23/04/2026

ഹിമകണമായി : ഭാഗം 14

രചന : ശ്രീനിധി

ഓടി മുന്നിലേക്ക് വന്ന നേത്രയുടെ വലതുകൈയിൽ അദ്രി പിടുത്തമിട്ടു.ബ്രേക്ക്‌ ഇട്ടതുപോലെ നേത്ര നിന്നു.” എന്റെ കൈയിൽ നിന്ന് വിട് ” നേത്ര അദ്രിയോട് പറഞ്ഞു.” വാ ഇവിടെ………… ” അദ്രി അവളെ വിളിച്ചുകൊണ്ട് എല്ലാവരുടെയും മുന്നിലേക്ക് ചെന്നു.ഞാൻ അറിയാതെയാണെങ്കിലും ഇവളോട് ഒരു തെറ്റ് ചെയ്തു,ആ തെറ്റിന് ഞാൻ തന്നെ പരിഹാരം കണ്ടോളാം ” അദ്രി നേത്രയേ വലിച്ചോണ്ട് ആൽമരചുവട്ടിലേക്ക് ചെന്നു.
ആൽമരത്തിൽ കെട്ടിയിരുന്ന മഞ്ഞ ചരടിൽ കോർത്ത താലി വലിച്ചെടുത്ത് നിമിഷനേരംകൊണ്ട് അവൻ നേത്രയുടെ കഴുത്തിലേക്ക് ചാർത്തി.
അദ്രിയുടെ പ്രവർത്തി എന്താണെന്ന് നേത്ര തിരിച്ചറിയുന്നതിന് മുൻപ് തന്നെ അവൻ അമ്പലത്തിലെ ദേവിയെ സാക്ഷിയാക്കി ആ താലി ചരട് അവളുടെ കഴുത്തിൽ കെട്ടിക്കഴിഞ്ഞിരുന്നു.

നേത്ര അമ്പരപ്പോടെ അദ്രിയെ നോക്കി, ശേഷം അവളുടെ കഴുത്തിൽ കിടക്കുന്ന താലിയിലേക്കും.
തനിക്ക് സംഭവിച്ചത് എന്താണെന്ന് തിരിച്ചറിഞ്ഞതും അവൾ ഇരുകൈകളും കൊണ്ട് മുഖം പൊത്തി കരഞ്ഞുകൊണ്ട് നിലത്തേക്ക് ഇരുന്നു.ആദി പാഞ്ഞ് ചെന്ന് അദ്രിയുടെ കുറത്തയുടെ കോളറിൽ പിടിച്ചു.
നീ എന്ത് തോന്ന്യാസാണ് ഈ കാണിച്ചത് ” ആദി അവന്റെ മുഖം അടച്ച് ഒരെണ്ണം കൊടുത്തു.ഋഷി അപ്പോഴേക്കും ഓടി വന്ന് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു. ഏട്ടാ……വേണ്ട……. മാറ് ഇങ്ങോട്ട് ” അദ്രിയിൽനിന്ന് ആദിയെ വേർപെടുത്താൻ ഋഷി ശ്രമിച്ചുകൊണ്ടിരുന്നു.

ശ്രീജ അപ്പോഴേക്കും നേത്രയുടെ അടുത്ത് എത്തിയിരുന്നു. മോളെ……. ” ശ്രീജ നേത്രയേ നെഞ്ചോട് ചേർത്തു.കണ്മുന്നിൽ കണ്ട കാഴ്ച വിശ്വസിക്കാനാവാതെ തരിച്ച് നിൽക്കുകയായിരുന്നു ഭൈമി.അവളുടെ കണ്ണുകൾ നിറഞ്ഞൊഴുഞ്ഞുകി.
നിലത്തേക്ക് വീണ് പൊട്ടികരയുന്ന നേത്രയിലേക്കും അവളുടെ കഴുത്തിൽ കിടക്കുന്ന താലിമാലയിലേക്കും നോക്കവേ ഭൈമിക്ക്‌ ഭൂമി പിളർന്ന് താഴേക്ക് പോയാൽ മതിയെന്ന് തോന്നി പോയി.ഈ നിമിഷം ഹൃദയം നിന്നുപോയിരുന്നെങ്കിലെന്ന് അവൾ ആഗ്രഹിച്ചു.എല്ലാം നഷ്ടപ്പെട്ടവളെപ്പോലെ നിൽക്കുന്ന ഭൈമിയെ ഒന്ന് നോക്കിയ ശേഷം, ജോയൽ ഓടി അദ്രിക്ക് അടുത്തേക്ക് ചെന്ന് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.

” ആരെങ്കിലും ചെന്ന് അവരെ ഒന്ന് പിടിച്ച് മാറ്റ് ” മുരളി എല്ലാവരോടുമായി പറഞ്ഞു.
പക്ഷെ ആ കാഴ്ച കണ്ടു നിന്നതല്ലാതെ ആരും അനങ്ങിയില്ല.അവൻ അത് അർഹിക്കുന്നുണ്ട് മുരളി, ഈ കാര്യത്തിൽ അവന്റെ ഭാഗത്ത്‌ എന്ത് ശരിയാണ് ഉള്ളത്‌ “ശ്രീധരൻ ചോദിച്ചു.കുട്ടികൾ ഇങ്ങനെ തമ്മിൽ തല്ലുന്നത് നമ്മള് നോക്കികൊണ്ട് നിൽക്കണമെന്നാണോ ഏട്ടൻ പറയുന്നത്” മുരളി ചോദിച്ചു.

ഋഷിയും ജോയലും ചേർന്ന് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നുണ്ടെങ്കിലും അവർക്ക് അതിന് സാധിച്ചില്ല.
എന്നെ വിട് ഋഷി, ഞാൻ ഇന്ന് ഇവനെ കൊല്ലും, ഇവൻ നേത്രയോട് കാണിച്ചത് നീ കണ്ടതല്ലേ, ഇനിയും ഇവനെ വെറുതെ വിടണോ ” ആദി ഋഷിയോട് ദേഷ്യപ്പെട്ടു. ഏട്ടാ…… എടുത്ത് ചാടിട്ട് എന്താ കാര്യം, സമാധാനമായിട്ട് നമുക്ക് പരിഹാരമുണ്ടാക്കാം ” ഋഷി പറഞ്ഞു. ഇവനോട് ഇനി ഒരു മര്യാദയും ഇല്ല ഇവൻകാരണമാണ് എല്ലാം ഉണ്ടായത് ” ആദി അവന്റെ മുഖത്തേക്ക് വീണ്ടും അടിച്ചു.

മുരളി അപ്പോഴേക്കും അങ്ങോട്ട് ചെന്ന് ആദിയെ പിടിച്ചു മാറ്റാൻ ശ്രമിച്ചു.മോനെ അവനെ വിട്, അവൻ ചെയ്തത് തെറ്റാണ്, ആ തെറ്റിന് മാപ്പില്ലെന്ന് അറിയാം” മുരളി പറഞ്ഞു.ഇവനെ വെറുതെവിടാൻ പറ്റില്ല അങ്കിൾ, ഇനിയും ഇവൻ ഇങ്ങനെ ഓരോന്ന് കാണിക്കും, എന്ത് ധൈര്യത്തിലാണ് ഇവൻ നേത്രയുടെ കഴുത്തിൽ താലി കെട്ടിയത്, ആരാ ഇവന് അതിനുള്ള അധികാരം കൊടുത്തത്” ആദിക്ക് അവന്റെ ദേഷ്യം നിയന്ത്രിക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല.ആദി നിർത്തുന്നുണ്ടോ ഒന്ന് ” വേണുവിന്റെ ശബ്ദം അവിടെ മുഴങ്ങി.
ആദി അദ്രിയുടെ കുർത്തയിലുള്ള പിടി വിട്ടു.

“മതി…….. അവനെ തല്ലിയിട്ട് എന്താ കാര്യം, സംഭവിക്കാനുള്ളത് സംഭവിച്ചില്ല ” വേണു ചോദിച്ചു.
പക്ഷെ……. അച്ഛാ………… ” ആദി പറയാൻ തുടങ്ങിയതും വേണു അവനെ തടഞ്ഞു.
ശ്രീജേ……. മോളെ അകത്തേക്ക് കൊണ്ടുപോ ” വേണു പറഞ്ഞു.ശ്രീജ നേത്രയേ പിടിച്ച് എഴുന്നേൽപ്പിച്ചതും ശിവയും അങ്ങോട്ട് ചെന്ന് അവളെ പിടിച്ചു.ഒരാളെ കൊന്ന് കൊലവിളിച്ചത് മതിയാവാഞ്ഞിട്ടാണോ വീണ്ടും അടുത്തത്, നിങ്ങള് ഒരു മനുഷ്യനാണോ. ഈ തെറ്റുകൾക്ക് നിങ്ങള് മറുപടി പറഞ്ഞേ പറ്റു, ഇനി ചേച്ചിയെ കൂടി നിങ്ങളുടെ താന്തോന്നിത്തരത്തിന് വിട്ട് തരാൻ പറ്റില്ല ” ശിവ അദ്രിയുടെ മുഖത്ത് നോക്കി പറഞ്ഞു.

ശ്രീജയും ശിവയും ഒരുമിച്ച് നേത്രയേ ശിവയുടെ ഡ്രസിങ് റൂമിലേക്ക് കൊണ്ടുപോയി.മുരളി……….
ഞങ്ങള് ഇനി എന്താ വേണ്ടേ…….തന്റെ മകൻ ചെയ്ത കൂട്ടിയതിന് എന്ത് പരിഹരമാണ് ഉള്ളത്‌. എന്റെ കുട്ടിയെ ഞാൻ എങ്ങനെ സമാധാനിപ്പിക്കും താൻ പറ” വേണു മുരളിയോട് ചോദിച്ചു.മുരളിക്ക്‌ വേണുവിന് നൽകാൻ മറുപടി ഒന്നുമില്ലായിരുന്നു. അയാൾ നിസ്സഹായനായി നിന്നു.പ്രഭ നടന്ന് അദ്രിയുടെ അടുത്തേക്ക് ചെന്ന് അവന്റെ കരണം പുകച്ച് ഒരെണ്ണം കൊടുത്തു.എന്തിനാടാ ഇങ്ങനെ കുടുംബത്തെ പറയിക്കാൻ ഓരോന്ന് ചെയുന്നത്.
നീ ഇപ്പോ കാണിച്ചത് എത്ര വലിയ തെറ്റാണെന്ന് നിനക്ക് അറിയുവോ, എന്തിനാ അദ്രി ഇങ്ങനെ തെറ്റിന് മേൽ തെറ്റ് ചെയ്ത കൂട്ടുന്നത് ” പ്രഭയുടെ ശബ്ദം ഇടറി പോയിരുന്നു.മനസ്സിന്റെ ഭാരം അത്രക്ക് വലുതായതുകൊണ്ടാവാം അവരുടെ ചുവടുകൾ പിഴിച്ച് പ്രഭാ താഴേക്ക് വീണു.ശ്രീധരനും അഭിഷേകും കൂടി പ്രഭയെ താങ്ങി പിടിച്ചു.

” അമ്മേ……… അമ്മേ…..” ശ്രീധരൻ പ്രഭയെ തട്ടി വിളിച്ചു.ഋഷി വേഗം പ്രഭയുടെ അടുത്ത് വന്ന്, അവരുടെ കൈ പിടിച്ച് പൾസ് നോക്കി.പ്രഷർ ഡൌൺ ആയതാണ്, ബോഡിയും നല്ല വീക്കാണ്, ഒന്ന് ഹോസ്പിറ്റലിൽ പോകുന്നത് നല്ലതായിരിക്കും ” ഋഷി പറഞ്ഞു.അപ്പോഴേക്കും എല്ലാവരും അവരുടെ ചുറ്റും കൂടിരുന്നു.ദേവ…….. വേഗം വണ്ടി എടുക്ക് ” ശ്രീധരൻ പറഞ്ഞു.ദേവൻ വേഗം വണ്ടി എടുത്തതും, ബാക്കി എല്ലാവരും കൂടെ പ്രഭയെ വണ്ടിയിൽ കയറ്റി, ഒപ്പം അംബികയും ഇന്ദുവും കയറിയതോടെ വണ്ടി ഹോസ്പിറ്റലിലേക്ക് വിട്ടു.
കല്യാണത്തിന്റെ സന്തോഷങ്ങൾ നിറഞ്ഞ നിൽക്കേണ്ടിടത്ത് മരണവീട് പോലെ ശോകം നിറഞ്ഞ അന്തരീക്ഷമായി മാറി.

” മുരളിയേട്ടാ…………സമയം വൈകുന്നു, ശിവയെ ഋഷിയുടെ വീട്ടിലേക്ക് പറഞ്ഞയക്കണ്ടേ ” ഹരീഷ് ചോദിച്ചു.എനിക്ക് അറിയില്ല ഹരി…….
എന്താ ഇനി വേണ്ടതെന്ന് എനിക്ക് അറിയില്ല ” മുരളി പറഞ്ഞു.എടാ വണ്ടിടെ കീ എവിടെ ” അദ്രി ജോയലിനോട് ചോദിച്ചു.എന്തിനാ ഇപ്പോ കീ……. ” ജോയൽ തിരികെ ചോദിച്ചു. കീ താ…… ” അദ്രി കൈ നീട്ടി.നീ എങ്ങോട്ടാ……….. ” കീ കൈയിലേക്ക് കൊടുക്കുന്നതിനിടയിൽ ജോയൽ തിരക്കി.അദ്രി ഒന്നും മിണ്ടാതെ കീ വാങ്ങി കാറിന്റെ അടുത്തേക്ക് പോയി, കാറിൽ കയറി.അവന്റെ ദേഷ്യം മുഴുവൻ വണ്ടിയുടെ ആക്സിലറേറ്ററിൽ കാല്മർത്തി പ്രകടിപ്പിച്ചുകൊണ്ട് വണ്ടി പൊടിപരത്തി അമ്പലമുറ്റത്തുനിന്ന് ചീറി പാഞ്ഞ് പോയി.

ജോയൽ ഭൈമിയുടെ അടുത്തേക്ക് ചെന്ന്, അവളുടെ തോളിൽ കൈ വെച്ചു.ഭൈമി നിർവികാരയായി അവനെ നോക്കി.അദ്രി പോയി………വാ നമുക്ക് റൂമിലേക്ക് പോവാം ” ജോയൽ പറഞ്ഞു.ജോയൽ ഭൈമിയെ ചേർത്തു പിടിച്ച് പുറത്തേക്ക് നടന്നു.
മുരളിയും ഹരിയും സേതുമാധവന്റെ അടുത്തേക്ക് നടന്നു.അമ്മാമ്മേ………ശിവയുടെ കാര്യം ” ഹരി ചോദിച്ചു.”മ്മ്….. നിങ്ങള് വാ……….. ” സേതുമാധവൻ അവരുമായി വേണുവിന്റെ അടുത്തേക്ക് ചെന്നു.സംഭവിക്കാൻ പാടില്ലാത്തൊക്കെ സംഭവിച്ചു. ഇതൊന്നും ആരും പ്രീതിഷിച്ചതല്ല, , വേണുവിനോട് എന്ത് പറയണമെന്ന് പോലും എനിക്ക് അറിയില്ല, പെട്ടെന്ന് തീരുമാനം എടുക്കാൻ പറ്റുന്ന കാര്യമല്ല സംഭവിച്ചിരിക്കുന്നത് അതുകൊണ്ട് എടുത്തുചാടിഒന്നുംചെയുന്നതിൽഅർത്ഥമില്ല.നിങ്ങളുടെ അവസ്ഥ എനിക്ക് മനസ്സിലാകും, അദ്രി ഇങ്ങനെ പെരുമാറുമെന്ന് ഇവിടെ ആരും കരുതിയില്ല.
സംഭവിച്ചത് തിരുത്താൻ നമ്മളെക്കൊണ്ട് പറ്റില്ലല്ലോ ,എല്ലാത്തിനും ഒരു പരിഹാരം ഉണ്ടാകാതിരിക്കില്ലല്ലോ അത് നമുക്ക് സാവധാനം ആലോചിക്കാം.
ഋഷിയുടെയും ശിവയുടെയും കല്യാണം കഴിഞ്ഞ് മറ്റ് ചടങ്ങളൊന്നും ചെയ്യാൻ നമുക്ക് സാധിച്ചില്ലല്ലോ, കുറിപ്പിച്ച സമയം തെറ്റാതെ അവരുടെ ഗ്രഹപ്രവേശമെങ്കിലും നടത്തണ്ടേ ” സേതു മാധവൻ ചോദിച്ചു.

സുരേഷ് വേണുവിന്റെ അടുത്തേക്ക് വന്നു.” അമ്മാമ്മ പറഞ്ഞതിൽ കാര്യമുണ്ട്, ബാക്കിയൊക്കെ നമുക്ക് ആലോചിച്ച് ചെയ്യാം ആദ്യം ഋഷിയെയും ശിവയെയും കൂട്ടി നമുക്ക് വീട്ടിലേക്ക് പോവാം “സുരേഷ് പറഞ്ഞു.” മ്മ്……. ” വേണു അതിന് മറുപടിയായി ഒന്ന് മൂളി.പിന്നീട് പെട്ടെന്ന് തന്നെ ശിവയെയും ഋഷിയെയും കൂട്ടി എല്ലാവരും വീട്ടിലേക്ക് തിരിച്ചു.മിഥിലാപുരിയിൽ ഉള്ളവർ തറവാട്ടിലേക്കും മടങ്ങി.വണ്ടിയിൽ ശ്രീജയുടെ നെഞ്ചിൽ ചാരി പുറത്തേക്ക് നോക്കി ഇരിക്കുന്ന നേത്രയേ കണ്ടപ്പോ ആദിയുടെ മനസ്സിൽ അദ്രിയെ ചുട്ട് ചാമ്പലാക്കാനുള്ള ദേഷ്യം തോന്നി.

പുറകിലേക്ക് ഓടി മറയുന്ന കാഴ്ചകളിൽ കണ്ണ് നട്ട് നേത്ര അങ്ങനെ തന്നെ ഇരുന്നു. അവളുടെ മനസ്സിൽ ശൂന്യത മാത്രമായിരുന്നു. തന്റെ ജീവിതത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്താണെന്ന് അവൾ സ്വയം ചോദിച്ചുകൊണ്ടിരുന്നു.മരണമായിരുന്നു ഇതിനേക്കാൾ ഭേദമെന്ന് അവളുടെ മനസ്സ് അവളോട് പറഞ്ഞുകൊണ്ടിരുന്നു.കഴുത്തിലെ താലി തന്നെ ചുട്ട്പൊളിക്കുന്നതായി തോന്നി അവൾക്ക്.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ഭൈമിയെയും കൊണ്ട് ഹോട്ടൽ റൂമിൽ എത്തിയ ജോയൽ അവളെ അവളുടെ റൂമിലേക്ക് കൂട്ടികൊണ്ട് പോയി.ഭൈമി……… ” ജോയൽ അവളെ വിളിച്ചു.നിർജീവമായ കണ്ണുകളോടെ ഭൈമി ജോയലിനെ നോക്കി. നിന്നോട് എന്ത് പറയണമെന്ന് എനിക്ക് അറിയില്ല ഭൈമി” ജോയൽ പറഞ്ഞു.” ജോ…….. നീ എന്നെ കുറച്ച് സമയം ഒറ്റക്ക് വിടാവോ…….I want to stay alone for sometime…… ” ഭൈമി പറഞ്ഞു ശരി…….. ഞാൻ കുറച്ച് കഴിഞ്ഞ് വരാം…… ” അവളുടെ മാനസികാവസ്ഥ മനസ്സിലാക്കി ജോയൽ അവളെ ബെഡിൽ ഇരുത്തി പുറത്തേക്ക് ഇറങ്ങി ഡോർ അടച്ചു.

ജോയൽ പോയതും ഭൈമി അവളുടെ ബെഡിലേക്ക് വീണ്, തലയിണയിൽ മുഖമമർത്തി പൊട്ടി കരഞ്ഞു.എനിക്ക് നിന്നേ നഷ്ടപ്പെടുത്താൻ വയ്യ അദ്രി, എനിക്ക് നിന്നേ വേണം.
ഭൈമി ഇത്രയും അധികം വേറെ ഒന്നിനെയും ഇതുവരെ സ്നേഹിച്ചിട്ടില്ല, ആഗ്രഹിച്ചിട്ടില്ല”
അവൾ സ്വയം പതംപറഞ്ഞുകൊണ്ടിരുന്നു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

ജോയൽ റൂമിൽ ചെന്നതും അവിടെ അദ്രിയെ കണ്ടില്ല. അവൻ റീസെപ്ഷനിൽ നിന്ന് സ്പർ കീ വാങ്ങി റൂം തുറന്ന്.ഫോൺ എടുത്ത് അദ്രിയെ വിളിച്ചെങ്കിലും നോട്ട് റീച്ബിൾ ആയിരുന്നു. ഇവൻ ഇത് എങ്ങോട്ടായിരിക്കും പോയത്, എവിടെ പോയി അന്വേഷിക്കും, ഭൈമിയെ ഈ അവസ്ഥയിൽ ഒറ്റക്ക് വിടാനും പറ്റില്ല ” ജോയൽ മനസ്സിൽ ചിന്തിച്ചു.
ഈ കാര്യം എത്രയും പെട്ടെന്ന് മഹിയെ അറിയിക്കണം” ജോയൽ ഫോൺ എടുത്ത് മഹിയെ വിളിച്ചെങ്കിലും കോൾ റിങ് ചെയ്ത നിന്നു.
ജോയൽ പെട്ടെന്ന് തന്നെ അജിയെ വിളിച്ചു.

” എടാ…… അവൻ എവിടെ മഹി ” അജി ഫോൺ എടുത്തയുടൻ ജോയൽ ചോദിച്ചു.അവൻ റൂമിൽ ഉണ്ട്, എന്താടാ…… ” അജി ചോദിച്ചു.
ഞാൻ അവനെ വിളിച്ചിട്ട് എടുത്തില്ല, നീ ഫോൺ ഒന്ന് അവന്റെ കൈയിൽ കൊടുത്തേ” ജോയൽ പറഞ്ഞു.അജി ഫോണുമായി മഹിയുടെ റൂമിലേക്ക് ചെന്നു. മഹി ഭിത്തിയിൽ ചാരി കണ്ണുകളടച്ചു ഇരിക്കുവായിരുന്നു. എടാ നിന്റെ ഫോൺ എവിടെ ജോയല് വിളിച്ചിട്ട് കിട്ടിയില്ലെന്ന് പറഞ്ഞു ” അജി ചോദിച്ചു.അത് സൈലന്റാണ്” മഹി പറഞ്ഞു.

” ദാ…… ജോയലാണ് നിന്നോട് സംസാരിക്കണമെന്ന് ” അജി ഫോൺ മഹിക്ക് നീട്ടി.
മഹി അജിയെ രൂക്ഷമായി നോക്കി. നീ എന്നെ നോക്കി പേടിപ്പിക്കണ്ട, ഞാൻ ആരെയും വിളിച്ച് ഒന്നും പറഞ്ഞിട്ടില്ല, അവൻ ഇങ്ങോട്ട് വിളിച്ചതാണ്, നിന്നോട് എന്തോ പറയാൻ ഉണ്ടെന്ന് ” അജി അവന്റെ നോട്ടത്തിന്റെ അർത്ഥം മനസ്സിലായതുപോലെ അങ്ങോട്ട് പറഞ്ഞു.
മഹി ഫോൺ കൈയിൽ വാങ്ങി ചെവിയിലേക്ക് വച്ച്.
ഹലോ……ജോ……. എന്താടാ ” മഹി ചോദിച്ചു.എടാ ഫോൺ സ്പീക്കറിൽ ഇട് ” ജോയൽ പറഞ്ഞു.പറയടാ”മഹി ഫോൺ സ്പീക്കറിൽ ഇട്ടു.

ജോയൽ നടന്നതൊക്കെ വിശദമായി തന്നെ അവരോട് പറഞ്ഞു. എടാ ഇവൻ എന്ത് പണിയാണ് കാണിച്ചേ ” അജി ചോദിച്ചു.എടാ ആ സിറ്റുവേഷനിൽ അവൻ അങ്ങനെ ചെയ്തതിൽ എനിക്ക് അവനെ തെറ്റ് പറയാൻ പറ്റില്ല, ആ പെങ്കൊച്ചിനെ എല്ലാവരും കൂടി കൊത്തി പറിക്കുവായിരുന്നു, അവൻ അങ്ങനെ ചെയ്തിലായിരുന്നുവെങ്കിൽ ചിലപ്പോ ആ കൊച്ച് എന്തെങ്കിലും വിവരക്കേട് കാണിച്ചേനെ ” ജോയൽ പറഞ്ഞു.എടാ എന്നാലും ഇതാണോ അതിന് പരിഹാരം, അവൻ ഒരു എടുത്തുചാട്ടത്തിന്റെ പുറത്തായിരിക്കും ഇപ്പോ ഇത് ചെയ്തത്,അല്ലാതെ അവൻ വേറെ ഒരാളെ സ്വീകരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ” മഹി ചോദിച്ചു.

” അതൊന്നും എനിക്ക് അറിയില്ല, ഇവിടെ ആകെ പ്രശ്നമായി, തത്കാലം അവര് അടങ്ങി ഇരിക്കുവാണ്,അച്ഛമ്മ ഹോസ്പിറ്റലിൽ ആയതുകൊണ്ട് എല്ലാവരും അതിന്റെ പുറകെ പോയി.ഇനി നാളെ എന്താകുമെന്ന് അറിയില്ല ” ജോയൽ പറഞ്ഞു.”എടാ ഭൈമി……” അജി ചോദിച്ചു.അവള് ഇവിടെ ഉണ്ട് റൂമിലാക്കി ഞാൻ ഇപ്പോ ഇങ്ങ് വന്നതേ ഉള്ളൂ, അവള് വല്ലാത്ത ഒരു ഷോക്കിലാണ്, അത് കഴിഞ്ഞ് അവള് ആകെ മരവിച്ച അവസ്ഥയിലാണ്, അവിടെന്ന് ഇവിടെ വരെ ഒരു അക്ഷരം മിണ്ടിട്ടില്ല ” ജോയൽ പറഞ്ഞു.

” സാരില്ല………… പെട്ടെന്ന് അവൾക്ക് ഉൾകൊള്ളാൻ കഴിയില്ല ” മഹി പറഞ്ഞുമഹി…….. നീ എത്രയും പെട്ടെന്ന് ഇങ്ങോട്ട് വരണം പറ്റിയാൽ നാളെ മോർണിംഗ് തന്നെ എത്തണം, എനിക്ക് ഇവിടെ മാനേജ് ചെയ്യാൻ പറ്റില്ല, ഇവിടെ ഉള്ളവർക്ക് എന്നെ അറിയില്ലല്ലോ. നീയാകുമ്പോൾ ഇവര് ഒക്കെ ഒരു മയത്തിൽ ഇടപെടും, പിന്നെ അദ്രിയും നീ പറഞ്ഞാലേ കേൾക്കു. എങ്ങനെ എങ്കിലും നീ ഇവിടെ എത്തണം” ജോയൽ പറഞ്ഞു.എടാ ഇവനെ ഇവിടെ ഒറ്റക്ക് ഈ അവസ്ഥയിലാക്കിട്ട് ഞാൻ എങ്ങനെ വരും ” മഹി ചോദിച്ചു.

” എന്റെ കാര്യം വിട്ടേക്ക് മഹി, നീ ഇപ്പോ തന്നെ നാട്ടിലേക്ക് പോവാനുള്ള കാര്യങ്ങൾ ചെയ്യാൻ നോക്ക്, അവിടെയാണ് നിന്റെ ആവിശ്യം. അദ്രിയെ നിയന്ത്രിക്കാൻ നിനക്ക് മാത്രേ പറ്റു.ഇനിയും മറ്റുള്ളവർക്ക് തട്ടി കളിക്കാൻ അദ്രിയെ വിട്ടു കൊടുക്കാൻ പറ്റില്ല.അദ്രിയെ കരുവാക്കി ആരൊക്കെയോ കളിക്കുന്നുണ്ട്. അത് ആരായാലും ഇനി അവരെ ജയിക്കാൻ സമ്മതിക്കരുത്.അവൻ നാട്ടിൽ കാല് കുത്തിയപ്പോൾ തന്നെ അവര് അവനിട്ടുള്ള പണി കരുതി വെച്ചത് കണ്ടില്ലേ,
അപ്പോ ഒന്ന് നമുക്ക് ഉറപ്പിക്കാം ശത്രു നാട്ടിലാണ്, ഇവിടെ അല്ല.ഇനി അവനെ മറവിൽ നിന്ന് ആരും അങ്ങനെ മിടുക്കനാവണ്ട.നീ നാട്ടിലേക്ക് ചെല്ല്, ബാക്കി നമുക്ക് വഴിയേ റെഡിയാക്കാം. എന്റെ കാര്യങ്ങൾ നോക്കാൻ ഞാൻ സുധിയെ വിളിച്ചോളാം അവൻ വന്നോളും.എന്റെ കാലിൽ നിന്ന് ഈ പ്ലാസ്റ്റർ ഒന്ന് എടുത്താൽ അടുത്ത നിമിഷം ഞാനും ഉണ്ടാകും അവിടെ ” അജി പറഞ്ഞു.

” അതേ മഹി……….എപ്പഴും മറ്റാരെങ്കിലും ചെയ്ത തെറ്റിന്റെ പേരിലാണ് അദ്രി പഴി കേൾക്കുന്നതും ശിക്ഷ അനുഭവിക്കുന്നതും, ഇനി അത് വേണ്ട.എല്ലാവരും അറിയണം അദ്രി തെറ്റ് ഒന്നും ചെയ്തിട്ടില്ലെന്ന്.അവന് ആരെയും വേദനിപ്പിക്കാൻ കഴിയില്ലെന്ന് ” ജോയൽ പറഞ്ഞു.
ഞാൻ രാവിലെ തന്നെ അവിടെ എത്തും, അദ്രി പോലും അറിയാതെ നമുക്ക് അദ്രിയെ അവിടെ തന്നെ പിടിച്ചു നിർത്തണം, അവന്റെ പുറകേ ആരായാലും അവരെ പുറത്ത് കൊണ്ടുവരണം ” മഹി പറഞ്ഞു.അദ്രിയുടെ പേരിലുള്ള പാപക്കറ കഴുകി കളയണമെന്ന് അവര് മൂന്നും ചേർന്ന് ആ നിമിഷം തീരുമാനമെടുത്തു.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

കൈയിലിരുന്ന മദ്യം വായിലേക്ക് കമഴ്തി അദ്രി സോഫയിലേക്ക് ചാരി ഇരുന്ന്, കണ്ണുകൾ അടച്ചു.
ഈ ജന്മം ഞാൻ തോറ്റു പോയി ധനു നിന്റെ മുന്നിൽ ഞാൻ തോറ്റു പോയി,നിന്നോട് ഒരിക്കലും തിരുത്താൻ പറ്റാത്ത തെറ്റാണ് ഞാൻ ചെയ്തത്, ഇന്ന് എനിക്ക് അങ്ങനെ ചെയ്യേണ്ടി വന്നു, നീ എന്നോട് ക്ഷമിക്കില്ലെന്ന് അറിയാം , അത് ഞാൻ അർഹിക്കുന്നില്ല ” അദ്രി മനസ്സിൽ പറഞ്ഞു.
പെട്ടെന്ന് അദ്രി കണ്ണുകൾ തുറന്നു. എടൊ…………ഒരു ബോട്ടിൽ കൂടി ” അദ്രി വെയ്റ്രോട് പറഞ്ഞു. സർ…….. ഇപ്പോ തന്നെ കൂടുതലാണ്, ഇനിയും വേണോ ” അയാൾ ചോദിച്ചു. അത് താൻ ആണോ തീരുമാനിക്കുന്നത്, ഞാൻ എന്റെ പൈസക്കാണ് കുടിക്കുന്നത്, അതിന്റെ ലിമിറ്റ് നീ തീരുമാനിക്കണ്ട.വേണ്ടി വന്നാൽ ഇത് മുഴുവൻ വിലക്ക് വാങ്ങാൻ അദ്രിക്ക് സാധിക്കും. അതുകൊണ്ട് എന്നോട് ആജ്ഞാപിക്കാൻ നിൽക്കണ്ട, പോയി എടുത്തിട്ട് വാടോ ” അദ്രി അവന് നേരെ അലറി.

❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

സേതുമാധവൻ പ്രഭയെ കാണാൻ ഹോസ്പിറ്റലിൽ നില്കുമ്പോഴാണ് അയാൾക്ക് മഹിയുടെ കോൾ വരുന്നത്.ഹലോ…… മുത്തശ്ശാ ” മഹി……. നീയോ………എന്താ ഇപ്പോ പെട്ടെന്ന്…… ഇവിടെ നടന്നതൊക്കെ അറിഞ്ഞുകാണുമല്ലേ ” സേതു ചോദിച്ചു.എല്ലാം അറിഞ്ഞു……..
അതുകൊണ്ടാണ് ഞാൻ ഇപ്പോ വിളിച്ചത്………..എനിക്ക് മുത്തശ്ശനെ ഒന്ന് നേരിൽ കാണണം, ഞാൻ നാളെ രാവിലെ നാട്ടിൽ എത്തും, അതുവരെ ഒരു തീരുമാനങ്ങളും എടുക്കരുത്, എനിക്ക് അല്പം സംസാരിക്കാനുണ്ട് ” മഹി പറഞ്ഞു. എന്താ മഹി…….. ” അയാൾ ചോദിച്ചു. നാളെ തമ്മിൽ കാണുമ്പോൾ, പറയാം, ഞാൻ രാവിലെ തന്നെ എത്തും ” മഹി ഫോൺ കട്ട്‌ ചെയ്തു.

തുടരും
ഞാൻ ഒരു പ്രോഗ്രാമിൽ പെട്ട് കുറച്ച് തിരക്കാണ് അതുകൊണ്ടാണ് ഗ്യാപ് വരുന്നത്, അത് കഴിഞ്ഞാൽ മാക്സിമം ഡെയിലി പോസ്റ്റ്‌ ചെയ്യാം, അതുവരെ ഇങ്ങനെ ഇടക്ക് കുഞ്ഞു കുഞ്ഞു പാർട്ട്‌ തരാട്ടോ