20/04/2026

ഇടറാതെ : ഭാഗം 01

രചന – ഐഷ്മ ശ്രീജിത്ത്

“വാതിൽ തുറക്കു മോളെ, ഞാൻ ഒന്നും ചെയ്യില്ല. എനിക്ക് നിന്നോട് ഒരു കാര്യം പറയാനാ. തുറക്ക് നല്ല മോളല്ലേ…..!” ജോ കതകിൽ തട്ടി കൊണ്ടേയിരുന്നു. തിരികെ മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ നിരാശയോടെ തിരിഞ്ഞു പോകാൻ ഇറങ്ങി. തന്റെ ഇരയെ കിട്ടാതെ നിരാശനായി പോകുന്ന ഇവനാണ് ജോമോൻ.കണ്ടാൽ ഇരുപതിയെട്ടു വയസൊക്കെ തോന്നിക്കുന്ന ഒരു ചെറുപ്പക്കാരൻ ആണെങ്കിലും കയ്യിലിരുപ്പ് അത്രക്ക് നന്നല്ല, ആളൊരു പകൽ മാന്യൻ ആണ്. ഇവൻ കാരണം സ്വന്തം വീട്ടിൽ ഒരു മുറിക്കുള്ളിൽ ഒരു കൗമാരക്കാരി ഒളിച്ചിരിപ്പുണ്ട്. അമ്മൂട്ടീ എന്ന ആര്യ. തന്റെ പ്രായത്തിലുള്ള കുട്ടികളൊക്കെ കളിച്ചു രസിക്കുമ്പോൾ അമ്മു എല്ലാരിലും നിന്നും ഒളിഞ്ഞു നിക്കാൻ ആഗ്രഹിച്ചു.

അതിന്റ കാരണം ജോമോൻ!!!! ഓട്ടോറിക്ഷ ഓടിക്കുന്ന ആനന്ദിന്റെയും സീതയുടെയും ഒരേഒരു മകളാണ് അമ്മു. രണ്ടറ്റവും കൂട്ടി മുട്ടിക്കാൻ നോക്കുന്ന ഒരു സാദാരണ കുടുംബം.അമ്മു മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ ആണ് അവളുടെ അച്ചാച്ചൻ തറവാട് ഭാഗം വെക്കുന്നത്, തറവാടും അതിനടുത്തുള്ള കുറച്ചു സ്ഥലവും അമ്മുന്റെ അച്ഛൻ ആനന്ദിനു കിട്ടി.അച്ചാച്ചന്റെ മരണ ശേഷം തറവാട് വാടകയ്ക്ക് കൊടുത്തിട്ട് ഭാഗം വെച്ചു കിട്ടിയ സ്ഥലത്ത് അമ്മുവിന്റെ അച്ഛൻ വീട് വെച്ചു താമസം തുടങ്ങി. അങ്ങനെ തറവാട്ടിൽ വാടകയ്ക്ക് താമസിക്കാൻ വന്നതാണ് ജോമോനും വേറെ രണ്ടു മൂന്ന് പേരും.

അവർ ഇൻസ്റ്റാൾമെന്റിൽ വീട്ടു സാധനങ്ങൾ വിൽക്കുവാൻ കോട്ടയത്തു നിന്നും വന്നു താമസിക്കുന്ന കുറച്ചു ചെറുപ്പക്കാർ ആണ്. ജോമോനും കൂട്ടുകാരും തറവാട്ടിൽ താമസം തുടങ്ങി കുറച്ചു നാൾ കഴിഞ്ഞപ്പോൾ തന്നെ ആനന്ദും കുടുംബവുമായി നല്ല കൂട്ടായി. അമ്മു അവർക്ക് നല്ലൊരു അനിയത്തി കുട്ടിയായി,വാടകക്കാർ ആണെങ്കിലും ആനന്ദിനും കുടുംബത്തിനും അവർ എന്ത് സഹായത്തിനും കൂടെ തന്നെ ഉണ്ടായിരുന്നു. അങ്ങനെയിരിക്കെ ഏഴാം ക്ലാസ്സിൽ പഠിക്കുമ്പോൾ അമ്മു വയസ്സറിയിച്ചു, അവളെ അമ്മ ഉപദേശിക്കാൻ തുടങ്ങി ഇനി മുതൽ അടങ്ങി ഒതുങ്ങി നടക്കണം, പഴയപോലെ ഒന്നും തുള്ളി ചാടി നടക്കരുത് എന്നൊക്കെ നീണ്ടൊരു ഉപദേശം. വയസ്സറിയിച്ച ചടങ്ങൊന്നും നടത്തുവാൻ അമ്മുവിന്റെ അച്ഛന് താല്പര്യം ഇല്ലായിരുന്നു എങ്കിലും,വിവരം അറിഞ്ഞ ബന്ധുക്കൾ ഒക്കെ അമ്മുവിനെ കാണുവാൻ വന്നിരുന്നു.

അങ്ങനെ വാടക്കാര് പിള്ളേരും അവളെ കാണുവാൻ ചെന്നു, അവര് അനിയത്തിയെപ്പോലെ കണ്ട കൊച്ചല്ലേ, വന്നു കണ്ടു ഉടുപ്പും പലഹാരങ്ങളും വാങ്ങി കൊടുത്തു പോയി. പക്ഷെ അമ്മു അറിഞ്ഞിരുന്നില്ല അവളുടെ ജീവിതത്തിലെ ആസ്വദിക്കേണ്ട കൗമാരകാലം അവൾ പേടിച്ചു ജീവിക്കേണ്ടി വരുമെന്ന്.ഇതിനു ശേഷമാണ് അമ്മുവിനെ കാണുമ്പോൾ ജോമോന്റെ പെരുമാറ്റത്തിൽ ഒരു മാറ്റമൊക്കെ വരുന്നത്. ഒരു ദിവസം, അച്ഛൻ ഓട്ടോറിക്ഷ ഓടിക്കാനും അമ്മ തെഴിലുറപ്പിനും പോയപ്പോൾ അമ്മു വീട്ടിൽ തനിച്ചായിരുന്നു. വാർഷിക പരീക്ഷ നടക്കുന്നതിനാൽ സ്റ്റഡി ലീവും ആയിരുന്നു. അമ്മു പഠിച്ചുകൊണ്ടിരുന്നപ്പോൾ ആരോ ബെൽ അടിക്കുന്നത് കേട്ട് വന്നു വാതിൽ തുറന്നു നോക്കുമ്പോൾ ജോമോൻ നിൽക്കുന്നു.

“ആ ജോ ചേട്ടായി ആയിരുന്നോ, ചേട്ടൻ ഇന്ന് സെയ്‌ലിനു പോയില്ലേ?” “ഇല്ലാടി കൊച്ചേ, ചെറിയൊരു തലവേദന.അല്ല അമ്മ എന്തിയെ?” “അമ്മ പണിക്കുപോയി ചേട്ടായി” ഇത് കേട്ടപ്പോൾ ജോമോന് മനസ്സിലായി അമ്മു തനിച്ചാണെന്ന്. എന്തൊക്കെയോ മനസ്സിലുറപ്പിച്ചു ജോ അമ്മുവിനോട് പറഞ്ഞു, “നീ ഒരു ഡോളോ ഉണ്ടെങ്കിൽ തന്നെ ” “ഞാൻ നോക്കട്ടെ ചേട്ടായി.” എന്ന് പറഞ്ഞു അമ്മു മുറിയിലേക്ക് പോയി. ഈ സമയം ജോ മുൻവശത്തു ചെന്നു വഴിയിലേക്ക് നോക്കി, ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി കതക് അടച്ചു കുറ്റിയിട്ടു. എന്നിട്ട് അമ്മുവിന്റെ മുറിയെ ലക്ഷ്യം വെച്ചു നടന്നു. ജോ മുറിയിലേക്ക് ചെല്ലുമ്പോൾ അമ്മു ഗുളിക നോക്കുകയായിരുന്നു. അവൻ പതിയെ നടന്നു പുറം തിരിഞ്ഞു നിൽക്കുന്ന അമ്മുവിനെ പിന്നിൽ നിന്നും ചുറ്റി പിടിച്ചു. അവളുടെ മാറിടത്തിൽ ശക്തമായി അമർത്തി.

അമ്മു ഒന്ന് ഏങ്ങി പോയി. എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാൻ അവൾക്ക് ഒരു നിമിഷം വേണ്ടി വന്നു.വേദനയോ സങ്കടമോ ദേഷ്യമോ എന്തെന്ന് മനസ്സിലാക്കുവാൻ പറ്റാത്ത ഒരു തരം മരവിപ്പ് ആയിരുന്നു അവളിൽ. അവന്റെ കൈകളുടെ ശക്തിയിൽ ആ കുഞ്ഞു പൂവ് ഞെരിഞ്ഞു. വേദനയേറിയപ്പോൾ അവൾ സ്ഥലകാല ബോധം വീണ്ടെടുത്തു അവന്റെ കൈകൾ വിടുവിക്കുവാൻ ശ്രമിച്ചുവെങ്കിലും അവന്റെ ബലത്തിനു മുന്നിൽ ആ പന്ത്രണ്ടു വയസ്സുകാരി എങ്ങനെ ജയിക്കും. തോൽക്കാൻ മനസ്സില്ലാഞ്ഞത് കൊണ്ടോ എന്തോ അവൾ എങ്ങനെയോ അവന്റെ കൈ വിടുവിച്ചു അവനെ ആഞ്ഞു തള്ളി.കിട്ടിയ തള്ളലിൽ ബാലൻസ് കിട്ടാതെ ജോ വീണ തക്കം നോക്കി അമ്മു മുറിയിൽ നിന്നും ഇറങ്ങിയോടി,

തൊട്ടപ്പുറത്തെ മുറിയിൽ കയറി കതകടച്ചു. ജോ എഴുന്നേറ്റ് വന്നു കതകിൽ തട്ടുവാൻ തുടങ്ങി… “അമ്മു കതക് തുറക്ക് ഞാൻ ഒന്നും ചെയ്യില്ല. എനിക്ക് നിന്നോട് സംസാരിക്കണം, നീ കതക് തുറക്ക് കൊച്ചേ..” കതകിനു പിന്നിൽ ചാരി നിന്ന് തന്റെ വായ പൊത്തിപിടിച്ചു അവൾ കരച്ചിൽ അടക്കി പിടിച്ചു.ഒരുതരം മരവിപ്പായിരുന്നു അവളിൽ. അവൾക്ക് ഒരു ചേട്ടൻ ഇല്ലാത്ത വിഷമം മാറിയത് ജോയും കൂട്ടരും തറവാട്ടിൽ താമസത്തിനു വന്നതിനു ശേഷം ആയിരുന്നു. അവർക്കും താൻ സ്വന്തം അനിയത്തിയെപോലെ ആയിരുന്നു…. അല്ല അങ്ങനെ ആയിരുന്നെന്ന് അവൾ വിശ്വസിച്ചിരുന്നു. അവൾക്ക് തന്നെ അറിയില്ല താൻ എന്ത് ചെയ്യണമെന്ന്. ഒച്ചവെച്ചു ആളെക്കൂട്ടാനോ, അമ്മയെ വിളിക്കാനോ ഒന്നും തന്നെ ആ നേരം അവളുടെ ആ കുഞ്ഞ് മനസ്സിൽ തോന്നിയില്ല. അത് അങ്ങനെ ആണല്ലോ പേടിപ്പെടുത്തുന്ന സമയത്ത് ഒന്ന് ഒച്ചയെടുക്കുവാൻ പോലും നമുക്ക് പറ്റാതെയാകും.

ഏറെ നേരം തട്ടി വിളിച്ചിട്ടും അമ്മു കതക് തുറക്കില്ലെന്ന് മനസ്സിലായത് കൊണ്ടും ആരെങ്കിലും വന്നാലോ എന്ന് പേടിച്ചും ജോ നിരാശനായി തിരികെ പോകാൻ തുടങ്ങി. പെട്ടന്ന് എന്തോ ഓർത്തപോലെ ജോ കതകിൽ ഒന്ന് ആഞ്ഞു തട്ടി, എന്നിട്ട് കതകിനോട് ചേർന്നു നിന്ന് കൊണ്ട് പറഞ്ഞു “അമ്മു, ഇവിടെ നടന്നത് എന്തെങ്കിലും നീ അച്ഛനോടോ അമ്മയോടോ പറഞ്ഞാൽ കൊന്ന് കളയും ഞാൻ അവരെ. മറക്കണ്ട ആരും ഒന്നും അറിയരുത് കേട്ടല്ലോ… ഇപ്പൊ ഞാൻ പോകുവാ..” ഒന്നുകൂടി കതകിൽ ശക്തിയിൽ തട്ടിയിട്ട് മുൻവശത്തെ വാതിൽ തുറന്നു ഒന്ന് നോക്കി എന്നിട്ട് ഒന്നും സംഭവിക്കാത്ത പോലെ വീട്ടിലേക്ക് നടന്നു. തുടരും……..