17/04/2026

വധു : ഭാഗം 33

രചന – ആയിഷ അക്ബർ

എല്ലാവരും ഒരുമിച്ചിരുന്നു കഴിക്കുന്ന അവസാനത്തെ അത്താഴമാണിതെന്ന് അറിയുന്നത് കൊണ്ട് തന്നെ ബാലക്ക് തൊണ്ടയിൽ നിന്നിറങ്ങുന്നില്ലായിരുന്നു…

അവൾ അവനിലേക്കൊന്ന് നോക്കി….

അവന്റെ മുഖത്തും ഒരു തരം മൂഖത പരന്ന് കാണാം…..

അവളൊരു നിമിഷം അവനെ നോക്കിയിരുന്നു…..

നെറ്റിയിലേക്ക് വീണു കിടക്കുന്ന നീളൻ മുടി അവൻ ഇളകുന്നതിനനുസരിച് ആടി കളിക്കും പോലെ….

പൌരുഷം നിറഞ്ഞ മുഖം…..

എന്ത് ഭംഗിയാ അവനെ കാണാൻ….

ഏത് പെണ്ണും ആഗ്രഹിക്കുന്ന ഒരു പുരുഷൻ….

പക്ഷെ ആ മുഖത്തും എന്തോ വല്ലാത്തൊരു പ്രയാസം അവനെ അലട്ടുന്നത് പോലെ…..

എന്തായിരിക്കും അത്……

തന്റെ മനസ്സിൽ അവനോട് തോന്നിയ ആ ഇഷ്ടം അവന് തന്നോടും ഉണ്ടെന്ന് തനിക്ക് വ്യക്തമായറിയാൻ….

പക്ഷെ…. എന്തോ ഒന്ന് തന്നിൽ നിന്നവനെ അകറ്റി നിർത്തുന്നു…..

എന്തായിരിക്കാം അത്……

മോളെന്താ സായുവിനെ ആദ്യമായിട്ട് കാണും പോലെ നോക്കിയിരിക്കുന്നത്…..
ഭക്ഷണം കഴിക്…..

മുത്തശ്ശി ചെറു ചിരിയോടെ അത് പറയുമ്പോഴാണ് സായുവടക്കം എല്ലാവരും അവളിലേക്ക് ശ്രദ്ധിക്കുന്നത്….

അവനൊരു നിമിഷം അവളുടേ കണ്ണുകളിലേക്ക് നോക്കി….

തന്റെ കൂടെ അവൾ ഇവിടെ വരുമ്പോൾ ആരോടൊക്കെയോ ഉള്ള ഭയവും നിഷ്കളങ്കതയും ആയിരുന്നു ആ മുഖത്ത് മുഴുവൻ……

എന്നാൽ….
ഇന്ന് വറ്റി തീരാത്ത അത്രയും കണ്ണ് നീർ അവൾ ഒളിപ്പിച്ചു വെക്കുന്നു…

തന്നോടുള്ള അടങ്ങാത്ത പ്രണയവും ആ കണ്ണുകളിൽ തിരയടിക്കുന്നുണ്ട്….

അവന് വല്ലാത്തൊരു വേദന തോന്നി…

നാളെയിപ്പോ ഈ സമയത്ത് നിങ്ങളിറങ്ങിയിട്ടുണ്ടാവും അല്ലേ…..

മുത്തശ്ശനത് ചോദിച്ചതും അവളുടേ നെഞ്ചോന്ന് പിടച്ചു….

അതേ… അത് തന്റെ എന്നന്നേക്കുമുള്ള പടിയിറക്കമാണെന്ന് അവൾക്കറിയാമായിരുന്നു….

ഇനി ഇത് വരെയുള്ള പോലെ യാവരുത്…. ഇടയ്ക്കിടെ വന്നോളണം രണ്ട് പേരും….

മുത്തശ്ശന്നതും കൂടി പറഞ്ഞതും അവൾ ദയനീയമായി അവനിലേക്കൊന്ന് നോക്കി…..

അവൻ നോവോടെ ഒന്ന് പുഞ്ചിരിച്ചു…..

രാത്രി കിടക്കുമ്പോഴും രണ്ട് പേരെയും നിദ്ര തലോടിയിരുന്നില്ലാ….

അവൻ മുകളിലും അവൾ താഴെയും കണ്ണ് മിഴിചങ്ങനെ കിടന്നു….

ഇരുവരുടെയും ഹൃദയം എന്തിനോ പിടച്ചു……

കണ്ണ് നീർ കവിളുകളെ തലോടി കൊണ്ടിരുന്നു….

അവരുടെ മനസിന്റെ നോവറിഞ്ഞിട്ടോ എന്തോ ആ രാത്രി ആകാശത്തു കാർ മേഘങ്ങൾ ഉരുണ്ടു കൂടി….

ദൂരെ നിന്നെങ്ങോ വന്ന തണുത്ത കാറ്റ് അവരെ തഴുകി കടന്നു പോയി….

വേനൽ മഴ വലിയൊരു ശബ്‍ദത്തോടെ ഭൂമിയിലേക്ക് പതിച്ചു…..

ഓട്ടിൻ പുറത്തേക്ക് വീഴുന്ന ശക്തിയേറിയ തുള്ളികളുടെ ശബ്ദം അലോസരം സൃഷ്ടിച്ചപ്പോഴാണ് സായു ഒന്നെഴുന്നേറ് ജനലിലൂടെ എത്തി നോക്കിയത്……

ഗേറ്റിലെ വെളിച്ചത്തിൽ അവൻ കണ്ടിരുന്നു ശക്തിയായി ഭൂമിയിലേക്ക് വീഴുന്ന ഐസ് കട്ടകളെ…

ഏയ്…. നീ എഴുന്നേൽക്ക്….

അവൻ പെട്ടെന്നത് പറഞ്ഞതും തിരിഞ്ഞു കിടന്നു കരയുക യായിരുന്ന അവൾ അവനിലേക്ക് നോക്കി….

അവൻ പെട്ടെന്നവളുടെ കൈ പിടിച്ചു കൊണ്ട് വേഗത്തിൽ ആ വരാന്തയിലൂടെ ഓടി…..

അവൾക്ക് എന്തെന്ന് മനസ്സിലായില്ലെങ്കിലും അവന്റെ കൈ ചൂടിൽ അവൾ ഒതുങ്ങി പോയിരുന്നു….

അവൻ കോണിപ്പടികളിലൂടെ ശബ്ദമുണ്ടാക്കാതെ അവളെയും കൂട്ടിയിറങ്ങി….

മുറ്റത്തെത്തിയതും പെയ്യുന്ന മഴയിലേക്ക് അവനങ്ങനെ നോക്കി നിന്നു…..

പക്ഷെ അവളുടേ കണ്ണുകളപ്പോഴും അവനിലായിരുന്നു……

അവൻ അവളിലേക്കൊന്ന് നോക്കി……

താൻ…. ആലിപ്പഴം വീഴുന്നത് കണ്ടിട്ടുണ്ടോ….

അവൻ പെട്ടെന്നത് ചോദിച്ചതും അവൾ ഏതോ ഓർമയിൽ നിന്ന പോലൊന്നുണർന്നു….

അവൻ മുറ്റത്തേക്ക് നോക്കി….

അവന്റെ കണ്ണുകൾ നീങ്ങിയ ദിശയിലേക്ക് അവളുടേ മിഴികളും ചലിച്ചു……

ചുറ്റുമുള്ള ബൾബുകളുടെ വെളിച്ചത്തിൽ താഴേക്ക് വീഴുന്ന ആലിപ്പഴം അവൾ വ്യക്തമായി കണ്ടിരുന്നു…

അവളുടേ കണ്ണുകളിൽ വിരിഞ്ഞ കൗതുകം അവനൊരു നിമിഷം ആസ്വദിച്ചു…..

എല്ലാവരും ഉറക്കത്തിലാവും….. ശല്യപ്പെടുത്തേണ്ട അല്ലേ…

അവൻ അകത്തേക്ക് നോക്കി അഭിപ്രായതിനെന്ന വണ്ണം അത് പറഞ് അവളെ നോക്കുമ്പോഴും അവളുടേ കണ്ണുകൾ മുറ്റത്തായിരുന്നു…..

അവനൊരു പുഞ്ചിരിയോടെ ഏറ്റവും താഴെയുള്ള തിണ്ണയിലേക്കിറങ്ങി നിന്നു…

കൈ മഴയിലേക്ക് നീട്ടി പിടിച്ചു…..

കൈകളിൽ വന്നു വീണ ആലിപ്പഴം അവൻ പിറകിലായി നിൽക്കുന്ന അവളിലേക്ക് നീട്ടിയതും അവൾ അവനിലേക്ക് ഇറങ്ങി വന്നു അവന് നേരെ കൈ നീട്ടി….

അവൻ ഒരു ചിരിയോടെ അതവളുടെ കയ്യിലേക്ക് വെച്ചു കൊടുത്തു…..

കയ്യിനെ തഴുകിയ തണുപ്പ് ഒരു നിമിഷം ഹൃദയത്തിലേക്കും പടർന്നിരുന്നെങ്കിൽ എന്നവൾ അതിയായി ആഗ്രഹിച്ചിരുന്നന്നേരം…..

അല്പ നേരം അവരാ കാഴ്ച കണ്ടങ്ങനെ നിന്നു…..

ആലിപ്പഴം നിലച്ചതും മഴയുടെ ശക്തിയും കുറഞ്ഞിരുന്നു….

സായു പെട്ടെന്ന് മുറ്റത്തേക്കിറങ്ങി….

വലുതല്ലെങ്കിലും ചെറിയ തുള്ളികൾ അവന്റെ ഷർട്ടിനെ നനക്കുന്നുണ്ട്…..

അവൻ നിലത് വീണു കിടക്കുന്ന ആലിപ്പഴം ഓരോന്നായി പെറുക്കി എഴുന്നേറ്റതും തന്റെ തൊട്ട് പിറകിൽ നിൽക്കുന്ന അവളെ കണ്ടോന്ന് ഞെട്ടി….

വാ….. മഴ കൊള്ളേണ്ട…..

അതും പറഞ് അവൻ അകത്തേക്ക് കയറാൻ തുടങ്ങുമ്പോഴും അവളാ മഴയത് തന്നെ നിൽക്കുകയാണ്….

അകത്തേക്ക് കയറേടോ… ഈ മഴ കൊണ്ട് നിന്നാൽ പനി വരില്ലേ….

വീണ്ടും അവൻ വിളിച്ചു പറഞ്ഞപ്പോഴും അവൻ അവൾക്ക് നേരെ തിരിഞ്ഞത് പോലുമില്ല….

അവൻ വീണ്ടും മുറ്റത്തേക്കിറങ്ങി ചെന്നു…

നിന്നോടല്ലെ പറയുന്നത്….
ഈ മഴയിങ്ങനെ നിന്ന് കൊണ്ട് വല്ല…..

എനിക്കെന്ത് വന്നാലും നിങ്ങൾക്കെന്താ……

അവൻ പറഞ് മുഴുവനാക്കും മുന്പേ അവൾ ദേഷ്യത്തോടെ അത് ചോദിച്ചതും അവനൊന്നു പകച്ചു പോയിരുന്നു….

ഞാൻ… ഞാൻ നിങ്ങൾക്ക് ആരുമല്ല….. വെറുമൊരു വാടക നടിയാണ്….
അതും ഇന്നൊരു രാത്രിയും കൂടി മാത്രം…..

അതു പറഞ്ഞപ്പോഴേക്കും അവളുടേ കണ്ണുകൾ നിറഞ്ഞു തുടങ്ങിയിരുന്നു….

സായു വിനെന്ത് പറയണമെന്ന് പോലുമറിയില്ലായിരുന്നു….

അവൻ ദയനീയമായി അവളെ നോക്കി…..

അപ്പോഴും മഴ തുള്ളികൾ ഇരുവരെയും ആലിംഗനം ചെയ്യുന്നുണ്ടായിരുന്നു….

എന്നോടുള്ള വാശിക്ക് സ്വയം നശിക്കുകയല്ല വേണ്ടത്….

അവൻ അല്പം ദേഷ്യത്തോടെയാണ് അവളെ നോക്കിയത് പറഞ്ഞത്…..

വാശിയോ…. എനിക്കോ….

അവളുടേ വാക്കുകൾ ആർദ്രമായി….

മാറ്റാരോടും ഇത് വരെ തോന്നാത്ത എന്തോ വികാരമാണ് എനിക്ക് നിങ്ങളോട്……
നിങ്ങളില്ലാതെ ഒരു നിമിഷം പോലും മുമ്പോട്ട് ജീവിക്കാൻ പറ്റില്ലെന്നൊരു അവസ്ഥ….

അതിനാണോ പ്രണയം എന്ന് പറയുന്നത്……

അവളൊരു ചോദ്യ ഭാവത്തോടെ അവനെ നോക്കി….

അവൻ ഒരു ഉരുകലോടെ അവളെ നോക്കി നിൽക്കുകയായിരുന്നു….

നാളെ നമ്മൾ പിരിയാൻ പോകുകയല്ലേ….
എനിക്കറിയാം നിങ്ങൾക്ക് ഞാൻ ആരായിരുന്നെന്ന്….

എന്നോട് മനസ്സിൽ ചെറിയൊരു ഇഷ്ടമെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയാനുള്ള കരുണ യെങ്കിലും എന്നോട് കാണിച് കൂടെ…..

ഇനിയുള്ള ജീവിതം ആ ഒരു വാക്കിനു മേൽ ഞാൻ ജീവിച്ചു തീർത്തോളാം….

അവളത് പറഞ് തന്നെ നോക്കുമ്പോൾ മഴത്തുള്ളികളെക്കാൾ ശക്തിയായി അവളുടേ മിഴികൾ പെയ്യുന്നത് അവൻ കണ്ടിരുന്നു…..

അവൻ കണ്ണുകൾ ഇറുക്കെയൊന്ന് ചിമ്മി തുറന്നു …

പിന്നീട് അവളുടേ കൈ പിടിച്ചവളെ തന്റെ നെഞ്ചിലേക്ക് ചേർത്ത് പിടിച്ചു….

അവളൊരു നിമിഷം സംഭവിച്ചതെന്തെന്നറിയാതെ അങ്ങനെ നിൽക്കുകയാണ്….

അവനെ വലയം ചെയ്യാൻ പോലും മറന്ന്……

അവൻ മുഖം അവൾക്ക് നേരെ താഴ്ത്തി….

നീ പറഞ്ഞത് പോലെ ചെറിയൊരു ഇഷ്ടമല്ല….
ഈ ലോകത്ത് മറ്റെന്തിനേക്കാളും ഞാൻ നിന്നെ സ്നേഹിക്കുന്നു ശ്രീ……

അവന്നതും പറഞ് അവന്റെ അധരങ്ങൾ അവളുടേ നെറ്റിയിൽ പതിപ്പിച്ചു….

അവന്റെ കണ്ണുകളിൽ നിന്നടർന്നു വീഴുന്ന കണ്ണ് നീരിന്റെ ഉപ്പു രസം അവളുടേ ചുണ്ടുകളിലും പടർന്നിരുന്നു…..

അവളൊരു ഞെട്ടലോടെ അങ്ങനെ നിൽക്കുകയാണ് അപ്പോഴും…..

അറിയാമായിരുന്നു അവന് താൻ ആരൊക്കെയോ ആയി മാറിയിട്ടുണ്ടെന്ന്….
എന്നാൽ അവന്റെയെല്ലാമായി മാറിയിട്ടുണ്ടെന്ന് അറിഞ്ഞിരുന്നില്ല….

അവളൊന്ന് കൂടി അവന്റെ നെഞ്ചിലേക്ക് പറ്റി കിടന്നു….

അവനും അവളെ ചേർത്ത് പിടിച്ചു…..

നഷ്ടപ്പെട്ട എന്തോ ഒന്ന് തിരിച്ചു കിട്ടിയത് പോൽ അവളവനെ ചുറ്റി പിടിച്ചു…
ഇനിയൊരിക്കലും കൈ വിടില്ലെന്ന പോൽ….

എന്നാൽ അവൻ അവളെ പതിയേ ഒരു കൈ കൊണ്ടടർത്തി മാറ്റി….

നീ എന്നോട് ആവശ്യപ്പെട്ടത് നിന്നോട് എന്തെങ്കിലും ഇഷ്ടം തോന്നിയിട്ടുണ്ടെങ്കിൽ അത് തുറന്ന് പറയണമെന്നായിരുന്നു…… അത് ഞാൻ നടത്തി തന്നു….
അത് പോലെ ഞാൻ ആവശ്യപ്പെടുന്ന കാര്യം നീയും സമ്മതിച്ചു തരണം….
പറ്റുമോ……

അവനത് ചോദിക്കുമ്പോൾ വാക്കുകളിൽ നനവൂറി നിന്നിരുന്നു….

അവൾ എന്തെന്ന ഭാവത്തിൽ അവനെ നോക്കുമ്പോഴും അത് വരെയുള്ള അവന്റെ ചേർത്ത് പിടിക്കൽ നൽകിയ സന്തോഷത്തിന്റെ തിളക്കം അവളുടേ കൺ പീലികളിൽ തിളങ്ങി നിന്നിരുന്നു…….

ഇനി മുമ്പോട്ടുള്ള ജീവിതത്തിൽ നീയെന്നെ ഓർക്കുക പോലും ചെയ്യരുത് ….
ഈ വിവാഹവും എന്നെയും എല്ലാം ഒരു സ്വപ്നമായി കണ്ട് മറക്കണം…..

അവനത് പറഞ്ഞതും ഒരു ഞെട്ടലോടെ അവൾ അവനിൽ നിന്നും അല്പം അകന്ന് നിന്നു…..

നീയെന്നെ എത്ര സ്നേഹിച്ചാലും അതിനേക്കാൾ ഞാൻ നിന്നെ സ്നേഹിച്ചാലും നമ്മോളൊരുമിക്കുക എന്നത് മാത്രം നടക്കില്ല….

എന്നേ ഓർത്ത് നീ നിന്റെ ജീവിതം ഇല്ലാതാകരുതെന്ന് മാത്രമേ എനിക്ക് നിന്നോട് പറയാനുള്ളൂ……

അതും പറഞ്ഞവൻ അകത്തേക്ക് കയറി പോകുമ്പോൾ ഒരു ശില കണക്കെ അവളങ്ങനെ നിന്നു പോയി….

അവനെ തന്നിൽ നിന്നകറ്റുന്ന ആ കാര്യങ്ങൾ എന്തെന്നറിയാതെ……

(തുടരും)