ…? ” “കൊള്ളാം നല്ല ചോദ്യം… നാളെ കഴിഞ്ഞാൽ നിന്റെ കല്യാണം ആണ്… മനസ്സിനുള്ളിലെ പിടിവലി അതേപോലെ തന്നെ മുഖത്ത് തെളിഞ്ഞു കാണാം… എന്തിനാ ഇത്രയും ടെൻഷൻ… വിഷ്ണുവിന്റെ കൈയിൽ അല്ലേ നിന്നെ ഞങ്ങൾ ഏൽപ്പിക്കുന്നത് ആ സമാധാനത്തിലാ ഇവിടെ എല്ലാരും… അപ്പോൾ നീയും സന്തോഷത്തോടെ ഇരിക്കണ്ടേ മോളെ… ” “സന്തോഷം ഉണ്ട് ഉണ്ണിയേട്ടാ… പക്ഷേ ഇതുവരെ ജനിച്ചു വളർന്ന വീട് ഉപേക്ഷിച്ചു മറ്റൊരു വീട്ടിലോട്ടുള്ള പറിച്ചു നടീൽ ആണ് ഓരോ പെൺകുട്ടിയുടെയും ജീവിതം… എല്ലാം മറന്നു ഒന്നു പൊരുത്തപ്പെടാൻ ഓരോരുത്തരും ശ്രമിക്കും…

ഞാനും ശ്രമിക്കുന്നുണ്ട്… പക്ഷേ…. ” “എന്ത് പക്ഷേ… ഒരു പക്ഷെയും ഇല്ല എന്റെ മോൾക്ക്‌ എല്ലാം കഴിയും… നിങ്ങൾ സന്തോഷത്തോടെ ജീവിക്കണം… ” “ഞാൻ കൂടി ഇവിടുന്നു പോയാൽ അച്ചായിയും അമ്മയും ഒറ്റക്കാവില്ലേ… ഉണ്ണിയേട്ടനെ മിസ് ചെയ്യില്ലേ… ഓർത്തിട്ട് തന്നെ സങ്കടം ആകുവാ… ” “പുതിയ ജീവിതം തുടങ്ങുമ്പോൾ ഇതെല്ലാം ശരിയാകും ഇന്ദു… ഒരുപാട് ദൂരം ഒന്നും അല്ലല്ലോ… കാണണമെന്ന് തോന്നുമ്പോൾ ഞങ്ങൾ എല്ലാം അങ്ങ് ഓടിയെത്തും പോരേ… ” “മ്മ് ” “എന്നാൽ എന്റെ ചുന്ദരിപ്പെണ്ണ് കണ്ണൊക്കെ തുടച്ചു ഒന്ന് നന്നായി ചിരിച്ചേ… ” “മ്മ്… ഈൗ… 😁😁മതിയോ.. ” “ഹാവു സമാധാനം ആയി… എങ്കിൽ എന്റെ മോളു പോയി റസ്റ്റ്‌ എടുത്തോ… ഒരുപാട് ടെൻഷൻ അടിച്ചു ഉള്ള ഗ്ലാമർ ഒന്നും കളയണ്ട… കല്യാണദിവസം തിളങ്ങി നിൽക്കണം ഏട്ടന്റെ കുട്ടി… ആ ബ്യൂട്ടീഷൻ വൈകിട്ടു വരും ചുമ്മാ ഉടക്കാൻ നിൽക്കരുത് കേട്ടല്ലോ… ” “അയ്യോ എനിക്ക് ബ്രൂട്ടിഷൻ വേണ്ട… ഞാൻ പറഞ്ഞതല്ലേ… വെറുതെ ഉള്ള ചായം ഒന്നും എന്റെ മുഖത്ത് തേക്കാൻ ഞാൻ സമ്മതിക്കില്ല… ഉള്ള ഗ്ലാമറൊക്കെ മതി… ”

“ആഹ് ബെസ്റ്റ്… നിന്നെ പറഞ്ഞു സമ്മതിപ്പിക്കാൻ അമ്മ എന്നെ പറഞ്ഞു വിട്ടതാ… ഒരു ദിവസത്തേക്കല്ലേ… നീ ഒന്ന് അഡ്ജസ്റ്റ് ചെയ്യൂ… ” ഞങ്ങളുടെ സംസാരം കേട്ടുകൊണ്ടാണ് അമ്മായി റൂമിലേക്ക്‌ വന്നത്… “മോള് എതിരൊന്നും പറയണ്ട… അവരാകുമ്പോൾ എല്ലാം യുക്തിപ്പൂർവം ചെയ്യും… എന്റെ കുട്ടിയെ രാജകുമാരിയെപോലെ അണിയിച്ചു ഒരുക്കും അവർ… ” “ഓഹോ… അപ്പോൾ എല്ലാരും കൂടി പ്ലാൻ ചെയ്തിട്ടുള്ള വരവാണ് അല്ലേ… മ്മ് എല്ലാരുടെയും ഇഷ്ടം പോലെ ആയിക്കോട്ടെ… ഞാൻ എതിർക്കുന്നില്ല… ബട്ട്‌ സിമ്പിൾ ആയിരിക്കണം.. അതെനിക്ക് നിർബന്ധം ആണ്… ” “അത് നമുക്ക് അവരോടു പറഞ്ഞു ശരിയാക്കാം… മോള് ഇതൊന്നു നോക്കിയേ… എന്നിട്ട് ഇഷ്ടം ആയോന്ന് പറ… ” “ഇതെന്താ അമ്മായി?? ” “ഇത് ഞങ്ങളുടെ വക ഞങ്ങളുടെ ഇന്ദൂട്ടിക്കുള്ള വിവാഹ സമ്മാനം… ” ഒരു ചെറിയ ബോക്സ് അമ്മായി എന്റെ കൈയിലേക്ക് തന്നു… ഞാൻ അത് തുറന്നു നോക്കി…

കുറെയധികം ആഭരണങ്ങൾ… “ഇഷ്ടം ആയോ മോൾക്ക്‌… ” “മ്മ് ഇഷ്ടമൊക്കെ ആയി… പക്ഷേ ഇതെല്ലാം കൂടി എന്തിനാ എനിക്ക്… അമ്മായിക്ക് അറിയാവുന്നതല്ലേ ഇതിനോടൊന്നും എനിക്ക് വല്യ ഭ്രമം ഇല്ലെന്നു…. ” “അറിയാം… എന്നാലും എന്റെ മോൾക്കു വേണ്ടി ഇത്രയെങ്കിലും ചെയ്യണ്ടേ.. ഇതെല്ലാം മോൾക്ക്‌ അവകാശപ്പെട്ടത് തന്നെയാ… ” “എന്തിനാ അമ്മായി എനിക്ക് ഇതെല്ലാം കൂടി… ഇതെല്ലാം മായയ്ക്ക് കൊടുത്തേക്കു… ആ കുട്ടിക്ക് അത് വളരെ ഉപകാരം ആകും… അവളത് അനിയത്തിമാർക്കു വേണ്ടി ഉപയോഗിച്ചോട്ടെ… ” “ഇവിടെ ഉള്ളതെല്ലാം ഇനി മായയ്ക്ക് കൂടി അവകാശപ്പെട്ടതല്ലേ… അതൊന്നും മോള് ഓർക്കണ്ട…ഇപ്പോൾ ഇത് വാങ്ങിക്കു… ഇതെല്ലാം അണിഞ്ഞു വേണം മോളു മണ്ഡപത്തിൽ കയറാൻ… ” ഞാൻ ഉണ്ണിയേട്ടന്റെ മുഖത്തേക്ക് നോക്കി… വാങ്ങിച്ചോളൂ എന്ന്‌ ഉണ്ണിയേട്ടൻ തല ചലിപ്പിച്ചു… ഒരാൾ ഒരു സമ്മാനം തന്നാൽ നിരസിക്കരുതെന്നല്ലേ ഞാൻ അത് വാങ്ങി…

അമ്മായി സന്തോഷത്തോടെ എന്നെ ചേർത്തു പിടിച്ചിട്ട് താഴേക്കു പോയി… “ഞാൻ ഓഡിറ്റോറിയം വരെ ഒന്ന് പോയിട്ട് വരാം ഇന്ദു… നീ വെറുതെ ഓരോന്ന് ആലോചിച്ചു ഇരിക്കാതെ ഹാപ്പി ആയി ഇരിക്കു കേട്ടോ… ” “മ്മ്… ” അവളോട് അത് പറഞ്ഞു ആ മുറിയിൽ നിന്നും പുറത്തു ഇറങ്ങുമ്പോൾ ഹൃദയം വല്ലാതെ നീറുന്നുണ്ടായിരുന്നു… ഉപദേശങ്ങൾ അവളിൽ വാരി വിതറിയെങ്കിലും ഇന്ദുവിന്റെ അതേ മാനസികാവസ്ഥ ആയിരുന്നു എനിക്കും… അവളെ പിരിഞ്ഞു ഇരിക്കുന്നത് ചിന്തിക്കാൻ പോലും ആകില്ല… ഒരു ചേട്ടൻ എന്നതിലും ഉപരി അവൾ എന്റെ മകളും ബെസ്റ്റ് ഫ്രണ്ടും എല്ലാമായിരുന്നു… ജീവിതത്തിൽ ഒരു കാര്യം പോലും ഇന്നേവരെ ഞങ്ങൾക്കിടയിൽ മറച്ചു വെച്ചിട്ടില്ല… മറ്റൊരാൾക്കും ഞങ്ങളുടെ ഹൃദയത്തിൽ സ്ഥാനം കൊടുത്തില്ല… എനിക്ക് അവളും അവൾക്കു ഞാനും മാത്രം… അത്രയ്ക്ക് തീക്ഷണമായിരുന്നു ഞങ്ങളുടെ ബന്ധം… അവിടേക്കാണ് പെട്ടെന്ന് വിഷ്ണുവും മായയും കയറി വന്നത്… അതും ഞങ്ങൾ പോലും പ്രതീക്ഷിക്കാതെ… കണ്ണുകൾ തുടച്ചുകൊണ്ട് താഴേക്കു ചെന്നപ്പോൾ ചിറ്റപ്പൻ എന്നെ നോക്കി നെടുവീർപ്പെടുന്നുണ്ടായിരുന്നു… ആ മനസ്സിൽ എന്താണെന്നും എനിക്ക് അറിയാം… പക്ഷേ ഇവിടെ ഞങ്ങളുടെ വാക്കുകൾ മൗനമായിരുന്നു…

“ഡി പെണ്ണേ എത്ര നേരം കൊണ്ടു വിളിക്കുവാ നിനക്കെന്താ ഫോൺ എടുത്താൽ?? ” “ഫോൺ സൈലന്റ് ആയിരുന്നു വിഷ്ണുവേട്ട… പറ എന്തിനാ വിളിച്ചത്? ” “അത് കൊള്ളാം എന്റെ പെണ്ണിനെ എനിക്ക് എന്തെങ്കിലും കാര്യം ഉണ്ടെങ്കിലേ വിളിക്കാൻ പറ്റുള്ളോ… എനിക്ക് എന്റെ പെണ്ണിനോട് കുറേനേരം സംസാരിച്ചിരിക്കണമെന്നു തോന്നി അതല്ലേ വിളിച്ചത്… ” “അയ്യോടാ ചക്കരെ എന്നാൽ പറഞ്ഞോ കേൾക്കാൻ ഞാൻ റെഡി… ” “നീ എന്തെടുക്കുവാ… എല്ലാരും എന്തേ? ” “വെറുതെ ഇരിക്കുവായിരുന്നു…എല്ലാരും ഇവിടെ ഉണ്ട്… കല്യാണതിരക്കല്ലേ അതിന്റെ പിറകെ ഓടി നടക്കുന്നു… അവിടെ എന്തായി??? ” “ഇവിടെ എല്ലാം റെഡി… നീ ഒന്നിങ്ങോട്ട് വന്നാൽ മാത്രം മതി… ” “ആഹാ… മായയും അനിയത്തിമാരൊക്കെ ഉണ്ടോ അവിടെ? ” “ആരും ഇല്ല… എല്ലാരും നാളെയെ വരു… ഇന്ദുവിന് ഏറ്റവും ഇഷ്ടപെട്ട സ്ഥലം ഏതാ…? ” “എന്തിനാ ഹണിമൂൺ ട്രിപ്പിന് പോകാനാണോ?? ” “പിന്നെ പോകണ്ടേ കൊള്ളാം… കുറച്ചു ദിവസമേ ഉള്ളു എങ്കിലും മാക്സിമം നമുക്ക് അടിച്ചു പൊളിക്കണം… ” “വിഷ്ണുവേട്ടന് ഇഷ്ടം ഉള്ള സ്ഥലം ഏതാണെന്നു വെച്ചാൽ അവിടെ പോകാം… ഏട്ടന്റെ ഇഷ്ടം അല്ലേ എന്റെയും ഇഷ്ടം… ”

“മ്മ്… ഒക്കെ ഓക്കേ… പിന്നെ തന്റെ ജോലിയുടെ കാര്യം എങ്ങനെയാ… തുടരാനാണോ പ്ലാൻ? ” “ആഹ് പിന്നെ കഷ്ടപ്പെട്ട് പഠിച്ചു നേടിയെടുത്തത് നഷ്ടമാക്കാൻ പറ്റുമോ?… ജോലി എന്തായാലും ഉപേക്ഷിക്കില്ല… ” “അതൊക്കെ തന്റെ ഇഷ്ടം… പക്ഷേ കല്യാണം കഴിഞ്ഞു ഞാൻ പോയാൽ പിന്നെത്തെ വരവിനു നിന്നെ കൂടി കൂടെ കൊണ്ടുപോകും… ജോലിയുടെ കാര്യം ഓർത്തു പേടിക്കണ്ട ബാങ്ക് അവിടെയും ഉണ്ടല്ലോ അവിടെയും ജോലി ചെയ്യാം… ” “അയ്യടാ… ഞാൻ നാട്ടിൽ തന്നെ നിന്നോളാം… എനിക്കൊന്നും വയ്യ പട്ടാള ക്യാമ്പിലൊക്കെ വരാൻ… തോക്ക് പൊട്ടുന്ന സൗണ്ട് ഒന്നും കേട്ടു ഉള്ള ജീവൻ പോകാൻ… ” “ഇവിടെ ഒരു കുഴപ്പവും ഇല്ല എന്റെ ഇന്ദു… ഞാൻ ഇപ്പോൾ ‘നാസിക്കിൽ’ ആണ് … ടോട്ടലി ഇതൊരു പീസ് ഏരിയ ആണ്… ഇവിടെ വരുമ്പോൾ നിനക്കത് മനസ്സിലാകും… നമുക്ക് കോർട്ടേഴ്‌സ് കിട്ടും ഡി… ” “ഓഹ് എന്നാലും ഞാൻ ഇല്ല… എന്റെ വിച്ചുണ്ണു ഇടയ്ക്കിടക്ക് ലീവ് എടുത്തു ഇങ്ങോട്ട് വന്നാൽ മതി… ”

“ആഹ് കാണാം കാണാം… ഞാൻ കല്യാണം കഴിക്കുന്നത് നീ അവിടെയും ഞാൻ ഇവിടെയും ആയിട്ട് നിൽക്കാൻ അല്ല… ഒരുമിച്ച് ജീവിക്കാനാ… മോള് ഞാൻ പറയുന്നത് അങ്ങ് അനുസരിച്ചാൽ മതി കേട്ടല്ലോ… ” “ഒന്നും രണ്ട് പറഞ്ഞു വഴക്കടിക്കാൻ ഞാൻ ഇല്ലേ… നോക്കട്ടെ സമയം ഉണ്ടല്ലോ… താഴെ ബ്രൂട്ടിഷൻ വന്നിട്ടുണ്ടെന്ന് തോന്നുന്നു അമ്മായി വിളിക്കുന്നു ഞാൻ പോയിട്ട് വരാം കേട്ടോ… ” “ഹഹ ബ്രൂട്ടിഷനോ?? ” “അത് ഇപ്പോളത്തെ പുതിയ ട്രെൻഡ് അല്ലേ ബ്യൂട്ടിഷൻ പോയി ഇപ്പോൾ ബ്രൂട്ടിഷൻ ആണ്… ” “മ്മ് മ്മ് ഐ നോ… എന്നാൽ മോള് പോയിട്ട് വാ… ” “ആഹ് ഓക്കേ… ” വിഷ്ണുവേട്ടനോട് ഫോണിൽ സംസാരിച്ചു കഴിഞ്ഞു ഞാൻ താഴേക്കു ഇറങ്ങി ചെന്നു… കുറേ റിലേറ്റീവ്സ് വന്നിട്ടുണ്ട്… അവരോടൊക്കെ കുറേനേരം സംസാരിച്ചിരുന്നു… കുറേ സ്ത്രീജനങ്ങളെ അമ്മയും അമ്മായിയും പരിചയപ്പെടുത്തി… അവർക്കൊക്കെ കല്യാണ പുടവയും ആഭരണങ്ങളും കാണാനായിരുന്നു തിടുക്കം… മുറ്റത്തു സാമാന്യം വലിയ ഒരു പന്തൽ ഇട്ടിട്ടുണ്ട്… കുറേ പ്രായം ചെന്ന അച്ഛന്മാരൊക്കെ നാട്ടു വർത്തമാനവും പറഞ്ഞു അവിടെ ഇരിപ്പുറപ്പിച്ചിരുന്നു…

“മോളെ ഇന്ദു…. ” അമ്മയുടെ വിളി കേട്ടു ഞാൻ അകത്തേക്ക് തിരിഞ്ഞു നടന്നു… “എന്താ അമ്മേ…??? ” “നീ അവിടെ എന്തെടുക്കുവാ… റൂമിലോട്ടു ചെല്ല് അവിടെ ആ ഒരുക്കുന്ന കുട്ടി വന്നിട്ടുണ്ട്… ” “ആഹ് ശരി അമ്മേ ” മുകളിലേക്കു കയറി ചെല്ലുമ്പോൾ എന്റെ റൂമിനു വെളിയിൽ രണ്ട് പെൺകുട്ടികൾ നിൽക്കുന്നു… എന്നെ നോക്കി അവരൊന്നു ചിരിച്ചു… ഞാനും തിരിച്ചൊരു ചിരി കൊടുത്തു… അവരിൽ ഒരാൾ എന്നോട് ചോദിച്ചു “താനല്ലേ നാളത്തെ കല്യാണപെണ്ണ് ഇന്ദു.. ” “മ്മ് അതേ… വരൂ… ” റൂം തുറന്നു ഞാൻ അവരെ അകത്തേക്ക് വിളിച്ചു… കൂടെ വന്ന മറ്റേക്കുട്ടി ഇടക്കിടക്ക് എന്റെ മുഖത്തേക്ക് നോക്കുന്നുണ്ട്… അവൾ എന്നോട് ചോദിച്ചു “ഇന്ദുന്റെ മുഴുവൻ പേരെന്താ? ” “ഇന്ദുപ്രിയ… ” “ആഹ് അങ്ങനെ വരട്ടെ അപ്പോൾ എന്റെ ഊഹം തെറ്റിയില്ല… എടി ഇന്തുപ്പേ നിനക്കെന്നെ മനസിലായില്ലേ… ഇത് ഞാനാടി അപർണ… അപ്പു… ” ഞാൻ അവളെ അടിമുടി ഒന്നുകൂടി നോക്കി…

ഈശ്വരാ ഇതെന്ത് കോലം ഇതു ഞങ്ങളുടെ അപ്പു തന്നെയാണോ മുരിങ്ങ കോലു പോലെ ഇരുന്ന പെണ്ണാ ഇപ്പോൾ കണ്ടാൽ മത്തങ്ങാ പോലെ ഉണ്ട്… “ഡീ അപ്പു… എന്നാ മാറ്റമാടി നിനക്ക് നീ അങ്ങ് പൊണ്ണിച്ചി ആയല്ലോ… ” “ഹിഹിഹി കെട്ടു കഴിഞ്ഞു രണ്ടു പിള്ളേർ ആയെടി ഇപ്പോൾ ഇതാണ് കോലം… പേടിക്കണ്ട രണ്ടു വർഷം കഴിഞ്ഞു നീയും ഈ കോലത്തിൽ ആകും കേട്ടോ… ” “ഓഹ് പോടീ… എന്നാലും ഇത് വല്ലാത്ത മാറ്റം തന്നെ എനിക്ക് കണ്ടിട്ട് മനസ്സിലായത് പോലും ഇല്ല… ” ഇത് അപ്പു എന്ന് ഞങ്ങൾ വിളിക്കുന്ന അപർണ… പത്താംക്ലാസ്സ്‌ വരെ ഞങ്ങൾ ഒരുമിച്ചായിരുന്നു… ആള് അന്നൊരു അശു ആയിരുന്നു ക്ലാസ്സിലെ ഏറ്റവും ചെറിയ കുട്ടി… ഇപ്പോൾ കണ്ടില്ലേ തടിച്ചു വീർത്തു ഒരു കുട്ടിയാനയെ പോലെ ഉണ്ട്… എന്തായാലും മേക്കപ്പ് ഇടാൻ അവൾ വന്നത് എനിക്ക് ശരിക്കും നല്ല ആശ്വാസം ആയിരുന്നു… ഏറെക്കുറെ എന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളുമൊക്കെ അവൾക്ക് അറിയാം… സ്കൂൾ ലൈഫിലെ പല കാര്യങ്ങളും ഞങ്ങൾ ഓർത്തോർത്തു പറഞ്ഞു പൊട്ടിച്ചിരിച്ചു…

സാഗറിന്റെ കാര്യം അവൾ എടുത്തു ഇടല്ലേ എന്ന് മനസ്സിൽ ഞാൻ എന്റെ കൃഷ്ണൻകുട്ടിയോട് പ്രാർത്ഥിക്കുന്നുണ്ടായിരുന്നു… ഭാഗ്യം അതേപ്പറ്റി അവളൊന്നും ചോദിച്ചില്ല…. നാളെ രാവിലെ എത്തിയേക്കാമെന്നു പറഞ്ഞു വേണ്ട കുറേ നിർദേശങ്ങൾ തന്നു അവർ മടങ്ങി… നാളെ എന്റെ വിവാഹമാണ്… കിടന്നിട്ടും ഉറക്കം വന്നില്ല… ഞാൻ താഴേക്കിറങ്ങി അച്ഛന്റെയും അമ്മയുടെയും റൂമിലേക്ക്‌ നടന്നു… അടക്കി പിടിച്ചു അമ്മ എന്തൊക്കെയോ അച്ഛനോട് സംസാരിക്കുന്നു… സമയം ഇത്രയും ആയിട്ടും അച്ചായിയും അമ്മയും ഉറങ്ങിയിട്ടില്ല… അവരുടെ സംസാരം മുഴുവൻ എന്നെക്കുറിച്ചായിരുന്നു… അമ്മയുടെ വേവലാതിയും പരിഭവവും എല്ലാം അച്ഛൻ മൂളി കേൾക്കുന്നുണ്ട്… പരസ്പരം ഊന്നുവടികളായി ഒട്ടിച്ചേർന്നു ഇരിക്കുന്ന അവരുടെ അരികിലേക്ക് ഞാൻ ചെന്നു… “ഇതെന്താ രണ്ടാൾക്കും ഉറക്കം ഒന്നും ഇല്ലേ… ” എന്റെ ചോദ്യം കേട്ടു രണ്ടാളും കണ്ണുകൾ തുടച്ചു എന്നെ നോക്കി… കൈകൾ രണ്ടും വിടർത്തി ഞാൻ അവരെ എന്റെ അരികിലേക്ക് മാടി വിളിച്ചു… ഒരു കൊടുങ്കാറ്റു പോലെ രണ്ടാളും ഓടി വന്നെന്നെ കെട്ടിപ്പിടിച്ചു… പിന്നെ പരിഭവങ്ങളുടെ കെട്ടുകൾ ഓരോന്നായി അഴിച്ചു… മനസ്സിലെ പിരിമുറുക്കങ്ങൾ എല്ലാം കെട്ടഴിഞ്ഞു സ്വതന്ത്രമായി… അച്ഛന്റെയും അമ്മയുടെയും നടുവിൽ അവരെയും കെട്ടിപ്പിടിച്ചു കിടന്നു ഞാൻ അന്ന് സുഖമായി ഉറങ്ങി…

ഇന്ന് എന്റെ കല്യാണമാണ്… പതിവിലും നേരെത്തെ ഞാൻ എഴുന്നേറ്റു… മനസ്സ് ശാന്തം ആയിരുന്നു… അച്ഛന്റെയും അമ്മയുടെയും കാലു തൊട്ടു വന്ദിച്ചു ഞാൻ നേരെ റൂമിലോട്ടു പോയി… ഫ്രഷായി വന്നു കൃഷ്ണൻകുട്ടിക്കു മുന്നിൽ തിരി തെളിയിച്ചു മനസ്സറിഞ്ഞു പ്രാർത്ഥിച്ചു… എല്ലാം ഒരു ചിരിയോടെ കേട്ടു നിൽക്കുവാണ് പുള്ളി… എന്റെ ജീവിതത്തിൽ ഇതുവരെ സംഭവിച്ചതും ഇനി സംഭവിക്കാൻ പോകുന്നതും എല്ലാം എനിക്കറിയാം എന്ന ഭാവം ആയിരുന്നു ആൾക്ക്… രാവിലെ തന്നെ കുളിച്ചൊരുങ്ങി ഞാനും ഉണ്ണിയേട്ടനും കൂടി കുടുംബക്ഷേത്രത്തിലും പോയി തൊഴുതു വന്നു… പിന്നെ അങ്ങോട്ട്‌ ബഹളങ്ങളോട് ബഹളം… തിരക്ക് ടെൻഷൻ കൂട്ടുമെന്ന് പറയുന്നത് എത്ര ശരിയാണ്… മേക്കപ്പിടാൻ കയറിയിട്ട് മണിക്കൂർ ഒന്നായി സാരി ഉടുത്തു കഴിഞ്ഞു… ഇപ്പോൾ മുഖത്ത് എന്തൊക്കെയോ കോപ്രായം കാട്ടിക്കൂട്ടുവാണ്… “എന്റെ പൊന്ന് മോളെ അപ്പു കഴിയാറായില്ലെടി… ഇപ്പോൾ തന്നെ ശ്വാസം മുട്ടുന്നുണ്ട് കേട്ടോ.. ”

“കുറച്ചു നേരം കൂടി ഒന്ന് അടങ്ങി ഇരിക്കു… പൂവ് ഇതുവരെ കിട്ടിയില്ലലോ… ” “അത് ഉണ്ണിയേട്ടൻ കൊണ്ടു തന്നോളും നീ ഇത് എങ്ങനെ എങ്കിലും ഒന്ന് തീർക്കാൻ നോക്കൂ… കുളമാക്കിയാൽ നിന്നെ ഞാൻ കൊല്ലും പറഞ്ഞേക്കാം… ” “പിന്നെ കൊല്ലും… ഒന്ന് പോടീ… ഞാൻ ഈ പരുപാടി തുടങ്ങിയിട്ട് വർഷങ്ങളായി… ഇതുവരെ ഒരാളും എന്റെ മേക്കപ്പിനെ കുറ്റം പറഞ്ഞിട്ടില്ല… ” പിന്നെ ഞാൻ ഒന്നും പറയാൻ പോയില്ല അങ്ങനെ രണ്ടു മൂന്നു മണിക്കൂറത്തെ ഭഗീരഥ പ്രയത്നത്തിന് ശേഷം അവൾ എന്നെ പിടിച്ചു കൊണ്ടുപോയി കണ്ണാടിക്കു മുന്നിൽ നിർത്തി… “ഇനി കണ്ണു തുറന്നു ശരിക്കൊന്നു നോക്കൂ… ഇഷ്ടം ആയില്ലെങ്കിൽ ഈ പണി ഞാൻ ഇന്നത്തോടെ നിർത്തും പോരേ ” ഞാൻ അവളുടെ നേരെ തിരിഞ്ഞു നിന്നു… “ഉണ്ണിയേട്ടനെ ഒന്ന് വിളിക്കെടി… ഉണ്ണിയേട്ടൻ കണ്ടിട്ട് അഭിപ്രായം പറഞ്ഞിട്ടേ ഞാൻ കണ്ണാടിയിൽ എന്നെ നോക്കുന്നുള്ളു… ” “ഓഹ്ഹ് ഒരു ഏട്ടനും പെങ്ങളും… ഞാൻ പോയി നോക്കട്ടെ… പൂവ് കൊണ്ടു തന്നിട്ട് ഓടിയതാ പുള്ളി… ” അപ്പു ഉണ്ണിയേട്ടനെ വിളിക്കാൻ താഴേക്കു പോയി… ഈശ്വരാ എന്തൊരു ചൂടാ… ഇതെല്ലാം കൂടി ഇട്ടു ആകെ ശ്വാസം മുട്ടുന്നു…

എല്ലാം ഒന്ന് കഴിഞ്ഞിട്ടു വേണം ഇതെല്ലാം ഊരി എറിയാൻ… വാതിൽക്കലേക്കു നോക്കി അക്ഷമയോടെ പിറു പിറുത്തു കൊണ്ടു ഞാൻ നിന്നു… ഉണ്ണിയേട്ടന്റെ തലവട്ടം കണ്ടപ്പോൾ മനസ്സിനൊരു ആശ്വാസം തോന്നി… “നോക്കിയേ ഉണ്ണിയേട്ടാ എങ്ങനെ ഉണ്ട് കൊള്ളാമോ?? ” ഉണ്ണിയേട്ടൻ ചിരിച്ചു കൊണ്ടു എന്നെ കണ്ണാടിയുടെ മുന്നിലേക്ക്‌ തിരിച്ചു നിർത്തി… “നോക്കിയേ എന്റെ ഇന്ദൂട്ടിയെ കാണാൻ സൂപ്പർ ആയിട്ടുണ്ട്… ഒരു കുറ്റവും പറയാനില്ല അത്രയ്ക്ക് പൊളിച്ചു… ” കണ്ണാടിയിലേക്കു നോക്കിയ എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ ആയില്ല… ഇത് ഞാൻ തന്നെയാണോ… ടി വി യിലൊക്കെ ജൂവലറിയുടെ പരസ്യത്തിന് നിൽക്കുന്ന പെൺകുട്ടിയെ പോലെയുണ്ട്… മനസ്സിനൊരു തൃപ്തി തോന്നി… ഞാൻ അപ്പുവിനെ ഒന്ന് നോക്കി… “ഇപ്പോൾ സമാധാനം ആയോ മോൾക്ക്… ” ഞാൻ അവളുടെ തടിച്ച കവിളിൽ പിടിച്ചു വലിച്ചു കൊണ്ടു പറഞ്ഞു…

“താങ്ക്സ് ടി… അടിപൊളി… എനിക്കിഷ്ടായി.. ഒരുപാട്… ” പുറകേ തന്നെ അമ്മയും അമ്മായിയും കയറി വന്നു… എല്ലാരും പറഞ്ഞു നന്നായിട്ടുണ്ടെന്നു… എന്റെ കുട്ടിക്ക് ആരുടേയും കണ്ണു തട്ടല്ലേ എന്നും പറഞ്ഞു അമ്മായി ഒരു കറുത്ത വലിയ പൊട്ടെടുത്തു എന്റെ കാൽവെള്ളയിൽ തൊട്ടു… ഇനി ഉച്ചയ്ക്കെ വല്ലതും കഴിക്കാൻ പറ്റുള്ളൂ എന്നും പറഞ്ഞു അമ്മ ഇഡ്ഡലിയും സാമ്പാറും എന്റെ വായിൽ വെച്ചു തന്നു എന്നെ കഴിപ്പിച്ചു… സമയം പോകുംതോറും തിരക്കും ബഹളവും കൂടി കൂടി വന്നു… പിന്നെ ഫോട്ടോഗ്രാഫർമാരുടെ ഊഴം ആയിരുന്നു… അതാണ് സഹിക്കാൻ പറ്റാത്തത്… അങ്ങോട്ട്‌ നിന്നും ഇങ്ങോട്ടു നിന്നും ചാഞ്ഞും ചരിഞ്ഞും എല്ലാം കുറേ പോസുകൾ… ചിരിച്ചു ചിരിച്ചു കവിൾ വേദനിച്ചു തുടങ്ങി… അടുത്ത ചടങ്ങ് ദക്ഷിണ കൊടുപ്പായിരുന്നു…

അന്ന് വരെ ജീവിതത്തിൽ കണ്ടവരും കാണാത്തവരുമായി കുറേ അധികം മുഖങ്ങൾ… കുനിഞ്ഞും നിവർന്നും നടു ഒരു പരുവം ആയി… എന്തോരം ചടങ്ങുകളാ എന്റെ കൃഷ്ണാ… രജിസ്റ്റർ മാര്യേജ് വല്ലതും മതിയായിരുന്നു… എല്ലാം കഴിഞ്ഞു ഒടുവിൽ അലങ്കരിച്ച കാറിൽ കയറി ഓഡിറ്റോറിയത്തിലേക്കു തിരിച്ചു… ഓഡിറ്റോറിയത്തിന്റെ ഗ്രീൻ റൂമിൽ പിന്നെ കൂട്ടുകാരുടെയും ഓഫിസിലെ സ്റ്റാഫുകളുടെയും തിരക്ക്… അവരുമായുള്ള ഫോട്ടോ പോസ്സുകൾ… എല്ലാവരും ആശംസകൾ നൽകി കടന്നു പോയി… “ചെക്കനും കൂട്ടരും എത്തി കേട്ടോ… ” ആരോ ഞാൻ കേൾക്കെ ഉറക്കെ വിളിച്ചു പറഞ്ഞു… അതുവരെ ഇല്ലാത്തൊരു നാണം എന്നിൽ പൂത്തു നിന്നു… ***—*** ഇനി കല്യാണം എഴുത്തുകാരിയുടെ വാക്കുകളിലൂടെ… സിറ്റിയിലെ പ്രമുഖമായ ഗീതം ഓഡിറ്റോറിയത്തിൽ വെച്ചായിരുന്നു വിവാഹ ചടങ്ങുകൾ… വരന്റെയും വധുവിന്റെയും ഫോട്ടോ പതിച്ച വലിയ ഫ്രെയിമുകൾ വെൽക്കം ബോർഡിന് ഇരുവശവും സ്ഥാനം പിടിച്ചിരുന്നു…

വരനെയും കൂട്ടരെയും ഓഡിറ്റോറിയത്തിലേക്ക് സ്വീകരിച്ചു കൊണ്ടു വന്നു… ഉണ്ണി വിഷ്ണുവിന്റെ കാലു കഴുകി മാലയിട്ടു സ്വീകരിച്ചു കൊണ്ടു ഓഡിറ്റോറിയത്തിന് ഉള്ളിലേക്ക് കൈപിടിച്ചു നടത്തി… പുറകേ മറ്റു ബന്ധുക്കളും… ഗോൾഡൻ കളറിലുള്ള ഫുൾ സ്ലീവ് ഷർട്ടും കസവിൽ തീർത്ത മുണ്ടുമാണ് വിഷ്ണുവിന്റെ വേഷം… ആരെയും ആകർഷിക്കുന്ന തരത്തിലുള്ള പുഞ്ചിരി മുഖത്ത് ഫിറ്റ്‌ ചെയ്തു വെച്ചിട്ടുണ്ട്… നല്ല കിടിലൻ ചുള്ളൻ ചെക്കൻ… മണ്ഡപത്തെ വലം വെച്ചു മുന്നിലിരിക്കുന്ന ആളുകളെ വണങ്ങി ചെക്കൻ മണ്ഡപത്തിൽ ഇരിപ്പുറപ്പിച്ചു… അഷ്ടമംഗല്യവുമായി അമ്മായി മുന്നിലും താലമേന്തിയ പെൺകുട്ടികൾ പുറകിലും അതിനു പിന്നിലായി ഇന്ദുവിന്റെ കൈയും പിടിച്ചു അച്ഛനും അമ്മയും മണ്ഡപത്തിലേക്ക് കയറി… മുന്നിലിരിക്കുന്ന ആളുകളെ വണങ്ങി മണ്ഡപത്തിൽ വിഷ്ണുവിന് ഇടതു ഭാഗത്തായി നിറഞ്ഞ ചിരിയോടെ ഇന്ദുവും ഇരുന്നു…

കരിംപച്ച നിറത്തിലുള്ള പട്ടു പുടവയിൽ അവൾ ഒന്നുകൂടി സുന്ദരി ആയതുപോലെ… വിഷ്ണു കണ്ണിമ ചിമ്മാതെ അവളെ തന്നെ നോക്കിയിരുന്നു… മണ്ഡപത്തിൽ വെച്ചു വരന്റെയും വധുവിന്റെയും അച്ഛനമ്മമാർക്ക് ദക്ഷിണ കൊടുത്തു വീണ്ടും അവർ മണ്ഡപത്തിൽ ഇരിപ്പുറപ്പിച്ചു… കൊട്ടുമേളം മുറുകിയതോടെ വിഷ്ണുവിന്റെ അച്ഛൻ പൂജിച്ച താലിയെടുത്തു വിഷ്ണുവിന്റെ കൈകളിൽ കൊടുത്തു… കൈയിലിരിക്കുന്ന താലിയിലേക്കും ഇന്ദുവിന്റെ മുഖത്തേക്കും നോക്കി പുഞ്ചിരിച്ചുകൊണ്ട് അവനത് അവളുടെ കഴുത്തിൽ ചാർത്തി… ഈ സമയം ഇന്ദു കണ്ണുകൾ അടച്ചു കൈകൾ കൂപ്പി മനസ്സുരുകി പ്രാർത്ഥിച്ചു… (ഇനി കഥ വിഷ്ണു പറയും ) താലി കെട്ടിയ ഉടനെ വേറെ ഒന്നും നോക്കിയില്ല പെണ്ണിനെ കെട്ടിപിടിച്ചു നെറ്റിക്ക് ഒരു ഉമ്മ അങ്ങ് വെച്ചു കൊടുത്തു… അത്രയ്ക്ക് കൊള്ളില്ലലോ കുറേ ആയി പെണ്ണ് മനുഷ്യനെ ഇട്ടു വട്ടു കളിപ്പിക്കുന്നു… അവളൊരു ചിരിയോടെ എന്നെ നോക്കി പറഞ്ഞു …

“ഇതു ഞാൻ പ്രതീക്ഷിച്ചിരുന്നു കേട്ടോ… ” അത് കേട്ടപ്പോൾ തൃപ്തി ആയി… ഞാൻ ഒന്നുകൂടി അവൾക്കു അരികിലേക്ക് ചേർന്നിരുന്നു… അച്ഛൻ എടുത്തു കൊടുത്തു പൂ മാല അവളെന്റെ കഴുത്തിൽ അണിയിച്ചു… അതിനു ശേഷം തിരിച്ചു ഞാനും… അടുത്ത് നിൽക്കുന്നവരുടെ നിർദേശം അനുസരിച്ച് ഇന്ദു എഴുന്നേറ്റു എന്റെ കാൽ തൊട്ടു വന്ദിച്ചു… ആ കൈകളിലേക്ക് ഞാൻ പുടവ വെച്ചു കൊടുത്തു… തിരികെ അവൾ വീണ്ടും എന്റെ അടുത്തായി വന്നിരുന്നു… പെങ്ങൾ എടുത്തു തന്ന സിന്ദൂരചെപ്പിൽ നിന്നും ഒരു നുള്ളെടുടുത്തു ഞാൻ അവളുടെ സീമന്തരേഖയിൽ ചാർത്തി.. അടുത്തത് കന്യാദാനം ആയിരുന്നു… ഇന്ദുവിന്റെ അച്ഛൻ അവളുടെ കൈ പിടിച്ചു എന്റെ കൈയിൽ ഏൽപ്പിച്ചു… ഞാൻ ആ കൈകളിൽ മുറുകെ പിടിച്ചു… എഴുന്നേറ്റു അവളെയും കൊണ്ടു മണ്ഡപത്തിനു ചുറ്റും വലം വെച്ചു… പിന്നീട് അങ്ങോട്ട്‌ ഫോട്ടോ എടുപ്പിന്റെ ബഹളം ആയിരുന്നു… ആളുകളൊക്കെ സദ്യാലത്തിലേക്കു കയറി…

“ടീ പെണ്ണേ… നീ അങ്ങ് ഗ്ലാമർ ആയിട്ടുണ്ടല്ലോ… അച്ഛന്റെ കൈയും പിടിച്ചു നീ മണ്ഡപത്തിലേക്ക് കയറി വന്നപ്പോൾ ശരിക്കും എന്റെ സകല കിളികളും പറന്നു പോയി… ” “അത് നിങ്ങളുടെ ഇരിപ്പ് കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി… വായും പൊളിച്ചു ഇരിക്കുവല്ലായിരുന്നോ… ഫോട്ടോ കിട്ടുമ്പോൾ കാണാം സേട്ടന്റെ ആ മുഖം… ആഹ് പിന്നെ ഈ ക്യാമറാമാൻ മാരെയൊക്കെ ഓടിച്ചു വിടുന്നുണ്ടോ… രാവിലെ തുടങ്ങിയ ശല്യം ആണ്… ഓഹ് എന്റെ ഈശ്വരാ എനിക്കാണേൽ വിശന്നിട്ടും വയ്യ…. ” “ആഹ് എനിക്കും നല്ല വിശപ്പുണ്ട്… ” അവൾ പറഞ്ഞതും ശരിയാണ് നിന്നു തിരിയാൻ സമയം തരില്ല ഇവന്മാര്… വിശന്നിട്ടാണെൽ വയറും കത്താൻ തുടങ്ങി… സെറ്റും മുണ്ടും ഉടുപ്പിക്കാൻ ഇന്ദുവിനെ ആരൊക്കെയോ ചേർന്നു വിളിച്ചോണ്ട് പോയി… ഞാൻ ഒറ്റക്കായി എന്ന് പറയാൻ പറ്റില്ല കേട്ടോ കാരണം ക്യാമറമാൻമാരുടെ ഇര ഞാൻ ആയിന്നു മാത്രം പറയാം… മഷി ഇട്ടു നോക്കിയിട്ടും ഉണ്ണി അളിയനെ അവിടെ ഒന്നും കണ്ടില്ല… സ്വീകരിച്ചോണ്ടു വന്നപ്പോൾ കണ്ടതാണ്… താലി കെട്ടു സമയത്തു മണ്ഡപത്തിൽ ഉണ്ടായിരുന്നു… പിന്നെ ആളെ കണ്ടില്ല… ഫോട്ടോ എടുക്കാനും വന്നില്ല… ഈ അളിയൻ ഇതു എവിടെ പോയി…

“അതേ അടുത്തത് മായയുടെയും ഉണ്ണിയേട്ടന്റെയും ആണ് ഇതെല്ലാം കണ്ടു പഠിച്ചോളു കേട്ടോ… ” സെറ്റിന്റെ കര നേരെ ആക്കുന്ന കൂട്ടത്തിൽ ഞാൻ മായയോട് പറഞ്ഞു… “ഇനി ഇപ്പോൾ ഏട്ടത്തി ഞങ്ങളുടെ കൂടെ തന്നെ കാണില്ലേ പറഞ്ഞു തരാൻ… അന്നേരം ഞാൻ ചോദിച്ചു പഠിച്ചോളാം കേട്ടോ… ” “മ്മ് ആയിക്കോട്ടെ… ഉണ്ണിയേട്ടനെ കണ്ടില്ലേ മായ… സംസാരിച്ചില്ലേ രണ്ടാളും… ” “കണ്ടായിരുന്നു ഏട്ടത്തി… സംസാരിച്ചിരുന്നു… പക്ഷേ ഇപ്പോൾ കുറേ നേരമായി ഞാൻ തിരക്കി നടക്കുവാ ആളെ കാണുന്നില്ല… ബിസി ആയിരിക്കും… ” മായയുടെ മറുപടി എനിക്കെന്തോ തൃപ്തി തന്നില്ല… ഉണ്ണിയേട്ടൻ എന്റെ കണ്മുന്നിൽ ഉണ്ടായിരുന്നല്ലോ… പക്ഷേ പെട്ടെന്ന് ഒരു നിമിഷം ഞാൻ ഉണ്ണിയേട്ടനെ ഓർത്തില്ല… ഈശ്വരാ… അത് കുറച്ചു ഉച്ചത്തിൽ ആയി പോയി… “എന്താ ഏട്ടത്തി… ” “ഹേയ് ഒന്നുല്ല…. ഞാൻ.. ഞാൻ ഇപ്പോൾ വരാം… ” ഓടി മണ്ഡപത്തിലേക്ക് ചെല്ലുമ്പോൾ വിഷ്ണുവേട്ടന്റെ തോളിൽ കയ്യിട്ടുകൊണ്ടു നിൽക്കുന്നുണ്ടായിരുന്നു എന്റെ ഉണ്ണിയേട്ടൻ…

“ഇതെന്താ കല്യാണപെണ്ണ് ഓടി പിടച്ചു വരുന്നത്…? ” “ഉണ്ണിയേട്ടൻ ഇത് എവിടായിരുന്നു… കാണാതെ ആയപ്പോൾ ഞാൻ വിഷമിച്ചു കേട്ടോ… ” “അച്ചോടാ… ഞാൻ സദ്യാലയത്തിൽ ഉണ്ടായിരുന്നു… എല്ലാടവും ഓടി എത്തിയില്ലെങ്കിൽ ഒന്നും നടക്കില്ല… ” “അതിനൊക്കെ വേറെ ആളുകൾ ഉണ്ടല്ലോ… ഉണ്ണിയേട്ടനെ ഞാൻ ഇനി വിടില്ല കേട്ടോ… മായയും തിരക്കുന്നുണ്ട്… ” ഞാൻ അത് പറഞ്ഞപ്പോൾ ആ മുഖം ഒന്ന് ചുവന്നു… അപ്പോളേക്കും മായയും അങ്ങോട്ട്‌ വന്നു… പിന്നെ കുറച്ചു സമയത്തേക്ക് ക്യാമറമാൻമാരുടെ ഇര ആ പാവങ്ങൾ ആയി…. ഉണ്ണിയേട്ടനെ കണ്മുന്നിൽ കാണാതായപ്പോൾ ശരിക്കും മനസൊന്നു പിടഞ്ഞു പോയിരുന്നു… “എന്താ പെണ്ണേ ആലോചിക്കുന്നത്… ” വിഷ്ണുവേട്ടന്റെ ശബ്ദം എന്നെ ചിന്തയിൽ നിന്നും ഉണർത്തി…

“നല്ല തലവേദന ഉണ്ട് ഏട്ടാ… നമുക്ക് പോയി കഴിച്ചാലോ… ഈ അച്ഛനും അമ്മയും എല്ലാരും ഇതു എവിടാ? ” “മ്മ് അളിയൻ കൂടി വന്നോട്ടെ നമുക്ക് ഒരുമിച്ച് ഇരിക്കാം… ” അധികം വൈകാതെ തന്നെ സദ്യ കഴിക്കാൻ ഇരുന്നു… രണ്ടാൾക്കും കൂടി ഒരിലയിൽ ആണ് വിളമ്പിയത്… വിഷ്ണുവേട്ടന്റെ തല തെറിച്ച കുറേ കൂട്ടുകാരുടെ പണി ആയിരുന്നു… സദ്യ ആസ്വദിച്ചു കഴിക്കണമെന്നൊക്കെ കരുതിയതാ പക്ഷേ പരിപ്പും പപ്പടവും കൂട്ടികുഴച്ചു രണ്ടു ഉരുള വായിലോട്ടു വെച്ചപ്പോൾ തന്നെ വയറു നിറഞ്ഞത് പോലെ ആയി… സാരിയൊക്കെ മുറുക്കി ചുറ്റി വെച്ചേക്കുവല്ലേ പിന്നെ എങ്ങനെ മനസമാധാനത്തോടെ കഴിക്കാനാ… വിഷ്ണുവേട്ടൻ നല്ല തട്ടു തട്ടുന്നുണ്ട്… കൂട്ടു കറികളൊക്കെ എടുത്തു നാവിൽ വെച്ചു ഞാൻ പതുക്കെ ചിക്കി ചികഞ്ഞു ഇരുന്നു… “നല്ല വിശപ്പുണ്ടെന്നു പറഞ്ഞിട്ട് നീ ഒന്നും കഴിക്കുന്നില്ലലോ ഇന്ദു… ” “ഇനി പായസം കുടിച്ചു വയറു നിറയ്‌ക്കാനാ എന്റെ പ്ലാൻ… ” പറഞ്ഞു തീരും മുൻപേ പ്രഥമൻ എത്തി….

കൊതിയോടെ അത് കഴിച്ചോണ്ടിരിക്കെ പാൽപ്പായസവും എത്തി… പണ്ടേ പാൽപ്പായസം എന്റെ വീക്നെസ്സ് ആണ്… ഗ്ലാസ്സിൽ വാങ്ങി അത് മട മടാന്ന്‌ കുടിച്ചു… പുറകേ തന്നെ കടലപ്പായസവും പൈനാപ്പിൾപായസവും എത്തി… പക്ഷേ അതൊന്നും തൊട്ടു നോക്കാൻ പോലും പറ്റിയില്ല… വയറു ഫുൾ ആയി… കഴിച്ചു കഴിഞ്ഞു എഴുന്നേറ്റപ്പോളെക്കും എല്ലാം കൈയിൽ നിന്നും പോയ അവസ്ഥ ആയി… രാഹുകാലത്തിനു മുന്നേ ചെക്കന്റെ വീട്ടിൽ ചെന്നു കയറണമെന്നും പറഞ്ഞു തലമൂത്ത ചില കാരണവന്മാർ ബഹളം കൂട്ടി… പിന്നെ സെറ്റും മുണ്ടും മാറ്റി വിഷ്ണുവേട്ടൻ തന്ന പുടവ ഉടുത്തു… ആകെ ക്ഷീണിച്ചു പണ്ടാരം അടങ്ങി എന്ന് പറഞ്ഞാൽ മതിയല്ലോ… ഒന്ന് കിടന്നു ഉറങ്ങിയാൽ നന്നായിരുന്നു എന്ന് തോന്നി… അത്രയ്ക്ക് ക്ഷീണം ഉണ്ട്… യാത്ര പറച്ചിൽ വല്ലാത്ത ഒരു കടമ്പ തന്നെയാണ്… കരയില്ലെന്നു എത്രയൊക്കെ മനസ്സിൽ ഉറപ്പിച്ചാലും കരഞ്ഞുകൊണ്ട് പോകേണ്ടി വരുന്ന ഒരു മുഹൂർത്തം… ഞാൻ നോക്കിയപ്പോൾ ഉണ്ണിയേട്ടൻ വിങ്ങിപൊട്ടി നിൽക്കുവാണ്… (തുടരും )