21/04/2026

സോൾമേറ്റ് : ഭാഗം 03

രചന – ഐശ്വര്യ അനിൽകുമാർ

ങ്ങനെ വരും ദിവസങ്ങളിലും അവർ കണ്ടു മുട്ടാൻ തുടങ്ങി.അവർ പരസ്പരം സംസാരിച്ചു. കൂടുതൽ അടുത്തു.അങ്ങനെ അവൾ അറിയാതെ അവനെ പ്രണയിച്ചു തുടങ്ങി. ഒരു ദിവസം അവൻ നാട് ചുറ്റാനായി അവളെയും കൊണ്ട് പോയി. “നന്ദൂ…ഈ മലയുടെ അപ്പുറത്ത് എന്താ?”ആളെക്കൊല്ലി മലയെ ചൂണ്ടിക്കാട്ടി അവൻ ചോദിച്ചു. “ആർക്കറിയാം…അങ്ങോട്ടൊന്നും ആരും പോവില്ല.അതിന് മുകളിൽ കയറുന്നത് അപകടമാണ്.എത്ര പേര് മരിച്ചിട്ടുണ്ടെന്നോ..” “അപ്പോൾ ഈ നാട്ടിലെ സൂയിസൈഡ് പോയിന്റ് ആണല്ലേ…” “അങ്ങനെയും പറയാം” “എങ്കിൽ ഞാൻ ഒന്ന് കയറട്ടെ” “അയ്യോ…അത് വേണ്ട…” “എന്താ ..മരിക്കുമോ” “പിന്നല്ലാതെ… ഇപ്പോൾ എന്തിനാ കയറുന്നത്…മരിക്കാൻ അത്രയ്ക്ക് ആഗ്രഹമാണോ” “കുറച്ച് ദിവസായി ഒരു പെണ്ണിന്റെ പിറകേ നടക്കുന്നു.പക്ഷേ അവൾക്ക് ഇഷ്ടമല്ലന്നാ തോന്നുന്നെ” “അതാരാ ആ പെണ്ണ്…”അവൾ അല്പം വിഷമത്തോടെ ചോദിച്ചു.

“ഒരു നന്ദന…”അവൻ അവളെ ഇടം കണ്ടിട്ട് നോക്കി. “ഓ… ങേ….അത് ഞാനല്ലേ” “അതേല്ലോ… എനിക്ക് നിന്നെ ഇഷ്ടമാ…ഒരുപാട്… ഐ റിയലി ലവ് യു… നന്ദൂന് എന്നെ ഇഷ്ട്ടാണോ” “മ്…ഒത്തിരി ഇഷ്ടാ” അവൾ പറഞ്ഞു. എന്നിട്ട് നാണത്തോടെ മുഖം കുനിച്ചു.അവൻ അവളുടെ മുഖം ഉയർത്തി.പതിയെ അവളുടെ മുഖത്തേക്ക് മുഖം അടുപ്പിച്ചു. അവൾ അവന്റെ പിടി വിട്ട് ഓടി..പുറകേ അവനും…ഒരു പരിഹാസച്ചിരിയോടെ… അവരുടെ ഒന്നിച്ചുള്ള കറക്കമൊക്കെ ആ നാട്ടിലെ പലരും കണ്ടിട്ടുണ്ട്…സദാചാരക്കാർക്ക് ഇതൊക്കെ തന്നെ ധാരാളം ആയിരുന്നു. പറ്റിയ ഒരു അവസരത്തിനായി അവർ കാത്തിരുന്നു. പിന്നീട് അവർ പ്രണയിച്ചു നടന്നു.അവൾ ഒരുപാട് സ്വപ്നം കണ്ടു തുടങ്ങി. ഒരുമിച്ചുള്ള ജീവിതം അവൾ മനസ്സിൽ കണ്ടു. ഊണിലും ഉറക്കത്തിലും അവന്റെ മുഖം മാത്രമായി ചിന്ത. അങ്ങനെ അവർക്ക് തിരിച്ചു പോകേണ്ട ദിനം എത്തി.അന്ന് രാവിലെ അവൾ അവനെ കാണാൻ പതിവുപോലെ കുളക്കടവിൽ എത്തി.അവളുടെ കണ്ണുകൾ നിറഞ്ഞു നിന്നു.

“ഇന്ന് പോവാണോ?”അവൾ വേദനയോടെ ചോദിച്ചു. “യെസ്…” “ഇനി എന്നാ വരുന്നേ…” “ഇനി….ഇനിയെന്തിനാ ഇവിടെ വരുന്നേ…”അവൻ പരിഹാസത്തോടെ ചോദിച്ചു.അവന്റെ ശബ്ദമാറ്റം മനസിലാക്കിയ അവൾ അവന്റെ മുഖത്തേക്ക് ഞെട്ടലോടെ നോക്കി. “അപ്പോൾ ഞാൻ…നമ്മൾ സ്വപ്നം കണ്ട ജീവിതം..” “വാട്ട്…. നമ്മളോ…നീ സ്വപ്നം കണ്ട ജീവിതം. നീ എന്താ കരുതിയത് നിന്നെ പോലൊരു വില്ലേജ് ഗേളിനെ ഞാൻ….ഹഹഹ…ഇതൊക്കെ ഞാൻ ഒരു ബെറ്റിൽ ജയിക്കാൻ വേണ്ടി ചെയ്തതല്ലേ…” “ഇല്ല….ഏട്ടൻ വെറുതെ പറയുവാ….ഞാൻ വിശ്വസിക്കില്ല…” “വാ…ഇപ്പോൾ ശരിയാക്കാം” അവൻ അവളുടെ കയ്യിൽ പിടിച്ച് വീടിനടുത്തേക്ക് നീങ്ങി. “വിവാൻ….” അവൻ വിളിച്ചു. അവൻ അങ്ങോട്ട് വന്നു.കരഞ്ഞു കൊണ്ട് നിൽക്കുന്ന നന്ദുവിനെ കണ്ടപ്പോൾ തന്നെ അവന് കാര്യം മനസ്സിലായി.

“നീ തന്നെ പറഞ്ഞു കൊടുക്ക്…ഇതെല്ലാം ബെറ്റിന്റെ പാർട് ആയിരുന്നു എന്ന്…” ആയുഷ് പറയുന്നത് കേട്ട് അവൾ വിവാന്റെ മുഖത്തേക്ക് പ്രതീക്ഷയോടെ നോക്കിഅവളുടെ നോട്ടം നേരിടാനാവാതെ വിവാൻ താഴേക്ക് നോക്കി നിന്നു.അതിൽ നിന്ന് തന്നെ അവൾക്ക് ഏറെക്കുറെ എല്ലാം മനസ്സിലായിരുന്നു. “ഐ ആം സോറി നന്ദന…ഞാൻ അന്ന് വെറുതെ…ബെറ്റ്‌…” അവൻ വാക്കുകൾക്കായി പരതി. അപ്പോഴേക്കും അവളുടെ തേങ്ങൽ വർദ്ധിച്ചിരുന്നു. “അപ്പോൾ…ഏട്ടൻ…എന്നെ….” ആയുഷിനെ നോക്കി അവൾ പറഞ്ഞു തുടങ്ങി. അവന്റെ മുഖത്തെ പരിഹാസഭാവം അവളെ വല്ലാതെ തളർത്തിക്കളഞ്ഞു. പിന്നീട് ഒന്നും പറയാതെ അവൾ വന്ന വഴിയേ തിരികെ ഓടി. ഇതെല്ലാം കണ്ട് ഏറ്റവും സന്തോഷിച്ച മറ്റൊരാൾ കൂടി ഉണ്ട്.ഗായത്രി…ആയുഷും നന്ദുവും പ്രണയിക്കുന്നത് ഏറ്റവും വേദനിപ്പിച്ചത് അവളെ ആയിരുന്നു. “അവൾക്കത് തന്നെ വേണം…കാശുള്ള വീട്ടിലെ പയ്യന്മാരെ മയക്കിയെടുക്കാൻ നടക്കും ഓരോന്ന്…സ്വന്തം നിലയ്ക്ക് അനുസരിച്ച് വേണം പ്രേമിക്കാൻ നടക്കാൻ…എന്തായാലും ഞാൻ സേഫ് ആയി.ഇല്ലാരുന്നെങ്കിൽ ഇപ്പോൾ അവളുടെ ഗതി എനിക്ക് വന്നേനേ”ഗായത്രി ചിന്തിച്ചു.

രാത്രിയിലാണ് അവരുടെ ഫ്ലൈറ്റ്. അതുകൊണ്ട് തന്നെ പാക്കിങ്ങും തിരക്കുകളുമായി അവർ അന്നത്തെ ദിവസം തിരക്കിലായി. എന്നാൽ നന്ദു വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്തിയിട്ടില്ല.കാർത്യായനി അമ്മ പരിഭ്രമത്തോടെ അവളെ കാത്തിരുന്നു. “എൻ്റെ ദേവ്യ ഈ കുട്ടി ഇത് എവിടെ പോയേക്കുവാ…രാവിലെ ഇറങ്ങിയതാ… ഇപ്പോ വരാന്നും പറഞ്ഞ്. വന്ന് വന്ന് നന്ദൂട്ടി സ്വപ്നലോകത്ത് അകപ്പെട്ടപോലെയാ…ഒന്നിനും ഒരു ശ്രദ്ധയുമില്ല…” മൂന്നര കഴിഞ്ഞിട്ടും അവളെ കാണാഞ്ഞിട്ട് അവർ റോഡിലേക്ക് ഇറങ്ങി നിന്നു.അപ്പോഴാണ് ജാനു അതിലേ പോയത്. “എന്താ…ഈ വയസ്സ് കാലത്ത് വായിനോക്കാൻ നിൽക്കുവാണോ…കാർത്യായനി അമ്മ?”അവർ തമാശ രൂപത്തിൽ പറഞ്ഞു. “ജാനൂ… നീ നന്ദുവിനെ കണ്ടാരുന്നോ?” “രാവിലെ ആ വാര്യംബ്ലാത്തെ കുളക്കടവിലോട്ട് പോകണ കണ്ടു…ഇതുവരെ വന്നില്ലേ…”

“ഇല്ല…സമയം ഒരുപാടായി പോയിട്ട്…അതാ…” “വിത്ത് ഗുണം പത്ത് ഗുണം” “എന്റെ കുട്ടി ഒരു പവമാ…അവളെ ജീവിക്കാൻ അനുവദിക്കൂ…അവള് നിങ്ങൾക്കാർക്കും ഒരു ദ്രോഹവും ചെയ്യുന്നില്ലല്ലോ” “പാവം…ഇപ്പോൾ പെണ്ണിന്റെ നടപ്പൊന്നും അത്ര ശരിയല്ല…ആ പരിഷ്കാരി ചെക്കന്റോടാ നടപ്പ്…ഇനി അമ്മയെ പോലെ വരില്ലെന്ന് ആര് കണ്ടു” ജാനു പറയുന്നത് തുടർന്ന് കേൾക്കാൻ അവർക്ക് തോന്നിയില്ല. അവർ നന്ദുവിനെ അന്വേഷിച്ച് വാര്യബ്ലാത്തേക്ക് നടന്നു. “എന്നാലും എന്റെ കുട്ടി എങ്ങട് പോവാനാ…എന്നോട് പറയാതെ എങ്ങും പോകാറില്ല…” അവർ ഗേറ്റ് കടന്ന് പൂമുഖത്തേക്ക് നീങ്ങി. “ഗോപാലാ…ഗോപാലാ”അവർ വിളിച്ചു. ഗോപാലകൃഷ്ണനോടൊപ്പം പ്രമീളയും അങ്ങോട്ട് കടന്നു വന്നു.കാർത്യായനി അമ്മയെ കണ്ടപ്പോൾ പ്രമീളയ്ക്ക് ദേഷ്യം ഇരച്ചുകയറി. “എന്താ തള്ളേ… കിടന്ന് അലറുന്നത്… നിങ്ങളുടെ ആരെങ്കിലും ചത്തോ?” “പ്രമീ…” അയാൾ ദേഷ്യത്തിൽ പ്രമീളയെ നോക്കി. എന്നിട്ട് തുടർന്നു. “എന്താ അമ്മേ…” “മരുമോന്റെ സ്നേഹം കണ്ടില്ലേ….അറിയപ്പെടാത്ത അമ്മായി അമ്മയോട്…വിളിച്ചിരുത്തി ചായ കൊടുക്ക്”പ്രമീള പിറുപിറുത്തു.

“മോനേ… നന്ദു….” “അവൾക്കെന്തുപറ്റി?”അയാൾ പരിഭ്രാന്തനായി. “രാവിലെ പോയതാ…ഇതുവരെ വന്നിട്ടില്ല… എന്റെ കുട്ടിക്കെന്തോ ആപത്ത് പറ്റിയിട്ടുണ്ട്…” “‘അമ്മ വിഷമിക്കേണ്ട… അവൾക്ക് എന്ത് ആപത്ത് വരാൻ…ഇല്ല…അങ്ങനൊന്നും ഉണ്ടാവില്ല. ഞാൻ അന്വേഷിക്കാം…’അമ്മ അകത്തേക്ക് വരൂ…” “മോനേ…. എന്റെ നന്ദു”അവർ തേങ്ങലോടെ പറഞ്ഞു. “എന്റെ കുട്ടി ഞാൻ അറിയാതെ എങ്ങോട്ടും പോകാറില്ല…ഇതിപ്പോൾ”അവർ പുലമ്പിക്കൊണ്ടിരുന്നു. ഉമ്മറത്തെ കോലാഹലങ്ങൾ കേട്ടാണ് വിവാനും ആയുഷും ദിയയും അങ്ങോട്ടേക്ക് വന്നത്. “എന്താ അങ്കിൾ പ്രോബ്ലം?എനിതിങ് സീരീയസ് ?” “മോനേ… നന്ദന…”അയാൾ പറഞ്ഞു തുടങ്ങി. “എന്റെ നന്ദൂട്ടിയെ കാണാനില്ല മോനേ” മുത്തശ്ശി പറഞ്ഞു. ആയുഷും വിവാനും പരസ്പരം നോക്കി. “എന്നോട് ഇപ്പോൾ വരാന്നും പറഞ്ഞ് പോയ കുട്ടിയാ…ഇതുവരെ തിരികെ വന്നിട്ടില്ല. എനിക്കെന്തോ പേടിയാകുന്നു.” “മുത്തശ്ശി വിഷമിക്കേണ്ട… ഞങ്ങൾ അന്വേഷിക്കാം”വിവാൻ പറഞ്ഞു. ആയുഷ് അവനെ എന്തിന് എന്ന ഭാവത്തിൽ നോക്കി. വിവാൻ ആയുഷിന്റെ കയ്യും പിടിച്ച് പുറത്തേക്ക് നടന്നു.

“നീയെന്താ ഈ കാണിക്കുന്നേ?പോകാനുള്ള സമയമായി.”ആയുഷ് പറഞ്ഞു. “ഷട്ട് അപ്…നീ കാരണമാ അവള്…” “ഹേയ്…ഞാനോ…ഞാൻ എന്ത് ചെയ്യാൻ?ആ പെണ്ണ് വല്ല പറമ്പിലും കാണും.അതൊക്കെ ഇപ്പോൾ നമ്മൾ എന്തിന് അന്വേഷിക്കണം?” “ഇറ്റ്‌സ് യുവർ റെസ്പോൻസിബിളിറ്റി മാൻ…” “ഹഹഹ…ഞാൻ ഇതൊക്കെ ഒരുപാട് കണ്ടിട്ടുള്ളതാ…ഞാൻ കാണുന്ന ആദ്യത്തെ പെണ്ണൊന്നും അല്ല ഇവള്” “എക്സാറ്റിലി…നീ ഒരുപാട് പെണ്ണുങ്ങളെ കണ്ടുകാണും.അവരെ പോലല്ല നന്ദന… അവൾ ഒരു പാവം വില്ലേജ് ഗേളാണ്..ബ്രേക്ക് അപ് ഒന്നും പെട്ടെന്ന് അക്‌സെപ്റ്റ് ചെയ്തു എന്ന് വരില്ല…” “ഗോഡ്…ദിസ് ഗേൾ ഈസ്‌ ഗോയിങ് ടു ബി എ ഹെഡ് ഏക്ക്…” അപ്പോൾ ഗായത്രി ട്യൂഷന് പോയിട്ട് തിരിച്ചു വരികയായിരുന്നു. “എങ്ങോട്ടാ രണ്ടും കൂടി അത്യാവശ്യത്തിൽ… നിങ്ങളെ യാത്ര അയക്കാനാ ഞാൻ വേഗത്തിൽ വന്നത്..ഇതിപ്പോൾ എങ്ങോട്ടാ”അവൾ ചോദിച്ചു. “ആ നന്ദനയെ തപ്പി ഇറങ്ങിയതാ..ഗായത്രി കണ്ടിരുന്നോ?”വിവാൻ ചോദിച്ചു. “ഞാൻ ട്യൂഷന് ഇങ്ങോട്ട് വന്നപ്പോൾ ആ ആളെക്കൊല്ലി മലയ്ക്കടുത്തേക്ക് പോകുന്നത് കണ്ടു.”അവൾ സന്തോഷത്തോടെ പറഞ്ഞു.

ആയുഷ് ഞെട്ടലോടെ വിവാനെ നോക്കി. “കമോൺ…” ആയുഷ് വിവാന്റെ കയ്യിൽ പിടിച്ചിട്ട് മലയ്ക്കടുത്തേക്ക് ഓടാൻ തുടങ്ങി. “നിനക്കറിയാമോ ആ മല?” “ഓ…അത് ഒരു സൂയിസൈഡ് പോയിന്റ് ആണ്…താറ്റ് മീൻസ്….” “ശീ ഈസ് ഗോയിങ് ടു…” വിവാൻ അത് പറയുന്നതിന് മുന്നേ ആയുഷ് ഓട്ടത്തിന്റെ വേഗത കൂട്ടി ഒരുപാട് ദൂരം മുന്നിലെത്തിയിരുന്നു. അവൻ മല കയറാൻ തുടങ്ങി. കഴിയുന്നത്രയും വേഗത്തിൽ… കുറച്ച് ദൂരം പിന്നിട്ടപ്പോൾ ഏറെ പ്രയാസപ്പെട്ട് മുകളിലേക്ക് കയറുന്ന നന്ദുവിനെ കാണാൻ കഴിഞ്ഞു. “നന്ദന…..നന്ദൂ….വെയിറ്റ്….” അവൻ ഉറക്കെ വിളിച്ചു. അവൾ അതൊന്നും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല.അവൻ പരമാവധി വേഗം കൂട്ടി അവൾക്കൊപ്പം എത്താൻ ശ്രമിച്ചു. അവൾ സൂയിസൈഡ് പോയിന്റിന് മുന്നിൽ എത്തി. തനിക്ക് മുന്നിൽ കാണുന്ന വിശാലമായ കൊക്കയെ നോക്കി അവൾ പകച്ചു നിന്നു.കണ്ണുകൾ നിറഞ്ഞു വന്നു.തനിക്കേറ്റവും പ്രിയപ്പെട്ട മുത്തശ്ശിയുടെ മുഖം തെളിഞ്ഞു വന്നു.

“എന്നോട് ക്ഷമിക്കണം മുത്തശ്ശി…” അവൾ ഒരു നിമിഷം കണ്ണടച്ചു നിന്നു.എന്നിട്ട് ചാടാനായി ആഞ്ഞു. അപ്പോഴേക്കും ആയുഷ് വന്ന് അവളെ വട്ടം ചുറ്റി പുറകിലേക്ക് കൊണ്ട് പോയിരുന്നു. “എന്നെ വിട്…. നിങ്ങളെന്തിനാ എന്റെ പുറകേ വന്നത്…” അവൾ അവന്റെ കൈകൾ എടുത്ത് മാറ്റാൻ ശ്രമിച്ചുകൊണ്ടിരുന്നു. “നിനക്ക് ഭ്രാന്തായോ?ചാവാൻ നടക്കുന്നു…” “ഞാൻ ജീവിച്ചാലും മരിച്ചാലും നിങ്ങൾക്കെന്താ….നിങ്ങൾ ബെറ്റിൽ ജയിച്ചല്ലോ…ഇനിയെങ്കിലും എന്നെ വെറുതെ വിടൂ” അവൾ ഏറെ പാടുപെട്ട് അവന്റെ കൈ വിട്ട് മുന്നോട്ട് നീങ്ങിയതും അവൻ അവളെ തിരിച്ചു നിർത്തി കരണം പുകയുന്ന രീതിയിൽ ആഞ്ഞടിച്ചു. അടിയുടെ കാഠിന്യം കൊണ്ടോക്ഷീണം കൊണ്ടോ അവൾ ബോധരഹിതയായി.അവൻ അവളെ താങ്ങി എടുത്ത് മല ഇറങ്ങാൻ തുടങ്ങി.വിവരം ഗായത്രിയുടെ നാവിൽ നിന്നും കാട്ടുതീ പോലെ നാട് മുഴുവനും അറിഞ്ഞിരുന്നു.ഒരുപാട് ആൾക്കാർ മലയുടെ താഴെ വന്നിരുന്നു.

അപ്പോഴാണ് അവർ നന്ദുവിനെ താങ്ങി പിടിച്ചു കൊണ്ട് വരുന്ന ആയുഷിനെ കണ്ടത്. താഴെ വന്നതും ആരൊക്കെയോ ചേർന്ന് അവൾക്ക് വെള്ളം നൽകി.വിവാൻ അവനടുത്തേക്ക് വന്നു.ആൾക്കാർക്കിടയിൽ പല അഭിപ്രായങ്ങൾ രൂപം കൊണ്ടു. “അമ്മയെപ്പോലെ മോളും പണി പറ്റിച്ചു കാണും…അതാവും ആത്മഹത്യ ചെയ്യാൻ പോയത്.” “ചെറുക്കൻ ഇന്ന് തിരിച്ചു പോകാൻ നിന്നതാ…പണിപറ്റിച്ചിട്ട് മുങ്ങാനുള്ള പ്ലാൻ ആയിരുന്നു.” എല്ലാ കണ്ണുകളും അവരിലേക്ക് നീണ്ടു.നന്ദു അവശയായിട്ടും കരയുന്നുണ്ടായിരുന്നു….. (തുടരും) സമയക്കുറവ് കാരണം നന്നായിട്ട് എഴുതാൻ കഴിഞ്ഞില്ല. തെറ്റുകൾ ക്ഷമിക്കണം.