രചന – ഭദ്ര രുദ്ര
” ശരി വാ ഭക്ഷണം കഴിക്കാൻ പോകാം ” അതു കേട്ടപ്പോൾ എനിക്ക് സന്തോഷമായി ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കാനായി താഴേക്കിറങ്ങി . വലിയ ഡൈനിങ് ടേബിളിൽ അപ്പോഴേക്കും ആളുകൾ വന്നിരുന്നിരുന്നു . ഞാനും അഭിയും അടുത്തുള്ള രണ്ടു കസേരകളിൽ പോയിരുന്നു . ഞങ്ങൾ ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോഴേക്കും മുകളിൽ നിന്ന് ആ താടക താഴേക്ക് ഇറങ്ങി വരുന്നുണ്ടായിരുന്നു . ഓ …. ഇനി ഇതിപ്പോ ഇതെന്തിനുള്ള വരവാണ് ആവോ ? അവർ വന്ന പാടെ എനിക്ക് നേരെ ഓപ്പോസിറ്റ് വന്നിരുന്നു . എന്നിട്ട് അവിടുന്ന് എന്നെ നോക്കി ദഹിപ്പിക്കാൻ തുടങ്ങി . ഞാനാണെങ്കിൽ ഒരു കൂസലുമില്ലാതെ ഭക്ഷണം എടുത്തു കഴിക്കാൻ തുടങ്ങി . അവരൊന്നും മൈൻഡ് ചെയ്യാൻ പോലും ഞാൻ തുനിഞ്ഞില്ല . അതുകൊണ്ട് തന്നെ പെട്ടെന്ന് ഭക്ഷണം കഴിച്ചു കഴിഞ്ഞു ഞാൻ എണീറ്റ് പോന്നു . അപ്പോഴാണ് അടുക്കളപ്പുറത്ത് നിൽക്കുന്ന സീതമ്മയെ ഞാൻ കണ്ടത് .
അവരെ കണ്ട ഉടനെ ഞാൻ ചിരിച്ചുകൊണ്ട് അവരുടെ അടുത്തേക്ക് പോയി . അവർ എനിക്ക് നല്ലൊരു പുഞ്ചിരി സമ്മാനിച്ചു . ” എന്താ മോൾക്ക് എന്തെങ്കിലും വേണോ ? ” ” വേണ്ട സീതമ്മേ , സീതമ്മ വല്ലതും കഴിച്ചോ ? ” ” ഇല്ല കുഞ്ഞേ , എല്ലാവരും കഴിച്ചു കഴിഞ്ഞിട്ടാണ് സീതമ്മ കഴിക്കാറ് ” ” സീതമ്മേ , ഇവിടെയുള്ള ആരെയും എനിക്ക് പരിചയം ഇല്ല . ഇവരൊക്കെ ഈ വീട്ടിലുള്ളവർ ആണോ ? അഭിയേട്ടനോട് ചോദിച്ചാൽ ആണെങ്കിൽ ഒന്നും പറയുകയുമില്ല . ” ” അതേ കുഞ്ഞേ ഇവരെല്ലാം ഈ വീട്ടിലുള്ളവർ തന്നെയാണ് . ഇവർ മാത്രമല്ല ഇനിയും ഒരുപാട് ആളുകൾ ഉണ്ട് ഈ വീട്ടിൽ . ” ” എന്നിട്ട് അവരൊക്കെ എവിടെ പോയി ? ” ” അഭി കുഞ്ഞിന്റെ അച്ഛനുമമ്മയും മുത്തശ്ശനും മുത്തശ്ശിയും ചെറിയമ്മയും ചെറിയച്ഛനും കൂടി നാലമ്പലം പോയതാണ് ”
” ഓഹ് ….. അപ്പോൾ ഇവിടെ ആണുങ്ങൾ ആരുമില്ലേ ? ” ” എല്ലാവരുമുണ്ട് ബിസിനസും കാര്യങ്ങളുമായി നടക്കുകയാണ് . മുത്തശ്ശനും മുത്തശ്ശിയും തീർഥാടനം കഴിഞ്ഞ് എത്തുമ്പോൾ അവരെല്ലാവരും ഇവിടെ ഉണ്ടാകും ” ” അഭിയേട്ടന്റെ ആന്റിയുടെ പേരെന്താണ് ? ” ” ആര് സുപ്രിയമേടമോ ? ” ഓ അപ്പോള് ആ താടകയുടെ പേര് സുപ്രിയ എന്നാണ് . ഞാൻ മനസ്സിൽ ഓർത്തു . അപ്പോഴേക്കും അവർ എല്ലാവരും ഭക്ഷണം കഴിച്ച് എഴുന്നേറ്റിരുന്നു . സീതമ്മ വേഗം ഓടി പോയി അവർ കഴിച്ചിട്ട് പോയ പാത്രങ്ങൾ എല്ലാം വാരി അടുക്കളയിലേക്ക് വന്നു . ഒരുപാട് പാത്രങ്ങൾ ഉണ്ടായിരുന്നു കഴുകാൻ , എനിക്കെന്തോ പാവം തോന്നുന്നു . ഞാൻ അവരെ ഹെൽപ്പ് ചെയ്യാൻ തുടങ്ങിയപ്പോൾ അവർ എന്നെ തടഞ്ഞു . ” അയ്യോ വേണ്ട കുഞ്ഞേ , കുഞ്ഞു പണിയെടുക്കുന്നത് ഇവിടെ ആരെങ്കിലും കണ്ടാൽ അതെനിക്ക് പ്രശ്നമാകും ” ” എന്തു പ്രശ്നം , ഞാൻ ഇവിടെ എല്ലാവർക്കും ചതുർത്തി അല്ലേ ” ഒരു കള്ള ചിരിയോടെ ഞാൻ അവരെ നോക്കി ചോദിച്ചു .
” ഒരിക്കലുമല്ല കുഞ്ഞേ , പെട്ടെന്ന് അഭി കുഞ്ഞ് ഒരു പെൺകുട്ടിയെയും കൊണ്ടുവന്നതിൽ ഉള്ള ഒരു നിരാശയാണ് അവർക്കൊക്കെ ഉള്ളത് . എന്റെ ഒരു അഭിപ്രായം വെച്ച് അവർക്ക് അങ്ങനെ കുഞ്ഞിനോട് പക ഒന്നും ഉണ്ടാകില്ല . പിന്നെ കമ്പനി ആകാൻ വരാത്തത് മുത്തശ്ശനെയും മുത്തശ്ശിയേയും ഭയന്നിട്ട് ആവും ” ” അപ്പോൾ ആ സുപ്രിയ എന്ന് പറഞ്ഞ ആന്റിയോ ” ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവർ ചുറ്റും ഒന്ന് കണ്ണോടിച്ചു എന്നിട്ട് ആരുമില്ലെന്ന് ഉറപ്പു വരുത്തിയതിനു ശേഷം എന്റെ അടുത്തേക്ക് നിന്ന് പതിഞ്ഞ ശബ്ദത്തിൽ സംസാരിക്കാൻ തുടങ്ങി . ” സുപ്രിയ മാഡം ശരിക്കും ഈ കുടുംബത്തിൽ ഉള്ളതല്ല . ഇവിടത്തെ മരുമകന്റെ സഹോദരിയാണ് . അതായത് ശ്രീലക്ഷ്മി മേടത്തിന്റെ നാത്തൂൻ ” ഇതൊക്കെ ആരാ എന്നമട്ടിൽ ഞാൻ അവരുടെ മുഖത്തേക്ക് തന്നെ നോക്കി . അതു മനസ്സിലാക്കിയിട്ടെന്നോണം അവരെന്നെ നോക്കി . ” ഈ തറവാടിന്റെ പേരാണ് ശ്രീമംഗലം .
പേരിലും പ്രൗഡിയിലും ഒട്ടും പിന്നോക്കം അല്ലായിരുന്നു ശ്രീമംഗലം എന്ന തറവാട് . ഈ തറവാടിന്റെ അമരക്കാരൻ എന്ന് അറിയപ്പെടുന്നത് ഇവിടുത്തെ മുത്തച്ഛനായ രാജഗോപാല മേനോനാണ് . അദ്ദേഹത്തിന്റെ ഭാര്യ അതായത് അഭിയുടെ മുത്തശ്ശി അവരുടെ പേരാണ് രാജലക്ഷ്മി . ” ” മുത്തശ്ശൻ രാജഗോപാല് മേനോൻ , മുത്തശ്ശി രാജലക്ഷ്മി മേനോൻ . ഓക്കേ ബാക്കി പോരട്ടെ ” ” ഇവരുടെ മൂത്ത പുത്രനാണ് റിതോഷ് മേനോൻ , അദ്ദേഹത്തിന് റിയൽ എസ്റ്റേറ്റ് ബിസിനസ് ആണ് . അദ്ദേഹത്തിന്റെ ഭാര്യ റീത്താ മേനോൻ . നിങ്ങൾ വന്നപ്പോൾ തന്നെ ആരതി തട്ട് എടുക്കാൻ പറഞ്ഞത് ഈ മേഡമാണ് . ഇവർക്ക് മൂന്ന് മക്കളാണ് . മൂത്തമകൻ രോഹിത് മേനോൻ , അച്ഛന്റെ കൂടെ ബിസിനസ് ചെയ്യുന്നു . അവന്റെ കല്യാണം കഴിഞ്ഞു ഭാര്യ ശ്രീപ്രിയ മേനോൻ . മരുമകളും ബിസിനസ് രംഗത്ത് തന്നെയാണ് . അവർക്ക് കുട്ടികൾ ഒന്നും ആയിട്ടില്ല . ഇളയവൻ റോഷൻ മേനോൻ അവന്റെ വിവാഹം കഴിഞ്ഞിട്ടില്ല . അവന് ഫാഷൻ ഡിസൈനിങ് ആണ് താല്പര്യം . ആ മേഖലയിലാണ് പ്രവർത്തിക്കുന്നത് . ഏറ്റവും ചെറുത് രാഹുൽ മേനോൻ , അവൻ ഡിഗ്രിക്ക് പഠിക്കുന്നു .
” ” ആഹാ അപ്പോൾ ഇത് അഭിയേട്ടൻറെ മൂത്ത വല്യച്ഛൻ ആണല്ലേ ” ” ഇനി രണ്ടാമത്തെ മകൾ ശ്രീലക്ഷ്മി മേനോൻ . അവരുടെ ഭർത്താവ് ശ്രീനിവാസ മേനോൻ . രണ്ടുപേരും ചേർന്ന് ബിസിനസ് ഫീൽഡിൽ ആണ് . ശ്രീ മംഗലം ഗ്രൂപ്സ് ഫ്ലാറ്റ് ഇവരുടെ മേൽനോട്ടത്തിലാണ് ആണ് . ഇവർക്ക് രണ്ടു മക്കളാണ് . മകൻ ശ്രാവൺ ബിസിനസ്സ് ചെയ്യുന്നു . മകൾ ശിഖ പ്ലസ്ടുവിന് പഠിക്കുന്നു . ” ” ഓഹോ , അപ്പൊ ആ ആന്റി ആരാ ? ” ” അത് ശ്രീലക്ഷ്മി മേടത്തിന്റെ ഭർത്താവായ ശ്രീനിവാസൻ സാറിന്റെ സഹോദരിയാണ് സുപ്രിയ ആണ് . അവരുടെ ഭർത്താവ് അരവിന്ദ് മേനോൻ ശ്രീമംഗലം ഗ്രൂപ്പിന്റെ ചീഫ് ഓഡിറ്ററാണ് . അവർക്ക് രണ്ട് മക്കളാണ് , അരുൺ മേനോൻ ശ്രീമംഗലം കാറിന്റെ കമ്പനിയിലെ അസിസ്റ്റന്റ് മാനേജർ ആണ് . മകൾ അഞ്ജലി മേനോൻ ഫാഷൻ ഡിസൈനിങ് എന്നു പറഞ്ഞു നടക്കുന്നു . ആ കുട്ടിയും ആയാണ് അഭി സാറിന്റെ കല്യാണം തീരുമാനിച്ചത് ” ” ആഹാ ബെസ്റ്റ് , ബാക്കി പറ ” ” ഇനി മൂന്നാമത്തെ മകനാണ് കൈലാസ് മേനോൻ , അതായത് അഭി കുഞ്ഞിന്റെ അച്ഛൻ . അദ്ദേഹത്തിന്റെ ഭാര്യ ഗൗരി മേനോൻ .
അവരുടെ ഒരേയൊരു മകൻ അഭിറാം മേനോൻ . ” ഞാനൊരു വലിയ കഥ കേൾക്കുന്ന കൗതുകത്തോടെ അവരുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു . ” ഇനി നാലാമത്തെ മകൻ ആണ് ലക്ഷ്മൺ മേനോൻ , അദ്ദേഹത്തിന്റെ ഭാര്യ ജാനകി മേനോൻ . അവർക്കിരുവർക്കും കുട്ടികളില്ല . അഭി കുഞ്ഞു എന്നുവച്ചാൽ അവർക്ക് ജീവനാണ് . അവരാണ് ശ്രീമംഗലം ടെക്സ്റ്റൈൽസ് നോക്കിനടത്തുന്നത് . അവരുടെ സ്വത്തുക്കളുടെയും ഒരേ ഒരു അവകാശി അഭി കുഞ്ഞാണ് . ടെക്സ്റ്റൈൽസ് ന്റെ എംഡി ആണ് അഭി കുഞ്ഞ് . ” അത് ശരിക്കും എനിക്ക് ഒരു ഷോക്കിങ് ന്യൂസ് ആയിരുന്നു . ഒരു പണിയുമില്ലാതെ ചുമ്മാ കറങ്ങി നടക്കുന്ന ആളല്ല അഭി . ഒരു വലിയ കമ്പനിയുടെ ഉത്തരവാദിത്തപ്പെട്ട പോസ്റ്റിൽ നിൽക്കുന്ന ആളാണ് . ” അഞ്ചാമതായി മുത്തശ്ശനും മുത്തശ്ശിയും ഒരു മകൾ കൂടിയുണ്ട് .
അവരുടെ ഏറ്റവും ഇളയ മകൾ , ശരിക്കും പറഞ്ഞാൽ ഈ സ്വത്തുക്കളുടെ എല്ലാം യഥാർത്ഥ അവകാശി ആ മകൾ ആയിരുന്നു . മുത്തശ്ശനും മുത്തശ്ശിയും ആ ഇളയ മകളോട് ആയിരുന്നു സ്നേഹം കൂടുതൽ , അതിനാൽ തന്നെ സ്വത്തുക്കളുടെ തൊണ്ണൂറുശതമാനവും അവളുടെ പേരിൽ ആയിരുന്നു . പക്ഷേ ആ പെൺകുട്ടിയെ മാത്രം ഞാൻ ഇതുവരെ കണ്ടിട്ടില്ല . ഞാനിവിടെ 15 വർഷമായി ജോലി ചെയ്യുന്നു . ഇതുവരെ ആ മകൾ ഇവിടേക്ക് വന്നിട്ടില്ല , ആരുടെയോ കൂടെ ഒളിച്ചോടി പോയതാണ് എന്ന് മാത്രം അറിയാം . ” ” ഓഹോ അപ്പോ അങ്ങനെ ഒരു അവതാരം കൂടി ഉണ്ടല്ലേ ? ” ” ആ ഉണ്ട് . ഇവിടെ ഉണ്ടായിരുന്ന പഴയ ആളുകൾ അല്ലാതെ മറ്റാരും അവരെ കണ്ടിട്ടില്ല . എന്തിനേറെ പറയുന്നു അഭി കുഞ്ഞിനു പോലും അവർ എവിടെയാണെന്ന് അറിയില്ല , കാണാൻ എങ്ങനെ ഉണ്ടെന്ന് പോലും അറിയില്ല . ” ” അവരുടെ ഒരു പഴയ ഫോട്ടോ പോലും ഇവിടെയില്ലേ ? ” ” ഇവിടെയില്ല . ഒരുപക്ഷേ പഴയ കൊട്ടാരത്തിൽ ഉണ്ടാകും .
” ” പഴയ കൊട്ടാരമോ ? ” ” അതെ അഭി കുഞ്ഞു , മോളും ഇതുവരെ നിന്നത് ആ പഴയ കൊട്ടാരത്തിലായിരുന്നു . അതാണ് പണ്ടത്തെ ശ്രീമംഗലം തറവാട് ” ” സീതമ്മേ , ഇവിടെയുള്ളവർ എന്തിനാ അഭിയേട്ടനെ അഞ്ജലിയെ കൊണ്ട് വിവാഹം കഴിപ്പിക്കാൻ വാശിപിടിക്കുന്നത് ? ” ” അഞ്ജലി കുഞ്ഞിന് അഭി സാറിനെ ഇഷ്ടമാണ് . ആ ഇഷ്ടം സുപ്രിയ മേടവും അരവിന്ദ് സാറും ഏറ്റുപിടിച്ചു . കാരണം ഈ സ്വത്തുക്കൾക്കെല്ലാം മറ്റുള്ളവരെ ക്കാളും കൂടുതൽ അവകാശമുള്ളത് അഭി കുഞ്ഞിനു തന്നെയാണ് . ഒരുപക്ഷേ അതുകൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത് . ” ” ഇവിടെ ഇപ്പോൾ ആന്റിമാർ മാത്രമല്ലേ ഉള്ളൂ , ബാക്കിയുള്ളവർ എവിടെ ? ” ” ഇവിടത്തെ പുരുഷകേസരികൾ എല്ലാം ബിസിനസ് ടൂറിലാണ് . അഞ്ജലി അവരുടെ കൂടെ പോയതാണ് . ചുളുവിൽ ഓരോ സ്ഥലങ്ങൾ കാണാമല്ലോ , എന്തായാലും അവരെല്ലാവരും ഈ ആഴ്ചതന്നെ മടങ്ങിയെത്തും . ”
” അപ്പൊ അവരെയൊക്കെ കാണാമല്ലോ അല്ലേ ” ” കാണാം . പക്ഷേ , കുഞ്ഞു ഒന്ന് ശ്രദ്ധിക്കണം . അഞ്ജലി കുഞ്ഞിനും സുപ്രിയ മേടത്തിനും മോളോട് ഇപ്പോൾ നല്ല ദേഷ്യം ഉണ്ടാകും . അവർ ഒരുപക്ഷേ ഒത്തുചേർന്നാൽ മോളെ അപായപ്പെടുത്താൻ വരെ ശ്രമിക്കും ” ” അതോർത്ത് സീതമ്മ പേടിക്കേണ്ട , ഇതൊന്നും കേട്ടാൽ പേടിക്കുന്ന ആളല്ല ഈ ശ്രുതി ” അപ്പോഴാണ് ആർമി എന്നെ തിരഞ്ഞു അടുക്കളയിലേക്ക് വന്നത് . ” ശ്രുതി ഞാൻ ഒന്ന് പുറത്തു പോവുകയാണ് നീ വരുന്നുണ്ടോ ? ” ” ആ ഞാൻ വരാം . എനിക്കും ഒരു ചെറിയ പർച്ചേസിംഗ് നടത്താമല്ലോ ” സീതമ്മയോട് യാത്ര പറഞ്ഞ് ഞങ്ങൾ പുറത്തേക്കിറങ്ങുമ്പോൾ ശ്രീമംഗലത്തെ പെൺപടകൾ എല്ലാം സ്വീകരണമുറിയിലെ സോഫയിൽ ഹാജരായിരുന്നു . ഞാനും ആർമിയും ഇറങ്ങിവരുന്നത് കണ്ടപ്പോൾ അവർ ഞങ്ങളെ തന്നെ നോക്കി നിന്നു . ആർമി അവരെ കണ്ടപ്പോൾ ഒന്നും മിണ്ടാതെ കാറിന്റെ കീ എടുത്തു പുറത്തേക്കിറങ്ങി പോയി .
ഞാനും ആർമിയുടെ പിറകെ പോകാൻ തുനിഞ്ഞെങ്കിലും എന്തുകൊണ്ടോ അവിടെ തന്നെ നിന്നുപോയി . എന്നിട്ട് സോഫയിൽ ഇരിക്കുന്ന ആന്റിമാരുടെ അടുത്തേക്ക് ചെന്നു , ഇവൾ ഇപ്പോൾ എന്തിന് വന്നതാണെന്ന അന്ധാളിപ്പ് അവരുടെ മുഖത്ത് ഉണ്ടായിരുന്നു . ” ഞങ്ങൾ ഒന്ന് പുറത്തു പോയി വരാം , അധികം ദൂരേക്ക് ഒന്നും പോകുന്നില്ല ഇവിടെ അടുത്ത് ഒക്കെ തന്നെ ഉണ്ടാകും . അധികം നേരം വൈകാതെതന്നെ തിരിച്ചെത്താം ” ഇത്രയും പറഞ്ഞ് അവർക്ക് ഒരു ചെറുപുഞ്ചിരി നൽകിയതിനുശേഷം ഞാൻ ആർമിയുടെ കൂടെ പുറത്തേക്ക് പോയി . വൈകുന്നേരം വരെ ഒന്ന് ചുറ്റിയടിച്ചു , ഇരുട്ടുവീണ തുടങ്ങിയപ്പോൾ പുറത്തു നിന്നും ഭക്ഷണം കഴിച്ച് വീട്ടിലേക്ക് തന്നെ തിരിച്ചെത്തി . ഞങ്ങൾ തിരിച്ചെത്തുമ്പോൾ ഞങ്ങളെ കാത്ത് ആ വീട്ടിൽ ഒരു അതിഥി ഉണ്ടായിരുന്നു . ( തുടരും ) ………..

by