19/04/2026

എന്റെ പെണ്ണ് : ഭാഗം 16

രചന – നന്ദിത ദാസ്

അളിയനോട് അവൾ എന്തോ രഹസ്യത്തിൽ സൂചിപ്പിക്കുന്നത് കണ്ടു… എന്തോ ഓർത്തതുപോലെ അളിയൻ ചിരിച്ചുകൊണ്ട് എന്നെയും മായയെയും ഒന്ന് നോക്കി…. “പുറത്ത് തന്നെ നിൽക്കാതെ രണ്ടാളും aകയറിവാ… ” “എന്താ ഏട്ടത്തി ഒരു രഹസ്യം… ” “ഓഹ്…. അത് ഇപ്പോൾ പരസ്യം ആകുന്ന രഹസ്യം തന്നെയാണ്… അല്ലേ ഉണ്ണിയേട്ടാ… ” “മ്മ് അതേ അതേ… ” അതും പറഞ്ഞു അളിയൻ ഇന്ദുവിന്റെ റൂമിലെ ഷെൽഫിനു അരികിലേക്കു നടന്നു… കബോർഡ് തുറന്നു ഒരു പായ്ക്കറ്റും ആയി തിരികെ വന്നു… എന്റെ കക്ഷി ആണെങ്കിൽ ഇനി കണ്ണു തുറന്നു കാണെന്ന മട്ടിൽ ഒരു ഒന്നൊന്നര നോട്ടം നോക്കി… ഞാൻ നോക്കി നിൽക്കേ ആ പായ്ക്കറ്റ് അളിയൻ മായയുടെ കൈയിൽ വെച്ചു കൊടുത്തു… “ഇത് മായയ്ക്കുള്ള എന്റെ ആദ്യത്തെ സമ്മാനം… നിന്നെ എന്നിലേക്ക് ആകർഷിക്കാൻ കാരണമായ എന്തോ ഒരു പ്രത്യേകത ഇതിനുള്ളതായി പലപ്പോഴും തോന്നിയിട്ടുണ്ട്… സ്വീകരിക്കു….” പുഞ്ചിരിയോട് അവൾ അത് അളിയന്റെ കൈയിൽ നിന്നും ഏറ്റു വാങ്ങി…

“തുറന്നു നോക്കൂ മായേ… ” “വേണ്ട… അല്ലാതെ തന്നെ എനിക്ക് മനസ്സിലാകും ഇതിനുള്ളിൽ എന്താണെന്നു… എന്റെ മനസ്സറിഞ്ഞതുപോലെ പ്രവർത്തിച്ചതിനു ഒരുപാട് നന്ദി… ഈ ഏട്ടനോടും(ഉണ്ണി )… പിന്നെ എന്റെ ഈ ഏട്ടത്തിയോടും… ” ഞാൻ നോക്കിയപ്പോൾ വിച്ചുണ്ണു കണ്ണും മിഴിച്ചു നിൽകുവാണ്‌… പാവത്തിന് ഒന്നും പിടികിട്ടുന്നുണ്ടായിരുന്നില്ല.. “അതേ… ഏട്ടാ… കൂടുതൽ കണ്ണ് തള്ളണ്ട… ഇതാണ് അന്ന് ഞങ്ങൾ പറഞ്ഞ വിശ്വവിഖ്യാതമായ ആ ടോപ്… അതിനി ഇവിടുത്തെ ഷെൽഫിൽ അല്ല ഇരിക്കേണ്ടത്… ഇത് ഉണ്ണിയേട്ടൻ വാങ്ങിയത് തന്നെ മായയ്ക്കു കൊടുക്കാനായിരുന്നു… സന്ദർഭം ഒത്തു വന്നത് ഇപ്പോൾ ആണെന്ന് മാത്രം… ” “ആഹാ… അത് അങ്ങ് നേരത്തെ തുറന്നു പറഞ്ഞിരുന്നെങ്കിൽ ഞാൻ ഇവിടെ കിടന്നു ഇത്രയും വായ്‌ പൊളിക്കണമായിരുന്നോ… അപ്പോൾ എങ്ങനെ മായക്കുട്ടി ഹാപ്പി ആണല്ലോ അല്ലേ…?? ” “ഹാപ്പിയാണ് വിച്ചുവേട്ടാ… ” “ഒക്കെ ഡാ…അത് കേട്ടാൽ മതി… എന്നാൽ നമുക്ക് ഇറങ്ങിയാലോ?? ” “മ്മ് ” “കല്യാണത്തിന് ഇനി അതികം ദിവസം ഇല്ലല്ലോ… പിന്നെ അതിന്റെ ഇടയ്ക്ക് ഇന്ദു പറഞ്ഞ പ്രീ വെഡിങ് ഷൂട്ട്‌… കല്യാണം വിളി, ഡ്രസ്സ്‌ എടുക്കൽ… ഓഹ് അങ്ങനെ എന്തോരം ചടങ്ങുകളാണ് കിടക്കുന്നത്… ” വിഷ്ണുവേട്ടന്റെ സംസാരത്തിലെ സ്പീഡ് കണ്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്…

പക്ഷേ ആള് പറഞ്ഞത് അങ്ങനെ ചിരിച്ചു തള്ളാനും പറ്റില്ലല്ലോ… കൂടിയാൽ ഒരു 6 ദിവസം കൂടി… പിന്നെ ഒരുപാട് നേരം അവിടെ നിന്നില്ല… എല്ലാവരോടും യാത്ര പറഞ്ഞു ഞാനും മായയും ഇറങ്ങി… മനസ്സ് ശാന്തമായിരുന്നു… തെളിഞ്ഞ നീരുറവ പോലെ ശാന്തം…. എല്ലാരും പോയിക്കഴിഞ്ഞപ്പോൾ ഉണ്ണിയേട്ടൻ എന്റെ അടുത്തേക്ക് വന്നു… “ഇന്ദൂട്ടി… ഏട്ടൻ വൈകിട്ടു പോവാ ഡാ… നാളെ കോളജിൽ ക്ലാസ്സ്‌ ഉള്ളതല്ലേ മുടക്കാൻ പറ്റില്ലല്ലോ… ” ഞാൻ അത് പറഞ്ഞപ്പോളേക്കും അവളുടെ മുഖമെല്ലാം വാടി… അല്ലെങ്കിലും ഇവിടെ വന്നിട്ട് തിരിച്ചു പോകാൻ നേരം ഇത് പതിവുള്ളതാ… “ഇവിടുന്നു കോളജിലോട്ടു ഒരുപാട് ദൂരം ഒന്നും ഇല്ലാലോ ഉണ്ണിയേട്ടാ… പ്ലീസ് എല്ലാരും പോയാൽ ഞാൻ വീണ്ടും തനിച്ചാകും… അമ്മായിയോട് ഞാൻ പറഞ്ഞോളാം.. ” “ഞാൻ ഇടക്ക് വരാം മോളെ… നീ വാശി പിടിക്കരുത്… ബുക്സ് എല്ലാം വീട്ടിൽ അല്ലേ അതൊക്കെ റെഫർ ചെയ്യണം… കുട്ടികളുടെ എക്സാം… എല്ലാംകൊണ്ടും പോയേ പറ്റുള്ളൂ… ” “മ്മ്… അപ്പോൾ ഇനി എന്നാ വരുന്നത്…??? ” ബുധനാഴ്ച വന്നേക്കാം… എന്നിട്ട് പിന്നെ കല്യാണം കഴിഞ്ഞേ പോകുന്നുള്ളൂ പോരേ… ” “ആഹ്… എങ്കിൽ അത് മതി… ” വൈകുന്നേരം ആയപ്പോളേക്കും അമ്മായിയും അമ്മാവനും ഉണ്ണിയേട്ടനും യാത്ര പറഞ്ഞു പോയി… അമ്മാവൻ നാളെ വരാമെന്നു പറഞ്ഞിട്ടുണ്ട്… അച്ഛന് ഒറ്റയ്ക്ക് എല്ലാം ചെയ്യാൻ പറ്റില്ലല്ലോ… ഒരു സഹായത്തിനു കൂടപ്പിറപ്പുകളായി ആരും ഇല്ലതാനും… വീണ്ടും വീട് ഉറങ്ങി…

അതുവരെ ഉണ്ടായിരുന്ന കളിയും ചിരിയും ബഹളവുമൊക്കെ എവിടെയോ ഓടിഒളിച്ചതു പോലെ… ആകെ ഉള്ള ആശ്വാസം വിഷ്ണുവേട്ടന്റെ കൂടെ കൂടെയുള്ള ഫോൺ വിളികൾ ആയിരുന്നു… എത്രനേരം സംസാരിച്ചാലും ആൾക്ക് മതിയാവില്ല… ഫിർ… ഫിർ(പിന്നെ.. പിന്നെ.. )ന്നു ചോദിച്ചിരിക്കും… ഒടുവിൽ സംസാരിച്ചു സംസാരിച്ചു ഉറങ്ങി പോകുന്നത് പോലും അറിയില്ല… അതുകൊണ്ട് എന്താ രാവിലെ എഴുന്നേൽക്കാൻ വൈകും… പതിവുപോലെ അമ്മയുടെ കയ്യിന്നു കിട്ടും… നാളെ മുതൽ അലാറം വെച്ച് നേരെത്തെ എഴുന്നേൽക്കുമെന്നൊക്കെ ദൃഢ പ്രതിജ്ഞയൊക്കെ എടുക്കും പക്ഷേ എന്തു ചെയ്യാൻ… ചങ്കരൻ എഗൈൻ കോക്കനട്ട് ട്രീ… അച്ഛൻ പറഞ്ഞതനുസരിച്ചു രാവിലെ ബാങ്കിൽ പോയി ലീവ് ആപ്ലിക്കേഷൻ കൊടുത്തു… പെട്ടെന്ന് കല്യാണമെന്ന് കേട്ടപ്പോൾ എല്ലാവർക്കും അത്ഭുതം ആയിരുന്നു… അതും പട്ടാളക്കാരൻ ആണെന്ന് കേട്ടതോടെ ഓഫിസ് ഫുൾ ചിരി ബഹളം ആയി… എല്ലാർക്കും അറിയാരുന്നു പട്ടാളക്കാരോടുള്ള എന്റെ മനോഭാവം… തലേന്ന് തന്നെ എത്തിയേക്കാമെന്ന് എല്ലാരും വാക്ക് തന്നതോടെ ഞാൻ വീട്ടിലേക്കു മടങ്ങി…

പോകുന്ന വഴിയിൽ ആണ് പ്ലസ്ടു വരെ പഠിച്ച സ്കൂൾ… അതിനടുത്താണ് എന്റെ വിദ്യാസാഗറിന്റെ വീട്… എന്റെ എന്ന് പറയാമോ എന്നറിയില്ല… എന്നാലും ഉള്ളിൽ എപ്പോളും എന്റെ സാഗർ… എന്റെ സാഗർ ന്നു തികട്ടി തികട്ടി വരും… അവന്റെ വീടിന്റെ അടുത്ത് എത്തുമ്പോൾ അങ്ങോട്ട്‌ നോക്കരുത് നോക്കരുത് ന്നു എന്റെ മനസ്സ് മന്ത്രിക്കും… പക്ഷേ അനുസരണ ഇല്ലാതെ കണ്ണുകൾ നോട്ടം അങ്ങോട്ട്‌ തന്നെ എത്തിക്കും…. ഒരു വല്ലാത്ത വീർപ്പുമുട്ടൽ ആണെനിക്ക്… പഴയതൊക്കെ ഓർക്കുമ്പോൾ ശ്വാസംഎടുക്കാൻ പോലും പറ്റാതെ ചങ്ക് പിടയുന്നതായി തോന്നും… എല്ലാം വിഷ്ണുവേട്ടനോട് തുറന്നു പറയണം… ഇതായിട്ട് മാത്രം ഒളിച്ചിട്ട് എന്തിനാ… നിറഞ്ഞ കണ്ണുകൾ തുടച്ചുകൊണ്ട് ഞാൻ വണ്ടിയുടെ സ്പീഡ് കുറച്ചു കൂടി കൂട്ടി… തൊട്ടു തൊട്ടില്ലെന്ന മട്ടിൽ ഒരു കാർ എന്നെ കടന്നു പോയി… ഒരുനിമിഷം വണ്ടി ഒന്ന് പാളി… കാലുകുത്താൻ ബാലൻസ് കിട്ടിയില്ല.. ഞാനും വണ്ടിയും മറിഞ്ഞടിച്ചു റോഡിലേക്ക് വീണു… ശരിക്കും പേടിച്ചു പോയി… വീണിടത്തു നിന്നു എഴുന്നേൽക്കാൻ പറ്റിയില്ല… കണ്ണുകൾ അടയുമ്പോൾ പരിചയം ഇല്ലാത്ത ചില മുഖങ്ങൾ ചുറ്റിലും കൂടി നിൽക്കുന്നത് കണ്ടു… ബോധം വരുമ്പോൾ ഞാൻ ഏതോ ഹോസ്പിറ്റലിൽ ആണെന്ന് മനസ്സിലായി…

ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു… “ആഹാ കുട്ടിക്ക് ബോധം വീണോ… പേടിക്കണ്ട കേട്ടോ ഒന്നും പറ്റിയിട്ടില്ല… ” എന്റെ കൈമുട്ടിലേക്ക് മരുന്ന് വെച്ചുകൊണ്ട് നേഴ്സ് പറഞ്ഞു… “ആാാ… ” മുറിവിലേക്കു വെച്ച മരുന്നു നല്ല നീറ്റൽ ഉണ്ടാക്കി… “നീറ്റൽ ഉണ്ടല്ലേ… സാരമില്ല ഇപ്പോൾ അങ്ങ് മാറും… ” ആ നഴ്സിന്റെ സൗമ്യമായ മറുപടി എന്റെ വേദന ഇല്ലാതാക്കുന്നത് പോലെ തോന്നി… “എന്നെ ആരാ സിസ്റ്ററെ ഇവിടെ കൊണ്ടു വന്നത്… ” “കൊണ്ടുവന്ന ആളുകൾ പുറത്തു നിൽപ്പുണ്ട്… കുട്ടിക്കൊന്നും പറ്റിയിട്ടില്ല കേട്ടോ… കൈ മുട്ടിലെ കുറച്ചു തൊലി പോയി അത്രേ ഉള്ളു… പിന്നെ വണ്ടിയിൽ നിന്നും വീണപ്പോൾ നന്നായി പേടിച്ചിട്ടുണ്ട് അതാ ബോധം മറഞ്ഞത് ..” എന്നെ പതുക്കെ ചാരി ഇരുത്തികൊണ്ടാണ് അവർ മറുപടി തന്നത്… സിസ്റ്റർ പുറത്തേക്ക് പോയപ്പോൾ രണ്ട് മൂന്നു ചേട്ടന്മാർ റൂമിലേക്ക്‌ വന്നു… “കുഴപ്പം ഒന്നും ഇല്ലല്ലോ അല്ലേ മോളെ… ” “ഇല്ല… ” അവരാണ് എന്നെ ഹോസ്പിറ്റലിൽ എത്തിച്ചതെന്ന് എനിക്ക് മനസ്സിലായി… “മോളു പാലാഴിയിലെ വിശ്വേട്ടന്റെ… ” “മോളാണ്… പക്ഷെ ദയവ് ചെയ്തു അച്ഛനെ ഒന്നും അറിയിക്കരുത്… ഒരു ഓട്ടോ പിടിച്ചു തന്നാൽ ഞാൻ വീട്ടിൽ പോയിക്കോളാം… വണ്ടി നിങ്ങൾ ആരെങ്കിലും വീട്ടിൽ എത്തിച്ചു തന്നാലും മതി… ”

“മോള് ഓക്കേ ആണെങ്കിൽ കുഴപ്പമില്ല… എന്തായാലും കുറച്ചു നേരം കൂടി റസ്റ്റ്‌ എടുക്കു കേട്ടോ… ഞങ്ങൾ വെയിറ്റ് ചെയ്‌തോളാം… ” “മ്മ്മ്… ഇവിടുത്തെ ബില്ല് എത്രയാ? ” “അതൊക്കെ ദാ ആ സാർ അടച്ചിട്ടുണ്ട്… ” അവർ വിരൽ ചൂണ്ടിയ ഭാഗത്തേക്ക്‌ നോക്കിയ ഞാൻ ആളെ കണ്ടു ശരിക്കും ഞെട്ടിപ്പോയി… പലപ്പോഴും മിന്നായം പോലെ മാത്രം കണ്ടിട്ടുള്ള ആ മുഖം എന്റെ അടുത്തേക്ക് അടുക്കും തോറും… മറക്കാൻ ശ്രമിച്ച പലതും സിനിമ പോലെ മുന്നിൽ തെളിഞ്ഞു വരുന്നുണ്ടായിരുന്നു…. *********** “ഇന്ദു പോയിട്ട് ഒരുപാട് നേരം ആയല്ലോ വിശ്വേട്ടാ…. വിളിച്ചിട്ട് ഫോണും എടുക്കുന്നില്ല… ” “ഓഫീസിലേക്കല്ലേ പോയത്… അവരോടൊക്കെ വിശേഷം പറഞ്ഞു നിൽക്കുന്നുണ്ടാകും… അവൾ ഇങ്ങു വന്നോളും… നീ വെറുതെ ടെൻഷനടിക്കണ്ട ശാരദേ… ” “ആഹ്… ശരി…ഏട്ടാ ” “ഞാൻ ആ കാറ്ററിംഗ്കാരൻ ഗോപാലപിള്ളയുടെ വീട്ടിൽ വരെ ഒന്ന് പോയിട്ട് വരാം… ഇന്നലെ ഫോണിൽ കൂടി സംസാരിച്ചെങ്കിലും നേരിട്ട് പോയി പറഞ്ഞില്ലെങ്കിൽ ശരിയാകില്ല… വരാൻ വൈകും കേട്ടോ… മോള് വന്നാലുടൻ വിളിക്കാൻ പറയണം… ” “മ്മ് വിളിക്കാം ഏട്ടൻ പോയിട്ട് വാ… ” **** അയാൾ എന്റെ അടുത്ത് എത്തിയതും ഞാൻ ഒരു നോട്ടം പോലും കൊടുക്കാതെ എഴുന്നേറ്റു റൂമിനു പുറത്തിറങ്ങി… അവിടെ നിന്ന ചേട്ടന്മാരോട് പറഞ്ഞു…

“ബില്ല് എത്ര ആണെങ്കിലും ഞാൻ തന്നോളാം… എനിക്ക് ഉടനെ വീട്ടിൽ പോകണം… ” അവരുടെ മറുപടിക്ക് കാത്തു നിൽക്കാതെ ഞാൻ വേഗത്തിൽ ഹോസ്പിറ്റലിന്റെ പടവുകൾ ചാടി ഇറങ്ങി… ശരീരമാസകലം വേദനിക്കുന്നുണ്ട്… ഇടയ്ക്ക് കാലു വേച്ചു വേച്ചു പോകുന്നുണ്ട്… പക്ഷെ ഒരു നിമിഷം പോലും ഇനി ഇവിടെ നിൽക്കാൻ എനിക്ക് ആകില്ല… ആ മുഖം… വേണ്ട… ഒരിക്കലും കാണണ്ട… ഓർമ്മകൾ ഒരിക്കലും മരിക്കുന്നില്ലലോ… എന്റെ ഓർമയിൽ അയാൾ ചീത്തയാണ്… ഒരിക്കലും ഒരു നല്ല അച്ഛൻ ആയിരുന്നില്ല അയാൾ… എത്ര തവണ ഞാൻ കണ്ടിരിക്കുന്നു അയാളിലെ ക്രൂര ഭാവം… മനസ്സിൽ നിറഞ്ഞ പിടപ്പോടെ തന്നെ ഞാൻ ഒരു ഓട്ടോയിലേക്കു കയറി ഇരുന്നു… മുൻപ് ഹോസ്പിറ്റലിൽ കണ്ട രണ്ട് ചേട്ടന്മാർ എന്റെ വണ്ടിയുമായി ഓട്ടോക്കു പുറകേ വന്നു… വീടിനു അല്പം മാറ്റിയാണ് ഓട്ടോ നിർത്തിച്ചത്… വണ്ടിയിൽ നിന്നും ബാഗ് എടുത്തു അതിനുള്ളിൽ ഉണ്ടായിരുന്ന ക്യാഷ് കൂടെ വന്ന ചേട്ടന്മാരുടെ കൈയിൽ വെച്ചു കൊടുത്തു… പക്ഷേ അവർ അത് വാങ്ങാൻ കൂട്ടാക്കിയില്ല… ഓട്ടോക്കാരന് ക്യാഷ് കൊടുത്തു വണ്ടി പതുക്കെ തള്ളി ഞാൻ പോർച്ചിൽ കയറ്റി… വണ്ടിയുടെ ലെഫ്റ്റ് ഇൻഡിക്കേറ്റർ പോയിട്ടുണ്ട്… ആ സൈഡ് ഫുൾ പോറലും വീണു…

കാർ കാണാഞ്ഞത്കൊണ്ടു തന്നെ അച്ഛൻ വീട്ടിൽ ഇല്ലെന്ന് മനസിലായി … അത് ഒരല്പം ആശ്വാസം തന്നു… അമ്മ കിച്ചണിൽ ആകും… ഞാൻ പതിയെ വാതിൽ തുറന്നു അകത്തു കയറി… മുകളിലെ റൂമിൽ എത്തിയിട്ട് അമ്മ കേൾക്കാൻ ഉറക്കെ വിളിച്ചു… “അമ്മേ…. ഞാൻ വന്നു കേട്ടോ… ” “വണ്ടിയുടെ സൗണ്ട് കേട്ടില്ലലോ മോളെ… ഡ്രസ്സ്‌ മാറിയിട്ട് വാ അമ്മ കഴിക്കാൻ എടുത്ത് വെക്കാം… ” “ഓഹ് വേണ്ട അമ്മേ… ഞാൻ കഴിച്ചു… വെയിൽ കൊണ്ടതുകൊണ്ട് നല്ല തലവേദന ഉണ്ട്… ഞാൻ ഒന്ന് കിടക്കുവാ കേട്ടോ… ” “ആഹ്ഹ്… അച്ഛനോട് ഒന്ന് വിളിച്ചു പറഞ്ഞേക്ക് മോളെ തിരക്കി ഇരിക്കുവായിരുന്നു… ” “അമ്മ അങ്ങ് വിളിച്ചു പറ കേട്ടോ… പ്ലീസ്… ” “മ്മ്… എന്നാൽ മോള് കിടന്നോ… ” ഭാഗ്യം രക്ഷപെട്ടു… ഞാൻ റൂമിലേക്ക്‌ കയറി വാതിൽ അടച്ചു… വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു… ഫോൺ എടുത്തു നോക്കിയപ്പോൾ വിഷ്ണുവേട്ടന്റെയും അച്ഛന്റെയും അമ്മയുടെയൊക്കെ കുറേ മിസ്സ്ഡ് കാൾ കിടക്കുന്നു… ആരെയും തിരിച്ചു വിളിക്കാൻ തോന്നിയില്ല… ഉണ്ണിയേട്ടനെ ഉടൻ തന്നെ കാണണമെന്ന് തോന്നി… ഫോൺ എടുത്തു ഉണ്ണിയേട്ടനെ വിളിച്ചു…

“ഹലോ… പറ മോളെ… ” “പെട്ടെന്ന് ഇങ്ങോട്ട് വരുവോ ഉണ്ണിയേട്ടാ… എനിക്ക് കാണാൻ തോന്നുന്നു… ആകെ ഭ്രാന്ത് പിടിക്കുവാ… പെട്ടെന്ന് വായോ… ” ഉണ്ണിയേട്ടൻ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ ഫോൺ കട്ട്‌ ചെയ്തു… വയ്യ… തലപൊട്ടി പൊളിയുന്നത് പോലെ… തലയാകെ ചൂട് പിടിക്കുന്നു… വാഷ് റൂമിൽ കയറി വെള്ളം തുറന്നിട്ട്‌ ഷവറിനു താഴെ ജഡം കണക്കെ നിന്നു… എന്തോ കുഴപ്പം ഉണ്ടല്ലോ… അല്ലെങ്കിൽ ഉടൻ തന്നെ കാണണമെന്ന് ഇന്ദു ഇങ്ങനെ വാശി പിടിക്കില്ല… അവളുടെ സൗണ്ട് ആകെ നേർത്തതു പോലെ തോന്നി എനിക്ക്… പിന്നെ ഒരു നിമിഷം പോലും കളയാതെ ഞാൻ അവിടേക്കു തിരിച്ചു… വണ്ടിയുടെ സ്റ്റാൻഡ് പോലും നേരെ ചൊവ്വേ തട്ടാതെ ഓടി വീടിനുള്ളിലേക്ക് കയറി… സൗണ്ട് കേട്ടു അപ്പച്ചി ഓടി വന്നു… “ആഹാ ഉണ്ണിമോൻ ആയിരുന്നോ… പുറത്തു ശബ്ദം കേട്ടത് എന്താ? ” ” സ്റ്റാൻഡ് നേരെ തട്ടാത്തതുകൊണ്ടു വണ്ടി മറിഞ്ഞു വീണതാ അപ്പച്ചി… എവിടെ ഇന്ദു എവിടെ? ” “അവള് മുകളിൽ ഉണ്ട്… തലവേദന ആണെന്ന് പറഞ്ഞു കിടക്കുന്നു… ” തലവേദനയോ… ഞാൻ മുകളിലേക്കു ഓടിക്കയറി… റൂമിൽ ഒന്നും അവളെ കണ്ടില്ല… വാഷ് റൂമിൽ വെള്ളം വീഴുന്ന സൗണ്ട് കേട്ടു നോക്കിയപ്പോൾ ഷവറിനു കീഴിൽ നിന്നു വിറയ്ക്കുന്ന ഇന്ദുവിനെ ആണ് കണ്ടത്…

“അയ്യോ… എന്താ മോളെ ഇത്… ഇങ്ങനെ നനഞ്ഞാൽ പനി പിടിക്കില്ലേ… ” അവളെ അവിടെ നിന്നും വലിച്ചു മാറ്റി ഞാൻ ടൗവൽ എടുത്തു തല നന്നായി തുവർത്തി…. “എന്തൊക്കെയാ മോളെ ഇത്… ഒട്ടും ബോധം ഇല്ലേ നിനക്ക്… പെട്ടെന്ന് എന്താ പറ്റിയത് ഏട്ടന്റെ കുട്ടിക്ക്… ” “അത്… ഉണ്ണിയേട്ടാ… അയാൾ… അയാളെ ഞാൻ ഇന്ന് കണ്ടു… ” “ആരെ?? ” “സാഗറിന്റെ അച്ഛൻ… അയാൾ… എന്റെ അടുത്ത് വന്നു… ” “എന്തിനു… എന്നിട്ട് മോൾ അയാളെ എന്തെങ്കിലും പറഞ്ഞോ… ” “ഇല്ല… എനിക്ക് ആ മുഖം കാണണ്ട… ഞാൻ ഇറങ്ങി ഓടി… ” ഈശ്വരാ… ഇവളിത് എന്താ പിച്ചും പേയും പറയുവാണോ… ഒന്നും അങ്ങോട്ട്‌ മനസ്സിലാകുന്നതും ഇല്ലല്ലോ… ഇവളാണേൽ ഈയലു പോലെ നിന്നു വിറയ്‌ക്കുകയും ചെയ്യുന്നു… “ആഹ് പോട്ടെ… ഏട്ടൻ വന്നില്ലേ… മോളു ഈ നനഞ്ഞ ഡ്രസ്സ്‌ എല്ലാം മാറ്റിയിട്ടു വാ… എന്നിട്ട് സംസാരിക്കാം… ” “മ്മ് ” അവൾ വീണ്ടും വാഷ് റൂമിനുള്ളിലേക്കു കയറിയപ്പോളാണ് ഞാൻ വീണ്ടും സാഗറിനെക്കുറിച്ചു ആലോചിച്ചത്… നിഷ്കളങ്കമായ നോട്ടത്തിലൂടെ ആരെയും ആകർഷിക്കാൻ കഴിയുന്നവൻ… ഇന്ദുവിന്റെ സഹപാഠി… അതിനും അപ്പുറം എന്റെ ഇന്ദുവിന് ആദ്യമായി ഇഷ്ടം തോന്നിയ… ഞാൻ ആദ്യമായി അളിയൻ എന്നു വിളിച്ചവൻ… സാഗർ… വിദ്യാസാഗർ… ഞാൻ പതിയെ ആ പേര് ഉരുവിട്ടു കൊണ്ടേ ഇരുന്നു…

“ഏട്ടാ… ” ഇന്ദുവിന്റെ വിളി എന്നെ ഓർമയിൽ നിന്നും ഉണർത്തി… “മോള് കുറച്ചു നേരം കിടക്കു… ” “ഉണ്ണിയേട്ടൻ എങ്ങും പോകല്ലേ… എന്റെ അടുത്ത് തന്നെ ഇരിക്കണേ… എനിക്ക് സംസാരിക്കണം… ” “മ്മ് പോകില്ല… ” എന്റെ തോളിലേക്ക് തല ചായ്ച്ചു അവൾ ബെഡിലേക്കു ഇരുന്നു… “ദേ ഇത് കണ്ടോ ഉണ്ണിയേട്ടാ… ഓഫിസിൽ പോയിട്ട് വന്നപ്പോൾ വണ്ടിയിൽ നിന്നും വീണതാ… ” കൈമുട്ടിലെ മുറിവ് കാണിച്ചു കൊണ്ടു അവൾ പറഞ്ഞു… “അയ്യോ.. ഇതെങ്ങനെ… ” ഓഫിസിൽ പോയതും വന്നതും സംഭവിച്ചതുമെല്ലാം ഞാൻ ഉണ്ണിയേട്ടനോട് വിവരിച്ചു പറഞ്ഞു… വാക്കുകൾക്കു വിറയൽ ഉണ്ടാകുന്നന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… എല്ലാം കേട്ടു കഴിഞ്ഞപ്പോൾ ഞാൻ ഇന്ദുവിനെ ഒന്ന് ചേർത്ത് പിടിച്ചു… “എന്തിനാടാ ഇങ്ങനെ പേടിക്കുന്നത്… കഴിഞ്ഞതൊക്കെ മറക്കാൻ എത്രയോ തവണ ഏട്ടൻ പറഞ്ഞിട്ടുള്ളതാ… ആ മനുഷ്യനെ പേടിക്കുകയും വെറുക്കുകയും ഒന്നും വേണ്ട… ” “എനിക്ക് ഇഷ്ടം അല്ല അയാളെ… ഇന്ന് നേരിൽ കണ്ടപ്പോൾ ജീവൻ പോകുന്നത് പോലെ തോന്നി…

” എത്ര പറഞ്ഞു തിരുത്തികൊടുത്താലും ഇന്ദുവിന്റെ മനസ്സിൽ അയാളൊരു കടുവ ആണ്… ഈ ലോകത്ത് അവൾ ഏറ്റവും കൂടുതൽ വെറുക്കുന്നത് അയാളെ ആണ്… അതിനു അവളുടേതായ കാരണങ്ങളും ഉണ്ട്… അതൊക്കെ മാറിയാലേ എന്റെ പഴയ ഇന്ദൂട്ടിയെ എനിക്ക് തിരികെ കിട്ടുള്ളു… “പോട്ടെ സാരമില്ല… ഇനി അതൊന്നും ഓർക്കണ്ട കേട്ടോ… ഇപ്പോൾ മോളെ കാത്തിരിക്കുന്ന…മോളുടെ സ്നേഹം കൊതിക്കുന്ന ഒരാൾ ഉണ്ട്… വിഷ്ണു… അത് മാത്രം ഓർത്താൽ മതി… ” “വിഷ്ണുവേട്ടനോട് എനിക്ക് ഇതെല്ലാം തുറന്നു പറയണം ഏട്ടാ… അല്ലെങ്കിൽ ഇതുപോലെ ഇനി അയാളെ കാണേണ്ടി വന്നാൽ ഞാൻ പരിസരം മറന്നു പെരുമാറിയാൽ… തീരില്ലേ എല്ലാം… ” “ആഹ് അതിനെന്താ… പറയണം… കല്യാണമൊക്കെ കഴിഞ്ഞു നിങ്ങളുടെ സ്വപ്നങ്ങൾ പങ്ക് വെയ്ക്കുന്ന സമയത്ത് ഒരു കഥ പോലെ എല്ലാം മോളു വിഷ്ണുവിനോട് പറയണം… ഒരുമിച്ചുള്ള ജീവിതത്തിൽ പരസ്പരം ഒരു മറ ഇല്ലാത്തത് ആണ് നല്ലത്… ” “മ്മ്… ” “മോള് കുറച്ചു നേരം കിടന്നോളു… എന്നിട്ട് പഴയതെല്ലാം മറന്നു എന്റെ പഴയ ഇന്ദു ആയി വേണം എഴുന്നേൽക്കാൻ കേട്ടല്ലോ… ” “മ്മ്… അവൾ പതിയെ കണ്ണുകൾ അടച്ചു… ഞാൻ പതിയെ അവളുടെ നെറുകയിൽ തലോടി ഇരുന്നു… എല്ലാം മറന്നു അടുത്ത പുലരിയെ സന്തോഷത്തോടെ വരവേൽക്കാൻ ഈശ്വരൻ എന്റെ ഇന്ദുവിനെ സഹായിക്കട്ടെ… (തുടരും )