രചന : ശ്രീനിധി
“അപ്പോ നിങ്ങള് അറിഞ്ഞുവച്ചുകൊണ്ട് ഇവളെ എന്റെ അനിയന്റെ തലയിൽ കെട്ടിവച്ചതാണല്ലേ ” എല്ലാം കേട്ട് പുറത്തേക്ക് വന്ന നിമിഷ വേണുവിനോട് ചോദിച്ചു.മറുപടി പറയാനാവാതെ വേണുവിന്റെ ശിരസ്സ്കുനിഞ്ഞു.”നിങ്ങൾക്ക്നഷ്ടപ്പെടാനൊന്നുമില്ലല്ലോ, നഷ്ടം എനിക്കും എന്റെ അമ്മക്കുമല്ലേ, നിങ്ങളൊക്കെ ഒരു മനുഷ്യനാണോ ”
നിമിഷ വേണുവിന്റെ നേരെ തട്ടി കയറി. നിമ്മി എന്താ ഇവിടെ ” മുറിയിൽനിന്നും രാധാമണി പുറത്തേക്ക് വന്നു.മകന്റെ മരണത്തിൽ ആ അമ്മ പാടെ തകർന്ന് പോയിരുന്നു, ഭർത്താവിന്റെ വിയോഗത്തിന് ശേഷവും മക്കളെ ചിറകിനടിയിൽ ഒളിപ്പിച്ചു, ജീവിതം തുഴഞ്ഞു നീങ്ങിയത് മക്കൾക്ക് വേണ്ടായിരുന്നു, അന്ന് തനിക്ക് താങ്ങും തണലുമായ മകനെയാണ് ആ അമ്മക്ക് ഇന്ന് നഷ്ടമായത്.
രാധാമണി ഹാളിലേക്ക് വന്നു, എല്ലാവരും ഹാളിൽ തന്നെ ഉണ്ടായിരുന്നു. അമ്മ ഇത് കേട്ടില്ലേ, ഇവൾക്ക് ജാതകദോഷമുണ്ടായിരുന്നു, അത് മറച്ച് വച്ചിട്ടാണ് ഇവര് കണ്ണനെ കൊണ്ട് ഇവളെ വിവാഹം കഴിപ്പിച്ചത്, ഇവര് കാരണമാണ് നമുക്ക് നമ്മുടെ കണ്ണനെ നഷ്ടമായത് ” നിമ്മി കണ്ണിരോടെ പറഞ്ഞു.വേണു അപ്പോഴും തലയുയർത്താതെ അങ്ങനെ തന്നെ നിൽക്കുകയായിരുന്നു, അദേഹത്തിന്റെ കണ്ണുകളിൽനിന്നും ജലകണങ്ങൾ താഴേക്ക് പതിച്ചുകൊണ്ടിരുന്നു.” മതി…….നിർത്ത്…….. ” രാധാമണി പറഞ്ഞു.നിമ്മി അവരെ അതിശയത്തോടെ നോക്കി.
” ഇവിടെ ആരും ഒന്നും മറച്ചുവച്ചിട്ടില്ല, വേണു മാഷ് എല്ലാം കണ്ണനോട് തുറന്ന് പറഞ്ഞ് , ഈ വിവാഹത്തിൽ നിന്നും പിന്മാറിയതാണ്.കണ്ണനാണ് അദ്ദേഹത്തെ നിർബന്ധിച്ചതും, ഈ വിവാഹം നടത്താൻ അപേക്ഷിച്ചതും ” രാധാമണിയുടെ ശബ്ദം കേട്ടതും വേണു തലയുയർത്തി അവരെ നോക്കി. അമ്മ എന്തൊക്കെയാണ് ഈ പറയുന്നത് ” നിമ്മി തിരക്കി.” മാഷ് കണ്ണനോട് സംസാരിച്ചതൊക്കെ കണ്ണൻ എന്നോട് പറഞ്ഞിരുന്നു, എന്റെ അനുവാദത്തോടെയും സമ്മതത്തോടെയുമാണ് കണ്ണൻ മാഷിനെ ഈ വിവാഹത്തിന് നിർബന്ധിച്ചത്.
എന്റെ മകൻ മരിച്ചത് നേത്രയേ വിവാഹംചെയ്തതുകൊണ്ടാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല, എന്റെ കുട്ടിക്ക് അത്ര മാത്രേ ആയുസ്സ് ദൈവം കൊടുത്തിട്ടുള്ളു, ഇതിന്റെ പേരിൽ ഈ കുട്ടിയേയും മാഷിനെയും ആരും കുറ്റപ്പെടുത്തണ്ട ” രാധാമണി പറഞ്ഞു.
” അമ്മക്ക് എല്ലാം അറിയാമായിരുന്നുവെങ്കിൽ അമ്മ എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചത്, അന്ന് തന്നെ ഇത് വേണ്ടെന്ന് വച്ചുടായിരുന്നോ…..?
അമ്മ പറഞ്ഞാൽ അവൻഅനുസരിക്കുമായിരുന്നല്ലോ ” നിമ്മി ചോദിച്ചു.എന്റെ മകൻ എന്നോട് ഒരു ഇഷ്ടം പറഞ്ഞു,ജീവിതത്തിൽ ഇന്നുവരെ അവനുവേണ്ടി അവൻ ഒന്നും ചെയ്തിട്ടില്ല, എന്നോട് ഒന്നും ആവിശ്യപെട്ടിട്ടില്ല, അവന് ഒരു അമ്മയുടെ സ്ഥാനത്ത് നിന്ന് ഞാൻ ചെയ്തു കൊടുക്കണ്ടതുപോലും അവൻ സ്വയമാണ് ചെയ്തിട്ടുള്ളത്, അതുകൊണ്ട് എന്റെ കുട്ടിയുടെ ഇഷ്ടം ഞാൻ അംഗീകരിച്ചു.എനിക്ക് ഈ ജാതകത്തിലും ദോഷത്തിലും ഒന്നും വിശ്വാസമില്ല,
എന്റെ ജീവിതത്തിൽ അതുകൊണ്ട് എനിക്ക് ഒരു ഉപകാരവും ഉണ്ടായിട്ടുമില്ല, എന്റെയും എന്റെ കുഞ്ഞിന്റെയും കഷ്ടപാട് ഒന്നുകൊണ്ട് മാത്രമാണ് നമ്മള് ഇത്രയും കാലം ജീവിച്ചത്, നമ്മളെക്കുറിച്ച് ഒന്നും അറിയാത്ത ആരോ എവിടെയോ ഇരുന്ന് എന്തെങ്കിലുമൊക്കെ പറഞ്ഞാൽ അത് എന്ത് അടിസ്ഥാനത്തിലാണ് വിശ്വസിക്കേണ്ടത്.എന്റെ മകന്റെ ജീവൻ പോകാൻ കാരണം നേത്രയല്ല, മര്യാദക്ക് വണ്ടി ഓടിക്കാതെ അവനെ അപകടപെടുത്തിയവരാണ്, അതിന് നേത്ര എന്ത് പിഴച്ചു.ഇതിന്റെ പേരിൽ ഇനി ഇവിടെ ഒരു ചർച്ച വേണ്ട, നഷ്ടപ്പെടാനുള്ളത് നഷ്ടപ്പെട്ട് കഴിഞ്ഞ്, ഇനി അതിന്റെ കാര്യവും കാരണവും അന്വേഷിച്ചിട്ട് എന്താ.
ഇനി നഷ്ടത്തിന്റെ കണക്ക് എടുത്താൽ തന്നെ, ഈ കുട്ടിയോളും നഷ്ടം ഇവിടെ ആർക്കും സംഭവിച്ചിട്ടില്ല,ഇവളുടെ വേദനയോളം വരില്ല വേറെ ആരുടെയും വേദന ” രാധാമണി നേത്രയുടെ നെറുകയിൽ തലോടി അമ്മേ………… “നേത്ര കണ്ണിരോടെ രാധാമണിയുടെ തോളിലേക്ക് ചാഞ്ഞു.
അമ്മക്ക് അറിയാമായിരുന്നെങ്കിൽ, നീരവേട്ടനെ പറഞ്ഞ് തിരുത്തികൂടായിരുന്നോ, എന്തിനാ ഈ വിവാഹത്തിന് സമ്മതിച്ചേ, ഇപ്പോ ഞാൻ കാരണം അമ്മക്ക് അമ്മയുടെ മകനെ തന്നെ നഷ്ടമായില്ലേ ” നേത്ര ചോദിച്ചു.
” നിന്നെ അവന് ഇഷ്ടമാണെന്ന് പറയുമ്പോ ഞാൻ എങ്ങനാ കുട്ടി അവനോട് നിന്നെ വേണ്ടെന്ന് വെയേക്കാൻ പറയുന്നത്, കണ്ണന് നിന്നെ അത്രക്ക് ഇഷ്ടമായിരുന്നു,അവന്റെ ഇഷ്ടത്തെക്കാൾ വലുതായിട്ട് എനിക്ക് ഒന്നുമില്ല, മോള് വിഷമിക്കാതെ ” രാധാമണി നേത്രയുമായി മുറിക്ക് ഉള്ളിലേക്ക് പോയി.വല്യമ്മക്ക് ഇപ്പോ സമാധാനമായോ ” ആദി ജലജയുടെ നേരെ തിരിഞ്ഞുഅല്ല ഞാൻ ഇപ്പോ എന്ത് ചെയ്തിട്ടാണ് ” ജലജ ചോദിച്ചു.വല്യമ്മ അറിഞ്ഞതൊക്കെ വിളമ്പേണ്ടത് ഈ സാഹചര്യത്തിലാണോ, ഇവിടെ ഉള്ളവരുടെ മാനസികാവസ്ഥകൂടി ഒന്ന് പരിഗണിക്ക്, നേത്ര ഇത് അറിഞ്ഞാൽ അവളുടെ മനസ്സ് എന്തുമാത്രം വിഷമിക്കുമെന്ന് വല്യമ്മക്ക് ഒന്ന് ചിന്തിച്ചൂടെ,ഒരാളുടെ മുറവിൽ വീണ്ടും വീണ്ടും കുത്തി മുറിവേല്പിക്കുന്നത് കഷ്ടമാണ് ” ആദി പുറത്തേക്ക് പോയി.
” നിന്നോടാരാ ഇതൊക്കെ ഇപ്പോ നേത്രയോട് പറയാൻപറഞ്ഞത്,അവളിപ്പോഏതാവസ്ഥസയിലൂടെയാണ് കടന്ന് പോകുന്നതെന്ന് നിനക്ക് ഊഹിച്ചുടെ, നീയും ഒരു പെണ്ണല്ലേ ” സുരേഷ് ജലജയോട് ദേഷ്യപ്പെട്ടു. ഞാൻ ഉള്ളതല്ലേ പറഞ്ഞത്, ഇല്ലാത്തതൊന്നും പറഞ്ഞില്ലല്ലോ ” ജലജ പറഞ്ഞ്.
നിന്നോട് പറഞ്ഞിട്ട് കാര്യമില്ല, വേണു ഞങ്ങള് ഇറങ്ങുവാ ഇനി ഇവിടെ നിന്നാൽ ഇവള് ഇതുപോലെ എന്തെങ്കിലും ചെയ്യും,ആ കുട്ടിക്ക് അല്പം സമാധാനം കിട്ടിക്കോട്ടേ ” എല്ലാവരോടും യാത്ര പറഞ്ഞ് സുരേഷ് ജലജയുമായി വീട്ടിലേക്ക് പോയി.
മുറിയിൽ രാധാമണിയുടെ മടിയിൽ തലവെച്ചു കിടക്കുവായിരുന്നു നേത്ര,രാധാമണി അവളുടെ മുടിയിൽ കൂടി വിരലുകളോടിച്ചുകൊണ്ട് ബെഡിൽ ചാരി ഇരിക്കുന്നു.താൻ കാരണം നീരവിന്റെ ജീവൻ നഷ്ടമായെന്നുള്ള കുറ്റബോധത്തിലായിരുന്നു നേത്ര, അവളുടെ മനസ്സിൽ നീരവിന്റെ ചിരിക്കുന്ന മുഖം മാത്രമായിരുന്നു.രാധാമണിയുടെ മടിയിൽ കിടക്കുന്ന നേത്രയേ കണ്ടപ്പോൾ ശ്രീജക്കും വേണുവിനും ആശ്വാസമായി,നേത്രയേ മകന്റെ മരണത്തിന്റെ കാരണക്കാരിയാക്കി മാറ്റി നിർത്തും എന്ന് കരുതിയിടത്ത് രാധാമണി അവളെ ചേർത്ത് പിടിച്ചത് അവർക്ക് വലിയ ഒരു ആശ്വാസമായിരുന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കടന്ന് പോയി, എല്ലാവരും നീരവിന്റെ മരണവുമായി പൊരുത്തപ്പെട്ട് കഴിഞ്ഞ്.രണ്ട് മാസം കഴിഞ്ഞപ്പോ മുതൽ രാധാമണി നിർബന്ധിച്ച് നേത്രയേ സ്കൂളിൽ പറഞ്ഞയക്കാൻ തുടങ്ങി.സ്കൂളിൽ പോകാൻ തുടങ്ങിയതുമുതൽ നേത്രയിൽ കുറച്ച് മാറ്റങ്ങളൊക്കെ കണ്ട് തുടങ്ങി, എങ്കിലും വീട്ടിലുള്ള സമയം അവൾ എപ്പഴും ഓരോ ചിന്തകളിലായിരിക്കും.തന്നെ വിവാഹം ചെയ്തതുകൊണ്ടാണ് നീരവ് മരിച്ചതെന്ന് അവൾ അടിയുറച്ചു വിശ്വസിച്ചു.നീരവിന്റെ മരണത്തിന്റെ ഉത്തരവാദി തനാണെന്ന് അവൾ സ്വയം പഴിച്ചുകൊണ്ടിരുന്നു.നിമിഷ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് പോയതോടെ വീട്ടിൽ നേത്രയും രാധാമണിയും തനിച്ചായി.
നേത്രയുടെ വീട്ടിൽ നിന്ന് എല്ലാവരും അവരെ അന്വേഷിച്ച് ഇടക്ക് ഇടക്ക് വീട്ടിൽ വന്നുകൊണ്ടിരുന്നു.രാധാമണി തനിച്ചായിപോകുമെന്ന് കാരണത്താൽ അവൾ സ്വന്തം വീട്ടിലേക്ക് പോലും പോകാതായി.രാധാമണി വഴക്ക് പറയുമ്പോൾ മാത്രം വീട് വരെ പോയി പെട്ടെന്ന് തിരികെ എത്തും.
നീരവിന്റെ മുറിയും അവന്റെ ഓർമ്മകളും പേറി നേത്ര അവളുടെ ജീവിതം തള്ളി നീക്കി.അഞ്ച് മാസങ്ങൾക്ക് ശേഷം രാധാമണി വിളിച്ച് പറഞ്ഞതുപ്രകാരം വീട്ടിൽ എത്തിയതായിരുന്നു നേത്രയുടെ വീട്ടുകാരും, നിമിഷയും.
” എന്താ പെട്ടെന്ന് ഇങ്ങോട്ട് വരാൻ പറഞ്ഞത്, എന്തേലും പ്രശ്നമുണ്ടോ ” വേണു തിരക്കി. എനിക്ക് എല്ലാവരോടും ഒരു കാര്യം അറിക്കാനുണ്ട്,അതിനാണ് വരാൻ പറഞ്ഞത് ” രാധാമണി പറഞ്ഞു എന്താ അമ്മേ……. ” നിമിഷ തിരക്കി. ഞാൻ ഒരു യാത്ര പോകാൻ തീരുമാനിച്ചു, പ്രസിദ്ധമായ ക്ഷേത്രങ്ങളിലൂടെ ഒരു തീർത്ഥയാത്ര.കണ്ണനോട് ഞാൻ ഇങ്ങനെ ഒരു ആഗ്രഹം നേരത്തേ പറഞ്ഞിരുന്നു, അവൻ അന്ന് എന്റെ പേര് രജിസ്റ്റർ ചെയ്തിരുന്നു.കഴിഞ്ഞ ദിവസം അവര് ഇവിടെ വന്നിരുന്നു. ആ യാത്ര അടുത്ത ആഴ്ച ഉണ്ടാകുമെന്ന് അറിക്കാൻ.ഞാൻ എന്തായാലും യാത്ര പോകാൻ തീരുമാനിച്ചു. മൂന്ന് മാസങ്ങൾ നീണ്ട യാത്രാണ്, അതുകൊണ്ട് നേത്രയേ തറവാട്ടിലേക്ക് കൂട്ടികൊണ്ട് പോണം ” രാധാമണി പറഞ്ഞു.
നേത്ര ഞെട്ടലോടെ രാധാമണിയെ നോക്കി. ഞാൻ ഇവിടെ നിന്നോളം അമ്മേ, എനിക്ക് വേറെ എങ്ങോട്ടും പോവണ്ട ” നേത്ര പറഞ്ഞു.പറ്റില്ല, നീ നിന്റെ തറവാട്ടിലേക്ക് മടങ്ങി പോണം, നിന്റെ ഏറ്റവും വലിയ ആഗ്രഹമല്ലേ ജോലി വാങ്ങണമെന്നുള്ളത്, അതിന് വേണ്ടി പഠിക്കണം, ജോലി വാങ്ങണം. അത് കഴിഞ്ഞ് വേറൊരു വിവാഹം ചെയ്യണം.നീ ചെറുപ്പമാണ്, എന്റെ മകനെ ഓർത്ത് ജീവിതകാലം മുഴുവൻ തള്ളി നീക്കാൻ ഞാൻ സമ്മതിക്കില്ല, ഉടനെ വേണമെന്ന് ഞാൻ പറയില്ല, പക്ഷെ മറ്റൊരു വിവാഹം ചെയ്തേ പറ്റു” രാധാമണി തറപ്പിച്ചു പറഞ്ഞു.
” അമ്മയെ ഇവിടെ ഒറ്റക്കാക്കി ഞാൻ എങ്ങോട്ടും പോവില്ല, എനിക്ക് ഇനി വിവാഹമൊന്നും വേണ്ട, അമ്മയോടൊപ്പം ഞാൻ ഇവിടെ കഴിഞ്ഞോളം ” നേത്ര പറഞ്ഞു.ഞാൻ ഒറ്റക്കാണെന്ന് ആര് പറഞ്ഞു, യാത്ര പോയി മടങ്ങി വന്നാൽ ഞാൻ നിമിഷയോടൊപ്പം പോവും, ഇനിയുള്ള കാലം അവളുടെ കുട്ടികളെ നോക്കി ഞാൻ അവിടെ കഴിഞ്ഞോളം, എന്നെ നോക്കാൻ നീ നിന്റെ ജീവിതം നശിപ്പിക്കണ്ട കാര്യമില്ല, അമ്മയോടും കണ്ണനോടും നിനക്ക് ഉള്ള സ്നേഹം സത്യമാണെങ്കിൽ നീ ഇത് സമ്മതിക്കണം ” രാധാമണി പറഞ്ഞു. അമ്മേ….. ഞാൻ…… ” നേത്ര പറയാൻ തുടങ്ങിയതും നിമിഷ അവളുടെ അടുത്തേക്ക് ചെന്നു.
” നീ അങ്ങനെ എന്റെ അമ്മയെ നോക്കാൻ വേണ്ടി നിന്റെ ജീവിതം ഇവിടെ കളയണ്ട കാര്യമില്ല.എന്റെ അമ്മയെ നോക്കാൻ എനിക്ക് അറിയാം, അമ്മ ഒരിക്കലും എനിക്ക് ഒരു ഭാരമല്ല. ഇത്രയും നാളും നീ അമ്മയെ നോക്കിയില്ലേ അതൊക്കെ മതി ” നിമിഷ പറഞ്ഞു. മാഷേ അടുത്ത ആഴ്ച ഞാൻ യാത്ര പോകും, അതുവരെ മോള് എന്റെ ഒപ്പം നിൽക്കട്ടെ, അത് കഴിഞ്ഞ് മോളെ തറവാട്ടിലേക്ക് കൊണ്ടുപോയിക്കോ, അവൾക്കും വേണം നല്ലൊരു ജീവിതം ” രാധാമണി പറഞ്ഞു.രാധാമണിയോട് ഇനി എന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് നേത്രക്ക് മനസ്സിലായി അതുകൊണ്ടുതന്നെ അവൾ മൗനം പാലിച്ചു.
പിന്നീട് ഉള്ള ദിവസങ്ങളിൽ രാധാമണി അവൾക്ക് വേണ്ടി ഓരോന്ന് ചെയ്യുന്ന തിരക്കിലായിരുന്നു. അവൾക്ക് ഇഷ്ടമുള്ളതൊക്കെ ഉണ്ടാക്കി കൊടുത്തും , അവളോടൊപ്പം പുറത്ത് പോയി, അവർക്ക് ഇഷ്ടപ്പെട്ടതൊക്കെ അവൾക്കായി വാങ്ങിച്ച്, അവളെ സ്നേഹംകൊണ്ട് മൂടുകയായിരുന്നു.തമ്മിൽ പിരിയേണ്ട ദിവസം വന്നതും രണ്ടാൾക്കും പ്രാണൻ പറിഞ്ഞുപോകുന്ന വേദനയായിരുന്നു.
നേത്രയേ വേണുവിനെ ഏല്പിച്ച് രാധാമണി യാത്ര തിരിച്ച്.വീട്ടിൽ എത്തിയിട്ടും നേത്രയുടെ മനസ്സ് നീരവന്റെ വീട്ടിൽ തന്നെയായിരുന്നു, അവളുടെ മനസ്സിനും ചിന്തകൾക്കും യാതൊരു മാറ്റവും ഉണ്ടായിട്ടുണ്ടായിരുന്നില്ല.
ആദ്യമൊക്കെ നേത്ര വന്നത് ഗോപികക്ക് വലിയ ഇഷ്ടമായിരുന്നു, പിന്നെ പിന്നെ ഗോപിക അവളോടുള്ള ഇഷ്ടക്കേട് അവളുടെ പ്രവർത്തികളിലൂടെ കാണിക്കാൻ തുടങ്ങിയതും, അതോടെ നേത്ര അവളുടെ മുറിയിലേക്ക് മാത്രമായി ചുരുങ്ങി. ഇടക്ക് ഇടക്ക് രാധാമണി അവളെ വിളിക്കും, അവരുടെ വിളികൾ നേത്രക്ക് ഭയങ്കര ആശ്വാസമായിരുന്നു.രാധാമണിയുടെ നിർബന്ധം കാരണം നേത്ര പരീക്ഷക്ക് പഠിക്കാൻ തുടങ്ങി, വരുന്ന എല്ലാ പരീക്ഷകളും അവൾ അറ്റൻഡ് ചെയ്യും.രാധാമണി തിരികെ എത്തിയപ്പോ,നേത്ര അവരെ കാണാൻ അങ്ങോട്ട് പോയിരുന്നു.
നിമിഷയുടെ കൂടെ പോയതിന് ശേഷവും രാധാമണി നേത്രയുടെ കാര്യങ്ങൾ കൃത്യമായി അന്വേഷിച്ചുകൊണ്ടിരുന്നു.റാങ്കലിസ്റ്റിൽ നേത്രയുടെ പേര് ഉണ്ടെന്ന് അറിഞ്ഞതും ഏറ്റവും കൂടുതൽ സന്തോഷിച്ചത് രാധാമണിയായിരുന്നു.
ഓർമകളിൽനിന്നും പുറത്ത് വന്നതും നേത്ര കയ്യിലിരിക്കുന്ന ഫോട്ടോയിലേക്ക് നോക്കി.എനിക്ക് ഇനി ഒരു വിവാഹമൊന്നും വേണ്ട നീരവേട്ടാ, ഞാൻ ഇങ്ങനെ കഴിഞ്ഞോളം, ആർക്കും ശല്യമാവാതെ ലോകത്തിന്റെ ഒരു കോണിൽ നീരവേട്ടന്റെ ഓർമ്മയിൽ ജീവിക്കാനാണ് എനിക്ക് ഇഷ്ടം ” അവൾ ആ ഫോട്ടോയിൽ നോക്കി മനസ്സിൽ പറഞ്ഞു.നേത്രയുടെ മുറിയിലേക്ക് വന്ന ഋഷി കാണുന്നത് ഫോട്ടോ കൈയിൽ പിടിച്ച് ജനലിനരികിൽ നിൽക്കുന്ന നേത്രയെയാണ്.ചേച്ചി………” ഋഷി നേത്രയുടെ അടുത്തേക്ക് നടന്നു.
ഋഷിയെ കണ്ടതും നേത്ര അവളുടെ കൈയിലിരുന്ന ഫോട്ടോ അവൻ കാണാതിരിക്കാൻ സൈഡിലേക്ക് മറച്ചു വച്ചു. വേണ്ട…… അത് മറച്ച് പിടിക്കണ്ട, ഞാൻ കണ്ടു ” ഋഷി അവളുടെ കൈയിൽ ഇരുന്ന ഫോട്ടോ വാങ്ങി.നീരവേട്ടനെ ഓർമ്മ വന്നു, അതാ ഞാൻ” നേത്ര അവനോട് പറഞ്ഞു.”എനിക്ക് മനസ്സിലാവും,…….” ഋഷി ആ ഫോട്ടോ അലമാരയുടെ ഉള്ളിലേക്ക് വച്ചു.ചേച്ചിക്ക് കിടക്കാറായില്ലേ, സമയം ഒരുപാടായി ” ഋഷി ചോദിച്ചു.കിടക്കണം….. നിനക്കും കിടക്കാറായില്ലേ, നാളെത്തെ കല്യാണ ചെക്കന് മുഖത്ത് ഉറക്കക്ഷീണം ഉണ്ടേൽ കാണാൻ ഒരു ചന്തവും ഉണ്ടാവില്ല കേട്ടോ” നേത്ര പറഞ്ഞു.
” ഞാൻ ദാ ഇത് തരാൻ വന്നതാ ” ഋഷി ഒരു കവർ അവൾക്ക് നീട്ടി.എന്താ ഇത് ” കവർ കൈയിൽ വാങ്ങി നേത്ര ചോദിച്ചു. തുറന്ന് നോക്ക് ” ഋഷി പറഞ്ഞു.നേത്ര ബെഡിലേക്ക് ഇരുന്ന് കവർ തുറന്ന്, അത് ഒരു സാരിയായിരുന്നു സാരി കണ്ടതും നേത്ര അമ്പരപ്പോടെ ഋഷിയെ നോക്കി. ഋഷി…… ഇത്……. ” നേത്ര പറയാൻ തുടങ്ങിയതും ഋഷി ഇടക്ക് കയറി ചേച്ചി എന്താ വിചാരിച്ചേ, ചേച്ചിയുടെ മനസ്സ് ഞങ്ങൾക്കാർക്കും അറിയിലെന്നോ, അന്ന് ഡ്രസ്സ് എടുക്കാൻ പോയപ്പോ ചേച്ചി ഈ സാരി എടുത്തതും,തിരിച്ച് വച്ചതും ഞാനും ശിവയും കണ്ടിരുന്നു.
അപ്പോ തന്നെ ഞങ്ങള് ഇത് അങ്ങ് വാങ്ങി, ചേച്ചിക്ക് കല്യാണത്തിന്റെ തലേദിവസം കൊടുത്താൽ മതിയെന്ന് ശിവയാണ് പറഞ്ഞത് ” ഋഷി പറഞ്ഞു.
ഇത് വേണ്ടിയിരുന്നില്ല ഋഷി……….ചേച്ചിക്ക് വേറെ സാരി വാങ്ങിയതല്ലേ, അത് ഉടുത്തോളം ” നേത്ര പറഞ്ഞു.” വേണ്ട……. ഏട്ടത്തിയും വല്യമ്മയും പറയുന്നത്കേട്ട് ജീവിക്കാൻ നിന്നാൽ ചേച്ചിക്ക് ഇഷ്ടമുള്ളതൊന്നും ചെയ്യാൻ പറ്റില്ല,ചേച്ചി എന്ത് ചെയ്യണമെന്നുള്ളത് ചേച്ചിയുടെ മാത്രം ഇഷ്ടമാണ്, അതിൽ ആരെയും ഇടപെടാൻ അനുവദിക്കരുത്.നാളെ ചേച്ചി ഈ സാരി ഉടുത്ത് വന്നാൽ മതി, ഞാനും ശിവയും ചേച്ചിക്ക് ആദ്യമായി വാങ്ങിയ സമ്മാനമാണ്, ഇതിൽ ഞങ്ങൾക്ക് ചേച്ചിയോടുള്ള സ്നേഹംകൂടി ഉണ്ട്.
ചേച്ചി കിടന്നോ, രാവിലെ നേരത്തേ എഴുന്നേൽക്കേണ്ടതല്ലേ ” ഋഷി മുറിയിൽനിന്നും പുറത്തേക്ക് പോയി.നേത്ര അവളുടെ കൈയിലിരുന്ന സാരിയിലേക്ക് നോക്കി.പഴമാങ്ങാ കളറിൽ കരിമ്പച്ച കരയുള്ള സാരീ,ഋഷിക്കും ശിവക്കും കല്യാണ ഡ്രസ്സ് എടുക്കാൻ പോയപ്പോൾ ഷോപ്പിൽ വച്ചു താൻ കണ്ടതായിരുന്നു ഈ ഡ്രസ്സ്, നന്നായി ചേരുമെന്ന് പറഞ്ഞ് സെയിൽസ് ഗേൾ ഉടുപ്പിച്ചു തന്നിരുന്നു, അപ്പോഴാണ് വല്യമ്മയും ഏട്ടത്തിയും അതും ഇതുമൊക്കെ പറഞ്ഞത്, പിന്നെ ആ സാരി വേണ്ടെന്ന് വച്ചു.ഋഷിയും ശിവയും അത് കണ്ടിരുന്നോ…..? എന്തായാലും മനസ്സ് നിറഞ്ഞു.
നാളെ ഇനി ഇത് ഉടുക്കണോ…..?ഏട്ടത്തിയും വല്യമ്മയും വെറുതെയിരിക്കില്ല, ഉടുത്തില്ലെങ്കിൽ ശിവയും ഋഷിയും വിഷമിക്കും.എന്താ ഇപ്പോ ചെയ്യുക.നേത്ര മനസ്സിൽ ഓരോന്ന് ആലോചിക്കാൻ തുടങ്ങി.ഒടുവിൽ സാരി ടേബിളിലേക്ക് വച്ച് അവൾ കിടന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
പിറ്റേന്ന്രാവിലെരണ്ട്വീടുകളുംകല്യാണതിരക്കിലായിരുന്നു.
ശിവയെ ഒരുക്കാൻ രാവിലെ തന്നെ ബ്യൂട്ടീഷൻ വന്നിരുന്നു.ബാക്കിയുള്ളവരൊക്കെ ഓരോരോ തിരക്കുകളിലായിരുന്നു.പെണ്ണുങ്ങൾ എല്ലാം അടുക്കളയിൽ ദൃതി പണികളിൽ ആയിരുന്നു.
ആണുങ്ങളൊക്കെ വിരുന്നുകാരെ സ്വീകരിക്കുന്ന തിരക്കിലും.അഭി ഗർഭിണിയായതുകൊണ്ട് അവളെ അടുക്കളപ്പണിയിൽനിന്നും എല്ലാവരും ചേർന്ന് ഒഴിവാക്കി, അഭി ശിവയെ ഒരുക്കുന്നത് കാണാൻ അവളോടൊപ്പം കയറി.അർച്ചനയും മിത്രയും ചേർന്ന് കുട്ടികളെ റെഡിയാക്കുന്ന ജോലി ഏറ്റെടുത്തു.
തത്ത പച്ച കളറായിരുന്നു ശിവയുടെ കല്യാണസാരി,അതിന് ചേരുന്ന ആഭരണങ്ങളും കൂടിയായപ്പോൾ ശിവയെ കാണാൻ ഒരു അപ്സരസ്സിനെ പോലെ തോന്നി മിതമായ മേക്കപ്പിൽ അവളുടെ ഭംഗി ഒട്ടും കുറയേക്കാതെ, നാച്ചുറൽ ആയിട്ട് തോന്നുന്ന വിധത്തിൽ ബ്യൂട്ടീഷൻ അവളെ ഒരുക്കി.ശിവയുടെ ഊഴം കഴിഞ്ഞതും ഹിമയും ഹൃദ്യയും ഒരുങ്ങാൻ കയറി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ആദിയും ഋഷിയുടെ കൂട്ടുകാരും ചേർന്നായിരുന്നു ഋഷിയെ ഒരുക്കിയത്, ക്രീം കളർ കുർത്തയും മുണ്ടുമായിരുന്നു ഋഷിയുടെ വേഷം.ശിവയുടെ വീടിനടുത്തുള്ള ക്ഷേത്രത്തിലാണ് വിവാഹം, അതുകൊണ്ട് തന്നെ നേരത്തെ അങ്ങോട്ട് ഇറങ്ങാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു അവിടെ എല്ലാവരും.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
എന്തൊക്കെയോ ആലോചിച്ച് കിടന്ന് അദ്രിയുടെ ഉറക്കം ശരിയായില്ല,വെളുപ്പിനെയാണ് അവൻ ഒന്ന് മയങ്ങിയത്,അതുകൊണ്ട് തന്നെ രാവിലെ എന്നും എഴുന്നേൽക്കുന്നതിലും താമസിച്ചാണ് അവൻ എഴുന്നേറ്റത് അതും ജോയൽ വന്ന് വിളിച്ചപ്പോൾ. എടാ….. അദ്രി……. നീ എഴുന്നേറ്റേ
നമുക്ക് പോവേണ്ട….. സമയം ഒരുപാടായി ” ജോയൽ അവനെ തട്ടി വിളിച്ചു.ജോയലിന്റെ ശബ്ദം കേട്ട് അദ്രി കണ്ണുകൾ തുറന്നു.കൈ എത്തിച്ച് ടേബിളിലിരുന്ന ഫോൺ എടുത്ത് സമയം നോക്കി.
” ഏഴ് മണിയോ…….. ഞാൻ ഇത് വല്ലാത്ത ഉറക്കമായിപോയല്ലോ ” ദേഹത്തുനിന്ന് ബെഡ്ഷീറ്റ് വലിച്ച് മാറ്റി അവൻ ബെഡിൽനിന്ന് എഴുന്നേറ്റു.
” നിനക്ക് എന്നെ കുറച്ചൂടി നേരത്തേ വിളിക്കാൻ പാടില്ലായിരുന്നോ ” അദ്രി ജോയലിനോട് ചോദിച്ചു.
അഹ്…… എങ്ങനിരിക്കുന്നു.ഇതാണ് ഒരാൾക്കുപോലും ഉപകാരം ചെയ്യരുതെന്ന് പറയുന്നത്, എന്നെ കുറ്റം പറഞ്ഞുനിന്ന് സമയം കളയാതെ വേഗം കുളിക്കാൻ നോക്ക് ” ജോയൽ പറഞ്ഞു.അദ്രി ടവൽ എടുത്ത് കുളിക്കാൻ കയറി.
അദ്രി കുളിക്കാൻ കയറിയതും, ജോയൽ ഫോൺ എടുത്ത് അജിയെ വിളിച്ചു. ഹലോ…..എന്തായി നിങ്ങള് പോകാൻ ഇറങ്ങിയോ ” അജി ചോദിച്ചു.
ഇല്ലടാ…… അദ്രി തമ്പുരാൻ കുളിക്കാൻ കയറിയതേ ഉള്ളൂ,നിനക്ക് ഇപ്പോ എങ്ങനെയുണ്ട്, വേദന കുറഞ്ഞോ ” ജോയൽ തിരക്കി.
” എനിക്ക് കുഴപ്പമൊന്നുമില്ല, നിങ്ങള് സമാധാനമായി കല്യാണമൊക്കെ കൂടിട്ട് വന്നാൽ മതി ” അജി പറഞ്ഞു.എടാ അവൻ എവിടെ……അവൻ ഒക്കെയാണല്ലോ അല്ലേ ” ജോയൽ ചോദിച്ചു. എഴുന്നേറ്റിട്ടില്ല, ഇന്നലെ ഞാൻ കിടക്കുന്നതിവരെ മുറിയിൽ ലൈറ്റ് ഉണ്ടായിരുന്നു, മെഡിസിൻ കഴിക്കുന്നതുകൊണ്ട് ഞാൻ അങ്ങ് ഉറങ്ങി പോയി, രാവിലെ എഴുന്നേറ്റ് ഒരു കോഫി ഇട്ടു കുടിച്ചു,, അവനെ നോക്കിയപ്പോ എഴുന്നേറ്റിട്ടില്ല “അജി പറഞ്ഞു.ജോയൽ അജിയോട് സംസാരിക്കുന്നതിനിടയിലാണ് റൂമിന്റെ കോളിങ് ബെൽ ശബ്ദിച്ചത്.
“എടാ ആരോ വന്നിട്ടുണ്ട്, ഞാൻ ഒന്ന് നോക്കട്ടെ, നിന്നെ പിന്നെ വിളിക്കാം “ജോയൽ ഫോൺ വച്ച്, മുറിയുടെ ഡോർ തുറന്നു.”ഗുഡ് മോർണിംഗ് മരമാക്രി ” ഭൈമി അവനെ വിഷ് ചെയ്തു.ഓ നീയായിരുന്നോ രാവിലെ, നിന്നെ കണികണ്ടാൽ അത് എങ്ങനെ ഗുഡ് മോർണിംഗ് ആകും, ” ജോയൽ ചോദിച്ചു.
നീ ആരെ കണികണ്ടാലും നിന്റെ മോർണിംഗിന് പ്രത്യേകിച്ച് ഒന്നും സംഭവിക്കാൻ പോണില്ല,തല്ല് കിട്ടാനുള്ളത് ഉറപ്പായും കിട്ടിക്കോളും ” ഭൈമി അവനെ തള്ളിമാറ്റി ഉള്ളിലേക്ക് കയറി. എങ്ങോട്ടാ ഈ ഇടിച്ചുതള്ളി കയറി പോകുന്നേ, ഇത് രണ്ട് പ്രായപൂർത്തിയായ ചെറുപ്പക്കാരുടെ മുറിയാണ് ” ജോയൽ പറഞ്ഞു.
” ഹോ….. ഞാൻ അറിഞ്ഞില്ല…….നീയൊക്കെ പ്രായപൂർത്തിയായ വിവരം, ഒന്ന് പോടാ,അദ്രി എവിടെ ” ഭൈമി ചോദിച്ചു.അവൻ കുളിക്കുവാണ് ” ജോയൽ പറഞ്ഞു. എടാ ഈ ഡ്രസ്സ് ഞാൻ അവന് വേണ്ടി വാങ്ങിയതാണ്, നീ ഇത് അവന് കൊടുക്കണം”ഭൈമിപറഞ്ഞു.ഇപ്പോസൗകര്യമില്ല……” ജോയൽ പറഞ്ഞു. അങ്ങനെ പറയല്ലേ,
നീ ഇത് അവന് കൊടുക്ക് ഇന്ന് അവൻ ഈ ഡ്രസ്സ് ഇട്ട് വരുന്നത് കാണാൻ ഉള്ള കൊതികൊണ്ടല്ലേ ” ഭൈമി പറഞ്ഞു.ഭൈമി…………നിന്റെ മനസ്സിൽ എന്താണെന്ന് എനിക്ക് നന്നായിട്ട് അറിയാം, അതുപോലെ അവന്റെയും, അവൻ നിന്നെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ, വെറുതെ മനസ്സിൽ ഓരോ സ്വപ്നങ്ങൾ നെയ്തു കൂട്ടി കരയേണ്ടി വരരുത് ” ജോയൽ പറഞ്ഞു.
” അവന്റെ സാഹചര്യങ്ങളാണ് അവന്റെ മുന്നിലെ തടസ്സം, ഞാൻ പറഞ്ഞില്ലെങ്കിലും എന്റെ മനസ്സ് അവന് അറിയാം, എന്റെ ഇഷ്ടവും, എന്നെങ്കിലും അവൻ അംഗീകരിക്കും, ആ ഉറപ്പ് എനിക്കുണ്ട്, ഇനി ഒരാളെ അവൻ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് എന്നെ ആയിരിക്കും.ഇനി അഥവാ അവന്റെ മനസ്സ് മാറിയിലെങ്കിലും അവിടെ വേറെ ആർക്കും സ്ഥാനം ഉണ്ടാവില്ലല്ലോ, ആ സമാധാനത്തിൽ ഞാൻ ജീവിച്ചോളാം,അദ്രി ഇനി ഒരു പെണ്ണിന് സ്വന്തമാകുന്നുണ്ടെങ്കിൽ അത് എന്നെ ആയിരിക്കും ,
നീ ഇത് ഒന്ന് അവന് കൊടുക്ക്, ഞാൻ പോയി റെഡിയാവട്ടെ ” ഭൈമി ഡ്രസ്സ് ജോയലിനെ ഏല്പിച്ച് പുറത്തേക്ക് നടന്നു.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ജോയൽ ഫോൺ വെച്ചതും അജി വോക്കറിൽ പതുക്കെ നടന്ന് മഹിയുടെ റൂമിന്റെ വെളിയിൽ എത്തി.മഹി…….. എടാ മഹി…….. സമയം ഒരുപാടായി, നീ ഇതുവരെ എഴുന്നേറ്റില്ലേ ”
ഡോറിൽ തട്ടി അജി വിളിച്ചു, പക്ഷെ പ്രതികരണമൊന്നുംഉണ്ടായില്ലമഹി……..മഹി…….. എഴുന്നേറ്റേ…….വന്ന് ഡോർ തുറന്നേ ” അജി വീണ്ടും ഡോറിൽ മുട്ടിക്കൊണ്ടിരുന്നു, പക്ഷെ അകത്ത് നിന്നും യാതൊരു പ്രതികരണവും ഉണ്ടായില്ല.അല്പസമയം കാത്തിട്ടും മഹിയുടെ പ്രതികരണം ഇല്ലാതായപ്പോ അജി വല്ലാതെ പേടിച്ചു.
” മഹി……. എടാ കോപ്പേ…… ഡോർ തുറക്കാനാ പറഞ്ഞത്,ഇനിയും നീ ഡോർ തുറന്നില്ലേ ഞാൻ ഇപ്പോ അദ്രിയെ വിളിക്കും, എനിക്ക് ഇപ്പോ ഈ അവസ്ഥതയിൽ ഈ ഡോർ തല്ലിപൊളിക്കാനൊന്നും കഴിയില്ല,അദ്രിയെപ്പറ്റി നിനക്ക് അറിയാല്ലോ, നീ ഇവിടെ നിരാശകാമുകനായിട്ട് ഇരിക്കുവാണെന്ന് അറിഞ്ഞാൽ കല്യാണം കൂടാൻപോലും നില്കാതെ പോയതിനേക്കാൾ സ്പീഡിൽ അവൻ തിരിച്ച് വരും, വെറുതെ എന്നെക്കൊണ്ട് അത് ചെയ്യിപ്പിക്കരുത്, ഡോർ തുറക്ക് “അജിയുടെ ടെൻഷൻ അവന്റെ വാക്കുകളിൽ പ്രകടമായിരുന്നു.
മുറയുടെ ഉള്ളിൽനിന്ന് ലോക്ക് എടുക്കുന്ന ശബ്ദം കേട്ടതിന്റെ പിന്നാലെ അജിയുടെ മുന്നിൽ ഡോർ തുറന്ന് മഹി അവന് മുഖം കൊടുക്കാതെ തിരികെ ബെഡിലേക്ക് പോയി ബെഡിൽ ചാരി കണ്ണുകളടച്ചിരുന്നു.അജി റൂമിലേക്ക് കയറി,മദ്യത്തിന്റെ രൂക്ഷഗന്ധം അവന്റെ മൂക്കിലേക്ക് തുളച്ച് കയറി.അലംകോലമായി കിടക്കുന്ന മുറിയും,
ടേബിളിന്റെ മുകളിൽ കാലിയായ മദ്യ കുപ്പികളും, സോഡാ കുപ്പിയും ഗ്ലാസും,വലിച്ച് ബാക്കിയായ സിഗരറ്റ് കുറ്റികളും കണ്ടതോടെ അജിക്ക് ഏതാണ്ട് കാര്യങ്ങൾ കുറെ മനസ്സിലായി.
അജി പതുക്കെ നടന്ന് ചെന്ന് ബെഡിലേക്ക് ഇരുന്നു.ഒറ്റ ദിവസസംകൊണ്ട് മഹി വേറെ ഒരാളായി മാറിയതുപോലെ തോന്നി അജിക്ക്.”എടാ ”
അജി മഹിയുടെ തോളിൽ പിടിച്ചു.മഹി കണ്ണുകൾ തുറന്ന് അജിയെ നോക്കി. അവന്റെ ചുവന്ന് കലങ്ങിയ കണ്ണുകൾ, ഇന്നലെ രാത്രിയിലെ അവന്റെ അവസ്ഥ വിളിച്ചുപറയുന്നുണ്ടായിരുന്നു.എന്താടാ ഇത്………നീ ഇങ്ങനെ വിഷമിച്ചിട്ട് കാര്യമുണ്ടോ…..ഇതൊക്കെ ഇങ്ങനായി തീരണമെന്നായിരിക്കും വിധി,എനിക്ക് അറിയാം ശിവയെ നിനക്ക് അത്രക്ക് പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന്, പക്ഷെ ഇനി ശിവ നിന്റെ മനസ്സിൽ ഉണ്ടാവാൻ പാടില്ല.ഇന്ന് മുതൽ നിനക്ക് അവളിൽ യാതൊരു അവകാശവുമില്ല ” അജി പറഞ്ഞു.
മഹിഅവനെകെട്ടിപിടിച്ചു.എനിക്ക്അറിയാം……….നീ ഇപ്പോ പറഞ്ഞതൊക്കെ ഞാൻ എന്റെ മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടപോവാണ്, അവളെ മറക്കാൻ പറ്റുന്നില്ലടാ………അവൾക്ക് എന്നെ ഒന്ന് കേട്ടാൽ എന്തായിരുന്നു, ഇത്രയും കാലം സ്നേഹിച്ചിട്ടും അവൾക്ക് എന്നെ വിശ്വസിക്കാൻ തോന്നിയില്ലല്ലോ, ചങ്ക് പറിഞ്ഞു പോകുന്നപോലെ വേദനിക്കുന്നു എനിക്ക് ” മഹിയുടെ കണ്ണുനീർ അജിയുടെ തോളിനെ നനച്ച് ഒഴുകികൊണ്ടിരുന്നു.
” എടാ……. വിഷമിക്കാതെ……….
ഇത് നമുക്ക് ഒന്നും ചെയ്യാൻ പറ്റുന്ന കാര്യമല്ലല്ലോ, ഞാൻ അന്ന് പറഞ്ഞതല്ലേ എന്താ സംഭവിച്ചതെന്ന് നമുക്ക് കണ്ടുപിടിക്കാം, എന്നിട്ട് എല്ലാവരുടെയും മുന്നിൽ അത് തെളിയിക്കാമെന്ന്,അന്ന് ആരും അത് കേട്ടില്ല, അങ്ങനെ ആയിരുന്നെങ്കിൽ ശിവയെ നിനക്ക് നഷ്ടപ്പെടില്ലായിരുന്നു, അദ്രി എല്ലാവരുടെയും മുന്നിൽ ഇങ്ങനെ കുറ്റക്കാരനായി നിൽക്കേണ്ടി വരില്ലായിരുന്നു” അജി പറഞ്ഞു.നമ്മൾ ഇനി എന്തൊക്കെ ചെയ്താലും ശിവ നമ്മളെ വിശ്വസിക്കില്ല അജി.ഒരു കണക്കിന് ശിവയുടെ ഭാഗത്ത് നിന്ന് നോക്കിയാൽ ശിവയും ശരിയാണ്,ആ സംഭവങ്ങൾ ശിവയെ എത്ര മാത്രം തകർത്തിട്ടുണ്ടെന്ന് ശിവക്ക് മാത്രേ അറിയൂ, ഇനി ഒന്നും പറഞ്ഞിട്ട് കാര്യമില്ലല്ലോ ശിവയെ എനിക്ക് ഇനി ഒരിക്കലും കിട്ടില്ല.
അവളെ മറന്ന് ഒന്ന് സ്വസ്ഥമായി ഉറങ്ങാൻ ഞാൻ ഇന്നലെ എത്ര എണ്ണം അടിച്ചെന്ന് നിനക്ക് അറിയുവോ, പക്ഷെ പറ്റുന്നില്ലടാ, അവൾ അത്രക്ക് ആഴത്തിലാണ് എന്റെ മനസ്സിലുള്ളത് ” മഹി പറഞ്ഞു.” ശിവയുടെ വിവാഹം ഉറപ്പിച്ചെന്ന് അങ്കിൾ പറഞ്ഞപ്പോ തന്നെ അദ്രി പറഞ്ഞതല്ലേ ശിവയെ പോയി കണ്ട് സംസാരിക്കാമെന്ന്, അന്ന് നീ തന്നെഅല്ലേ അതിന് എതിര് നിന്നത് ” അജി പറഞ്ഞു. ശിവ എന്നെ മറന്ന് മറ്റൊരു വിവാഹത്തിന് സമ്മതിച്ചിട്ടുണ്ടെങ്കിൽ, ഇനി അവളോട് എന്ത് പറയാനാടാ,അവൾക്കും എന്നെ അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ലെന്ന് എനിക്ക് അറിയാം.
പാവം ഒരുപാട് ശ്രമിച്ചിട്ടുണ്ടാവും എന്നെ മറക്കാനായിട്ട്, എനിക്ക് അവളെ കിട്ടാൻ യോഗം ഉണ്ടാവില്ല, നീ ചെല്ല് ഞാൻ കുറച്ച് സമയം കൂടി ഇങ്ങനെ ഇരിക്കട്ടെ, അദ്രി വന്നാൽ ഞാൻ ഇങ്ങനെ ഇരിക്കുന്നത് കണ്ടാൽ അവന് വിഷമമാവും, അതിനു മുൻപ് എനിക്ക് എന്റെ മനസ്സിനെ തിരിച്ച് പിടിക്കണം, നീ ചെല്ല് ” മഹി അജിയെ പറഞ്ഞു വിട്ടു.മഹിയെ ഒറ്റക്ക് വിട്ട് അജി മുറിക്ക് പുറത്തിറങ്ങി.
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
അദ്രി കുളി കഴിഞ്ഞ് ഇറങ്ങിയതും ജോയൽ ഭൈമി ഏല്പിച്ച ഡ്രസ്സ് അവന് നൽകി.ജോയൽ ഒരുപാട് നിർബന്ധിച്ചപ്പോൾ അദ്രി ആ ഡ്രസ്സ് തന്നെ ഇട്ടു.
കരിമ്പച്ച കളറിലെ സിൽക്ക് കുറത്തയും, അതേ കരയുള്ള മുണ്ടുമായിരുന്നു അവൾ അവനായി വാങ്ങിയത്.ഭൈമി റെഡിയായി താഴെ റിസപ്ഷനിൽ അദ്രിയെയും ജോയലിനെയും വെയിറ്റ് ചെയ്ത ഇരിക്കുകയായിരുന്നു.
സ്ലീവേലസ് വൈറ്റ് കളർ ബ്ലൗസും, നീല അജ്രഖ പ്രിന്റ് വരുന്ന സാരിയായിരുന്നു അവളുടെ വിശേഷം, മുടി പുറകിലേക്ക് ചീകി ഒരു ക്ലിപ്പ് ഇട്ടിട്ടുണ്ട്, കാതിൽ വലിയ ഒരു ലൈറ്റ് വെയ്റ്റ് ബ്ലാക്ക് കളർ ജിമിക്കയും.
റീസെപ്ഷനിലെ സോഫയിൽ ഫോണും നോക്കി ഇരിക്കുമ്പോഴാണ് എതിരെ ഉള്ള ലിഫ്റ്റ് തുറന്ന് അദ്രിയും ജോയലും അവളുടെ അടുത്തേക്ക് വരുന്നതുകണ്ടത്.കരിമ്പച്ച കുർത്തയും അതേ കരയുള്ള മുണ്ട് ഉടുത്ത് തനിക്ക് അരികിലേക്ക് നടന്ന് വരുന്ന അദ്രിയെ കണ്ടതും ഭൈമിയുടെ കണ്ണുകൾ വിടർന്നു.അലസമായി ചീകി വച്ചിരിക്കുന്ന മുടി അനുസരണയില്ലാതെ ഇടക്ക് മുഖത്തേക്ക് വിഴുന്നുണ്ട്.ജോയലിനോട് സംസാരിച്ചു നടന്ന് വരുന്ന അദ്രിയിൽ നിന്നും കണ്ണെടുക്കാൻ കഴിയാതെ ഭൈമി അവനെ നോക്കി സ്വയം മറന്ന് നിന്നു.
തുടരും
അടുത്ത പാർട്ടിൽ നമ്മുടെ അദ്രിയും നേത്രയും തമ്മിൽ കണ്ടുമുട്ടുന്നതായിരിക്കും, കുറച്ച് ദിവസത്തെക്ക് ഡെയിലി പാർട്ട് ഉണ്ടാവില്ല, ഒരു പ്രോഗ്രാമിന്റെ തിരക്കിലാണ്, പറ്റുന്ന പോലെ പാർട്ട് ഇട്ടേക്കാം, വെയിറ്റ് ചെയ്യുമല്ലോ അല്ലേ

by