രചന – ഭാഗ്യലക്ഷ്മി
രഘു അത്യധികം സന്തോഷത്തോടെ പുഞ്ചിരിച്ചു….
ഈ വീട്ടിൽ ജനിക്കേണ്ട കുഞ്ഞാണ്….
നീ ആട്ടിയോടിച്ചത് പണത്തിനും പ്രധാപത്തിനും മേലെ നമുക്ക് കിട്ടാനുള്ള ഏറ്റവും വലിയൊരു ഭാഗ്യത്തെയായിരുന്നു ജാനകീ ….
രഘു ജാനകിയുടെ മുമ്പിൽ നിന്നത് പറഞ്ഞു കൊണ്ട് നടന്നകലുമ്പോൾ ആർത്തലച്ചു പെയ്യുന്ന ഹൃദയത്തെ തടഞ്ഞു നിർത്തി ജാനകി അതേ നിൽപ്പ് തുടർന്നു….
പോയ കുഞ്ഞിനെ ഓർത്തു രാഹുലിന്റെ കണ്ണുകൾ നിറഞ്ഞു വന്നു…
ശിവയുടെ കുഞ്ഞിനെ എല്ലാവരും ഏറ്റ് വാങ്ങുന്നത് ആലോചിച്ചു വേണിയുടെ ഹൃദയം അസ്വസ്ഥമായി…….
ആദിയെ താൻ ആദ്യമായി കൈകളിലെടുത്തതായിരുന്നു ജാനകിയുടെ മനസ്സ് മുഴുവന്നപ്പോൾ…. അവന്റെ കുഞ്ഞിനെ ഈ കയ്യിലേക്ക് ഏറ്റ് വാങ്ങാൻ മനസ്സ് അത്ര മേൽ തുടിക്കുന്നില്ലേ….
എന്നാൽ ശിവയെ ഓർക്കും തോറും അതിനോടൊരു താല്പര്യ ക്കുറവ് പോലെ….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആദിയും ശിവയും സ്വപ്നം കാണുന്ന തിരക്കിലായിരുന്നു…..
കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും നിറയുന്ന വീടവർ മനസ്സിൽ വരച്ചു ചേർത്ത് കൊണ്ടിരുന്നു…..
ദിവസങ്ങൾ കഴിയും തോറും ശിവക്ക് പല ആരോഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നത് കൊണ്ട് തന്നെ അത് അവളുടെ ജോലിയെ കാര്യമായി ബാധിച്ചിരുന്നു….
തുന്നി കഴിയാത്ത വസ്ത്രങ്ങൾ കുമിഞ്ഞു കൂടി…..
അവൾ വല്ലാതെ അസ്വസ്ഥയായി കണ്ട് തുടങ്ങിയത് കൊണ്ട് തന്നെയാണ് ആദി പുതിയൊരു സ്ഥലത്തിനായുള്ള തിരച്ചിൽ തുടങ്ങിയത്…..
അധികം വൈകാതെ തന്നെ അവരുടെ വീടിനടുത്തായി അവർക്ക് അനുയോജ്യമായ ഒരു ഒഴിഞ്ഞ കെട്ടിടം കിട്ടിയിരുന്നു…..
അവളുടെ ഭാരം കുറക്കാൻ ജോലിക്കാര്യങ്ങളെ വീടിനു പുറത്താക്കുകയായിരുന്നവൻ…..
രണ്ട് ജോലിക്കാരെ കൂടി അധികം നിർത്തിയതോടെ ലാഭം കുറഞ്ഞെങ്കിലും അവനെ സംബന്ധിച്ചു അവളുടെ സ്വസ്ഥതയായിരുന്നു പ്രധാനം……
ഒഴിവ് സമയങ്ങളത്രയും അവൾ പുതിയ പുതിയ മോഡലുകൾ ഡിസൈൻ ചെയ്ത് കൊണ്ടിരുന്നു….
അവളുടെ ചിത്രങ്ങൾക്കുള്ള അവളുടേതായൊരു പ്രത്യേകത അവളുടെ തുണിത്തരങ്ങളെ മറ്റുള്ളവയിൽ നിന്നും മാറ്റി നിർത്തി…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ജീവനും നീതുവും അന്ന് ശിവയെ കാണാൻ വന്നത് അവളോട്ടും പ്രതീക്ഷിച്ചിരുന്നില്ല…..
നീതു അവളെ ഇറുകേ പുണർന്നു….
കയ്യിൽ അവൾക്കായുള്ള പല വിധ പലഹാരങ്ങൾ നിറച്ചിരുന്നു…..
ഇപ്പൊ എങ്ങനുണ്ട് നീതു….
ശിവ ഒത്തിരി പ്രതീക്ഷയോടെയാണത് ചോദിച്ചത്…..
നല്ല മാറ്റമുണ്ട് ശിവാ…. അന്ന് ഇവിടെ നിന്ന് പോയതിനു ശേഷം എന്റെ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്….. പ്രോഗ്രാമിന് പോകുമ്പോൾ ഇപ്പൊ എന്നെയും കൂടെ കൂട്ടാറുണ്ട്……
നീതു അത്യധികം സന്തോഷത്തോടെയത് പറയുമ്പോൾ ശിവക്കും മനസ്സ് നിറഞ്ഞിരുന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
അച്ഛനും ചെറിയമ്മയും കാണാൻ വന്നപ്പോഴും അച്ഛന്റെ മുഖം സന്തോഷത്താൽ ചുവന്നിരുന്നു….
ചെറിയമ്മ ക്ക് ഞങ്ങളുടെ പുതിയ കട കണ്ടതോടെ മുഖമാകെ മങ്ങിയത് പോലെയായിരുന്നു….
ചിലരങ്ങനെയാണ് നമ്മുടെ സന്തോഷങ്ങളെ കണ്ടില്ലെന്ന് വെച്ച് മറ്റുള്ളവരുടെ സന്തോഷങ്ങളിൽ വെറുതെ സങ്കടപ്പെട്ടു കൊണ്ടിരിക്കും…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
എന്നാൽ ആരുടേയും വാക്കുകൾക്കോ പ്രവർത്തികൾക്കോ കാത്തു നിൽക്കാതെ ശിവാദിത്യ വളർന്നു കൊണ്ടിരിക്കുകയായിരുന്നു……
വിൽക്കേണ്ട തുണികൾ ആ കെട്ടിടത്തിലും ആ ജോലിക്കാരിലും ഒതുങ്ങാതെയായപ്പോഴാണ് മറ്റൊരു സ്ഥലം അത്യാവശ്യമായി വന്നത്…..
എല്ലാ വയ്യായ്കകളും മറന്ന് ശിവ ശിവാദിത്യക്ക് വേണ്ടിയുള്ള പരിശ്രമത്തിൽ തന്നെയായിരുന്നു….
അല്ലെങ്കിലും എന്തിനും താങ്ങായി കൂടെ നിൽക്കാനൊരുത്താനുള്ളപ്പോൾ എങ്ങനെയാണ് താൻ ബലഹീനയാവുന്നത്…..
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഏത് കടയിൽ ചെല്ലുമ്പോഴും കുഞ്ഞുടുപ്പുകളും കളിപ്പാട്ടങ്ങളും ജാനകിയുടെ കണ്ണുകളെ അലോസരപ്പെടുത്തിയിരുന്നു….. മനസ്സിൽ സദാ നിറഞ്ഞു നിന്നത് വളരുന്ന തന്റെ പേരക്കുട്ടിയായിരുന്നു…..
ആ കുഞ്ഞിന് വേണ്ടതെല്ലാം ഇപ്പോഴേ ചെയ്ത് തുടങ്ങണമായിരുന്നു…..
ആദ്യം ശിവയോടുള്ള അനിഷ്ടമാണ് മനസ്സിൽ നിറഞ്ഞു നിന്നിരുന്നതെങ്കിൽ ഇന്നതിനെ കവച്ചു വെക്കാൻ കഴിവുള്ള അത്രയും വാത്സല്യം അവളുടെ വയറ്റിലുള്ള തന്റെ കുഞ്ഞിനോടാണ്….
തെറ്റ് പറ്റിപ്പോയെന്ന് ഓരോ നിമിഷവും മനസ്സ് പറഞ്ഞു കൊണ്ടിരിക്കുന്നു…..
എത്രാം മാസം ആയി…..
ചോദിക്കുമ്പോൾ ജാനകിയുടെ വാക്കുകളിൽ അറിയാനുള്ള ആകാംക്ഷ തിങ്ങി നിറഞ്ഞിരുന്നു..
രഘു അവളെയിരുത്തിയൊന്ന് നോക്കി….
നീയെന്തിനാ അതറിയുന്നത്….
ഭാഗ്യമില്ലാത്തവർ എങ്ങനെയെങ്കിലും കഴിഞ്ഞോട്ടെ….. അതന്ന്വേഷിക്കേണ്ട കാര്യം നിനക്കില്ല……
രഘുവിന്റെ ഒട്ടും മയമില്ലാത്ത സംസാരം ജാനകിയെ വല്ലാതെ മുറിപ്പെടുത്തുന്നുണ്ടായിരുന്നു…..
തെറ്റ് പറ്റി…. അതിനിത്രയും ശിക്ഷിക്കുന്നതെന്തിനാണ്..
അവളെ കുറിച് എന്ത് ചോദിക്കുമ്പോഴും ഒഴിഞ്ഞു മാറുന്നു…. എന്നെ കുറ്റപ്പെടുത്തുന്നു….
നിങ്ങൾ അവൾ ഗർഭിണിയാണെന്ന് പറഞ്ഞത് മുതൽ ആ കുഞ്ഞിനെ ഹൃദയത്തിൽ ചുമക്കാൻ തുടങ്ങിയതാ ഞാൻ…..
ജാനകിയുടെ മിഴികൾ നിറഞ്ഞു തുടങ്ങിയിരുന്നു…
അവരോട് ഇങ്ങോട്ട് വരാൻ പറഞ്ഞൂടെ…..
ജാനകി രഘുവിന്റെ കൈകളിൽ പിടിച്ചു…. ആ മുഖത്ത് അങ്ങേയറ്റം ദയനീയത കാണപ്പെട്ടു…..
എന്റെ വീട്ടിലേക്ക് അവരെ തിരിച്ചു കൊണ്ട് വരാൻ എനിക്ക് നിന്റെ സമ്മതത്തിന്റെ ആവശ്യമില്ല….. ഞാനവരെ ഒത്തിരി തവണ വിളിച്ചതാ… അവര് വരാത്തത് കൊണ്ട് മാത്രമാണ് ഇന്നവരിവിടെയില്ലാത്തത്…. അല്ലാതെ നിങ്ങളുടെയാരുടെയും ഇഷ്ടക്കേട് കൊണ്ടല്ല….
രഘുവത് പറയുമ്പോൾ മുഖത്ത് അങ്ങേയറ്റം പുച്ഛം നിറഞ്ഞിരുന്നു…..
ഇതെല്ലാം കേട്ട് വാതിലിനു പുറത്തു നിന്നിരുന്ന വേണിക്ക് തല ചുറ്റുന്നത് പോലെ തോന്നി…..
ജാനകിയും ശിവയെ തിരിച്ചു കൊണ്ട് വരാൻ പറയുമെന്ന് അവൾ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല……
അവൾക്ക് ദേഷ്യവും സങ്കടവും ഒരുമിച്ചു വന്നു….
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ഞാനും കൂടെ വരുന്നു….
മാറ്റിയിറങ്ങിയ രഘുവിനു പിറകെ അതും പറഞ്ഞു ജാനകി കൂടി വന്നപ്പോൾ അയാളൊരു നിമിഷം അവരെ നോക്കി…..
എങ്ങോട്ട്……
നിങ്ങൾ ആദിയുടെ അടുത്തേക്കാണ് പോകുന്നതെന്നെനിക്കറിയാം….. ഞാനും വരുന്നുണ്ട്….
വാക്കുകൾ ഉറച്ചതായിരുന്നു….
ജാനകിയിൽ നിന്നും മുഖം തിരിച്ചു രഘു ഒന്ന് പുഞ്ചിരിച്ചു…..
അവരുടെ വീടിനു മുറ്റത്തു ജാനകിയെത്തുമ്പോൾ ആ വീട് അവരിലൊരു പ്രയാസം നിറച്ചു….
താൻ കാരണമാണല്ലോ എന്നൊരു കുറ്റബോധം അവരെ പിടികൂടി….
അമ്മ…. അകത്തേക്ക് വരൂ…
ആദി അവരെ കണ്ടതും യാതൊരു വ്യത്യാസവുമില്ലാതെ അകത്തേക്ക് ക്ഷണിച്ചു….
ശിവ പുറത്തേക്ക് വന്നതും കണ്ടത് വിശ്വസിക്കാനാവാതെ അൽപ സമയം നിന്നു….
ശിവയെയും അവളുടെ പൊങ്ങിയ വയറും ജാനകിയുടെ മനസ്സിനെ കീഴ്പ്പെടുത്തിയിരുന്നു…..
അവർ രണ്ട് പേർക്കും പരസ്പരം സംസാരിക്കാൻ കഴിയാതെ നിന്നു…..
മോൾക്ക്….. കുഴപ്പമൊന്നുമില്ലല്ലോ…..
അവർക്കിടയിലെ നിശബ്ദതയെ ഭേദിച്ചത് ജാനകി തന്നെയായിരുന്നു….
അവൾ പുഞ്ചിരിച്ചു കൊണ്ട് ഇല്ലെന്ന അർത്ഥത്തിൽ തലയാട്ടി….
നീ ഭാഗ്യമില്ലാത്തവളെന്ന് പറഞ്ഞ് ആട്ടിയിറക്കിയത് കൊണ്ട് അവരവരുടെ ഭാഗ്യത്തെ സ്വയം കണ്ടെത്തി….
അവരുടെ തുണിക്കട മുഴുവനായി നടന്നു കാണുന്നതിനിടയിൽ രഘു ജാനകിയുടെ ചെവിക്കരികിലായി നിന്നത് പറയുമ്പോൾ രഘു പുച്ഛത്തോടെ ചിരിക്കുകയായിരുന്നു…..
ജാനകിക്ക് അന്നത്തെ സംഭവമോർത് സ്വയം പുച്ഛം തോന്നി…..
ജീവിതം അങ്ങനെയാണ്….സന്തോഷങ്ങളും സങ്കടങ്ങളും മാറി മാറി വന്നു കൊണ്ടിരിക്കും….
അതിനു കാരണങ്ങളോ കാരണക്കാരോയില്ലെന്ന സത്യം ജാനാകിക്ക് വ്യക്തമായി തുടങ്ങിയിരുന്നു…..
വരൂ… നമുക്ക് നമ്മുടെ വീട്ടിലേക്ക് പോവാം….
ജാനകി അങ്ങേയറ്റം ആവേശത്തോടെ അത് പറഞ്ഞതും ആദി പുഞ്ചിരിച്ചു….
അമ്മ വേദനിപ്പിച്ചത് അവളെയാണ്….
അവൾക്ക് വേണ്ടിയാണ് ഞാനവിടെ നിന്നിറങ്ങിയതും….. അവൾക്ക് സമ്മതമാണെങ്കിൽ എനിക്ക് കുഴപ്പമില്ല…..
ആദിയത് പറഞ്ഞതും ജാനകി ശിവയിലേക്ക് നോക്കി….
ഇപ്പോഴും ആ ദേഷ്യം മനസ്സിൽ വെച്ചിരിക്കുകയാണോ….
ജാനകി ശിവയോടത് ചോദിക്കുമ്പോൾ ശിവ ഒന്ന് പുഞ്ചിരിച്ചു….
ഇല്ലാ…. അന്നങ്ങനെയൊക്കെ പറഞ്ഞതിൽ നന്ദിയുണ്ട്….
കാരണം അവിടെ നിന്നിറങ്ങുന്നത് വരെ എല്ലാവരും പറയും പോലൊരു ഭാഗ്യ ദോഷം എന്റെ ജീവിതത്തിലുണ്ടെന്ന് ഞാനും കരുതിയിരുന്നു….
എന്നാൽ അവിടെ നിന്നിറങ്ങിയതിനു ശേഷമാണ് അതെല്ലാം മനുഷ്യരുടെ വെറും തോന്നലുകളും കണക്ക് കൂട്ടലുകളുമാണെന്ന് മനസ്സിലായത്…..
അവൾ നിറഞ്ഞൊന്ന് പുഞ്ചിരിച്ചു….
അങ്ങേയറ്റം ആത്മവിശ്വാസത്തോടെ
..
അങ്ങോട്ട് തിരിച്ചു വരാൻ ഇഷ്ടമില്ലാന്നിട്ടോ ദേഷ്യം കൊണ്ടോ ഒന്നുമല്ല…. അമ്മ കണ്ടതല്ലേ ഇവിടുത്തെ തിരക്കുകൾ….
അതെല്ലാം ഇട്ടെറിഞ്ഞു പെട്ടെന്ന് വരാനാകാത്തത് കൊണ്ടാണ്…..
മുഖം മങ്ങി നിൽക്കുന്ന ജാനകിയുടെ കൈകളിൽ പിടിച്ചത് പറയുമ്പോൾ ജാനകി മിഴികളുയർത്തി അവളെ നോക്കി…..
ഇവനൊറ്റക്ക് ഈ സമയത്ത്…. മാറ്റാരെങ്കിലും കൂടെ വേണ്ടതല്ലേ മോളേ….
ജാനകിയുടെ സ്വരത്തിൽ ഒരമ്മയുടെ ദയനീയത നിറഞ്ഞിരുന്നു…..
അതിനെന്താ…. ഞങ്ങൾക്ക് അങ്ങോട്ട് വരാനല്ലേ പ്രശ്നമുള്ളൂ…. അമ്മക്ക് ഇവിടെ വന്നു നിൽക്കാമല്ലോ….
പതിവ് ഗൗരവം ആ വാക്കുകളിലുണ്ടായിരുന്നെങ്കിലും ആ വാക്കുകൾ തനിക്ക് അങ്ങേയറ്റം പ്രാധാന്യം തരുന്നതായി ജാനാകിക്ക് തോന്നി….
അന്നവിടെ നിന്നിറങ്ങുമ്പോൾ അങ്ങേയറ്റം സ്വസ്ഥമായിരുന്നു ജാനകിയുടെ മനസ്….
ജാതകത്തിന്റെ ദോഷങ്ങൾക്കപ്പുറം മനുഷ്യരുടെ പ്രവർത്തികളാൽ നമുക്ക് ലഭിക്കുന്നതല്ലേ ഭാഗ്യമെന്ന് പറയുന്നത്…..
അവർക്ക് സ്വയം ചിന്തിക്കാനുള്ള സമയമായിരുന്നത്……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
രാവുകളും പകലുകളും മാറി മറിഞ്ഞെത്തി നിന്ന ആ ദിവസം അവർക്കേറ്റവും സന്തോഷമുള്ളതായിരുന്നു….
മികച്ച സംരംഭകക്കുള്ള അവാർഡ് വാങ്ങാനായി ശിവ സ്റ്റേജിലേക്ക് കയറുമ്പോൾ മുൻ നിരയിലിരിക്കുന്ന ആദിയുടെ കണ്ണുകൾ ആനന്ദത്താൽ വിടർന്നിരുന്നു……
ഉപഹാരം കൈകളിൽ വാങ്ങി ശിവ തിരിഞ്ഞു നോക്കിയത് ആദിയിലേക്ക് തന്നെയായിരുന്നു…..
പുഞ്ചിരി കൊണ്ട് തന്നെ കീഴ്പ്പെടുത്തുന്നവൻ….
അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞു വന്നു..
രണ്ട് വരി സംസാരിക്കാനായി മൈക്കവളുടെ കൈകളിലേക്ക് നീട്ടുമ്പോൾ എന്ത് പറയണമെന്നവൾക്കറിയില്ലായിരുന്നു……
നിങ്ങൾക്കെല്ലാം ശിവാദിത്യ എന്നാൽ നിറമുള്ള വസ്ത്രങ്ങളായിരിക്കും….
എന്നാൽ ശിവാദിത്യ എന്നത് ഞങ്ങളെ സംബന്ധിച്ചിടത്തോളം കറ പറ്റാത്ത ഞങ്ങളുടെ പ്രണയത്തിൽ നിന്നും വിരിഞ്ഞതാണ്…..
ജാതക ദോഷക്കാരിയെ വിവാഹം കഴിച്ച ആദിത്യന്റെയും ആ വിവാഹത്തോടെ ഭാഗ്യ ജാതകം പേറിയ ശിവയുടെയും പ്രണയമാണത്…..
നമ്മളിലേക്ക് വന്നു ചേരുന്ന വിധിക്ക് കാരണങ്ങളോ കാരണക്കാരോയില്ലെന്ന് പറഞ്ഞ് ചേർത്ത് നിർത്തിയ അവനാണ് എന്റെ വിജയത്തിന്റെ ആത്മാവ്……
അവളത് പറയുമ്പോൾ എല്ലാവരും അവളുടെ കണ്ണുകൾ പതിക്കുന്ന അവനിലേക്ക് നോക്കി….
അവനപ്പോഴും അത്യധികം അഭിമാനത്തോടെ അവളെ തന്നെ നോക്കിയിരുന്നു….
പറഞ്ഞ് പോയതിനെ ഓർത്തു ഖേദിക്കുന്ന ജാനകി ശിവയുടെ മുഖത്തു നോക്കാനാവാതെ താഴേക്ക് നോക്കിയിരുന്നു….
ശങ്കരൻ ഏറെ അഭിമാനത്തോടെ തന്റെ മകളുടെ വിജയം കണ്ട് മിഴികൾ തുടക്കുമ്പോൾ ഒട്ടും സഹിക്കാൻ കഴിയാതെ ലക്ഷ്മി ഇരിക്കുന്നുണ്ടായിരുന്നു…..
നീതുവും ജീവനും അവളുടെ സന്തോഷ നിമിഷങ്ങൾ അടുത്ത് നിന്ന് കാണാൻ എല്ലാ തിരക്കുകളും മാറ്റി വെച്ചവിടെ എത്തിയിരുന്നു
….
അവൾ സ്റ്റേജിൽ നിന്നിറങ്ങിയതും കരയുന്ന കുഞ്ഞിനെ രാഹുൽ അവൾക്ക് നേരെ നീട്ടി….
പാൽകുപ്പിയുമായി വേണിയും കൂടെയുണ്ടായിരുന്നു…..
അവനായിരുന്നു ശിവയുടെയും ആദിയുടെയും അഭിമന്യു ..
ശിവ ആഗ്രഹിച്ചത് പോലൊരു ആദിത്യൻ….
എല്ലാവരുടെയും ഓമന പുത്രൻ……
🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹🔹
ആദിത്യന്റെ കൊച്ചെന്തയാലും നല്ല ഭാഗ്യമുള്ളവനാ….
ജനിച് അധികമാവുന്നതിനു മുന്പേ അമ്മക്ക് അവാർഡ് കിട്ടി….
വയസ്സൊന് തികയുന്നതിനു മുന്പേ കേസ് ജയിച് അച്ഛന്റെ സ്വത്തെല്ലാം തിരിച് കിട്ടി….
ഇതിൽ കൂടുതലേന്ത് വേണം……
തറവാട്ടിൽ കുഞ്ഞിനെ കാണാൻ വന്ന അമ്മായി ചിരിച്ചു കൊണ്ടത് പറയുമ്പോൾ ചുറ്റും എല്ലാവരുമുണ്ടായിരുന്നു…
ശിവ താല്പര്യമില്ലാത്ത മട്ടിൽ നിന്നു…..
ഭാഗ്യം അവന്റെ പ്രവർത്തികളല്ലേ നിശ്ചയിക്കുന്നത് ചേച്ചീ…..
ജാനകി പുഞ്ചിരിച്ചു കൊണ്ടത് പറഞ്ഞ് അഭിയെ ചേർത്ത് പിടിച്ചു ചുംബിച്ചു…..
ശിവക്ക് വല്ലാത്ത സന്തോഷം തോന്നി….
അവളുടെ കണ്ണുകൾ വിടർന്നു…
അവൾ ആദിയെ നോക്കി….
അവൻ അവളെ നോക്കി കണ്ണിറുക്കി……
ശുഭം……
കാത്തിരുപ്പ് എല്ലാവർക്കും ബുദ്ധിമുട്ടയായെന്നറിയാം….
ഭാഗ്യ ജാതകം തുടങ്ങുമ്പോൾ ഞാൻ പൂർണ ആരോഗ്യവതിയായിരുന്നു…. അത് കൊണ്ടാണ് രണ്ട് കഥ ഒപ്പം എഴുതിയിരുന്നത്…
എന്നാൽ ഇതിനിടക്ക് വെച്ച് വന്ന ആരോഗ്യ പ്രശ്നങ്ങളും തിരക്കുകളും എഴുതാനുള്ള സമയം കുറച്ചു….
എഴുതു കൊണ്ട് ഞാൻ അത്ഭുതപ്പെടുത്തുന്നു എന്ന് പലരും പറയാറുണ്ടെങ്കിലും എന്നെ അത്ഭുതപ്പെടുത്തിയ ചിലരുണ്ടിവിടെ….
എത്ര കാത്തിരുന്നാലും അത്ര മേൽ സ്നേഹത്തോടെ മാത്രം സുഗമായിരിക്കുന്നോ…. കാത്തിരിക്കുന്നു… എന്ന വാക്കുകൾ കൊണ്ട് എന്നെ കീഴ്പ്പെടുത്തുന്നവർ…..വീണ്ടും എഴുതാനുള്ള ഊർജം തരുന്നവർ…..
നന്ദി…… ഹൃദയത്തിൽ നിന്നും……
ആദിയെയും ശിവയെയും ഹൃദയം കൊണ്ട് ചേർത്ത് നിർത്തിയ എല്ലാവർക്കും നന്ദി….

by