22/04/2026

മാംഗല്യം : ഭാഗം 28

രചന – അയിഷ അക്ബർ

പിന്നീട് മീരയെ കാണുമ്പോൾ പഴയ ആ ഒരു തരം പ്രയാസമെന്തോ രാധുവിൽ പടർന്നില്ല….

അതിനു കാരണം വിവിയും മീരയും തമ്മിലുള്ള അകലം തന്നെയാവാം….

അവർ എല്ലാവർക്ക് മുമ്പിലും തകർത്തഭിനയിക്കുകയാണെന്ന് തന്നെ അവൾ ഉറപ്പിച്ചു…..

കഴിക്ക് മീരാ…. മുഖമൊക്കെ വല്ലാതെ ക്ഷീണിച്ച പോലെയുണ്ട്….

ഉച്ച സമയത്ത് എല്ലാവരും ഭക്ഷണം കഴിക്കാനിരിക്കുമ്പോൾ തന്നെ നിർബന്ധിച്ചു ഭക്ഷണം വിളമ്പി തരുന്ന രാധു മീരയിലൊരു കൗതുകമായി….

രാധുവിന്റെ യുള്ളിൽ നിറഞ്ഞു നിന്ന സന്തോഷത്താലായിരുന്നു അതെല്ലാമെന്ന് മീരയറിഞ്ഞിരുന്നില്ല……

വൈകുന്നേരം വിവി വന്നതും ഡ്രസ്സ്‌ മാറ്റി താഴെക്കിറങ്ങി വന്ന അവനായി ചൂട് ചായയുമായി രാധുവെത്തി….

രാധു നീട്ടിയ ചായ വാങ്ങി കുടിക്കുന്ന വിവിയെ കണ്ട് കൊണ്ടാണ് മീര വരുന്നത്…

അവൾക്കാകെ സങ്കടം വരുന്നുണ്ടായിരുന്നു..
അതിലേറെ മന പ്രയാസവും….

താനിത് വരെ ഒരു ഗ്ലാസ് ചായ അവനായി നീട്ടിയിട്ടില്ല….

അങ്ങനെയൊരു സ്നേഹ പ്രകടനം തനിക്കറിയില്ല താനും…..

എന്നാൽ അവളതെല്ലാം ചെയ്യുമ്പോൾ തന്നോട് അവനുള്ള വെറുപ്പിന്റെ ആഴം കൂടില്ലേ….

എല്ലാം കണ്ടറിഞ്ഞു ചെയ്യാൻ കഴിവുള്ള അവളെ പോലെയൊരാളെയാവില്ലേ അവനാഗ്രഹിച്ചത്…..

ഓർക്കും തോറും ഹൃദയം നീറി കൊണ്ടിരുന്നു…..

അവൾ കൊടുത്ത ചായ കുടിച്ചു കൊണ്ട് തന്നെ നോക്കുമ്പോൾ അതിൽ തന്നോടൊരു പുച്ഛമുണ്ടോ….

അതോ അത് തന്റെ തോന്നലാണോ…..

അന്നവൾക്കോട്ടും മനസ്സിന് സുഗമുണ്ടായിരുന്നില്ല…. എന്നാൽ രാധു അന്ന് പതിവിലേറെ സന്തോഷവതിയായിരുന്നു….

രാത്രി വിവി വന്നപ്പോഴും അവന് ഭക്ഷണം വിളമ്പി കൊടുക്കാനും മറ്റുമായി രാധു തന്നെയായിരുന്നു….

അത് മീരയിൽ വല്ലാത്ത അസ്വസ്ഥത നിറച്ചു….

മീര വിവിയുടെ ഭാര്യയാണെന്ന് മനസ്സിനെ പറഞ്ഞ് പഠിപ്പിച്ചു അകന്ന് നിന്നിരുന്ന രാധു ഇപ്പോൾ മീരയെന്നൊരളവിടെ ഉണ്ടെന്ന് കണക്കാക്കുക പോലും ചെയ്യാതെ ആ പഴയ രാധുവായി മാറുകയായിരുന്നു……

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹

പിറ്റേന്ന് രാധു മീരയുടെ മുറിയിലേക്ക് കയറി വന്നതും അവൾ മീരക്കായൊരു ചിരി സമ്മാനിച്ചു….

മീര വലിയ താല്പര്യമില്ലാത്ത മട്ടിൽ വെറുതെ യൊന്നു ചിറിച്ചു….

എന്തിനാണവൾ വന്നതെന്ന മട്ടിൽ മീരയവളെയൊന്ന് നോക്കി….

അവൾ സംസാരത്തിന് നിൽക്കാതെ അവിടെ കിടന്നിരുന്ന വിവിയുടെ അലക്കാനുള്ള തുണികളെടുത്തു….

ഇത് കണ്ടതും മീരക്കാകെ ദേഷ്യം വന്നിരുന്നു…..

ഇതെന്തിനാ….

മീര ചോദിച്ചതല്പം ഗൗരവത്തോടെ തന്നെയായിരുന്നു…..

അലക്കാൻ…..

രാധു വളരേ ലാഘവത്തോടെ അത് പറയുമ്പോൾ മീര അവൾക്ക് മുമ്പിൽ കയറി നിന്നു….

അതിനിവിടെ ഞാനുണ്ടല്ലോ…. ഞാൻ തന്നെയാണ് അതൊക്കെ അലക്കാറുള്ളത്…..

മീരയത് പറയുമ്പോൾ വാക്കുകളിൽ ദേഷ്യം കണ്ടിരുന്നു….

എന്നാൽ അപ്പോഴും രാധുവിന്റെ മുഖത്തെ ചെറു ചിരി മാഞ്ഞു പോയിരുന്നില്ല…..

ഇന്നലെ വരെ നീ ചെയ്തത് നിവൃത്തി കേട് കൊണ്ടല്ലേ….അത് കൊണ്ട് ഇനി മുതൽ ഞാൻ ചെയ്തോളാം….

രാധു അവളെ നോക്കിയത് പറഞ്ഞ് നിർത്തുമ്പോൾ മീര സംശയത്തോടെ അവളെ നോക്കി….

നിവൃത്തി കേട് കൊണ്ടാണെന്ന് നിന്നോടാരാ പറഞ്ഞത്…. ഞാൻ പറഞ്ഞോ….

മീരയത് ചോദിക്കുന്നത് അത്രമേൽ ദേഷ്യത്തോടെയാണെങ്കിലും രാധുവിന്റെ മുഖത്ത് അപ്പോഴും പുഞ്ചിരി തന്നെയായിരുന്നു…..

ആര് പറഞ്ഞാലും ഇല്ലെങ്കിലും സത്യം അതാണെന്ന് നിന്നെ പോലെ എനിക്കുമറിയാം….

അവനെ ഉൾകൊള്ളാൻ നിന്നെ പോലൊരാൾക്ക് ഈ ജന്മം കഴിയില്ല…. അതെനിക്കുറപ്പാണ്….

നീ എങ്ങോട്ടോ പോകാൻ നിൽക്കുകയല്ലേ…. അതുവരെയുള്ള ഒരു താത്കാലിക അഭയ കേന്ദ്രമല്ലേ നിനക്കിവിടം….

രാധു പുച്ഛത്തോടെയത് ചോദിക്കുമ്പോൾ മീരക്ക് തല ചുറ്റുന്നത് പോലെ തോന്നി…..

ഇതെല്ലാം ഇവളെങ്ങനെ അറിഞ്ഞുവെന്ന ചിന്ത അവളെ വരിഞ്ഞു മുറുക്കി…..

ഒരു തവണ തന്നെ അവനെ ഞാൻ നഷ്ടപ്പെടുത്തി….

നഷ്ടപ്പെടുമ്പോഴല്ലേ സ്നേഹത്തിന്റെ വിലയറിയു…..

ഇനിയൊരിക്കലും അതിനു ഞാൻ സമ്മതിക്കില്ല….
അതിനെനിക്ക് നിന്നോട് നന്ദിയുണ്ട് മീരാ….

എന്റെയുള്ളിൽ അവനോടുള്ള പ്രണയത്തിന്റെ തീവ്രത എനിക്ക് തന്നെ മനസ്സിലാക്കി തരാൻ നീയും ഒരു കാരണമായി….

അവൾ അങ്ങേയറ്റം പ്രസന്നതയോടെ അത് പറയുമ്പോൾ മീര തികട്ടി വന്ന കണ്ണുനീരിനെ പിടിച്ചു നിർത്തിയിരിക്കുകയായിരുന്നു…..

പിന്നേയ്….. നിനക്ക് പോകാൻ സമയമാവുന്നത് വരെ നീയിവിടെ താമസിക്കുന്നുണ്ടെന്ന് കരുതി വിവിയുടെ കാര്യങ്ങളൊന്നും കഷ്ടപ്പെട്ട് ചെയ്യണമെന്നില്ല…..

പോകും വഴി തിരിഞ്ഞു നിന്നു കൊണ്ടത് പറഞ്ഞ് രാധു പോകുമ്പോൾ തിരിച്ചെന്ത് പറയണമെന്ന് പോലുമറിയാതെ മീര അതേ നിൽപ്പ് നില്കുകയായിരുന്നു……

അവൾ ഇത്രയും പറഞ്ഞ് നിർത്തിയതിൽ നിന്നും വിവിയുടെ ഭാര്യയെന്ന സ്ഥാനത് തന്നെ കണക്കാക്കുന്നില്ലെന്നതല്ലേ സത്യം…..

ഈ വീട്ടിലുള്ള മാറ്റാരറിഞ്ഞാലും അവരും അങ്ങനെ തന്നെ കരുതുകയില്ലേ…

താനാ സ്ഥാനത്തെ അത്രയേറെ പ്രണയിച്ചു തുടങ്ങിയ നിമിഷത്തിൽ അങ്ങനൊരു വാക്ക് പോലും തനിക്കത്ര മേൽ ദുഖമുണ്ടാക്കുന്നു……

വിവിയുടെ യുള്ളിൽ താനെന്നൊരു മുള പൊട്ടി അവന്റെ കൂടെ ജീവിതം മുഴുവൻ ജീവിച്ചു തീർക്കാനാണ് താനത്രമേൽ ആഗ്രഹിക്കുന്നത്….

എങ്കിലും അവളെങ്ങനെ താൻ പോകുന്ന വിവരം അറിഞ്ഞുവെന്നാലോചിക്കുമ്പോൾ മീരക്ക് ശ്വാസം വിലങ്ങുന്നത് പോലെ തോന്നി…..

അതറിയുന്നത്….അവന് മാത്രമാണ്…..

അപ്പൊ അവൻ തന്നെ പറഞ്ഞതാകുമോ…..

അവൾക്കെന്തോ വല്ലാത്ത പ്രയാസം തോന്നി…..

വിവി പറഞ്ഞാണ് അവളതറിഞ്ഞതെങ്കിൽ താനവനെ ആഗ്രഹിക്കുന്നതിൽ യാതൊരു കാര്യവുമില്ലെന്ന് അവൾക്കറിയാമായിരുന്നു….

നിറഞ്ഞു വന്ന കണ്ണുനീർ തുടക്കുമ്പോഴും അവനെന്ന തന്റെ പ്രണയം ഹൃദയത്തിന്റെ മൂലയിൽ കിടന്ന് തന്നെ നോവിക്കുന്നുണ്ടായിരുന്നു…..

മീര അന്ന് മുഴുവൻ മുറിയിൽ തന്നെ ഒതുങ്ങി കൂടി….

അവളുടെ മുന്നിൽ താൻ ഇവിടുത്തെ ആരുമല്ലാത്തത് പോലെയായി മീരക്ക് തോന്നി…..

🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അവളെവിടെ…..

എല്ലാവരും ഭക്ഷണം കഴിക്കാനിരുന്നപ്പോൾ മീരയെ കാണാനിട്ടാണ് വിവിയത് ചോദിച്ചത്…..

വിവിയത് ചോദിക്കുമ്പോഴും രാധുവിനു പ്രത്യേകിച്ചൊന്നും തോന്നിയില്ല…..

ആരായാലും വിവിയത് ചോദിക്കുമെന്ന് അവൾക്കറിയാമായിരുന്നു….

മാത്രവുമല്ല അവർക്കിടയിൽ യാതൊരു അടുപ്പവുമില്ലെന്ന് അറിഞ്ഞത് കൊണ്ട് തന്നെ രാധു ആശ്വാസത്തിലായിരുന്നു….

ഞാൻ വിളിച്ചു ഏട്ടാ…. ഏട്ടത്തിക് വേണ്ടെന്ന് പറഞ്ഞു…..

ദേവു അത് പറഞ്ഞപ്പോഴേക്കും വിവി കഴിക്കാതെ എഴുന്നേറ്റ് മുറിയിലേക്ക് നടന്നു….

മുറിയിലെ ലൈറ്റവനിടുമ്പോൾ പെട്ടെന്ന് കണ്ണിലേക്കു വെളിച്ചം തുളച്ചു കയറിയ പോലവളുടെ മുഖം അസ്വസ്ഥമായി.

ഭക്ഷണം കഴിക്കാൻ വാ….

വിവിയത് പറഞ്ഞതും രാധുവത് പറയുന്നതിന്റെ മുമ്പാണ്‌ അവനത് പറയുന്നതെങ്കിൽ താനൊത്തിരി സന്തോഷിച്ചെന്നെയെന്നവളോർത്തു…..

എന്നാൽ ഇപ്പൊ തനിക്കത് സാധാരണമായി തോന്നുന്നുണ്ടായിരുന്നള്ളു…..

എനിക്ക് വേണ്ട….

അവളത് പറഞ്ഞത് അല്പം ഗൗരവത്തോടെ തന്നെയായിരുന്നു….

അതെന്താ വേണ്ടാത്തത്….
വയ്യായ്ക എന്തെങ്കിലുമുണ്ടോ…..

അവൻ വീണ്ടും ചോദിച്ചു….

വേണ്ട….

അത്ര തന്നെ….

അവളത് പറഞ്ഞപ്പോൾ വാക്കുകൾക്ക് ഒട്ടും മയമില്ലാത്തത് കൊണ്ട് തന്നെ വിവി പിന്നീടൊന്നും പറയാതെ പ്പോയി….

അവൾക്കവനോട് ദേഷ്യം വരുന്നുണ്ടായിരുന്നു…..

അവൻ മുറിയിലേക്ക് കയറി വന്നതും അവൾ കണ്ണു ചിമ്മി ഉറങ്ങിയ പോൽ കിടന്നു…..

ആകാശം അപ്പോഴേക്കും ഇരുണ്ട് തുടങ്ങിയിരുന്നു….

ഭൂമിയെ പുണരാൻ വെമ്പി നില്കുന്ന ഒരു കൂട്ടം കാർമേഘങ്ങൾ ആകാശത്തു കൂടി അങ്ങോട്ടുമിങ്ങോട്ടും ഒഴുകി നടന്നു…..

താൻ പോയിട്ട് വേണം രാധുവുമായി ഒന്നിക്കാനെന്ന് കരുതിയായിരിക്കില്ലേ അവൻ അവളോടെല്ലാം പറഞ്ഞത്……

ഓർക്കും തോറും അവനോട് ദേഷ്യമോ പരിഭവമോ എന്നറിയാത്ത വികാരം അവളെ പൊതിഞ്ഞു പിടിച്ചു….

അല്ലെങ്കിലും അവനെയെന്തിനു കുറ്റപ്പെടുത്തണം….

ഇഷ്ടം…. അത് തനിക്ക് മാത്രം തോന്നിയ ഒന്നല്ലേ….

അവന്റെ കണ്ണുകളിൽ കണ്ട തിളക്കം പ്രണയമാണെന്ന് കരുതിയ താനല്ലേ വിഡ്ഢി….

ഓർക്കും തോറും അവളുടെ ഹൃദയത്തിൽ നിന്നുള്ള വേദന കണ്ണുകളിലൂടെ ഒലിച്ചിറങ്ങി…..

അവരുടെ ഇടയിൽ ആ സുഗന്ധം പരക്കുന്നുണ്ടായിരുന്നെങ്കിലും എന്നത്തേയും പോലെ അതാസ്വധിക്കാൻ അവൾക്ക് കഴിയുന്നുണ്ടായിരുന്നില്ല….

പെട്ടെന്നാണ് ഭൂമിയിലേക്ക് ഭാരമുള്ള തുള്ളികൾ വീണ് തുടങ്ങിയത്…..

പെട്ടെന്നാണ് ആകാശത്തു നിന്നും എയ്ത് വിട്ട അമ്പു പോലൊരു മിന്നൽ പ്രതീക്ഷിക്കാത്തൊരു അതിഥിയെ പോൽ താഴെക്കിറങ്ങിയത്….

അത് വന്ന് പതിച്ചത് സ്വിച്ച് ബോര്ഡിലായിരുന്നത് കൊണ്ട് തന്നെ സ്വിച് ബോർഡിൽ നിന്നും തീപ്പൊരി പാറി….

തിരിഞ്ഞു കിടന്നിരുന്ന മീര വേഗം അഭയം പ്രാപിച്ചത് അവനിലേക്കായിരുന്നു….

വലിയ ശബ്ദത്തോടെ ഇടി തന്റെ വരവറിയിക്കുമ്പോഴും അവളവന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി കിടക്കുകയായിരുന്നു….
അവൾ പോലുമാരിയാതേ…….

(തുടരും )